ആദിവാസി സമൂഹത്തിന് ഗുണം ചെയ്യുന്ന രീതിയില്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്
പത്തുപതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു വിശ്വനാഥന്‍ ആ കുട്ടിയെ കാണുന്നത്. കിര്‍ത്താഡ്‌സ് ഉദ്യോഗസ്ഥനായ വിശ്വനാഥന്‍ വിദ്യാഭ്യാസ സംബന്ധമായ പ്രവര്‍ത്തനവുമായാണ് കേരളത്തിലെ പ്രാക്തന ഗോത്രവിഭാഗമായ ചോലനായ്ക്കര്‍ താമസിക്കുന്ന കരുളായി വനമേഖലയിലയില്‍ എത്തിയത്. അവിടെയാണ്, ഒരു ഗുഹയ്ക്കുള്ളില്‍ നിന്നും ആ കുട്ടിയെ വിശ്വനാഥന്‍ കണ്ടെത്തുന്നത്. കഴിക്കാന്‍ ഞാന്‍ പഴം വാങ്ങിത്തരാം എന്നു പറഞ്ഞു വിശ്വനാഥന്‍ അവനെ വിളിച്ചു. അവന്‍ അദ്ദേഹത്തിനൊപ്പം ചെന്നു. വിശ്വനാഥന്‍ അവന് ഭക്ഷണം വാങ്ങി നല്‍കി. പക്ഷേ, തിരികെ ഗുഹയിലേക്ക് പറഞ്ഞയച്ചില്ല, പകരം സ്‌കൂളില്‍ ചേര്‍ത്തു. ഏറ്റവും വലിയ വിശപ്പ് തോന്നേണ്ടത് വിദ്യാഭ്യാസത്തിനു വേണ്ടിയാണെന്ന് ആ കുട്ടിക്ക് അന്ന് മനസിലായിരുന്നില്ല. എന്നാല്‍ പോകെ പോകെ അവനത് തിരിച്ചറിഞ്ഞു, തിരിച്ചടികള്‍ പലതും നേരിടേണ്ടി വന്നിട്ടും, പല ഘട്ടങ്ങളിലും എല്ലാം നിര്‍ത്തി തിരിച്ച് തന്റെ ഊരിലേക്ക് പോയാല്‍ മതിയെന്ന ചിന്ത വന്നു മൂടിയിട്ടും അവന്‍ പിടിച്ചു നിന്നു…
ആ കുട്ടിക്ക് ഇന്ന് 23 വയസുണ്ട്. പേര് വിനോദ് സി. പാണപ്പുഴ മാഞ്ചേരി ഊരിലെ താമസക്കാരായ മണ്ണല ചെല്ലന്റെയും വിജയയുടെയും മകന്‍. ഭക്ഷണത്തോടുള്ള കൊതിയില്‍ ഇറങ്ങി വന്ന് ഇന്ന് ഒരു ചരിത്രനേട്ടം സ്വന്തമാക്കി നില്‍ക്കുകയാണ് വിനോദ്. ചോലനായ്ക്കര്‍ക്കിടയില്‍ നിന്നുള്ള ആദ്യ ബിരുദാനന്തര ബിരുദധാരി എന്ന ചരിത്രനേട്ടം.
മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ കരുളായി ഉര്‍ക്കാടുകളില്‍ ഗുഹകളില്‍ താമസിച്ചു വരുന്ന ആദിവാസി പ്രാക്തന േഗാത്രവിഭാഗമായ ചോലനായ്ക്കരില്‍ ഏകദേശം 30 ഓളം കുടുംബങ്ങളില്‍ നിന്നായി 208 ഓളം അംഗങ്ങളാണ് ഉള്ളത്. കാടിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവര്‍. പുറം ലോകത്തെ പറ്റി അധികം ചിന്തയില്ലാത്തവര്‍. ഇപ്പോള്‍ ഈ ജനതയെ മാറി ചിന്തിപ്പിക്കാന്‍ പഠിപ്പിക്കുകയാണ് വിനോദ്.
നിലമ്പൂര്‍ ഇന്ദിരാഗാന്ധി സ്മാരക ആശ്രമ വിദ്യാലയത്തി(ഐജിഎംആര്‍എസ്എസ്)ല്‍ ആയിരുന്നു വിനോദിന്റെ പത്താം ക്ലാസ് വരെയുള്ള പഠനം. വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്ന് പ്ലസ്ടു പൂര്‍ത്തിയാക്കി. ചോലനായ്ക്കരയില്‍ നിന്ന് ആദ്യമായി പ്ലസ്ടു ജയിച്ചതും വിനോദാണ്. പാലേമാട് വിവേകാനന്ദ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന്റെ മാനേജര്‍ കെ.ആര്‍ ഭാസ്‌കര പിള്ള ബിഎ എക്‌ണോമിക്‌സിന് സൗജന്യ പ്രവേശനം നല്‍കി. ഇദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ച് ബിരുദ പഠനം പൂര്‍ത്തിയാക്കി. ഗോത്രത്തിലെ ആദ്യ ബിരുദധാരിയായി. കുസാറ്റില്‍ എംഎ അപ്ലൈഡ് ഇക്‌ണോമിക്‌സിന് പ്രവേശനം നേടിയ വിനോദ് ഉയര്‍ന്ന മാര്‍ക്ക് നേടി തന്നെ വിജയിച്ചു. ഇപ്പോള്‍ നെറ്റ് പരീക്ഷ എഴുതി എംഫില്‍ പ്രവേശനത്തിന് തയാറെടുക്കുന്നു.
”ഭക്ഷണം വാങ്ങി തരാമെന്ന് പറഞ്ഞായിരുന്നു കാടും മലകളും കയറി വന്ന വിശ്വനാഥന്‍ സാര്‍, താമസിച്ചിരുന്ന ഗുഹയില്‍ നിന്ന് എന്നെ കൂട്ടികൊണ്ട് പോയത്. അന്നൊക്കെ ഭക്ഷണത്തിനോട് മാത്രമായിരുന്നു കൊതി. പുതിയതായി എന്തെങ്കിലും കഴിക്കുക, അതായിരുന്നു അന്നൊക്കെ ആവശ്യം. അതുകൊണ്ട് പഴം വാങ്ങി തരാമെന്ന് പറഞ്ഞ അദ്ദേഹത്തോടൊപ്പം കാടിറങ്ങി. വാക്ക് പാലിച്ച അദ്ദേഹം എന്നെ ട്രൈബല്‍ സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിച്ചു. അന്ന് എന്റെ ഗോത്രത്തില്‍ നിന്നും ഞാന്‍ മാത്രമാണ് സ്‌കൂളില്‍ ഉണ്ടായിരുന്നത്. അദ്ദേഹം തനിക്ക് ആദ്യം ഭക്ഷണവും പിന്നെ വസ്ത്രങ്ങളും നല്‍കി. ഗുഹകളില്‍ കൂട്ടമായി താമസിച്ചു വന്നിരുന്നാല്‍ ആദ്യമൊക്കെ പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ സാധിച്ചില്ല. സ്‌കൂളില്‍ ചേര്‍ന്ന് മൂന്ന് മാസം കഴിഞ്ഞാണ് കാട്ടിലേക്ക് തിരിച്ച് പോകുന്നത്. സ്‌കൂള്‍ അവധിക്കാണ് വീട്ടില്‍ എത്തിയത്. ശീലങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നതില്‍ ബുദ്ധിമുട്ട് തോന്നിയിരുന്നെങ്കിലും പഠിക്കണം എന്ന് എങ്ങനെയൊക്കെയോ മനസില്‍ ആഗ്രഹം വളര്‍ന്നതുകൊണ്ട് അവധി കഴിഞ്ഞും തിരിച്ച് സ്‌കൂളിലേക്ക് പോയി”
ആ ആഗ്രഹമാണ് ഇപ്പോഴും വിനോദിനെ മുന്നോട്ടു കൊണ്ടുപോകുന്നത്. ആ യാത്രയെ കുറിച്ചും അതിനിടിയിലെ അനുഭവങ്ങളെ കുറിച്ചും വിനോദ് കൂടുതല്‍ പറയുകയാണ്, ഒപ്പം അയാളുടെ ആവശ്യങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ചും
ഞങ്ങള്‍ക്ക് മാതൃകകള്‍ ഇല്ലായിരുന്നു
ആദിവാസി കുട്ടികള്‍ പഠിക്കാന്‍ താത്പര്യമില്ലാത്തവരാണ് എന്നാണ് പൊതുവെ പറഞ്ഞുകേള്‍ക്കുന്നത്. അതെന്തുകൊണ്ടാണെന്നു മാത്രം ആരും അന്വേഷിക്കാറില്ല. ഞങ്ങളുടെ ഊരില്‍ വിദ്യാഭ്യാസം നേടിയവര്‍ ആരും ഇല്ലായിരുന്നു. കാടിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവര്‍. ഓരോ കുട്ടിയും കാണുന്നത് അവന്റെ ചുറ്റുപാടുകള്‍ മാത്രമാണ്, അവനും അതു തന്നെ പിന്തുടരുന്നു. വനവിഭവങ്ങള്‍ ശേഖരിക്കുക, കൃഷി ചെയ്യുക, മീന്‍ പിടിക്കുക, ഇതൊക്കെയാണ് മറ്റുള്ളവര്‍ ചെയ്യുന്നത്, താനും അതു തന്നെയാണ് ചെയ്യേണ്ടതെന്നാണ് അവന്‍ ധരിക്കുന്നത്. പഠിക്കണമെന്നോ പഠിച്ച് ജോലി നേടണമെന്നോ പറഞ്ഞു കൊടുക്കാന്‍ ആരുമില്ല. മാതാപിതാക്കള്‍ കുട്ടികളോട് പഠിക്കാന്‍ പോകാനല്ല പറയുന്നത്, പെണ്‍കുട്ടിയാണെങ്കില്‍ അമ്മയെ സഹായിക്കണം, ആണ്‍കുട്ടിയാണെങ്കില്‍ അച്ഛനെ സഹായിക്കണം. കാട് വിട്ട് പുറത്തു പോകാന്‍ ആരും ആരെയും നിര്‍ബന്ധിക്കുന്നില്ല. പിന്നെയങ്ങനെയാണ് ഒരു കുട്ടി വിദ്യാഭ്യാസത്തെ കുറിച്ച് ആലോചിക്കുന്നത്. അവന് ചൂണ്ടിക്കാണിച്ച് പറയാന്‍ ഒരു മാതൃകയും അവിടെയില്ലല്ലോ! ഞങ്ങള്‍ ഉള്‍പ്പെടെയുള്ള ആദിവാസി വിഭാഗങ്ങളിലെ കുട്ടികള്‍ നേരിടുന്ന പ്രധാന പ്രതിസന്ധിയും അതാണ്. എന്റെ കാര്യത്തില്‍ ഒരു വിശ്വനാഥന്‍ സാറിന്റെ ഇടപെടല്‍ ഉണ്ടായി. എന്നെ പ്രോത്സാഹിപ്പിക്കാന്‍, വേണ്ട സൗകര്യങ്ങള്‍ ചെയ്തുതരാന്‍ ഒരു ഭാസ്‌കര പിള്ള സാര്‍ ഉണ്ടായി. എനിക്ക് കിട്ടിയ ഭാഗ്യം എല്ലാവര്‍ക്കും ഒരുപോലെ കിട്ടുമോ? പത്തുവര്‍ഷമായി കാണും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞങ്ങളുടെ സമൂഹം മനസിലാക്കി തുടങ്ങിയിട്ട്. പഴയ സാഹചര്യങ്ങളില്‍ നിന്നും ഇപ്പോഴും ഞങ്ങള്‍ പൂര്‍ണമായി മോചിതരായിട്ടില്ല. 2018 ആകുമ്പോഴും നീ പഠിക്കണമെന്നോ പഠിച്ച് വലിയ ജോലി നേടണമെന്നോ പറയുന്ന മാതാപിതാക്കള്‍ ഞങ്ങളുടെ കുടുംബങ്ങളില്‍ അധികമില്ല.
ആഗ്രഹം ഉണ്ടായാല്‍ മാത്രം പോരല്ലോ…
പഠിക്കണമെന്ന് ആഗ്രഹിക്കുന്ന കുട്ടികള്‍ ഇപ്പോള്‍ ഉണ്ട്. പക്ഷേ, അതിനുള്ള സാഹചര്യങ്ങള്‍ അവര്‍ക്ക് അനുകൂലമല്ല. വീടുകളില്‍ നിന്നും പിന്തുണ കിട്ടുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. പുറത്തിറങ്ങി പഠിക്കാനുള്ള സാമ്പത്തിക സൗകര്യവും അവര്‍ക്കില്ല. ആഗ്രഹത്തിനപ്പുറം അതിനായി ഉണ്ടാകേണ്ട മാനസിക ശക്തി ഇല്ല. ആ രീതിയില്‍ ആരും അവരെ പിന്തുണയ്ക്കുന്നുമില്ല. പലതരത്തിലുള്ള അപകര്‍ഷതാബോധത്തിന്റെ തടവിലാണ് ഞങ്ങളുടെ കുട്ടികള്‍ ഓരോരുത്തരും. പഠിക്കണമെന്ന ആഗ്രഹവുമായി ഇറങ്ങിയാല്‍ വഴിയില്‍ വീണുപോകാന്‍, എല്ലാം ഉപേക്ഷിച്ച് കാട്ടിലേക്ക് തന്നെ മടങ്ങിപ്പോരാന്‍ നിര്‍ബന്ധിക്കുന്ന പല ഘടകങ്ങളും ഞങ്ങളെ കാത്തിരിക്കുന്നുണ്ട്. അതൊക്കെ കടന്നു പോകാന്‍ മാത്രം ശക്തി ഞങ്ങളുടെ കുട്ടികള്‍ക്കില്ല.
ഞാന്‍ എന്റെ അനുഭവങ്ങള്‍ പറയാം. ഹയര്‍സെക്കണ്ടറി സമയത്ത് പഠിത്തം നിര്‍ത്തി ഊരിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതാണ് ഞാന്‍. അഭിമുഖീകരിക്കേണ്ടി വന്ന സാഹചര്യങ്ങളെ നേരിടാന്‍ ആ പ്രായത്തില്‍ എനിക്ക് ആകില്ലായിരുന്നു. സര്‍ക്കാര്‍ പഠനകാര്യങ്ങള്‍ക്ക് പല സൗകര്യങ്ങളും ചെയ്തു തരും. എന്നാല്‍ അതിനപ്പുറം നമ്മുടേതായ ചില ആവശ്യങ്ങള്‍ ഉണ്ടല്ലോ, അവ പരിഹരിക്കാന്‍ നിവൃത്തിയില്ലായിരുന്നു. പ്ലസ് ടു സമയത്ത് സര്‍ക്കാര്‍ സൗജന്യമായി തന്നെ പുസ്തകങ്ങളും യൂണിഫോമും എല്ലാം തരും. പക്ഷേ, ഈ യൂണിഫോം കിട്ടാന്‍ ആറുമാസത്തോളം താമസം ഉണ്ട്. ഈ സമയം ധരിക്കാന്‍ നമ്മുടേതായ വസ്ത്രം വേണം. എന്റെ കൈയില്‍ ആകെ ഒരു ജോടി മാത്രമാണ്. മാറിയിടാന്‍ മറ്റൊരെണ്ണം ഇല്ല. അടിവസ്ത്രം പോലും ആകെ ഒരെണ്ണം. ആ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. പുറിത്തറിങ്ങാന്‍ തന്നെ നാണക്കേട്. ഇക്കാര്യം സര്‍ക്കാരിനോട് പറയാന്‍ പറ്റുമോ? എനിക്ക് ഒരു അടിവസ്ത്രം കൂടി വാങ്ങി തരുമോയെന്ന് വീട്ടില്‍ ചോദിക്കാനും പറ്റില്ല, അതിനുള്ള ഗതിയില്ല വീട്ടില്‍. ഇത്തരം സാഹചര്യങ്ങള്‍ താങ്ങാന്‍ പ്ലസ്ടു പ്രായത്തിലുള്ളൊരു പയ്യന് കഴിയില്ല. അവധി ദിവസങ്ങളില്‍ ഞാന്‍ പണിക്കു പോകും, സ്വന്തമായെങ്കിലും എന്തെങ്കിലുമൊരു സാമ്പത്തികം ഉണ്ടാക്കാന്‍ വേണ്ടി. ഒടുവില്‍ ഒരോണം അവധിക്ക് നാട്ടിലേക്ക് പോകുമ്പോള്‍ തിരിച്ച് സ്‌കൂളിലേക്ക് ഇല്ലെന്നു തീരുമാനിച്ചു തന്നെയാണ് പോയത്. പക്ഷേ, നല്ലവരായ എന്റെ കൂട്ടുകാരുടെ ഇടപെടല്‍ ഉണ്ടായി. അവരുടെ സഹായം കിട്ടിയതുകൊണ്ടാണ് ഞാന്‍ വീണ്ടും പഠിക്കാന്‍ എത്തിയത്. അല്ലായിരുന്നെങ്കില്‍ ഞാന്‍ ഇപ്പോഴും കാട്ടില്‍ തന്നെ…
അരിയല്ല, അറിവ് തരൂ; ഞങ്ങളുടെ വിശപ്പ് മാറട്ടെ
ഞാന്‍ പഠിക്കുമ്പോള്‍ പത്തില്‍ ഞങ്ങളുടെ കൂട്ടത്തില്‍ നിന്നും ആകെ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ഇന്നിപ്പോള്‍ 27 കുട്ടികളുണ്ട്. ഇവര്‍ പത്ത് ജയിച്ചാല്‍ പിന്നെയും പഠിക്കുമോ? അവര്‍ക്ക് അതിനുള്ള ആഗ്രഹം ഉണ്ട്. പക്ഷേ, സാഹചര്യങ്ങള്‍ അനുകൂലമാകുമോ? വീട്ടുകാരില്‍ നിന്നും കിട്ടുന്ന പിന്തുണയുടെ കാര്യം പറഞ്ഞല്ലോ, പിന്നെയാരാണവരെ സഹായിക്കേണ്ടത്. എപ്പോഴും നമുക്ക് ഒരു വിശ്വനാഥന്‍ സാറിനെയോ ഭാസ്‌കര പിള്ള സാറിനെയോ പ്രതീക്ഷിക്കാന്‍ കഴിയുമോ? അവിടെയാണ് സര്‍ക്കാര്‍ ഞങ്ങളെ സഹായിക്കേണ്ടത്. ഒരു സംഭവം പറയാം. ഇത്തവണ മൂന്നു കുട്ടികള്‍ ഞങ്ങള്‍ക്കിടയില്‍ നിന്നും പത്താം ക്ലാസ് ജയിച്ചു ഇവര്‍ക്ക് ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വക ഊരിലെത്തി സ്വീകരണമൊക്കെ കൊടുത്തതാണ്. പിന്നെ അവരെക്കുറിച്ച് ഉദ്യോഗസ്ഥന്മാര്‍ ചിന്തിച്ചുപോലുമില്ല. ആ മൂന്നുപേരെയും വിളിച്ചു കൊണ്ടുവന്ന് പ്ലസ് വണ്ണിലേക്കുള്ള അപേക്ഷയൊക്കെ പൂരിപ്പിച്ച്, അത്യാവശ്യം വേണ്ട കുറച്ച് പണമൊക്കെ നല്‍കി വീണ്ടും പഠിക്കാന്‍ ചേര്‍ത്തത് ഞാനാണ്. ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും എല്ലാ ബുധനാഴ്ചയും ഊരില്‍ ആളെത്താറുണ്ട്. അരിയും സാധനങ്ങളുമൊക്കെയാണ് അവര്‍ കൊണ്ടു വരുന്നത്. ഞങ്ങള്‍ക്ക് ഇപ്പോഴും നല്ല വിശപ്പുണ്ട്. അത് ഭക്ഷണത്തോടല്ല. പുറം ലോകത്തിനൊപ്പം എത്താനുള്ള വിശപ്പാണ് ഞങ്ങളില്‍ ഉള്ളത്, പഠിക്കാനുള്ള വിശപ്പാണ് ഞങ്ങളില്‍ ഉള്ളത്, നല്ല വസ്ത്രം ധരിക്കാനും നല്ല വീടുകളില്‍ താമസിക്കാനുമാണ് ഞങ്ങളുടെ വിശപ്പ്. ആ വിശപ്പാണ് സര്‍ക്കാരും ഉദ്യോഗസ്ഥരും തിരിച്ചറിയേണ്ടത്. അരിയല്ല, അറിവാണ് ഞങ്ങള്‍ക്ക് വേണ്ടത്. ആ മുന്നു കുട്ടികളെ തുടര്‍വിദ്യാഭ്യാസത്തിന് പ്രോത്സാഹിപ്പിക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍ കാണിക്കേണ്ടിയിരുന്ന ആദിവാസി സ്‌നേഹം. പക്ഷേ, അവര്‍ ആ കുട്ടികളെ കുറിച്ച് ഓര്‍ത്തുപോലുമില്ല. ഞങ്ങള്‍ക്ക് വിദ്യാഭ്യാസം തരൂ, ഞങ്ങള്‍ സ്വയം വളര്‍ന്നോളാം; എനിക്ക് സര്‍ക്കാരിനോടും ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റിനോടും എല്ലാം പറയാനുള്ളത് ഇതാണ്.
വീണുപോകാതെ ഞങ്ങളെ കൈ പിടിക്കാമോ
ഞങ്ങള്‍ക്കിടയില്‍ നിന്നും കുട്ടികളെ കണ്ടെത്തി സ്‌കൂളില്‍ ചേര്‍ക്കുകയും അവര്‍ക്ക് സൗജന്യമായി പുസ്തകങ്ങളും ഹോസ്റ്റല്‍ സൗകര്യവും യൂണിഫോമും ഒക്കെ നല്‍കി കഴിഞ്ഞാല്‍ ഉത്തരവാദിത്വം തീരുന്നില്ല. അവര്‍ക്കൊപ്പം തന്നെയുണ്ടെന്ന തോന്നല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉണ്ടാക്കണം. മൂന്നു കുട്ടികളുടെ കാര്യം പറഞ്ഞല്ലോ. അവര്‍ക്ക് വീട്ടില്‍ നിന്നും വലിയ പിന്തുണയൊന്നും കിട്ടില്ല. പ്രതികൂലമായ ഏതെങ്കിലും സാഹചര്യം നേരിടേണ്ടി വരികയാണെങ്കില്‍ അവര്‍ ഒരുപക്ഷേ പഠനം ഉപേക്ഷിച്ചേക്കാം. അത് തടയാനുള്ള വഴികളാണ് ഞാന്‍ ആദ്യം ചെയ്തത്. എല്ലാ ആഴ്ച്ചയും അവരുടെ കാര്യങ്ങള്‍ തിരക്കി ഫോണ്‍ ചെയ്യും. അധ്യാപകരോടും കുട്ടികളോട് നേരിട്ടും സംസാരിക്കും, അവര്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ശ്രമം നടത്തും. ഇതൊക്കെ സ്വന്തം മാതാപിതാക്കള്‍ ആണ് ചെയ്യേണ്ടതെങ്കിലും, ആ രീതിയിലൊരു മാറ്റത്തിലേക്ക് ഞങ്ങളുടെ സമൂഹം പൂര്‍ണമായി എത്തിയിട്ടില്ല. അങ്ങനെയാകും വരെ കുട്ടികളുടെ ഒപ്പം സര്‍ക്കാര്‍ ഉണ്ടായിരിക്കണം. അവര്‍ക്ക് മാനസിക പിന്തുണ നല്‍കണം. ഒരുപാട് കുട്ടികള്‍ ഇപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ നിന്നും പഠിക്കണമെന്ന ആഗ്രഹവുമായി മുന്നോട്ട് വരുന്നുണ്ട്. ആ മാറ്റം പതിയെ വീടുകളിലും കണ്ടു വരുന്നുണ്ട്. 27 കുട്ടികള്‍ ഇപ്പോള്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ടെന്നു പറഞ്ഞല്ലോ, ആ കുട്ടികള്‍ അവരുടെ ആവശ്യങ്ങള്‍ മാതാപിതാക്കളോട് പറയുകയാണ്. ആ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ വീട്ടുകാര്‍ തയ്യാറാകുന്നുമുണ്ട്. പല അച്ഛന്മാരും മദ്യപാനം പൂര്‍ണമായി ഒഴിവാക്കിയോ നിയന്ത്രിച്ചോ തന്റെ കുട്ടിയുടെ വിദ്യാഭ്യാസ മോഹത്തിന് പിന്തുണ കൊടുക്കാന്‍ വേണ്ടി പണം സമ്പാദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഈ നന്മ എല്ലാവരിലേക്കും പടര്‍ന്നാല്‍ ഞങ്ങളുടെ സമൂഹം മൊത്തത്തില്‍ മാറും. ഞങ്ങളുടെ മാറ്റം വിദ്യാഭ്യാസം നേടുന്നതിലൂടെയാണ് സംഭവിക്കാന്‍ പോകുന്നതെന്നു ഞാന്‍ പറഞ്ഞതിന്റെ ഒരു ഉദാഹരണമാണിത്.
പിന്തിരിഞ്ഞുപോകാന്‍ അനുവദിക്കാതിരിക്കുക
ഞാന്‍ പലപ്പോഴും പഴയകാലത്തെ കുറിച്ച് ചിന്തിക്കാറുണ്ട്. അന്ന് അനുഭവിച്ച പട്ടിണി, വിശപ്പ്, ഇല്ലായ്മ, പഠിക്കാന്‍ കഴിഞ്ഞില്ലായിരുന്നവെങ്കില്‍ എന്റെ ജീവിതം എങ്ങനെയായി തീരുമായിരുന്നുവെന്നൊക്കെ…ആ ഓര്‍മകള്‍ തന്നെയാണ് ഇന്നും എന്റെ കരുത്ത്. അനുഭവിച്ചത്രത്തോളം ഒന്നും ഇനി അനുഭവിക്കേണ്ടല്ലോ എന്നാണ് കരുതുന്നത്. പണ്ട് സകൂളില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍ പേടിപ്പിക്കും. ഒരു ദിവസം ഞാന്‍ ടീച്ചറോട് പറഞ്ഞു, ടീച്ചര്‍ ആനയൊന്നും അല്ലല്ലോ, ഞങ്ങള്‍ പേടിക്കാന്‍…! ഞങ്ങള്‍ നേരിടുന്ന ഭയം അത്ര വലുതായിരുന്നു. അന്നും ഇന്നും ആനയെ പേടിച്ച് ജീവിക്കുന്നവരാണ് ഞങ്ങള്‍. എത്രയോ തവണ ആനയുടെ മുന്നില്‍ നിന്നും ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു ടീച്ചറുടെ കണ്ണുരുട്ടല്‍ ഞങ്ങളില്‍ ഭയം ഉണ്ടാക്കില്ല. എങ്കിലും എന്റെ ജനത എല്ലാവരേയും ഭയക്കുന്നവരാണ്. ഒരു ചെറു നഗരത്തില്‍ ചെന്നു പെട്ടാല്‍ പോലും ചുറ്റും ഭയത്തോടെയാണ് നോക്കുന്നത്. ആരെങ്കിലും എടാ…എന്നു വിളിച്ചാല്‍ തിരിച്ച് എന്താ എന്നു ചോദിക്കാന്‍ പോലും ഭയമാണ്. ഈ ഭയത്തിന്റെ പ്രധാന കാരണം അപകര്‍ഷത ബോധമാണ്. ഞാന്‍ ഇന്നതാണല്ലോ, എനിക്ക് ഒന്നുമില്ലല്ലോ എന്നൊക്കെയുള്ള ബോധം മനസിനെയും ശരീരത്തേയും ഒരുപോലെ തളര്‍ത്തുകയാണ്. സ്റ്റഡി ടൂറിനു പോകാന്‍ എല്ലാവരും അഞ്ഞൂറു രൂപ കൊടുക്കണം, നമ്മുടെ കൈയില്‍ അത്രയും കാശില്ല, ആരോടും ചോദിക്കാനുമില്ല. കൊടുക്കാന്‍ കാശില്ലെന്നു പറയേണ്ടി വരും. ആ സമയം എല്ലാവരും തിരിച്ചറിയും ഞാനൊരു ദരിദ്രനാണ്, ഞാനൊരു ആദിവാസിയാണ്, ആദിവാസികളെല്ലാം പട്ടിണിക്കാരാണ്, അതോടെ അവരെന്നെ കൂട്ടത്തില്‍ കൂട്ടാതാകും; ഞാന്‍ നേരിട്ട കാര്യങ്ങളാണ്. ഇതുപോലെയാണ് ഓരോരുത്തരും. പ്രായം കൂടി അതിലൊരു ഘടകമാണ്. ഇന്നീ പ്രായത്തില്‍ അന്നത്തെ സാഹചര്യങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അത് ഈ രീതിയില്‍ നേരിട്ടാല്‍ മതിയായിരുന്നുവെന്ന് തോന്നും. പക്ഷേ, അന്നത് പറ്റില്ല. ഞങ്ങളുടെ കുട്ടികളുടെ പ്രശ്നങ്ങള്‍ എന്തൊക്കെയാണ് എന്നു കേട്ടാല്‍ അതൊക്കെ നിസ്സാരമല്ലേ എന്നു തോന്നാം, പക്ഷേ, അവരുടെ പ്രായത്തില്‍ അതൊക്കെ വലിയ പ്രശ്‌നങ്ങള്‍ തന്നെയാണ്. രൂപം, രീതികള്‍, ഭാഷ ഇതൊക്കെ നമ്മളെ മറ്റുള്ളവരില്‍ നിന്നും അകറ്റി നിര്‍ത്താന്‍ കാരണമാകില്ലേ എന്ന ചിന്ത ഞങ്ങളുടെ കുട്ടികളില്‍ ഉണ്ട്. അത് മാറ്റിയെടുക്കാന്‍ സര്‍ക്കാരിന് കഴിയുമോ? കഴിഞ്ഞാല്‍ ഞങ്ങള്‍ മുന്നോട്ടു വരും…കോടികളുടെ ഫണ്ടല്ല, വിദ്യാഭ്യാസം നേടാനുള്ള സാഹചര്യങ്ങളും പിന്തുണയും മാത്രമാണ് ഞങ്ങള്‍ ചോദിക്കുന്നത്.
ചോലനായ്ക്കര്‍ക്കിടയില്‍ മാത്രമല്ല, എല്ലാ ആദിവാസി മേഖലകളിലും വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്. എടുത്തുപറയേണ്ടയൊന്ന്, ആദിവാസി മേഖലയില്‍ പ്രത്യേക കൗണ്‍സിലിംഗ് നല്‍കണമെന്നാണ്. മാനസികമായ കരുത്ത് പകരാന്‍ കഴിയണം. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്. ഓരോ ആദിവാസിയും ഇന്നും പൊതുസമൂഹത്തില്‍ നിന്നും നേരിടേണ്ടി വരുന്നത പലതരത്തിലുള്ള സമീപനങ്ങളാണ്. അവ നേരിടാന്‍ പ്രാപ്തരാകണം. മനസ് മടുത്ത് കാട്ടിലേക്ക് തിരികെ പോരുന്നവരാണ് കൂടുതലും. അതിനനുവദിക്കരുത്. കൂടെ ഞങ്ങളുണ്ട്, നിങ്ങള്‍ ധൈര്യമായി മുന്നോട്ടു പോകൂ എന്നു ധൈര്യം നല്‍കണം. കൃത്യമായ ഗൈഡന്‍സ് നല്‍കുക, മാതാപിതാക്കളില്‍ നിന്നുണ്ടാകേണ്ട പിന്തുണയുടെ കുറവ് അവര്‍ക്ക് അനുഭവപ്പെടാതെ നോക്കുക, മാതാപിതാക്കളുടെ തലമുറയെ കുട്ടികളില്‍ ഉണ്ടാകുന്ന മാറ്റങ്ങളിലൂടെ തന്നെ പതിയെ മാറ്റിയെടുക്കാം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തി നോക്കൂ, ഒന്നല്ല, നൂറുകണക്കിന് വിനോദുമാരെ ഞങ്ങള്‍ക്കിടയില്‍ എങ്കില്‍ നിങ്ങള്‍ക്ക് കാണാനാകും.
വളരും തോറും ആഗ്രഹങ്ങള്‍ കൂടുകയാണെന്നാണ് വിനോദ് പറയുന്നത്. പിഎച്ച്ഡി എടുക്കുക എന്നതാണ് ലക്ഷ്യം, അതു തന്നെക്കൊണ്ട് കഴിയും എന്ന് ആത്മവിശ്വാസത്തോടെയാണ് വിനോദ് പറഞ്ഞത്. ഇതിനൊപ്പം സിവില്‍ സര്‍വീസിനു വേണ്ടിയും ശ്രമം നടത്തുകയാണ്. അങ്ങനെയൊരു മോഹം ഒരു ഭാഗത്ത് നില്‍ക്കുമ്പോഴും പിഎച്ച്ഡി പൂര്‍ത്തിയാക്കി, നെറ്റും സ്വന്തമാക്കി ഒരു പ്രൊഫസറായി വിദ്യാഭ്യാസ മേഖലയില്‍ തന്നെ തുടരുക എന്നതാണ് തന്റെ പ്രധാനലക്ഷ്യമെന്നു വിനോദ് പറയുന്നു. അങ്ങനെയൊരു ലക്ഷ്യത്തിനു പിന്നിലെ കാരണവും വിനോദ് വ്യക്തമാക്കുന്നുണ്ട്;
ആദിവാസി സമൂഹത്തിന് ഗുണം ചെയ്യുന്ന രീതിയില്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവരില്‍ ഒരാള്‍ എന്ന നിലയില്‍ എനിക്ക് എന്റെ എന്റെ സമൂഹത്തിലുള്ള കുട്ടികളെ ഗൈഡ് ചെയ്യാന്‍ കഴിയും. അതോടൊപ്പം എന്റെ സമൂഹത്തിന്റെയുള്‍പ്പെടെ എല്ലാ ആദിവാസി വിഭാഗങ്ങളുടെയും വിദ്യാഭ്യാസ പ്രശ്‌നങ്ങളും പ്രതിസന്ധികളെയും കുറിച്ച് പൊതുസമൂഹത്തോട് പറയാന്‍ കഴിയും. ഞാന്‍ നേടിയ വിദ്യാഭ്യാസം എന്റെതു മാത്രമായ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കില്ല, എന്റെ സമൂഹത്തിന് എന്നെക്കൊണ്ട് എത്രത്തോളം ഗുണം കിട്ടുമോ അത്രയും ഞാന്‍ ചെയ്യും… ഒരു കാലം വരും; ഞങ്ങള്‍ അറിവു നേടി വളര്‍ന്നവരുടെ സമൂഹമായി മാറുന്ന കാലം.