UPDATES

ട്രെന്‍ഡിങ്ങ്

35 കിലോമീറ്റര്‍, 20 മിനുറ്റ്, 190 കിമി വേഗത; നീന്തിയല്ല, ഒരു ഫ്രെഞ്ചുകാരന്‍ ഇംഗ്ലീഷ് ചാനല്‍ ജെറ്റ് ഫ്ലൈ ബോര്‍ഡില്‍ പറന്നു കടന്നതിങ്ങനെ

ഒരാള്‍ക്ക് തനിച്ചു പറക്കാന്‍ കഴിയുന്ന വിമാനം കണ്ടുപിടിക്കുകയെന്നത് ഗവേഷകരുടെ ചിരകാല സ്വപ്നമാണ്, അതാണ് ഫ്രാങ്കി സപാറ്റ സ്വന്തമാക്കിയത്

സ്വന്തമായി രൂപകല്‍പ്പന ചെയ്ത ‘ഹോവര്‍ ബോര്‍ഡില്‍’ (ജെറ്റ് ഫ്ലൈ ബോര്‍ഡ്) ഇംഗ്ലീഷ് ചാനലിനു കുറുകെ പറന്ന് ഫ്രഞ്ച് ഗവേകഷകന്‍ ഫ്രാങ്കി സപാറ്റ ചരിത്രം കുറിച്ചു. കഴിഞ്ഞമാസം സമാനമായൊരു ഉദ്യമം നടത്തിയിരുന്നുവെങ്കിലും ഇന്ധനം നിറയ്ക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിൽ വീണു ആ ശ്രമം പരാജയപ്പെട്ടിരുന്നു. എന്നാല്‍ വിട്ടുകൊടുക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. കുറവുകളെല്ലാം പരിഹരിച്ച് സര്‍വ്വ സന്നാഹങ്ങളുമായി വീണ്ടുമൊരു അങ്കത്തിനിറങ്ങിയ അദ്ദേഹം കേവലം ഇരുപത് മിനിട്ടുകൊണ്ട് ലക്ഷ്യത്തിലെത്തി.

മൂന്ന് ഹെലിക്കോപ്റ്ററുകളുടെ അകമ്പടിയോടെ അതിരാവിലെ ഫ്രാൻസിന്റെ വടക്കൻ തീരത്തുള്ള സംഗറ്റെയിൽ നിന്നും യാത്ര തിരിച്ച സപാറ്റ ഇരുപത് മിനിട്ടുകൊണ്ട് ഇംഗ്ലണ്ടിന്റെ തെക്കൻ തീരത്തെ ഡോവറിലുള്ള സെന്റ് മാർഗരറ്റ്സ് ബേയിലെത്തി. അവിടെ നിരവധി കാണികളും മാധ്യമപ്രവര്‍ത്തകരും അദ്ദേഹത്തെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അഞ്ചു ചെറിയ ജെറ്റ് എന്‍ജിനുകളിലാണ് ഫ്രാങ്കി സപാറ്റയുടെ ഹോവര്‍ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്.

വര്‍ഷങ്ങളായി ഈ വാഹനത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തികളിലായിരുന്നു അദ്ദേഹം. മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാന്‍ അദ്ദേഹത്തിനു സാധിച്ചുവെന്നാണ് കണക്കാക്കുന്നത്. സമുദ്രത്തിനു മുകളിലൂടെ ഏതാണ്ട് 15-20 മീറ്റർ (50-65 അടി) ഉയരത്തിൽ പറന്ന് 20 മിനിറ്റിനുള്ളിൽ 35 കിലോമീറ്റർ (22 മൈൽ) സഞ്ചരിക്കാന്‍ മണിക്കൂറിൽ ശരാശരി 140 കിലോമീറ്റർ വേഗത മതിയാകുമെന്ന് അദ്ദേഹം നേരത്തെ അനുമാനിച്ചിരുന്നു.

ഇന്ധനം നിറയ്ക്കുകയെന്നതാണ് ഏറ്റവുംവലിയ വെല്ലുവിളിയെന്ന് സപാറ്റ പറയുന്നു. ഒരുപാട് പേര്‍ നേരിട്ട പരാജയങ്ങളുടെ ഫലമാണ് നമ്മളിന്നുകാണുന്ന ഏവിയേഷൻ രംഗം. എന്നാല്‍ വീഴ്ചയില്‍നിന്നും പറന്നുയര്‍ന്നു മുന്നേറുന്നിടത്താണ് വിജയമെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

ജെറ്റ് ഫ്ലൈ ബോര്‍ഡ് നിര്‍മ്മിക്കാന്‍ ഫ്രഞ്ച് സൈന്യം ഇദ്ദേഹത്തിന് 13 ലക്ഷം യൂറോ സാമ്പത്തിക സഹായം നല്‍കിയിരുന്നു. ഒരാള്‍ക്ക് തനിച്ചു പറക്കാന്‍ കഴിയുന്ന വിമാനം കണ്ടുപിടിക്കുകയെന്നത് ഗവേഷകരുടെ ചിരകാല സ്വപ്നമാണ്. മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമാണ് ഇപ്പോള്‍ ഈ നാല്‍പ്പതുകാരന്‍ കരസ്ഥമാക്കിയിരിക്കുന്നത്.

Read More: “മരിച്ച് 12 ദിവസം പിന്നിട്ടു, എവിടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്?”; കൊലപാതകമെന്ന സൂചന നല്‍കി കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ആദിവാസി പോലീസുകാരന്‍ കുമാറിന്റെ കുടുംബം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍