UPDATES

ട്രെന്‍ഡിങ്ങ്

നമ്മുടെ സിനിമകളില്‍ നിന്ന് പാട്ടുപേക്ഷിക്കാന്‍ സമയമായോ അഥവാ ജിമിക്കി കമ്മലിന്റെ അര്‍ത്ഥമെന്ത്?

മലയാളത്തില്‍ ഒരു മാറ്റത്തിന് തുടക്കം കുറിച്ച ലജ്ജാവതിയെ എന്ന പാട്ട് ഇന്നാരോര്‍ക്കുന്നു?

സിനിമാ പാട്ടുകള്‍ ചുണ്ടുകളില്‍ ഈണമായും വിരലുകളില്‍ താളമായും തരംഗമാവുമ്പോള്‍ വരികളുടെ അര്‍ത്ഥം നഷ്ടപെടുന്നുണ്ടോ എന്നന്വേഷിക്കുകയാണ് ശില്‍പ്പ മുരളി. അര്‍ത്ഥസമ്പുഷ്ടമായ വയലാറിന്റെ വരികള്‍ക്ക് പകരം എന്റെമ്മേടെ ജിമിക്കി കമ്മല്‍ തരംഗമാവുന്ന പശ്ചാത്തലത്തില്‍ ഒരന്വേഷണം.

പാശ്ചാത്യ സിനിമകളില്‍ നിന്നും ഇന്ത്യന്‍ സിനിമയെ വേര്‍തിരിക്കുന്നത്‌ നമ്മുടെ സിനിമകളിലെ ഗാനങ്ങളാണ്. കഥയുടെ പുരോഗതിക്കിടയില്‍ ഇവ പ്രത്യക്ഷപ്പെടുന്നത് തികച്ചും സ്വാഭാവികമായ അനുഭവമാണ്. നോക്കി നില്‍ക്കെ നായകനും നായികയും മറ്റേതെങ്കിലും രാജ്യത്ത് പ്രത്യക്ഷപ്പെടുകയും പാട്ട് പാടുകയുമൊക്കെയാണ് പതിവ്. ഇതൊന്നും അത്ര പെട്ടെന്ന് സാധ്യമാകുന്നതല്ല എന്ന് നമുക്കറിയാമെങ്കിലും നമ്മള്‍ ആ വിശ്വാസമില്ലായ്മയെ മാറ്റിവെച്ചു പാട്ട് ആസ്വദിച്ച് സിനിമ കാണുന്നു. കാരണം പാട്ട് നമുക്ക് അത്രത്തോളം പ്രിയപ്പെട്ടതാണ്. സിനിമ ഭാവനയുടെ സൃഷ്ടി ആണെങ്കില്‍ പാട്ടുകള്‍ ആ ഭാവനയുടെ മാറ്റ് കൂട്ടുന്നു.

നാടന്‍ പാട്ട് മുതല്‍ കര്‍ണാടക സംഗീതം വരെ നമ്മുടെ സിനിമാ ഗാനങ്ങളില്‍ വരുന്നു, നമ്മളത് ആസ്വദിക്കുന്നു. പാശ്ചാത്യ സിനിമകളില്‍ ആല്‍ബങ്ങളിലെ ഗാനങ്ങള്‍ സിനിമയിലേക്ക് ഉള്‍പ്പെടുത്തുമ്പോള്‍, നമ്മള്‍ സിനിമയുടെ സാഹചര്യത്തിനൊത്ത് പാട്ട് ചിട്ടപ്പെടുത്തുന്നു. വരികളും സംഗീതവും ഒന്നിക്കുമ്പോഴുണ്ടാകുന്ന മാന്ത്രികതയാണ് ഈ ഗാനങ്ങളെ നമ്മുടെ മനസ്സില്‍ എന്നും നിലനിര്‍ത്തുന്നത്. വയലാര്‍ രാമവര്‍മ്മയും ഭാസ്‌കരന്‍ മാഷും ഒ.എന്‍.വി കുറുപ്പും, യുസഫലി കേച്ചേരിയുമൊക്കെ എഴുതിയ വരികളെ ദേവരാജന്‍ മാഷും രവീന്ദ്രന്‍ മാഷും ജോണ്‍സണ്‍ മാഷുമൊക്കെ ഈണം നല്കി ഒരിക്കലും മരിക്കാത്ത സംഗീതം നമുക്ക് നല്‍കി.

കാലം മാറും തോറും പാട്ടിനെ ആസ്വദിക്കുന്ന രീതിയും മാറുന്നു. പണ്ട് പതിഞ്ഞ താളങ്ങളോടും ഹൃദയസ്പര്‍ശിയായ വരികളോടുമായിരുന്നു താല്പര്യമെങ്കില്‍ ഇന്നത് ചടുലതയുള്ള സംഗീതത്തിലേക്ക് വഴിമാറുകയാണ്. വരികള്‍ പലപ്പോഴും അവിടെ അപ്രസക്തമാവുകയും പാട്ട് ഉണ്ടാക്കിയെടുക്കുന്ന ‘ഓള’ത്തിന് പ്രാധാന്യം നല്കുകയുമാണ് ഇന്നത്തെ പതിവ്. ഈ പുതിയ പ്രവണതയുടെ തുടക്കം എന്നൊക്കെ പറയാവുന്നത് 2004ല്‍ ജയരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ഫോര്‍ ദി പീപ്പിള്‍’ എന്ന ചിത്രത്തിലെ ലജ്ജാവതിയെ എന്ന ഗാനമായിരുന്നു. കൈതപ്രത്തിന്റെ വരികള്‍ക്ക് ജാസ്സി ഗിഫ്റ്റിന്റെ സംഗീതത്തില്‍ പിറന്ന ഗാനമായിരുന്നു അത്. അന്നത്തെ യുവാക്കള്‍ ഏറ്റെടുത്തു പാടി നടന്ന ഗാനം. തുടര്‍ന്ന് അത്തരമൊരു ഓളം ഉണ്ടാക്കിയത് അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടലിലെ ‘അപ്പങ്ങളെമ്പാടും’ എന്ന ഗാനമാണ്. പഴയൊരു മാപ്പിളപ്പാട്ടിനെ പുത്തനുടുപ്പിട്ട് യുവാക്കളുടെ ചടുലതയ്ക്ക് സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് നേരം സിനിമയിലെ ‘പിസ്ത’ എന്ന ഗാനം, ബംഗ്ലൂര്‍ ഡേയ്‌സിലെ ‘മംഗല്യം’ അങ്ങനെ നീണ്ട നിര വന്നെത്തി നില്‍ക്കുന്നത് ഇന്ന് ലോകം മുഴുവന്‍ ചുവടു വെക്കുന്ന അനില്‍ പനച്ചൂരാന്‍ രചിച്ച ‘ജിമിക്കി കമ്മല്‍’ എന്ന ഗാനത്തിലാണ്. പണ്ട് കേട്ട പാട്ടുകള്‍ മലയാളികള്‍ ഉള്ളിടത്തോളം കാലം നിലനില്‍ക്കുമെങ്കില്‍ ഈ പാട്ടുകള്‍ ഇതുപോലെ മറ്റൊരു പാട്ട് വരുന്നതുവരെ ഈണവും താളവുമായി നമ്മള്‍ നിലനിര്‍ത്തുന്നു.

പാട്ട് എന്നത് വളരെ വ്യക്തിപരമായ ഒന്നാണ്. ഒരാളുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഗാനമാകണമെന്നില്ല മറ്റൊരാളുടെ ഇഷ്ട ഗാനം. സിനിമയിലെ സാഹചര്യം മാത്രമല്ല നമ്മളത് കേള്‍ക്കുന്ന സമയം, നമ്മുടെ മാനസികാവസ്ഥ അങ്ങനെ പലതും അതിനെ സ്വാധീനിക്കാം. വളരെ വിരളമായി മാത്രമേ സിനിമയിലെ ഗാനങ്ങള്‍ സാഹചര്യത്തില്‍ നിന്നും പുറത്തേക്കെത്തി, എന്നെന്നേക്കുമായി നിലനില്‍ക്കുന്നുള്ളൂ. ഇന്നത്തെ പാട്ടുകള്‍ക്ക്‌ പക്ഷെ സിനിമയില്‍  കാര്യമായ ധര്‍മ്മം ഒന്നുമില്ല. പലതും പശ്ചാത്തലത്തില്‍  വന്നു മിന്നിമറയുന്നു. ഉള്ള പാട്ടുകളില്‍ ചിലത് സിനിമയുടെ ആദ്യ പ്രചാരണത്തിന് വേണ്ടി ഉപയോഗിക്കപ്പെടുന്ന പാട്ടുകളാണ്. അത് സിനിമയോട് ചേര്‍ന്നു നില്‍ക്കണമെന്നില്ല. അതൊരു ഓളമുണ്ടാക്കും എന്നതാണ് കാര്യം. ജിമിക്കി കമ്മല്‍ എന്ന ഗാനത്തിന് പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ല. പെട്ടെന്ന് കേള്‍ക്കുമ്പോള്‍  ചുവടുവെയ്ക്കാന്‍  തോന്നുന്നൊരു ഗാനമാണ്. വരികളെ സംബന്ധിച്ചാണെങ്കില്‍ ഇന്നാരും വരികള്‍ ശ്രദ്ധിക്കാറില്ല. അവരുടെ ശ്രദ്ധ പാട്ടിന്റെ തുടക്കത്തിലെ വരിയും അതിലെ വാക്കുകളുമാണ്. അതിനൊരു കൌതുകമുണ്ട്; സ്വാധീനിക്കാന്‍ കഴിവുണ്ടെങ്കില്‍ പാട്ട് യുവജനങ്ങള്‍ അവരുടെ ചുണ്ടില്‍ ഈണമായും വിരലുകളില്‍ താളമായും ഏറ്റെടുക്കും. മറ്റു രാജ്യത്തുള്ളവര്‍ ചുവടുവെയ്ക്കുന്നത് വരികളുടെ അര്‍ത്ഥമറിഞ്ഞിട്ടല്ലല്ലോ. അവര്‍ ആ താളത്തിനൊത്ത് കളിക്കുന്നു“- ചലച്ചിത്രഗാന നിരൂപകന്‍  രവി മേനോന്‍ പറയുന്നു.

യുവാക്കളുടെ ഊര്‍ജ്ജത്തിനൊത്ത്‌ ഗാനങ്ങള്‍  രചിക്കാന്‍ തുടങ്ങിയതോടെ പിന്നോട്ടേക്ക് പോയത് വരികളിലെയും വരികള്‍ക്കിടയിലെയും ഉളളടക്കമാണ്. പണ്ട് ഗാനങ്ങള്‍  സംഗീതത്തിനും അര്‍ത്ഥത്തിനുമായി കേട്ടിരുന്നെങ്കില്‍ ഇന്നു പലപ്പോഴും അത് നൈമിഷികമായ ആസ്വാദനത്തിലേക്ക് ഒതുങ്ങി പോവുകയാണ്. അഥവാ ഒരു പാട്ട് ഇവയെല്ലാം വകഞ്ഞു മാറ്റി നിലനില്‍ക്കാന്‍ തീരുമാനിച്ചാല്‍ തന്നെയും അത് എന്നെന്നേക്കുമായി നിലനില്‍ക്കാനുളള സാധ്യത കുറവാണ്. “ഇപ്പോള്‍ ഒരു പാട്ടുപോലും നിലനില്‍ക്കുന്നില്ല. ശരിക്കുമുള്ള പാട്ടിനായി നമ്മളിപ്പോഴും പോകുന്നത് എണ്‍പതുകളിലേക്കൊക്കെയാണ്. ഇപ്പോഴത്തെ ഏതു പാട്ടുണ്ട് ഇങ്ങനെ നിലനില്‍ക്കുന്നതായിട്ട്. എന്ന് നിന്റെ മൊയ്ദീനിലെ ‘കാത്തിരുന്നു’ എന്ന ഗാനമായിരിക്കും കുറച്ചെങ്കിലും ഭേദപ്പെട്ടതായി ഇപ്പോള്‍ വന്നത്. പക്ഷെ അതും ഈ ആരവത്തില്‍  മുങ്ങി പോയില്ലേ. അത് പാടില്ല. ലജ്ജാവതിയെ എന്ന പാട്ടിപ്പോള്‍ ആരാണ് കേള്‍ക്കുന്നത്. അതിപ്പോള്‍ കേട്ടാല്‍  വളരെ അരോചകമായി തോന്നാം. അതേ സമയം പണ്ടത്തെ പാട്ടുകളില്‍ ആശയമുണ്ട്, സംഗീതമുണ്ട്, അതിന്റെം അര്‍ഥം പ്രേക്ഷകര്‍ക്ക്‌ എത്തിക്കുന്ന സംവിധായകരുണ്ട്. ഇപ്പോള്‍ അതല്ലല്ലോ’- ചലച്ചിത്രഗാന നിരൂപകന്‍ ടി.പി ശാസ്തമംഗലം പറയുന്നു.

മലയാളത്തിന്റെ  ടെസ്പാസിത്തോ എന്നൊക്കെ പറയുമ്പോഴും ജിമിക്കി കമ്മലിന്റെ് അര്‍ത്ഥമെന്താണ് എന്ന് ചോദിച്ചാല്‍ പലര്‍ക്കും ഉത്തരം മുട്ടും. ഈ ആരവത്തിനിടയില്‍  അര്‍ത്ഥമൊക്കെ ഒടുങ്ങി പോവുകയാണ് പതിവ്. ‘അപ്പങ്ങളെമ്പാടും’ എന്ന ഗാനം പാടിവന്നപ്പോള്‍ ‘അമ്മായി ചുട്ടത്’ എന്നതിന് പകരം ഗായിക ‘ചൂട്ടത്’ എന്ന് പാടിയതിനെ പാട്ടിന്റെ് ഗതിക്കൊത്ത്‌ പോകുമ്പോള്‍ അത്തരം തെറ്റുകള്‍ സംഭവിക്കാമെന്നു സൌകര്യപൂര്‍വം വിശ്വസിച്ചവരാണ് നമ്മള്‍.

‘സായിപ്പന്മാര്‍ ജിമിക്കി കമ്മലിനൊത്തു ചുവടുവെയ്ക്കുന്നത് അതിന്റെ അര്‍ഥം അറിഞ്ഞിട്ടാണെന്നു വിശ്വസിക്കാന്‍  ഞാന്‍  അത്ര മണ്ടനല്ല. ആ പാട്ട് മലയാളികള്‍ അംഗീകരിച്ചു എന്നതില്‍  മഹത്തായ സന്തോഷം. അവരെന്റെ എല്ലാ കവിതകളെയും അംഗീകരിച്ചിട്ടുണ്ട്. ജിമിക്കി കമ്മല്‍ എന്ന പാട്ട് പല കാരണങ്ങള്‍ കൊണ്ടാണ് മലയാളികള്‍ ഇഷ്ടപ്പെട്ടത്. വരികളുടെ മൂല്യമല്ല പലപ്പോഴും അളവുകോലാകുന്നത്. അതിലൊരു ഉത്സവമുണ്ട്. അതാണ് ആസ്വദിക്കുന്നത്’– ജിമിക്കി കമ്മല്‍  രചിച്ച അനില്‍  പനച്ചൂരാന്‍  പറയുന്നു.

ലജ്ജാവതി എന്ന ഗാനമിറങ്ങിയപ്പോള്‍  അതിനെ നിശിതമായി വിമര്‍ശിച്ച് കലാകൌമുദിയില്‍  എഴുതുകയും ചാനലുകളില്‍ പറയുകയും ചെയ്ത വ്യക്തിയാണ് ഞാന്‍. ആ ഒരു വിഭാഗത്തില്‍  പെടുത്താന്‍ പറ്റുന്നൊരു ഗാനമാണ് ജിമിക്കി കമ്മലും. അനില്‍ ‘കഥ പറയുമ്പോള്‍’ എന്ന ചിത്രത്തില്‍ ‘വ്യത്യസ്തനാമൊരു ബാലന്‍’ എന്ന ഗാനം എഴുതിയിരുന്നു. എന്റെയൊക്കെ കുട്ടിക്കാലത്ത് കണ്ടിട്ടുള്ള ഗ്രാമത്തിന്റെ സ്വന്തം കവിയെ ഓര്‍മപ്പെടുത്തുന്ന തരത്തിലുള്ള ഗാനമായിരുന്നു അത്. അതിന്റെ ചുവടുപിടിച്ചു വന്ന ഗാനമാണ് ഇതെങ്കിലും ഒരു അര്‍ത്ഥമില്ലാതെ പോയി. പ്രയോഗങ്ങളും പലതും തെറ്റാണ്, അല്ലെങ്കില്‍ ആവശ്യമില്ലാത്തവയാണ്‌. അതിനെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഇല്ലാതാകുന്നത് നല്ല പാട്ടുകളാണ്. അല്‍പ്പായുസ്സുകളായ പാട്ടുകള്‍ക്കിടയില്‍ അവ മുങ്ങിപ്പോകുകയാണ് പതിവ്”– ടി.പി ശാസ്തമംഗലം നിരീക്ഷിക്കുന്നു.

യുവത്വത്തിന് ഹരം പകരുന്നെന്ന ടാഗില്‍ ഇത്തരം പാട്ടുകള്‍ നിര്‍മ്മിച്ച്‌ ഇല്ലാതാക്കുന്നത് അര്‍ത്ഥസമ്പുഷ്ടമായ പാട്ടുകളുടെ ഒരു ചരിത്രത്തെയാണ്. 2000-ലാണ് കേരളത്തിലേക്ക് മികച്ച ഗാനരചയിതാവിനുള്ള കേന്ദ്ര പുരസ്‌കാരം അവസാനമായി എത്തിയത്. ഇത്രയും മഹത്തായ സംഗീത പാരമ്പര്യമുള്ള നമുക്ക് നീണ്ട പതിനേഴു വര്‍ഷത്തെ മൗനം എങ്ങനെയുണ്ടായി എന്നത് ചിന്തിക്കേണ്ടതാണ്. നല്ല ഗാനരചയിതാക്കളുടെ അഭാവം മൂലമല്ല, മറിച്ച് ഇത്തരം ട്രെന്‍ഡി ആയ ഗാനങ്ങള്‍ക്ക് പിന്നാലെ പോയി, അര്‍ത്ഥപൂര്‍ണ്ണമായ ഗാനങ്ങള്‍ പെട്ടെന്ന് തന്നെ ഇല്ലാതാകുന്നു അല്ലെങ്കില്‍ ശ്രദ്ധിക്കാതെ പോകുന്നു എന്നതാണ് സത്യം. പാട്ട് പാട്ടിന്റേതായ ധര്‍മ്മത്തില്‍ നിന്ന് മാറി സഞ്ചരിക്കുമ്പോള്‍ സിനിമയില്‍ പാട്ടെന്തിന് എന്നൊരു ചോദ്യത്തിലേക്കാണ് നമ്മളെത്തുന്നത്.

“ഇന്നിപ്പോള്‍ പല പാട്ടുകള്‍ കാണുമ്പോഴും സിനിമയില്‍ പാട്ട് വേണമോ എന്നുപോലും  ചിന്തിച്ചു പോകും. പഴയ സിനിമകള്‍ സാങ്കേതികമായ കാര്യങ്ങളില്‍ പിന്നിലേക്കായിരുന്നു. അതിന്റെ അതിവൈകാരികത, അതിനാടകീയത ഇവയെല്ലാം പ്രശ്‌നമായിരുന്നു. പക്ഷെ അതിലെ പാട്ടുകള്‍ എന്നെന്നും നിലനില്‍ക്കുന്നു. കാലത്തിനപ്പുറത്തേക്ക് അവ ഇന്നും സഞ്ചരിക്കുന്നു. എന്നാല്‍ ഇന്ന് സിനിമ വളരെ മുന്നിലെത്തിക്കഴിഞ്ഞു. സാങ്കേതികമായാലും സിനിമയിലെ സന്ദര്‍ഭങ്ങളായാലും എല്ലാത്തിലും ഒരു ഉയര്‍ച്ച വന്നിട്ടുണ്ട്. എന്നാല്‍ അവിടെ പിന്നോട്ട് പോയത് പാട്ടുകളാണ്. ഇന്നത്തെ സാഹചര്യങ്ങളെ അത്ര ആഴത്തില്‍  പറഞ്ഞ് നിര്‍ത്താന്‍ കഴിവുള്ള പാട്ടുകളും വരികളും ഉണ്ടാകുന്നില്ല. കേട്ട് മറക്കാന്‍  മാത്രമായി പാട്ടിപ്പോള്‍ ഒതുങ്ങി പോകുന്നു. മലയാളത്തില്‍  പാട്ടെന്തിന് എന്നൊരു അവസ്ഥയിലേക്ക് ഇതു കൊണ്ടുപോകുന്നുണ്ട്. കഥയുമായി ഒരു ബന്ധവുമില്ലാത്ത പാട്ടുകള്‍ ഉണ്ടാകുന്നത് പൊതു ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. സിനിമ, പാട്ടില്ലാതെ എടുക്കേണ്ട കാലമെത്തിയോ എന്നൊരു സംശയം തോന്നുന്നുണ്ട്”– രവി മേനോന്‍ പറയുന്നു.

കഥകളിലൂടെ പാട്ട് ഉണ്ടാകുകയും പാട്ടിലൂടെ കഥ പറയുകയും ചെയ്യുന്നൊരു സാഹചര്യം നഷ്ടമാകുമ്പോള്‍ സിനിമയില്‍ പാട്ടിന്റെ പങ്ക് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. മലയാള സിനിമ, ഗാനങ്ങളില്ലാതെ നിര്‍മ്മിച്ചെടുക്കുന്ന സാഹചര്യത്തിലേക്ക് നീങ്ങുകയാണോ എന്ന ചോദ്യവും ഇവിടെ പ്രസക്തമാവുകയാണ്.

ശില്‍പ മുരളി

ശില്‍പ മുരളി

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍