UPDATES

കേരളമേ, നമ്മുടെ സൈന്യത്തിലൊരുവനാണിത്; രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മാരക മുറിവേറ്റ രത്‌നകുമാറിനെ സഹായിക്കേണ്ടതുണ്ട്

“പ്രാണനുവേണ്ടി അപേക്ഷിക്കുന്നവന്റെ നേരെ കൈ നീട്ടിയില്ലെങ്കില്‍ നമ്മളൊക്കെ എന്തിനാ മനുഷ്യനെന്ന് പറഞ്ഞ് നടക്കണത്… അതിനിടയില്‍ ചിലപ്പോള്‍ ഇത്തരം അപകടമൊക്കെ പറ്റും. അതൊക്കെ സഹിക്കാന്നേ…”

പതിമൂന്നാം വയസില്‍ കടലില്‍ പോകാന്‍ തുടങ്ങിയതാണ് ആലപ്പുഴ ഹരിപ്പാട് ആറാട്ടുപുഴ പഞ്ചായത്തിലെ കള്ളിക്കാട് സ്വദേശിയായ രത്‌നകുമാര്‍. കേരളത്തെ മുക്കിയ പ്രളയത്തില്‍ നിന്നും മനുഷ്യജീവനുകള്‍ രക്ഷിക്കാന്‍ മറ്റൊന്നും നോക്കാതെ പുറപ്പെട്ട മത്സ്യത്തൊഴിലാളികളില്‍ രത്‌നകുമാറും ഉണ്ടായിരുന്നു. കേരളം ഒന്നടങ്കം കടലിന്റെ മക്കളെ തങ്ങളുടെ ഹീറോകളാക്കി ആഘോഷം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ രത്‌നകുമാര്‍ തന്റെ ചെറിയ കൂരയില്‍ അവശനായി കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഏറ്റ മാരക മുറിവുമായി. ആ കിടപ്പില്‍ നിന്നും എത്രയും വേഗം അദ്ദേഹത്തിന് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, വള്ളമെടുത്ത് കടലില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ അന്നം മുട്ടിപ്പോകുന്നത് രണ്ട് പിഞ്ചു കുട്ടികളടക്കം അഞ്ചുപേര്‍ക്കാണ്… അതുകൊണ്ട് കേരളമേ… രത്‌നകുമാറിന്റെ അവസ്ഥയറിയണം; സഹായിക്കണം…

ഓഗസ്റ്റ് പതിനാറാം തീയതി പുലര്‍ച്ചെ വീട്ടില്‍ നിന്നും ഇറങ്ങിയതാണ് രത്‌നകുമാര്‍. എല്ലായിടത്തും വെള്ളം പൊങ്ങുകയാണല്ലോ, കുടിവെള്ളം കിട്ടാതെ വന്നാലോ എന്ന ആശങ്കയിലാണ് പാത്രങ്ങളുമെടുത്ത് ഇറങ്ങിയത്. അപ്പോഴാണ് പരുമല ഭാഗത്ത് നിന്നും ചിലര്‍ വള്ളം കിട്ടുമോ എന്നറിയാന്‍ വന്നെത്തിയത്. ചെങ്ങന്നൂര്‍ പലഭാഗത്തും ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ഹെലികോപ്റ്റര്‍ രക്ഷാപ്രവര്‍ത്തനം സാധ്യമാകാതെ വരുന്നു. വള്ളത്തില്‍ പോയുള്ള രക്ഷാപ്രവര്‍ത്തനമാണ് ഫലം ചെയ്യുക. വന്നവരുടെ ആശങ്ക മനസിലാക്കിയവര്‍ സഹായത്തിന് സന്നദ്ധരായിരുന്നു. ഒരാള്‍ തന്റെ വള്ളം വിട്ടു നല്‍കാന്‍ തയ്യാറായി. ആവശ്യമായ ഇന്ധനം നല്‍കാന്‍ മറ്റൊരാളും. പക്ഷേ, അതും രണ്ടും മാത്രം പോര, വള്ളമോടിക്കാന്‍ അറിയാവുന്നൊരാള്‍ കൂടി വേണം. മറ്റൊന്നും നോക്കിയില്ല, ഞാന്‍ വരാമെന്നു പറഞ്ഞ് മുന്നോട്ടു വന്നു രത്‌നകുമാര്‍. വെള്ളമെടുത്തു വരാമെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതാണ്, പല്ലുപോലും തേച്ചിട്ടില്ല. അതൊന്നും ഓര്‍ത്തില്ല, ആരോടും യാത്ര പറയാനും നിന്നില്ല. ഒരു സുഹൃത്തിനെയും കൂട്ടി വള്ളവുമെടുത്ത് പോയി…

“ആപത്തില്‍പ്പെട്ടു കിടക്കുന്ന മനുഷ്യരെ രക്ഷിക്കാന്‍ വേറെന്തെങ്കിലും നോക്കണോ? ജീവനല്ലേ വലുത്, എന്റെ ജീവന്‍ പോലെ തന്നെ വലുതല്ലേ മറ്റൊരാളുടെയും. അതുകൊണ്ട് സംഭവം കേട്ടപ്പോള്‍ തന്നെ ഞാന്‍ റെഡിയായി. വീട്ടിലൊന്നും പറയാന്‍ നിന്നില്ല. എത്രയും വേഗം സ്ഥലത്തെത്തി കഴിയാവുന്നയാളുകളെ രക്ഷിക്കണം എന്നതായിരുന്നു ചിന്ത”; സംസാരിക്കാന്‍ കഴിയാത്തയത്ര അവശതയുണ്ടെങ്കിലും രത്‌നകുമാര്‍ ആ ദിവസത്തേക്കുറിച്ച് പറഞ്ഞു.

ചെങ്ങന്നൂര്‍ പാണ്ടനാട് എന്ന സ്ഥലത്തേക്കാണ് രത്‌നകുമാറും സുഹൃത്തും അറവുകാട്ടമ്മ എന്ന വള്ളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയത്. എയര്‍ലിഫ്റ്റിംഗ് വഴി സാധ്യമാകാത്ത ഒരു രക്ഷാപ്രവര്‍ത്തനം നടത്തണം. കിടപ്പിലായ ഒരു വൃദ്ധനെ രക്ഷിച്ചു കൊണ്ടുവരണം. കഴുത്തൊപ്പം വെള്ളത്തിലാണ് രക്ഷിക്കേണ്ടയാള്‍ ഉള്ളത്. അപകടം പിടിച്ച കാര്യമാണ്. രത്‌നകുമാറും കൂട്ടുകാരനും അപകടത്തെ കുറിച്ചൊന്നും ആലോചിച്ച് നിന്നില്ല. വള്ളവുമായി പോയി. ആളെ പൊക്കിയെടുത്ത് വള്ളത്തിലേക്ക് കയറ്റുന്നതിനിടയിലാണ് ആ അപകടം നടന്നത്.

ഒരു കവുങ്ങു മരം ഒടിഞ്ഞു വീണു. ഒടിഞ്ഞ ഭാഗം നേരെ വന്നു തുളച്ചു കയറിയത് രത്‌നകുമാറിന്റെ വയറിന്റെ ഇടതുഭാഗത്ത്. രക്തം പുറത്തേക്ക് ചീറ്റി. പക്ഷേ, താന്‍ ഏര്‍പ്പെട്ട പ്രവര്‍ത്തിയില്‍ നിന്നും രത്‌നകുമാര്‍ പിന്‍വാങ്ങിയില്ല. ശരീരം തളര്‍ന്നു പോയെങ്കിലും താന്‍ വന്ന കാര്യം വിജയകരമായി പൂര്‍ത്തിയാക്കി ആ കടലിന്റെ മകന്‍. പക്ഷേ, രക്ഷപ്പെടുത്തി കൊണ്ടുവന്നയാള്‍ക്കൊപ്പം രത്‌നകുമാറിനെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.

"</p

അവിടെ മുതലാണ്, നാമിപ്പോള്‍ ആരാധനയോടെ പറയുന്ന ‘കേരള സൈന്യ’ത്തിലൊരാളുടെ ഗതികേട് തുടങ്ങിയത്. ഒരു മണിക്കാണ് പരുമല ഗ്രിഗോറിയസ് ആശുപത്രിയില്‍ രത്‌നകുമാറിനെ പ്രവേശിപ്പിക്കുന്നത്. രാത്രി ഏഴുമണിവരെ പ്രാഥമിക ശുശ്രൂഷ പോലും നല്‍കാതെ, പഞ്ഞിക്കൊണ്ട് മുറിവ് പോലും പൊതിഞ്ഞു വയ്ക്കാതെ തന്നെയവിടെ കിടത്തിയെന്നാണ് രത്‌നകുമാര്‍ പറയുന്നത്. രക്തം ആ നേരം കൊണ്ട് കട്ടപിടിച്ചിരുന്നു. പിന്നെയൊരു സ്‌കാനിംഗ് നടത്തി. പക്ഷേ, സ്‌കാനിംഗ് റിസള്‍ട്ട് നല്‍കണമെങ്കില്‍ ഏഴായിരം രൂപ ബില്ല് അടയ്ക്കണം! അല്ലാതെ തരില്ല. അപകടം നടന്ന വിവരം വീട്ടില്‍ അറിയാക്കാനോ അടുത്ത ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയാക്കാന്‍ മാര്‍ഗ്ഗമില്ല. ഫോണ്‍ റെയ്ഞ്ച് ഇല്ല.

ഒടുവില്‍ അവിടെ നിന്നും ഡിസ്ചാര്‍ജും വാങ്ങി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ കൊണ്ടുവന്നു. അവിടെ ചെന്നിട്ടാണ് മുറിവ് കുത്തിക്കെട്ടുന്നത്. അതാകട്ടെ മരവിപ്പിക്കുക കൂടി ചെയ്യാതെ. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടറുടെ തിരക്കിട്ട ചികിത്സ. തിരക്ക് കൂടിയതുകൊണ്ടാകാം, ഹാന്‍ഡ് ഗ്ലൗവിന്റെ ഒരു ഭാഗം കൂടി തുന്നലിനൊപ്പം ചേര്‍ന്നുപോയി. പിറ്റേദിവസം സര്‍ജന്‍ വന്നു പരിശോധിച്ചപ്പോഴാണ് അക്കാര്യം തുന്നലിട്ട ഡോക്ടര്‍ അറിയുന്നത് തന്നെ. വലിച്ചു പറിച്ചെടുക്കയാണ് പിന്നീട് ഉണ്ടായതെന്നാണ് ര്തനകുമാര്‍ പറഞ്ഞത്.

ഇപ്പോള്‍ വീട്ടിലുണ്ട് രത്‌നകുമാര്‍. സഹായത്തിന് കുറച്ച് സുഹൃത്തുക്കള്‍. രത്‌നകുമാറിന്റെ ഈ അവസ്ഥ പുറം ലോകത്തെയറിച്ചത് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്‌നേഹ ആര്‍.വി ഹരിപ്പാട് ആണ്. സ്‌നേഹയിലൂടെ വിവരം അറിഞ്ഞവരൊക്കെയും രത്‌നകുമാറിന് ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് മുന്നോട്ട് വന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രത്‌നകുമറിന് ആവശ്യമായ ഏതു ചികിത്സയും ലഭ്യമാക്കുമെന്നും അതിനുള്ള ചെലവ് താന്‍ വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്. രത്‌നകുമാറിന്റെ അവസ്ഥ ഉമ്മന്‍ ചാണ്ടി, മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുമുണ്ട്.

ഒരു വീട് എന്ന സ്വപ്‌നം അടിത്തറവരെയെത്തി മുടങ്ങിക്കിടക്കുകയാണ്. ഒരു ചെറിയ കൂരയിലാണ് ഇപ്പോള്‍ രത്‌നകുമാറും അമ്മയും ഭാര്യയും രണ്ടു കുട്ടികളും കഴിയുന്നത്. ഈ മനുഷ്യനാണ് ആ വീടിന്റെ ഏക ആശ്രയം. മുന്‍പിന്‍ നോക്കാതെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഇറങ്ങിപ്പുറപ്പെട്ടൊരുവനാണ് വയറില്‍ പതിനെട്ട് തുന്നിക്കെട്ടും കാലില്‍ എട്ടു സറ്റിച്ചുകളുമായി വേദന തിന്ന് കിടക്കുന്നത്. ആ മനുഷ്യനോട് തന്നെയാണ് മനുഷ്യത്വരഹിതമായി ചിലര്‍ പെറുമാറിയതും. പക്ഷേ, ആരോടും ഒരു പരിഭവമോ പരാതിയോ ഇല്ലെന്നാണ് രത്‌നകുമാര്‍ പറഞ്ഞത്.

“എനിക്ക് പറ്റിയ അപകടത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നേയില്ല. പണിക്കു പോകാന്‍ താമസം വരുമല്ലോ എന്നോര്‍ത്തുമാത്രമാണ് ഒരു വിഷമം. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതുകൊണ്ടാണല്ലോ ഇങ്ങനെയൊക്കെ പറ്റിയതെന്നൊന്നും എനിക്കൊരു ചിന്തയുമില്ല. ആരും പറഞ്ഞിട്ടോ നിര്‍ബന്ധിച്ചിട്ടോ അല്ല, സ്വന്തം തീരുമാനമായിട്ടാണ് ഞാന്‍ പോയത്. പ്രാണനുവേണ്ടി അപേക്ഷിക്കുന്നവന്റെ നേരെ കൈ നീട്ടിയില്ലെങ്കില്‍ നമ്മളൊക്കെ എന്തിനാ മനുഷ്യനെന്ന് പറഞ്ഞ് നടക്കണത്… അതിനിടയില്‍ ചിലപ്പോള്‍ ഇത്തരം അപകടമൊക്കെ പറ്റും. അതൊക്കെ സഹിക്കാന്നേ…”

വേദനയും പ്രാരാബ്ദവും അവഗണനയുമെല്ലാം മറന്നു കളഞ്ഞ് ആ മനുഷ്യന്‍; കടലിന്റെ മകന്‍ പറഞ്ഞ വാക്കുകളാണിത്…

ഇതാണ് രത്നകുമാറിന്റെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍

കേരളത്തെ വെള്ളത്തില്‍ നിന്നുയര്‍ത്തിയെടുത്ത മനുഷ്യര്‍; ‘ഞങ്ങള്‍ ഉള്ളിടത്തോളം നിങ്ങള്‍ പേടിക്കേണ്ട; ഇതൊക്കെ ഞങ്ങള്‍ കുറേ കണ്ടതാണ്’

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍