UPDATES

ട്രെന്‍ഡിങ്ങ്

ബേക്കല്‍ മാത്രമേ നമുക്കറിയൂ, ഇതാ തകര്‍ന്നുകൊണ്ടിരിക്കുന്ന കാസറഗോട്ടെ കോട്ടകള്‍

ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കില്‍പ്പോലും പെടാത്ത കോട്ടകള്‍ ഇവിടെയുണ്ടെന്ന് കാസറഗോഡുകാര്‍ പറയുന്നു

സംരക്ഷിക്കപ്പെടേണ്ട കോട്ടകള്‍ ഇനിയുമുണ്ട് തുളുമണ്ണില്‍…

കേരളത്തില്‍ വേറെങ്ങും കാണാത്ത വൈവിധ്യങ്ങളോടെ, ഒരു മിനി ഇന്ത്യന്‍ സൊസൈറ്റിയായ ഈ തുളു മണ്ണില്‍ ഇനിയും ഏറെ കോട്ടകള്‍ സംരക്ഷിക്കപ്പെടേണ്ടതായുണ്ട്. കോട്ടകള്‍ പലതും ഈ വൈവിധ്യത്തിന് ഹേതുവായിട്ടുമുണ്ട്. വിജയനഗര സാമ്രാജ്യ കാലഘട്ടവും, അതുകഴിഞ്ഞെത്തിയ മംഗലാപുരത്തെ ഇക്കേരി നായ്ക്കന്‍മാരുടെ കാലഘട്ടവും, അതുകഴിഞ്ഞെത്തിയ ടിപ്പു സല്‍ത്താന്റെ പടയോട്ടവുമെല്ലാം ഇവിടെ ഈ വൈവിധ്യത്തിന്റെ വിത്തുകള്‍ പാകി.

കോട്ടകള്‍ കെട്ടാനെത്തിയ കോട്ടയാര്‍ എന്ന സമുദായവും, ഉര്‍ദു ഭാഷ സംസാരിക്കുന്ന പ്രത്യേക മുസ്ലീം സമുദായമായ ഖനതി മുസലിയാര്‍, തുളുക്കന്‍മാര്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ജന സഞ്ചയം… ഇങ്ങനെ കോട്ടകള്‍ കാസറഗോഡിന് നല്‍കിയ സംഭാവനകള്‍ ഏറെയാണ്. കേന്ദ്ര- സംസ്ഥാന ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റുകളുടെ സംരക്ഷണത്തിലാണ് ഈ കൊട്ടകളുള്ളത. അവ സ്വകാര്യ വ്യക്തികളുടെ കൈകടത്തലുകള്‍ക്കും മറ്റും പാത്രമാകാന്‍ അനുവദിക്കരുത്. കോട്ടച്ചുമരുകള്‍ കഥകള്‍ പറയട്ടെ..

ചരിത്രം വിളിച്ച് പറയുന്നതിനൊപ്പം ഈ കോട്ടകളൊക്കെ പോയകാലത്തെ കാസര്‍കോടിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ ചലനങ്ങളും വളര്‍ച്ചയുമൊക്കെ വരച്ചുകാട്ടുന്നുമുണ്ട്. കോട്ടകള്‍ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളെക്കുറിച്ച് നിരീക്ഷിച്ചാല്‍ ഇത് വ്യക്തമാവും. കുമ്പള, ചന്ദ്രഗിരി, ബേക്കല്‍, ഹൊസ്ദുര്‍ഗ് കോട്ടകള്‍ കടല്‍ത്തീര കോട്ടകളും പനയാല്‍, കുണ്ടംകുഴി, ബന്തടുക്ക എന്നിവിടങ്ങളിലേത് കര്‍ണ്ണാടക വാണിജ്യ പാതയിലുള്ളതുമാണ്. നമ്മുടെ നാട്ടിലെ വിഭവങ്ങള്‍ പുറംനാടുകളിലേക്ക് എത്തിക്കുന്നതിന്റെ വാതായനങ്ങളായിരുന്നു തുറമുഖങ്ങള്‍. ഇത്തരം സ്ഥലങ്ങള്‍ ഭരണാധികാരികള്‍ കോട്ടകെട്ടി സംരക്ഷിച്ചിരിക്കണം. ഇതാണ് കടല്‍ തീരത്ത് കോട്ടകള്‍ കെട്ടാന്‍ കാരണമായതെന്നാണ് പറയപ്പെടുന്നത്.

ആര്‍ക്ക് വേണം ചരിത്രം? രായ്ക്കുരാമാനം വില്‍ക്കപ്പെടുന്ന കാസറഗോട്ടെ കോട്ടകള്‍

ബേക്കല്‍ കോട്ട

കേരളത്തില്‍ നിലവിലുള്ള കോട്ടകളില്‍ ഏറ്റവും വലുതും രാജ്യത്തെ ശ്രദ്ധേയമായ ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നുമാണ് ബേക്കല്‍കോട്ട. മുപ്പതിലേറെ ഏക്കറില്‍ പരന്നുകിടക്കുന്ന ബേക്കല്‍ കോട്ടയും അതിന് പശ്ചാത്തല ഭംഗിയൊരുക്കുന്ന അറബിക്കടലും മനംകവരുന്ന കാഴ്ചയാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രത്യേക ടൂറിസം ഏരിയാ പദ്ധതി പ്രകാരം പശ്ചിമതീരം മുഴുവനും സമഗ്രമായി നടത്തിയ സര്‍വ്വെയുടെ ഫലമായാണ് ബേക്കല്‍ കോട്ടയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം പദ്ധതികളുണ്ടായത്. കാസര്‍കോട്ട് നിന്ന് 16 കിലോമീറ്ററും കാഞ്ഞങ്ങാട്ട് നിന്ന് 12 കിലോമീറ്ററും ദൂരപരിധിയിലുള്ള ബേക്കല്‍ കോട്ടയും അനുബന്ധ കേന്ദ്രവും ടൂറിസ്റ്റുകളുടെ പറുദീസയാണ്. സദാ ആര്‍ത്തിരമ്പുന്ന കടലിന്റെ വശ്യഭംഗിയും തിരമാലകളുടെ നിലയ്ക്കാത്ത ആരവങ്ങളും ചരിത്രം പറയാന്‍ വെമ്പല്‍ കൊള്ളുന്ന കോട്ടകൊത്തളങ്ങളും ഇവിടേക്ക് ആകര്‍ഷിച്ചുകൊണ്ടേയിരിക്കും.

കടലില്‍ നിന്ന് കെട്ടിപ്പൊക്കിയത് കണക്കെ പകുതിയിലേറെ ഭാഗവും കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന ബേക്കല്‍ കോട്ടയുടെ പുറംമതില്‍ നൂറ്റാണ്ടുകളായി തിരമാലകളുടെ താരാട്ട് കേട്ടുകൊണ്ടിരിക്കുന്നു. പ്രവേശന കവാടത്തോട് ചേര്‍ന്നുള്ള ഹനുമാന്‍ ക്ഷേത്രവും സമീപത്തെ പുരാതന മുസ്ലിം പള്ളിയും മതസൗഹാര്‍ദ്ദത്തിന്റെ പ്രൗഢമായ അടയാളമാണ്. വളഞ്ഞ് പുളഞ്ഞായുള്ള പ്രവേശന കവാടവും കോട്ടമതിലിന് പുറത്തെ കിടങ്ങുകളും കോട്ടയുടെ പ്രതിരോധത്തിനായി നിര്‍മ്മിച്ചതെന്ന് വ്യക്തമാണ്. പലഭാഗങ്ങളിലായുള്ള കൊത്തളങ്ങള്‍, നിരവധി പടിക്കെട്ടുകളോടെയുള്ള വലിയകുളം, കടല്‍തീരത്തേക്ക് നീങ്ങുന്ന രഹസ്യ കവാടം, വെടിമരുന്നറ, നിരീക്ഷണ ഗോപുരം, ഇവിടേക്കുള്ള വീതിയേറിയ പാത തുടങ്ങിയ കോട്ടയുടെ പ്രധാന ഭാഗങ്ങളൊക്കെ കെട്ടിലും മട്ടിലും അഴകാര്‍ന്ന കാഴ്ചയാണ്. ശത്രു സൈന്യങ്ങളുടെ നീക്കങ്ങളറിയാനാണ് നിരീക്ഷണ ഗോപുരം പണിതത്. കോട്ടയുടെ മധ്യഭാഗത്ത് കിഴക്ക് മാറി ഉയര്‍ന്ന് നില്‍ക്കുന്ന ഇവിടെ നിന്ന് നോക്കിയാല്‍ ചുറ്റുവട്ട പ്രദേശങ്ങളെ വ്യക്തമായി കാണാനാവും.

1645-നും 1660-നും ഇടയില്‍ കുംബ്ലയിലെ ബദിന്നൂര്‍ നായക്കന്മാരില്‍പ്പെട്ട ശിവപ്പ നായക്കാണ് ബേക്കല്‍ കോട്ട നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. ഹിരിയ വെങ്കിടപ്പയാണ് കോട്ടയുടെ നിര്‍മ്മാണം ആരംഭിച്ചതെന്നും ഇത് ശിവപ്പ നായക്ക് പൂര്‍ത്തീകരിക്കുകയുമായിരുന്നുവത്രെ. 1760കളില്‍ മൈസൂര്‍ രാജാവായിരുന്ന ഹൈദരാലി കോട്ട പിടിച്ചടക്കുകയും പിന്നീട് ടിപ്പു സുല്‍ത്താന്റെ കാലത്ത് ഈ കോട്ട തുളുനാടിന്റെയും മലബാറിന്റെയും പ്രധാന കേന്ദ്രമായും മാറി. 1799ല്‍ ടിപ്പുവിനെ പരാജയപ്പെടുത്തിയതോടെ കോട്ട ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിലായി. കേന്ദ്ര ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്‌മെന്റാണ് ബേക്കല്‍കോട്ട സംരക്ഷിക്കുന്നത്. ബേക്കല്‍ പ്രദേശത്തെ അന്തര്‍ദേശീയ തലത്തിലുള്ള ബീച്ച് ടൂറിസ്റ്റ് ഡസ്റ്റിനേഷന്‍ ആക്കി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1995ല്‍ രൂപീകൃതമായ ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കീഴില്‍ ഇവിടെ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. ബേക്കല്‍ കോട്ടയും സമീപത്തെ പള്ളിക്കര ബീച്ച് പാര്‍ക്കും കാസര്‍കോടിന്റെ സൗഭാഗ്യമാണ്.

ഹൊസദുര്‍ഗ്ഗ് അഥവാ പുതിയ കോട്ട

ജില്ലയിലെ മറ്റൊരു പ്രധാന കോട്ടയാണ് ഹൊസ്ദുര്‍ഗ് കോട്ട അഥവാ പുതിയകോട്ട. ബേക്കല്‍ കോട്ട പോലെ ചെങ്കല്ലിനാല്‍ നിര്‍മ്മിച്ച കൂറ്റന്‍ ചുറ്റുമതിലുകളുള്ളതാണ് ഈ കോട്ടയും. ബേക്കല്‍ കോട്ട പോലെ ഇക്കേരി രാജാക്കന്മാരുടെ ഭരണകാലത്താണ് ഈ കോട്ടയും നിര്‍മ്മിച്ചതെന്നാണ് പറയപ്പെടുന്നത്. എ.ഡി. 1714 മുതല്‍ 1739 വരെ ഇക്കേരി രാജാവായിരുന്ന സോമശേഖര നായക്കിന്റെ കാലത്താണ് ഹൊസ്ദുര്‍ഗ് കോട്ട നിര്‍മ്മിച്ചതെന്നാണ് പൊതുവെ പറഞ്ഞ് വരുന്നത്.

ഈ കോട്ട ഡച്ചുകാരുടെ കാലത്ത് നിര്‍മ്മിച്ചതാണെന്നും അഭിപ്രായമുണ്ട്. 26 ഏക്കര്‍ വിസ്തൃതിയില്‍ നിലകൊണ്ടിരുന്ന ഹൊസ്ദുര്‍ഗ് കോട്ടയുടെ ഒരു കൊത്തളം മാത്രമാണ് നിലവില്‍ അവശേഷിക്കുന്നത്. സംരക്ഷണമില്ലാത്തത് മൂലം കോട്ടയുടെ വലിയൊരു ഭാഗവും ജീര്‍ണ്ണിച്ചു പോയി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള ഈ കോട്ട ഉള്‍പ്പെടുന്ന പ്രദേശം കാഞ്ഞങ്ങാട് നഗരത്തിന്റെ ഭരണസിരാകേന്ദ്രം കൂടിയാണ്. കോടതിയും നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഹൊസ്ദുര്‍ഗിന്റെ സമീപ പ്രദേശമായ കോട്ടച്ചേരി എന്ന സ്ഥലത്തായിരുന്നു അന്ന് കോട്ട നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലിക്കാര്‍ താമസിച്ചിരുന്നതെന്നും അത് കാരണമാണ് ഈ പേര് വന്നതെന്നും വിശ്വസിക്കുന്നു.

ഇന്ന് ഈ കോട്ടയ്ക്ക് വേണ്ടി എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളും, കുറച്ച് ചരിത്ര സ്‌നേഹികളും മാത്രം. ഉണങ്ങിയ പുല്ലുകളും കുറ്റിക്കാടുകളും കയറി കോട്ട നശിക്കുകയാണ്. സമീപഭാവിയില്‍ തന്നെ കാസറഗോഡ് കോട്ടയുടെ നിര്‍ഭാഗ്യം ഈ കോട്ടയേയും ആക്രമിച്ചേക്കാം…

ചന്ദ്രഗിരി കോട്ട

കാസറഗോഡ് നഗരത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ചന്ദ്രഗിരിക്കോട്ടയും മറ്റൊരു പ്രധാന ചരിത്ര സ്മാരകമാണ്. പതിനേഴാം നൂറ്റാണ്ടിലാണ് ഈ കോട്ട നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്നു. ഏഴ് ഏക്കറോളം വിസ്തൃതിയിലുള്ള ചന്ദ്രഗിരി കോട്ടയുടെ പല ഭാഗങ്ങളും തകര്‍ന്നിട്ടുണ്ട്. കോട്ടയുടെ പ്രധാന ഭാഗത്ത് നിന്ന് നോക്കിയാല്‍ പശ്ചാത്തല ഭംഗിയൊരുക്കുന്ന ചന്ദ്രഗിരി പുഴയുടെയും അറബിക്കടലിന്റെയും മനോഹാരിത ആസ്വദിക്കാനാവും.

17-ആം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ കോട്ട ചരിത്ര-പുരാവസ്തു വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്. സമുദ്രനിരപ്പില്‍ നിന്നും 150 അടിയോളം ഉയരത്തില്‍ ഏകദേശം 7 ഏക്കര്‍ സ്ഥലത്ത് ചതുരാകൃതിയില്‍ കോട്ട വ്യാപിച്ചു കിടക്കുന്നു. ഇക്കേരി നായ്ക്കന്‍മാരുടെ പരമ്പരയില്‍ പെട്ട ശിവപ്പനായ്ക്കാണ് ചന്ദ്രഗിരി കോട്ട കെട്ടിയത്.

അടുത്ത കാലത്തായി കോട്ടയില്‍ ചില പുതുക്കി പണിയലുകള്‍ നടന്നതിനാല്‍ മറ്റ് കോട്ടകള്‍ക്കേറ്റ അത്ര വലിയൊരു മങ്ങല്‍ ചന്ദ്രഗിരിക്കരയിലെ ഈ കോട്ടയ്ക്ക് സംഭവിച്ചിട്ടില്ല.

കാസറഗോഡ് കോട്ട

കാസറഗോഡ് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് അല്‍പ്പമകലെയായി സ്ഥിതി ചെയ്തിരുന്ന കാസര്‍കോട് കോട്ട നാമാവശേഷമായിരിക്കുന്നു. ഈ കോട്ടയ്ക്ക് സമീപത്തായി ഒരു ആശ്രമവും ഉണ്ടായിരുന്നു. 17-ാം നൂറ്റാണ്ടില്‍ ഇക്കേരി നായ്ക്കന്മാരാണ് ഈ കോട്ട നിര്‍മ്മിച്ചത്. സര്‍ക്കാരിന്റെ അനാസ്ഥയെ തുടര്‍ന്ന് 2005ല്‍ കോട്ട സാമൂഹ്യ വിരുദ്ധര്‍ കൈവശപ്പെടുത്തി വില്‍ക്കാന്‍ ശ്രമിച്ചു. സംഭവത്തെ തുടര്‍ന്ന് അന്നത്തെ ലാന്റ് റവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജ്, തഹസില്‍ദാര്‍മാരായിരുന്ന ചെന്നിയപ്പ ,ശിവകുമാര്‍,സബ് രജിസ്ട്രാറായിരുന്ന റോബിന്‍ ഡിസൂസ, ഭൂമി വാങ്ങിയ മുന്‍ കാസറഗോഡ് നഗരസഭ ചെയര്‍മാന്‍ എസ്.ജെ പ്രസാദ്, കേരള കോണ്‍ഗ്രസ് നേതാവ് സിജി സെബാസ്റ്റ്യന്‍, ഭൂമി വിറ്റ ബംഗളൂരുവിലെ ചന്ദ്രവാക്കര്‍ കുടുംബാംഗങ്ങള്‍ തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. ചരിത്രാവശിഷ്ടങ്ങളോട് പുരാവസ്തു വകുപ്പ് കാട്ടുന്ന അവഗണനയുടെ വലിയൊരു ഉദാഹരണമാണ് ഇന്നീ കോട്ട.

പൊവ്വല്‍ കോട്ട

ചരിത്രവും സംസ്‌കാരവും ഉറങ്ങുന്ന പൊവ്വല്‍ കോട്ട അധികൃതരുടെ അവഗണനയില്‍ ചരിത്രത്തിലേക്കു മറഞ്ഞുകൊണ്ടിരിക്കുകയാണ്. നിര്‍മിതികളെല്ലാം നശിച്ച് കാടുമൂടിക്കിടക്കുന്ന കോട്ട സാമൂഹികവിരുദ്ധരുടെ താവളമായി മാറി. വിജയനഗര സാമ്രാജ്യത്തിന്റെ സാമന്തന്മാരായ ഇക്കേരി നായ്ക്കന്മാരുടെ ഭരണകാലത്താണു കോട്ട നിര്‍മിച്ചത്.

സംസ്ഥാന പുരാവസ്തു വകുപ്പ് 1985ല്‍ കോട്ട സംരക്ഷണ സ്മാരകമായി ഏറ്റെടുത്തെങ്കിലും ചില അറ്റകുറ്റപ്പണികള്‍ നടത്തിയതല്ലാതെ കോട്ട ആകര്‍ഷകമാക്കാനുള്ള നടപടികളൊന്നും സ്വീകരിച്ചില്ല. കോട്ടയ്ക്കു ചുറ്റും കമ്പിവേലി കെട്ടുകയും കവാടത്തില്‍ ഗേറ്റ് സ്ഥാപിക്കുകയും ചെയ്തിരുന്നു. സുരക്ഷാജീവനക്കാര്‍ക്കു താമസിക്കാനായി പുറത്ത് ഓഫിസും നിര്‍മിച്ചു. എന്നാല്‍ അതിനു ശേഷം പുരാവസ്തു വകുപ്പ് അധികൃതര്‍ ഇങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല.

സംരക്ഷണമില്ലാതായതോടെ കോട്ട വീണ്ടും അനാഥമായി. ചെര്‍ക്കള – ജാല്‍സൂര്‍ പാതയിലെ പൊവ്വല്‍ ടൗണില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് കോട്ട സ്ഥിതിചെയ്യുന്നത്. വിശാലമായ എട്ടര ഏക്കര്‍ സ്ഥലത്ത് അധികൃതരുടെ അവഗണനയ്ക്കിടയിലും തലയുയര്‍ത്തി നില്‍ക്കുകയാണ് ഈ ചരിത്ര അടയാളം. പാതയോരത്തെ ബോര്‍ഡുകള്‍ കണ്ട് വിനോദസഞ്ചാരികള്‍ എത്തിയാല്‍ കാടുമൂടിക്കിടക്കുന്ന കോട്ടയിലേക്കു കടക്കാന്‍ പോലും പ്രയാസമാണ്.

കോട്ടയ്ക്കകത്തെ ഹനുമാന്‍ ക്ഷേത്രമുള്‍പ്പെടെ എല്ലാം കാടുമൂടി കാണാന്‍ കഴിയാത്ത നിലയിലാണ്. കോട്ടയ്ക്കകത്തെ കിണറുകളും കുളങ്ങളും കാടുമൂടിക്കിടക്കുന്നതിനാല്‍ അകത്തു കടക്കുന്നവരുടെ ജീവന്‍പോലും അപകടത്തിലാവും. ഗേറ്റിന്റെ പൂട്ടും ഓഫിസിന്റെ പൂട്ടും സാമൂഹികവിരുദ്ധര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ തകര്‍ത്തിരുന്നു. സന്ധ്യയായാല്‍ കോട്ട സാമൂഹികവിരുദ്ധരുടെയും ലഹരി മാഫിയയുടെയും താവളമാണെന്നു നാട്ടുകാര്‍ പറയുന്നു.

ആദ്യമൊക്കെ നാട്ടുകാര്‍ ഇതിനെ എതിര്‍ത്തുനോക്കിയെങ്കിലും ഭീഷണി ഭയന്നു പിന്നീടു ശ്രദ്ധിക്കാതായി. ഇതു തടയാന്‍ പൊലീസിന്റെ ഇടപെടല്‍ വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. പഠനാവശ്യത്തിനായി കുട്ടികളും ഗവേഷക വിദ്യാര്‍ഥികളും ഇവിടെ എത്താറുണ്ടെന്നല്ലാതെ വിനോദസഞ്ചാരികള്‍ കുറവാണ്. എത്തുന്നവര്‍ തന്നെ കോട്ടയുടെ ദയനീയാവസ്ഥ കണ്ട് പുറത്തു നിന്നു തന്നെ മടങ്ങുകയും ചെയ്യുന്നു.

സംസ്ഥാന പുരാവസ്തുവകുപ്പ് സംരക്ഷണസ്മാരകമായി ഏറ്റെടുത്ത ജില്ലയിലെ നാലു കോട്ടകളിലൊന്നാണ് മുളിയാര്‍ പഞ്ചായത്തിലെ പൊവ്വല്‍കോട്ട. ജില്ലയിലെ മറ്റു കോട്ടകളില്‍ നിന്നു വ്യത്യസ്തമായി ഉരുളന്‍കല്ലും ചെമ്മണ്ണും ഉപയോഗിച്ചു നിര്‍മിച്ച ഏക കോട്ടയാണിതെന്ന പ്രത്യേകതയുണ്ട്. കോട്ടയ്ക്കകത്തു ഹനുമാന്‍ ക്ഷേത്രവും ചുറ്റിലുമായി എട്ടു കൊത്തളങ്ങളുമുണ്ട്. കടുത്ത വേനലിലും വറ്റാത്ത രണ്ടു കുളങ്ങളും കിണറും കോട്ടയ്ക്കുള്ളിലുണ്ട്. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും കോട്ടയില്‍ കാണാം.

ആരിക്കാടി കോട്ട

മംഗലാപുരം ദേശീയപാതയില്‍ കുമ്പളയില്‍ നിന്ന് ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ കോട്ടയിലെത്താം. കോട്ടയുടെ നാടായ കാസര്‍കോട്ടെ ഏറ്റവും വടക്കേ അറ്റത്തുള്ള കോട്ടയാണിത്. ടിപ്പുസുല്‍ത്താന്റെ കാലത്ത് നിര്‍മ്മിച്ചതാണെന്നാണ് പരക്കെ വിശ്വസിച്ചുവരുന്നത്. കുമ്പള രാജവംശത്തിന്റെ ആസ്ഥാനത്തിനുവേണ്ടിയാണിത് നിര്‍മ്മിച്ചതെന്നും പറയപ്പെടുന്നു.

എന്നാല്‍ എ.ഡി. 1608-ല്‍ ഇക്കേരി ഹിരിയ വെങ്കടപ്പ നായക് കെട്ടിയതാണ് കുമ്പളയിലെ ആരിക്കാടി കോട്ടയെന്നാണ് ചരിത്ര രേഖകളിലുള്ളത്. കോട്ടയുടെ കവാടത്തില്‍ നായക് നിര്‍മ്മിച്ച കോട്ടയെന്ന് കന്നടയില്‍ ആലേഖനം ചെയ്ത ഒരു ശിലാലിഖിതം ഉണ്ടായിരുന്നുവെന്ന് സൗത്ത് കാനറ ഡിസ്ട്രിക്ട് മാന്വല്‍ രണ്ടാം വാള്യത്തില്‍ സ്റ്റുവര്‍ട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് ഈ കോട്ട ദ്രവിച്ച് നശിക്കുമ്പോഴും കോട്ടയുടെ പ്രധാന നിരീക്ഷണകേന്ദ്രം ഒരു കോട്ടവും കൂടാതെ നിലനില്‍ക്കുന്നു. ഇതിന്റെ മുകളില്‍ നിന്ന് കാണുന്ന അറബിക്കടലിന്റെയും, കുമ്പളപ്പുഴയുടെയും കാഴ്ചകള്‍ മനോഹരമാണ്. കോട്ടയുടെ പരിസരത്ത് ചരിത്ര വിദ്യാര്‍ത്ഥികള്‍ നടത്തിയ പരിശോധനയില്‍ പുരാതന കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളും, ചെമ്പ് നാണയങ്ങളും മറ്റും കണ്ടത്തിയിരുന്നു.

ഇന്ന് കാടു പിടിച്ച്, കോട്ട മതിലുകള്‍ തകര്‍ന്ന നിലയിലാണ് ആരിക്കാടി കോട്ട. ഈ കോട്ടകള്‍ വിരല്‍ ചൂണ്ടുന്നത് ചരിത്ര സ്മാരകങ്ങോട് ആര്‍ക്കിയോളി ഡിപ്പാര്‍ട്ട്‌മെന്റ് കാണിക്കുന്ന കനത്ത അവണനയാണ്. മംഗളൂരു ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന കോട്ട ആയതിനാല്‍ തന്നെ നിരവധിതവണ പാത വീതികൂട്ടലിനൊപ്പം കോട്ടയുടെ രൂപത്തിനും മാറ്റങ്ങള്‍ വന്നുകൊണ്ടിരുന്നു.

ചിത്താരിയിലും പനയാലിലും കോട്ടകള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ടെങ്കിലും കാര്യമായ അടയാളങ്ങളൊന്നും ഇവിടെ ബാക്കിയില്ല. ഇക്കേരി നായ്ക്കന്മാരുടെ കാലത്ത് തന്നെ നിര്‍മ്മിക്കപ്പെട്ടത് എന്ന് പറയപ്പെടുന്ന കുണ്ടംകുഴി, ബന്തടുക്ക എന്നിവിടങ്ങിലും ഇതേ അവസ്ഥയാണ്. മഞ്ചേശ്വരത്തും കോട്ടയുണ്ടായിരുന്നതായി രേഖകളുണ്ടെങ്കിലും ഇവിടെയും കോട്ടയുടെ അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. നീലേശ്വരത്തും പിലിക്കോട് മട്ട്‌ലായിയിലും കോട്ടകളുണ്ടായിരുന്നതായി ചരിത്രരേഖകളിലുണ്ട്. ഷിറിയ പുഴയോട് ചേര്‍ന്ന കോട്ടയുടേയും അവസ്ഥ മറിച്ചല്ല. ഏക്കറുകള്‍ നീണ്ടുകിടക്കുന്ന കോട്ടകള്‍ ഇവിടങ്ങളില്‍ മരണം കാത്തു കിടക്കുകയാണ്.

ബേക്കല്‍ കോട്ട ഒഴികെ ജില്ലയിലെ ഒരു കോട്ടയ്ക്കും അര്‍ഹിക്കുന്ന സംരക്ഷണം ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. കാലപ്പഴക്കത്തില്‍ കല്ലുകള്‍ ഇളകിയും, കാടു മൂടിയും കോട്ട കൊത്തളങ്ങള്‍ മണ്‍മറഞ്ഞു പോകുന്നു. ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കില്‍പ്പോലും പെടാത്ത കോട്ടകള്‍ ഇവിടെയുണ്ടെന്ന് കാസറഗോഡുകാര്‍ പറയുന്നു. ഇനിയും അവയെ അവഗണിച്ചാല്‍ കോട്ടകള്‍ വെറും ചരിത്രം മാത്രമായി തീരും.

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍