UPDATES

ട്രെന്‍ഡിങ്ങ്

ആര്‍ എസ് എസ് ‘ബുദ്ധിരാക്ഷസന്‍’ ടി ജി മോഹൻദാസിന് ആരെക്കണ്ടാലും ഒന്ന് കൊല്ലാൻ തോന്നുന്നെങ്കിൽ അത് ചികിത്സിക്കേണ്ട അസുഖമാണ്

ഇതാദ്യമായല്ല മോഹൻദാസ് വിവാദ പരാമർശങ്ങൾ നടത്തുന്നത്. തെരുവിൽ കലാപം നടത്താതെ ഹിന്ദുവിന് നീതി കിട്ടില്ലെന്നായിരുന്നു ഏപ്രിലിൽ ഇദ്ദേഹത്തിന്റെ കണ്ടെത്തൽ.

‘നിന്നെക്കണ്ടാൽ ആർക്കുമൊന്ന് കൊല്ലാൻ തോന്നും, ചിലപ്പോഴൊക്കെ എനിക്കും തോന്നിയിട്ടുണ്ട്’ എന്ന് ഇൻ ഹരിഹർ നഗർ എന്ന സിനിമയിൽ പറവൂർ ഭരതൻ പറയുമ്പോൾ നാം കൊടുത്തത് കയ്യടിയും ചിരിയുമാണ്. പറവൂർ ഭരതന് മാത്രമല്ല ഫിലോമിനയെന്ന അതുല്യ നടി ജീവൻ പകർന്ന കഥാപാത്രത്തിന് കൂടിയാണ് ആ കയ്യടി. തികച്ചും സ്ത്രീ വിരുദ്ധമാണെങ്കിൽ കൂടി ഈ രംഗം പല സാഹചര്യങ്ങളിലും ട്രോളർമാർ ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ സംഘപരിവാരത്തിന്റെ അറിയപ്പെടുന്ന വക്താവായ ടി ജി മോഹൻദാസ് ഈ സീൻ ഉപയോഗിച്ചിരിക്കുന്നത് അദ്ദേഹത്തിനറിയാവുന്നത് പോലെ വിഷം ചീറ്റാനാണ്.

“ഉമർ ഖാലിദിന്റെ വാർത്ത കണ്ടപ്പോൾ പറവൂർ ഭരതൻ ഫിലോമിനയോട് പറഞ്ഞ ഡയലോഗ് ഓർമ്മ വന്നു. നിന്നെ കണ്ടാൽ ആർക്കുമൊന്ന് കൊല്ലാൻ തോന്നും. ഈ എനിക്ക് വരെ പലതവണ തോന്നിയിട്ടുണ്ട്” എന്നായിരുന്നു മോഹൻദാസിന്റെ ട്വീറ്റ്. ഉമർ ഖാലിദിനെ കൊല്ലാൻ തനിക്ക് തോന്നിയിട്ടുണ്ടെന്നാണ് മോഹൻദാസ് ഇവിടെ പറഞ്ഞു വരുന്നത്. മോഹൻദാസിന് വേണ്ടത് ഉമർ ഖാലിദ് കൊല്ലപ്പെടുകയായിരുന്നുവെന്ന് ഈ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ്. വ്യക്തമായി പറഞ്ഞാൽ ഉമർ ഖാലിദിനെ ഇല്ലാതാക്കാനുള്ള ആഹ്വാനമാണ് മോഹൻദാസ് നടത്തിയിരിക്കുന്നത്.

മാധ്യമ പ്രവർത്തകനായ വേണു ബാലകൃഷ്ണനും അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തും മതവിദ്വേഷം വളർത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കേസ് എടുക്കാമെങ്കില്‍ മോഹൻദാസിനെതിരെ നൂറുവട്ടം കേസ് എടുക്കണം. ഉമർ ഖാലിദ് കൊല്ലപ്പെടേണ്ടവനാണെന്നാണ് ഈ ആർ എസ് എസ് നേതാവിന്റെ വാക്കുകളിൽ നിന്നും വായിച്ചെടുക്കേണ്ടത്. ആരും കൊന്നില്ലെങ്കിൽ താൻ കൊല്ലുമെന്നാണ് ഇയാൾ പറയുന്നത്. മറ്റൊരു വിധത്തിൽ കൊല്ലാനുള്ള ആഹ്വാനമാണ് തന്റെ അനുയായികളോട് മോഹൻദാസ് നടത്തിയിരിക്കുന്നത്.

വ്രതമെടുത്തിരിക്കുന്ന ഇസ്ലാം സമുദായക്കാരെ പ്രകോപിപ്പിക്കാൻ ശ്രമിച്ചുവെന്നതായിരുന്നു വേണുവിനെതിരെ ചുമത്തപ്പെട്ട കേസ്. ഒരു മുസ്ലിം യുവാവിനെതിരെ നടന്ന പോലീസ് മർദ്ദനത്തെക്കുറിച്ച് നടന്ന ചാനൽ ചർച്ചക്കിടെയായിരുന്നു വേണുവിന്റെ പരാമർശം. കത്വ പീഡനത്തെ കുറിച്ച് ദീപക് ശങ്കരനാരായണന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനെ ലൈക്ക് ചെയ്തതിനാണ് ദീപ നിശാന്തിനെതിരെ കേസ് എടുത്തിരിക്കുന്നത്. ഈ രണ്ട് കേസുകളേക്കാൾ ഗൗരവതരമായ കുറ്റമാണ് മോഹൻദാസിന് മുകളിൽ നിൽക്കുന്നത്.

ഇതാദ്യമായല്ല മോഹൻദാസ് വിവാദ പരാമർശങ്ങൾ നടത്തുന്നത്. തെരുവിൽ കലാപം നടത്താതെ ഹിന്ദുവിന് നീതി കിട്ടില്ലെന്നായിരുന്നു ഏപ്രിലിൽ ഇദ്ദേഹത്തിന്റെ കണ്ടെത്തൽ. പിന്നീട് ഇക്കഴിഞ്ഞ മാസം പശുക്കടത്തലിന്റെ പേരിലുള്ള ആൾക്കൂട്ട കൊലപാതകങ്ങളെയും ഈ ആർ എസ് എസ് സൈദ്ധാന്തികൻ ന്യായീകരിക്കുന്നത് കണ്ടു. എന്നാൽ അപ്പോഴൊക്കെയും ഇയാൾക്കെതിരെ കേസെടുക്കാൻ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇനിയും ഇയാള്‍ നടത്തുന്ന വിദ്വേഷ പ്രചരണത്തിനെ നിയമപരമായി നേരിട്ടില്ലെങ്കിൽ ഇനിയും മോഹൻദാസുമാർ ആവർത്തിക്കപ്പെടും.

‘തെരുവില്‍ കലാപമുണ്ടാക്കാതെ ഹിന്ദുവിന് നീതികിട്ടില്ല’ എന്ന് പ്രസംഗിച്ച ഒരാൾ ഇതല്ല ഇതിലപ്പുറവും പറയും

ഞങ്ങളെ ഭയപ്പെടുത്തി നിശബ്ദരാക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല: ഉമര്‍ ഖാലിദ്

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍