UPDATES

വീഡിയോ

ഒരു വര്‍ഷത്തെ രഹസ്യ ദാമ്പത്യജീവിതം ഒടുവില്‍ തുറന്ന് പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ പുരുഷ ദമ്പതിമാരുടെ കഥ (വീഡിയോ)

കാക്കനാട്ടെ ഫ്‌ളാറ്റില്‍ ഒരുമിച്ചുണ്ടായിരുന്ന ജീവിതത്തിന്റെ കഥയും, തങ്ങളുടെ പ്രണയവും ഉറക്കെ വിളിച്ചു പറയാന്‍ ഇവര്‍ തയ്യാറായത് തങ്ങളെപോലെ ചുറ്റും ജീവിക്കുന്ന ആളുകളെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ്.

ആർഷ കബനി

ആർഷ കബനി

2018 ജൂലൈ 5ന് ഗുരുവായൂര്‍ ക്ഷേത്ര നടയില്‍വെച്ച് മോതിരം മാറിയ ശേഷം കാര്‍ പാര്‍ക്കിങ് ഏരിയയില്‍ രഹസ്യമായിട്ടായിരുന്നു ഇവര്‍ തുളസിമാല പരസ്പരം അണിയിച്ചത്. രണ്ട് പുരുഷന്മാര്‍ മലയണിഞ്ഞ് വിവാഹിതരാവുന്നത് കണ്ടാല്‍ ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് അന്നവര്‍ ഭയന്നിരുന്നു. എന്നാല്‍ ഇന്ന് തങ്ങള്‍ സ്വവര്‍ഗാനുരാഗികളായ ദമ്പതികളാണെന്ന് ലോകത്തോട് തുറന്ന് പറയുകയാണ് സോനുവും നികേഷും.

പ്രണയ സാക്ഷാത്കാരമെന്നോണം ഇവര്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിയുന്നു. ഇത്രനാളും രഹസ്യമാക്കിവെച്ച പ്രണയം പരസ്യപ്പെടുത്തുന്നതില്‍ ഇവര്‍ക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. ഇവര്‍ വിവാഹിതരായി ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയതിന് ശേഷമാണ് സുപ്രീം കോടതി സെക്ഷന്‍ 377-ല്‍ ഭേദഗതി വരുത്തുന്നത്. 2018 ജൂലൈ വരെ ഇന്ത്യന്‍ നിയമത്തിന്റെ കണ്ണിലും സ്വവര്‍ഗ ലൈംഗികത പ്രകൃതി വിരുദ്ധവും അസ്വാഭാവികവുമായിരുന്നു.

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടതിന് ശേഷം 2019 ജൂണ്‍ 30ന് നികേഷ് തന്റെ സ്വത്വം പരസ്യപ്പെടുത്തി. താനൊരു ഗേയാണെന്നും ഹോമോസെക്ഷ്വല്‍ ആണെന്നും അന്ന് നികേഷ് തന്റെ ഫെയ്‌സ്ബുക്ക് പേജിലെഴുതി. “എനിക്ക് ഒരു പാട്ട്ണറുണ്ട്. ആളുമായി സുഖമായി, സന്തോഷമായി ഞാന്‍ എറണാകുളത്ത് ജീവിക്കുന്നു. ഈ ജീവിതകാലം മുഴുവന്‍ അവനുമായി ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ആരും ഇനി ഞങ്ങളുമായി ബന്ധം പുലര്‍ത്തണമെന്നില്ല. അതിനി എത്ര അടുപ്പമുള്ള ബന്ധുക്കള്‍ ആയാലും, സുഹൃത്തുക്കളായാലും, ഫാമിലി മെംബേഴ്‌സ് ആയാലും.” ഒരു വര്‍ഷത്തോളം മൂടിവെച്ച തങ്ങളുടെ ദമ്പത്യജീവിതം മാത്രമായിരുന്നില്ല അന്ന് നികേഷ് വെളിപ്പെടുത്തിയത്, അതുവരെ തങ്ങളുടെ ജീവിതത്തിനുമേല്‍ മൂടിനിന്നിരുന്ന ഭയത്തിനുകൂടി വിരാമമിടുകയായിരുന്നു.

1861ല്‍ നിലവില്‍വന്ന സെക്ഷന്‍ 377 ല്‍ ഭേദഗതി വരുത്തണമെന്ന ആവശ്യവുമായി നാസ് ഫൗണ്ടേഷന്‍ 2001ല്‍ സുപ്രീം കോടതിയെ സമീപിച്ചതിന്റെ പിന്‍തുടര്‍ച്ചയായിട്ടാണ് 2018ല്‍ സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ല എന്ന വിധിയുണ്ടാവുന്നത്. സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കുന്ന ജീവിതത്തിന്റെ പേരില്‍ ഒരു വിഭാഗം ആളുകള്‍ ഭയപ്പെട്ട് ജീവിക്കേണ്ട അവസ്ഥയുണ്ടായിക്കൂടാ എന്നായിരുന്നു ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര അന്ന് പറഞ്ഞത്. എന്നാല്‍ ഈ വിധി വന്നതിന്‌ ശേഷം ഒരു വര്‍ഷത്തോളം വേണ്ടിവന്നു കേരളത്തിലെ സ്വവര്‍ഗ ദമ്പതിമാര്‍ക്ക് അവരുടെ പ്രണയം വെളിപ്പെടുത്തുവാന്‍. ഈ ഒരു വര്‍ഷം ചുറ്റുമുള്ളവരുടെ മനോഭാവത്തില്‍ മാറ്റം വരുത്തുവാനുള്ള പരിശ്രമത്തിലായിരുന്നു സോനുവും നികേഷും. കേരളത്തിലെ സമൂഹം പുരുഷന്മാരായ സ്വവര്‍ഗാനുരാഗികളുടെ ദാമ്പത്യ ജീവിതത്തെ എങ്ങനെ ഉള്‍ക്കൊള്ളുമെന്ന് ഇവര്‍ ഭയന്നിരുന്നു.

ഒരു വര്‍ഷം മറച്ചുവെച്ച ദാമ്പത്യജീവിതത്തിന്റെ കഥ നികേഷ് പറഞ്ഞു തുടങ്ങി. “ചെറുപ്പം മുതല്‍ക്കെ ആണ്‍കുട്ടികളോടാണ് എനിക്ക് ആകര്‍ഷണീയത തോന്നുന്നതെന്ന രഹസ്യം ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ 14 വര്‍ഷം കാത്തു സൂക്ഷിച്ച ഒരു ബന്ധം ഇല്ലാതായതിന് ശേഷം വല്ലാതെ ഒറ്റപ്പെട്ട അവസ്ഥയായിരുന്നു. ഞങ്ങളെപോലെയുള്ളവര്‍ക്ക് പങ്കാളിയെ കണ്ടെത്താന്‍ മാട്രിമോണി പരസ്യങ്ങള്‍ നല്‍കിയാല്‍ ആളുകള്‍ എങ്ങനെയാണ് പ്രതികരിക്കുകയെന്ന് ചിന്തിച്ചിരുന്നു, ഈ സാഹചര്യത്തിലാണ് ഒരു ഡേറ്റിങ് ആപ്പില്‍ മെമ്പറാവുന്നത്. അതിലൂടെയാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലായി. പരസ്പരമുണ്ടായ ആഗ്രഹപ്രകാരമാണ് ഞങ്ങള്‍ വിവാഹിതരായത്.” ആരും കാണാതെ ഭയന്ന് ഗുരുവായൂര്‍ അമ്പലത്തിലെ കാര്‍പാര്‍ക്കിങ് ഏരിയയില്‍വെച്ച് വിവാഹിതരായതിന്റെ കഥ ഇപ്പോള്‍ പറയുമ്പോള്‍ നികേഷിനരികില്‍ സോനുവുണ്ട്. ഭയമില്ലാതെ സമൂഹത്തിന് മുന്‍പില്‍ തലയുയര്‍ത്തി നില്‍ക്കുവാനുള്ള ധൈര്യം ഈ ഒരു വര്‍ഷത്തിനിടയില്‍ ഇവര്‍ ആര്‍ജിച്ചിരിക്കുന്നു.

എറണാകുളത്ത് താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ആളുകള്‍ തങ്ങളുടെ ബന്ധത്തെ നല്ല രീതിയിലാണ് സ്വീകരിച്ചതെന്ന് സോനു പറയുന്നു. സോഷ്യല്‍ മീഡിയയിലും ഭൂരിഭാഗം ആളുകളും നല്ലരീതിയിലാണ് തങ്ങളുടെ ബന്ധത്തോട് പ്രതികരിച്ചതെന്നും, എന്നാല്‍ ചുരുക്കം ചില ആളുകളില്‍നിന്ന് വളരെ മോശമായ അനുഭവമുണ്ടായെന്നും, അതിന് കാരണം അവരുടെ അറിവില്ലായ്മയാണെന്നും സോനു കൂട്ടിച്ചേര്‍ക്കുന്നു.

കാക്കനാട്ടെ ഫ്‌ളാറ്റില്‍ ഒരുമിച്ചുണ്ടായിരുന്ന ജീവിതത്തിന്റെ കഥയും, തങ്ങളുടെ പ്രണയവും ഉറക്കെ വിളിച്ചു പറയാന്‍ ഇവര്‍ തയ്യാറായത് തങ്ങളെപോലെ ചുറ്റും ജീവിക്കുന്ന ആളുകളെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ്. തങ്ങള്‍ക്ക് പരിചയമുള്ള ഒരുപാട് ഗേ, ലെസ്ബിയന്‍ പങ്കാളികളുണ്ട് കേരളത്തിലെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ രഹസ്യമായി തങ്ങളുടെ ജീവിതം മുന്നോട്ട് നയിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് അവര്‍. ഇത്തരം ആളുകള്‍ക്ക് പരസ്യമായി പ്രണയം വെള്ളിപ്പെടുത്തുവാനും ജീവിക്കാനുമുള്ള ഊര്‍ജ്ജം നല്‍കുവാനാണ് ശ്രമിക്കുന്നതെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഗേ, ലെസ്ബിയന്‍, ബൈസെക്ഷ്വല്‍ ആയിട്ടുള്ള ആളുകള്‍ക്ക് ഭയമില്ലാതെ ജീവിക്കാനുള്ള അന്തരീക്ഷം കേരളത്തില്‍ ഉണ്ടായി വരണമെന്നും ഇവര്‍ ആഗ്രഹിക്കുന്നു. ഗേ, ലെസ്ബിയന്‍, ബൈസെക്ഷ്വല്‍ ബന്ധങ്ങള്‍ പ്രകൃതി വിരുദ്ധമല്ല, പ്രകൃതിയുടെ വകഭേദമാണെന്ന തിരിച്ചറിവ് ആളുകള്‍ക്കുണ്ടാവുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.

Read Azhimukham: ‘പുഴുവരിച്ച ശരീരത്തിന് ഒപ്പീസ് ചൊല്ലിയിട്ടെന്തു കാര്യം?’, മരണശേഷം ശരീരം മെഡിക്കല്‍ കോളേജിനെഴുതി വച്ച സി. ലൂസി മനസ്സ് തുറക്കുന്നു

ആർഷ കബനി

ആർഷ കബനി

അഴിമുഖം മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍