UPDATES

കണ്ണന്താനം പോലും യാചിച്ചു, എന്നിട്ടും; യു എ ഇ ധനസഹായ വിഷയത്തില്‍ ബിജെപിയുടേത് രാഷ്ട്രീയ പ്രതികാരമോ?

വിദേശ രാജ്യങ്ങളിൽ നിന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് സഹായം എത്തിക്കാൻ ഇന്ത്യയിൽ വ്യവസ്ഥയില്ലെന്ന കേന്ദ്രസർക്കാരിന്റെ വാദം പൊളിഞ്ഞിരിക്കുകയാണ്.

വിദേശ രാജ്യങ്ങളിൽ നിന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് സഹായം എത്തിക്കാൻ ഇന്ത്യയിൽ വ്യവസ്ഥയില്ലെന്ന കേന്ദ്രസർക്കാരിന്റെ വാദം പൊളിഞ്ഞിരിക്കുകയാണ്. ഏതെങ്കിലും രാജ്യം സ്വമേധയാ സഹായം വാഗ്ദാനം ചെയ്താൽ അത് സ്വീകരിക്കാമെന്ന് 2016ലെ ദേശീയ ദുരന്ത നിവാരണ നയം വ്യക്തമാക്കുന്നു. ഈ രേഖ പുറത്തു വന്നതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞത്. ഈ വിഷയത്തിൽ യു പി എ സർക്കാരിന്റെ നിലപാട് തുടരുന്നുവെന്നാണ് മോദിയുടെ ന്യായം. എന്നാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിദേശ രാജ്യങ്ങളുടെ സഹായം അഭ്യർത്ഥിക്കണ്ട എന്നത് മാത്രമാണ് യു പി എ സർക്കാരിന്റെ നയം. 2004 വരെയും ഇന്ത്യ വിദേശ രാജ്യങ്ങളിൽ നിന്നും സഹായം അഭ്യർത്ഥിച്ചു തന്നെ നേടിയെടുത്തിരുന്നു. സംസ്ഥാനങ്ങൾ നേരിട്ടല്ല കേന്ദ്രസർക്കാർ വഴിയാണ് സഹായം അഭ്യർത്ഥിക്കുന്നത്.

2001ലെ ഗുജറാത്ത് ഭൂകമ്പത്തെ തുടർന്നാണ് ഒടുവിൽ ഇത്തരത്തിൽ സഹായം ലഭിച്ചത്. അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ ബിജെപിയാണ് അന്ന് കേന്ദ്രം ഭരിച്ചിരുന്നത്. ഗുജറാത്ത് ഭരിച്ചിരുന്നതാകട്ടെ ബിജെപിയും. മോദിയും ബിജെപിയും ലോകത്തിന് മുന്നിൽ അഭിമാനത്തോടെ അവതരിപ്പിക്കുന്ന ‘ഗുജറാത്ത് മോഡൽ’ നേടിയെടുത്തത് ഈ സഹായങ്ങൾ നേടിയെടുത്തതിന് ശേഷമാണ് എന്നോർക്കണം.

യു എ ഇയാണ് പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിന് പുനർ നിർമ്മാണത്തിനുള്ള പ്രതീക്ഷ നൽകി ആദ്യം സഹായം(700 കോടി രൂപ) പ്രഖ്യാപിച്ചത്. ഖത്തർ, മാലിദ്വീപ്, ജപ്പാൻ എന്നീ രാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്തു. ഈ സഹായങ്ങളെല്ലാം ലഭിച്ചാൽ ഒരു പുതിയ കേരളം തന്നെ പടുത്തുയർത്താമെന്നതിന് സംശയമില്ലാതിരിക്കെയാണ് കേന്ദ്രം ഈ സഹായങ്ങളെല്ലാം നിരസിച്ചത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിദേശ സഹായം സ്വീകരിക്കേണ്ട എന്ന തീരുമാനം വിദേശകാര്യ മന്ത്രാലയമാണ് കേരളത്തെ ഔദ്യോഗികമായി അറിയിച്ചത്. വായ്പയായി മാത്രമേ പണം സ്വീകരിക്കാൻ സാധിക്കുകയുള്ളൂ. കേരളത്തിന് യു എ ഇയിൽ നിന്നും കേന്ദ്രത്തിന്റെ ഇടപെടലില്ലാതെ വായ്പ സ്വീകരിക്കാനുമാകില്ല. വർഗ്ഗീയ രാഷ്ട്രീയത്തെ എല്ലാക്കാലത്തും അകറ്റിനിർത്തിയിട്ടുള്ള കേരളത്തോടുള്ള ബി ജെ പിയുടെ രാഷ്ട്രീയ പ്രതികാരമായി ഇത് വിമർശിക്കപ്പെടുന്നതും മറ്റൊന്നും കൊണ്ടല്ല.

വികസനകാര്യത്തിൽ കേരള മോഡലോ, ഗുജറാത്ത് മോഡലോ എന്ന വിഷയത്തിലും തർക്കം നിലനിൽക്കുന്നുണ്ട്. കേരള മാതൃകയെ കേരളവും ലോകവും ഉയർത്തിപ്പിടിക്കുമ്പോൾ കേന്ദ്ര സർക്കാരും ബി ജെ പിയും അംഗീകരിക്കുന്നത് ഗുജറാത്ത് മോഡലിനെയാണ്.

വിദേശ സഹായം നിഷേധിച്ച മോദിയുടെ ഫേസ്ബുക്ക് പേജിൽ ഇതുസംബന്ധിച്ച് ട്രോളുകൾ നിറയുകയാണ്. മ്യാൻമറിന് സഹായം നൽകിയ മോദി യു എ ഇയിൽ നിന്നും സഹായം സ്വീകരിക്കാത്തത് സഹായം വരുന്നത് കേരളത്തിലേക്കായതിനാലാണെന്നാണ് ട്രോളർമാരുടെയും വിലയിരുത്തൽ. ”കോടികളുടെ വിദേശ സഹായം സ്വീകരിക്കാൻ നിയമതടസമുണ്ട്. പക്ഷെ, കോടികൾ തട്ടിച്ച് വിദേശത്തേക്ക് കടക്കാൻ യാതൊരു തടസവുമില്ല” എന്നും ട്രോളർമാർ മോദിയെ പരിഹസിക്കുന്നുണ്ട്. യു എ ഇ 700 കോടി രൂപ വാഗ്ദാനം ചെയ്തപ്പോൾ കേന്ദ്രസർക്കാരിന്റെ സഹായം വെറും 500 കോടിയാണെന്നതും വിമർശനങ്ങൾക്ക് കാരണമായി. ഐക്യരാഷ്ട്ര സംഘടന വാഗ്ദാനം ചെയ്ത സഹായവും നേരത്തെ കേന്ദ്രം നിരസിച്ചിരുന്നു. ഇതുകൂടാതെയാണ് കേരളത്തിന് അനുവദിച്ച അരിക്ക് പണമീടാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇതും മോദിക്കെതിരായ പ്രതിഷേധങ്ങൾക്കും ട്രോളുകൾക്കും കാരണമായി.

ഇനി 2016ലെ ദുരന്തനിവാരണ നയത്തെക്കുറിച്ച്. വിദേശ രാജ്യങ്ങളോട് ദുരിതാശ്വാസ സഹായം തേടേണ്ടതില്ലെന്ന യു പി എ സർക്കാരിന്റെ നയം തുടരാനാണ് തീരുമാനമെങ്കിലും വിദേശ സഹായം സ്വീകരിക്കുന്നതിന് അത് തടസമല്ല. കാരണം, ഇതൊരു സർക്കാർ നയം മാത്രമാണ് ഒരു ചട്ടമല്ല. മാത്രമല്ല, സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച് കേന്ദ്ര സർക്കാരിന് ഈ വിഷയത്തിൽ തീരുമാനമെടുക്കാവുന്നതാണ്. അതായത് കേരളത്തിന്റെ ഭാഗത്തു നിന്നും ശക്തമായ സമ്മർദ്ദമുണ്ടായാൽ നയത്തിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ നിർബന്ധിതരാകും.

കേരളത്തിലെ മഹാപ്രളയം ലെവല്‍ 3 ഡിസാസ്റ്ററായി കേന്ദ്ര സർക്കാർ തന്നെ തിരിച്ചറിഞ്ഞതിനു ശേഷവും ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം ചില നയങ്ങൾ ചൂണ്ടിക്കാട്ടി വിദേശത്തു നിന്നും ലഭിക്കേണ്ട സഹായങ്ങളെ തടയുന്നതിൽ എതിർപ്പുമായി നയതന്ത്രജ്ഞർ രംഗത്തുണ്ട്. മുൻ നയതന്ത്ര ഉദ്യോഗസ്ഥനായ ടിപി ശ്രീനിവാസൻ ഈ വിഷയത്തിൽ സൗത്ത് ഏഷ്യ മോണിറ്ററിൽ എഴുതിയ ലേഖനം ഷെയർ ചെയ്ത് നിരുപമ റാവു, ശിവശങ്കർ മേനോൻ എന്നീ മുൻ വിദേശകാര്യ സെക്രട്ടറിമാരും രംഗത്തു വരികയുണ്ടായി.

സ്വയംപര്യാപ്തത എന്ന നയത്തിൽ തൂങ്ങിയാണ് കേരളത്തിന് ലഭിക്കേണ്ടുന്ന സഹായങ്ങൾ കേന്ദ്ര സർക്കാർ തടഞ്ഞതെന്ന് ചൂണ്ടിക്കാട്ടുന്ന ടിപി ശ്രീനിവാസൻ, കേരളം നേരിടാനിരിക്കുന്ന പുനരധിവാസ പ്രവർത്തനങ്ങള്‍ ഒരു വൻ വെല്ലുവിളിയാണെന്നത് തിരിച്ചറിയപ്പെടേണ്ടതുണ്ടെന്ന് വിശദീകരിക്കുന്നു.

ഒരു രാജ്യമെന്ന നിലയിൽ നമുക്ക് സഹായം വാങ്ങാവുന്നതിലധികം കൊടുക്കാൻ പാങ്ങുണ്ടെന്ന് പറഞ്ഞ നിരുപമ റാവു, ഗൾഫ് രാജ്യങ്ങളുമായുള്ള മലയാളികളുടെ ബന്ധത്തെക്കുറിച്ചും ആലോചിക്കണമെന്ന് ട്വീറ്റ് ചെയ്തു. ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യാക്കാരിൽ 80 ശതമാനവും മലയാളികളാണ്. സഹായം വേണ്ട എന്ന് പറയുന്നത് എളുപ്പമാണെന്നും എന്നാൽ പ്രതിസന്ധിയിൽ അകപ്പെട്ട കേരളത്തെ സംബന്ധിച്ചിടത്തോളം ഇതത്ര എളുപ്പത്തിൽ അംഗീകരിക്കാനാകില്ലെന്നും ടിപി ശ്രീനിവാസന്റെ ലേഖനം ഷെയർ ചെയ്ത് നിരുപമ റാവു പറയുന്നു.

ദുരിതാശ്വാസ സഹായമായി വിദേശത്തു നിന്നും ഒന്നും വാങ്ങേണ്ടെന്നായിരുന്നു 2004ലെ തീരുമാനമെന്ന് വിദേശകാര്യ സെക്രട്ടറിയായിരുന്ന ശിവശങ്കർ മേനോനും വിശദീകരിച്ചു. ദീർഘകാല പുനരധിവാസ പ്രവർത്തനങ്ങളെ പ്രസ്തുത തീരുമാനം ബാധിക്കില്ല. പാലങ്ങളും വീടുകളും റോഡുകളുമെല്ലാം നിർമിക്കാൻ ഇത്തരം ഫണ്ടുകൾ ഉപകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോൾ പന്ത് കേരളത്തിന്റെ കോർട്ടിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ പുനർനിർമാണത്തിന് യുഎഇയിൽ നിന്ന് സഹായം സ്വീകരിക്കുന്ന വിഷയം ചർച്ച ചെയ്ത് പരിഹരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിയ്ക്കുന്നത്. ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദം ചെലുത്താനൊരുങ്ങുകയാണ് സംസ്ഥാന സർക്കാരെന്ന് ഇതിൽ നിന്നും വ്യക്തം. ആവശ്യമെങ്കിൽ പ്രധാനമന്ത്രിയെ സമീപിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിലും ഈ നീക്കത്തിന്റെ സൂചനകളുണ്ട്. ചട്ടപ്രകാരം വിദേശ സഹായം സ്വീകരിക്കാനാകില്ലെന്ന ന്യായീകരണം പൊളിഞ്ഞതോടെ കേരളത്തിന്റെ സമ്മർദ്ദത്തിന് മുന്നിൽ കേന്ദ്രത്തിന് വഴങ്ങാതിരിക്കാനാകില്ല. അങ്ങനെ വന്നാൽ ലോകത്തിന് തന്നെ മാതൃകയായ വികസന മാതൃകകളെയെല്ലാം നമുക്ക് നിഷ്പ്രയാസം വീണ്ടെടുക്കാനാകും.

ഏറ്റവുമൊടുവില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നതു യു എ യിയുടെ ധന സഹായം വാങ്ങിച്ചെടുക്കാന്‍ കേരളത്തിന് വേണ്ടതെല്ലാം കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് ചെയ്യുമെന്നാണ്. അതിനു വേണ്ടി കേന്ദ്രത്തോട് ഞാന്‍ യാചിക്കുകയാണ്. അതല്ലാതെ തനിക്കെന്തു ചെയ്യാന്‍ കഴിയും. കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍