UPDATES

വികൃതരൂപം പ്രാപിക്കുന്ന പശു രാഷ്ട്രീയം; ഗോവയില്‍ ബീഫ് വ്യവസായം തകരുന്നു

ബീഫിന് ഭക്ഷണത്തില്‍ ഏറെ പ്രധാന്യമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗോവ

ഗോരക്ഷകരുടെയും മൃഗസംരക്ഷക സംഘങ്ങളുടെയും ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഗോവയില്‍ ബീഫ് വിതരണക്കാര്‍ കഴിഞ്ഞ ആഴ്ച നടത്തിയ നാലുദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചതിനാല്‍ തടസ്സപ്പെട്ട സംസ്ഥാനത്തേക്കുള്ള ബീഫ് വിതരണം പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ബീഫ് വിരുദ്ധ സംഘങ്ങള്‍ സര്‍ക്കാരിന്റെ അനുഗ്രഹത്തോടെ കരുത്താര്‍ജ്ജിക്കുന്ന സാഹചര്യത്തില്‍ ബീഫുമായി ബന്ധപ്പെട്ട പോരാട്ടം ഗോവയില്‍ കൂടുതല്‍ വഷളാവാനാണ് സാധ്യത. ബീഫിന് ഭക്ഷണത്തില്‍ ഏറെ പ്രധാന്യമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗോവ.

രണ്ട് സംഭവങ്ങളെ തുടര്‍ന്നാണ് ബീഫ് വ്യാപാരികള്‍ സമരം പ്രഖ്യാപിച്ചത്. സംസ്ഥാനത്തേക്ക് അനധികൃതമായി കടത്തി എന്നാരോപിച്ച് തലസ്ഥാനമായ പനാജിയില്‍ നിന്നും ഡിസംബര്‍ 25ന് പോലീസ് 1,300 കിലോ ബീഫ് പിടിച്ചെടുത്തു. ബീഫില്‍ ഫിനൈല്‍ ചേര്‍ത്തിരുന്നതായും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഡിസംബര്‍ 26ന് വടക്കന്‍ ഗോവയില്‍ നിന്നും ഇതേ ആരോപണം ഉന്നയിച്ച് 1,500 കിലോ മാംസം കൂടി പിടിച്ചെടുത്തു. എന്നാല്‍ സംഭവത്തില്‍ മാംസവ്യാപാരികള്‍ക്ക് ശക്തമായ രോഷമുണ്ട്. നിയമവ്യവസ്ഥ ലംഘിച്ചുകൊണ്ടുള്ള അതിക്രമമാണ് നടന്നതെന്ന് ഗോവ മാംസവ്യാപാരി അസോസിയേഷന്‍ പ്രസിഡന്റ് മന്ന ബെപാരി സ്‌ക്രോളിനോട് പറഞ്ഞു.

ബിജെപിക്ക് ബീഫ് ഒരു സമുദായത്തിനെതിരായ ആയുധം മാത്രം…ആര്‍ക്കെങ്കിലും ഇനി സംശയമുണ്ടോ എന്ന് യെച്ചൂരി

പരാതിയുണ്ടെങ്കില്‍ നിയമപരമായ അന്വേഷണം നടത്തുകയും മാംസം ഭക്ഷ്യ, ഔഷധ വകുപ്പ് പരിശോധിക്കുകയുമാണ് ചെയ്യേണ്ടത്. കുഴപ്പമില്ലെങ്കില്‍ അത് വ്യാപാരികള്‍ക്ക് തിരികെ നല്‍കണമെന്നാണ് വ്യവസ്ഥയെന്നും ബെപാരി വിശദീകരിക്കുന്നു. പകരം ഫിനൈലുമായി എത്തിയ ചില എന്‍ജിഒകളും ഗോരക്ഷകരും മാംസത്തില്‍ ഫിനൈലൊഴിച്ച് അത് മലിനമാക്കുകയായിരുന്നു എന്ന് ബെപാരി ആരോപിക്കുന്നു. ഇതുവഴി വ്യാപാരികള്‍ക്ക് അഞ്ചു മുതല്‍ ആറ് കോടി രൂപവരെ നഷ്ടമുണ്ടായിട്ടുണ്ട്. ആക്രമണം നടത്തിയ ആര്‍ക്കെതിരെയും കേസെടുത്തില്ല എന്ന് മാത്രമല്ല മാംസം എത്തിച്ച ഡ്രൈവര്‍മാര്‍ക്കും വിതരണക്കാര്‍ക്കും എതിരെ കേസെടുക്കുകയും ചെയ്തു. നഷ്ടം സഹിക്കുന്നതിന് ഒരു പരിധിയുണ്ടെന്നും അതിനാല്‍ ഗോവയിലേക്കുള്ള മാംസവിതരണം നിറുത്തിവെക്കാന്‍ വിതരണക്കാര്‍ തീരുമാനിക്കുകയായിരുന്നുവെന്നും ബെപാരി പറഞ്ഞു.

ഗോവയില്‍ പ്രതിദിന ബീഫ് ഉപയോഗം 25 ടണ്‍ മുതല്‍ 30 ടണ്‍ വരെയാണ്. കര്‍ണാടകയില്‍ നിന്നും എത്തിക്കുന്ന മാംസം വഴിയാണ് ഈ ആവശ്യം ഇപ്പോള്‍ പ്രധാനമായും നിറവേറ്റുന്നത്. കര്‍ണാടകത്തില്‍ നിന്നും എത്തിക്കുന്ന മാംസം ഗോവ-കര്‍ണാടക അതിര്‍ത്തിയില്‍ വച്ച് ഗോവ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുകയും തുടര്‍ന്ന് പോലീസ് സംരക്ഷണം നല്‍കുമെന്നും പോലീസ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ജനുവരി ഒമ്പതിന് വ്യാപാരം പുനഃരാരംഭിക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചത്.

ഗോവയില്‍ ഗോവധം നിരോധിച്ചത് 1978ല്‍ ആണ്. തുടര്‍ന്ന് ഗോവ മീറ്റ് കോംപ്ലക്‌സ് എന്ന പേരില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഒരു അറവുശാല നിലവില്‍ വന്നു. ഇവിടെ നിബന്ധനകള്‍ക്ക് വിധേയമായി പോത്തുകളെയും കാളകളെയും കശാപ്പ് ചെയ്യാം. എന്നാല്‍ അവിടെയും പ്രശ്‌നങ്ങളുണ്ട്. ജനസംഖ്യ കുറവായ ഗോവയില്‍, ഖുറേഷി സമുദായത്തില്‍ പെട്ട 70ല്‍ പരം മുസ്ലീം വ്യാപാരികള്‍ മാത്രമാണ് കര്‍ണാടകയില്‍ നിന്നും മാടുകളെ ഗോവയില്‍ എത്തിച്ച് സര്‍ക്കാര്‍ അറവുശാലയ്ക്ക് കൈമാറിക്കൊണ്ടിരുന്നത്. എന്നാല്‍ മൃഗസംരക്ഷകര്‍ എന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ പല തവണ കന്നുകാലികളെ തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ കര്‍ണാടകയില്‍ നിന്നും കന്നുകാലികളെ കൊണ്ടുവരുന്നത് അവര്‍ പൂര്‍ണമായും നിര്‍ത്തലാക്കി.

അവിടെ ഗോസംരക്ഷണം ഇവിടെ ബീഫ് വില്‍പ്പന; ആര്‍എസ്എസ് തൃശ്ശൂരില്‍ മാട്ടിറച്ചി വില്‍പ്പന കേന്ദ്രം ആരംഭിക്കുന്നു

പ്രതിദിനം 300 കന്നുകാലികളെ കശാപ്പു ചെയ്യാന്‍ ശേഷിയുള്ള അറവുശാലയാണ് ഗോവ മീറ്റ് കോംപ്ലക്‌സ്. എന്നാല്‍ ഇവിടുത്തെ 56 ജീവനക്കാര്‍ മിക്കപ്പോഴും പണിയില്ലാതിരിക്കുകയാണ്. 2013ല്‍ അറവുശാലയില്‍ പ്രായപൂര്‍ത്തിയാവാത്ത് മൃഗങ്ങളെ കശാപ്പു ചെയ്യുന്നുവെന്നും അവിടുത്തെ യന്ത്രങ്ങള്‍ പഴകിയതാണെന്നും ചൂണ്ടിക്കാട്ടി ചിലര്‍ ഹൈക്കോടതിയില്‍ പരാതി നല്‍കി. തുടര്‍ന്ന് കോംപ്ലക്‌സ് പൂട്ടിയിട്ടു. 13 കോടി രൂപയുടെ നവീകരണം നടത്തിയതിന് ശേഷം 2016 മേയിലാണ് അറവുശാല വീണ്ടും തുറന്നത്. 2012-13ല്‍ 15,368 കന്നുകാലികളെയാണ് ഇവിടെ കശാപ്പു ചെയ്തതെങ്കില്‍, 2014-15 അത് വെറും 78 ആയി ഇടിഞ്ഞു. 2015-16ല്‍ 497 ഉം 2016-17ല്‍ 4,987 ഉം കന്നുകാലികളെയാണ് ഇവിടെ കശാപ്പ് ചെയ്തത്.

കടുത്ത പീഡനമാണ് സമീപകാലത്ത് ഗോവയിലെ കന്നുകാലി വ്യാപാരികള്‍ നേരിടുന്നത്. സംസ്ഥാനത്തേക്ക് നിയമപരമായി കൊണ്ടുവരുന്ന കന്നുകാലികളെ ഗുണ്ട സംഘങ്ങള്‍ ഗോരക്ഷകര്‍ എന്ന പേരില്‍ തട്ടിയെടുക്കുന്നു. ഒന്നുകില്‍ ഇവയെ അഴിച്ചുവിടുകയോ അല്ലെങ്കില്‍ സംരക്ഷണ കേന്ദ്രങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന സ്ഥലങ്ങളില്‍ എത്തിക്കുകയും ചെയ്യും. മാംസമാണ് കൊണ്ടുവരുന്നതെങ്കില്‍ ഫിനൈല്‍ ഒഴിച്ച് നശിപ്പിക്കുകയോ കത്തിച്ചുകളയുകയോ ആണ് പതിവ്. ഇതേ തുടര്‍ന്നാണ് അപ്രതീക്ഷിത സമരം പ്രഖ്യാപിച്ചത്.

കാജോളിന്റെ ബീഫ് പാര്‍ട്ടി; വീഡിയോ വിവാദമാകുന്നു

ഉത്സവകാലത്ത് ബീഫ് ലഭ്യമാകാതായതോടെ ഉപഭോക്താക്കള്‍ പ്രതിഷേധിച്ചു. എന്നാല്‍ ഈ സംഭവങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ തയ്യാറായില്ല. പകരം നിയമപരമായ സംസ്ഥാനത്തേക്ക് ബീഫ് എത്തിക്കുന്നതിന് തടസമില്ലെന്ന പതിവ് നിലപാടിലായിരുന്നു അദ്ദേഹം. ബീഫ് നിരോധനം എന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടും ഗോവയിലെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് സാധ്യതകളും തമ്മിലുള്ള സന്തുലനം നിലനിര്‍ത്താനുള്ള കൗശലമാണ് അദ്ദേഹം പ്രകടിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ജനുവരി പത്തിന് വ്യാപാരം പുനഃരാരംഭിച്ചെങ്കിലും ഗോ സംരക്ഷകര്‍ നിലപാടില്‍ നിന്നും പിന്‍മാറിയിട്ടില്ല. സംസ്ഥാനത്ത് ബീഫ് നിരോധിക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നില്ലെന്നും മഹാരാഷ്ട്രയില്‍ നിലവിലുള്ളതുപോലെയുള്ള ഒരു നിയമമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ഗോനാഷ് രക്ഷ അഭിയാന്‍ എന്ന സംഘടനയുടെ അധ്യക്ഷന്‍ ഹനുമാന്‍ പരാബ് പറയുന്നു. എന്നാല്‍ അതൊരു പൂര്‍ണനിരോധന ആവശ്യമാണെന്നുള്ളതാണ് തമാശ. 1976ല്‍ ഗോവവധം നിരോധിച്ച മഹാരാഷ്ട്രയില്‍ 2015ല്‍ കാളകളുടെ കശാപ്പും നിരോധിച്ചു. ഇന്ത്യന്‍ മൃഗക്ഷേമ ബോര്‍ഡും ഗോവയില്‍ ബീഫ് നിരോധനത്തിന് അനുകൂലമായി പ്രവര്‍ത്തിക്കുന്ന എന്നതാണ് വസ്തുത. ഇവരുടെ ഉദ്യോഗസ്ഥര്‍ ബീഫില്‍ ഫിനൈല്‍ ഒഴിക്കുന്നതായി വ്യാപാരികള്‍ ആരോപിക്കുന്നു.

ബീഫ് വ്യവസായം; 90 ശതമാനം ലാഭം കൊയ്യുന്നതും ബ്രാഹ്മണര്‍

ഏകദേശം ഒരു ദശാബ്ദമായി തകര്‍ച്ച് നേരിടുകയാണ് ഗോവയിലെ മാംസവ്യാപാരം. ആറുമാസം മുമ്പ് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ആ തകര്‍ച്ചയ്ക്ക് ആക്കം കൂടി. മൃഗക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു. മൃഗക്ഷേമ ബോര്‍ഡ് ഒക്ടോബറില്‍ സമ്പാദിച്ച ഒരു കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഗോവ മീറ്റ് കോംപ്ലക്‌സ് പൂര്‍ണമായും അടച്ചു പൂട്ടി. ഈ ശാല സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാര്‍ എന്നത് ഉദ്യോഗസ്ഥരുടെ അതിരുവിട്ട ആവേശത്തെ സംശയത്തിന്റെ നിഴലിലാക്കുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകത്തിലും പശുരാഷ്ട്രീയം വികൃതരൂപം പ്രാപിക്കുന്ന സാഹചര്യത്തില്‍ ഗോവയുടെ ബീഫ് പ്രേമികളെ സംബന്ധിച്ചിടത്തോളം അത്ര ശുഭകരമായ വാര്‍ത്തകളല്ല വരാനിരിക്കുന്നത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍