UPDATES

ട്രെന്‍ഡിങ്ങ്

ഒന്നാം നമ്പര്‍ കേരളത്തിന്റെ പുറം മോടികളില്‍ നിന്ന് അകങ്ങളിലേക്ക് ചെന്നപ്പോള്‍ കണ്ടത്; പോയവര്‍ഷം ഇങ്ങനെയൊക്കെ കൂടിയാണ്

പ്രളയത്തെ അതിജീവിച്ച കേരളമാണ് 2018ന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ പ്രളയത്തിന് മുമ്പും ശേഷവുമുള്ള കേരളം എങ്ങനെയാണ്?

പ്രളയത്തെ അതിജീവിച്ച കേരളമാണ് 2018ന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ പ്രളയത്തിന് മുമ്പും ശേഷവുമുള്ള കേരളം എങ്ങനെയാണ്? കേരളത്തിലെ സ്ത്രീകളുടെ അവസ്ഥയെന്താണ്? ഇവിടെ ഭൂപ്രകൃതിയോടും പരിസ്ഥിതിയോടും ചെയ്യുന്നതെന്താണ്? ദളിത് ആദിവാസി സമൂഹങ്ങള്‍ എവിടെ നില്‍ക്കുന്നു? ഒന്നാം നമ്പര്‍ കേരളത്തിന്റെ പുറം മോടികളില്‍ നിന്ന് അകങ്ങളിലേക്ക് ചെന്നപ്പോള്‍, ഇന്ന് അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിശോധിച്ചപ്പോള്‍, അകക്കാമ്പില്‍ ബലക്കുറവാണ് ബോധ്യമായത്. പുരോഗമന കേരളത്തിലെ പ്രസവ മുറികളില്‍ മാനസികവും ശാരീരികവുമായി പീഡിപ്പിക്കപ്പെടുന്ന സ്ത്രീകള്‍, കോടിക്കണക്കിന് പണം ആദിവാസികള്‍ക്കായി ചെലവഴിക്കുന്നു എന്ന് പറയുമ്പോള്‍ തന്നെ വിശന്ന് മരിക്കുന്ന ആദിവാസികള്‍, പ്രളയത്തെ അതിജീവിക്കുമ്പോഴും മലകളെ തുരന്നെടുക്കാന്‍ തീറെഴുതി നല്‍കുന്ന വികസന സങ്കല്‍പ്പങ്ങള്‍, പ്രളയത്തെ ഒന്നിച്ച് നിന്ന് അതിജീവിച്ചതിന് ശേഷം ശബരിമല വിഷയത്തില്‍ കൂട്ടം തിരിഞ്ഞ് പോരാടുന്നവര്‍, ആര്‍ത്തവത്തിന്റെ നാല് ദിവസങ്ങളില്‍ തൊട്ടുകൂടായ്മയ്ക്കും മാറ്റി നിര്‍ത്തലുകള്‍ക്കും നിര്‍ബന്ധിതരാവുന്ന സ്ത്രീകള്‍… അങ്ങനെ പലവിധ മുഖങ്ങളിലൂടെയായിരുന്നു 2018 എന്ന വര്‍ഷത്തിലെ അന്വേഷണങ്ങള്‍. അഹങ്കരിക്കുന്ന പുറംമോടിക്കപ്പുറം അകക്കാമ്പിലെ ബലക്കുറവ് വെളിപ്പെടുത്തുന്ന സംഭവപരമ്പരകളിലൂടെയായിരുന്നു റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ 2018 എന്ന വര്‍ഷം യാത്ര ചെയ്തത്.

‘പുലഭ്യം കേട്ട് പ്രസവിക്കേണ്ടി വരുന്ന നിസ്സഹായരായ സ്ത്രീകള്‍’

പ്രസവം എന്ന അനുഭവം എല്ലാ സ്ത്രീകള്‍ക്കും ഒരേപോലെയല്ല. കുഞ്ഞിന് ജന്‍മം നല്‍കല്‍ എല്ലാ സ്ത്രീകള്‍ക്കും അവരുടെ ജീവിതത്തിലെ അതീവ പ്രാധാന്യമുള്ള കാര്യമാവണമെന്നുമില്ല. ചിലര്‍ അതിനെ റൊമാന്റിസൈസ് ചെയ്യും, ചിലര്‍ അത് മാതൃത്വത്തിന്റെ സഹനവും ത്യാഗവുമെന്ന് കരുതും. മറ്റു ചിലര്‍ യാഥാര്‍ഥ്യബോധത്തോടെ അതിനെ ജൈവിക പ്രക്രിയയായി മാത്രം കാണും. എന്നാല്‍ വിവാഹിതരില്‍ തന്നെ ചിലര്‍ക്കും അവിവാഹിതരോ ലൈംഗിക അതിക്രമത്തിനിരകളായി ഗര്‍ഭിണികളാവുന്ന പെണ്‍കുട്ടികള്‍/സ്ത്രീകളില്‍ പലര്‍ക്കും അത് അവര്‍ ആഗ്രഹിക്കാത്ത ഒന്നായി മാറുന്ന അനുഭവങ്ങളും കണ്ടിട്ടും കേട്ടിട്ടുമുണ്ട്. ഈ അനുഭവങ്ങള്‍ക്കെല്ലാം പിന്നില്‍ ഓരോരുത്തരുടേയും മനോനിലയും, ജീവിത സാഹചര്യങ്ങളും, തിരഞ്ഞെടുപ്പുകളുമാണ് അടിസ്ഥാനമായി വരിക.

എന്നാല്‍ ആശുപത്രികള്‍ ഇവര്‍ക്കെല്ലാം നല്‍കുന്ന മറ്റൊരു അനുഭവമുണ്ട്. പ്രത്യേകിച്ച് സര്‍ക്കാര്‍ ആശുപത്രികള്‍. സാധാരണക്കാരില്‍ സാധാരണക്കാര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവ മുറികളില്‍ സ്ത്രീകള്‍ നേരിടുന്നതെന്താണ് എന്ന് നടത്തിയ അന്വേഷണമായിരുന്നു ഈ റിപ്പോര്‍ട്ട്. സംസാരിച്ച അമ്മമാരില്‍ ബഹുഭൂരിപക്ഷവും പങ്കുവച്ചത് മാസനിക സംഘര്‍ഷങ്ങളുടേയും പുലഭ്യം കേട്ട് പ്രസവിക്കുകയും ചെയ്യേണ്ടി വരുന്ന ഗതികെട്ട നിമിഷങ്ങളെക്കുറിച്ചാണ്. കേട്ടാല്‍ അറയ്ക്കുന്ന അസഭ്യവര്‍ഷങ്ങള്‍, പരിഹാസങ്ങള്‍, ചീത്തവിളികള്‍, ദേഹോപദ്രവം അങ്ങനെ പലര്‍ക്കും പറയാനുണ്ടായിരുന്നത് പ്രസവവേദനയേക്കാള്‍ അവരെ വേദനിപ്പിച്ച അനുഭവങ്ങളായിരുന്നു. ഇതില്‍ ചിലരുടെ അനുഭവങ്ങള്‍ വായനക്കാരോട് പങ്കുവക്കുകയായിരുന്നു റിപ്പോര്‍ട്ട്.

ഈ റിപ്പോര്‍ട്ട് കൊണ്ടുവരിക വഴി അനുഭവങ്ങളെ ജനറലൈസ് ചെയ്യുകയല്ല ഉദ്ദേശിച്ചത്. മറിച്ച് അത് അനുഭവിക്കേണ്ടി വരുന്നത്, ന്യൂനപക്ഷത്തിനാണെങ്കില്‍ കൂടി, അങ്ങനെയും കേരളത്തില്‍ സംഭവിക്കുന്നുണ്ടെന്ന് പറയുകയായിരുന്നു ഉദ്ദേശം. പ്രസവമുറിയില്‍ വേദന അനുഭവിക്കുന്ന സ്ത്രീകളോട് നല്ല രീതിയില്‍ പെരുമാറുകയും അധികം ശ്രദ്ധ നല്‍കുകയും ചെയ്യുന്ന ആശുപത്രികളേയോ ജീവനക്കാരേയോ മാറ്റി നിര്‍ത്തുന്നില്ല. പൊതുജനാരോഗ്യ മേഖലയിലെ മേന്മകളെ നിരാകരിക്കാനും ഉദ്ദേശിച്ചിരുന്നില്ല. റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷം നിരവധി പേര്‍ ഫോണിലും മെയില്‍ വഴിയും ബന്ധപ്പെടുകയും അവരുടെ അനുഭവങ്ങളും പങ്കുവയ്ക്കുകയും ചെയ്തു. റിപ്പോര്‍ട്ട് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവിക്കാനെത്തുന്ന സ്ത്രീകള്‍ക്ക് വൃത്തിയുള്ള സാഹചര്യവും മാന്യമായ പെരുമാറ്റവും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ അറിയിച്ചു. കേരളത്തിലെ പ്രസവമുറികളെ അടിമുടി ഉടച്ചുവാര്‍ക്കാനുള്ള ശ്രമങ്ങള്‍ ആരോഗ്യവകുപ്പ് ആരംഭിക്കുകയാണെന്നും മന്ത്രി കെ.കെ.ഷൈലജ അഴിമുഖത്തോട് പറഞ്ഞു. പ്രസവ സമയത്ത് ഭര്‍ത്താവിനോ മറ്റ് ബന്ധുക്കള്‍ക്കോ ഗര്‍ഭിണികളോടൊപ്പം നില്‍ക്കാമെന്ന ചില സ്വകാര്യ ആശുപത്രികളില്‍ തുടര്‍ന്നുവരുന്ന സമ്പ്രദായം സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പില്‍ വരുത്തുമെന്നും മന്ത്രി ഉറപ്പുനല്‍കി.

1.  പുലഭ്യം കേട്ട് പ്രസവിക്കേണ്ടി വരുന്ന നിസ്സഹായരായ സ്ത്രീകള്‍
2.  ‘തെറി വിളിച്ചില്ലെങ്കില്‍ അവളുമാരൊന്നും പെറൂല’, ഈ ന്യായം എത്ര സ്ത്രീകള്‍ കേട്ടിട്ടുണ്ട്?
3.  ‘അച്ഛനാണോടീ നിനക്ക് ഗര്‍ഭമുണ്ടാക്കിയത്…’; പ്രസവമുറിയില്‍ ഇതൊക്കെ ഉണ്ടാകുമത്രേ!

4. അഴിമുഖം ഇംപാക്റ്റ്: പ്രസവമുറിയിലെ പുലഭ്യം പറച്ചില്‍; സര്‍ക്കാര്‍ ഇടപെടുന്നു


ദളിത്, ആദിവാസികളെ വിറ്റുതിന്നുന്ന കിര്‍താഡ്സ് എന്ന വെള്ളാന

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം ഉയര്‍ത്തിവിട്ട നിരവധി ചോദ്യങ്ങളുണ്ടായിരുന്നു. അതിലൊന്ന് കിര്‍താഡ്സുമായി ബന്ധപ്പെട്ടാണ്. പട്ടിണി, ആട്ടിപ്പായിക്കല്‍, കുടിയൊഴിപ്പിക്കല്‍ അങ്ങനെ നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോവുന്ന ആദിവാസി ജനത മരിക്കാതിരിക്കാനായി പോരാട്ടം തുടരുമ്പോള്‍ കിര്‍താഡ്സ് പോലൊരു സ്ഥാപനം എന്ത് ചെയ്യുന്നു? സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിക്കാനുള്ള സംവിധാനം മാത്രമായി കിര്‍താഡ്സ് മാറിയോ? ഇത്തരം ചോദ്യങ്ങള്‍ ആ സ്ഥാപനവുമായി ബന്ധപ്പെട്ട് പലരും ഏറെക്കാലമായി ഉയര്‍ത്തുന്നുണ്ട്. കിര്‍താഡ്സിന്റെ നിലവിലെ അവസ്ഥയെന്താണ്, ആദിവാസികളുടെ പ്രശ്നങ്ങളെ മനസ്സിലാക്കാന്‍, അത് പ്രശ്നമാണെന്നും പരിഹാരം ആവശ്യമാണെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ അതിന് കഴിയുന്നുണ്ടോ? ഇത്തരത്തില്‍ അന്വേഷണമായിരുന്നു അത്. സര്‍ക്കാറിന് വേണ്ടി ശാസ്ത്രീയവും ക്രിയാത്മകവുമായ പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകേയും, നിലവിലെ പദ്ധതികള്‍ അവലോകനം ചെയ്യാനും നിയോഗിക്കപ്പെട്ട കിര്‍താഡ്സിന് കോടിക്കണക്കിന് രൂപയാണ് ഓരോ വര്‍ഷവും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കിവരുന്നത്. മുപ്പതിലേറെ ജീവനക്കാര്‍ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്നു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ പുരോഗതിക്കായുള്ള പഠന പ്രവര്‍ത്തനങ്ങള്‍ നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യുക, പട്ടിക വിഭാഗക്കാര്‍ക്ക് പരിശീലനം നല്‍കുക, അവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുക, സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ വിലയിരുത്തകയും അതിന്റെ പാളിച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും അത് പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുക, വിജിലന്‍സ് വിങ്ങിന്റെ കീഴില്‍ ജാതി തട്ടിപ്പുകളെക്കുറിച്ച് പഠിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുക, എത്തനോളജിക്കല്‍ മ്യൂസിയത്തിന്റെ പ്രവര്‍ത്തനം എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളാണ് കിര്‍താഡ്സില്‍ നടക്കേണ്ടത്. എന്നാല്‍ ഇതില്‍ ഏതൊക്കെ കാര്യങ്ങളാണ് നിലവില്‍ നടക്കുന്നതെന്ന അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ നിരാശാജനകമായിരുന്നു. പിന്നീട് മാസങ്ങള്‍ പിന്നിട്ട് കിര്‍താഡ്‌സിലെ അനധികൃത നിയമനവുമായി ബന്ധപ്പെട്ട വാര്‍ത്തയും ഇതിനോടനുബന്ധമായി തന്നെയാണ് ചെയ്യുന്നത്.

1. ദളിത്‌, ആദിവാസികളെ വിറ്റുതിന്നുന്ന കിര്‍താഡ്‌സ് എന്ന വെള്ളാന

2. കുറുമരുടെ ഉത്സവം നടത്തിപ്പില്‍ ഇന്ദു മേനോന്‍ എന്ന കിര്‍താഡ്‌സ് ഉദ്യോഗസ്ഥയ്ക്ക് എന്താണ് കാര്യം? ഭാഗം-2
3. ആദിവാസിയെ മ്യൂസിയം പീസാക്കുന്ന കിര്‍താഡ്‌സ്; ഫണ്ടിന് വേണ്ടി ‘സംരക്ഷിക്കപ്പെടേണ്ടവര്‍’-ഭാഗം 3
4. കിര്‍താഡ്‌സിന്റെ ആദിവാസി സ്വാതന്ത്ര്യസമര മ്യൂസിയം; വംശീയ വിവേചനം 16 കോടി രൂപയ്ക്ക്

 

പെണ്‍കുട്ടികള്‍ സ്‌കൂളുകളില്‍ നേരിടുന്നത് തല മരപ്പിക്കുന്ന ലൈംഗികാതിക്രമങ്ങള്‍; പിന്നില്‍ അധ്യാപകരും അനധ്യാപകരും; കേസുകള്‍ 1000-ത്തിലധികം

പെണ്‍കുട്ടികള്‍ സ്‌കൂളില്‍ അരക്ഷിതരാണോ? ലൈംഗികാതിക്രമങ്ങള്‍ക്ക് അവര്‍ ഇരകളാവുന്നുണ്ടോ? ഈ അന്വേഷണം ആരംഭിച്ചത് കാസര്‍ഡോഡുള്ള ഒരു വിദ്യാലയത്തിലെ ചില പെണ്‍കുഞ്ഞുങ്ങള്‍ നല്‍കിയ പരാതികള്‍ അവരുടെ അധ്യാപിക നേരിട്ട് കൈമാറുന്നത് മുതലാണ്. സര്‍ക്കാര്‍ കുട്ടകള്‍ക്കായി വക്കുന്ന ‘പരാതിപ്പെട്ടി’യില്‍ ഇട്ട പരാതികള്‍ അതില്‍ നിന്ന് ‘ചോര്‍ന്നു’. ആ പത്തും പതിനൊന്നും വയസ്സുമുതലുള്ള കുഞ്ഞുങ്ങള്‍, അക്ഷരം പോലും നേരാംവണ്ണം എഴുതാനറിയാത്ത കുഞ്ഞുങ്ങള്‍ അവര്‍ക്ക് നേരിടേണ്ടി വരുന്ന ലൈംഗികാതിക്രമങ്ങളുടെ അവരുടേതായ നിഷ്‌കളങ്കമായ ഭാഷയില്‍ എഴുതിയിരിക്കുന്ന ആ പരാതിക്കത്തുകള്‍ ദിവസങ്ങളോളമുണ്ടായ അസ്വസ്ഥതകള്‍ക്കൊടുവിലാണ് അന്വേഷണം ആരംഭിക്കുന്നത്. ഓഫ് റെക്കേര്‍ഡ് ആയും ഓണ്‍ റെക്കോര്‍ഡായും നിരവധി പേര്‍ (പലരും സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ വഴിയും സര്‍ക്കാര്‍ നിയമിച്ചിട്ടുള്ള കൗണ്‍സിലര്‍മാര്‍ വഴിയുമാണ് ബന്ധപ്പെട്ടത്) പങ്കുവച്ചത് പെണ്‍കുഞ്ഞുങ്ങള്‍ സ്‌കൂളില്‍ അനുഭവിക്കേണ്ടി വരുന്ന ലൈംഗികാതിക്രമത്തെക്കുറിച്ചാണ്.

1. പെണ്‍കുട്ടികള്‍ സ്കൂളുകളില്‍ നേരിടുന്നത് തല മരപ്പിക്കുന്ന ലൈംഗികാതിക്രമങ്ങള്‍; പിന്നില്‍ അധ്യാപകരും അനധ്യാപകരും; കേസുകള്‍ 1000-ത്തിലധികം
2. ‘ആ സാറ് അങ്ങനെയാ, നിങ്ങളൊന്നു ശ്രദ്ധിച്ചാല്‍ മതി’; പെണ്‍കുട്ടികളെ മടിയിലിരുത്തുന്ന അധ്യാപകനെ കുറിച്ചാണ്
3. അധ്യാപകരുടെ ലൈംഗികാതിക്രമത്തിന്‌ ഇരകളാകുന്നവരില്‍ ആണ്‍കുട്ടികളും; മിക്ക കേസുകളിലും നിര്‍ബന്ധിത ഒത്തുതീര്‍പ്പ്
4.  പീഡനത്തിനിരയാകുന്ന കുട്ടികള്‍ക്കുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമാണ്; നമ്മുടെ സ്കൂളുകളില്‍ സംഭവിക്കുന്നത്

‘ഉണ്ണീ ഓടിക്കോടാ’ എന്ന അപ്പാപ്പന്റെ നിലവിളിയാണ് മെറില്‍ ഒടുവില്‍ കേട്ടത്; ഉരുള്‍പൊട്ടല്‍ ഇല്ലാതാക്കിയ ഒരു നാട്

കേരളത്തെ ഒന്നടങ്കം മുക്കിയ അതിവര്‍ഷവും പ്രളയവും, അതിന്റെ അവശേഷിപ്പുകള്‍ തേടിയുള്ള യാത്രയിലാണ് തൃശൂര്‍ ജില്ലയിലെ കുറാഞ്ചേരിയിലെത്തുന്നത്. പിഞ്ചുകുഞ്ഞുങ്ങളടക്കം 19 പേര്‍ മലപൊട്ടിയൊലിച്ച് ഇല്ലാതായ നാട്. ഇവിടെ ഉരുള്‍പൊട്ടലിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനോ നഷ്ടങ്ങളെക്കുറിച്ച് ഓര്‍ത്ത് ദു:ഖിക്കാനോ പോലും അധികമാരും അവശേഷിക്കുന്നില്ല. മണ്ണുമാന്തി യന്ത്രങ്ങള്‍ വന്ന് നീക്കിയ അവശിഷ്ടങ്ങളില്‍ ശേഷിക്കുന്നവ മാത്രമാണ് മനുഷ്യരുടെ ആയുഷ്‌ക്കാലത്തെ സമ്പാദ്യങ്ങളും ജീവിതങ്ങള്‍ തന്നെയും തുടച്ചുനീക്കിയതിന്റെ കഥകള്‍ പറയാന്‍ ബാക്കിയായുണ്ടായിരുന്നത്. അവശിഷ്ടങ്ങള്‍ പോലും അവസാനിക്കാതെ മലയോടൊപ്പം ഒലിച്ച് പോയ നാല് വീടുകളില്‍ നിന്ന് രണ്ട് കുഞ്ഞുങ്ങളടക്കം നാല് പേര്‍ മാത്രമാണ് അവശേഷിക്കുന്നത്. വാക്കുകള്‍ പറയാന്‍ ആരും അവശേഷിക്കുന്നില്ലാതിരുന്നതിനാല്‍ ചിത്രങ്ങളെ സംസാരിക്കാന്‍ വിട്ടു.

1. PHOTO ESSAY: ‘ഉണ്ണീ ഓടിക്കോടാ’ എന്ന അപ്പാപ്പന്റെ നിലവിളിയാണ് മെറില്‍ ഒടുവില്‍ കേട്ടത്; ഉരുള്‍പൊട്ടല്‍ ഇല്ലാതാക്കിയ ഒരു നാട്

ക്വാറികള്‍ക്ക് അതിവേഗ എന്‍ ഒ സികള്‍; മല തുരന്നോ നവകേരള നിര്‍മ്മാണം?

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മിതിയെക്കുറിച്ച് ഏവരും ആലോചിക്കുന്നതിനിടയിലാണ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണത്തിന് കല്ലുകള്‍ക്കായി മലകള്‍ തുരക്കാന്‍ അതിവേഗ എന്‍ഒസികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുന്നത്. പാരിസ്ഥിതികാഘാത പഠനം പോലും നടത്താതെ അപേക്ഷ ലഭിച്ചാല്‍ ഉടന്‍ എന്‍ഒസികള്‍ നല്‍കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. കേരളം കണ്ടിട്ടുളളതില്‍ വച്ച് ഏറ്റവും അധികം മലയിടിച്ചിലും ഉരുള്‍പൊട്ടലും കണ്ട ദിവസങ്ങള്‍ കൂടിയായിരുന്നു അതിവര്‍ഷത്തിന്റെ ദിനങ്ങള്‍. ക്വാറികള്‍ മലകള്‍ക്ക് ആപത്താണെന്നും അത് തുടര്‍ന്നാല്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തുടര്‍ക്കഥയാവുമെന്നും പരിസ്ഥിതി വിദഗ്ദ്ധരെല്ലാം മുന്നരിയിപ്പും നിര്‍ദ്ദേശവും നല്‍കി. അതേ സമയം തന്നെയാണ് കേരളത്തില്‍ കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ അദാനി ഗ്രൂപ്പ് സമര്‍പ്പിച്ചിട്ടുള്ള ആറ് ക്വാറികള്‍ക്ക് അതിവേഗ എന്‍ഒസി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതും. കേരളത്തിലെ സാഹചര്യവും സര്‍ക്കാര്‍ നയവും സമീപനവും തുറന്നുകാട്ടുകയായിരുന്നു റിപ്പോര്‍ട്ടിന്റെ ഉദ്ദേശം. പിന്നീട് ‘അദാനി കണ്ണുവെച്ച കൂടലിലെ ക്വാറിക്കെതിരെ സമരം തുടങ്ങിയത് 1994ല്‍ നിത്യ ചൈതന്യ യതി; ഇപ്പോള്‍ ഇവിടെ 9 ക്വാറികളും 5 ക്രഷറുകളും’, ‘എല്ലാം അദാനിക്ക് വേണ്ടി; ബിജെപിയും സിപിഎമ്മും പ്രതിഷേധം പിന്‍വലിച്ച ആയിരവല്ലിക്കുന്ന്; തുരക്കാനൊരുങ്ങുന്നത് 165 ഏക്കര്‍’ എന്നീ റിപ്പോര്‍ട്ടുകളും ഇതിന്റെ പിന്തുടര്‍ച്ചയായി ചെയ്തു.

1. അദാനി കണ്ണുവെച്ച കൂടലിലെ ക്വാറിക്കെതിരെ സമരം തുടങ്ങിയത് 1994ല്‍ നിത്യ ചൈതന്യ യതി; ഇപ്പോള്‍ ഇവിടെ 9 ക്വാറികളും 5 ക്രഷറുകളും
2. ക്വാറികള്‍ക്ക് അതിവേഗ എന്‍ ഒ സികള്‍; മല തുരന്നോ നവകേരള നിര്‍മ്മാണം?
3. എല്ലാം അദാനിക്ക് വേണ്ടി; ബിജെപിയും സിപിഎമ്മും പ്രതിഷേധം പിന്‍വലിച്ച ആയിരവല്ലിക്കുന്ന്; തുരക്കാനൊരുങ്ങുന്നത് 165 ഏക്കര്‍ 

ശബരിമല സമരം ആര്, എപ്പോള്‍, എങ്ങനെ ചിട്ടപ്പെടുത്തി? അന്വേഷണം

കഴിഞ്ഞ വര്‍ഷം കേരളം ഏറ്റവുമധികം ചര്‍ച്ച ചെയ്ത, ഇപ്പോഴും ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ശബരിമലയിലെ യുവതീ പ്രവേശന വിധിയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും. കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ വലിയ തോതില്‍ മാറ്റങ്ങള്‍ക്ക് കാരണമായ/ വഴിവച്ചേക്കാവുന്ന ഒന്നായി ശബരിമല യുവതീപ്രവേശന വിധി മാറി. 2018 സെപ്തംബര്‍ 28-നാണ് സുപ്രീംകോടതിയുടെ ചരിത്രപ്രാധാന്യമുള്ള ആ വിധി വരുന്നത്; ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ളതായിരുന്നു അത്. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും സ്ത്രീകളോടുള്ള വിവേചനമാണെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു വിധി. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബഞ്ച് ആണ് വിധി പുറപ്പെടുവിച്ചത്. ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷന്‍ 2006ല്‍ സമര്‍പ്പിച്ച ഹര്‍ജി 12 വര്‍ഷത്തിനിപ്പുറം തീര്‍പ്പ് കല്‍പ്പിച്ചത് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിയോജിപ്പോടെയായിരുന്നു. അഞ്ചംഗ ബഞ്ചില്‍ നാല് പേരും സ്ത്രീകളുടെ അവകാശം സംരക്ഷിക്കപ്പെടണമെന്ന നിലപാട് സ്വീകരിച്ചപ്പോള്‍ വിശ്വാസിയല്ലാത്ത ഒരാള്‍ സമര്‍പ്പിക്കുന്ന ഹര്‍ജിയില്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടാവുന്നതില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജിപ്പ് രേഖപ്പെടുത്തി. വിധിപ്രസ്താവ വേളയില്‍ കോടതി മുറിയിലുണ്ടായ ആ വിയോജിപ്പ് സമൂഹത്തിന്റെ താഴെത്തട്ടിലേക്കും എത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കോടതിവിധിക്കെതിരെ സംസ്ഥാനത്താകമാനം സ്ത്രീകള്‍ തെരുവിലിറങ്ങി. ഒറ്റക്കും കൂട്ടായുമുള്ള നാമജപ കൂട്ടായ്മകളായി രൂപപ്പെട്ട പ്രതിഷേധം ഇന്നെത്തി നില്‍ക്കുന്നത് വഴിതടയലുകളിലും അക്രമങ്ങളിലുമാണ്.

രാഷ്ട്രീയവും യുക്തിയും വിശ്വാസവും അവിശ്വാസവും എല്ലാം മാറ്റിവച്ചാല്‍ കേരളം അടുത്തകാലത്ത് കണ്ട ഏറ്റവും വലിയ ജനകീയ സമരത്തിനും പ്രതിഷേധങ്ങള്‍ക്കുമാണ് കഴിഞ്ഞ പതിനഞ്ച് നാളുകളില്‍ സാക്ഷ്യം വഹിച്ചത്. അഞ്ച് പേരില്‍ നിന്ന് അമ്പതിലേക്കും അമ്പതില്‍ നിന്ന് ആയിരങ്ങളിലേക്കും ഏറിയ ജനപിന്തുണ കണ്ട് പുരോഗമന കേരളവും പുരോഗമനവാദികളും മൂക്കത്ത് വിരല്‍ വച്ചു. ഭക്തജനങ്ങള്‍ എന്ന പേരില്‍ സംഘടിച്ച സ്ത്രീജനങ്ങളും ശബരിമലയില്‍ കണ്ട ആണ്‍കൂട്ടങ്ങളും യഥാര്‍ഥത്തില്‍ കേവലം ‘ഭക്തജനങ്ങള്‍’ മാത്രമാണോ? വിശ്വാസം സംരക്ഷിക്കണമെന്ന് പറഞ്ഞ് തെരുവിലിറങ്ങിയ സാധാരണ സ്ത്രീകളെ നയിച്ചതാരാണ്? അതിന് പിന്നിലെ രാഷ്ട്രീയമെന്താണ്? ഭക്തജന സമരം ശക്തിയാര്‍ജ്ജിച്ചത് മുതല്‍ കേരള ജനത ഉത്തരം തേടുന്ന ചോദ്യങ്ങളാണ് ഇവ. സമരത്തിലുള്ള ആര്‍എസ്എസ് – ബിജെപി ബന്ധവും രാഷ്ട്രീയ മുതലെടുപ്പും പലപ്പോഴും ആരോപണങ്ങളും ചോദ്യങ്ങളുമായി ഉയര്‍ന്നുവന്നു. ചിലപ്പോള്‍ വ്യക്തതയില്ലാതെയും മറ്റു ചിലപ്പോള്‍ പറയാതെ പറഞ്ഞും സമരവും തങ്ങളും തമ്മിലുള്ള ബന്ധം ഈ സംഘടനകള്‍ അറിയിച്ചിട്ടുള്ളതുമാണ്. വിശ്വാസസമൂഹത്തോടുള്ള തങ്ങളുടെ പിന്തുണയും ഇവര്‍ തുറന്നു പ്രഖ്യാപിച്ചു. എന്നാല്‍ ചെറിയ ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് വലിയ കൂട്ടമായി പ്രതിഷേധക്കാര്‍ മാറിയതിന് പിന്നില്‍ ദിവസങ്ങളുടെ ആലോചനകളും പരിശ്രമങ്ങളും ഏകോപനങ്ങളും ഉണ്ട് എന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായത്. പിന്നീട് ഇത് പല നേതാക്കളുടേയും വെളിപ്പെടുത്തലുകളിലൂടെയും പരസ്യ പ്രതികരണങ്ങളിലൂടെയും സമൂഹത്തിന് ഒന്നടങ്കം വ്യക്തമാവുകയും ചെയ്തു.

1. ശബരിമല സമരം ആര്, എപ്പോള്‍, എങ്ങനെ ചിട്ടപ്പെടുത്തി? അന്വേഷണം

ആ നാലു ദിവസോം ‘പുറത്തു’ തന്നെയാണ്, പിന്നെ എല്ലാം ശുദ്ധിക്കും ആചാരത്തിനും വേണ്ടിയാണല്ലോ; പുരോഗമന കേരളത്തിലെ ആര്‍ത്തവ ‘കഥകള്‍’

ശബരിമലയിലെ യുവതീ പ്രവേശനത്തോടൊപ്പം കേരളം ചര്‍ച്ച ചെയ്ത വിഷയമാണ് ആര്‍ത്തവവും അതിന്റെ ശുദ്ധാശുദ്ധിയും. ആര്‍ത്തവത്തിന്റെ പേര് പറഞ്ഞ് സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന, മാറി നില്‍ക്കാന്‍ നിര്‍ബന്ധിക്കുന്ന ഒരു വിഭാഗം ആളുകള്‍ക്ക് മറുപടിയായി കേരളത്തിലെ സ്ത്രീകള്‍ എങ്ങനെയാണ് ആര്‍ത്തവ ദിനങ്ങളെ അനുഭവിക്കുന്നതെന്നും കാണുന്നതെന്നും പോസിറ്റീവ് ആയി അവതരിപ്പിക്കാനാണ് സമൂഹത്തിലേക്ക്, സ്ത്രീകള്‍ക്കിടയിലേക്ക് ഇറങ്ങിയത്. എന്നാല്‍ അതേവരെയുണ്ടായിരുന്ന എല്ലാ ധാരണകളേയും തിരുത്തിക്കൊണ്ട്, ഞെട്ടിക്കുന്ന, അമ്പരിപ്പിക്കുന്ന അനുഭവങ്ങളാണ് 15ഉും 16ഉഉം വയസ്സുള്ള പെണ്‍കുട്ടികള്‍ പോലും പങ്കുവച്ചത്. നാല് ദിവസത്തെ മാറി നില്‍ക്കല്‍, ‘ശുദ്ധം നോക്കല്‍’ , തൊട്ടുകൂടായ്മ, നാല് ദിനം കഴിഞ്ഞുള്ള ‘ശുദ്ധീകരണം’ അങ്ങനെ നിരവധി അനുഭവങ്ങള്‍ കേട്ടു. നവോഥാനം പ്രസംഗിക്കുന്ന, പുരോഗമന സാക്ഷര കേരളത്തില്‍ സ്ത്രീകളും കുട്ടികളും ആര്‍ത്തവ ദിനങ്ങളില്‍ അനുഭവിക്കുന്ന കാര്യങ്ങള്‍ അവരുടെ വാക്കുകളിലൂടെ തന്നെ അവതരിപ്പിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. ചിലര്‍ സ്വന്തം താത്പര്യത്താല്‍ മാറിനില്‍ക്കുകയും, സ്വയം തൊട്ടുകൂടായ്മ കല്‍പ്പിക്കുകയും ചെയ്യുമ്പോള്‍ ചിലരിലേക്ക് ആ ശീലങ്ങള്‍ നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കുകയാണ്. സ്വന്തം ഇഷ്ടങ്ങളോ ശീലങ്ങളോ വളര്‍ന്നുവരുന്ന തലമുറയിലേക്ക് കൂടി ഇന്‍സിസ്റ്റ് ചെയ്യുന്ന, ക്രിമിനല്‍ കുറ്റമെന്ന് വിശേഷിപ്പിക്കാവുന്ന കാര്യങ്ങളാണ് അന്വേഷണത്തില്‍ ബോധ്യമായതും.

1. ആ നാലു ദിവസോം ‘പുറത്തു’ തന്നെയാണ്, പിന്നെ എല്ലാം ശുദ്ധിക്കും ആചാരത്തിനും വേണ്ടിയാണല്ലോ; പുരോഗമന കേരളത്തിലെ ആര്‍ത്തവ ‘കഥകള്‍’
2. “ഭര്‍ത്താവിനൊപ്പം കിടക്കുന്നത് പോയിട്ട് വാഷിംഗ് മെഷീനില്‍ അലക്കാറ് പോലുമില്ല”; പുരോഗമന കേരളത്തിലെ ആര്‍ത്തവ കഥകള്‍
3. കേട്ട ആര്‍ത്തവ കഥകളൊക്കെയും അമ്പരപ്പിക്കുന്നതായിരുന്നു; ശുദ്ധാശുദ്ധങ്ങളുടെ പെണ്‍ജീവിതം

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍