UPDATES

ട്രെന്‍ഡിങ്ങ്

‘ഇണ’ തേടുന്ന അവകാശങ്ങള്‍; ഇന്ന് ലോക മനുഷ്യാവകാശ ദിനം

വ്യക്തികളുടെ അവകാശങ്ങളെ സംരക്ഷിക്കേണ്ടുന്ന ജനാധിപത്യഭരണകൂടവും പലപ്പോഴും മാതാധികാരത്തിന്റെ ചട്ടുകമായി തുടരുകയാണ്

മനുഷ്യരേവര്‍ക്കും പിറവികൊണ്ടുതന്നെ സ്വായത്തമാകുന്ന അവകാശങ്ങളാണ് മനുഷ്യാവകാശങ്ങള്‍ എന്നതാണ് വിവക്ഷ. ആധുനിക ലോകക്രമത്തില്‍ അന്താരാഷ്ട്ര നിയമത്തിന്റെയും നയങ്ങളുടെയും ഉറച്ച തറകളില്‍ ആ അവകാശങ്ങള്‍ക്കൊരു മാനം ലഭിക്കുന്നത് 1948 ഡിസംബര്‍ 10 ന് ഐക്യരാഷ്ട്ര സഭ അംഗീകരിച്ച് ലോകജനത കയ്യാളുന്ന സാര്‍വ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തോടെയാണ്. പ്രസ്തുത പ്രഖ്യാപനത്തിന്റെ മഹത്വമൊന്നുകൊണ്ടാണ് ഡിസംബര്‍ 10 സാര്‍വ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിച്ചു പോരുന്നത്.

വിവിധങ്ങളായ അവകാശങ്ങളെ അടയാളപ്പെടുത്തുന്ന പ്രഖ്യാപനത്തിന്റെ സത്തയെത്തനെ ചോദ്യംചെയ്യുമാറുള്ള അവകാശലംഘനങ്ങള്‍ ഈ അറുപത്തിയൊമ്പതാണ്ടിനുശേഷവും ലോകത്തിന്റെ പല കോണുകളിലും തുടര്‍ന്നുപോരുന്നു എന്നത് ഖേദകരമായ വസ്തുതയാണ്.

ഈ പശ്ചാത്തലത്തിലാണ് മലയാളിസമൂഹം ഇന്ന് ഏറെ ചര്‍ച്ചയ്ക്ക് വിധേയമാക്കികൊണ്ടിരിക്കുന്ന, ഇണയെ തിരഞ്ഞെടുക്കുന്നതിലും കുടുംബം കെട്ടിപ്പടുക്കുന്നതിലും വ്യക്തിയ്ക്കുള്ള സ്വാതന്ത്ര്യം എന്ന ചര്‍ച്ച കൂടുതല്‍ ഗൗരവപൂര്‍ണ്ണമായി തുടരേണ്ടുന്നതും അതിന്റെ അവകാശമാനങ്ങളെ ഉയര്‍ത്തിപിടിക്കേണ്ടുന്നതും. അങ്ങനെയൊരു അവകാശാധിഷ്ഠിത സമീപനത്താലുള്ളതാണ് ഈ കുറിപ്പ്.

വ്യക്തികളുടെ സ്വയംനിര്‍ണ്ണയാവകാശം പരമപ്രധാനമാണ്. അതിനെ ചവിട്ടിയരച്ചുകൊണ്ട് മറ്റൊരധികാരം സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ച മതാന്ധതയുടെയും രാഷ്ട്രീയാധികാരത്തിന്റയും ഇടപെടലുകള്‍ ഇരുള്‍നിറഞ്ഞതും ദുരിതം വിതയ്ക്കുന്നവയുമാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അടിമകളില്‍ നിന്ന് വ്യക്തികളിലേയ്ക് മനുഷ്യജീവി പരിണമിച്ചത് വ്യക്തിബോധത്തിന്റെ അന്തസ്സ് സമൂഹത്തിന്റെ തുറസ്സുകളില്‍ അംഗീകരിച്ചെടുക്കാനായതിനാലാണ്. അടിച്ചേല്പിക്കപ്പെട്ട സാമൂഹ്യക്രമങ്ങളേക്കാള്‍, മാനവികതയിലൂന്നിയ ജനാധിപത്യബോധം മുദ്രാവാക്യങ്ങളായി പടര്‍ന്നതുകൊണ്ടാണ് ഇന്നാട്ടില്‍ അയിത്താചാരങ്ങള്‍ അവസാനിച്ചത്. അങ്ങനെയൊക്കെ വ്യക്തിസ്വാതന്ത്ര്യബോധം ഉള്‍ക്കൊണ്ടതുകൊണ്ടാണ് ഈ ലോകം ഇന്നുകാണുംവിധം പരിണമിച്ചെത്തിയത്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, സ്വന്തം ഇണയെ/ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം ഇന്നും നമ്മുടെ സമൂഹത്തില്‍ പരിപൂര്‍ണ്ണമായും വ്യക്തികളിന്മേല്‍ വന്നുചേര്‍ന്നിട്ടില്ല. ജാതിയുടെ, മതത്തിന്റെ, കുടുംബ മഹിമയുടെ, ആകാര സൗന്ദര്യത്തിന്റെ, പാരമ്പര്യ സ്വത്തിന്റെ, തുടങ്ങി അനവധി രക്ഷകര്‍ത്തൃ/സാമുദായിക മാനദണ്ഡങ്ങളാല്‍ ഇക്കാര്യത്തില്‍ വ്യക്തിസ്വാതന്ത്ര്യം ചുരുക്കപ്പെട്ടിരിക്കുന്നു. ഇവിടെ, പുരുഷമേധാവിത്വത്താല്‍ ബന്ധിതമായ കുടുംബരക്ഷകര്‍ത്തൃകവചം സ്ത്രീകള്‍ക്ക്, ഒട്ടും തന്നെ പുറത്തുകടക്കാന്‍ കഴിയാത്തവിധം അസ്വാതന്ത്ര്യത്തിന്റെ ഇരട്ടഭിത്തി നിര്‍മ്മിച്ചെടുക്കുന്നും ഉണ്ട്. സാമൂഹ്യപുരോഗതിയുടെ ചാലകശക്തിയായി നിലകൊള്ളുന്ന വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത, സാമ്പ്രദായികരീതി പിന്തുടരുന്ന മതവ്യവസ്ഥിതിയാണ് മുഖ്യമായും ഇതിന് തടസ്സം നില്‍ക്കുന്നത്. ഇത്തരത്തില്‍ മതവ്യവസ്ഥയുടെ ഉരുക്കുചട്ടയ്ക്കുള്ളില്‍ നിലയുറപ്പിച്ചു പോരുന്നവര്‍, ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം നടപ്പില്‍വരുത്തുന്ന വ്യക്തികളുടെ സ്വാതന്ത്ര്യത്തെ മുഷ്ടിയും ഗ്വാ ഗ്വാ വിളികളും കൊണ്ടാണ് നേരിടുന്നത്.

ഹാദിയ: ‘മനഃശാസ്ത്രപരമായ തട്ടിക്കൊണ്ടുപോകല്‍’ അഥവാ ‘അവള്‍ക്ക് ഭ്രാന്താണ്’

നമ്മളും നമ്മുടെ മുന്‍തലമുറയും എല്ലാം തന്നെ അവരവരുടെ സാഹചര്യങ്ങള്‍ക്ക് (രക്ഷാകര്‍ത്തൃസാമുദായിക മാനദണ്ഡങ്ങള്‍ക്ക് വിധേയമായോ അല്ലാതെയോ) അനുസൃതമായി നിലപാടുകള്‍ കൈക്കൊള്ളുകയോ, അങ്ങനെ ചെയ്യാന്‍ വിധേയരാവുകയോ ചെയ്യുന്നവരാണ്. ഏതു സാഹചര്യത്തിലും തങ്ങള്‍ക്കനുഗുണമായ മാനദണ്ഡങ്ങളില്‍പെട്ട ഇണയെ/ ജീവിതപങ്കാളിയെ ആശിക്കുന്നവരാണ് സമസ്ത ജീവജാലങ്ങളും. ഒരു വ്യക്തിയുടെ വിവാഹത്തെ സംബന്ധിച്ച അങ്ങനെയൊരു നിലപാട് ആവശ്യം വരുന്നഘട്ടത്തില്‍, മറ്റൊരാളുടെ മാനദണ്ഡങ്ങള്‍ അദ്ദേഹവും പിന്തുടരണം എന്ന് ശാഠ്യം പിടിക്കുന്നതിന്റെ ഭൂരിപക്ഷയുക്തി എന്താണ്? വകതിരിവില്ലാത്ത ബാല്യകാലത്തെ ‘ഇന്‍ഡോക്ട്റിനേറ്റ്’ ചെയ്യപ്പെട്ട മതത്തിന്റെ രീതികള്‍ക്ക് അനുസരിച്ച് വിവാഹിതരാവുന്ന ഇതേ ഭൂരിഭാഗം ആണ് ഒരാള്‍ ഇതര മതസ്ഥനെ വിവാഹം ചെയ്യുകയോ, മതം മാറുകയോ ചെയ്താല്‍, അവരെ സ്വബോധം നഷ്ടപ്പെട്ടവരായി കണക്കാക്കുന്നത്.

അവരവരുടെ ഇണയെ തിരഞ്ഞെടുക്കാനുള്ള അവകാശം ഒരു പൗരന്‍ എന്നതിലുപരി ജൈവത്തായ അവസ്ഥയുടെ അടിസ്ഥാന സത്ത കൂടെ ആണ്. ഏതൊരു വ്യക്തിയുടെയും ആ അടിസ്ഥാന അവകാശം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സമൂഹത്തിനും സ്‌റ്റേറ്റിനും ഉണ്ട്. ഇന്ത്യയില്‍ ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള വ്യക്തികളുടെ അവകാശമാനങ്ങളില്‍ ഇതൊക്കെ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഞാന്‍ കുറ്റവാളിയെ പ്രണയിച്ചാലും കൊലപാതികയെ ഭോഗിച്ചാലും രാജ്യദ്രോഹിയെ വിവാഹം ചെയ്താലും, ഇതൊന്നുമല്ലാതെ ഒന്നിച്ചുകഴിഞ്ഞാലും ഇന്നാട്ടിലെ നിയമവ്യവസ്ഥയ്ക്ക് എന്റെ വ്യക്തിജീവിതത്തിന് കൂച്ചുവിലങ്ങിടാന്‍ നിര്‍വ്വാഹം ഇല്ല. ശാരീരികമാനസിക ആരോഗ്യത്തോടെ, സ്വന്തം താല്പര്യത്തിനനുസരിച്ച് ഞാന്‍ കൈക്കൊള്ളുന്ന എന്റെ നിലപാടുകളുടെ പരിണിതഫലം അനുഭവിക്കേണ്ടുന്നതും ഞാന്‍ തന്നെ. പിന്നെ, കുറ്റം, അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ തെളിയിക്കപ്പെടാതെ ആരെയും കുറ്റാവാളിയെന്ന് മനസില്‍പോലും കരുതരുതെന്നാണ് ഇന്ത്യയുടെ നീതിനിര്‍വ്വഹണതത്വം കല്‍പ്പിക്കുന്നത് (ചിലര്‍ക്ക് പാട്ടുകേള്‍ക്കുമ്പോള്‍മാത്രം എഴുന്നേല്‍ക്കുന്ന രാജ്യസ്‌നേഹം, നീതിയുടെ തത്വത്തിലുംകൂടി ഉണരേണ്ടുന്നതുണ്ട്).

ലോകത്താകമാനമുള്ള മനുഷ്യരുടെ ജന്മസിദ്ധമായ അടിസ്ഥാന അവകാശങ്ങളെ ആധുനിക ലോകക്രമം അടയാളപ്പെടുത്തിയത് 1948ലെ സാര്‍വ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിലാണ്. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനും കുടുംബം നിലനിര്‍ത്തിപോരാനുമുള്ള അവകാശത്തെ ഉയര്‍ത്തിപിടിക്കുന്നതാണ് മനുഷ്യാവകാശത്തെ സംബന്ധിച്ച ഈ അടിസ്ഥാന രേഖ. പ്രസ്തുത പ്രഖ്യാപനത്തിന്റെ അനുച്ഛേദം 16 ഇപ്രകാരം അനുശാസിക്കുന്നു.

അനുച്ഛേദം 16
(1) ജാതിമതദേശഭേദമന്യേ പ്രായപൂര്‍ത്തിവന്ന ഏതൊരു പുരുഷനും സ്ത്രീയ്ക്കും വിവാഹംചെയ്ത് കുടുംബസ്ഥനാകാനുള്ള അവകാശം ഉണ്ട്. വിവാഹിതരാകുവാനും വൈവാഹികജീവിതം നയിക്കുവാനും വിവാഹമോചനത്തിനും അവര്‍ക്ക് തുല്യ അവകാശമുണ്ട്.
(2) വധൂവരന്മാരുടെ പൂര്‍ണ്ണ സമ്മതത്തോടുകൂടിയെ വിവാഹബന്ധത്തിലേര്‍പ്പെടാന്‍ പാടുള്ളൂ.
(3) കുടുംബം സമൂഹത്തിന്റെ സ്വാഭാവികവും അടിസ്ഥാനപരവുമായ ഘടകമായതിനാല്‍ അത് സമൂഹത്തില്‍നിന്നും രാജ്യത്തില്‍നിന്നും സംരക്ഷണം അര്‍ഹിക്കുന്നു.

വ്യക്തികളുടെ തീരുമാനങ്ങളെയും കുടുംബത്തെയും പരിരക്ഷിക്കാനുതകുന്നതാണ് ഈ പ്രഖ്യാപനം. ഇന്ത്യ ഇത് അംഗീകരിച്ചതുമാണ്. ഈ സാര്‍വ്വദേശീയപ്രഖ്യാപനത്തിന്റെ വാക്കും അന്ത:സത്തയും സംരക്ഷിക്കാന്‍ നമ്മുടെ രാജ്യം പ്രതിജ്ഞാബദ്ധമാണ്. അങ്ങനെയാകയാല്‍ രാജ്യസ്‌നേഹത്തിന്റെ സമീപനത്താല്‍ വസ്തുതകളെ നോക്കികാണുന്നവര്‍ ഇവിടെയും അത് ഉയര്‍ത്തിപിടിക്കേണ്ടതും, രാജ്യം അംഗീകരിച്ച നിലപാടുകളോട് കൂറ് പ്രഖാപിക്കേണ്ടുന്നതുമാണ്, അല്ലാത്തപക്ഷമാണ് രാജ്യദ്രോഹം.

ജന്മഭൂമിയിലില്ലെങ്കിലെന്താ മാതൃഭൂമിയിലുണ്ടല്ലോ; കേരളത്തില്‍ ലൌ ജിഹാദെന്ന് തെളിച്ചു പറയാത്തതെന്ത്?

അധികാരം അടിച്ചേല്‍പ്പിക്കലിന്റെ സുതാര്യമായ രൂപമാണ് വ്യക്തിസ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റം. സമൂഹത്തില്‍ നിലനില്‍ക്കുന്ന സാമുദായികവും കുടുംബപരവുമായ അധികാരരൂപങ്ങളുമാണ് മുഖ്യമായും ഈ പ്രവണത പിന്തുടരുന്നത്. അതില്‍ നിന്നെല്ലാം വ്യക്തികളുടെ അവകാശങ്ങളെ സംരക്ഷിക്കേണ്ടുന്ന ജനാധിപത്യഭരണകൂടവും പലപ്പോഴും മാതാധികാരത്തിന്റെ ചട്ടുകമായി തുടരുന്നു. വ്യക്തികളുടെ വിവാഹസംബന്ധിയായ ഒരൊറ്റ തീരുമാനത്തില്‍ അറ്റുപോകുന്ന വൃഷ്ടിപ്രദേശമാണ് മതത്തിനുള്ളതെന്ന സത്യത്തിന്റെ ഭീതിയും, അതുമല്ലെങ്കില്‍ ബാല്യകാലത്തേയുള്ള മറ്റൊരു ‘ഇന്‍ഡോക്ടറിനേഷന്റെ’ അവസരനഷ്ടത്തിന്റെ വിലാപവുമല്ലാതെ, മറ്റൊന്നുമല്ല ഇക്കാര്യത്തില്‍ വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള കൂച്ചുവിലങ്ങുകള്‍. പ്രണയവും ഇഷ്ടവിവാഹങ്ങളും ഈ ചങ്ങലകളെ പൊട്ടിച്ചെറിയുകതന്നെ ചെയ്യും. ഇന്നല്ലെങ്കില്‍ നാളെ, മനുഷ്യാവകാശത്തിന്റെ വസന്തം പൂത്തുലയുകതന്നെ ചെയ്യും. തീര്‍ച്ച.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വി ജെ ജിതിന്‍

വി ജെ ജിതിന്‍

റിസര്‍ച്ച് സ്‌കോളര്‍, സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് ഗവേണന്‍സ്, പഞ്ചാബ്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍