UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിപരീതപഥങ്ങള്‍

വിശാഖ് ശങ്കര്‍

കാവിവത്ക്കരണത്തിന്റെ റിസള്‍ട്ടിന് സെൻകുമാർ – ബെഹ്റ അടിവസ്ത്ര താരതമ്യം പോര സർ, സ്വയം മുണ്ടഴിക്കണം

ഇസ്ളാമിസ്ഥാനായി മാറാൻ ഇന്ത്യയൊരു ഹിന്ദുസ്ഥാനല്ല, ഒരു അഖണ്ട മതേതര സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്ളിക്കാണെന്ന വസ്തുത ആരും പരിഗണിക്കുന്നില്ല

സ്ഥാനമൊഴിഞ്ഞ സംസ്ഥാന പൊലീസ് മേധാവി സെൻകുമാറിന്റെ വിവാദമായ അഭിമുഖം അവഗണിക്കപ്പെടേണ്ട ഒന്നല്ല. എന്നാൽ അതിനെ ബെഹ്റ – സെൻകുമാർ താരതമ്യങ്ങളിലേക്കും കോടതി വഴി അയാൾ നേടിയ പദവിയോടനുബന്ധിച്ച് അന്ന് നടന്ന വാദപ്രതിവാദങ്ങളുടെ അരികിലേക്കും വലിച്ചിഴയ്ക്കുന്നത് ഒരു വലിയ, അന്യായമായ ന്യൂനവത്ക്കരണമായിരിക്കും. കാരണം സൈന്യത്തിന്റെ സംഘിവത്ക്കരണം എന്ന വിശാലവും വലുതുമായ വെല്ലുവിളിയിൽ നിന്ന് അത് ശ്രദ്ധയെ വഴിതിരിച്ച് വിടുന്നു എന്നതാണ്.

സൈന്യത്തിന്റെ സംഘിവത്ക്കരണം
സാദാ പൊലീസ്, എസ് ഐ ടെസ്റ്റ് മുതൽ ഐഎഎസ്, ഐപിഎസ് പരീക്ഷകൾ വരെ നടക്കുന്നതും അതിലെ വിജയികൾ തീരുമാനിക്കപ്പെടുന്നതും ഏതെങ്കിലും സംസ്ഥാനമോ, രാജ്യം തന്നെയോ ഭരിക്കുന്ന സർക്കാരിന്റെ രാഷ്ട്രീയ താത്പര്യമനുസരിച്ചല്ല. അതങ്ങനെയാവാത്തത് പ്രായോഗികമായി അത് സാധ്യമല്ലാത്തതുകൊണ്ടാണെന്നും പറയാം. ഒരു ടെസ്റ്റ് നടന്ന് അതിന്റെ മൂല്യ നിർണ്ണയവും വിജയി പട്ടികയും പുറത്തുവന്ന് യോഗ്യരായവർ നിയമനം നേടുന്നതുവരെയുള്ള കാലഘട്ടത്തിൽ ഒരേ സർക്കാർ തന്നെ നിലനിന്ന് കൊള്ളണമെന്നില്ല എന്നതാണ് ആ പ്രായോഗിക പ്രശ്നം.

എന്നാൽ സൈന്യങ്ങൾക്ക് പൊതുവായ ചില സ്വഭാവ വിശേഷങ്ങളുണ്ട്. തീർച്ചയായും അവ സ്ഥായിയാവയല്ല. ഒരു സമൂഹത്തിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക പരിണാമങ്ങൾക്കനുസൃതമായി അവിടങ്ങളിലെ സൈന്യങ്ങളുടെ സ്വഭാവവും മാറും. എന്നാൽ അധികാരവുമായി ബന്ധപ്പെട്ട്, അതിന്റെ മൂല്യങ്ങൾക്ക് വിധേയമായി നിലനിൽക്കുന്ന ഒന്ന് എന്ന നിലയിൽ ആ പരിണാമം വലിയൊരളവുവരെ അധികാര ഘടനയ്ക്ക്, അതുത്പ്പാദിപ്പിക്കുന്ന മൂല്യഘടനയ്ക്ക് അനുരൂപമായിരിക്കും എന്ന് മാത്രം.

ഇന്ത്യൻ സാഹചര്യങ്ങൾ വച്ച് വിശകലനം ചെയ്താൽ ഉപരിപ്ലവമായ ചില മാറ്റങ്ങളിലുപരി സമൂഹത്തിന്റെ അധികാര ഘടനയും മൂല്യവ്യവസ്ഥയും ഒരു പോലെ ഇന്നും ഫ്യൂഡലായി തന്നെ തുടരുന്നു എന്ന് കാണാം. കേരളത്തിലും സംഗതി  കൂടുതൽ പരോക്ഷമാണ് എന്നത് മാറ്റിവച്ചാൽ വ്യത്യസ്തമല്ല അവസ്ഥ. ഇതാവട്ടെ പ്രത്യക്ഷവും ഭരണഘടനാബദ്ധവുമായ അധികാര ഘടനയുടെ കാര്യമല്ല താനും.

കൂടുതൽ ആഴമുള്ള അന്വേഷണം ആവശ്യപ്പെടുന്ന ഒരു മേഖലയാണിത്. ആ ആഴം നഷ്ടപ്പെടുമ്പോഴാണ് ബെഹ്റയെ കാണിച്ച് സെൻകുമാറിനെയും, തിരിച്ചുമായി തുടരുന്ന ഒരു അർത്ഥശൂന്യമായ ന്യായീകരണ അഭ്യാസമായി വിമർശനങ്ങൾ ചുരുങ്ങിപ്പോകുന്നത്. പ്രശ്നം, ആരാണ് പത്തരമാറ്റ് തങ്കം എന്നതല്ല, ആരാണ് അടിമുടി വില്ലൻ എന്നതുമല്ല. നായകന്മാർ, വില്ലന്മാർ തുടങ്ങിയ സ്ഥുലവത്കൃത മാധ്യമ നിർമ്മിതികളിലല്ല മനുഷ്യരുടെ നിത്യജീവിതം പുലരുന്നത്. അതുകൊണ്ട് തന്നെ ബെഹ്റയാണോ സെൻകുമാറാണോ യഥാർത്ഥ സംഘി എന്നതല്ല, കൂടുതൽ സംഘി എന്നത് പോലുമല്ല, സൈന്യത്തിന്റെ സംഘിവത്ക്കരണമാണ് നാം അഭിസംബോധന ചെയ്യേണ്ട പ്രശ്നം. ഒപ്പം അത് എത്രത്തോളം മാറിവരുന്ന സർക്കാരുകളുടെ പ്രത്യക്ഷ തിരഞ്ഞെടുപ്പാകുന്നു എന്നതും.

ഹെഗമണി എന്ന വൻ മണി
അധികാരം എന്നതിനെ ഭരണകൂടത്തിന്റെ പ്രത്യക്ഷ രൂപങ്ങളായ മന്ത്രിസഭ, പൊലീസ്, പട്ടാളം, ബ്യൂറോക്രസി തുടങ്ങിയവയിലേക്ക് ചുരുക്കുന്നത് യഥാർത്ഥത്തിൽ ഒരു പഴയ അബദ്ധമാണ്. ഗ്രാംഷി, ഹെജമണി എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത് പതിറ്റാണ്ടുകൾ മുമ്പാണ്. പ്രത്യക്ഷ അധികാര രൂപങ്ങളിൽ നിന്ന് വേർപെട്ട് സിവിൽ സമൂഹത്തിൽ നിലനിൽക്കുകയും ഭരണകൂടത്തിന്റെ നേരിട്ടുള്ള ഒത്താശ കൂടാതെ വളരുകയും ചെയ്യുന്ന ഒരു സാംസ്കാരിക അധികാര ഘടനയാണത്. അത് ലളിതമായി മനസിലാക്കാൻ പറ്റുന്ന ഒരു വർത്തമാന കാലത്താണ് നാം ജീവിക്കുന്നതും. കണ്ണ് തുറന്ന് പിടിക്കണം എന്ന് മാത്രം.

സെൻകുമാർ അഭിമുഖത്തിൽ പറഞ്ഞ ശതമാന കണക്കെടുക്കുക. മുസ്ളിങ്ങളുടെ ഇടയിലെ ജനനനിരക്ക് അവരുടെ ജനസംഖ്യാ അനുപാതത്തേക്കാൾ വളരെ മുമ്പിലാണ് എന്ന കണക്ക്. സമൂഹത്തിൽ പ്രത്യക്ഷമായി തന്നെ ഇടതുപക്ഷമായി അടയാളപ്പെടുന്നവർ വരെ ആ കണക്ക് തെറ്റാണെന്ന പ്രത്യാശയിലാണ്. ശരിയെങ്കിലെന്ത് എന്ന ചോദ്യം അവരിൽ നിന്നും ഉണ്ടാകുന്നില്ല. സെൻകുമാർ ശശികല ടീച്ചറല്ല. അയാൾ വെറുമൊരു ‘തള്ള്’ എന്ന നിലയിലല്ല ഡാറ്റ ഉപയോഗിക്കുന്നതും. വെറുതേ ഒന്ന് തപ്പിയാലും പുള്ളി പറഞ്ഞ കണക്ക് ശരിയാകാം എന്ന് തോന്നിപ്പിക്കുന്ന ചില സ്ഥിതിവിവര ശേഖരങ്ങൾ  കണ്ടെത്താനാവും. പക്ഷേ പുള്ളി യഥാർത്ഥത്തിൽ പറഞ്ഞത് ഒരു കണക്കല്ല, അത് സംഘികൾ കാലാകാലമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ഭീതിയുടെ നിലവിൽ ലഭ്യമായ ഡാറ്റാവത്ക്കരണമാണ്.

മുസ്ളീങ്ങളുടെ ഇടയിൽ ജനന നിരക്ക് കൂടുതലാണെന്നും അത് രാജ്യസുരക്ഷയ്ക്ക് മുതൽ മതപരമായ തുലനത്തിന് വരെ ഭീഷണിയാകയാൽ അത് നിയന്ത്രിക്കുക തങ്ങളുടെ അജണ്ടയാണെന്നും പ്രത്യക്ഷമായി പറഞ്ഞുകൊണ്ട് ഏതെങ്കിലും ഒരു മുന്നണി പ്രകടന പത്രിക ഇറക്കിയതായോ, ഏതെങ്കിലും സർക്കാർ നയരേഖ ഇറക്കിയതായോ എന്റെ അറിവിലില്ല. എന്നാൽ ഔദ്യോഗിക പദവിയിൽ ഇരിക്കുന്ന ജനപ്രതിനിധികൾ വരെ ഈ ഭയം പങ്കിടുന്നതിന് നിരവധി തെളിവുകളുണ്ട് താനും. അതായത് ഭരണകൂടം ഔദ്യോഗിക ഘടനയും ഉപകരണങ്ങളും ഉപയോഗിച്ച് പ്രത്യക്ഷത്തിൽ നടത്തിപ്പോരുന്ന ഒരു ക്യാമ്പെയിനല്ല ‘ഇസ്ളാമോഫോബിയ’ എന്നത്. എന്നാൽ പൊതുസമൂഹത്തിൽ അത് മുസല്‍മാന് വീട് വാടകയ്ക്ക് കൊടുക്കില്ല എന്നതു മുതൽ വിവിധ രൂപങ്ങളിൽ ദൃശ്യമാണ് താനും.

അതായത്, പ്രത്യക്ഷ ഭരണകൂട ഉപകരണങ്ങൾ ഉപയോഗിച്ചല്ലാതെയും ചില സാംസ്കാരിക ബോധ്യങ്ങൾ നിർമ്മിക്കപ്പെടുകയും വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. പലപ്പോഴും പ്രത്യക്ഷ ഉപകരണങ്ങൾ (ഒരു ഉദ്ദേശത്തിന് മാത്രമായി നിർമ്മിക്കപ്പെടുന്നവ) ഉപയോഗിച്ചല്ല, നിലനിൽക്കുന്ന പലതിന്റെയും മാനിപ്പുലേഷൻ വഴിയാണ് ഇത് സാധ്യമാകുന്നത്. ഇത്തരത്തിൽ പരോക്ഷമായി നിർമ്മിച്ച് നിലനിർത്തപ്പെടുന്ന ഭരണകൂടേതരമായ അധികാരത്തെയാണ് ഹെജമണി എന്ന് വിളിക്കുന്നത്. ഒരു ജനാധിപത്യ വ്യവസ്ഥയിൽ ഇങ്ങനെ നിർമ്മിക്കുന്ന ഹെജമണിക്ക് ഏത് പ്രായോഗിക രാഷ്ട്രീയ പ്രസ്ഥാനവുമായും വിലപേശാനും അതിനെ നിയന്ത്രിക്കാൻ തന്നെയുമാവും.

സംഘി ഹെഗമണിയുടെ ആധാര പ്രചാരങ്ങൾ
ഹിന്ദുത്വ ഹെഗമണിയുടെ ആധാരമെന്നത് ഹിന്ദുസ്ഥാൻ ഹിന്ദുക്കളുടേതാണെന്നും ഹിന്ദുവല്ലാത്തവരെല്ലാം അടിസ്ഥാനപരമായി വിദേശികളും അതുകൊണ്ട് തന്നെ ദേശത്തോട് കൂറില്ലാത്തവരുമാണെന്ന ബോധമാണ്. അതിന്റെ പ്രചാരണം നടക്കുന്നതാവട്ടെ ഹിന്ദുസ്ഥാൻ ഹിന്ദുക്കളുടേതായിരിക്കുമ്പോഴും അവിടെ ഏറ്റവും അരക്ഷിതരും ആശങ്കാകുലരുമായി പുലരാൻ വിധിക്കപ്പെട്ടവരും ഹിന്ദുക്കൾ തന്നെയെന്ന സംഘികൾ നിർമ്മിച്ച അടിസ്ഥാന യുക്തിയെയും അതിൽ നിന്ന് അവർതന്നെ ഉത്പ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന വൈരുദ്ധ്യത്തെയും കേന്ദ്രമാക്കിയും. അറബി പദമായ ഹിന്ദിയിൽ നിന്നാണ് ഈ കണ്ട ഹിന്ദുവും ഹിന്ദുസ്ഥാനുമൊക്കെ ഉണ്ടായതെന്നും ആ പ്രക്രിയയിൽ ഉടനീളം ഇന്ത്യൻ മുസൽമാന്റെ സാന്നിധ്യമുണ്ട് എന്നതും ഇവിടെ തമസ്കരിക്കപ്പെടുന്നു.

ഈ പരാതികൊണ്ടൊന്നും ഹിന്ദുസ്ഥാനെന്ന ഹെഗമണി ഇല്ലാതാകുന്നില്ല. ഇന്ത്യ അഥവാ ഭാരതം ഹിന്ദുസ്ഥാനാണോ എന്ന ചോദ്യമൊക്കെ, അങ്ങനെ വിശ്വസിക്കുന്ന മനുഷ്യർ എന്ന ഭൗതികശക്തിക്ക് മുമ്പിൽ അപ്രസക്തമായ വെറും എപിസ്റ്റമോളജിക്കൽ ഹിംസകൾ മാത്രമാണ്. അതായത് ശശികല ടീച്ചറിനെ ചോദ്യം ചെയ്യുന്നത് തന്നെ ഹിംസയാണ്. അപ്പോൾ കൃത്യമായ ഡേറ്റ വച്ച് സംസാരിക്കുന്ന സെൻകുമാറിനെ ചോദ്യം ചെയ്യുന്നത് ഒരുപക്ഷേ എപിസ്റ്റമോളജിക്കൽ വംശഹത്യ തന്നെയായി ചിത്രീകരിക്കപ്പെടാം.

നമ്മൾ സംഘി ഹെഗമണിയുടെ ആധാരമായ മുസ്ളീം എന്ന അപരത്തിലേക്ക് തന്നെ മടങ്ങിയെത്തിയിരിക്കുന്നു. ഇവർ ഇപ്പോൾ ഒന്നടങ്ങുന്നുവെങ്കിൽ അത് ജനസംഖ്യാപരമായ അപര്യാപ്തതകൾ കൊണ്ടാണ്. അതിനെ മറികടന്നാൽ എന്താവും ഹിന്ദുസ്ഥാനത്തിലെ ഹിന്ദുക്കളുടെ അവസ്ഥ എന്നതാണ് പ്രചരിക്കുന്ന ചോദ്യം. അതിനെ അപഹാസ്യമായ കണക്കുകൾ വച്ച് ആൾക്കൂട്ടത്തിനിടയിൽ പ്രചരിപ്പിക്കുന്ന ശശികല ടീച്ചറെപോലുള്ളവർ സൈബർ മാധ്യമങ്ങളിലെങ്കിലും പൊളിച്ചടുക്കപ്പെടുകയും ‘ശശി’ എന്ന ഇതിനോടകം തന്നെ ഒരു തമാശയായ പേരിന് കലയായി അത് (ആലുമുളച്ച മാതിരി) മാറുകയും ചെയ്തു. പക്ഷേ അപ്പോഴാണ് സെൻകുമാർ അവതരിക്കുന്നത്. അദ്ദേഹം  പറയുന്ന കണക്കുകൾ തള്ളല്ല. പക്ഷേ കണക്കിലെ പിശകുകൾ മാത്രം കൊണ്ടല്ല തള്ളുകൾ തള്ളാകുന്നത് എന്നത് ഇന്നും പൊതുബോധത്തിന് മനസിലാക്കാൻ പ്രയാസമുള്ള ഒന്നും.

മുസ്ളീം രാജ്യമെന്ന ഉഗ്രൻ തള്ള്
ഒരു ജനാധിപത്യ രാഷ്ട്രത്തിന്, ഒപ്പം മതരാഷ്ട്രമായും നിലനിൽക്കാനാവില്ല എന്നത് ഒരു വസ്തുതയാണ്. അതായത് മതരാഷ്ട്ര സങ്കല്പവും ജനാധിപത്യവുമായി വൈരുധ്യാത്മകമായ ഒരു സഹവാസം പോലും തത്വത്തിൽ സാധ്യമല്ല എന്ന്. എന്നാൽ ഇത് എത്രത്തോളം ശരിയാണെന്നത് ഡിബേറ്റബിൾ ആണ് താനും.

പല മുസ്ളിം രാജ്യങ്ങളും രാഷ്ട്രീയമായും സാമൂഹ്യമായും നിലനിൽക്കുന്നത് ഇസ്ളാമിക രാഷ്ടീയ സങ്കല്പം അഥവാ പാൻ ഇസ്ളാമിസത്തിനനുരൂപമായല്ല എന്ന് മാത്രമല്ല അവിടങ്ങളിൽ ഒക്കെയും ജനകീയമായ പ്രതിഷേധങ്ങൾ വഴി ആനുപാതികമായെങ്കിലും, പരിധികളുള്ളതാണെങ്കിലും ജനാധിപത്യ സ്വഭാവം ഭരണകൂടങ്ങളിൽ അടിച്ചേൽപ്പിക്കപ്പെടുന്ന അവസ്ഥയാണ്. അതൊരു വസ്തുതയായിരിക്കേ, അതായത് മുസ്ലീം രാഷ്ട്രങ്ങളിൽ ജനാധിപത്യപക്ഷത്ത് നിൽക്കുന്ന ഒരു ഹെഗമണി സ്വയംഭൂവെന്നോണം ഉണ്ടായിവരുന്ന ഒരു അന്താരാഷ്ട്ര സാഹചര്യത്തിലാണ് ഇന്ത്യയിൽ സംഘപരിവാർ, ഈ പോക്കുപോയാൽ ഉടൻ ഹിന്ദുസ്ഥാൻ ഇസ്ളാമിസ്ഥാനായി മാറും എന്ന ഭീഷണി പ്രചരിപ്പിക്കുന്നത്. പ്രശ്നം ഇസ്ളാമിസ്ഥാനായി മാറാൻ ഇന്ത്യയൊരു ഹിന്ദുസ്ഥാനല്ല, ഒരു അഖണ്ട മതേതര സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്ളിക്കാണെന്ന വസ്തുത ആരും പരിഗണിക്കുന്നില്ല എന്നതാണ്. മതരാഷ്ട്രങ്ങളിലെ മനുഷ്യർ പോലും ജനാധിപത്യത്തിലേയ്ക്ക് ഉറ്റുനോക്കുമ്പോൾ നിലവിൽ ന്യൂനപക്ഷമായ ഒരു ജനവിഭാഗത്തിന്റെ സംഖ്യയിൽ തെല്ലൊരു വർദ്ധനവുണ്ടായാൽ, ഇനി ഇതൊരു മുസ്ളിം ഭൂരിപക്ഷ രാജ്യമായി മാറിയാൽ തന്നെയും ഇവിടുത്തെ ജനാധിപത്യം തകരും, അതൊരു മൗദൂദിക് സ്റ്റേറ്റായി മാറും എന്ന് പറയുന്നത് അതിനെ നാളിതുവരെ ചെറുത്തുപോരുന്ന മതവിശ്വാസികൾ തന്നെയായ മുസ്ളീങ്ങളെ അപമാനിക്കലാണ്.

മൗദീദിസവും, പാനിസ്ളാമിസവുമൊന്നും ഇന്ത്യയിലോ കേരളത്തിലോ കേട്ടുകേള്‍വി പോലുമില്ല, എല്ലാം സയണിസ്റ്റ് പ്രചാരണങ്ങളാണ്, ഐ എസ് എന്നൊക്കെ പറഞ്ഞാൽ എന്താദ് എന്ന് മറുചോദ്യം ചോദിക്കുന്നവരാണ് ഇവിടത്തെ മുസ്ളീങ്ങൾ എന്ന ഒരു ന്യൂനപക്ഷത്തിന്റെ നാടകവത്ക്കരണം തള്ളിക്കളയുന്നു. ഇന്ത്യൻ മുസ്ളീം എന്ന ഒന്നുണ്ട്. അവർ ഇന്ത്യൻ ഹിന്ദുവിനെക്കാളും ഇന്ത്യൻ ക്രിസ്ത്യാനിയെക്കാളും പാനിസ്ളാമിസത്തിന്റെ അപകടത്തെക്കുറിച്ച് ബോധമുള്ളവരാണ്. അവർ തള്ളിക്കളഞ്ഞതുകൊണ്ടാണ്, അല്ലാതെ അടവുനയങ്ങൾ കൊണ്ടോ, ന്യൂനപക്ഷ പ്രീണനങ്ങൾ കൊണ്ടോ അല്ല ആ പ്രത്യയശാസ്ത്രത്തിന് ഇനിയും ഇവിടെ ഒന്നും സാധിക്കാതെ പോയത്.

അതുകൊണ്ട് സെൻകുമാർ പറഞ്ഞത് ശരിയാണ്. ജനനനിരക്ക് മുസ്ളീങ്ങൾക്കിടയിൽ കൂടുതലാണ്. അതുപോലും കേരളത്തിലെ കഥയാണ്. ഇനി അത് ഒരു പാന്‍ ഇന്ത്യൻ കഥയായാലും അതുകൊണ്ട് ഇന്ത്യൻ ജനാധിപത്യത്തിനും മതേതരത്വത്തിനും ഒരു അപകടവും ഉണ്ടാവില്ല. ഭീഷണി ഹിന്ദുത്വമാണ്. ഏത് ഐപിഎസ്സുകാരൻ എന്ത് ഡാറ്റാ വളച്ചൊടിച്ച് പറഞ്ഞാലും അത് മനുഷ്യരിലേയ്ക്ക് എത്തിക്കാൻ പോന്ന ഒരു പ്രതിഹെഗമണി ഇവിടെയുണ്ട്. അത് കുറേ വിരമിച്ച ഐപിഎസ്സുകാരെ ‘കോപ്റ്റ്’ ചെയ്ത് തകർക്കുക എന്നത് പുതിയ കെട്ടിടത്തിൽ മുഖ്യമന്ത്രിക്ക് മുറി പണിഞ്ഞതുപോലെ നിറവേറാൻ സാധ്യതയില്ലാത്ത ഒരു സ്വപ്നമായി തുടരുകയേ ഉള്ളു: ഇടതു പ്രതിരോധം സംഘി ഹെഗമണിയെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യാനും പ്രായോഗിക ഉൾക്കാഴ്ചയുള്ള പ്രതിരോധ പദ്ധതികൾ ഉണ്ടാക്കാനും പോന്ന രാഷ്ട്രീയ വ്യക്തത ആർജ്ജിക്കുകയാണെങ്കിൽ.

ബെഹ്റയോ സെൻകുമാറോ മൂത്ത സംഘി എന്ന തീർപ്പാണ് ലക്ഷ്യമെങ്കിൽ സെൻകുമാർ – ബെഹ്റ അടിവസ്ത്ര താരതമ്യം പോര സർ, സ്വയം മുണ്ടഴിച്ച് ഉറപ്പുവരുത്തേണ്ടിവരും എന്ന് ചുരുക്കം. അതാണ് ഹിന്ദു ഹെഗമണി നമ്മോട് പറയുന്നത്. മറിച്ച് ലവനെ കാണിച്ച് ഇവനെ ഒതുക്കാം എന്ന നിലയിലാണ് ഇടത് സാംസ്കാരിക സംവാദങ്ങൾ ഇനിയും പുരോഗമിക്കുന്നതെങ്കിൽ പിന്നെ മാർക്സിനെ വിട്ട് വല്ല ഈശ്വരോ രക്ഷതു മന്ത്രം ജപിച്ച് നോക്കുകയാവും ഭേദം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍