UPDATES

ട്രെന്‍ഡിങ്ങ്

ആര്‍ക്ക് വേണം ചരിത്രം? രായ്ക്കുരാമാനം വില്‍ക്കപ്പെടുന്ന കാസറഗോട്ടെ കോട്ടകള്‍

കോട്ടയുടെ ഭാഗമായി കാണുന്നവയില്‍ ബാക്കിയായ അവസാനത്തെ കല്‍ത്തറയ്ക്ക് മുകളില്‍ അടുത്ത കാലത്തായി ഒരു കാവി പൂശിയ കല്ല് പ്രത്യക്ഷമായിട്ടുണ്ട്

സംസ്‌കാരവൈവിധ്യങ്ങളും ചരിത്ര പെരുമയും കൊണ്ടും സമ്പന്നമാണ് തുളുമണ്ണ്. പല കാലങ്ങളില്‍ നടന്ന കുടിയേറ്റങ്ങളെയെല്ലാം ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട് ഈ നാട്. കുടിയേറ്റക്കാരായി എത്തിയ കന്നഡക്കാര്‍ ഈ മണ്ണില്‍ കന്നഡ നിറച്ചപ്പോഴും, വളരെ പതുക്കെ തുളുവിനെ ആ വലിയ ഭാഷ വിഴുങ്ങിയപ്പോഴും ഇവിടുത്തുകാര്‍ അധികം ബഹളമൊന്നും ഉണ്ടാക്കിയില്ല. അവരുടേതായ ജീവിതത്തില്‍ അവര്‍ സന്തോഷം കണ്ടെത്തിയിരിക്കണം. ഇങ്ങനെ ചരിത്രത്തില്‍ നിന്നും പുറത്തായി പോകുന്ന പലതും ഉണ്ട് ഈ നാട്ടില്‍.

പഴയ കാലത്തിന്റെ കുതിരക്കുളമ്പടികള്‍ക്കൊപ്പം നേര്‍ത്ത് നേര്‍ത്ത് കുറച്ച് കല്ലുകള്‍ മാത്രമായി അവശേഷിക്കുന്ന ചരിത്ര തുടിപ്പുകളും ഈ മണ്ണിന്റെ ‘പ്രത്യേകത’യാണ്. പതുക്കെ ചരിത്രത്തില്‍ നിന്നും പാടേ മാഞ്ഞുപോയേക്കാവുന്നവ. യുദ്ധവും തന്ത്രവും കച്ചവടവും തുടങ്ങി കൗശലത്തിലും കരവിരുതിലും തീര്‍ത്ത കോട്ടകളും കൊത്തളങ്ങളും. പത്തിലധികം കോട്ടകള്‍ തുളു മണ്ണിന്റെ പ്രത്യേകതയാണ്. ബേക്കല്‍, ഹൊസ്ദുര്‍ഗ്, ചന്ദ്രഗിരി, കുമ്പള, കാസറഗോഡ്, പൊവ്വല്‍, കുണ്ടംകുഴി, ബന്തടുക്ക, ചിത്താരി, പനയാല്‍, മഞ്ചേശ്വരം, നീലേശ്വരം, പിലിക്കോട് തുടങ്ങിയ ഇടങ്ങളില്‍ ഉള്ളതും ഉണ്ടായിരുന്നതുമായ കോട്ടകള്‍ക്കൊക്കെ രാജവംശത്തിന്റെയും പടയോട്ടങ്ങളുടെയും കണക്കില്ലാത്തത്രയും കഥകള്‍ പറയാനുണ്ട്.

ചരിത്രത്തോടൊപ്പം മണ്ണായി തീരുന്ന കോട്ടകളുണ്ട് കാസറഗോഡ് ജില്ലയില്‍. ആരുമറിയാതെ കച്ചവടമുറപ്പിച്ച് വിറ്റ കോട്ടയുണ്ട്… സകല മേഖലകളിലും സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയെ മുതലെടുത്താണ് ചരിത്രപരമായ ഈ തീരാനഷ്ടത്തിലേക്ക് കാസറഗോഡിനെ ചില ഉദ്യോഗസ്ഥരും സ്വകാര്യ വ്യക്തികളുമെല്ലാം എത്തിച്ചത്.

കാസറഗോഡ് നഗരത്തില്‍ മാത്രം രണ്ട് കോട്ടകള്‍ നിലവിലുണ്ട്. ചന്ദ്രഗിരി കോട്ടയും കാസറഗോഡ് കോട്ടയും. കാസറഗോഡ് റയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് തന്നെയാണ് കാസറഗോഡ് കോട്ട സ്ഥിതി ചെയ്യുന്നത്. കോട്ടയിലേക്ക് വഴിതിരക്കിയപ്പോള്‍ വഴിയരികിലായി കച്ചവടം നടത്തുന്ന ചേട്ടന് ഒരു സംശയം, ഇനി വഴിമാറിയെങ്ങാനും വന്നതാണോ എന്ന്. പിന്നീട് ഹനുമാന്‍ അമ്പലത്തിലേക്കുള്ള വഴി ചോദിച്ചപ്പോള്‍ തെളിഞ്ഞ ചിരിയോടെ അദ്ദേഹം വഴി കാണിച്ചുതന്നു. നാട്ടുകാരെ പറഞ്ഞിട്ട് കാര്യമില്ല; പുരാവസ്തുവകുപ്പിന്റെ കണക്കില്‍ പോലും പെട്ടിരുന്നില്ലത്രേ ഈ കോട്ട.

ഈ ചരിത്ര സ്മാരകത്തെ തേടി ഒന്നു നടന്നുനോക്കിയാല്‍ ഞെട്ടിക്കുന്ന ആ യാഥാര്‍ത്ഥ്യം നമുക്ക് ബോധ്യപ്പെടും. ശതാബ്ദങ്ങളുടെ കഥ പറയാന്‍ കെല്‍പ്പുള്ള ഈ കോട്ടയില്‍ ചെന്ന് കോട്ട തിരഞ്ഞ് നടക്കേണ്ട ഗതികേട്. പലയിടങ്ങളില്‍ ചിതറിക്കിടക്കുന്ന കോട്ടയുടെ അവശിഷ്ടങ്ങള്‍. അടുത്തകാലത്ത് മോടി പിടിപ്പിച്ച നിലയിലുള്ള ഒരു ഹനുമാന്‍ അമ്പലം. കോണ്‍ക്രീറ്റും അല്ലാത്തതുമായ വീടുകള്‍. കോട്ടയോട് ചേര്‍ന്ന് സുരക്ഷയ്‌ക്കെന്നോണം ഹനുമാന്‍ അമ്പലങ്ങള്‍ നിര്‍മ്മിക്കുന്നത് ഇക്കേരി നായ്ക്കന്‍മാരുടെ ഒരു രീതിയായിരുന്നു. കോട്ടയുടെ സംരക്ഷണത്തിനായി നായ്ക്കന്‍മാര്‍ പാട്ടത്തിന് പാര്‍പ്പിച്ച കുടുംബങ്ങളാണ് ഈ വീട്ടുകാര്‍.

അമ്പലത്തിന്റെ ഇടത് ഭാഗത്ത് ഒരു വീട് കണ്ടു. പാതിയും നിലം പൊത്തിയ ആ വീടിന്റെ ഒരു ഭാഗത്ത് മൂന്ന് സ്ത്രീകളിരുന്ന് സംസാരിക്കുന്നു. സംസാരം തുളു ഭാഷയിലാണെങ്കിലും അവര്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു.

“എന്റെ അജ്ജ ഇണ്ടല്ലാ… അച്ഛന്റെ അച്ച, ഓര്‌ടെ അച്ച ആന്ന് ഈട ഇര്ന്നിന്. കോട്ട നോക്കാനായിറ്റ്. മംഗലാപുരത്തെ മൊതലാളിയാന്ന് ഓരെ ഈട ഇരിത്തീത്. നമ്മ പാട്ടത്തിനാന്ന് കുടി. ഇപ്പവും ഒര് സെന്റ് സ്ഥലം ഞങ്ങക്ക് ഇല്ലാ.. ഒര് ദിബസം കുറച്ചാള്‍ക്കാര്‍ മാവെല്ലം മുറിക്കാന് വന്നു, അന്നപ്പൊ നമ്മള്‍ക്ക് തിരിഞ്ഞത് ഇത് സലം കച്ചോടാക്ക്ന്ന്… ന്ന്. അന്ന് ബന്നയോറെ അറീല. ഒരാള് വിദ്യാനഗര്‌ത്തെ ഒരു വക്കീലാന്ന് അത്രേ അറിയൂ.. നമ്മക്കും സര്‍ക്കാര് സ്ഥലം തെരണം.. ചത്താലും ഞമ്മള്‍ ഈട്ന്ന് പോകേലാ.. ബേറെ സലുല്ല നമ്മക്ക്. എടപോണ്ടത് ഞങ്ങ..?” ചെമ്പ പറയുന്നു.

(എന്റെ അപ്പൂപ്പന്റെ അച്ഛനെ മംഗലാപുരത്തുള്ള മുതലാളി കോട്ടയുടെ പരിപാലനത്തിനായി പാട്ടത്തിന് കോട്ടയ്ക്കകത്ത് താമസിപ്പിച്ചു. വീട് പൊളിക്കാനോ, മറ്റ് പ്രവര്‍ത്തവനങ്ങളോ സാധ്യമല്ല. ഇപ്പൊഴും ഒരു സെന്റ് സ്ഥലം പോലും തങ്ങള്‍ക്ക് സ്വന്തമായില്ല. ഒരു ദിവസം മാവ് മുറിക്കാനായി ഒരു സംഘം ആളുകള്‍ എത്തിയപ്പോഴാണ് ഈ സ്ഥലം വിറ്റുപോയി എന്ന് നമ്മള്‍ മനസിലാക്കുന്നത്. അന്ന് വന്ന ആളുകളെ ഞങ്ങള്‍ക്കറിയില്ല. കൂട്ടത്തില്‍ ഒരാള്‍ വിദ്യാ നഗറിലെ ഒരു വക്കീലാണ്. ഞങ്ങള്‍ക്കും സര്‍ക്കാര്‍ ഭൂമി തരണം. ഞങ്ങള്‍ക്ക് പോകാന്‍ വേറെ ഇടമില്ല)

പാതിയും നിലം പൊത്തിയ വീട്. അധികം തകര്‍ന്നുവീഴാത്ത വീടിന്റെ ഒരു ഭാഗത്ത് ചെമ്പയും സഹോദരനും കുടുംബവും, അവരുടെ അമ്മയും താമസം. കാറ്റെല്ലാം വെരുമ്പം പേടി… എന്താന്ന് വേണ്ടത്.. ആരെ എടത്ത് പറയേണ്ടിയത്… അറീല. സലം നോക്കാമ്പന്ന കലട്രോടും എല്ലാം പറഞ്ഞിന്. എല്ലാം നേരെയാക്കാന്നും, കേസ് വിധിയാകട്ടേന്നും എല്ലാം അവര് പറീന്ന്. എണ്‍പത് കഴിഞ്ഞ ഗുപിത പൂജാരി പറയുന്നു. 150-ലേറെ വര്‍ഷമായി സ്ഥിരതാമസക്കാരായ ഈ സാധുജനങ്ങള്‍ക്ക് ഒരു സെന്റ് ഭൂമിപോലും സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവിടെയാണ് ഒരു ആഴ്ചകൊണ്ട് കോട്ട മുഴുവനും മറ്റൊരു കൂട്ടര്‍ വിറ്റു കളഞ്ഞത്.

1899-ല്‍ ശരണ പയ്യന്‍ എന്നയാള്‍ അദ്ദേഹത്തിന്റെ പിതാവ് മഞ്ജുനാഥന്റെ സ്മരണക്കായി കോട്ടയോട് ചേര്‍ന്ന് ഒരു ആശ്രമം പണിതു. ആശ്രമം ആയതുകൊണ്ടുതന്നെ അധികം ആരും അതിനെ എതിര്‍ത്തതുമില്ല. ഈ ആശ്രമം പണിത ശരണ പയ്യരുടെ പിന്‍ഗാമികളാണ് കോട്ട തന്നെ സ്വന്തമാക്കാന്‍ ശ്രമിച്ചത്. ഇവര്‍ക്ക് വില്‍പനാധികാരം രാഷ്ട്രീയ പ്രമുഖരുടേയും മറ്റും അറിവോടെ ലഭിക്കുകയും ചെയ്യുന്നു. 2005ല്‍ അവരുടെ ശ്രമങ്ങള്‍ക്ക് വില്ലേജ് ഓഫീസറും തഹസില്‍ദാറുമെല്ലാം കൂട്ടു നില്‍ക്കുകയായിരുന്നു. നികുതി വെയ്ക്കാന്‍ തഹസില്‍ദാര്‍ പറഞ്ഞു. ഉടന്‍ തന്നെ നികുതി തളങ്കര വില്ലേജില്‍ കെട്ടുകയുണ്ടായി. ഒരാഴ്ചയ്ക്കകം ഈ ഭൂമി നാലുപേരുടെ പേരില്‍ വീതിച്ചുകൊണ്ട് രേഖകളുണ്ടായി.

വില്‍പനയെക്കുറിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നതോടെ തഹസില്‍ദാര്‍ ഭൂമി തിരിച്ചു പിടിക്കുകയും, സര്‍ക്കാര്‍ഭൂമിയായി പ്രഖ്യാപിക്കുകയും ചെയ്തു. എ.ഡി.എം എച്ച് ദിനേശന്‍ സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു. ലാന്റ് റവന്യൂ കമ്മീഷണര്‍ അടക്കം 15 പേരെ പ്രതി ചേര്‍ത്ത് വിജിലന്‍സ് ആന്റ് ആന്റി കറക്ഷന്‍സ് ബ്യൂറോ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

വില്‍പന നടന്നതായി രേഖകളുണ്ടെങ്കിലും വിറ്റവര്‍ക്കും വാങ്ങിയവര്‍ക്കും ഉപയോഗിക്കാന്‍ കഴിയാത്ത തരത്തില്‍ സര്‍ക്കാരിന് മാറ്റി നിര്‍ത്താന്‍ കഴിഞ്ഞു, കാസറഗോഡ് ജില്ലാപഞ്ചായത്ത് അംഗം വി.പി.പി മുസ്തഫ പറയുന്നു.

ചരിത്ര സ്മാരകങ്ങള്‍ പോലും വില്‍ക്കാനും വാങ്ങാനും കഴിയുന്ന ഒരിടമായി കാസറഗോഡ് മാറിയിരിക്കുന്നു. സര്‍ക്കാര്‍ അനാസ്ഥ തുടരുന്ന പക്ഷം ഇനിയും വിലമതിക്കാനാകാത്ത പലതും ചരിത്ര താളുകളില്‍ നിന്ന് ഇറങ്ങി പോവുക തന്നെ ചെയ്യും. കോട്ടയുടെ ഭാഗമായി കാണുന്നവയില്‍ ബാക്കിയായ അവസാനത്തെ കല്‍ത്തറയ്ക്ക് മുകളില്‍ അടുത്ത കാലത്തായി ഒരു കാവി പൂശിയ കല്ല് പ്രത്യക്ഷമായിട്ടുണ്ട്. നിലവില്‍ അവിടെയും പൂജകള്‍ മുറയ്ക്ക് നടക്കാറുണ്ടെന്ന് താമസക്കാര്‍ പറയുന്നു. അങ്ങനെ വന്നാല്‍ ഒട്ടും താമസിക്കാതെ കോട്ടയെ അമ്പലം വിഴുങ്ങുക തന്നെ ചെയ്യും.

കോട്ടകളായി പറഞ്ഞു കേള്‍ക്കുന്നവയെ കൂടാതെ ഒളിഞ്ഞും തെളിഞ്ഞും പിന്നേയും കോട്ടകളുണ്ട് ഈ മണ്ണില്‍. അവയെല്ലാം അന്യാധീനപ്പെട്ടു പോകുന്നതിന് മുന്‍പെങ്കിലും അധികൃതര്‍ കണ്ണ് തുറക്കേണ്ടത് അത്യാവശ്യമാണ്.

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍