UPDATES

105 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ഒരു പെണ്‍ പള്ളിക്കൂടത്തില്‍ ആര്‍ത്തവ അവധി നല്‍കിയിരുന്നു

ആര്‍ത്തവ സമയത്ത് വാര്‍ഷിക പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു അവസരത്തില്‍ പരീക്ഷ എഴുതാന്‍ അവസരം നല്‍കണമെന്ന് കാണിച്ച് വിദ്യാഭ്യാസ ഡയറക്ടര്‍ ജനുവരി 24-ന് ഉത്തരവ് പുറത്തിറക്കി

ആര്‍ത്തവ അവധിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ കേരളത്തില്‍ ഇപ്പോഴാണ് സജീവമായത്. എന്നാല്‍ 105 വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ഒരു പെണ്‍പള്ളിക്കൂടം തങ്ങളുടെ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി നല്‍കിയിരുന്നു. 1912-ല്‍ പഴയ കൊച്ചി രാജ്യത്തെ തൃപ്പൂണിത്തുറ സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളാണ് ഇത്രയും വിപ്ലവകരമായ തീരുമാനം നടപ്പിലാക്കിയത്. തങ്ങളുടെ വിദ്യാര്‍ത്ഥിനികള്‍ക്ക് വാര്‍ഷിക പരീക്ഷയുടെ സമയത്ത് ആര്‍ത്തവ അവധിയെടുക്കാനും മറ്റേതെങ്കിലും ഒരു ദിവസം പരീക്ഷ എഴുതാനും ഇവിടെ അനുവദിച്ചിരുന്നു. ചരിത്രകാരനായ പി ഭാസ്‌കരനുണ്ണി എഴുതിയ ’19-ാം നൂറ്റാണ്ടിലെ കേരളം’ എന്ന പുസ്തകത്തിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

ആര്‍ത്തവ സമയത്ത് വനിത അധ്യാപകരും വിദ്യാര്‍ത്ഥിനികളും സാധാരണഗതിയില്‍ അവധിയിലായിരിക്കുമെന്നും ഈ സമയത്ത് അവര്‍ക്ക് അവധി അനുവദിക്കണമെന്നും ആവശ്യപ്പെട്ട പ്രധാന അധ്യാപകര്‍ ഉന്നതാധികാരികളെ സമീപിക്കാറുണ്ടായിരുന്നുവെന്ന് പുസ്തകത്തില്‍ പറയുന്നു. 1988-ല്‍ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകം 19, 20 നൂറ്റാണ്ടുകളിലെ കേരളത്തിന്റെ ജീവിതരീതി, ആചാരക്രമങ്ങള്‍, മത, സമുദായം, കുടുംബരീതികള്‍, വിദ്യാഭ്യാസം, കൃഷി, ക്ഷേത്രങ്ങള്‍, ഭരണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള ആധികാരിക ഗ്രന്ഥമായാണ് അറിയപ്പെടുന്നത്.

വിദ്യാഭ്യാസ നിയമങ്ങള്‍ പ്രകാരം വാര്‍ഷിക പരീക്ഷ എഴുതുന്നതിന് 300 ദിവസത്തെ ഹാജര്‍ വേണമായിരുന്നു. ഇടയ്ക്കിടെ പരീക്ഷകള്‍ നടത്തിയിരുന്നു. പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരിക്കണം എന്ന് നിര്‍ബന്ധമായിരുന്നു. എന്നാല്‍ തൃപ്പൂണിത്തുറ ഗേള്‍സ് സ്‌കൂളില്‍ വനിത അധ്യാപകരും വിദ്യാര്‍ത്ഥിനികളും ആര്‍ത്തവകാലത്ത് ഹാജരായിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ അന്നത്തെ സ്‌കൂള്‍ ഹെഡ്മാസ്റ്ററായ വി പി വിശ്വനാഥ അയ്യര്‍ 1912 ജനുവരി 19-ന് തൃശ്ശൂരില്‍ സ്‌കൂള്‍ ഇന്‍സ്‌പെക്ടറെ സമീപിച്ച് വിഷയം അവതരിപ്പിച്ചിരുന്നു. അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ അധികാരികള്‍ അനുകൂലമായ തീരുമാനം എടുത്തുവെന്നും പുസ്തകത്തില്‍ പറയുന്നു.

‘ആര്‍ത്തവ സമയത്ത് വാര്‍ഷിക പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു അവസരത്തില്‍ പരീക്ഷ എഴതാന്‍ അവസരം നല്‍കണമെന്ന് കാണിച്ച് വിദ്യാഭ്യാസ ഡയറക്ടര്‍ ജനുവരി 24-ന് ഉത്തരവ് പുറത്തിറക്കി’ എന്ന് പുസ്തകത്തില്‍ പറയുന്നു. ആര്‍ത്തവ വിഷയം നിഷിദ്ധമായി കരുതിയിരുന്ന കാലത്താണ് മേല്‍ജാതിയില്‍പെട്ട ഒരു പ്രഥമാധ്യാപകന്‍ ഇത്തരം ഒരു ആവശ്യം ഉന്നയിച്ച് അധികാരികളെ സമീപിച്ചത് എന്നതാണ് ഏറ്റവും രസകരം. എന്നാല്‍ തങ്ങളുടെ സ്‌കൂള്‍ ഇത്രയും വിപ്ലവകരമായ തീരുമാനങ്ങള്‍ എടുത്തിരുന്ന ഒന്നായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ ഇപ്പോഴാണ് അറിയുന്നത്. സ്‌കൂളിലെ മുന്‍ അധ്യാപകനും സ്‌കൂള്‍ ചരിത്രത്തില്‍ താത്പര്യമുള്ളയാളുമായ ബാബു മാഷ് അഴിമുഖത്തോട് പറഞ്ഞത്- ‘കൊച്ചി രാജ്യത്ത് ആദ്യമായി ഹൈസ്‌ക്കൂളായി ഉയര്‍ത്തപ്പെട്ട പെണ്‍പള്ളിക്കൂടമാണ് ഇത്. 1909-ല്‍ സ്‌കൂള്‍ സ്ഥാപിതമായിയെന്നാണ് രേഖകളില്‍ കാണുന്നത്. കൊച്ചിയില്‍ റെയില്‍വേ പാത കൊണ്ടുവന്ന രാമവര്‍മ്മ രാജശ്രീ തമ്പുരാനാണ് ഹൈസ്‌കൂളിന് വേണ്ടി മുന്‍കൈ എടുത്തത്. 1912-ല്‍ സ്‌കൂളില്‍ ആര്‍ത്തവ അവധി അനുവദിച്ചിരുന്നു എന്ന് പറയുന്ന കാര്യത്തെ കുറിച്ച് അറിയില്ല. അതിന് സാധ്യതയുണ്ട്. സ്‌കൂള്‍ ആരംഭിച്ച മുതലേ വിപ്ലവകരമായ പല കാര്യങ്ങളും സ്‌കൂളില്‍ നടന്നിട്ടുണ്ട്. വിദ്യാലയങ്ങള്‍ തന്നെ കുറവായിരുന്ന ഒരു കാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഒരു സ്‌കൂള്‍ എന്നത് തന്നെ വിപ്ലവകരമായ തീരുമാനം ആല്ലായിരുന്നോ?’

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ കെ എസ് ശബരിനാഥന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഒരു നൂറ്റാണ്ടിന് ശേഷം കേരള നിയമസഭയില്‍ ഇങ്ങനെ ഒരു ആവശ്യം ഉയര്‍ന്നുവന്നത്. നിരവധി രാജ്യങ്ങള്‍ വനിത ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ ഇതിന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും ശബരിനാഥന്‍ ആവശ്യപ്പെട്ടിരുന്നു. വിഷത്തിന്റെ വിവിധ തലങ്ങള്‍ പരിശോധിച്ച ശേഷം സര്‍ക്കാര്‍ ഒരു പൊതുനിലപാടിന് രൂപംനല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് ഉറപ്പുനല്‍കിയിരുന്നു. ‘ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ വിവിധ തരത്തിലുള്ള ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഇപ്പോള്‍ ആര്‍ത്തവ അവധി സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്നുണ്ട്. ആര്‍ത്തവം ജീവശാസ്ത്രപരമായ ഒരു പ്രക്രിയ ആയതിനാല്‍ വിഷയത്തില്‍ കൂടുതല്‍ ഗൗരവതരമായ ചര്‍ച്ചകള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സ്‌കൂളിലെ മുന്‍ പിടിഎ അംഗമായ ഒരു വ്യക്തി പ്രകടിപ്പിച്ചത്- ‘ആര്‍ത്തവ അവധി എന്നത് നമ്മള്‍ ഇന്ന് പറയുന്നതുപോലെയുള്ള തരത്തിലായിരുന്നോ എന്ന് ചിന്തിക്കണം. കാരണം അന്ന് ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകളെ അകറ്റി നിര്‍ത്തുകയും മൂന്നാലു ദിവസങ്ങളില്‍ ഒറ്റക്ക് മുറികളില്‍ ഇരുത്തുകയും ചെയ്യുന്ന സമ്പ്രാദായമുണ്ടായിരുന്നു. ചിലപ്പോള്‍ അതിന്റെ ഭാഗമായി ആര്‍ത്തവ സമയങ്ങളില്‍ പഠനം വേണ്ട എന്ന തരത്തിലുള്ള മാനോഭാവത്തോട് കൂടിയുള്ള അവധിയായിക്കില്ലേ അതെന്ന് സംശയമുണ്ട്. ഈക്കാര്യത്തെ കുറിച്ച് വ്യക്തമായ കാര്യങ്ങള്‍ അറിയാത്തതിനാല്‍ ഒരു അഭിപ്രായം പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട്. ഇന്നത്തേപോലെയുള്ള ചിന്താഗതിയുടെ ഭാഗമായിട്ടാണ് അന്നത്തെ ആര്‍ത്തവ അവധി എങ്കില്‍ തീര്‍ച്ചയായും നമ്മുടെ മുന്‍ തലമുറ എത്ര ദീര്‍ഘവീക്ഷണമുള്ളവരും നല്ല ചിന്താഗതിയുള്ളവരുമാണ് എന്നതില്‍ നമ്മുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്’ ഇങ്ങനെയാണ്.

ആര്‍ത്തവ അവധിക്ക് നിയമപ്രാബല്യം നല്‍കണമെന്നും വനിത ജീവനക്കാര്‍ അത്തരം ഇളവ് നല്‍കാന്‍ തൊഴിലുടമകളെ നിയമപരമായി ബാധ്യസ്ഥരാക്കണമെന്നും സിപിഎം നേതാവ് ബൃന്ദ കാരാട്ടും അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. മാതൃഭൂമി ടെലിവിഷന്‍ ചാനലും മുംബൈ ആസ്ഥാനമായുള്ള രണ്ട് കമ്പനികളും ആര്‍ത്തവത്തിന്റെ ആദ്യദിവസം ശമ്പളത്തോടെയുള്ള അവധി നല്‍കാന്‍ തീരുമാനിച്ചതോടെയാണ് വിഷയം ചര്‍ച്ചയ്ക്ക് വന്നത്. പ്രത്യശാസ്ത്രപരവും ലിംഗപരവുമായ വേര്‍തിരിവുകള്‍ക്ക് അപ്പുറം എല്ലാവരും ആവശ്യത്തോട് യോജിക്കുകയും എല്ലാ മേഖലകളിലും ഇത് നടപ്പിലാക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍