UPDATES

ട്രെന്‍ഡിങ്ങ്

ഇരകള്‍ക്ക് വേണ്ടി തെരുവില്‍ ഇറങ്ങാന്‍ അടുത്ത നൂറ്റാണ്ടിലെങ്കിലും ഇവിടെയൊരു മെത്രാന്‍ ഉണ്ടാകുമോ?

കുറവിലങ്ങാട്ടെ കന്യാസ്ത്രിയുടെ നീതിക്കായുള്ള കരച്ചില്‍ ദൈവം കേള്‍ക്കും. ഇല്ലെങ്കില്‍ അങ്ങനൊരു ദൈവമുണ്ടെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണ് ഉള്ളത്?

കത്തോലിക്ക സഭ ലോകമാസകലം ഒരു ഉടച്ചുവാര്‍ക്കലിന്റെ ഘട്ടത്തിലാണ്. സഭയെന്ന അത്രയൊന്നും ആര്‍ക്കും എത്തിനോക്കാന്‍ പോലും ഇന്നലെ വരെ കഴിയാതിരുന്ന വന്‍ മതില്‍ക്കെട്ടിനുള്ളിലേക്ക് ഇരയാക്കപ്പെട്ടവരുടെ മുറവിളികളും വിലാപങ്ങളും പെരുവെള്ളം പോലെ ആര്‍ത്തലച്ചെത്തുകയാണ്. അടിച്ചമര്‍ത്തപ്പെട്ട ഒരു ജനവിഭാഗത്തിന്റെ അവസാനത്തെ നിലവിളികളാണിത്. ഇക്കാണുന്നതൊക്കെ കേരള കത്തോലിക്കാസഭയില്‍ ഇന്നും നിലനില്‍ക്കുന്ന പൗരോഹിത്യ ഭരണത്തിനെതിരെയുള്ള വിപ്ലവമുന്നേറ്റങ്ങളാണ്. ഒരേ സമയം ഇടയരെന്ന് എളിമ പറയുകയും അനിഷ്ടം തോന്നുന്നവരെ അധികാരത്തിന്റെ ഇരുതല ഖഡ്ഗം കൊണ്ട് വെട്ടിവീഴ്ത്തി മുന്നേറുകയും ചെയ്യുന്ന അഭിഷിക്തരെന്നവകാശപ്പെടുന്നവര്‍ക്ക് തിരിഞ്ഞ് നോക്കാനുള്ള സമയം. പതിമൂന്നു തവണ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനാല്‍ പീഡിപ്പിക്കപ്പെട്ട കുറവിലങ്ങാട്ടെ കന്യാസ്ത്രി നീതിനിഷേധത്തിന്റെ ചൂളയിലെറിയപ്പെട്ട് ഇക്കഴിഞ്ഞ രണ്ടുമാസക്കാലമായി ഓരോ നിമിഷവും പീഡിപ്പിക്കപ്പെടുകയാണ്. ഒന്നും രണ്ടുമല്ല അനവധി തവണ ഈ സാധുസ്ത്രീ തന്റെ മേലാളന്മാരുടെ കരുണയ്ക്കായി അവരുടെ അരമനപ്പടിയ്ക്കല്‍ കാവല്‍ നിന്നു, അകലങ്ങളിലുള്ള കരുണയുടെ നിറകുടങ്ങളായ പുരോഹിത ശ്രേഷ്ഠര്‍ക്ക് നിവേദനങ്ങള്‍ കൊടുത്ത് കാത്തിരുന്നു. കൂടെ ഇന്നും നില്‍ക്കുന്ന അഞ്ചോ ആറോ സഹോദരിമാരൊഴികെ ബാക്കിയുള്ളവര്‍ കൂട്ടം തെറ്റിയവള്‍ക്ക് ഭ്രഷ്ട് കല്പിച്ച് പച്ചപ്പ് നിറഞ്ഞ മേച്ചില്‍പ്പുറങ്ങളിലേയ്ക്ക് നല്ലസമയം നോക്കി ചേക്കേറി. അവിടെയുമൊരു തിരുവെഴുത്ത് അക്ഷരാര്‍ദ്ധത്തില്‍ നിറവേറി. ‘നീയിന്ന് എന്റെ കൂടെ പറുദിസയിലായിരിക്കും’.

യേശുവിന്റെ സഹോദരിമാര്‍ (സിസ്‌റ്റേഴ്‌സ് ഓഫ് ജീസസ്സ്) എന്ന സന്യാസിനി സമൂഹത്തിന്റെ തലപ്പത്തുനിന്നും ഇരയായ കന്യാസ്ത്രി നേരം ഇരുട്ടിവെളുത്തപ്പോള്‍ നീക്കം ചെയ്യപ്പെട്ടു. അധികാരങ്ങള്‍ മുളയ്ക്കല്‍ മെത്രാന്‍ തന്റെ പിണിയാളുകള്‍ക്ക് താമസം വിനാ വീതിച്ച് കൊടുത്തു. ഈ കുറിപ്പെഴുതുമ്പോള്‍ ഇരയെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള പ്രസ്തുത കന്യാസ്ത്രി സമൂഹത്തിന്റെ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ കാണാനിടയായി. ഉപകാരസ്മരണയെന്നാണ് ക്രിസ്ത്യാനികളതിനെ വിളിക്കുന്നത്. ലാറ്റിന്‍ രൂപതയിലാണ് പണിയെടുക്കുന്നതെങ്കിലും (ക്ഷമിക്കണം അജപാലനം ചെയ്യുന്നതങ്കിലും) ഫ്രാങ്കോ മുളയ്ക്കല്‍ നല്ല ഒന്നാംതരം സുറിയാനി ക്രിസ്ത്യാനിയാണ്. സിറോ മലബാറില്‍ രണ്ടാം തരവും പിന്നെ മൂന്നാം തരത്തിലുമായ ക്രിസ്ത്യാനികളുള്ളതുകൊണ്ടാണ് മുളയ്ക്കനെ ഒന്നാം തരത്തിലാക്കിയത്. രണ്ടാം തരത്തില്‍ നിന്നൊരു മെത്രാനോ മൂന്നാം തരത്തില്‍ നിന്നൊരു പള്ളിലച്ചനോ സിറോ മലബാറിലുണ്ടായിട്ടില്ല. ഇനി അടുത്തകാലത്തൊന്നും ഉണ്ടാവാനും പോകുന്നില്ല. ഭക്തരുടെ വാക്കുകള്‍ കടമെടുത്താല്‍ ഈ സീറോ മലബാറിന്റെ തലവനും ഭാരതത്തിലേക്കുള്ള റോമില്‍ നിന്നുള്ള കവാടവുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും ഇരയായ കന്യാസ്ത്രീയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദശകലം നമ്മള്‍ കേട്ടതാണ്. പരാതി നിങ്ങള്‍ കൊടുത്തോളു എന്നാല്‍ എന്റെ പേര് യാതൊരുതരത്തിലും വൃഥാ പ്രയോഗിക്കരുത് എന്നതായിരുന്നു ആദ്ദേഹത്തിന്റെ ഉപദേശം. കൂടെ പൊലീസ് എങ്ങാനും ചോദിച്ചാല്‍ എനിക്ക് ഈ പ്രശ്‌നത്തെക്കുറിച്ച് യാതൊരറിവുമില്ല എന്ന് മൊഴികൊടുക്കുമെന്നും അദ്ദേഹം സ്‌നേഹമസൃണാ ഈ സംഭാഷണത്തില്‍ പറയുന്നുമുണ്ട്. ചൂടുവെള്ളത്തില്‍ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാലും ഒന്നു മടിക്കും. ജന്മം കൊണ്ട് ഇരയും കുറ്റാരോപിതനും സിറോ മലബാറികളാണെന്നതും കര്‍മ്മം കൊണ്ട് ഒരാളുടെ റീത്തില്‍ (rite) മാറ്റംവരുത്താനുമാവില്ല എന്ന കാനന്‍ നിയമവും അദ്ദേഹം മനപ്പൂര്‍വ്വം മറന്നതുപോലെ. നല്ലതു പറയണമല്ലൊ, അദ്ദേഹം പറഞ്ഞ വാക്കുപാലിച്ചു, കേരള പൊലിസിന് പറഞ്ഞതില്‍ നിന്നും അണുവിടമാറാതെ മൊഴികൊടുത്തു. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും ഒന്നുതന്നെ എന്ന മട്ടില്‍ കേരള പൊലിസ് അരമനയില്‍ നിന്നും ചായ കുടിച്ച് പിരിഞ്ഞു. പോകാന്‍ നേരം കര്‍ദ്ദിനാള്‍ അവരെ ആശിര്‍വ്വദിച്ച് തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചു കാണും. സാധാരണ അതാണ് നാട്ടുനടപ്പ്.

കെ.സി.ബി.സിയെന്ന കേരള കത്തോലിക്ക ബിഷപ്പുമാരുടെ സംഘടനയുടെ നിലവിലെ പ്രസിഡന്റ് അഭിവന്ദ്യനായ ആര്‍ച്ച് ബിഷപ്പ് സൂസപാക്യമാണ്. അദ്ദേഹത്തിന്റെ നിരന്തരമായ ഇടപെടലുകള്‍ അടുത്തകാലത്തായി നാം കണ്ടത് വസ്തുവില്പനാരോപണങ്ങളില്‍ പെട്ട് നട്ടം തിരിഞ്ഞ സിറോ മലബാര്‍ സഭയെയും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെയും സംരക്ഷിക്കുന്നതിനായി വിമത പക്ഷമെത്രാന്മാരുമായി കരാറുണ്ടാക്കുന്നിടത്താണ്. അന്നദ്ദേഹം കാക്കനാട് പി.ഒ.സി പരിസരത്തുവച്ച് പറഞ്ഞത്, ‘ഒന്നു സംസാരിച്ചാല്‍ തിരുന്ന പ്രശ്‌നങ്ങളെ ഇവിടുള്ളൂ’ എന്നാണ്. അദ്ദേഹം വന്നു, സംസാരിച്ചു, പ്രശ്ങ്ങള്‍ പതിയെ കെട്ടടങ്ങി. ഇന്നിപ്പോള്‍ കന്യാസ്ത്രി പീഡനക്കേസ്സില്‍ ആരോപണവിധേയനായ ഫ്രാങ്കോ മുളയ്ക്കല്‍ മെത്രാനെ ശാസിക്കാനും ശിക്ഷിക്കാനും ഉന്നതങ്ങളില്‍ വിഷയമവതരിപ്പിക്കാനും കഴിയുന്നയാളാണ് അഭിവന്ദ്യ സൂസാപാക്യം തിരുമേനി. എന്നാല്‍ നാളിതുവരെ ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ നാവുപൊന്തിയതായി ആരും പറഞ്ഞുകേട്ടില്ല. അങ്ങനെ ചികഞ്ഞുപോകുമ്പോള്‍ കേരള കത്തോലിക്ക സഭയിലെ ഈശും വാശിയുമുള്ള മറ്റ് ചില അഭിവന്ദ്യരിലേയ്ക്കുകൂടി നമുക്ക് തിരിഞ്ഞു നോക്കേണ്ടിവരും. പൊതുവിഷയങ്ങളില്‍ ഇനിയത് വിശ്വാസത്തെക്കുറിച്ചാണെകില്‍ പ്രത്യേകിച്ചും ഇടയലേഖനമിറക്കിയും നാടിളക്കി ആളെക്കൂട്ടിയും പന്തംകൊളുത്തി പ്രകടനകള്‍ക്കുവരെ നേതൃത്വം കൊടുത്തും ക്രിസ്ത്യാനികളുടെ പൈതൃകം സംരക്ഷിക്കുന്ന മെത്രാന്‍മാര്‍ കേരളസഭയുടെ വിലമതിക്കാനാവാത്ത സംഭാവനയാണ്. എന്നാല്‍ ഇവരാരും തന്നെ നാളിതുവരെ, അഭിസാരികയെന്നുപോലും മുദ്രകുത്തപ്പെട്ട, ഇക്കാലമത്രയും സഭയുടെ ചൊല്‍പ്പടിക്ക് നിന്ന് വിശ്വാസം പഠിപ്പിച്ച ഈ സന്യാസസഹോദരിയെ തിരിഞ്ഞുനോക്കാന്‍ പോലും സമയം കണ്ടെത്തിയിട്ടില്ല. ഇവരൊക്കെത്തന്നെ യേശുദര്‍ശനങ്ങളുടെ വൈജ്ഞാനിക ഭണ്ഡാരങ്ങളാണെന്നതാണ് ലജ്ജിപ്പിക്കുന്ന വസ്തുത.

കത്തിഡ്രല്‍ പള്ളികളുടെ വര്‍ണ്ണശബളിമയില്‍ പാപഭാരത്താല്‍ തലകുമ്പിട്ടിരുന്ന് പിതാവിന്റെ പ്രസംഗം കാതുകൂര്‍പ്പിച്ച് കേള്‍ക്കുന്ന, നേര്‍ച്ചയിടാന്‍ മാത്രം വിധിക്കപ്പെട്ട പാവം വിശ്വാസികള്‍ നാഴികയ്ക്ക് നാല്പതുവട്ടം ഈ എളിമപറച്ചിലൊക്കെ കേട്ട് തലയും കുലുക്കി വീട്ടില്‍ പോകുമായിരിക്കും. എന്നാല്‍, കാര്യങ്ങള്‍ വസ്തുതാപരമായി അപഗ്രഥിച്ച് മനസ്സിലാക്കുന്ന പുതുതലമുറയുടെ ചിന്താമണ്ഡലങ്ങളില്‍ ഒക്കെയും ഉത്തരമില്ലാത്ത ചോദ്യങ്ങളായവശേഷിക്കുമെന്നതിന് രണ്ടുപക്ഷമുണ്ടാവാന്‍ വഴിയില്ല. കുറവിലങ്ങാട്ടെ കന്യാസ്ത്രിയും, പുരോഹിതഭരണത്തില്‍ നീതിനിക്ഷേധിക്കപ്പെട്ട് വിശ്വാസക്ഷയം സംഭവിച്ച പതിനായിരക്കണക്കായ അല്മായരും, മരിച്ച് ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ജനഹൃദയങ്ങളില്‍ ഒരു നൊമ്പരമായി ഇന്നും ജീവിക്കുന്ന സിസ്റ്റര്‍ അഭയയുമൊക്കെ അതിനൊരു നിമിത്തം മാത്രം. സാധാരണക്കാരന് നീതിനിക്ഷേധിക്കപ്പെടുന്ന ഇത്തരം അടിയന്തിര സാഹചര്യങ്ങളിലെങ്കിലും അവന്റെ തോളില്‍ കയ്യിട്ട് കൂടെ തെരുവിലിറങ്ങാന്‍ അടുത്ത നൂറ്റാണ്ടിലെങ്കിലും കേരളസഭയ്‌ക്കൊരു മെത്രാനുണ്ടായില്ലെങ്കില്‍ യൂറോപ്പില്‍ നമ്മള്‍ കണ്ടതുപോലെ ഈ പള്ളികളൊക്കെത്തന്നെ ഷോപ്പിംഗ് മാളുകളാവും. അത് മനസ്സിലാക്കാന്‍ വലിയ അതീന്ദ്രിയജ്ഞാനമൊന്നും വേണ്ട, വെറുതെ കണ്ണും ചെവിയുമൊന്ന് തുറന്നുപിടിച്ചാല്‍ മതി.

കുറവിലങ്ങാട്ടെ കന്യാസ്ത്രിയുടെ നീതിക്കായുള്ള കരച്ചില്‍ ദൈവം കേള്‍ക്കും. ഇല്ലെങ്കില്‍ അങ്ങനൊരു ദൈവമുണ്ടെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണ് ഉള്ളത്?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സഭ അന്നെന്നെ ഭ്രാന്തിയാക്കി; ഇന്ന് പിന്തുണയുമായി മറ്റ് കന്യാസ്ത്രീകള്‍; ഇത് ചരിത്രമുഹൂര്‍ത്തം

സമരത്തിന് ജനപിന്തുണയേറുന്നു; സഭയും സര്‍ക്കാരുമില്ലെങ്കിലും ജനങ്ങള്‍ കൂടെയുണ്ട്; വിജയിക്കുമെന്ന് കന്യാസ്ത്രീകള്‍

സാജന്‍ ജോസ്

സാജന്‍ ജോസ്

പ്രവാസി, സാന്‍ഫ്രാന്‍സിസ്കോയില്‍ ജോലി ചെയ്യുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍