UPDATES

ട്രെന്‍ഡിങ്ങ്

നിനക്ക് അത്രേക്ക മതിയെടീ, നീയൊരു പെണ്ണാണ്…

കുടുംബം എന്നതിന്റെ എക്‌സ്റ്റെന്‍ഷന്‍ ആണ് സമൂഹം. അവിടെ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനവും കഠിനവുമാണ്.

അങ്കമാലി ഡയറീസില്‍ ഒരു രംഗമുണ്ട്. പെപ്പെയുടെ കുട്ടിക്കാലം. മീനും മാങ്ങേം പാലുപിഴിഞ്ഞ് വയ്ക്കണ, പോര്‍ക്കിറച്ചീല് കൂര്‍ക്കയിട്ടൊലത്തണ അമ്മയെ പെപ്പെ പരിചയപ്പെടുത്തുകയാണ്. ഈ രംഗത്തില്‍ പെപ്പയുടെ അനിയത്തിയും വരുന്നുണ്ട്; മേഴ്‌സി, ഒരു നീണ്ട് മെലിഞ്ഞ പെങ്കൊച്ച്. പള്ളിയില്‍ പോകുന്ന കാര്യം പറഞ്ഞ് പെപ്പയെ സ്‌നേഹരൂപേണ ഉപദേശിക്കുകയും ഇന്നലത്തെ കറിയൊന്നും ഫ്രിഡ്ജില്‍ എടുത്തു വയ്ക്കാതിരുന്നതിന് മേഴ്‌സിയെ അടികൊടുത്ത് ശാസിക്കുകയും ചെയ്യുന്നുണ്ട് അമ്മ… ഭിത്തിയില്‍ ചാരി നിന്ന് ഒരുമിച്ച് പുട്ട് തിന്നണ മക്കളില്‍, മകന്റെ പാത്രത്തിലേക്ക് ചോദിക്കാതെ തന്നെ പുട്ട് കുത്തിയിട്ടു കൊടുത്ത്, മേശമ്മേല്‍ പോയിരുന്ന് തിന്നെടാന്ന് പറയണ അമ്മ, കുറച്ച് പുട്ട് കൂടി എനിക്കും വേണോന്നു പറയണ മകളെ ‘നിനക്ക് അത്രേക്ക മതീ’ന്ന് പറഞ്ഞ് അവഗണിക്കുകയാണ്‌…

അങ്കമാലി ഡയറീസിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാണിച്ചതോ ലിജോ ജോസോ, ചെമ്പന്‍ വിനോദോ, ആന്റണി വര്‍ഗീസോ മാപ്പ് പറയേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിച്ചതോ അല്ല…

റിമ കല്ലിങ്കലിനെ ‘വറുത്ത മീന്‍ ഫെമിന്സ്റ്റ്’ ആക്കി ആഘോഷിക്കുന്നത്‌ കണ്ടുകണ്ടങ്ങിരിക്കെ അങ്കമാലി ഡയറീസിലെ രംഗം ഓര്‍ത്തെന്നു മാത്രം… ഒരു പെണ്ണിനെ ഫെമിനിസ്റ്റ് ആക്കാന്‍ സ്വന്തം വീട്ടിലെ ഊണു മുറി തന്നെ ധാരാളം എന്നു മനസിലാക്കാന്‍ റിമ പറഞ്ഞ കാര്യങ്ങളും അങ്കമാലി ഡയറീസീലെ ഈ രംഗവും ചേര്‍ത്തുവച്ച്‌ ആലോചിച്ചാല്‍ മതി…

സിനിമയിലെ നായകനും നായികയുടെ ശരീരവും; മലയാള സിനിമയുടെ ആൺവഴികൾ

റിമയും പാര്‍വതിയുമൊക്കെ പറയുന്ന ഫെമിനസം പുരുഷന്റെ പുറത്തു കയറി നില്‍ക്കാന്‍ വേണ്ടിയുള്ള ആക്രോശം ആണെന്നാണ്, ഇരുവര്‍ക്കുമെതിരേ പട നടത്തുന്നവരുടെ പരാതി. മറ്റൊരു പുരുഷനാകാനുള്ള സ്ത്രീയുടെ ശ്രമമാകരുത് സ്ത്രീ സ്വാതന്ത്ര്യം എന്ന് ഓഷോ പറഞ്ഞതാവര്‍ത്തിക്കുന്നവരുമുണ്ട്. ഷര്‍ട്ട് ധരിച്ചതുകൊണ്ടോ മുണ്ട് ഉടുത്തതുകൊണ്ടോ സ്ത്രീ സമത്വം വരുന്നില്ല, മറിച്ച് അതൊരു പുരുഷാനുകരണം മാത്രമാണാകുന്നത് എന്നും പറയുന്നു ചിലര്‍. സമത്വം പറയുന്ന പെണ്ണിനോട് നീ പറയുന്നത് ശരിയാണോ എന്നാണ് ഇവരെല്ലാം തിരിച്ചു ചോദിക്കുന്നത്. അതുകൊണ്ടാണ് ഒരു പെണ്ണിന് സ്വന്തം വീട്ടില്‍ പോലും അസമത്വങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നു പറഞ്ഞപ്പോള്‍, അവരെന്താണോ മുന്നോട്ടുവയ്ക്കാന്‍ ശ്രമിച്ചത് അതു മനസിലാക്കാതെ മീന്‍ പൊരിച്ചതില്‍ കടിക്കാന്‍ വലിയൊരു വിഭാഗം ബഹളം കൂട്ടുന്നത്.

നടിമാര്‍ സിനിമയ്ക്ക് രുചികൂട്ടുന്ന അജിനോമോട്ടോ അല്ല

നിനക്കത്ര മതീ, നീ അങ്ങനെ ചെയ്യണ്ട, നീയവനെ പോലേയല്ല… എന്നൊക്കെ കേള്‍ക്കാത്ത പെണ്ണുങ്ങള്‍ കുറവായിരിക്കും. പെണ്ണിനെ പെണ്ണ് എന്താണെന്നു പഠിപ്പിച്ചെടുക്കുന്ന ആദ്യത്തെ പള്ളിക്കൂടം വീട് തന്നെയാണ്. അടുക്കളയില്‍, ഊണു മുറിയില്‍ സ്വീകരണ മുറിയിലൊക്കെ തിയറിയും പ്രാക്ടിക്കലും നടക്കും. കാലകത്താന്‍ പോയിട്ട്, കാലാട്ടാന്‍ പോലും പെണ്ണിന് അനുവാദമില്ലാത്തതുകൊണ്ടാണ്, മകനോടു മേശപ്പുറത്ത് വച്ച് കഴിക്കാന്‍ പറയുമ്പോഴും മകള്‍ നിന്നോ നിലത്തിരുന്നോ കഴിച്ചാലും അമ്മമാര്‍ക്ക് പരാതിയില്ലാത്തത്. ഇതു പറയുന്ന അമ്മയും പെണ്ണല്ലേ എന്നു ചോദിക്കാം, അതേ, പെണ്ണാണ്… അമ്മയായാലും ഭാര്യയായാലും പെങ്ങളായാലുമൊക്കെ പെണ്ണ് തനിക്ക് കിട്ടിയ പരിശീലനമനുസരിച്ച് പെരുമാറണമല്ലോ!

മലയാള സിനിമയുടെ 2017 രേഖപ്പെടുത്തുക വിമന്‍ കളക്ടീവ് എന്ന പോരാടുന്ന സ്ത്രീകളുടെ പേരിലാവും

തീന്‍മേശക്കു മുന്നിലെ അതേ വിവേചനമാണ് പെണ്ണിന് ജോലിസ്ഥലത്തും പൊതുനിരത്തിലും നേരിടേണ്ടി വരുന്നത്. ആണുങ്ങള്‍ അധികം കഴിക്കട്ടെ, പെണ്ണ് കുറച്ചു കഴിച്ചാല്‍ മതിയെന്നു പറയുമ്പോള്‍, അതാണ് ശരിയെന്നു കരുതുന്നവരാണ് പിന്നീട് ഓഫിസില്‍ നിന്നോ സിനിമ ലൊക്കേഷനില്‍ നിന്നോ സോഷ്യല്‍ മീഡിയയില്‍ നിന്നോ നീയൊരു പെണ്ണല്ലേ എന്ന മുന്നറിയിപ്പ് കേള്‍ക്കുമ്പോള്‍ തലതാഴ്ത്തുന്നത്. ‘നീയെന്താടാ ഈ അസമയത്ത് ഇറങ്ങി നടക്കണത്, ആരെയെങ്കിലും ബലാത്സംഗം ചെയ്യാനാണോ’ എന്ന ചോദ്യം ഒരാണിന് കേള്‍ക്കേണ്ടി വരാത്തതും ‘നീയെന്തിനാടി ഈ സമയത്ത് ഇറങ്ങി നടക്കുന്നത് ആരെങ്കിലും ബലാത്സംഗം ചെയ്യാനാണോ’ എന്നൊരു പെണ്ണിന് കേള്‍ക്കേണ്ടി വരുന്നതും അതേ വിവേചനത്തിന്റെ ഫലമാണ്. എന്നാല്‍ ഇതൊന്നും വിവേചനമല്ലെന്നും താന്‍ അനുസരിക്കേണ്ട നിയമങ്ങളാണെന്നും കരുതുന്നവരുമുണ്ട്; ആണ് ഉണ്ടാക്കി വച്ച നിയമങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പെണ്ണിന്റെ ഗതികേടാണത്. അങ്ങനെയൊരു ഗതികേട് താങ്ങാന്‍ താനില്ലെന്നു പറയുന്ന റിമയെ പോലുള്ളവരെ, ‘നിനക്കൊക്കെ നിന്റെ അച്ഛനും അങ്ങളയുമൊക്കെ ചെയ്യുന്നപോലെ നിന്നുകൊണ്ടു മുള്ളണോടീ’ എന്നൊക്കെ പരിഹസിച്ചും തെറിവിളിച്ചുമൊക്കെ പേടിപ്പിക്കാനും ആളിറങ്ങും.

‘മലയാള സിനിമ ഭരിക്കാന്‍ ആണുങ്ങളായ മമ്മൂക്കയും ലാലേട്ടനുമുണ്ട്; ആന്റി അവരെ തൊഴുതു നിന്നാല്‍ മതി’; ലിച്ചിയെ വിട്ട് അവര്‍ റിമയെ തേടി വന്നു

ഒരു വറുത്ത മീന്‍ കഷ്ണം എന്നെ ഫെമിനിസ്റ്റ് ആക്കിയെന്നു റിമ പറയുമ്പോള്‍ മുള്ള് കുത്തുന്നത് തന്റെ ചങ്ങലവളയത്തില്‍ നിന്നും പുറത്തുചാടുന്ന സ്ത്രീയെക്കുറിച്ചോര്‍ത്ത് ഭയപ്പെടുന്ന പുരുഷന്റെ തൊണ്ടയില്‍ തന്നെയാണ്. ഒരു കഷ്ണം മീന്‍ ആണെങ്കിലും ഒരു കുറ്റി പുട്ടാണെങ്കിലും ആണ് കൂടുതല്‍ തിന്നട്ടെ, പെണ്ണ് തിന്നേണ്ടെന്നു പറയുന്ന കുടുംബനിയമങ്ങള്‍ പെണ്ണിനെ രണ്ടാംനിരക്കാരിയാക്കുകയാണ്. ഈ നിയമം പഠിച്ചാണ് അവള്‍ സമൂഹത്തിലേക്ക് ഇറങ്ങുന്നത്. കുടുംബം എന്നതിന്റെ എക്‌സ്റ്റെന്‍ഷന്‍ ആണ് സമൂഹം. അവിടെ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനവും കഠിനവുമാണ്. സമൂഹത്തിലെ ഈ കരിനിയമങ്ങള്‍ക്കെതിരേ നിങ്ങള്‍ക്ക് ചോദ്യമുയര്‍ത്തണമെങ്കില്‍ ആദ്യം കുടുംബങ്ങളിലെ പെണ്‍ ഒഴിവാക്കലുകള്‍ക്കെതിരേ ശബ്ദിച്ചേ മതിയാകൂ. അതൊരു മീന്‍ കഷ്ണത്തിന്റെ പേരിലാണെങ്കില്‍ പോലും!

നളിനി ജമീല പറഞ്ഞ അതേ ‘സെക്‌സ് കള്ളന്മാര്‍’ റിമയെ തേടി വന്നിരിക്കുന്നു

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍