UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

നഴ്‌സുമാര്‍ക്ക് ഇനി പണിമുടക്കി സമരം ചെയ്യാം, സര്‍ക്കാരിന് മിനിമം വേതന വര്‍ധനവും നടപ്പാക്കാം; ഇന്ന് വിജയദിനമെന്ന് നഴ്സുമാര്‍

ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജികള്‍ കോടതി തള്ളി

ഇനി നഴ്‌സുമാര്‍ക്ക് പണിമുടക്കി സമരം ചെയ്യാം, സര്‍ക്കാരിന് മിനിമം വേതന വര്‍ധനവും നടപ്പാക്കാം. ചൊവ്വാഴ്ച ഹൈക്കോടതി ഇതിന് രണ്ടിനും അനുമതി നല്‍കി. നഴ്‌സുമാര്‍ പണിമുടക്കി സമരം ചെയ്യുന്നതിനെതിരെയും മിനിമം വേതനം വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം ഇറക്കുന്നതിനെതിരെയും ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജികള്‍ കോടതി തള്ളി. നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ച് വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് തടസ്സങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി. അതോടൊപ്പം മാര്‍ച്ച് അഞ്ചാം തീയതി നഴ്‌സുമാര്‍ക്ക് സമരം ചെയ്യുന്നതിനും തടസ്സങ്ങളില്ലെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനം ഇരുപതിനായിരമായി ഉയര്‍ത്താന്‍ ഏഴ് മാസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സംസ്ഥാന വ്യാപകമായി നഴ്‌സുമാര്‍ നടത്തിയ സമരത്തിനൊടുവില്‍ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷനും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രതിനിധികളും സര്‍ക്കാരുമായി നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. സുപ്രീംകോടതി സമിതിയുടെ നിര്‍ദ്ദേശവും മിനിമം വേതനം ഇരുപതിനായിരമാക്കണമെന്നതായിരുന്നു. എന്നാല്‍ അന്നുതന്നെ വേതനം ഇരുപതിനായിരമായി ഉയര്‍ത്തുന്നതിനെതിരെ മാനേജ്‌മെന്റുകള്‍ രംഗത്ത് വന്നിരുന്നു. പിന്നീട് കരട് വിജ്ഞാപനമിറക്കിയ സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം ഇറക്കാനിരിക്കെയാണ് ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി അത് സ്‌റ്റേ ചെയ്തത്. പിന്നീട് ചൊവ്വാഴ്ച ഈ കേസ് പരിഗണിക്കവെയാണ് കോടതി ഹര്‍ജി തള്ളിയത്.

ആശുപത്രി മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തുന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാമെന്നും അന്തിമ വിജ്ഞാപനം വന്നതിന് ശേഷം മാനേജ്‌മെന്റ് അസോസിയേഷന് വേണമെങ്കില്‍ കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന് മാത്രമായി പ്രത്യേക ഘടനയിലുള്ള വിജ്ഞാപനം പുറത്തിറക്കാന്‍ കഴിയില്ല. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിലെ നഴ്‌സുമാരുടെ ശമ്പളവര്‍ധനവ് സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സുപ്രീംകോടതി സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിക്കപ്പടണം തുടങ്ങിയ വാദങ്ങളായിരുന്നു ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ മുന്നോട്ടുവച്ചിരുന്നത്. നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചകള്‍ പോലും പരാജയപ്പെട്ട സാഹചര്യത്തില്‍ അന്തിമ വിജ്ഞാപനമിറക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ തീരുമാനിച്ച ശമ്പള വര്‍ധനവ് നടപ്പാക്കാനാവില്ല എന്ന ഉറച്ച തീരുമാനത്തിലാണ് ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍. എന്നാല്‍ ഇരുപതിനായിരം മിനിമം വേതനമാക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാരും യുഎന്‍എയും നിലപാടെടുത്തതോടെ തര്‍ക്കം രൂക്ഷമാവുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വിജ്ഞാപനം വരുന്നതോടെ അത് നിയമമായി മാറുന്നതിനാല്‍ മിനിമം വേതന വര്‍ധനവ് നടപ്പാക്കാന്‍ മാനേജ്‌മെന്റുകള്‍ ബാധ്യസ്ഥരാവുമെന്ന് യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ പറഞ്ഞു: “യഥാര്‍ഥത്തില്‍ ഇന്ന് ഞങ്ങളുടെ വിജയദിനം കൂടിയാണ്. സര്‍ക്കാരിനോട് അന്തിമവിജ്ഞാപനം ഇറക്കിക്കൊള്ളാന്‍ കോടതി പറഞ്ഞിരിക്കുന്നു. വിജ്ഞാപനം വരുന്നതോടെ അത് നിയമമാവുന്നതിനാല്‍ മിനിമം വേതനം ഇരുപതിനായിരം ആക്കേണ്ട സാഹചര്യത്തിലേക്ക് ആശുപത്രി മാനേജ്‌മെന്റുകള്‍ എത്തിച്ചേരും. അത് നടപ്പാക്കാത്ത പക്ഷം നിയമലംഘനമാവും.”

എന്നാല്‍ ഈ വിധിയേക്കാള്‍ തങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത് കോടതിയുടെ മറ്റൊരു തീരുമാനമാണെന്ന് യുഎന്‍എ ഭാരവാഹികള്‍ പറയുന്നു. മാര്‍ച്ച് അഞ്ചാം തീയതി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്ക് സമരം തീരുമാനിച്ചിരുന്നു. കെവിഎം ആശുപത്രി സമരം ഒത്തുതീര്‍പ്പാക്കുക, നഴ്‌സുമാരെ അന്യായമായി പിരിച്ചുവിടുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെയും ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ ഹര്‍ജി നല്‍കിയിരുന്നു. കഴിഞ്ഞമാസം ആദ്യം ഹര്‍ജി പരിഗണിച്ച കോടതി നഴ്‌സുമാര്‍ പണിമുടക്കി സമരം ചെയ്യുന്നത് വിലക്കിയിരുന്നു. തുടര്‍ന്ന് പണിമുടക്കുന്നതിന് പകരം ലീവ് എടുത്ത് പ്രതിഷേധിക്കാന്‍ നഴ്‌സസ് സംഘടന തീരുമാനിച്ചിരുന്നു. എന്നാല്‍ പണിമുടക്ക് സമരത്തിനുള്ള വിലക്ക് കോടതി തന്നെ റദ്ദാക്കി. ജാസ്മിന്‍ഷാ തുടരുന്നു: “കോടതിയുടെ ആ തീരുമാനമാണ് ഏറ്റവും ആശ്വാസം പകരുന്നതും ആത്മവിശ്വാസം നല്‍കുന്നതും. ഞങ്ങളുടെ സമരവും ഞങ്ങളുന്നയിക്കുന്ന ആവശ്യവും ന്യായമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് ആ തീരുമാനമുണ്ടായത്. ഇനി ഞങ്ങള്‍ക്ക് മുന്നില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന ഒരു വിഷയം കെവിഎം ആശുപത്രിയിലെ പ്രശ്‌നമാണ്. എന്നാല്‍ അതിലും ഞങ്ങള്‍ തന്നെ ജയിക്കുന്നതിനുള്ള സാധ്യതകളുണ്ടെന്ന വിശ്വാസമുണ്ടാക്കുന്നതാണ് ഇന്നത്തെ കോടതി തീരുമാനങ്ങള്‍”.

പതിനൊന്ന് മാസത്തോളമായി സമരം തുടരുന്ന കെവിഎം ആശുപത്രിയിലെ നഴ്‌സുമാര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഇതേവരെയും പരിഹാരമായിട്ടില്ല. നിരാഹാര സമരമുള്‍രപ്പെടെ വിവിധ സമരമുറകളുമായി യുഎന്‍എയും നഴ്‌സുമാരും ഇപ്പോഴും സമരപ്പന്തലില്‍ സജീവമാണ്. കെവിഎം ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ആര്‍.സരീഷ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇനി യുഎന്‍എ ഭാരവാഹികളുടെ പ്രതീക്ഷ. ബുധനാഴ്ച കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ സ്വാഭാവികമായും അവരുടെ താത്പര്യം കോടതിയെ ധരിപ്പിക്കേണ്ടിവരും. സര്‍ക്കാര്‍ നഴ്‌സുമാര്‍ക്കൊപ്പമാണോ അതോ കെവിഎം മാനേജ്‌മെന്റിനൊപ്പമാണോ എന്ന് അപ്പോള്‍ അറിയാമെന്നും യുഎന്‍എ ഭാരവാഹികള്‍ പറയുന്നു. ഈ ഹര്‍ജി പരിഗണിക്കുമ്പോള്‍ സമരത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും ഒരു നീക്കുപോക്ക് ഉണ്ടാവാനിടയുണ്ടെന്ന പ്രതീക്ഷയിലാണ് നഴ്‌സുമാര്‍.

അന്ന് തിക്രിതില്‍ നിന്നും 46 നഴ്‌സുമാര്‍ ടേക്ക് ഓഫ് ചെയ്ത യഥാര്‍ത്ഥ കഥ

വെള്ളയുടുപ്പിട്ട മാലാഖമാര്‍ എന്ന വിളിപ്പേര് പോര; ജീവിക്കാനെങ്കിലുമുള്ള പൈസ വേണം; നഴ്സുമാര്‍ വീണ്ടും സമരമുഖത്തേക്ക്

ഇവരെ ഇനിയും തെരുവില്‍ നിര്‍ത്തരുത്; സമരം ചെയ്യേണ്ടവരല്ല ഭൂമിയിലെ മാലാഖമാര്‍

ചെങ്ങന്നൂരിൽ നഴ്‌സുമാരും പോരാട്ടത്തിന്; കാലിടറുക ആർക്കൊക്കെ?

ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അമ്പത് ദിവസം പിന്നിടുന്നു; അനക്കമില്ലാതെ അധികൃതര്‍

 

സര്‍ക്കാര്‍ 2013-ല്‍ നിശ്ചയിച്ച ശമ്പളം പോലും നഴ്‌സുമാര്‍ക്ക് നല്‍കുന്നില്ല: ലേബര്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട്

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍