UPDATES

ട്രെന്‍ഡിങ്ങ്

അമിത് ഷാ സ്വയം പ്രാകുന്നുണ്ടാകും, കുമ്മനത്തെ നാടുകടത്തേണ്ടിയിരുന്നില്ല!

സ്ഥാനമാനങ്ങൾക്കു വേണ്ടി കേരളത്തിലെ കോൺഗ്രസുകാർക്കിടയിൽ നടക്കുന്ന കടിപിടിയേക്കാൾ ഏറെ രൂക്ഷമാണ് കേരളത്തിൽ ഇനിയും ഭരണത്തിന്റെ നാലയലത്തു പോലും എത്തിയിട്ടില്ലാത്ത ബി ജെ പി യിലെ കടിപിടി എന്നാണ് കേൾക്കുന്നത്

കെ എ ആന്റണി

കെ എ ആന്റണി

കുമ്മനത്തെ മിസോറാമിലേക്കു പറഞ്ഞു വിടേണ്ടിയിരുന്നില്ലെന്നു ഒരുപക്ഷെ അമിത് ഷാ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകണം. നാടുകടത്തൽ എന്നൊക്കെ ആരൊക്കെയോ പറഞ്ഞപ്പോൾ മനസ്സില്ലാ മനസ്സോടു കൂടിയാണ് പാവം കുമ്മനം മിസോറാമിലേക്കു കെട്ടും ഭാണ്ഡവും മുറുക്കി പുറപ്പെട്ടതെങ്കിലും കേരളത്തിൽ താനിരുന്ന ആ കസേരക്കുവേണ്ടി നടക്കുന്ന കടിപിടി കണ്ട് ഐസ്വാളിൽ ഗവർണർ കസേരയിൽ അമർന്നിരുന്നു കുമ്മനംജി ഇപ്പോൾ ചിരിക്കുന്നുണ്ടാവണം. അല്ലെങ്കിലും എങ്ങിനെ ചിരിക്കാതിരിക്കും. ഗ്രൂപ്പ് മാനേജർമാർ വളഞ്ഞിട്ടു ആക്രമിച്ചപ്പോൾ നിന്ന് പൊറുക്കാൻ പറ്റാതെ വന്നപ്പോഴാണ് താൻ കെ പി സി സി അധ്യക്ഷ സ്ഥാനം രാജി വെച്ചതെന്ന് പറയുന്ന വി എം സുധീരന്റെ അതേ അവസ്ഥയിൽ തന്നെയായിരുന്നില്ലേ കുമ്മനവും.

കേരളത്തിൽ ബി ജെ പി അധ്യക്ഷനായി അവരോധിക്കപ്പെട്ടപ്പോൾ എന്തൊക്കെ സ്വപ്നങ്ങളായിരുന്നു മനസ്സിൽ. എം എൽ എ, പ്രതിപക്ഷ നേതാവ് അധികം വൈകാതെ കേരള മുഖ്യൻ എന്നിങ്ങനെ ഓരോന്ന് വെറുതെ സ്വപ്നം കണ്ടുപോയി. തിരുവനന്തപുരത്തു പാർട്ടിക്ക് വേണ്ടി നിർമ്മിക്കുന്ന പുതിയ ആസ്ഥാന മന്ദിരത്തിൽ ഭാവി മുഖ്യമന്ത്രിക്ക് സ്വന്തം പാർട്ടി നേതാക്കളും പ്രവർത്തകരുമായി ഗഹന ചർച്ചകൾ നടത്താനും ഇടക്കൊക്കെ വെറുതെ സൊറ പറഞ്ഞിരിക്കാനും ഒരു പ്രത്യേക മുറി തന്നെ ബ്ലൂപ്രിന്റിൽ വരച്ചു ചേർപ്പിച്ചതൊക്കെ ഒടുവിൽ വെറുതെ ആയി. എങ്കിലും ചില സംഘി വിരുദ്ധർ ‘കുമ്മനം ഗോ ബാക്ക്’ എന്നൊക്കെ തുടക്കത്തിൽ ആക്രോശിച്ചെങ്കിലും ഇപ്പോൾ ഇത്തിരി മനസമാധാനത്തോടെ ഗവർണർ കസേരയിൽ ഇരിക്കുകയും സ്റ്റേറ്റ് കാറിൽ യാത്ര ചെയ്യുകയും സർക്കാർ ചെലവിൽ മാമം ഉണ്ണുകയും ചെയ്യുന്നുണ്ടല്ലോ! അല്ലെങ്കിലും കേരള ബി ജെ പി യിലെ ഗ്രൂപ്പ് മാനേജർമാരും കോൺഗ്രസ് ഗ്രൂപ്പ് മാനേജര്‍മാരെപ്പോലെ കണ്ണിൽ ചോരയില്ലാത്ത വർഗ്ഗമാണ്. അതുകൊണ്ടല്ലേ തന്നെ വീഴ്ത്താന്‍ മെഡിക്കൽ കോഴ ആരോപണവുമായി അവരിൽ ചിലർ ചാടി വീണത്. ആരോപണം എം ടി രമേശിന് എതിരെയാണെന്നൊക്കെ ജനം കരുതിയെങ്കിലും കുന്തമുന നീണ്ടത് പ്രസ്ഥാനത്തിനുവേണ്ടി പെണ്ണു, കുട്ടി പ്രാരാബ്ധങ്ങൾ വേണ്ടെന്നു വെച്ച ഈ പാവം നിത്യ ബ്രഹ്മചാരിയോട് അവർ ഇങ്ങനെയൊക്കെ പെരുമാറുമായിരുന്നോ എന്നൊക്കെ കേരളത്തിലെ കടിപിടി കണ്ട് രസിക്കുന്നതിനിടയിലും കുമ്മനംജി ആത്മഗതം ചെയ്യുന്നുണ്ടാവണം.

കുമ്മനത്തിന്റെ ആത്മഗതം അവിടെ നിൽക്കട്ടെ. ഇവിടെ ഇപ്പോൾ പ്രശ്നം മനസ്സില്ലാമനസ്സോടു കൂടിയാണെങ്കിലും കുമ്മനത്തിനു ത്യജിക്കേണ്ടിവന്ന ബി ജെ പി അധ്യക്ഷന്റെ കസേരയിലേക്കു ഇനിയിപ്പോൾ ആര് എന്നതാണ്. സ്ഥാനമാനങ്ങൾക്കു വേണ്ടി കേരളത്തിലെ കോൺഗ്രസുകാർക്കിടയിൽ നടക്കുന്ന കടിപിടിയേക്കാൾ ഏറെ രൂക്ഷമാണ് കേരളത്തിൽ ഇനിയും ഭരണത്തിന്റെ നാലയലത്തു പോലും എത്തിയിട്ടില്ലാത്ത ബി ജെ പി യിലെ കടിപിടി എന്നാണ് കേൾക്കുന്നത്. ഇങ്ങനെയൊരു കടിപിടി മൂർച്ഛിച്ച വേളയിലായിരുന്നു ബി ജെ പി കേരള അധ്യക്ഷനായി നേരത്തെ കുമ്മനത്തെ കെട്ടി ഇറക്കിയത്. സുധീരനെ കെ പി സി സി പ്രസിഡന്റ് ആയി കെട്ടി ഇറക്കിയത് പോലെ തന്നെ. കുമ്മനം ഒഴിഞ്ഞ ആ കസേര ഇനിയിപ്പോൾ തങ്ങൾക്കു വേണമെന്നാണ് ബി ജെ പിയിലെ മുരളീധര, കൃഷ്ണദാസ് പക്ഷങ്ങൾ വാദിക്കുന്നത്. നിലവിൽ രാജ്യ സഭയിലേക്കു കെട്ടിയെടുക്കപ്പെട്ട മുരളീധരന് കെ സുരേന്ദ്രൻ പ്രസിഡന്റ് ആവണം എന്നാണത്രെ വാശി. ഇഞ്ചിനു വിട്ടുകൊടുക്കില്ലെന്നു കൃഷ്ണദാസും കൂട്ടരും. എ എൻ രാധാകൃഷ്‌ണൻ അല്ലെങ്കിൽ എം ടി രമേശ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഒരിക്കൽ ഇരുന്ന ആ കസേയിൽ വീണ്ടും ഇരിക്കണമെന്ന മോഹം കൃഷ്ണദാസൻ തീർത്തും വെടിഞ്ഞിട്ടില്ലെന്നും അണിയറ കഥകൾ ഉണ്ട്.

അതിനിടയിലാണ് നമ്മുടെ ശോഭ സുരേന്ദ്രൻ എന്തുകൊണ്ട് തന്നെ പ്രസിഡന്റ് ആക്കിക്കൂടാ എന്ന ചോദ്യവുമായി രംഗത്തുവന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ ഈ കാലഘട്ടത്തിൽ എന്തുകൊണ്ട് ഒരു വനിതക്ക് കേരളത്തിൽ ബി ജെ പി അധ്യക്ഷ ആയിക്കൂടാ എന്നാണു നമ്മുടെ ശോഭയുടെ ചോദ്യം. എന്താ അവർക്കു അങ്ങിനെ ചിന്തിച്ചു കൂടെ. പോരെങ്കിൽ ‘ബേട്ടി ബെനാവോ ബേട്ടി ബചാവോ’ എന്നൊക്കെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിജി ഇടയ്ക്കിടെ ഉദ്‌ഘോഷിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്തു എന്തുകൊണ്ട് ഒരു വനിതയെ പ്രസിഡന്റ് ആക്കി കൂടാ എന്ന ചോദ്യം ഏറെ പ്രസക്തമാണ്.

ഗ്രൂപ്പ് മാനേജര്‍മാര്‍ക്കിടയിലെ തർക്കം മുറുകിയ സാഹചര്യത്തിലാണ് ആർ എസ് എസ്സിന്റെ സഹായം അമിത് ജി തേടിയത്. എന്നാൽ കടിപിടിക്കാരെ ഭയന്നിട്ടോ എന്തോ അവർക്കും ഒരാളെ ഇനിയും നിർദ്ദേശിക്കാൻ ആയിട്ടില്ല. കേരള ബി ജെ പി അധ്യക്ഷന്റെ കാര്യത്തിൽ ഒരു സമവായം ഉണ്ടാക്കാൻ വേണ്ടി ബി ജെ പി ദേശീയ സഹ സെക്രട്ടറി ബി എൽ സന്തോഷ് ഇക്കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത യോഗത്തിൽ നിന്നും സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രൻ, എ എൻ രാധാകൃഷ്ണൻ, എം ടി രമേശ് എന്നിവർ വിട്ടു നിന്നു എന്നാണ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്. അധ്യക്ഷനെ ഏകപക്ഷീയമായി തിരഞ്ഞെടുക്കാൻ നീക്കം നടക്കുന്നുവെന്ന് ആരോപിച്ചാണത്രെ ഇവർ വിട്ടു നിന്നത്. എന്തായാലും അടി മൂക്കട്ടെ. ഒടുവിൽ കുമ്മനം ഒഴിഞ്ഞ ആ കസേരയിൽ ആരെങ്കിലും ഒരാൾ വരാതെ പറ്റില്ലല്ലോ.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ഗ്രൗണ്ടിലിറങ്ങുന്നതിന് തൊട്ടുമുമ്പ് ക്യാപ്റ്റനെ മാറ്റിയതെന്തെന്ന് ഇപ്പോള്‍ വ്യക്തമായി; കുമ്മനത്തിന്റേത് പണിഷ്മെന്‍റ് ട്രാന്‍സ്ഫര്‍ തന്നെ

വിഴിഞ്ഞത്തില്‍ ഉമ്മന്‍ ചാണ്ടിക്കുള്ള ദുരൂഹ താത്പര്യമെന്ത്?

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍