18 വര്‍ഷം മുന്‍പത്തെ അനുഭവം തുറന്നു പറഞ്ഞ് ഡോ. ഗീത സുരാജ്
ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി ഉയര്‍ത്തിയ വാദ പ്രതിവാദ കോലാഹലം കൂടുതല്‍ തീവ്രമാകുന്നതിന്റെ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. സ്ത്രീകള്‍ മലചവിട്ടിയാല്‍ ആചാരങ്ങള്‍ക്കു ഭംഗം വരുമെന്ന വിശ്വാസി സമൂഹത്തിന്റെ മുറവിളികള്‍ ഒരു വശത്തു നടക്കുമ്പോള്‍ത്തന്നെ, പതിനെട്ടാം പടിയില്‍ നൃത്തം വച്ച ചലച്ചിത്ര നടിമാരുടെ ദൃശ്യങ്ങളും ക്ഷേത്രത്തിലെത്തിയ രാജകുടുംബാംഗങ്ങളുടെ വെളിപ്പെടുത്തലുകളും പുറത്തുവരുന്നുണ്ട്. അതോടൊപ്പം കോടതി വിധി കര്‍ശനമായി നടപ്പാക്കും എന്ന് സംസ്ഥാന സര്‍ക്കാരും വ്യക്തമാക്കി കഴിഞ്ഞു.
ക്ഷേത്രപ്രവേശനത്തിലെ യുക്തിയുടെയും വിശ്വാസത്തിന്റെയും കാര്യത്തില്‍ കേരളം രണ്ടു തട്ടിലായി നില്‍ക്കുമ്പോള്‍, പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്, തന്റെ നാല്‍പത്തിയെട്ടാം വയസ്സില്‍ ശബരിമലയിലെത്തിയ അനുഭവമാണ് മാലിയങ്കര കോളജിലെ പ്രിന്‍സിപ്പലായി വിരമിച്ച ഡോ. ഗീത സുരാജിന് പറയാനുള്ളത്. ആര്‍ത്തവമില്ലാത്ത കാലത്ത് ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ച തന്നെ തടഞ്ഞുവച്ചതിനെക്കുറിച്ചും, പിന്നീട് പൊലീസ് സഹായത്തോടെത്തന്നെ മല ചവിട്ടിയതിനെക്കുറിച്ചും ഡോ. ഗീത പറയുന്നതിങ്ങനെ:
“നാല്‍പതു വയസ്സില്‍ത്തന്നെ ഗര്‍ഭപാത്രവും അണ്ഡാശയങ്ങളും പൂര്‍ണമായും എടുത്തുമാറ്റിക്കഴിഞ്ഞതാണ്. അതുകാരണം ആര്‍ത്തവം ഉണ്ടാകില്ലല്ലോ എന്നോര്‍ത്താണ് ശബരിമലയില്‍ പോകാന്‍ ആഗ്രഹം തോന്നിയപ്പോള്‍ പോകാന്‍ തന്നെ തീരുമാനിച്ചത്. ശസ്ത്രക്രിയയില്‍ ഗര്‍ഭപാത്രം നീക്കം ചെയ്തിട്ടുണ്ടെന്നു തെളിയിക്കുന്ന രേഖകളുമായി പോകാന്‍ സഹപ്രവര്‍ത്തകരടക്കമുള്ളവര്‍ നിര്‍ദ്ദേശിച്ചു. അങ്ങനെയാണ് സര്‍ട്ടിഫിക്കറ്റുകളുമായി നാല്‍പത്തിയെട്ടാം വയസ്സില്‍ മല കയറുന്നത്. പമ്പ കടന്ന് ഗണപതിക്കോവിലും കഴിഞ്ഞപ്പോള്‍ എയ്ഡ് പോസ്റ്റില്‍ നിന്നും പോലീസ് കൈകാട്ടി വിളിക്കുകയായിരുന്നു.
പഴയ വിദ്യാര്‍ത്ഥികള്‍ ആരെങ്കിലുമായിരിക്കും എന്ന ധാരണയില്‍ അടുത്തു ചെന്ന എന്നോട്, പ്രായമെത്രയായി എന്നാണ് അവരാദ്യം അന്വേഷിച്ചത്. ഗര്‍ഭപാത്രം നീക്കം ചെയ്തതാണല്ലോ എന്ന ധൈര്യത്തില്‍ ഞാന്‍ നാല്‍പത്തിയെട്ട് എന്നു തന്നെ പറയുകയും ചെയ്തു. മല ചവിട്ടാനുള്ള പ്രായപരിധി അറിയില്ലേ, എന്തു ധൈര്യത്തിലാണ് വന്നത് എന്നൊക്കെ പോലീസ് മുറയിലുള്ള ചോദ്യം ചെയ്യലായി പിന്നീട്. സര്‍ട്ടിഫിക്കറ്റുകള്‍ കാണിച്ചപ്പോഴാകട്ടെ, ‘ഇത് നിങ്ങളുടേതു തന്നെയാണെന്നതിനു തെളിവുണ്ടോ’ എന്നായി ചോദ്യം.
മല കയറാന്‍ സാധിക്കില്ലെന്നും, അന്നത്തെ ദിവസം കസ്റ്റഡിയിലിരിക്കണമെന്നും അവരെന്നോടു പറഞ്ഞു. പത്തു വയസ്സിനു മുന്‍പ് ആര്‍ത്തവചക്രമാരംഭിക്കുന്ന കുട്ടികളില്ലേ? അന്‍പതു കഴിഞ്ഞിട്ടും ആര്‍ത്തവവിരാമമുണ്ടാകാത്തവരില്ലേ? അപ്പോള്‍ ഈ പ്രായപരിധിയ്ക്ക് എന്തു പ്രസക്തി? ഇതെല്ലാം ഞാന്‍ അവരുടെ മുന്‍പില്‍ അന്നു വാദിച്ചു നോക്കി. ഒരു തരത്തിലും വഴങ്ങാതെ അവരെന്നെ അന്ന് എയ്ഡ് പോസ്റ്റിലിരുത്തി.
കൂടെയുണ്ടായിരുന്ന കുടുംബസുഹൃത്തിന്റെ അടുത്ത ബന്ധുവായിരുന്നു അന്നത്തെ ഡി.ജി.പി. അന്വേഷിച്ചപ്പോള്‍ അദ്ദേഹത്തിനാണ് ആ സമയത്ത് ശബരിമലയുടെ ചുമതല എന്നുമറിഞ്ഞു. അദ്ദേഹത്തെ അറിയിച്ചപ്പോള്‍ ഉടനെ തന്നെ രണ്ടു പോലീസുകാരെ വിട്ട് എന്നെ എയ്ഡ് പോസ്റ്റില്‍ നിന്നും പുറത്തിറക്കുകയായിരുന്നു. ശാരീരിക വൈഷമ്യതകളുണ്ടായിരുന്നെങ്കിലും അന്നു ഞാന്‍ മലകയറുക തന്നെ ചെയ്തു.
ശാരീരിക ബുദ്ധിമുട്ടുകളനുഭവിച്ച് പതിനെട്ടാം പടി കയറുന്ന എന്നെ കണ്ടപ്പോള്‍ സന്നിധാനത്തെ പൊലീസുകാരാണ് വിഐപികള്‍ക്കുള്ള ഭാഗം വഴി അകത്തു കടക്കാന്‍ നിര്‍ദ്ദേശിച്ചത്. അവര്‍ക്കു സഹതാപം തോന്നിക്കാണണം. വിഐപി വരിയിലൂടെ കടന്ന എന്നെ കണ്ട് ഏതോ പ്രമുഖന്റെ കുടുംബാംഗമാണെന്നു കരുതിയാവണം, അയ്യപ്പന്റെ കഴുത്തില്‍ കിടന്ന മാലയും കളഭവുമെല്ലാം ചേര്‍ത്ത് ഒരു ഇലയില്‍ വച്ച് പൂജാരി വളരെ ഭവ്യതയോടെ കൊണ്ടുവന്നു തന്നു.
അന്നു കയറിയതിനു ശേഷം നാലു വര്‍ഷം കഴിഞ്ഞ് വീണ്ടും ഒരിക്കല്‍ക്കൂടി പോയിരുന്നു. ശബരിമലയിലെ പരിമിതമായ സ്ഥലത്ത് കണക്കില്‍ക്കവിഞ്ഞ് തീര്‍ത്ഥാടകരെത്തിയാല്‍ അവരെ ഉള്‍ക്കൊള്ളാനുള്ള ബുദ്ധിമുട്ട്, ആനയും മറ്റു വന്യമൃഗങ്ങളും നിറഞ്ഞിരുന്ന കാടുവഴി പണ്ടു സ്ത്രീകള്‍ക്ക് യാത്ര ചെയ്യാനുണ്ടായിരുന്ന ബുദ്ധിമുട്ട് തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് ശബരിമലയില്‍ സ്ത്രീകള്‍ എത്തിച്ചേരാന്‍ തടസ്സങ്ങളുണ്ടായിരുന്നതെന്നാണ് എന്റെ വിശ്വാസം. അതല്ലാതെ രേഖാമൂലം ഒരു വിലക്കുണ്ടായിരുന്നതായി എനിക്കറിവില്ല.”
സുപ്രീം കോടതിയുടെ പുതിയ വിധി ആചാരാനുഷ്ഠാനങ്ങളിലേക്കുള്ള കടന്നു കയറ്റമായി തനിക്ക് തോന്നിയിട്ടില്ലെന്നും ഡോ. ഗീത പറയുന്നു. ഭരണഘടനയുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച് നിലവില്‍ ഉണ്ടായിരുന്ന ഒരു വിലക്ക് നീക്കി എന്നല്ലാതെ, അടുത്ത ദിവസം മുതല്‍ എല്ലാ സ്ത്രീകളും ശരണം വിളിയുമായി മല ചവിട്ടണമെന്നു പറഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടുന്നുണ്ട് ഈ അധ്യാപിക. ആദിവാസികള്‍ വിഗ്രഹം വച്ചു പൂജിച്ചിരുന്ന ബുദ്ധ സങ്കല്പമായ അയ്യാ ആണ് പില്‍ക്കാലത്ത് പന്തളം രാജാവ് ക്ഷേത്രം പണിത് സംരക്ഷിച്ച് ശബരിമലയില്‍ പ്രതിഷ്ഠിച്ചതെന്ന് ചരിത്ര രേഖകളില്‍ പറയുന്നുണ്ട്. ബുദ്ധമതത്തിലില്ലാത്ത ജാതി-മത വേര്‍തിരിവുകളൊന്നും ശബരിമലയിലുമില്ലെന്നാണ് ഡോ. ഗീതയുടെ പക്ഷം.
ആര്‍ത്തവകാലത്ത് ക്ഷേത്രങ്ങളില്‍ പ്രവേശിക്കരുതെന്ന് കരുതുന്ന വിശ്വാസി സമൂഹത്തിലെ സ്ത്രീകള്‍ക്ക് മല ചവിട്ടില്ലെന്നു തീരുമാനിക്കാനുള്ള അവകാശമുള്ളതു പോലെ, ആരെയും പ്രവേശനസ്വാതന്ത്ര്യത്തില്‍ നിന്നും വിലക്കുന്ന അവസ്ഥയുണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ കോടതിക്കും കഴിയണമെന്ന് ഡോ. ഗീത വിശദീകരിക്കുന്നുണ്ട്. സ്ത്രീകളെ ക്ഷേത്രങ്ങളില്‍ നിന്നും വിലക്കി മാറ്റി നിര്‍ത്തുന്നത് ഭരണഘടനാപരമായി ശരിയല്ല എന്നും അവര്‍ വ്യക്തമാക്കുന്നു.
നൂറ്റാണ്ടിലെ മഹാപ്രളയത്തെയും അതിജീവിച്ച കേരളം ഈ മതഭ്രാന്തിനെ എങ്ങനെ നേരിടും?