UPDATES

കടലിന്റെ മക്കള്‍ വീണ്ടും ചെങ്ങന്നൂരിലേക്ക്; പുനര്‍നിര്‍മ്മാണത്തിന് കൈത്താങ്ങ്

ഇന്നലെയും ഇന്നുമായി ദുരിതബാധിതര്‍ക്ക് വീണ്ടും ജീവിതം കെട്ടിപ്പടുക്കാനായി ആവശ്യം വേണ്ട അടിസ്ഥാന സാധനങ്ങള്‍ തിരുവനന്തപുരത്തെ തീരദേശഗ്രാമങ്ങളില്‍ നിന്ന് ശേഖരിച്ച് വരുന്നുണ്ട്

പ്രളയബാധിത പ്രദേശങ്ങളിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ വീണ്ടും മല്‍സ്യത്തൊഴിലാളികള്‍ ചെങ്ങന്നൂരിലേക്ക്. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലെ ജനജീവിതം തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങളുമായാണ് ഇവര്‍ വീണ്ടുമെത്തുന്നത്. വെള്ളപ്പൊക്ക പ്രദേശങ്ങളില്‍ നിന്ന് അമ്പതിനായിരത്തോളം അധികം പേരെ രക്ഷിച്ച് കരയ്‌ക്കെത്തിച്ച മല്‍സ്യത്തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനം ഏവരുടെയും ശ്രദ്ധയും പ്രശംസയും നേടിയിരുന്നു.

ആലുവ, ചെങ്ങന്നൂര്‍, വെണ്മണി പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മല്‍സ്യത്തൊഴിലാളികളുടെ ഏകോപനത്തിനായി രൂപീകരിച്ച സംഘമായ ബ്ലൂ വോളണ്ടിയേഴ്‌സാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി തയാറെടുക്കുന്നത്. ‘എഴുപതോളം പേരടങ്ങുന്ന സംഘമാണ് നാളെ രാവിലെ തിരുവനന്തപുരത്ത് നിന്ന് തിരിക്കുക. കോസ്റ്റല്‍ സ്റ്റുഡന്റ്‌സ് കള്‍ച്ചറല്‍ ഫോറം, പുല്ലുവിള കോര്‍ഡിനേഷന്‍ കമ്മിറ്റി, കൂടാതെ അഞ്ചുതെങ്ങില്‍ നിന്നുള്ള യുവാക്കള്‍ എന്നിവരാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തയാറെടുക്കുന്നത്. ഇതിന് പുറമെ കോസ്റ്റല്‍ നഴ്‌സസ് അസോസിയേഷനില്‍ നിന്ന് 6 പേരും ഇതില്‍ പങ്കെടുക്കുന്നുണ്ട്. ക്യാംപുകളിലും വീടുകളിലും അത്യാവശ്യം ലഭ്യമാക്കേണ്ട പ്രഥമ ശുശ്രൂഷകള്‍ ഇവര്‍ക്ക് നല്‍കാനാകും’ ബ്ലൂ വോളണ്ടിയേഴ്‌സന്റെ കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ അറിയിച്ചു.

തീരദേശ പഞ്ചായത്തായ കരുംകുളം ഗ്രാമപഞ്ചായത്ത് പത്തനംതിട്ടയിലെ അയിരൂർ പഞ്ചായത്തിനെ ദത്തെടുത്തുകൊണ്ട് നാളെ മുതൽ അവിടെ ക്യാമ്പ് ചെയ്ത് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കും.

ഇന്നലെയും ഇന്നുമായി ദുരിതബാധിതര്‍ക്ക് വീണ്ടും ജീവിതം കെട്ടിപ്പടുക്കാനായി ആവശ്യം വേണ്ട അടിസ്ഥാന സാധനങ്ങള്‍ തിരുവനന്തപുരത്തെ തീരദേശഗ്രാമങ്ങളില്‍ നിന്ന് ശേഖരിച്ച് വരുന്നുണ്ട്. ഇത് ചെങ്ങന്നൂരിലെയും മറ്റും വിവിധ പ്രദേശങ്ങളില്‍ നല്‍കുന്നതായിരിക്കും. ജീവന്‍ രക്ഷിച്ചതോടെ ഞങ്ങളുടെ കടമ കഴിഞ്ഞുവെന്ന് പറഞ്ഞ് സ്വന്തം കാര്യം നോക്കിപ്പോകാന്‍ മല്‍സ്യത്തൊഴിലാളികള്‍ തയാറല്ല. ഇനിയും ദുരിതബാധിതര്‍ക്ക് ആവശ്യം വേണ്ട എല്ലാ സഹായങ്ങളുമായി അവര്‍ കൂടെയുണ്ടാകും. ജീവിതം പഴയ സ്ഥിതിയിലേക്ക് എത്തിയെന്ന് മനസിലാക്കും വരെയും അവര്‍ ഏറ്റവും കരുതലോടെ കൂടെയുണ്ടാകും. ഒരുപക്ഷേ പ്രകൃതി ദുരന്തങ്ങള്‍ക്ക് ശേഷമുള്ള ജീവിതത്തിന്റെ അരക്ഷിതാവസ്ഥയുടെ അനുഭവസ്ഥരായത് കൊണ്ടാകും ഇവര്‍ക്ക് ഇങ്ങനെ തണലാകാന്‍ കഴിയുന്നതും.

അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് പോയ മല്‍സ്യത്തൊഴിലാളികള്‍ക്കായി പൂന്തുറയിലും വിഴിഞ്ഞത്തും മെഡിക്കല്‍ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജലജന്യരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത ഉള്ളതിനാല്‍ മുന്‍കരുതലുകള്‍ക്കും പരിക്ക് പറ്റിയവര്‍ക്കുമുള്ള ചികില്‍സയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് പങ്കെടുത്ത മല്‍സ്യത്തൊഴിലാളികള്‍ക്ക് ശാരീരിക പ്രശ്ങ്ങള്‍ അനുഭവിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍