UPDATES

ഇത് ചരിത്രം; സൂര്യയും ഇഷാനും ഇനി ദമ്പതികള്‍; സംസ്ഥാനത്തെ ആദ്യ ട്രാന്‍സ് വിവാഹം

തിരുവനന്തപുരം മന്നം മെമ്മോറിയല്‍ ഹാളില്‍ ആയിരങ്ങളെ സാക്ഷിയാക്കി സൂര്യയുടെ കഴുത്തില്‍ ഇഷാന്‍ മിന്നുകെട്ടി

കേരളം വീണ്ടും ലോകത്തിനു മാതൃകയാകുന്നു. ലിംഗമാറ്റ ശസ്‌‌‌‌‌ത്രക്രിയയിലൂടെ സ്‌‌‌‌ത്രീയായി മാറിയ സൂര്യയും പുരുഷനായി മാറിയ ഇഷാന്‍ കെ ഷാനും സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹിതരായി. സംസ്ഥാനത്ത് വിവാഹിതരാകുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ മിഥുനങ്ങളാണ്‌ സുര്യയും ഇഷാനും. ഒരുപക്ഷെ രാജ്യത്തെ ആദ്യത്തേതും.

തിരുവനന്തപുരം മന്നം മെമ്മോറിയല്‍ ഹാളില്‍ ആയിരങ്ങളെ സാക്ഷിയാക്കി സൂര്യയുടെ കഴുത്തില്‍ ഇഷാന്‍ മിന്നുകെട്ടി. നൂറുകണക്കിന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും വിവാഹത്തിന് സാക്ഷ്യം വഹിച്ചു. നിരവധി പ്രമുഖര്‍ ഇവര്‍ക്ക് ആശംസ അര്‍പ്പിക്കാനായെത്തി. കേരളത്തിന്റെ പൊതുബോധം രാജ്യത്തിനാകെ മാതൃകയാണെന്ന സന്ദേശമാണ് ഇതിലൂടെ ഉണ്ടായതെന്ന് പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകയും അഭിനേത്രിയുമായ ശീതള്‍ ശ്യാം പ്രതികരിച്ചു. പാട്ടും നൃത്തവും അടങ്ങിയ ആഘോഷങ്ങൾ സദസ്സിനെ അക്ഷരാർത്ഥത്തിൽ ആവേശഭരിതരാക്കി.

ആറുവര്‍ഷത്തെ സൗഹൃദത്തിന് ഒടുവിലാണ് സൂര്യയും ഇഷാനും വിവാഹിതരായത്. ഇരു കുടുംബങ്ങളുടെയും സഹകരണത്തോടെയാണ് വിവാഹം. ഇരുവരും വ്യത്യസ്ത മതവിശ്വാസികളായതിനാല്‍ മതാചാരങ്ങള്‍ ഒന്നും വിവാഹത്തിനുണ്ടായില്ല. സൂര്യ 2014ലും ഇഷാന്‍ 2015ലുമാണ് ലിംഗമാറ്റ ശസ്‌‌ത്രക്രിയക്ക് വിധേയരായത്.

കേരളത്തില്‍ ആദ്യമായി തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കി വോട്ട് ചെയ്‌ത ട്രാന്‍സ്‌ജെ‌ന്‍ഡറാണ് നര്‍ത്തകിയും മിമിക്രി ആര്‍ടിസ്റ്റും സിനിമാ നടിയുമായ സൂര്യ. സംസ്ഥാന ട്രാന്‍സ്‌ജെ‌ന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗമാണ്. ഇഷാന്‍ ജില്ലാ ട്രാന്‍സ്‌ജെന്‍ഡര്‍ ബോര്‍ഡ് അംഗവുമാണ്.

സൂര്യയും ഇഷാനും ഒന്നാകുന്നു; നിയമവിധേയ ട്രാൻസ്‌ജെൻഡർ വിവാഹത്തിന് തുടക്കമിടാനൊരുങ്ങി കേരളം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍