സിനിമാ തീയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കണമെന്നത് നിര്‍ബന്ധമാക്കിയ 2016ലെ സുപ്രീം കോടതി നിര്‍ദ്ദേശത്തിനെതിരെ ഹര്‍ജി സമര്‍പ്പിച്ച് അനുകൂല വിധി സമ്പാദിച്ചതും ഈ സംഘം തന്നെയാണ്
പ്രതിഷേധ പരിപാടികള്‍ എന്ന പേരില്‍ അക്രമവും ഗുണ്ടായിസവും അഴിച്ചു വിടരുത്. അങ്ങനെയുള്ള അതിക്രമങ്ങള്‍ പ്രതിഷേധങ്ങള്‍ക്കിടെ ഉണ്ടായാല്‍, അതിന് ആഹ്വാനം ചെയ്തവര്‍ക്കായിരിക്കും പൂര്‍ണ ഉത്തരവാദിത്തം – സുപ്രീം കോടതി കഴിഞ്ഞയാഴ്ച നടത്തിയ അതിപ്രധാന വിധിന്യായങ്ങളില്‍ അവസാനത്തേതായിരുന്നു ഇത്. ജസ്റ്റിസ് ദീപക് മിശ്ര ചീഫ് ജസ്റ്റിസ് സ്ഥാനത്തിരുന്നു പറഞ്ഞ അവസാന വിധി. പൊതു മുതലും സ്വകാര്യ വ്യക്തികളുടെ സ്വത്തും പ്രതിഷേധത്തിന്റെ പേരില്‍ നശിപ്പിക്കുന്ന അരാഷ്ട്രീയ ധാര്‍ഷ്ഠ്യത്തിനുള്ള മറുപടി എന്ന നിലയില്‍ വിലയിരുത്തേണ്ട ഈ വിധി പ്രസ്താവിച്ചത്, കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി നല്‍കിയ ഹര്‍ജിയിന്മേലാണെന്നതാണ് ശ്രദ്ധിക്കേണ്ടത്.
സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘പത്മാവത്’ എന്ന ചലച്ചിത്രം രജപുത്രരെ അവഹേളിക്കുന്നുവെന്ന ആരോപണത്തോടെ കര്‍ണിസേനയടക്കമുള്ള സംഘടനകള്‍ രാജ്യത്തുടനീളം അക്രമമഴിച്ചു വിട്ടതിന്റെ പശ്ചാത്തലത്തിലാണ്, കലക്കും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ചെറുത്തുനില്‍പിനായി കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി സുപ്രീം കോടതിയെ സമീപിച്ചത്. ഇടുങ്ങിയ ചിന്താഗതികളുള്ള ചിലര്‍ സിനിമയ്ക്കും സാഹിത്യത്തിനുമെതിരെ വാളോങ്ങുന്നത് ജനാധിപത്യത്തിനു നിരക്കാത്തതാണെന്നും, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സാംസ്‌കാരിക സംഘടനയെന്ന നിലയ്ക്ക് അത് കൈ കെട്ടി നോക്കിനില്‍ക്കാന്‍ സൊസൈറ്റിക്കാവില്ലെന്നും, മുന്‍ പ്രസിഡന്റും നിയമോപദേഷ്ടാവുമായ അനൂപ് കുമാരന്‍ പറയുന്നു.
‘പത്മാവത്, എസ്. ദുര്‍ഗ, ന്യൂഡ് എന്നീ സിനിമകള്‍ക്കൊക്കെ വലിയ എതിര്‍പ്പും അതിക്രമവും നേരിടേണ്ടി വന്നിരുന്നല്ലോ. തീയറ്റര്‍ കത്തിക്കുക, മാളില്‍ അക്രമങ്ങളഴിച്ചുവിടുക എന്നിങ്ങനെയുള്ള പ്രവൃത്തികളെല്ലാം ഉണ്ടായപ്പോഴാണ് ഫിലിം സൊസൈറ്റി ഇടപെട്ടത്. കലകള്‍ക്കും സാഹിത്യത്തിനും എതിരെയുള്ള എല്ലാ അക്രമങ്ങളും സമൂഹത്തിന്റെ ബൗദ്ധികമണ്ഡലത്തെത്തന്നെയാണ് ബാധിക്കുക എന്നും ക്രിയേറ്റിവിറ്റിയെയും ഐഡിയകളെയും തടസ്സപ്പെടുത്തുകയാണ് ചെയ്യുക എന്നും ഞങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റങ്ങളെ തടയാന്‍ ഏതറ്റം വരെ പോകാനും ഞങ്ങള്‍ തീരുമാനിച്ചിരുന്നു. ഞങ്ങളുടെ ഐഡിയോളജിയാണത്.’
സുപ്രീം കോടതി 2009ല്‍ പരിഗണിച്ച സ്റ്റേറ്റ് ഓഫ് ആന്ധ്രാപ്രദേശുമായുള്ള കേസിലും ഏതാണ്ട് സമാനമായ വിധി തന്നെയാണ് പ്രസ്താവിച്ചിട്ടുള്ളത്. സാംസ്‌കാരിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ പ്രതിഷേധിക്കുന്നതിനിടെ പൊതുമുതലിനോ സ്വകാര്യസ്വത്തിനോ നാശനഷ്ടങ്ങളുണ്ടാക്കിയാല്‍, ആ തുക നഷ്ടങ്ങളുണ്ടാക്കിയവരില്‍ നിന്നുതന്നെ ഈടാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന മാര്‍ഗ്ഗനിര്‍ദ്ദേശം അടങ്ങുന്ന വിധിയായിരുന്നു അത്. ഇതുവരെ നടപ്പില്‍ വരുത്താതിരുന്ന ആ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നു കൂടിയായിരുന്നു കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയുടെ ഹര്‍ജിയിലെ ആവശ്യം.
കേരളത്തിലെ ഒരു പ്രാദേശിക ചലച്ചിത്ര കൂട്ടായ്മയുടെ വീക്ഷണത്തിന്റെ ഫലമായാണ് ഇത്തരത്തിലൊരു നിര്‍ണായക വിധി വന്നിരിക്കുന്നതെന്നത് പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. ഇതാദ്യമായല്ല സൊസൈറ്റി ഇത്തരത്തിലുള്ള ക്രിയാത്മക ഇടപെടലുകള്‍ നടത്തുന്നത്. സിനിമാ തീയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കണമെന്നത് നിര്‍ബന്ധമാക്കിയ 2016ലെ സുപ്രീം കോടതി നിര്‍ദ്ദേശത്തിനെതിരെ ഹര്‍ജി സമര്‍പ്പിച്ച് അനുകൂല വിധി സമ്പാദിച്ചതും ഈ സംഘം തന്നെയാണ്. സൊസൈറ്റി അന്നു നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കൊട്ടകകളിലെ ദേശീയഗാനാലാപനം നിര്‍ബന്ധമല്ലെന്നും ദേശീയഗാനം പാടുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്തവരെ ദേശദ്രോഹിയാക്കരുതെന്നുമുള്ള തിരുത്തുണ്ടായത്.
‘ദേശീയഗാനവും ദേശീയചിഹ്നവുമൊന്നും പോപ്പുലര്‍ കള്‍ച്ചറിന്റെ ഭാഗമായി കൊണ്ടുനടക്കേണ്ടതല്ല, അത് കോണ്‍സ്റ്റിറ്റിയൂഷണല്‍ മൊറാലിറ്റിയുടെ ഭാഗമാണ്. ആ ധാരണയ്ക്കു വിരുദ്ധമായി സിനിമാ തിയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കണമെന്നു പ്രഖ്യാപിക്കുന്നത് ഒരു തരത്തില്‍ ആ മൊറാലിറ്റിയുടെ ലംഘനമാണ്. ദേശീയഗാനം ആലപിക്കുമ്പോള്‍ തടസ്സപ്പെടുത്തരുതെന്നതൊഴിച്ചാല്‍, എങ്ങിനെ പെരുമാറണമെന്നതിനു കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നാഷണല്‍ സിംബല്‍സ് ആക്ടിലില്ല എന്നതാണ് സത്യം.’ അനൂപ് വിശദീകരിക്കുന്നു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഗുണ്ടായിസത്തിലൂടെ ഇല്ലാതാക്കുക എന്ന സംഘപരിവാര്‍ അജണ്ടയ്‌ക്കെതിരായിത്തന്നെയാണ് സൊസൈറ്റിയുടെ നീക്കമെന്ന് സെക്രട്ടറി റിജിനും പറയുന്നു. ‘ചലച്ചിത്ര പ്രദര്‍ശനത്തിന്റെ ഭാഗമായി എല്ലാ വെള്ളിയാഴ്ചയും സൊസൈറ്റിയിലെ അംഗങ്ങള്‍ കണ്ടുമുട്ടാറുണ്ട്. ദേശീയഗാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള വിധി വന്നപ്പോള്‍ സ്വാഭാവികമായും ഞങ്ങളത് ആശ്ചര്യത്തോടെ തന്നെ ചര്‍ച്ച ചെയ്തു. ഐ.എഫ്.എഫ്.കെ നടക്കാനിരിക്കുന്ന സമയമായിരുന്നു. ദിവസം നാലഞ്ചു തവണ എഴുന്നേല്‍ക്കേണ്ടി വരുമല്ലോ എന്ന തമാശപറച്ചിലില്‍ തുടങ്ങി അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളിലും ആശയപരമായ അധിനിവേശശ്രമത്തിലും എത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് വിധിയെ നിയമപരമായിത്തന്നെ നേരിടാന്‍ തീരുമാനിച്ചത്. സൊസൈറ്റിയുടെ ഇടപെടലിനെത്തുടര്‍ന്ന് ദേശീയഗാനം നിര്‍ബന്ധമാക്കേണ്ടതില്ലെന്ന വിധി വന്നു. വിധി ഫലത്തില്‍ ഗുണകരമാണെങ്കിലും. ഞങ്ങളാവശ്യപ്പെട്ടത് പൂര്‍ണമായ അര്‍ത്ഥത്തില്‍ നടപ്പില്‍ വരുത്താനായില്ല. ദേശീയഗാനം തീയേറ്ററുകളില്‍ ആലപിക്കേണ്ടതില്ലെന്നും, ദേശീയഗാനം ആലപിക്കേണ്ടയിടങ്ങളല്ല തീയേറ്ററുകള്‍ എന്നും വ്യക്തമായി പറയുന്ന വിധിയായിരുന്നു യഥാര്‍ത്ഥത്തില്‍ വരേണ്ടിയിരുന്നത്.’
ഫിലിം സൊസൈറ്റി നേരിട്ടു നല്‍കിയ ഹര്‍ജികള്‍ മാത്രമല്ല, സൊസൈറ്റിയുടെ ആര്‍ജവം ഉള്‍ക്കൊണ്ട പ്രവര്‍ത്തകര്‍ നല്‍കിയ പരാതികളും ചരിത്രപരമായ വിജയം കണ്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഐ.ടി ആക്ടിലെ 66എ എന്ന വകുപ്പ് എടുത്തു മാറ്റിയത് സൈബര്‍ നിയമങ്ങളും വ്യക്തി സ്വാതന്ത്ര്യവും തമ്മിലുള്ള സംഘര്‍ഷത്തിലെ നിര്‍ണായകമായ തീരുമാനമായിരുന്നു. ആ നീക്കത്തിലേക്കു നയിച്ചത് സൊസൈറ്റിയുടെ പിന്തുണയോടെ അനൂപ് കുമാരന്‍ നടത്തിയ നിയമപരമായ സമീപനമായിരുന്നു. കേരള പൊലീസ് ആക്ടിലെ 118 ഡി എടുത്തു മാറ്റിയതിനു പിന്നിലും ഇദ്ദേഹത്തിന്റെ പൊതുതാല്‍പര്യ ഹര്‍ജി തന്നെയാണ്.
ദേശീയ തലത്തില്‍ ചര്‍ച്ചയായ പല നിയമനിര്‍മാണങ്ങളുടെയും ആരംഭം കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയുടെ വെള്ളിയാഴ്ചക്കൂട്ടായ്മകളാണെന്ന് തിരിച്ചറിയുമ്പോള്‍ത്തന്നെ, പ്രാദേശികമായി സൊസൈറ്റി നേരിടേണ്ടി വരുന്ന സംഘപരിവാര്‍ അതിക്രമങ്ങളെക്കുറിച്ച് റിജിനു പറയാനുള്ളതും കേള്‍ക്കേണ്ടതുണ്ട്. ‘സംഘപരിവാര്‍ സംഘടനകളുടെ ഭാഗത്തു നിന്നും നാട്ടില്‍ നിരവധി ഉപദ്രവങ്ങള്‍ നേരിട്ടിട്ടുണ്ട്. ദേശീയതയ്‌ക്കെതിരായ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു എന്നു തന്നെയാണ് ഇവരുടെ പ്രധാന ആരോപണം. കാശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം കാണിക്കുന്ന ടര്‍ക്കിഷ് പടം പ്രദര്‍ശിപ്പിച്ചു എന്നാരോപിച്ച് കേസു വരെ കൊടുത്തിട്ടുണ്ട്. പടം പൊലീസ് സ്റ്റേഷനില്‍ പ്രദര്‍ശിപ്പിച്ച് കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ ആ കേസ് പിന്നീട് ഒഴിവാക്കി. ദേശീയഗാന പ്രശ്‌നത്തില്‍ കേസിനുപോയതിനെത്തുടര്‍ന്നും വ്യാപക അക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.’
സാധാരണഗതിയില്‍ ഫിലിം സൊസൈറ്റികള്‍ ചെയ്യുന്ന കാര്യങ്ങള്‍ മാത്രം ചെയ്ത് മാറി നില്‍ക്കാത്തതിനാല്‍, കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ മറ്റു സൊസൈറ്റികളുടേതിന് സമാനമല്ലെന്നു സാരം. 1975 മുതല്‍ പ്രവര്‍ത്തിക്കുന്നതിന്റെ പാരമ്പര്യം പറയാനുണ്ടിവര്‍ക്ക്. അടിയന്തരാവസ്ഥയുടെ രണ്ടു വര്‍ഷക്കാലങ്ങള്‍ ഒഴിച്ചാല്‍ സജീവമായിത്തന്നെ പ്രവര്‍ത്തനരംഗത്തുണ്ടായിരുന്നു താനും. എല്ലാ വ്യാഴാഴ്ചകളിലും പൊതുജനത്തിനായി സൊസൈറ്റി നടത്തുന്ന സൗജന്യ ചലച്ചിത്ര പ്രദര്‍ശനം കൊടുങ്ങല്ലൂരുകാര്‍ക്കിടയില്‍ ഒരു ചലച്ചിത്ര സംസ്‌കാരം തന്നെ ഉണ്ടാക്കിയെടുത്തിട്ടുള്ളതായി പ്രവര്‍ത്തകനും ആസ്വാദകനുമായ ശ്രീജിത്ത് പറയുന്നു.
ചലച്ചിത്ര അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന റീജിയണല്‍ ഫിലിം ഫെസ്റ്റിവല്‍ പോലുള്ള മേളകള്‍ മാത്രമല്ല, കപട ദേശീയതയുടെയും തീവ്രവലത് ആശയങ്ങളുടെയും കടന്നു കയറ്റങ്ങള്‍ക്കെതിരെ സൊസൈറ്റി സൃഷ്ടിക്കുന്ന ഇത്തരം പ്രതിരോധങ്ങളും രാഷ്ട്രീയ പ്രഖ്യാപനങ്ങളുമാണ് ശ്രീജിത്തിനെപ്പോലുള്ളവരെ ഇവര്‍ക്കൊപ്പം ചേര്‍ത്തു നിര്‍ത്തുന്നതും.
യോനിക്ക് പുറത്തും ഞങ്ങള്‍ക്ക് ജീവിതമുണ്ട്; പ്രിയ ബന്‍സാലി, താങ്കളുടേത് ഒരു ക്രിമിനല്‍ കുറ്റം
ഫാസിസത്തെ പ്രതിരോധിക്കാനായി ആരും തീയേറ്ററിലേക്ക് ഓടണ്ട; അതാണുറുമീസ്
പത്മാവതി എന്ന മിത്തിക്കല്‍ സുന്ദരിയാണോ സംഘപരിവാറിന്റെ യഥാര്‍ത്ഥ പ്രശ്നം?
കമലില്‍ നിന്ന് എത്ര പെട്ടെന്നാണ് ബന്‍സാലിയിലേക്കുള്ള ദൂരം സംഘപരിവാര്‍ താണ്ടിക്കഴിഞ്ഞത്
അന്ന് കമല്‍, ഇന്ന് സച്ചിദാനന്ദന്‍; ഹിന്ദുത്വയുടെ ‘കൊടുങ്ങല്ലൂര്‍ പ്രൊജക്റ്റ്’