UPDATES

ട്രെന്‍ഡിങ്ങ്

പൊക്കാളി കൃഷിയും ചെമ്മീന്‍ കെട്ടും; വളന്തക്കാടിന്റെ സുവര്‍ണ്ണ കാലത്തെ കുറിച്ച്

അധ്വാനിക്കാനുള്ള മനസുളള ആര്‍ക്കും അന്ന് അന്നത്തിന് മുട്ട് വന്നിട്ടുമില്ല

ശോഭാ ഗ്രൂപ്പെന്ന ഭീമന്‍ വളന്തക്കാട് ദ്വീപിനെ വിഴുങ്ങുന്നതിന് മുന്‍പ് ദ്വീപീലെ ജനതയ്ക്കുണ്ടായിരുന്ന സുവര്‍ണകാലം ഇവിടുത്തെ പഴയ തലമുറ ഓര്‍ത്തെടുക്കുന്നു. പൊക്കാളി കൃഷി, ചെമ്മീന്‍ കെട്ട്, കക്ക വാരല്‍ എന്നിങ്ങനെ എന്തില്‍ തൊട്ടാലും വിജയം നേടിയിരുന്ന ജനത ആയിരുന്നു ഇത്. വളന്തക്കാടുകാരോടുള്ള കാലങ്ങളായുള്ള അവഗണന, ഇവരുടെ ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണ്? ഇതിന് പരിഹാരമില്ലേ? ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടി അഴിമുഖം വളന്തക്കാട് ദ്വീപിലെത്തി ജനങ്ങളോട് സംസാരിച്ചു. വികസനത്തിന്റെ പേര് പറഞ്ഞ് അവരുടെ ഉപജീവന മാര്‍ഗങ്ങള്‍ തകര്‍ത്തെറിഞ്ഞവരോട് ഇവിടുത്തുകാര്‍ സംതൃപ്തിയോടെ കഴിഞ്ഞ നാളുകള്‍ ഓര്‍മ്മപ്പെടുത്തുകയാണ്. പരമ്പരയുടെ ആദ്യഭാഗങ്ങള്‍ വായിക്കാം- പ്രസവം വള്ളത്തില്‍, അസുഖം വന്നാല്‍ മരണം; കൊച്ചിയുടെ തൊട്ടടുത്ത വളന്തക്കാട് ദ്വീപില്‍ ഇങ്ങനെ കുറെ മനുഷ്യര്‍ ജീവിക്കുന്നുണ്ട്, വളന്തക്കാടുകാര്‍ക്ക് പാലം; സ്വരാജ് എംഎല്‍എയും മരട് നഗരസഭയും ശോഭാ ഗ്രൂപ്പിനെ പേടിക്കേണ്ടതുണ്ടോ?, ഹൈടെക് സിറ്റി വന്നാല്‍ വളന്തക്കാടുകാര്‍ക്കും ഗുണമെന്ന് ശോഭാ ഗ്രൂപ്പ്; പാലത്തിനും റോഡിനും തങ്ങള്‍ തടസമായി നില്‍ക്കില്ല, ജനിച്ച മണ്ണ് ഇട്ടെറിഞ്ഞിട്ട് ശോഭാഗ്രൂപ്പിന്റെ വികസനം വേണ്ട; വളന്തക്കാട് കഴിയുന്നവര്‍ക്ക് പറയാനുള്ളത്

ദ്വീപില്‍ കൃഷിയും ചെമ്മീന്‍ കെട്ടില്‍ നിന്ന് നല്ല വരുമാനവുമുള്ളപ്പോള്‍ സുഭിക്ഷമാണ് ഇവിടുത്തുകാര്‍ക്ക്. വര്‍ഷത്തില്‍ മൂന്നു മാസം മാത്രമെ പുറത്ത് പോയി അരി വാങ്ങേണ്ടി വന്നിട്ടുള്ളു. അല്ലാത്ത സമയം സമ്പല്‍ സമൃദ്ധിയോടെ കഴിയാനുള്ളത് ദ്വീപില്‍ നിന്ന് തന്നെ കിട്ടുമായിരുന്നു. പണ്ട് ദ്വീപിലുണ്ടായിരുന്ന പൊക്കാളി കൃഷിയെ കുറിച്ചും. ചെമ്മീന്‍ കൃഷിയെകുറിച്ചും പഴയ തലമുറ പറയുന്നത് ഇങ്ങനെയാണ്.

ദ്വീപില്‍ പൊന്ന് വിളയിച്ച പൊക്കാളി കൃഷി

ദ്വീപില്‍ കൃഷി തുടങ്ങുന്നത് മേടമാസത്തിലാണ് അതായത് ഏപ്രില്‍ മാസത്തില്‍. ആദ്യം നിലം ഇളക്കി ചാല് കോരുക, കൂമ്പലു വയ്ക്കുകയെന്ന് പറയാം. ഇത് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞ് പണി തുടങ്ങും. ഏകദേശം 28 ദിവസം ആകുമ്പേഴേക്കും മുക്കാല്‍ അടി പൊക്കത്തില്‍ ഞാറ് പൊങ്ങും. അവ വെട്ടി പെണ്ണുങ്ങള്‍ നിരത്തും. ഈ വെട്ടിയെടുക്കുന്നവ പിന്നെ നടും. ഏക്കറ് കണക്കിന് സ്ഥലത്ത് നട്ട ഞാറ് നോക്കി വളര്‍ത്തുകയാണ് പിന്നെ ജോലി. കാത്തിരിപ്പിന് ശേഷം കന്നിമാസത്തോടെ കൊയ്ത്തിനുളള കാലമാകും. കൊയ്‌തെടുക്കുന്നവയില്‍ കുറച്ചു വില്‍പനയ്ക്ക് എത്തിക്കും. ശേഷിക്കുന്ന വീട്ടില്‍ സൂക്ഷിയ്ക്കും. ഇതാണ് പതിവ്. ഈ ദിനങ്ങളില്‍ നന്നായി അധ്വാനിക്കുന്നവന് നല്ല ഫലം കിട്ടുമെന്നുറപ്പാണ്. അധ്വാനിക്കാനുള്ള മനസുളള ആര്‍ക്കും അന്ന് അന്നത്തിന് മുട്ട് വന്നിട്ടുമില്ല. ബിനാമി പേരുകളില്‍ നജീബ്, ജോര്‍ജ്, ജോസൂട്ടന്‍ എന്നിങ്ങനെ പല പേരുകളില്‍ ശോഭാ ഗ്രൂപ്പ് സഥലം വാങ്ങിയതോടെ എല്ലാം തകിടം മറിഞ്ഞു. പൊക്കാളി കൃഷി കഴിഞ്ഞ് നെല്ല്‌ കൊയ്‌തെടുത്ത ശേഷം വയ്‌ക്കോലിനെ ബാക്കിയാക്കുകയും തുടര്‍ന്ന് ചെമ്മീന്‍ കൃഷിയും, ഒപ്പം താറാവ് വളര്‍ത്തലും ഇവിടുത്തുകാര്‍ നടത്തിയിരുന്നു. രണ്ട് മീറ്ററിലധികം പൊങ്ങുന്ന ഞാറ് കൊയ്തെടുത്ത ശേഷം വയ്‌ക്കോല്‍ ഉപേക്ഷിക്കുമ്പോള്‍ താറാവ് ഇത് ഭക്ഷണമാക്കും. ഇങ്ങനെ സര്‍വസ്വാതന്ത്ര്യത്തോടെ നടത്തി വന്നതിനെല്ലാം പിന്നീട് നിയന്ത്രണങ്ങളായി.

പ്രസവം വള്ളത്തില്‍, അസുഖം വന്നാല്‍ മരണം; കൊച്ചിയുടെ തൊട്ടടുത്ത വളന്തക്കാട് ദ്വീപില്‍ ഇങ്ങനെ കുറെ മനുഷ്യര്‍ ജീവിക്കുന്നുണ്ട്

ചെമ്മീന്‍ കൃഷിയും ലാഭകൊയ്ത്തും

ചെമ്മീന്‍ കൃഷിയില്‍ നിന്ന് ദ്വീപിലെ ജനത ലാഭം കൊയ്തത് ചെറുതൊന്നുമല്ല. അന്നൊക്കെ വിദേശ നാണ്യം നേടാനുള്ള മാര്‍ഗമായിരുന്നു ചെമ്മീന്‍ കൃഷി. ചെമ്മീന്‍ കെട്ടിലെ വിളവെടുത്തു കഴിഞ്ഞാല്‍ പിന്നെ എല്ലാവര്‍ക്കും പണമായി. വിളവെടുത്ത ചെമ്മീന്‍ ചാക്കുകളലാക്കിയ ശേഷം വടികൊണ്ട് അടിക്കും. ചെമ്മീന്റെ തൊലി പോയി മാംസം മാത്രമാക്കുന്നതിനു വേണ്ടിയാണത്രേ ഇങ്ങനെ ചെയ്യുന്നത്. വലിയ ചെമ്മീനുകളെയും ചെറിയ ചെമ്മീനുകളേയും പ്രത്യേകം പ്രത്യേകം കെട്ടുകളിലാക്കിയാണ് വളര്‍ത്തിയിരുന്നത്. വിദേശ നാണ്യം കിട്ടുന്നതിനുള്ള മാര്‍ഗമായിരുന്നു ഇത്. ആദ്യം 5000 രൂപയുണ്ടായിരുന്ന ചെമ്മീന് ഒരു ലഷം രൂപ വരെ മാര്‍ക്കറ്റ് വിലയായി. വിവിധ സ്ഥലങ്ങളില്‍ നിന്ന് സേട്ടുമാര്‍ എത്തി ചെമ്മീന്‍ പരിപ്പ് വലിയ വിലയ്ക്ക് വാങ്ങിക്കൊണ്ട് പോകും. പിന്നീട് ഇവ കപ്പല്‍ മാര്‍ഗം സിംഗപ്പൂര്‍, ബര്‍മ എന്നിവിടങ്ങളിലേക്ക് കയറ്റി അയക്കും. അക്കാലത്ത് അവിടുത്തുകാരുടെ ഇഷ്ട ഭക്ഷണമായിരുന്നു കേരളത്തില്‍ നിന്നെത്തുന്ന ചെമ്മീന്‍. അന്ന് ഇവിടുത്തുകാര്‍ അരി വാങ്ങുന്നതു പോലെ ആയിരുന്നു ഈ രാജ്യങ്ങളിലുളളവര്‍ ചെമ്മീന്‍ വാങ്ങിയിരുന്നത്. വേലിയേറ്റത്തോടൊപ്പം കടലില്‍ നിന്നും കയറിവരുന്ന ചെമ്മീന്‍കുഞ്ഞുങ്ങളേ ചെമ്മീന്‍ കെട്ടുകള്‍ തടഞ്ഞു നിര്‍ത്തി വേലിയിറക്കസമയത്ത് തൂമ്പില്‍ വലവെച്ച് പുറത്തേക്കിറങ്ങി വരുന്നവയെ പിടിച്ചെടുക്കുന്ന രീതിയാണ് ചെമ്മീന്‍ വാറ്റ്. ഇങ്ങനെ ഏഴു മുതല്‍ 15 ദിവസം വരെ ചെയ്യാറുണ്ട്. ചെമ്മീന്‍ കെട്ടുകളില്‍ സ്വാഭാവികമായി കാണപ്പെടുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ തിന്നാണ് ചെമ്മീന്‍ വളരുന്നത്. പൂര്‍ണ വളര്‍ച്ചയെത്തിയാല്‍ ഈ ചെമ്മീനുകള്‍ വിളവെടുക്കും. വെള്ളം വറ്റിക്കുന്നതിനായി പണ്ട് കാലങ്ങളില്‍ അടക്കാമരം ഉപയോഗിച്ച് തടംകെട്ടി വെള്ളം പറ്റിച്ച് വിളവെടുക്കും. ഇന്ന് അത് നെറ്റുകള്‍ കെട്ടിയാണ് ചെയ്യുന്നത്.

വളന്തക്കാടുകാര്‍ക്ക് പാലം; സ്വരാജ് എംഎല്‍എയും മരട് നഗരസഭയും ശോഭാ ഗ്രൂപ്പിനെ പേടിക്കേണ്ടതുണ്ടോ?

ഹൈടെക് സിറ്റി വന്നാല്‍ വളന്തക്കാടുകാര്‍ക്കും ഗുണമെന്ന് ശോഭാ ഗ്രൂപ്പ്; പാലത്തിനും റോഡിനും തങ്ങള്‍ തടസമായി നില്‍ക്കില്ല

ജനിച്ച മണ്ണ് ഇട്ടെറിഞ്ഞിട്ട് ശോഭാഗ്രൂപ്പിന്റെ വികസനം വേണ്ട; വളന്തക്കാട് കഴിയുന്നവര്‍ക്ക് പറയാനുള്ളത്

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍