UPDATES

ഫാ. ആന്റണി മാടശ്ശേരി; ജലന്ധര്‍ രൂപതയിലെ ശക്തന്‍, കോടികളൊഴുകുന്ന ഗ്രൂപ്പുകളുടെ ചുമതലക്കാരന്‍, ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തന്‍

ജാമ്യം കിട്ടി ജലന്ധറില്‍ തിരിച്ചെത്തിയശേഷം ആദ്യമായി നടത്തിയ കുര്‍ബാനയില്‍ ബിഷപ്പ് ഫ്രാങ്കോ പേരെടുത്ത് പറഞ്ഞ് നന്ദിയര്‍പ്പിച്ചതും ഫാ. ആന്റണി മാടശ്ശേരിക്കായിരുന്നു.

കന്യാസ്ത്രീ പീഡക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യാന്‍ കേരളത്തില്‍ നിന്നും പൊലീസ് സംഘം ജലന്തറില്‍ ചെന്ന ദിവസം, ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രതിനിധികളെ ബിഷപ്പ് ഹൗസിലെ സെക്യൂരിറ്റിക്കാര്‍ ഗേറ്റ് പൂട്ടിയിട്ട് മര്‍ദ്ദിച്ചത് വാര്‍ത്തയായിരുന്നു. അന്ന് മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചവര്‍ക്ക് അതിനുള്ള നിര്‍ദേശം നല്‍കിയ പുരോഹിതനാണ് വെള്ളിയാഴ്ച രാത്രി കോടിക്കണക്കിനു രൂപയുമായി പഞ്ചാബ് പൊലീസ് പിടികൂടിയ ആന്റണി മാടശ്ശേരി. ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തന്‍. ജലന്ധര്‍ അതിരൂപതയിലെ അതിശക്തരിലൊരാള്‍.

രൂപത വൈദികനായി ജലന്തറില്‍ എത്തിയ കാലം മുതല്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കൊപ്പം ഫാ. ആന്റണിയുണ്ട്. കന്യാസ്ത്രീ പീഡനക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കേരളത്തില്‍ എത്തിയ സമയത്തും ബിഷപ്പ് ഫ്രാങ്കോയ്‌ക്കൊപ്പം ഫാ. ആന്റണിയുണ്ടായിരുന്നു. ബിഷപ്പിനു വേണ്ടി കന്യാസ്ത്രീ പീഡനക്കേസ് അട്ടിമറിക്കാന്‍ നടന്ന ശ്രമങ്ങളില്‍ എല്ലാം ഫാ. ആന്റണിയുടെ സാന്നിധ്യം നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കന്യാസ്ത്രീ പീഡനക്കേസ് ഒത്തുതീര്‍പ്പിക്കാന്‍ വേണ്ടി വലിയ സാമ്പത്തിക സഹായങ്ങള്‍ സാക്ഷികളായ കന്യാസ്ത്രീകള്‍ക്ക് അടക്കം വാഗ്ദാനം ചെയ്തിരുന്നു. സിഎംഐ സഭ വൈദികനായ ജയിംസ് എര്‍ത്തയില്‍ കുറവിലങ്ങാട് മഠത്തില്‍ എത്തി കന്യാസ്ത്രീകള്‍ക്ക് പത്തേക്കര്‍ ഭൂമിയും സ്വന്തമായി മഠവും വാഗ്ദാനം ചെയ്തത് എത്തിയിരുന്നു. ഒത്തുതീര്‍പ്പിന് തയ്യാറായാല്‍ ഉപയോഗിക്കാനുള്ള പണം ജലന്തറില്‍ തയ്യാറാക്കി വച്ചിരുന്നുവെന്ന ആരോപണങ്ങള്‍ വിരല്‍ ചൂണ്ടിയതും ഫാ. ആന്റണിയുടെ നേര്‍ക്കായിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായ സമയം മുതല്‍ ജാമ്യം ലഭിക്കും വരെ നിയമസഹായത്തിനും അതിനുവേണ്ട സാമ്പത്തിക ഇടപാടുകള്‍ നടത്തിനുമൊക്കെയായി ജലന്ധറില്‍ നിന്നെത്തി ഫാ. ആന്റണി മാടശ്ശേരി തൃശൂര്‍ കേന്ദ്രീകരിച്ച് ഉണ്ടായിരുന്നു. ജാമ്യം ലഭിച്ചതിനുശേഷം ബിഷപ്പ് ഫ്രാങ്കോ മുളക്കലിനൊപ്പമാണ് ഫാ. ആന്റണി മാടശ്ശേരിയും ജലന്ധറിലേക്ക് തിരിച്ചു പോകുന്നത്. ജാമ്യം കിട്ടി ജലന്ധറില്‍ തിരിച്ചെത്തിയശേഷം ആദ്യമായി നടത്തിയ കുര്‍ബാനയില്‍ ബിഷപ്പ് ഫ്രാങ്കോ പേരെടുത്ത് പറഞ്ഞ് നന്ദിയര്‍പ്പിച്ചതും ഫാ. ആന്റണി മാടശ്ശേരിക്കായിരുന്നു.

എറണാകുളം കാലടി കൊറ്റമം സ്വദേശിയാണ് ഫാ. ആന്റണി മാടശ്ശേരി. ജലന്തര്‍ രൂപതയില്‍ വൈദികനായി എത്തിയ ഫാ. ആന്റണി ബിഷപ്പ് ഫ്രാങ്കോയുടെ പിന്തുണയോടെ രൂപതിയിലെ സാമ്പത്തിക-അധികാര ശക്തിയായി വളരുകയാണുണ്ടായതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ബിഷപ്പ് ഫ്രാങ്കോ സ്ഥാപിച്ച ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസിന്റെ സ്ഥാപക ജനറാളാണ് ഫാ. ആന്റണി മാടശ്ശേരി. കൂടാതെ, ജലന്ധര്‍ രൂപതയ്ക്കു കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ നടത്തിപ്പ് ചുമതല വഹിക്കുന്ന നവജീവന്‍, സഹോദയ ചാരിറ്റിബിള്‍ സൊസൈറ്റികളുടെ മാനേജിംഗ് ഡയറക്ടറും ഫാ. ആന്റണിയാണ്. സഹോദയ ഗ്രൂപ്പിന്റെ പേരില്‍ സഹോദയ സെക്യൂരിറ്റീസ്, സഹോദയ ട്രാന്‍സ്‌പോര്‍ട്ട് എന്നിങ്ങനെ ഏഴു കമ്പനികള്‍ രൂപതയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെയെല്ലാം നടത്തിപ്പുകാരന്‍ ഫാ. ആന്റണി തന്നെയാണ്. കോടിക്കണക്കിനു രൂപയുടെ ഇടപാടുകളാണ് ഈ സൊസൈറ്റികള്‍ വഴി നടക്കുന്നത്. ഈ പണമെല്ലാം ഫാ. ആന്റണിയുടെ കൈകളിലൂടെയാണ് കടന്നു പോകുന്നത്. ജലന്ധര്‍ രൂപതയ്ക്ക് കീഴില്‍ നൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഇവിടേയ്‌ക്കെല്ലാമുള്ള പാഠപുസ്തകങ്ങള്‍, യൂണിഫോം തുടങ്ങിയ എല്ലാ സാധനങ്ങളും സഹോദയ സൊസൈറ്റി വഴിയാണ് വിതരണം ചെയ്യുന്നത്. ഈയിനത്തില്‍ ഓരോ വര്‍ഷവും കോടികളാണ് ഫാ. ആന്റണിയുടെ കൈവശം എത്തുന്നത്.

വെള്ളിയാഴ്ച്ച രാത്രി എന്‍ഫോഴ്‌സ്‌മെന്റ് 10 കോടിയോളം രൂപ കണ്ടെത്തിയപ്പോള്‍ ഫാ. ആന്റണി നല്‍കിയ വിശദീകരണവും ആ പണം സ്‌കൂള്‍ നടത്തിപ്പിനായി സൂക്ഷിച്ചിരുന്നതാണെന്നാണ്. സ്‌കൂളുകളിലേക്ക് സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങിക്കാനും ശമ്പളം നല്‍കുന്നതിനുമായുള്ള പണമാണിതെന്നും അടുത്ത ദിവസം അകൗണ്ടില്‍ നിക്ഷേപിക്കാനിരുന്നതാണെന്നും ഫാ. ആന്റണി എന്‍ഫോഴ്‌സിമെന്റിനെ അറിയിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച്ച രാത്രിയാണ് ഡല്‍ഹിയില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് കേന്ദ്രങ്ങള്‍ നല്‍കിയ പ്രത്യേക വിവരത്തെ തുടര്‍ന്ന് ഖന്ന എസ് എസ് പി ദ്രുവ് ദഹ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ വാഹനപരിശോധനയില്‍ ജലന്ധറില്‍ നിന്നും അംബാലയിലേക്ക് പോവുകയായിരുന്ന മാരുതി ബ്രീസ, ഇന്നോവ, ഫോഡ് ഇക്കോ സ്‌പോട്ട് എന്നീ വാഹനങ്ങളില്‍ നിന്നും 9,66,61,700 രൂപ കണ്ടെത്തിയത്. ഇതില്‍ ഫോഡ് ഇക്കോ സ്‌പോട്ട് കാറില്‍ ഉണ്ടായിരുന്നത് ഫാ. ആന്റണി മാടശ്ശേരിയായിരുന്നു. ഫാ. ആന്റണിയെ കൂടാതെ പണം കണ്ടെത്തിയ സംഭവത്തില്‍ രച്പാല്‍ സിംഗ്, രവീന്ദര്‍ ലിംഗായത്ത്, ശിവാംഗി ലിംഗായത്ത്, അശോക് കുമാര്‍, ഹര്‍പാല്‍ സിംഗ് എന്നിവരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. സ്ത്രീയായ ശിവാംഗി രവീന്ദര്‍ ലിംഗായത്തിന്റെ ഭാര്യയാണ്. എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ എടുത്ത ഫാ. ആന്റണി അടക്കമുള്ളവരെ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചിരുന്നു. പിടിച്ചെടുത്ത പണത്തിന്റെ ഉറവിടവുംകണക്കുകളും ഹാജാരാക്കാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൃത്യമായ വിവരങ്ങളാണ് നല്‍കുന്നതെങ്കില്‍ പിടിച്ചെടുത്ത പണം തിരികെ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. ആര്‍ക്കുമെതിരേ കേസ് ചാര്‍ജ് ചെയ്തിട്ടില്ല.

അതേസമയം കൊള്ളസംഘം ഫാ. ആന്റണിയെ തട്ടിക്കൊണ്ടുപോയെന്നൊരു പരാതി പ്രതാപ് പുരയിലെ ചൗക്കി പൊലീസ് സ്റ്റേഷനില്‍ സഹോദയ ഗ്രൂപ്പ് നല്‍കിയിരുന്നു. പൊലീസ് യൂണിഫോമില്‍ എത്തിയ അജ്ഞാതര്‍ പ്രതാപ് പുരയിലെ എഫ്എംജെ ഹൗസില്‍ ബലമായി കടന്നു കയറി ഫാ. ആന്റണിയേയും മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തശേഷം ഫാ. ആന്റണിയെ ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നുമെന്നുമാണ് പരാതിയില്‍ പറയുന്നത്. സ്‌കൂളുകളിലേക്ക് ആവശ്യമായ സ്‌റ്റേഷനറികളും പുസ്തകങ്ങളും വാങ്ങാനുള്ള പണം എണ്ണിത്തിടപ്പെടുത്തുന്നതിനിടയിലായിരുന്നു അജ്ഞാതര്‍ എത്തിയതെന്നും ഈ പണവും അവര്‍ കൊണ്ടുപോയി എന്നുമാണ് പരാതിയില്‍ പറയുന്നത്. ഫാ. ആന്റണിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്ന വിവരമാണ് കിട്ടിയതെന്നും പരാതിയില്‍ പറയുന്നുണ്ട്. രാത്രി 11.25 നാണ് ഈ പരാതി പൊലീസില്‍ ഏല്‍പ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍