UPDATES

രജീഷ് പാലവിള

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

രജീഷ് പാലവിള

ട്രെന്‍ഡിങ്ങ്

മകൾ ഇതരമതസ്ഥനെ വിവാഹം ചെയ്താൽ സുധാ രഘുനാഥന്റെ സംഗീതം ഇല്ലാതാകുമോ? കർണ്ണാട്ടിക്ക് സംഗീത ലോകത്തെ ഹിന്ദുത്വ പോലീസിംഗ്

കർണ്ണാട്ടിക്ക് സംഗീതലോകം കാലാകാലങ്ങളായി വച്ചുപുലർത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന ബ്രാഹ്മണിസം ഇന്ന് കലാകാരന്മാരെ തിരിഞ്ഞുകുത്തുകയാണ്

വെറുപ്പിന്റെ രാഷ്ട്രീയം എല്ലാ മേഖലകളിലും നുഴഞ്ഞു ചെന്ന് അനാവശ്യ വിവാദങ്ങളും ഭീഷണികളും അവഹേളനങ്ങളും ഉണ്ടാക്കുന്നത് രാജ്യത്ത് നിരന്തരം നടന്നുകൊണ്ടിരിക്കുകയാണ്. കലാകാരന്മാരുടെ ആത്മവിശ്വാസം കെടുത്തിയും അവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തിയും തരാതരം പോലെ പക്ഷം പിടിച്ചും കുറ്റപ്പെടുത്തിയും നടത്തുന്ന സോഷ്യൽ ഓഡിറ്റിങ്ങുകൾ പലപ്പോഴും എല്ലാ പരിധികളും ലംഘിക്കുന്ന ദയനീയ കാഴ്ചകളാണ് ചുറ്റുമുള്ളത്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് സുപ്രസിദ്ധ കർണ്ണാട്ടിക് സംഗീതജ്ഞ ശ്രീമതി സുധാ രഘുനാഥന്റെ മകൾ മാളവികയുടെ വിവാഹവുമായി ബന്ധപ്പെട്ട് നടക്കുന്നത്.

2019 ജൂലൈ 11 ന് ചെന്നൈയിൽ വച്ച് നടക്കുന്ന തന്റെ മകളുടെ വിവാഹ ക്ഷണക്കത്ത് സുധ രഘുഗുനാഥന്‍ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ആസ്വാദക ലോകത്തെ ഒരു കൂട്ടം സദാചാര വാദികളുടെ അവഹേളനങ്ങൾക്കും പരിഹാസങ്ങൾക്കും അവർ ഇരയായത്. അവരുടെ മകൾ മാളവിക വിവാഹം കഴിക്കുന്നത് ആഫ്രിക്കൻ-അമേരിക്കൻ വംശജനായ മൈക്കിൾ എന്ന ക്രിസ്ത്യൻ യുവാവിനെയാണ് എന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. മൈക്കിളിനെതിരെ വംശവിദ്വേഷത്തിന്റെ പരിഹാസങ്ങളുംകൂടി സുധയുടെ കുടുംബം നേരിടേണ്ടി വരുന്നു. സുധാ രഘുനാഥന്റെ കച്ചേരികൾ സംഗീത സഭകളും ഹൈന്ദവ ആരാധനാലയങ്ങളും ബഹിഷ്കരിക്കണമെന്നാണ് ഇക്കൂട്ടരുടെ ആവിശ്യം. സുധാ രഘുനാഥന്‍ മകളുടെ വിവാഹത്തോടെ ക്രിസ്തു മതം സ്വീകരിക്കുമെന്നും ഇവർ പ്രചരിപ്പിക്കുന്നു!

വളരെ ദാരുണമാണ് ഈ അവസ്ഥ. പ്രായപൂർത്തിയായ സ്വന്തം മകൾ അവർക്ക് ഇഷ്ടമുള്ള ഒരാളെ തന്റെ ഭർത്താവായി തിരഞ്ഞെടുത്തതിനെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്ത സുധയുടെ കുടുംബത്തിന്റെ സന്മനസ്സിനെ താറടിക്കുകയും അവരുടെ സ്തുത്യർഹമായ സംഗീത ജീവിതത്തെ കരിവാരി തേക്കാനും ശ്രമിക്കുന്ന ക്ഷുദ്രശക്തികൾ രാജ്യത്ത് വളർന്നുവരുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രയോക്താക്കളാണ്. ഇത്തരം പ്രവണതകൾ ആവർത്തിക്കപ്പെടുന്നത് തടഞ്ഞേ മതിയാകൂ.ആളുകളെ തേജോവധം ചെയ്യാൻ ഏതറ്റംവരെയും പോകുന്ന ഇവർ കലോപാസകരോ ആസ്വാദകരോ അല്ല. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുള്ള, സംഗീത കലാനിധി സുധാ രഘുനാഥന് സ്വന്തം മകളുടെ വിവാഹ ക്ഷണക്കത്ത്പോലും സോഷ്യൽ ഓഡിററിംഗിന് വിധേയമാക്കപ്പെടുന്ന ഒരു സമൂഹത്തിൽ എങ്ങനെ സന്തോഷത്തോടും ഉത്സാഹത്തോടും പാടാൻ കഴിയും? പ്രായപൂർത്തിയായ മകളോ മകനോ അവരുടെ മാതാപിതാക്കളുടെ ജാതിക്കും മതത്തിനും പ്രവർത്തന മേഖലകൾക്കും അപ്പുറത്ത് സ്വന്തം ജീവിതവുമായി ബന്ധപ്പെട്ട് യാതൊരുവിധ തിരഞ്ഞെടുപ്പുകളും നടത്തിക്കൂടാ എന്ന് ഒരു സംഘം ആളുകൾ പറയുന്നത് എത്ര ജനാധിപത്യ വിരുദ്ധവും ഫാസിസവുമാണ്.

കർണ്ണാട്ടിക്ക് സംഗീതലോകത്ത് ഇത് ആദ്യത്തെ സംഭവമല്ല. കുറച്ചു നാൾ മുൻപാണ് ടി.എം.കൃഷ്ണ, ബോംബെ ജയശ്രീ, നിത്യശ്രീമഹാദേവൻ, അരുണാ സായിറാം, ഓ.എസ്.അരുൺ, ഉണ്ണികൃഷ്ണൻ തുടങ്ങി കർണ്ണാട്ടിക്ക് സംഗീതരംഗത്തെ ശ്രദ്ധേയരായ ഗായകർക്കെതിരെ സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് ഹിന്ദുത്വവാദികളുടെ ക്യാമ്പയിൻ നടന്നത്. രാഷ്ട്രീയ സനാതന സേവാ സംഘം (RSSS) എന്നൊരു ഹിന്ദുത്വ സംഘടനയാണ് ഇതിന്റെ നേതൃത്വത്തിൽ. കർണ്ണാട്ടിക് സംഗീതജ്ഞർ ക്രൈസ്തവ-ഇസ്‌ലാം ദൈവങ്ങളെക്കുറിച്ചും അവരുടെ ആരാധനാലയങ്ങളിലും ആൽബങ്ങളിലും പാടരുതെന്നും അത്തരത്തിൽ പാടിക്കൊണ്ട് കർണ്ണാട്ടിക്ക് സംഗീതത്തിന്റെ ‘ഹൈന്ദവപാരമ്പര്യത്തെ’ അന്യമതങ്ങൾക്ക് അടിയറവുവയ്ക്കുതെന്നുമാണ് ഇവരുടെ ആവിശ്യം. അതിനുമുതിരുന്ന ഗായകരെയോർത്ത് ലജ്ജിക്കുവാനും അവരുടെ പരിപാടികൾ ബഹിഷ്കരിക്കുവാനും ഈ സംഘടന ആഹ്വാനം ചെയ്തിരുന്നു. നമ്മുടെ സമ്പന്നമായ സംഗീതപാരമ്പര്യത്തെ സോ കോൾഡ് ഹിന്ദുത്വത്തിലേക്ക് ഹൈജാക്ക് ചെയ്തുകൊണ്ട് സംഗീതജ്ഞർക്ക് നേർക്ക് പുറപ്പെടുവിച്ചിരിക്കുന്ന ‘ഹിന്ദുത്വ ഫത്വകൾ ‘ നമ്മുടെ രാജ്യം എവിടെ ചെന്നെത്തിയിരിക്കുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമായിരുന്നു. കർണ്ണാട്ടിക്ക് സംഗീത ലോകത്ത് കാലാകാലങ്ങളായി നിലനിൽക്കുന്ന സവർണ്ണാധിപത്യങ്ങൾക്കും അയിത്തങ്ങൾക്കുമെതിരെ ടി.എം.കൃഷ്ണയെപ്പോലെയുള്ള പുരോഗമന ചിന്താഗതിക്കാരായ ഒരു കൂട്ടം സംഗീതജ്ഞരുടെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ജനകീയ പ്രതിരോധങ്ങളെ അങ്ങേയറ്റം അസഹിഷ്ണുതയോടെയാണ് ഇവർ നേരിടുന്നത്.

‘രാഷ്ട്രീയ സനാതന സേവാ സംഘ’ത്തിന്റെ സ്ഥാപകൻ എന്നവകാശപ്പെടുന്ന രാമനാഥൻ എന്നൊരാൾ കർണാട്ടിക്ക് സംഗീതജ്ഞനും പിന്നണിഗായകനുമായ ഓ.എസ്.അരുണുമായി നടത്തിയ ശബ്ദരേഖ അത്തരത്തിൽ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. സുപ്രസിദ്ധ കർണാട്ടിക് വയലിനിസ്റ്റ് ലാൽഗുഡി ജയറാമിന്റെ ശിഷ്യനും ‘ശ്യാം’ എന്നപേരിൽ തമിഴ് സംഗീതലോകത്തുള്ളവർക്ക് പരിചിതനുമായ ടി.സാമുവൽ ജോസഫ് നടത്തുവാൻ തീരുമാനിച്ച ഓ.എസ്.അരുൺ പാടുന്ന’യേശുവിൻ സംഗമ സംഗീതം’ എന്ന പരിപാടിയിൽനിന്നും അരുൺ പിന്മാറണമെന്നാണ് രംഗനാഥൻ ഭീഷണിപ്പെടുത്തുന്നത്. നിർഭാഗ്യവശാൽ അരുൺ അതിനു കീഴടങ്ങുകയും ഈ പരിപാടിയിൽനിന്നും താൻ പിന്മാറുകയാണ് എന്നറിയിക്കുകയും ചെയ്തിരുന്നു! ഒരു തെലുങ്ക് ക്രിസ്ത്യൻ ആൽബത്തിനുവേണ്ടി പാടിയതാണ് ഡി.കെ.പട്ടമ്മാളിന്റെ ചെറുമകൾ നിത്യശ്രീമഹാദേവിനോടുള്ള പരിഭവം. പതിവ് ക്രിസ്ത്യൻ ഗാനങ്ങളിൽനിന്നും വ്യത്യസ്തമായി പൂർണ്ണമായി കർണ്ണാട്ടിക് ശൈലിയിലുള്ള കീർത്തനങ്ങളും ഉപകരണങ്ങളുമാണ് ഈ ആൽബത്തിൽ ഉപയോഗിക്കപ്പെട്ടത്. അത്തരത്തിൽ കർണ്ണാട്ടിക്ക് സംഗീതത്തിന്റെ ശൈലിയും സംസ്കാരവും അന്യമതപ്രഘോഷണത്തിന് ഉപയോഗിക്കുന്നത് ഹിന്ദുത്വവിരുദ്ധമാണെന്നാണ് ഈ സംഘടന ‘ബോധിപ്പിക്കുന്നത്’. അരുണാ സായിറാം,ബോംബെ ജയശ്രീ,ഉണ്ണികൃഷ്ണൻ എന്നിവരും അന്യമതകീർത്തനങ്ങൾ ചെയ്യുന്നത് പരിഹാസ്യമെന്ന നിലയിൽ ഇവർ ചോദ്യം ചെയ്യുന്നു. പതിവുപോലെ ഇവിടെ ഏറ്റവുമധികം ആക്രമിക്കപ്പെട്ടത് സുപ്രസിദ്ധ സംഗീതജ്ഞനും മാഗ്‌സസേ അവാർഡ് ജേതാവുമായ ടി.എം.കൃഷ്ണയാണ്.

ഇത്തരം ഭീഷണികൾ സംഗീതജ്ഞരുടെ നേർക്കുണ്ടാവുന്നത് ‘ഞെട്ടലുളവാക്കി’ എന്നാണ് നിത്യശ്രീയുടെ അന്നത്തെ മറുപടിക്കുറിപ്പ്. രാജ്യത്ത് അനേകം പേർ ആവിഷ്കാരസ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദിക്കുകയും കൊല്ലപ്പെടുകയും ചെയ്തപ്പോഴെല്ലാം നിശബ്ദമായി ഇരിക്കുകയും അതൊന്നും തങ്ങളെ ബാധിക്കാൻ പോന്ന പ്രശ്നങ്ങളല്ല എന്ന് നിനയ്ക്കുകയും ചെയ്തവർ തങ്ങൾക്ക് നേർക്കും അവർ വരുമെന്നറിയുമ്പോൾ ഞെട്ടുക സ്വാഭാവികമാണല്ലോ. ഇനിയും ഉണരാത്തവർ ഇതിൽ ആത്മപരിശോധന നടത്തേണ്ടതുണ്ട്!ടി.എം.കൃഷ്ണ മാത്രമാണ് ഈ മേഖലയിൽ ഇക്കാര്യത്തിൽ ഒരപവാദം. അതുകൊണ്ടുതന്നെ കലാകാരന്മാരുടെ പരിധി നിശ്ചയിക്കാൻ ഇറങ്ങിപ്പുറപ്പെട്ട രാഷ്ട്രീയ സനാതന സേവാ സംഘത്തിന്റെ മുഖ്യശത്രു ടി.എം.കൃഷ്ണയാവുന്നത്. അവരുടെ മേൽപ്പറഞ്ഞ ഭീഷണിയുടെ ശബ്ദരേഖയിൽ ‘പൊറുക്കി’ എന്ന വാക്കുകൊണ്ടാണ് രംഗനാഥൻ കൃഷ്ണയെ സംബോധനചെയ്യുന്നത്. ഒരു ക്രിസ്ത്യൻ പള്ളിയിൽ അദ്ദേഹം നടത്തിയ കച്ചേരി അവരെ ചൊടിപ്പിച്ചിരിക്കുകയാണ്. രാഷ്ട്രീയ സനാതന സേവാ സംഘത്തിന്റെ ഫേസ്ബുക്ക് പേജില്‍ അഖിലലോക ബ്രാഹ്മണ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടയാണ് എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ പ്രധാന എതിരാളി ടി.എം.കൃഷ്ണയാണ്.തമിഴ് നാട്ടിലെ മുഴുവൻ സംഗീതസഭകളും കൃഷ്ണയെ ബഹിഷ്കരിക്കണമെന്നും അദ്ദേഹം നടത്തുന്ന പരിപാടികളിൽ സംഘം ചേർന്ന് ബഹളംവയ്ക്കുമെന്നുമാണ് സനാതന സേവാസംഘത്തിന്റെ ഭീഷണി. ഒരുപടികൂടികടന്ന്, കൃഷ്ണയെ പരസ്യമായി അടിക്കുമെന്നും അവർ പറഞ്ഞിരുന്നു! ഇത്തരം ഭീഷണികൾക്ക് മുന്നിൽ മറ്റു പലരും മുട്ടുമടക്കുകയും മാപ്പപേക്ഷയുടെ സ്വരത്തിൽ വിശദീകരണം നൽകി തലകുനിക്കുകയും ചെയ്യുമ്പോൾ പതിവുപോലെ ഇതിനെ ധീരമായി നേരിടുകയും വെല്ലുവിളിക്കുകയുമാണ് ടി.എം.കൃഷ്ണ ചെയ്തത്. തന്റെ പ്രതിമാസ സംഗീതപരിപാടികളിൽ ക്രിസ്ത്യൻ-ഇസ്ലാമിക കൃതികളുടെ കർണ്ണാട്ടിക് അവതരണങ്ങൾ നടത്തുമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. മായാവരം വേദനായകംപിള്ള, എബ്രഹാം പണ്ഡിതർ, കൂനാങ്കുടി മസ്താൻ സാഹിബ്, ഡി.വേദനായകം ശാസ്ത്രികൾ തുടങ്ങിയ പ്രമുഖ സംഗീതജ്ഞർ കർണ്ണാട്ടിക്ക് രാഗങ്ങളിൽ ചിട്ടപ്പെടുത്തിയ ക്രിസ്ത്യൻ -ഇസ്ലാമിക കൃതികൾ അതിനുവേണ്ടി തിരഞ്ഞെടുക്കുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തിയിരുന്നു. സംഗീതത്തെ അതിന്റെ എല്ലാ ഔന്നിത്യത്തോടും ജാതി-മതങ്ങൾക്ക് അപ്പുറത്തേക്ക് കൊണ്ടുപോകണമെന്നും അദ്ദേഹം സഹപ്രവർത്തകരോടും കലാകാരന്മാരോടും ആവശ്യപ്പെടുന്നു. ക്രൈസ്തവ-ഇസ്ലാം-ജൈന-ബുദ്ധമതങ്ങൾക്കെന്നല്ല അതിനുമപ്പുറം യുക്തിവാദ-നിരീശ്വരസാഹിത്യകൃതികൾക്ക് വേണ്ടിപ്പോലും പാടാൻ ഗായകർ തയ്യാറാവണമെന്നും സംഗീതം അതിനെല്ലാമപ്പുറമാണെന്നും അതിനുവേണ്ടി ആരോടൊപ്പവും താനുണ്ടാകുമെന്നും ടി.എം.കൃഷ്ണ തന്റെ ധീരമായ നിലപാടുകൾ കുറിച്ചിരുന്നു.

കർണ്ണാട്ടിക്ക് സംഗീതലോകം കാലാകാലങ്ങളായി വച്ചുപുലർത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന ബ്രാഹ്മണിസം ഇന്ന് കലാകാരന്മാരെ തിരിഞ്ഞുകുത്തുകയാണ് എന്ന് ടി എം.കൃഷ്ണ പറഞ്ഞത് ശെരിവക്കുന്നതാണ് അവർത്തിച്ചുകൊണ്ടിരിക്കുന്ന സംഭവങ്ങൾ. ഇതിനെയെല്ലാം ഒറ്റപ്പെട്ട ഒച്ചപ്പാടുകളായി തള്ളിക്കളയുന്നത് അപകടമാണ് എന്ന് തിരിച്ചറിഞ്ഞേ മതിയാകൂ. സ്വന്തം കലാമണ്ഡലത്തിൽ നിരുപാധികം വിഹരിക്കാനുള്ള കലാകാരന്റെ സ്വാതന്ത്ര്യത്തെയും ആത്മാഭിമാനത്തെയും ചോദ്യം ചെയ്യുന്ന അപക്വമതികൾ ചുറ്റും പതിയിരുപ്പുണ്ട്. അവർ ഉയർത്തുന്ന വിദ്വേഷത്തിന്റെ ചെറുതും വലുതുമായ തരംഗങ്ങൾ അസുലഭസുന്ദരമായ നമ്മുടെ കലാ-സാംസ്‌കാരിക പാരമ്പര്യങ്ങളെ പല രീതിയിൽ ചോദ്യം ചെയ്യുന്നുണ്ട് എന്നത് തിരിച്ചറിയപ്പെടണം.

കർണ്ണാട്ടിക് സംഗീതലോകത്തെ സ്ത്രീ ത്രയങ്ങളിൽ ഒരാളായിരുന്ന എം.എൽ.വസന്തകുമാരിയുടെ പ്രിയ ശിഷ്യകൂടിയായ സുധാ രഘുനാഥന്‍ തന്റെ അനുപമമായ സംഗീതംകൊണ്ട് അപക്വമതികളായ ക്ഷുദ്രജീവികളോടും അവരുടെ വിദ്വേഷരാഷ്ട്രീയത്തോടും വിജയിക്കുമെന്ന് ഉറപ്പുണ്ട്. എന്നിരുന്നാലും സുധാ രഘുനാഥനോടും കുടുംബത്തിനോടും ഈ അവസരത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടത് അവരുടെ സമ്പന്നമായ സംഗീതജീവിതത്തോടുള്ള ആദരവ് മാത്രമല്ല നമ്മുടെ രാജ്യത്തെ കലാപാരമ്പര്യങ്ങളെ മലീമസമാക്കുന്ന ഫാസിസ ശക്തികളോടുള്ള ജനാധിപത്യപരമായ ചെറുത്ത് നിൽപ്പ് കൂടിയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Read More: ഈ ലോകം ഏക പത്നി/പതി വ്രതക്കാർക്ക് മാത്രമുള്ളതല്ല; ഒ അബ്ദുള്ള വഴി കാട്ടട്ടെ ബിനോയിക്ക്…

രജീഷ് പാലവിള

രജീഷ് പാലവിള

എഴുത്തുകാരന്‍, കവി, വിവര്‍ത്തകന്‍, യാത്രികന്‍, രാഷ്ട്രീയ നിരീക്ഷകന്‍. കൊല്ലം സ്വദേശി. 2014 മുതല്‍ തായ്‌ലാന്‍ഡില്‍ ജോലി ചെയ്യുന്നു. Websites: http://vedhandam.blogspot.com/

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍