UPDATES

‘തെറി വിളിച്ചില്ലെങ്കില്‍ അവളുമാരൊന്നും പെറൂല’, ഈ ന്യായം എത്ര സ്ത്രീകള്‍ കേട്ടിട്ടുണ്ട്?

ജോലിഭാരവും, വിശ്രമമില്ലാത്ത ജോലിയും മൂലമുണ്ടാവുന്ന ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കേണ്ടതും പരിഹരിക്കേണ്ടതും ആരോഗ്യവകുപ്പാണ്. അതിന് ഗര്‍ഭിണികളെ ബലിയാടാക്കുന്നത് ഒട്ടും ഉചിതമായ കാര്യമല്ല.

ഗര്‍ഭിണികളായ സ്ത്രീകള്‍ പ്രസവ മുറിയില്‍ നേരിടേണ്ടി വരുന്ന പീഡനങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം പുലഭ്യം കേട്ട് പ്രസവിക്കേണ്ടി വരുന്ന നിസ്സഹായരായ സ്ത്രീകള്‍ എന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ നിരവധി പേര്‍ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരുന്നു. ഒപ്പം ഇത്തരത്തില്‍ ആരോപിക്കപ്പെടുന്നത് പോലെ പ്രസവമുറികളില്‍ മാനസിക പീഡനങ്ങള്‍ നടക്കുന്നുണ്ടോ? അങ്ങനെയുണ്ടെങ്കില്‍ തന്നെ അതെന്തുകൊണ്ട് എന്നു ചോദിച്ചവരും ഉണ്ട്. അതുകൊണ്ട് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, നഴ്‌സിങ് അസിസ്റ്റന്റ്സ്, സ്വീപ്പേഴ്സ്, റിട്ട. നഴ്‌സസ് എന്നിവരില്‍ ചിലരുമായും അഴിമുഖം സംസാരിച്ചിരുന്നു. അവരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും ഇവിടെ നല്‍കുന്നു. ഇതില്‍ ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവര്‍ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താന്‍ താത്പര്യപ്പെടാത്തതിനാല്‍ അത് ഒഴിവാക്കിയിട്ടുണ്ട്.

ഞങ്ങളുടെ അന്വേഷണത്തില്‍ പീഡകരുടെ പട്ടികയില്‍ ആശുപത്രിയിലെ മേല്‍ത്തട്ട് മുതല്‍ താഴേത്തട്ടിലുള്ള ജീവനക്കാരും ഉള്‍പ്പെട്ടിരുന്നെങ്കിലും പ്രതികരിച്ചവര്‍ ഏറെയും പഴി പറഞ്ഞത് പ്രസവമുറിയിലെ നഴ്‌സുമാരുടെ പെരുമാറ്റത്തെക്കുറിച്ചാണ്. അതുകൊണ്ട് ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന ഒരു നഴ്‌സിന്റെ പ്രതികരണം ആദ്യം. “ഞാന്‍ ആറ് വര്‍ഷമായി ജോലി ചെയ്യുന്നു. രണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതിനിടയില്‍ ജോലി ചെയ്തു. ലേബര്‍ റൂമിലും ഡ്യൂട്ടി ചെയ്യാറുണ്ട്. എന്നാല്‍ പലരും ഉന്നയിച്ച കാര്യങ്ങള്‍ ലേബര്‍ റൂമില്‍ നടക്കുന്നത് ഇന്നേവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ആരില്‍ നിന്നും മോശം പെരുമാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. പ്രസവിക്കാനെത്തുന്നവര്‍ക്ക് പരമാവധി പിന്തുണ നല്‍കാറേയുള്ളൂ. പിന്നെ, ചില ആശുപത്രികളില്‍ ചിലര്‍ അങ്ങനെ പെരുമാറാറുണ്ട് എന്നൊക്കെ കേട്ടിട്ടുണ്ട്. അതില്‍ തന്നെ പലരും കുറച്ച് സീനിയര്‍ ആയിട്ടുള്ളവരാണ്. പരമാവധി നിയന്ത്രിച്ചാലും ചിലരുടെ അടുത്ത് ദേഷ്യപ്പെടേണ്ടി വരാറുണ്ടെന്ന് ചില നഴ്‌സുമാര്‍ പറയുന്നത് കേട്ടിട്ടുണ്ട്. എന്നാലും സ്‌നേഹത്തോടെയുള്ള വഴക്കുപറച്ചിലുകള്‍ക്കപ്പുറത്തേക്ക് അത് കടക്കാറില്ല എന്ന് തന്നെയാണ് വിശ്വാസം. ഒരു ദിവസം പത്തും ഇരുപത്തഞ്ചും പ്രസവങ്ങള്‍ വരെ അറ്റന്‍ഡ് ചെയ്യേണ്ടി വരുമ്പോഴുണ്ടാവുന്ന വര്‍ക് പ്രഷര്‍ ആയിരിക്കാം ഒരുപക്ഷെ എന്തെങ്കിലും മോശം പെരുമാറ്റമുണ്ടാവുകയാണെങ്കില്‍ തന്നെ അതിന് കാരണം. പിന്നെ, കരഞ്ഞ് തളര്‍ന്നാല്‍ അവസാനം മുക്കാനുള്ള ശേഷിയുണ്ടാവില്ല, അതുകൊണ്ടാണ് കരയുമ്പോള്‍ വഴക്ക് പറയുന്നത്”.

എന്നാല്‍ ഇതിന് വിപരീതമായ കാര്യങ്ങളാണ് മുമ്പ് സര്‍ക്കാര്‍ സര്‍വീസില്‍ കരാര്‍ ജീവനക്കാരിയായിരുന്ന, ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന സുനിതയ്ക്ക് പറയാനുള്ളത്. “സ്വകാര്യ ആശുപത്രിയിലും ഇത്തരം പീഡനങ്ങള്‍ ഇല്ല എന്ന് പറയാന്‍ പറ്റില്ല. പക്ഷെ എല്ലാത്തിനും ഒരു മയം ഉണ്ടാവുമെന്ന് മാത്രം. പക്ഷെ സര്‍ക്കാര്‍ ആശുപത്രികളിലാണ് ഒട്ടും സഹിക്കാന്‍ പറ്റാത്തത്. കരാര്‍ ജീവനക്കാരിയായിരുന്നപ്പോള്‍ ഞാനത് നേരിട്ട് കണ്ടിട്ടുള്ളതാണ്. ഒരു കാര്യവുമില്ലാതെ ദേഷ്യപ്പെടുന്നത്. ചിലപ്പോള്‍ തെറിവാക്കുകള്‍ വരെ പ്രയോഗിക്കും. ലോകത്തിലേക്കും വച്ച് ഏറ്റവും വലിയ വേദനയാണ് പ്രസവ വേദന എന്നാണ് എന്റെ അനുഭവത്തില്‍ നിന്ന് പോലും എനിക്ക് ബോധ്യപ്പെട്ടിട്ടുള്ളത്. ആ വേദന അനുഭവിക്കുന്നവര്‍ക്ക് ചിലപ്പോള്‍ നോര്‍മല്‍ ആയി പെരുമാറാന്‍ കഴിഞ്ഞോളണമെന്നില്ല. നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന നഴ്‌സിന്റെയോ ഡോക്ടറുടേയോ വാക്കുകള്‍ ഒരു പക്ഷെ ആ വേദനയുടെ കാഠിന്യത്തില്‍ അവര്‍ കേള്‍ക്കണമെന്ന് തന്നെയില്ല. പറഞ്ഞത് അതേപടി അനുസരിച്ചില്ലെങ്കില്‍ വഴക്കുപറച്ചിലുകള്‍ പോരാഞ്ഞ് അടിക്കുക വരെ ചെയ്യും. ഇത് കണ്ടിട്ട് പലപ്പോഴും ജോലിയോട് തന്നെ വെറുപ്പ് തോന്നിയിട്ടുണ്ട്. മനസ്സ് മരവിപ്പിച്ചാണ് ഞങ്ങള്‍ പലരും ലേബര്‍ റൂമില്‍ നിന്നിരുന്നത്. ഇങ്ങനെ പെരുമാറുന്നതിന് കാരണം പലപ്പോഴും എന്റെ സീനിയറായിരുന്നവരോട് തിരക്കിയിട്ടുണ്ട്. ‘വീട്ടില്‍ സ്‌നേഹവും ലാളനയും മാത്രം അനുഭവിച്ച് വരുന്ന ഇവളുമാരെ ഇങ്ങനെയൊന്നും പറഞ്ഞില്ലെങ്കില്‍ കാര്യം നടക്കില്ല. പ്രസവിക്കില്ലെന്ന് മാത്രമല്ല, മുക്കാന്‍ പറഞ്ഞാല്‍ മുക്കുക പോലുമില്ല. ഇത്രയൊക്കെ പറഞ്ഞിട്ടാണ് ഇവരൊക്കെ ഇങ്ങനെയെങ്കിലും ചെയ്യുന്നത്. അല്ലാതെ സ്‌നേഹത്തോടെ ഒന്ന് ചെന്ന് പറഞ്ഞ് നോക്കിക്കേ, അപ്പോ കാണാം, എല്ലാത്തിനേം സിസേറിയന്‍ ചെയ്യേണ്ടിവരും’, എന്നായിരുന്നു അതില്‍ ഒരു നഴ്‌സ് തന്ന മറുപടി. ഒരു ദിവസം പത്തില്‍ കൂടുതല്‍ പ്രസവക്കേസുകള്‍ അറ്റന്‍ഡ് ചെയ്യുന്ന അവരെ സംബന്ധിച്ച് അത് ശരിയായിരിക്കാം. പക്ഷെ അത് അനുഭവിക്കുന്നവര്‍ക്ക് അത്ര സുഖകരമായ കാര്യമല്ല. നഴ്‌സ് ആയിട്ടുകൂടി ഞാന്‍ അനുഭവിക്കേണ്ടി വന്ന കാര്യങ്ങളും വ്യത്യസ്തമല്ല”

റിട്ട. നഴ്‌സ് ആയ രത്‌നമ്മാള്‍ പറയുന്നത്, “സര്‍വീസിനിടയ്ക്ക് ഏറെ ചെയ്യേണ്ടി വന്നിട്ടുള്ള കാര്യമാണ്. ലേബര്‍ റൂമിലാണ് ഡ്യൂട്ടിയെങ്കില്‍ മനുഷ്യത്വമെല്ലാം പുറത്തുവച്ചിട്ടാണ് അകത്ത് കടക്കാറ്. ഏറ്റവും മനുഷ്യത്വം അര്‍ഹിക്കുന്നത് പ്രസവ വേദന അനുഭവിച്ച് പ്രസവം കാത്ത് കിടക്കുന്ന പെണ്ണുങ്ങള്‍ തന്നെയാണ്. മെഡിക്കല്‍ കോളേജിലൊക്കെ വര്‍ക്ക് ചെയ്യുമ്പോള്‍ ഒരു ദിവസം നൂറ്റമ്പത് കേസുകള്‍ വരെ ഡ്യൂട്ടിയിലുള്ളവര്‍ക്ക് അറ്റന്‍ഡ് ചെയ്യേണ്ടി വരും. അപ്പോള്‍ അതിലെ ഒരാളുടെ കാര്യവും അവരുടെ വേദനയും പ്രശ്‌നങ്ങളുമൊന്നും പരിഹരിക്കാനൊന്നും നേരമുണ്ടാവില്ല. എല്ലാവരേം ഒരുപോലെ തന്നെ ട്രീറ്റ് ചെയ്യുക എന്ന പോംവഴിയേയുള്ളൂ. സ്വകാര്യ ആശുപത്രികളില്‍ ചിലപ്പോള്‍ ഓരോ ഗര്‍ഭിണിക്കും ഓരോ നഴ്‌സുമാര്‍ ഉണ്ടായേക്കും. സര്‍ക്കാര്‍ ആശുപത്രിയില്‍ അതിനുള്ള ജീവനക്കാര്‍ ഇല്ല. ഡെലിവറി എന്നത് ഡോക്ടര്‍മാരേയും നഴ്‌സുമാരേയും എല്ലാം സംബന്ധിച്ച് ഏറ്റവും റിസ്‌കുള്ള ജോലിയാണ്. ഏറ്റവും എഫര്‍ട്ട് വേണ്ടതും അതിനാണ്. ഞാന്‍ നേരത്തെ പറഞ്ഞത് പോലെ മനസ്സ് തന്നെ പുറത്ത് വച്ചിട്ട്, ജോലി ചെയ്യാനായി മാത്രമാണ് പലപ്പോഴും ലേബര്‍ റൂമിലേക്ക് കയറിയിരുന്നത്.

പിന്നെ ഗര്‍ഭിണികളെ വഴക്ക് പറഞ്ഞ് പ്രലോഭിപ്പിച്ചാല്‍ മാത്രമേ അവര്‍ പ്രസവിക്കുകയുള്ളൂ എന്ന ഒരു ധാരണ പണ്ട് മുതലേ ആശുപത്രി ജീവനക്കാരില്‍ പലര്‍ക്കുമുണ്ടായിരുന്നു. എപ്പോഴും ഗര്‍ഭിണികളുടെ കൂടെയുണ്ടാവുക നഴ്‌സുമാരായതിനാല്‍ അവര്‍ അത് ചെയ്യുന്നുവെന്നേയുള്ളൂ. ചിലപ്പോള്‍ നമ്മള്‍ ഒന്ന് സോഫ്റ്റ് ആയിക്കൊടുത്താല്‍ പ്രസവവേദനയെടുത്ത് കിടക്കുന്നവര്‍ അതില്‍ വീണുപോവും. മുക്കാന്‍ പറഞ്ഞാല്‍ മുക്കുക കൂടിയില്ല. പക്ഷെ ഇത്തരി റഫ് ആയി നിന്നാല്‍ ഒന്നും മിണ്ടാതെ അനുസരിക്കും. കുഞ്ഞ് അപകടം കൂടാതെ പുറത്തെത്തുക എന്നത് മാത്രമാണ് ലേബര്‍ ഡ്യൂട്ടിയിലുള്ളവരുടെ ലക്ഷ്യം. പ്രസവവേദനയനുഭവിച്ച് കിടക്കുന്നവരോട് ചിലപ്പോള്‍ എന്ത് പറഞ്ഞിട്ടും കാര്യമുണ്ടാവില്ല. പ്രസവത്തേക്കാള്‍ വേദനയിലായിരിക്കും പലരുടേയും ശ്രദ്ധ. അത് മാറ്റി പ്രസവിപ്പിക്കുക എന്ന ജോലി ചെയ്യുന്നത് കൊണ്ട് പലപ്പോഴും കണ്ണുപൊട്ടുന്ന ചീത്ത വരെ വിളിച്ചിട്ടുണ്ട്. ഞാന്‍ തെറി വാക്കുകളൊന്നും ഉപയോഗിക്കാറില്ല. പക്ഷെ അത് പറയുന്നവരും കൂടെയുണ്ടായിട്ടുണ്ട്. ചിലര്‍, കേട്ടാലറയ്ക്കുന്ന ഭാഷയിലൊക്കെ സംസാരിക്കുന്നതും കേട്ടിട്ടുണ്ട്. പക്ഷെ അത് അങ്ങനെ പറയുന്നവരുടെ സംസ്‌കാരവും കൂടിയെന്നേ പറയാനുള്ളൂ.”

ഇപ്പോള്‍ സര്‍വീസിലുള്ള ഒരു നഴ്‌സ് പറയുന്നത് ‘ക്വാളിറ്റി’ നോക്കിയുള്ള ചീത്തവിളികളുടെ കാര്യമാണ്. “ഞാന്‍ ഒരു ജില്ലയിലെ പ്രധാനപ്പെട്ട ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്നയാളാണ്. ഒന്നരവര്‍ഷമായി അവിടെ. ചീത്തവിളിയും, അസഭ്യം പറച്ചിലും സ്ഥിരം സംഭവമാണെങ്കിലും അതില്‍ തന്നെ പലര്‍ക്കും പല നീതി എന്ന കാര്യം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ലേബര്‍ റൂമില്‍ കിടക്കുന്നവരുടെ ‘ക്വാളിറ്റി’ നോക്കിയാണ് ഈ അസഭ്യം പറച്ചിലുകളുടെ ഗ്രേഡില്‍ വ്യത്യാസം വരുന്നത്. കറുത്ത് മെലിഞ്ഞ് എല്ലുന്തിയ പെണ്ണുങ്ങളോട് അടിമകളോടെന്ന പോലെയാണ് പലപ്പോഴും പെരുമാറ്റം. അവരെ തെറിവാക്കുകള്‍ കൊണ്ടും ചീത്തപറച്ചിലുകള്‍ കൊണ്ടും ഇല്ലാതാക്കും. അത്യാവശ്യം ഇവരുടെ കണക്കില്‍ ‘പാവങ്ങള്‍’ എന്ന് തോന്നുന്നവരോടും, കാഴ്ചയില്‍ ‘നൈര്‍മല്യ’വും ‘ലാളിത്യ’വും തോന്നുന്ന സ്ത്രീകളോട് പൊതുവെ മൃദുസമീപനമായിരിക്കും. അവരോട് കാര്യങ്ങളെല്ലാം പറഞ്ഞ് വിശദമാക്കി കൊടുക്കുന്നതും സ്‌നേഹത്തോടെ ഇടപെടുന്നതും കാണാം. ഇനി കുറച്ച് തടിച്ച് കൊഴുത്ത സ്ത്രീകളാണെങ്കില്‍ പിന്നെ അസഭ്യം പറച്ചിലായിരിക്കും. യോനീപരിശോധന ചെയ്യുന്ന സമയത്തുള്‍പ്പെടെ അത്തരം പെണ്ണുങ്ങളോട് ഇവര്‍ ഒരു അഴുക്ക് സമീപനമാണ്. കൊടുങ്ങല്ലൂര്‍ ഭരണിക്ക് പോലും കേള്‍ക്കാത്തത്ര ഗ്രേഡിലായിരിക്കും അത്. എന്നുകരുതി എല്ലാവരും ഇങ്ങനെയെന്നല്ല. ഇതൊന്നും ശരിയല്ല, ഇങ്ങനെ പെരുമാറരുത് എന്ന് നിലപാടുള്ള നഴ്‌സുമാരും ജീവനക്കാരുമാണ് അധികവും. എന്നാല്‍ ചിലരാണ് ജോലിയുടെ എല്ലാ ഡിഗ്നിറ്റിയും കളഞ്ഞുകുളിക്കുന്നത്. ഇതിനെ ചോദ്യം ചെയ്യുകയോ, ഇങ്ങനെ ചെയ്യാമോ എന്ന് സംശയമുന്നയിക്കുകയോ ചെയ്തപ്പോഴെല്ലാം ‘ഇതൊന്നും പറഞ്ഞില്ലെങ്കില്‍ ഇവളുമാരൊന്നും പെറില്ലെടീ’ എന്ന മറുപടിയാണ് കിട്ടിയിട്ടുള്ളത്. സത്യത്തില്‍ ആത്മാര്‍ഥതയോടെ, നല്ല പെരുമാറ്റത്തോടെ ജോലി ചെയ്യുന്ന ഭൂരിഭാഗം ആശുപത്രി ജീവനക്കാര്‍ക്കും ഇത്തരക്കാര്‍ ഒരു അപമാനമാണ്. സര്‍ക്കാരും സമൂഹവും ഈ വിഷയം ചര്‍ച്ചയാക്കുകയും ഇടപെടുകയും ചെയ്യണമെന്നാണ് നല്ലവരായ നഴ്‌സുമാരുടെ പക്ഷം.”

നഴ്‌സിങ് അസിസ്റ്റന്റ് ആയ സ്ത്രീ പറയുന്നു, “ഒന്നാമത്, പണ്ടത്തെ പോലെയല്ല, ഇപ്പോഴത്തെ കുട്ടികള്‍ക്ക് തീരെ വേദന സഹിക്കാന്‍ കഴിയില്ല. ചെറുതായി വേദന വരുമ്പോള്‍ തന്നെ തൊള്ളതുറന്ന് നിലവിളിക്കാന്‍ തുടങ്ങും. ചിലര്‍ക്ക് വേദന തുടങ്ങി ഒന്നും രണ്ടും മണിക്കൂര്‍ കഴിയുമ്പോ തന്നെ പ്രസവോം ആവും. പക്ഷെ മിക്കവര്‍ക്കും മണിക്കൂറുകള്‍ താമസമുണ്ടാവും. എട്ടും പത്തും മണിക്കൂറൊക്കെ നിര്‍ത്താതെ നിലവിളിക്കാന്‍ തുടങ്ങിയാ അവസാനം മുക്കി പെറാന്‍ പോയിട്ട് ശ്വാസം കഴിക്കാനുള്ള ആരോഗ്യം തന്നെയുണ്ടാവില്ല. അവസാനം പ്രസവിക്കാന്‍ പോണ പെണ്ണിന് പകരം അവിടെ നിക്കണ ഞങ്ങള്‍ മുക്കണ്ടി വരും. പല കേസിലും അങ്ങനെ സംഭവിക്കുന്നുണ്ട്. ഞങ്ങള് രാവിലെ മുതലുള്ള ഭക്ഷണം പോലും കഴിക്കാതെയായിരിക്കും പേറെടുക്കാന്‍ നില്‍ക്കണത്. അതൊന്നും ആരുടേം കണക്കില്‍ പോലും വരില്ല. സാരമില്ല മോളേ, കുറച്ച് വേദനയൊക്കെയുണ്ടാവും എന്നൊക്കെയാണ് നഴ്‌സുമാരും ഞങ്ങളുമൊക്കെ ആദ്യം പറയുക. പിന്നെ, കരച്ചില്‍ ശക്തിയായിട്ട് വരുമ്പോഴാണ് വഴക്ക് പറയേണ്ടി വരുന്നത്. എല്ലാം അവര്‍ക്ക് വേണ്ടി തന്നെയാണ്. ചിലര് കളിതമാശയാണെന്ന് പറഞ്ഞാണ് ആശുപത്രിയിലേക്ക് വരുന്നത്. എന്നിട്ട് വേദന തുടങ്ങുന്നതോടെ ഒരു കരച്ചില്‍ അങ്ങോട്ട് തുടങ്ങും. കാര്യം, സഹിക്കാന്‍ വയ്യാത്ത വേദന തന്നെയായിരിക്കും. പക്ഷെ അതിനനുസരിച്ച് നിന്നുകൊടുത്താല്‍ അവര് നമ്മുടെ തലയുംകൊണ്ട് പോവും”

പലപ്പോഴും ലേബര്‍ റൂമില്‍ നടക്കുന്ന കാര്യങ്ങള്‍ കണ്ട് കരഞ്ഞ്‌ പോവാറുണ്ടെന്ന് ആശുപത്രിയില്‍ സ്വീപ്പറായിരുന്ന ശാന്ത പറയുന്നു, “പ്രസവിക്കാന്‍ വന്ന് കിടക്കുന്നവരെ ചിലര് ചീത്ത വിളിക്കുന്നത് കേട്ടാല്‍ നമുക്ക് പിന്നെ അങ്ങോട്ട് കയറാനേ തോന്നില്ല. ചില കുഞ്ഞുങ്ങളെ അവസ്ഥ കണ്ട് കരച്ചില്‍ വന്നിട്ടുണ്ട്. ഒരിക്കല്‍, കല്യാണം കഴിക്കാതെ പ്രസവിക്കാന്‍ വന്ന ഒരു കൊച്ചിനെ അവര്‍ പറയാത്തതൊന്നുമില്ല. അതൊന്നും പറയാന്‍ തന്നെ കഴിയില്ല. അത്രയും മോശം വാക്കുകളാണ്. ചിലര് കരഞ്ഞുകൊണ്ടിരിക്കുമ്പോ, അവിടെ നിക്കുന്ന മറ്റ് ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഞാന്‍ പോയി വയറും നെറ്റിയും തടവിക്കൊടുക്കുമായിരുന്നു. അപ്പോ ആ കൊച്ചുങ്ങള്‍ക്കുണ്ടാവുന്ന ആശ്വാസം, അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല. പിന്നെ, സ്വീപ്പര്‍മാരുടെ കൂട്ടത്തിലുമുണ്ട് അനാവശ്യമായിട്ടാണെങ്കിലും ഗര്‍ഭിണികളെ ചീത്തവിളിക്കുന്നവര്‍. വേദനകൊണ്ട് ചിലപ്പോ പെണ്ണുങ്ങള്‍ കട്ടിലില്‍ നിന്ന് എഴുന്നേറ്റൊക്കെ നിക്കും. അപ്പോ മൂത്രവും, ഗര്‍ഭപാത്രത്തിലെ വെള്ളവും എല്ലാം തറയില്‍ വീണെന്നിരിക്കും. ചിലര്‍ക്ക് എനിമ കൊടുത്താലും മുഴുവന്‍ വയറ്റില്‍ നിന്ന് പോവില്ല. അത് കട്ടിലിലും നിലത്തുമൊക്കെ പോയിപ്പോവും. അതൊന്നും അവരുടെ കയ്യില്‍ നിക്കുന്ന കാര്യമല്ലെന്നറിഞ്ഞാലും സ്വീപ്പര്‍മാരില്‍ ചിലരും അവരുടെ വക ഈ പാവംപിടിച്ചതുങ്ങള്‍ക്ക് കൊടുക്കും. കഷ്ടമാണ്, ഒന്നോര്‍ത്താല്‍. ഇത് പേടിച്ചിട്ട് കാശില്ലെങ്കിലും ഞാനെന്റെ മകളുടെ പ്രസവം പ്രൈവറ്റ് ആശുപത്രിയിലാണ് നടത്തിയത്. അവിടെ വലിയ മെച്ചമൊന്നുമുണ്ടായിട്ടല്ല. എന്നാല്‍ തമ്മില്‍ ഭേദമാണ്.”

പുലഭ്യം കേട്ട് പ്രസവിക്കേണ്ടി വരുന്ന നിസ്സഹായരായ സ്ത്രീകള്‍

ഇക്കാര്യത്തില്‍ നേരിട്ടും അല്ലാതെയും അറിവുള്ള ഡോ. വീണ ജെ.എസിന്റെ അനുഭവങ്ങള്‍ ‘പുലഭ്യം കേട്ട് പ്രസവിക്കേണ്ടി വരുന്ന നിസ്സഹായരായ സ്ത്രീകള്‍’ എന്ന ആദ്യഭാഗത്ത് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ലേബര്‍ റൂമില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ഗൈനക്കോളജിസ്റ്റുമാര്‍ മറ്റാരും തയ്യാറായില്ല. തുടര്‍ന്ന് കേരള മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനതല ഭാരവാഹിയായ ഡോ. സാബു സുഗതനെ ഇക്കാര്യത്തിലുള്ള പ്രതികരണമറിയാനായി വിളിച്ചു. “ഇങ്ങനെയുള്ള പ്രചരണം മൊത്തത്തില്‍ ശരിയാണോ എന്നറിയില്ല. പക്ഷെ മോശം അനുഭവങ്ങള്‍ ആര്‍ക്കുണ്ടായിട്ടുണ്ടെങ്കിലും, അത് ഒരാള്‍ക്കാണെങ്കില്‍ കൂടി അക്കാര്യം പരിശോധിക്കും. ഇത്രയും പ്രതികരണങ്ങള്‍ വരുമ്പോള്‍, അത്തരം കാര്യങ്ങളൊന്നും നടക്കുന്നില്ല എന്ന് പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കുന്നതില്‍ കാര്യമില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവിക്കാനെത്തുന്നവരുടെ എണ്ണത്തിനനുസരിച്ച് വര്‍ക്ക് ചെയ്യാന്‍ ആളില്ല എന്നത് ഒരു കാര്യമാണ്. ഡോക്ടര്‍മാരില്‍ തന്നെ ഏറ്റവും കൂടുതല്‍ മാനസിക സമ്മര്‍ദ്ദത്തിനടിപ്പെട്ട് ജീവിക്കുന്നവര്‍ ഗൈനക്കോളജിസ്റ്റുകളാണ്. അതുപോലെ തന്നെയാണ് ലേബര്‍ റൂമില്‍ ജോലി ചെയ്യുന്ന മറ്റ് ജീവനക്കാരുടെ കാര്യവും. എന്നാല്‍ ഇതൊന്നും മോശം പെരുമാറ്റത്തിനുള്ള ന്യായീകരണങ്ങളല്ല. ജോലിക്കാര്‍ കൂടുതലുണ്ടെങ്കിലും കുറവാണെങ്കിലും മോശമായി പെരുമാറുന്നതിന് അത് കാരണമല്ല. കുറച്ച് ആളുകള്‍ക്കാണെങ്കിലും മാന്യമായി പെരുമാറാം. ഇത്രയും വ്യാപകമായ പരാതികള്‍ അറിയാന്‍ കഴിഞ്ഞ സാഹചര്യത്തില്‍ ഈ വിഷയത്തെ വകുപ്പ് തലത്തില്‍ തന്നെ കൈകാര്യം ചെയ്യുന്ന കാര്യം ആലോചിക്കുകയാണ്. ലേബര്‍ റൂമില്‍ പാലിക്കേണ്ട മര്യാദകള്‍ എന്ന് പറഞ്ഞ് തന്നെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും കോഴ്‌സുകളും ബോധവത്ക്കരണ ക്ലാസ്സും കൊടുക്കുന്നതിനെക്കുറിച്ചും ആലോചിക്കും.”

ജോലിഭാരവും വിശ്രമമില്ലാത്ത ജോലിയും മൂലമുണ്ടാവുന്ന ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കേണ്ടതും പരിഹരിക്കേണ്ടതും ആരോഗ്യവകുപ്പാണ്. അതിന് ഗര്‍ഭിണികളെ ബലിയാടാക്കുന്നത് ഒട്ടും ഉചിതമായ കാര്യമല്ല. വഴക്ക് പറഞ്ഞ് ഗര്‍ഭിണികളായ സ്ത്രീകളെ പ്രകോപിപ്പിച്ചാല്‍ മാത്രമേ സുഖപ്രസവം നടക്കുകയുള്ളൂ എന്ന സങ്കല്‍പ്പമാണ് പ്രസവമുറിയില്‍ ഗര്‍ഭിണികള്‍ അനുഭവിക്കുന്ന മാനസിക പീഡനങ്ങള്‍ക്ക് പ്രധാന കാരണമെന്നാണ് വിവിധ ജീവനക്കാരുമായി സംസാരിക്കുമ്പോള്‍ അറിയാന്‍ കഴിഞ്ഞ കാര്യം. എന്നാല്‍ പ്രസവ വേദന അനുഭവിച്ച് മണിക്കൂറുകള്‍ പ്രസവമുറിയില്‍ ചെലവഴിക്കേണ്ടി വരുന്ന സ്ത്രീകള്‍ക്ക് ഇത്തരം വഴക്കുപറച്ചിലുകളാണോ അതോ മാന്യമായ പെരുമാറ്റമാണോ ആശ്വാസമാവുക? വഴക്കുകേട്ടാലോ, പ്രകോപിതരായാലോ മാത്രമേ പ്രസവം എന്ന പ്രക്രിയ നടക്കുകയുള്ളോ? പ്രസവ സമയത്ത് അനുഭവിക്കേണ്ടി വരുന്ന മോശം പെരുമാറ്റങ്ങള്‍ സ്ത്രീകളെ ഏത് രീതിയിലാണ് ബാധിക്കുക?

ഇത് സംബന്ധിച്ച മനഃശാസ്ത്രജ്ഞരുടെ പ്രതികരണങ്ങള്‍ ഉടന്‍.

പ്രസവമുറിയിലെ നരകം; ഈ അനുഭവം കേള്‍ക്കൂ; സ്വകാര്യ ആശുപത്രികളിലും സ്ഥിതി വ്യത്യസ്തമല്ല

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍