ഇവര്‍ നാലുപേര്‍ക്കും പൊതുവായൊരു പ്രത്യേകത കൂടിയുണ്ട്
ഗൗരി ഖാന്, സൂസന്ന ഖാന്, ട്വിങ്കിള്‍ ഖന്ന, സാക്ഷി ധോണി; താര ഭാര്യമാരെന്ന നിലയില്‍ ഏറെ പരിചിതമായ പേരുകളാണിവ. ബോളിവുഡിലെയും ക്രിക്കറ്റിലെയും സൂപ്പര്‍ ഹീറോസിന്റെ ഭാര്യമാരെന്ന പ്രശസ്തിയില്‍ ഒതുങ്ങി ജീവിക്കാനില്ലെന്ന പക്ഷക്കാരാണ് ഈ നാലു പേരും. സ്വന്തം കഴിവും അഭിരുചികളും ഉപയോഗിച്ച് തനതായ ഇടം നേടുന്ന ഈ സ്ത്രീകള്‍ക്ക് പൊതുവായ ഒരു പ്രത്യേകത ഉണ്ട്. ഇന്റീരിയര്‍ ഡിസൈനിംഗ് ആണ് നാലു പേരും സൂപ്പര്ഹിറ്റുകളുണ്ടാക്കുന്ന മേഖല. സ്വന്തമായി ഡിസൈനിങ്ങ് ബ്രാന്‍ഡുകളും, ഗൃഹാലങ്കാരത്തിലെ ട്രെന്‍ഡുകളും സൃഷ്ടിച്ച് സ്ഥിരം താരഭാര്യ സങ്കല്‍പ്പങ്ങളോട് ബൈ ബൈ പറയുന്ന ഇവരുടെ വിശേഷങ്ങളറിയാം.
ചാര്‍ക്കോള്‍ പ്രൊജക്ടുമായി സൂസന്ന ഖാന്
ഋത്വിക് റോഷന്റെ പങ്കാളി എന്ന നിലയ്ക്കായിരുന്നു സൂസന്നയെ ആരാധകര്‍ക്ക് പരിചയം. ഋത്വികുമായി വേര്‍പിരിഞ്ഞെങ്കിലും സൂസന്ന ഇപ്പോഴും ബോളിവുഡിന്റെ പരിസരങ്ങളില്‍ തന്നെയുണ്ട്. ‘ചാര്‍ക്കോള്‍ പ്രൊജക്ട്’ എന്ന ഡിസൈനിങ്ങ് സ്റ്റുഡിയോ സൂസന്നയുടേതാണ്. ഗൃഹാലങ്കാര വസ്തുക്കള്‍ ആവശ്യമനുസരിച്ച് ഡിസൈന്‍ ചെയ്ത് നല്കുന്ന സ്റ്റോറും ഒപ്പമുണ്ട്. ഇതിനെല്ലാം പുറമേ ബിപാഷ ബസുവിനും മലൈക ഖാനും ഒപ്പം ‘ലേബല്‍ ലൈഫ്’ എന്ന ഇകൊമേഴ്സ് വെബ്സൈറ്റിന്റെ നടത്തിപ്പുമുണ്ട്. വീട് നിര്‍മ്മാണം, അലങ്കാരം എന്നിവയുടെ സ്റ്റൈല്‍ എഡിറ്ററായാണ് സൂസന്ന ഇതില്‍ പ്രവര്‍ത്തിക്കുന്നത്.
ഗൗരി ഖാന് ഡിസൈന്‍സ്
കിങ് ഖാന്റെ ഭാര്യയാണ് ഗൗരി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആ മേല്‍വിലാസമില്ലാതെ തന്നെ വാര്‍ത്താതാരമാണ് ഗൗരി ഖാന്. ബോളിവുഡിലെ പല സെലിബ്രിറ്റികളുടെയും സ്വപ്ന ഭവനങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത് ഗൗരിയുടെ കരങ്ങളാണ്. രണ്‍ബീര്‍ കപൂറും കരണ്‍ ജോഹറുമൊക്കെയാണ് ഗൗരിയുടെ സെലിബ്രിറ്റി കസ്റ്റമേഴ്സാണ്. ‘ഗൗരി ഖാന് ഡിസൈന്‍സ്’ ഈ രംഗത്ത് പുതിയ പടയോട്ടം തന്നെ തുടങ്ങി വച്ചിട്ടുണ്ട്.
ട്വിങ്കിള്‍ ഖന്നയുടെ വെള്ള ജനാല
അക്ഷയ് കുമാറിന്റെ ഭാര്യ എന്നതിനപ്പുറത്ത് എന്നും സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് ട്വിങ്കിള്‍ ഖന്ന. അഭിനയത്തില്‍ നിന്ന് മാറിയതിന് ശേഷം എഴുത്തിലും പ്രസംഗത്തിലും ഫാഷനിലുമൊക്കെ വെന്നിക്കൊടി പാറിച്ചു. ഡിസൈനിംഗ് മേഖലയിലും ഒരു കൈ നോക്കിയിട്ടുണ്ട് ട്വിങ്കിള്‍. വൈറ്റ് വിന്‍ഡോ എന്നാണ് അവരുടെ ഡിസൈനിങ്ങ് സ്ഥാപനത്തിന്റെ പേര്. 14 വര്‍ഷങ്ങളായി ഇന്റീരിയര്‍ ഡിസൈനിങ്ങ് മേഖലയിലുള്ള ട്വിങ്കിളിന് ‘എല്ലി ഡികോര്‍ ഇന്റര്‍നാഷണല്‍ ഡിസൈനിംഗ് അവാര്‍ഡ്’ ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഇന്‍സ്റ്റാ ഡികോര്‍ ഇന്ത്യയ്ക്ക് സാക്ഷി
എംഎസ് ധോണി ഗ്രൗണ്ടില്‍ സെഞ്ച്വറി അടിക്കണമെന്ന പ്രാര്‍ത്ഥനയുമായി വീട്ടില്‍ ഇരിക്കുകയല്ല സാക്ഷി ധോണി. റാഞ്ചിക്കാര്ക്ക് മനോഹര ഭവനങ്ങള്‍ ഡിസൈന്‍ ചെയ്ത് കൊടുക്കാന്‍ ഇന്‍സ്റ്റാ ഡികോര്‍ ഇന്ത്യ ആരംഭിച്ചിരിക്കുകയാണ് സാക്ഷി. ഗൃഹാലങ്കാര വസ്തുക്കളുടെ ഡിസൈനര്‍ സ്റ്റോറാണിത്.