UPDATES

ഫൈന്‍ ആര്‍ട്സുകാരല്ലേ, അത്രയൊക്കെ മതി; പ്രളയമൊഴിഞ്ഞ കാലടി സര്‍വകലാശാലയില്‍ നടക്കുന്നത്

അടഞ്ഞ് കിടക്കുന്ന ഇന്ററാക്ടീവ് സെന്റര്‍ നല്‍കാനായി വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടെങ്കിലും അവിടെ ചിത്രം വരച്ച്  ‘വൃത്തികേടാക്കുന്നത്’ കാരണം അത് നല്‍കാന്‍ സാധിക്കില്ലെന്നാണ് അധികൃതര്‍ നല്‍കിയ മറുപടി.

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ഫൈന്‍ ആര്‍ട്‌സ് വിഭാഗത്തിലെ വിദ്യാര്‍ഥികളോട് വര്‍ഷങ്ങളായി തുടരുന്ന അവഗണ പ്രളയത്തിന് ശേഷവും തുടര്‍ന്ന് സര്‍വകലാശാല അധികൃതര്‍. ഇരുപത്തഞ്ച് വര്‍ഷം പഴക്കമുള്ള തകര്‍ന്ന കെട്ടിടം പ്രളയത്തിന് ശേഷം ഉപയോഗശൂന്യമായതിനെ തുടര്‍ന്ന് പഠിക്കാനിടമില്ലാത്ത അവസ്ഥയിലാണ് സര്‍വകലാശാലയിലെ 125-ഓളം വരുന്ന വിദ്യാര്‍ഥികള്‍.

“ഞങ്ങളോട് വര്‍ഷങ്ങളായി തുടരുന്ന അവഗണനയ്‌ക്കൊരു ഉത്തരമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. പ്രളയത്തിന് ശേഷം തിരിച്ചെത്തിയ ഞങ്ങള്‍ പെരുവഴിയിലായ  അവസ്ഥയിലാണ്. കെട്ടിടത്തിന്റെ അവസ്ഥ തുടക്കം തൊട്ട് ഇങ്ങനെയാണ്. ഞാനിവിടെ എംഎഫ്എ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. ആറ് വര്‍ഷമായി ഞാനീ  ക്യാംപസിലുണ്ട്. കുടിവെള്ളമൊ, പെണ്‍കുട്ടികള്‍ക്ക് പോലൂം ബാത്ത്‌റൂം സൗകര്യമൊ ഇല്ലാത്ത ഒരു ഡിപ്പാര്‍ട്ട്‌മെന്റ് കെട്ടിടമാണിത്. അതിപ്പോള്‍ പ്രളയ ശേഷം കൂടുതല്‍ അപകടകരമായ  അവസ്ഥയിലായെന്ന് മാത്രം. എല്ലാ വര്‍ഷങ്ങളിലും  മഴയ്ക്ക് ആസ്ബറ്റോസ് ഷീറ്റിട്ട ഈ കെട്ടിടം
ചോര്‍ന്നൊലിക്കുകയും വിദ്യാര്‍ഥികള്‍ മാസങ്ങളോളം എടുത്ത് ചെയ്ത പല വര്‍ക്കുകളും  നശിക്കുകയും ചെയ്യുന്നത് പതിവാണ്, അപ്പോള്‍ സര്‍വകലാശാല അധികൃതര്‍ ടാര്‍പോളിന്‍ ഷീറ്റ്  വെച്ച് കവര്‍ ചെയ്താണ് അത് പരിഹരിക്കാറ്“, കാലടി സര്‍വകലാശാല വര്‍ഷങ്ങളായി ഫൈന്‍  ആര്‍ട്‌സ് വിഭാഗത്തോട് കാണിക്കുന്ന വിവേചനത്തെ കുറിച്ച് എംഎഫ്എ വിദ്യാര്‍ഥിയായ  യദുകൃഷ്ണ അഴിമുഖത്തോട് പറഞ്ഞതിങ്ങനെയാണ്.

ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്ന കാലടി സര്‍വകലാശാലയിലെ  ഫൈന്‍ ആര്‍ട് വിഭാഗം ആരംഭിച്ച അതേ കെട്ടിടത്തില്‍ തന്നെയാണ് പ്രളയത്തിന് മുമ്പും ഈ  വിഭാഗം പ്രവര്‍ത്തിച്ചിരുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെയില്ലാത്ത ഈ കെട്ടിടത്തില്‍ നിന്നും ഒരു മാറ്റമെന്നത് വര്‍ഷങ്ങളായുള്ള വിദ്യാര്‍ഥികളുടെ ആവശ്യമാണ്.  “പ്രളയത്തിന് മുമ്പ് തന്നെയുള്ള ഡിപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ അവസ്ഥ ഇതാണ്, വിള്ളലുകള്‍ വീണ ചുമരുകളാണ് കെട്ടിടത്തിന്. കൂടാതെ എല്ലാ ചുമരുകളിലും എര്‍ത്ത്  അടിക്കുന്നുണ്ടായിരുന്നു, ആസ്ബറ്റോസ് ഷീറ്റ് എപ്പോള്‍ വേണമെങ്കിലും പൊട്ടി വീഴാവുന്ന  അവസ്ഥ. തറയിലൂടെ വെള്ളം ഒഴുകുന്ന അവസ്ഥയാണ്. പാടം നികത്തിയുണ്ടാക്കിയ കെട്ടിടമായത് കൊണ്ട് തന്നെ മഴ പെയ്തുകഴിഞ്ഞാല്‍ എല്ലാ വര്‍ഷവും വെള്ളം കയറും, വെള്ളം കയറുന്നതും കുട്ടികളുടെ വര്‍ക്കുകള്‍ നശിക്കുന്നതും പതിവാണ്. എക്‌സാം വര്‍ക്കുകള്‍ ആണെന്ന് ഓര്‍ക്കണം. അത് വീണ്ടും ആരംഭിക്കുകയാണ് കുട്ടികള്‍ ചെയ്യുന്നത്. ഇത്  സൂക്ഷിക്കാനൊരു ഇടമില്ലെന്നാതാണ് പരിതാപകരം, പലരും  സാമ്പത്തികമായി  പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തില്‍ നിന്നുള്ളവരാണ്, ഒരു വര്‍ക്ക് നശിക്കുമ്പോള്‍ പിന്നീട് അതേ ചിലവ് തന്നെ വീണ്ടും വഹിക്കേണ്ടി വരുന്നു, ഒരു ക്യാന്‍വാസിന് വില 2000, 3000 രൂപയാണ്; ഒരു ട്യൂബ് ഓയില്‍ പെയിന്റിന് വരുന്നത് 250, 300 രൂപ. ഇത്രയും ചിലവ് വരുന്ന പഠനസാമഗ്രികളാണ് നശിച്ച് പൊയ്‌ക്കൊണ്ടിരിക്കുന്നത്”, പ്രളയത്തിന് മുമ്പെയുള്ള ഡിപ്പാര്‍ട്‌മെന്റിന്റെ അവസ്ഥയെ കുറിച്ച് ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ഥിയായ യദു വിവരിച്ചതിങ്ങനെയാണ്.

പ്രളയത്തോടെ ഫൈന്‍ ആര്‍ട്‌സ് വിഭാഗത്തില്‍ സൂക്ഷിച്ചിരുന്ന ഇത് വരെ അവിടെ പഠിച്ച വിദ്യാര്‍ഥികളുടെ മുഴുവന്‍ വര്‍ക്കുകളും നശിച്ച് പോയതായി വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു, ബിരുദ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ അവസാന വര്‍ഷം തങ്ങളുടെ മുഴുവന്‍ വര്‍ക്കുകളും ഉള്‍പ്പെടുത്തി പ്രദര്‍ശനം സംഘടിപ്പിക്കാറുണ്ട്. അതവരുടെ ഡിഗ്രി ഷോ എന്നാണ് അറിയപ്പെടുന്നത്. ഇത് വരെ ചെയ്ത എല്ലാ വര്‍ക്കുകളും നശിച്ച് പോയതിനാല്‍ എങ്ങനെ അത് നടത്തുമെന്നറിയാത്ത അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍. അതിനിടെയാണ് സര്‍വകലാശാല അധികൃതര്‍ ഈ ഡിപ്പാര്‍ട്‌മെന്റിലെ വിദ്യാര്‍ഥികളോട് വിവേചനം തുടരുന്നത്. അടുത്ത മാസം മുതല്‍ ആരംഭിക്കാനിരിക്കുന്ന യൂണിവേഴ്‌സിറ്റി പരീക്ഷ മുന്നില്‍ കണ്ട് തങ്ങള്‍ക്ക് സുരക്ഷിതമായി പഠിക്കാനൊരിടം വേണമെന്ന് വിദ്യാര്‍ഥികള്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടെങ്കിലും ഇതിനോട് മുഖം തിരിക്കുകയാണ് അധികൃതര്‍.

ഇതിനിടെ മറ്റ് പല വിഭാഗങ്ങളും പുതുക്കി പണിതെങ്കിലും ഈ കെട്ടിടത്തോട് മാത്രം അവഗണനാ മനോഭാവമാണ് അധികൃതര്‍ കാണിച്ചതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നുണ്ട്. പ്രളയാനന്തരം കോളേജിലെത്തിയ ഇവര്‍ക്ക് മാത്രം പഠിക്കാനിടമില്ലായിരുന്നു. മറ്റ് വിഭാഗങ്ങളൊക്കെ ടൈലിട്ട് പുതിയ കെട്ടിടമായതിനാല്‍ വൃത്തിയാക്കല്‍ എളുപ്പമായിരുന്നു. എന്നാല്‍ ഫൈന്‍ ആര്‍ട്‌സ് വിഭാഗത്തിന്റെ കെട്ടിടം മാത്രം വൃത്തിയാക്കാന്‍ പോലും അധികൃതര്‍ മനസ്സ് കാണിച്ചില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഒക്ടോബറില്‍ യൂണിവേഴ്സ്റ്റി പരീക്ഷകള്‍ നടക്കാനിരിക്കെ ഒരാഴ്ച്ചയായി ഇവരുടെ ക്ലാസുകള്‍ മുടങ്ങിയിരിക്കുകയാണ്.

ഉപയോഗശൂന്യമായ ഈ കെട്ടിടത്തിന് പകരം ഒന്നര വര്‍ഷമായി സര്‍വകലാശാല കോമ്പൗണ്ടില്‍ തന്നെ അടഞ്ഞ് കിടക്കുന്ന ഇന്ററാക്ടീവ് സെന്റര്‍ നല്‍കാന്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടെങ്കിലും ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ഥികള്‍ അവിടെ ചിത്രം വരച്ച് ‘വൃത്തികേടാക്കുന്നത്’ കാരണം അത് നല്‍കാന്‍ സാധിക്കില്ലെന്നാണ് അധികൃതര്‍ നല്‍കിയ മറുപടി. പകരം യൂണിവേഴ്‌സിറ്റിയുടെ ഓഡിറ്റോറിയം നല്‍കാമെന്ന അഭിപ്രായത്തിലാണ് സര്‍വകലാശാല. എന്നാല്‍ 125 ഓളം വരുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കാതെ തങ്ങളെ അപരരായി പരിണിക്കുകയാണ് ചെയ്യുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
“ഞങ്ങള്‍ക്ക് പുതിയ കമ്പ്യൂട്ടറുകളോ ക്യാന്‍വാസുകളോ മറ്റ് ഉപകരണങ്ങളോ വേണമെന്നല്ല ആവശ്യപ്പെടുന്നത്. ഓരോ ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ഥിയുടെയും സ്‌പേസ് കണക്കാക്കപ്പെടുന്നത് അവരുടെ ഉപകരണങ്ങള്‍ അടിസ്ഥാനമാക്കിയാണ്. പഠന സാമഗ്രികളായ ഈസില്‍ സ്റ്റാന്‍ഡ്, ക്യാന്‍വാസിന്റെ വലിപ്പം, മേശ, കസേര, മറ്റു സാമഗ്രികള്‍ ഇതെല്ലാം അടങ്ങുന്നതാണ് ഒരു കുട്ടിയുടെ പഠന സ്‌പേസ്. ഞങ്ങള്‍ക്ക് ക്ലാസ് റൂമുകള്‍ അല്ല വേണ്ടത്. സ്റ്റുഡിയോകളാണ്. 125-ഓളം വരുന്ന ഈ കുട്ടികള്‍ക്ക് ഇത്തരത്തിലുള്ള സ്‌പേസ് കണ്ടെത്തേണ്ടത് സര്‍വകലാശാലയുടെ ഉത്തരവാദിത്തം തന്നെയാണ്. സുരക്ഷിതമായി ഇരുന്ന് പഠിക്കാനുള്ള ഇടം മറ്റ് കുട്ടികളെ പോലെ തന്നെ ഞങ്ങളുടെയും അവകാശമാണ്. അതാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്” യദു കൃഷ്ണന്‍ പറയുന്നു.

ഓഡിറ്റോറിയത്തിലെ സ്ഥലത്തിന്റെ അപര്യാപ്തത ചൂണ്ടിക്കാണിച്ചപ്പോള്‍ വി.സി ഓഫീസിന്റെ മുകളിലുള്ള മറ്റൊരു സ്ഥലം കൂടി വിട്ടുകൊടുക്കാമെന്നാണ് സര്‍വകലാശാല പറഞ്ഞത്. എന്നാല്‍ ആര്‍ട്‌സ് വിദ്യാര്‍ഥികളുടെ പഠന രീതിയുമായി ഒട്ടും യോജിച്ച് പോകാത്ത മൂന്നാം നിലയിലേക്കാണ് ഇവരെ സര്‍വകലാശാല തള്ളാന്‍ ശ്രമിക്കുന്നത്; സ്‌കള്‍പ്ച്ചറിനും മറ്റും വേണ്ട മരവും മണ്ണുമൊക്കെ ചുമന്ന് തങ്ങള്‍ മൂന്നാം നില കയറണമെന്നാണ് അവര്‍ പറയുന്നതെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങളെ ഏതെങ്കിലും ഒരിടത്തേക്കല്ല, അടിസ്ഥാനസൗകര്യങ്ങളുള്ള, അനുയോജ്യമായ ഇടത്തേക്കാണ് മാറ്റണ്ടതെന്നും അതല്ലാത്ത പക്ഷം പഠിപ്പ് മുടക്കാതെ തന്നെ പ്രക്ഷോഭം നടത്തുമെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. പ്രളയം ബാധിച്ച സര്‍വകലാശാല സന്ദര്‍ശിക്കാനെത്തിയ മന്ത്രി കെടി ജലീലില്‍ നിന്ന് പോലും ഫൈന്‍ ആര്‍ട്‌സ് ഡിപ്പാര്‍ട്‌മെന്റിന്റെ സ്ഥിതി കാണിക്കാത മറച്ച് പിടിച്ചതായി വിദ്യാര്‍ഥികള്‍ ആരോപിക്കുന്നുണ്ട്.

‘കഥകളി പഠിപ്പിക്കുന്നിടത്ത് പെയിന്‍റ് പണിക്കാര്‍ക്കെന്ത് കാര്യം?’ അഥവാ ആര്‍എല്‍വി കോളേജിലെ ജാതിമേലാളന്മാര്‍ക്കെന്ത് കല?

സംഘപരിവാര്‍ തീട്ടൂരങ്ങൾ കാസറഗോഡ് കേരള കേന്ദ്ര സർവ്വകലാശാല നടപ്പാക്കുന്ന വിധം; വിദ്യാർത്ഥികളും അദ്ധ്യാപകരും വേട്ടയാടപ്പെടുന്നു

ജാസ്മിന്‍ പി കെ

ജാസ്മിന്‍ പി കെ

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍