UPDATES

സ്വാതന്ത്ര്യസമരസേനാനി അഡ്വ. അയ്യപ്പന്‍ പിള്ള @103 സംസാരിക്കുന്നു

ബ്രീട്ടീഷ് ഇന്ത്യയിലെ പോലെയുള്ള പ്രക്ഷോഭങ്ങള്‍ രാജഭരണത്തിലായിരുന്ന തിരുവിതാംകൂറില്‍ ഉണ്ടായിരുന്നില്ല

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായിയുള്ള പോരാട്ടങ്ങളുടെ കഥകള്‍ നമ്മള്‍ എത്ര തവണ കേട്ടാലും നമ്മള്‍ ചെവിയോര്‍ക്കാറുണ്ട്. ആ കഥകളൊക്കെ ആധികാരികമായി പറയാന്‍ സാധിക്കുന്നവരും ഇന്ന് മണ്‍മറഞ്ഞ് പൊയ്‌കൊണ്ടിരിക്കുകയാണ്. പ്രായത്തിന്റെ അവശതകള്‍ ഉണ്ടെങ്കിലും തങ്ങള്‍ കൂടി നടത്തിയ ആ പോരാട്ടത്തിന്റെ കഥകള്‍ പറയുമ്പോള്‍ 103-ാം വയസിലും അഡ്വ. അയ്യപ്പന്‍ പിള്ള ആ പഴയ ചുറുചുറുക്കുള്ള യുവാവായി മാറും. തിരുവനന്തപുരം തൈക്കാടുള്ള വസതിയിലിരുന്ന് അന്ന് തിരുവാതാംകൂറില്‍ തങ്ങള്‍ നടത്തിയ ആവേശജ്ജ്വലമായ പ്രക്ഷോഭങ്ങളെ കുറിച്ചും പോരാട്ടങ്ങളെ കുറിച്ചും അയ്യപ്പന്‍ പിള്ള വാചാലനാകുന്നു.

“ബ്രീട്ടീഷ് ഇന്ത്യയിലെ മറ്റ് ഇടങ്ങളെ പോലെ ആയിരുന്നില്ല തിരുവതാംകൂര്‍. തിരുവതാംകൂര്‍ നാട്ടുരാജ്യം ബ്രീട്ടീഷുകാര്‍ നേരിട്ടല്ലായിരുന്നു നിയന്ത്രിച്ചിരുന്നത് കൊണ്ട് ഇവിടെ സ്വാതന്ത്ര്യത്തിനായിട്ടുള്ള പോരാട്ടം കൂടുതല്‍ ശക്തി പ്രാപിക്കുന്നത് 1930-കള്‍ക്ക് ശേഷമാണ്. ആ കാലത്ത് ഞാന്‍ വിദ്യാര്‍ഥിയായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് സജീവമായി സമരങ്ങളിലും മറ്റും പങ്കെടുക്കുന്നത്. എന്റെ അമ്മാവനും കൂടിയായ എ നാരായണ പിള്ളയുടെയൊക്കെ നേതൃത്വത്തിലായിരുന്നു ട്രാവന്‍കൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് ഉണ്ടാവുന്നത്. അത് 1938-ലെ സുഭാഷ് ചന്ദ്രബോസിന്റെ പ്രസംഗത്തിന്റെ ഫലമായിട്ടായിരുന്നുവെന്നാണ് കരുതുന്നത്. അന്ന് അദ്ദേഹം ആഹ്വാനം ചെയ്തു, ഓരോ നാട്ടുരാജ്യത്തും ബ്രിട്ടീഷ് ശക്തികള്‍ക്കെതിരെ പോരാടുവാന്‍ സംഘടിക്കണം എന്ന്. 1938-ല്‍ തിരുവനന്തപുരം പുളിമൂട്ടിലുള്ള വക്കീല്‍ ഓഫീസില്‍വച്ചായിരുന്നു ട്രാവന്‍കൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപം കൊള്ളുന്നത്. ആ കാലത്ത് അമ്മാവന്റൊപ്പം സ്ഥിരമായി അവിടെ ചെല്ലുമായിരുന്നു. അങ്ങനെ സ്റ്റേറ്റ് കോണ്‍ഗ്രസിനോട് താത്പര്യമായി. അങ്ങനെ പ്രവര്‍ത്തനങ്ങളൊക്കെ അതിലൂടെയായി.”

അയ്യപ്പന്‍ പിള്ള കുട്ടിക്കാലത്ത് അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം (അമ്മയോടൊപ്പം നില്‍ക്കുന്ന കുട്ടി)

ഞാന്‍ ശരിക്കും അതിന് മുമ്പ് തന്നെ ഈ രംഗത്തേക്ക് എത്തിയിരുന്നു. മഹാത്മ ഗാന്ധിയെ നേരിട്ട് കാണുന്നതും അടുത്ത് ഇടപെഴുകുന്നതും 1934-ലായിരുന്നു. അത് ഒരു മാറ്റം കൊണ്ടു വന്നിരുന്നു. 1934 ജനുവരി 28-ന് തിരുവതാംകൂറില്‍ എത്തിയ ഗാന്ധിജിയെ സ്വീകരിക്കാനും അദ്ദേഹത്തിന്റെ കാര്യങ്ങള്‍ നോക്കാനും അന്നത്തെ പ്രമുഖ നേതാവ് ജി രാമചന്ദ്രന്‍ ഞാനുള്‍പ്പടെയുള്ള യുവാക്കളെയായിരുന്നു ചുമതലപ്പെടുത്തിയത്. അദ്ദേഹവുമായി ഇടപെഴുകാന്‍ അവസരം കിട്ടിയ കുറച്ച് സമയത്ത് അദ്ദേഹം ചോദിച്ചു, എന്താണ് നീ ചെയ്യുന്നത്? കോളേജില്‍ പഠിക്കുവാണെന്ന് മറുപടി നല്‍കിയപ്പോള്‍ ഭാവി പരിപാടിയെന്താണെന്ന് ചോദിച്ചു. സര്‍ക്കാര്‍ ഉദ്യോഗമാണ് ലക്ഷ്യമെന്ന് പറഞ്ഞു. അതിന് അദ്ദേഹം ചോദിച്ചത് ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നതല്ലേ അതിനേക്കാള്‍ നല്ലത് എന്ന്, അങ്ങനെ അന്ന് തന്നെ സര്‍ക്കാര്‍ ജോലി വേണ്ടായെന്നും എന്തെങ്കിലുമൊക്കെ നാടിന് പ്രയോജനകരമായ രീതിയില്‍ ചെയ്യണമെന്നും തീരുമാനിച്ചു.

ബ്രീട്ടീഷ് ഇന്ത്യയിലെ പോലെയുള്ള പ്രക്ഷോഭങ്ങള്‍ രാജഭരണത്തിലായിരുന്ന തിരുവിതാംകൂറില്‍ ഉണ്ടായിരുന്നില്ല. അതിന് പ്രധാന കാരണം ബ്രീട്ടീഷുകാര്‍ ഇവിടുത്തെ നിയന്ത്രണം നേരിട്ട് അല്ലയെന്നതായിരുന്നു. പക്ഷെ രാജ്യാന്തര തലത്തില്‍ ഉണ്ടായിക്കൊണ്ടിരുന്ന പ്രക്ഷോഭങ്ങളും മാറ്റങ്ങളും ഇവിടെയും പ്രതിഫലിച്ചിരുന്നു. വിദേശവസ്ത്ര ബഹിഷ്‌കരണത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. അന്ന് അതിന്റെ വോളന്ററിയര്‍ കൂടിയായിരുന്നു ഞാനും. പിന്നെ ഉത്തരവാദിത്വ ഭരണം സംബന്ധിച്ച പ്രക്ഷോഭങ്ങള്‍ക്ക് ഒക്കെ മുന്നിലുണ്ടായിരുന്നു. അതിന്റെ ഭാഗമായി ക്വിറ്റ് ഇന്ത്യ മൂവ്‌മെന്റിലൊക്കെ പങ്കെടുത്തിരുന്നു. പിന്നെ ദിവാന്‍ സിപി രാമസ്വാമിയ്ക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ സജീവമായപ്പോള്‍ ഗാന്ധിജി നല്‍കിയ നിര്‍ദ്ദേശം പാലിച്ച് രാജ്യസ്വാതന്ത്രത്തിനായിട്ടുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. അന്ന് രാജ്യത്തെ പ്രമുഖ നേതാക്കള്‍ ഒക്കെ തിരുവതാംകൂറിലും എത്തിയിരുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, കമല നെഹ്‌റുവും ഒക്കെ ഇവിടെ വന്നതും പ്രസംഗിച്ചതും ഒക്കെ വലിയ ആവേശമായിരുന്നു ഞങ്ങള്‍ ചെറുപ്പക്കാര്‍ക്ക്. പിന്നെ ഇവിടെയുള്ള എന്‍ നാരയണപിള്ള, വേലുപ്പിള്ള, രാമസ്വാമി അയ്യര്‍ ഇവരുടെ കൂടെയുള്ള പ്രവര്‍ത്തനങ്ങളും ഞങ്ങള്‍ക്ക് കൂടുതല്‍ ആവേശം നല്‍കി.

1947-ല്‍ സത്യത്തില്‍ നാടിന് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ സന്തോഷിച്ചതും ഇവിടുത്തെ ഞങ്ങള്‍ കോണ്‍ഗ്രസുകാരും സ്വാതന്ത്ര്യത്തിനായി പോരാടിയവരും മാത്രമായിരുന്നു. മുമ്പ് പറഞ്ഞില്ലേ, പ്രത്യക്ഷത്തില്‍ രാജഭരണമായിരുന്നത് കൊണ്ട് ബ്രീട്ടീഷുകാര്‍ മടങ്ങുകയാണെന്ന വാര്‍ത്ത ഇവിടെ വലിയ മാറ്റം സൃഷ്ടിക്കില്ലെന്ന് കരുതിയിരിക്കാം. ട്രാവന്‍കൂര്‍ റേഡിയോയിലൂടെ സ്വാതന്ത്ര്യം കിട്ടിയ വാര്‍ത്തയൊക്കെ പ്രക്ഷേപണം ചെയ്തിരുന്നു. അതിന് ശേഷം വന്ദേമാതരം ദിവസവും പ്രക്ഷേപണം ചെയ്യുമായിരുന്നു. രാജ്യത്ത് ആദ്യമായി റേഡിയോയിലൂടെ വന്ദേമാതരം പ്രക്ഷേപണം ചെയ്തത് ട്രാവന്‍കൂര്‍ റേഡിയോനിലയമായിരുന്നു. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഞങ്ങള്‍ കരുതി, കുറച്ച് വര്‍ഷം കഴിയുമ്പോള്‍ വലിയ മാറ്റങ്ങള്‍ ഒക്കെ വരുമെന്ന്. മാറ്റങ്ങള്‍ ഒക്കെ വരുകയും ചെയ്തു. അന്ന് പറഞ്ഞിരുന്നത് ജനങ്ങള്‍ ഒക്കെ നല്ല നിലയിലാവും. എല്ലാവരും ഒരുപോലെ ചിലവ് ഒക്കെ കുറച്ച് ജീവിക്കും. ആഡംബരം ഒന്നും കാണില്ല, പണം വളരെ സൂക്ഷിച്ചേ ചിലവാക്കൂ. പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയിലേക്ക് എല്ലാവരും പോകും എന്നൊക്കെ കൂടി കരുതിയിരുന്നു. അതൊന്നുമുണ്ടായില്ല. എന്നാല്‍ വേറെ ചില കാര്യങ്ങള്‍ ഒക്കെ നല്ലരീതീയില്‍ വരുകയും ചെയ്തു.”


ഇന്ന് നോക്കുമ്പോള്‍ ചെറിയ നിരാശയുള്ളത് രാഷ്ട്രീയകാരെ ഒക്കെ കാണുമ്പോഴാണ്. പഴയപോലെ ഒന്നുമല്ല, മിക്കവരും സ്വാര്‍ത്ഥരാണ്. വ്യക്തിതാത്പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം. ആശയപരമായ കാര്യങ്ങള്‍ കൃത്യമായി പിന്തുടരുന്നവര്‍ കുറവാണ്. മിക്ക രാഷ്ട്രീയ പാര്‍ട്ടിക്കാരും അവരുടെ ആശയത്തില്‍ നിന്ന് വ്യതിചലിച്ച് വ്യക്തിപരമായ നേട്ടങ്ങള്‍ക്കാണ് പ്രധാന്യം നല്‍കുന്നത്. മുമ്പ് പ്രവര്‍ത്തകര്‍ ഒരു ആശയത്തില്‍ അടിയുറച്ച് നില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ഒക്കെ ചെയ്തിരുന്നു. അതൊക്കെ ഇല്ലാതായി വരികയാണ്. പരസ്പര ബഹുമാനവും ഇല്ല. ശത്രുക്കളെ പോലെയാണ് പെരുമാറുന്നത്. അതൊക്കെ നിരാശയാണ്. മുമ്പ് ദിവാന്‍ രാമസ്വാമിയോട് കടുത്ത എതിര്‍പ്പ് കാണിച്ച് പ്രവര്‍ത്തിക്കുമ്പോഴും ഞങ്ങളൊക്കെ ഒരു ബന്ധം സൂക്ഷിച്ചിരുന്നു. ആശയപരമായ പിണക്കം അപ്പോഴുമുണ്ടാകും. അത്തരം കാര്യങ്ങള്‍ ഇന്നില്ല.”

വളരെ ചുരുക്കി അയ്യപ്പന്‍ പിള്ള ആ കാലഘട്ടത്തെ കുറിച്ച് പറഞ്ഞ് നിര്‍ത്തിയിട്ട് പുഞ്ചിരിച്ച് കൊണ്ട് തുടര്‍ന്നു; സമയമില്ല ഒരു സമ്മേളനത്തിന് പങ്കെടുക്കണം, കുറച്ച് കുട്ടികള്‍ വരും, അവരുമായിട്ടും പഴയ കാര്യങ്ങള്‍ ഒക്കെ പങ്ക്‌ വയ്ക്കണം എന്ന്. ഈ പ്രായത്തിലും അയ്യപ്പന്‍ പിള്ളയക്ക് വിശ്രമം ഇല്ല. സമ്മേളനങ്ങളും പൊതുപരിപാടികളുമായി ഇപ്പോഴും പൊതുരംഗത്ത് സജീവമാണ് അദ്ദേഹം. മടങ്ങുന്നതിന് മുമ്പ് അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു- ‘നമ്മുടെ സ്വന്തം കാര്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കരുത്, രാജ്യകാര്യങ്ങള്‍ കൂടി മുന്‍നിര്‍ത്തിവേണം പ്രവര്‍ത്തിക്കാന്‍. എന്ന് വെച്ച് സ്വന്തം കാര്യം മറന്നുകളയുകയുമരുത്. രാജ്യത്തോടും കുടുംബത്തോടുമുള്ള ഉത്തരാവാദിത്വം ഒരുപോലെ കൊണ്ടുപോകണം. ഒരുമിക്കണം, ഒന്നിച്ച് നില്‍ക്കണം. ഇല്ലെങ്കില്‍ വലിയ ദോഷമായി വരും.’

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍