UPDATES

മുന്‍ ഡിജിപിയും റോ തലവനുമായിരുന്ന ഹോര്‍മിസ് തരകന്‍ എന്ന കര്‍ഷകന്‍ ഇന്ന് ഒളവയ്പില്‍ ചെയ്യുന്നത്

സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി വരുമ്പോള്‍ ഹോര്‍മിസ് തരകന്‍ തിരക്കു പിടിച്ച സര്‍വീസ് ജീവത്തില്‍ നിന്നും കിട്ടിയ വിശ്രമം ആസ്വദിക്കുക എന്ന ലക്ഷ്യമായിരുന്നില്ല ഉണ്ടായിരുന്നത്.

തെക്കനാട്ട് പാറയില്‍ കുടുംബം തലമുറകളായി കര്‍ഷകരാണ്. കൊച്ചുപാപ്പു തരകന്റെ കാലത്തൊക്കെ തെക്കനാട്ട് തറവാടിന്റെ മുറ്റത്ത് പറ കണക്കണിന് നെല്ലും തേങ്ങയും നിറയുമായിരുന്നു. കൊച്ചുപാപ്പു തരകന് മക്കള്‍ 12 ആയിരുന്നു. നാലു പെണ്ണും എട്ട് ആണും. കര്‍ഷക പാരമ്പര്യമുള്ള ആ തറവാട്ടില്‍ കൊച്ചുപാപ്പു തരകന്റെ ആണ്‍മക്കള്‍ പക്ഷേ കൃഷിയുടെ വഴിയെ പോയില്ല. അവര്‍ മറ്റു ജോലികള്‍ തേടി പോയി. മൂത്തമകന്‍ എബ്രഹാം തരകന്‍ അപ്പോളോ ടയേഴ്‌സില്‍ പ്രൊജക്റ്റ് അഡ്മിനിസ്‌ട്രേറ്റീവ്‌ മാനേജറായിരുന്നു. രണ്ടാമത്തെയാള്‍ പ്രൊഫസര്‍ മാത്യു തരകന്‍, ബെല്‍ജിയത്തിലെ ആന്റ്‌വെര്‍പ് യൂണിവേഴ്‌സിറ്റിയില്‍ ഇക്കണോമിക്‌സ് വിഭാഗത്തില്‍ അധ്യാപകനായിരുന്നു. മൂന്നാമത്തെയാള്‍ ജോസഫ് തരകന്‍ കൊച്ചിയിലെ ജെ. തോംസണ്‍ കമ്പനിയിലായിരുന്നു, നാലാമാത് ജോര്‍ജ് തരകന്‍, എയര്‍ ഇന്ത്യയില്‍ റിജീയണല്‍ മനേജര്‍ ആയി സേവനമനുഷ്ഠിച്ചു, അഞ്ചാമന്‍ ഹോര്‍മിസ് തരകന്‍, അദ്ദേഹത്തിനു താഴെ ജേക്കബ് തരകന്‍, ലണ്ടനില്‍ ബങ്ക് ഉദ്യോഗസ്ഥനായിരുന്നു, ഏഴാമത്തെ സഹോദരന്‍ മൈക്കിള്‍ തരകന്‍ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലായിരുന്നു(എസ്പിജി). രാജീവ് ഗാന്ധിയുടെ സുരക്ഷാസംഘത്തിലുണ്ടായിരുന്നു, ഏറ്റവും ഇയള സഹോദരന്‍, കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ ചെയര്‍മാനായ മൈക്കിള്‍ തരകന്‍…

എട്ടുപേരുടെ കൂട്ടത്തില്‍ സര്‍ക്കാര്‍ ജീവനക്കാരനായി തീര്‍ന്നത് ഹോര്‍മിസ് മാത്രമായിരുന്നു. തെക്കനാട്ട് തറവാട്ടില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകുന്ന ആദ്യത്തെയാളായിരുന്നു കേരളത്തിന്റെ ഡിജിപിയും ഇന്ത്യയുടെ വിദേശ സുരക്ഷാ ഏജന്‍സി,റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) മേധാവിയുമായിരുന്ന ഹോര്‍മിസ് തരകന്‍. കൃഷിയുടെ നടുവിലായിരുന്നു ഹോര്‍മിസ് വളര്‍ന്നതെങ്കിലും കുട്ടിക്കാലം മുതല്‍ വായനയിലായിരുന്നു കമ്പം. വായനയാണ് ഹോര്‍മിസിനെ ഇന്ത്യന്‍ പൊലീസ് സര്‍വീസിലേക്ക് എത്തിക്കുന്നതും.

ഹോര്‍മിസിന് 13 വയസുള്ളപ്പോള്‍ പിതാവ് കൊച്ചുപാപ്പു തരകന്‍ മരിച്ചു. ചെറിയ പ്രായത്തിലെ പിതാവിനെ നഷ്ടപ്പെട്ടെങ്കിലും ഹോര്‍മിസിനും സഹോദരങ്ങള്‍ക്കും താങ്ങും കരുതലുമായി അമ്മ റോസക്കുട്ടി തരകസ്യാര്‍ ഉണ്ടായിരുന്നു. എല്ലാവരുടെയും മാര്‍ഗദര്‍ശിയായി നിന്നുകൊണ്ട് ആ അമ്മ തന്റെ മക്കളെ നല്ല രീതിയില്‍ വളര്‍ത്തി വലുതാക്കി. ഭൂപരിഷ്‌കരണ നിയമം വന്നതോടെ തെക്കനാട്ട് തറവാടിന്റെ കുറെ ഭൂമി വിട്ടുകൊടുക്കേണ്ടി വന്നെങ്കിലും മക്കളുടെയെല്ലാം പേരില്‍ തറവാട്ട് വക ഭൂമി തിരിച്ചിട്ടിരുന്നു. ഒളവയ്പ്പിനു പുറത്തെ പുതിയ പുതിയ ഭൂമികയിലേക്ക് കൊച്ചുപാപ്പു തരകന്റെ മക്കള്‍ ജീവിതം തേടി പോയെങ്കിലും അവര്‍ക്ക് എന്നെങ്കിലുമൊരിക്കല്‍ ഇതേ മണ്ണിലേക്ക് തന്നെ തിരികെയെത്താതെ പറ്റില്ലല്ലോ!

ഔദ്യോഗിക ജീവിതത്തിന്റെ തിരക്കില്‍ വര്‍ഷങ്ങളോളം നാട്ടില്‍ നിന്നു മാറി നില്‍ക്കേണ്ടി വന്ന ഹോര്‍മിസ് തകരകന് വിശ്രജീവിതം എവിടെയായിരിക്കണമെന്ന കാര്യത്തില്‍ മറ്റൊരു തീരുമാനം ഇല്ലാതിരുന്നതിനു കാരണവും അതായിരുന്നു. ജനിച്ചു വളര്‍ന്ന മണ്ണിന്റെ പിന്‍വിളി… ആറേഴു വര്‍ഷത്തോളം ബെംഗളൂരുവില്‍ കഴിഞ്ഞെങ്കിലും 2015 ല്‍ അദ്ദേഹം സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി. തറവാട്ട് വീടിരിക്കുന്നതിനു കുറച്ചു മാറി കായലിനോട് ചേര്‍ന്ന് കുടുംബസ്വത്തിന്റെ ഭാഗമായി കിട്ടിയ മണ്ണില്‍ ഒരു വീടുവച്ചു താമസം ആരംഭിച്ചു. എട്ടുകെട്ട് മാതൃകയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന തെക്കനാട്ട് തറവാട് വീട് വച്ചിട്ട് കൃത്യം നൂറുവര്‍ഷം തികയുന്ന അതേ കാലത്തായിരുന്നു ഹോര്‍മിസ് തരകനും സ്വന്തമായി ഒരു വീട് ഉണ്ടാക്കിയത്‌.

"</p

സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങി വരുമ്പോള്‍ ഹോര്‍മിസ് തകരനു തിരക്കു പിടിച്ച സര്‍വീസ് ജീവത്തില്‍ നിന്നും കിട്ടിയ വിശ്രമം ആസ്വദിക്കുക എന്ന ലക്ഷ്യമായിരുന്നില്ല ഉണ്ടായിരുന്നത്. ജനിച്ചു വളര്‍ന്ന ആ മണ്ണിലേക്ക് തിരിച്ചെത്തുമ്പോള്‍ ആ മനസ് ഒരു പോലീസുകാരന്റെതല്ലായിരുന്നു, തെക്കനാട്ട് കുടുംബത്തിന്റെ കാര്‍ഷിക മനസായിരുന്നു. ഒരു കാലത്ത് കൃഷിയുടെ നടുവില്‍ ജനിച്ചു ജീവിച്ചിട്ടും അതില്‍ നിന്നു മാറി സഞ്ചരിച്ച ഹോര്‍മിസ് ജീവത്തിന്റെ മറ്റൊരു ഘട്ടത്തില്‍ അതേ കാര്‍ഷിക പാരമ്പര്യത്തിന്റെ പ്രതിനിധിയായി മാറി. “പുറമെ ഏതൊക്കെ കുപ്പായമിട്ടാലും ഞങ്ങള്‍ സഹോദരങ്ങളുടെ ഉള്ളില്‍ ഒരു കര്‍ഷകനുണ്ടായിരുന്നു. ലണ്ടനില്‍ ബാങ്കര്‍ ആയിരുന്ന സഹോദരനാണ്‌ ആദ്യം ഒളവയ്പ്പിലേക്ക് തിരിച്ചെത്തുന്നതും കൃഷി ആരംഭിക്കുന്നതും. പിന്നാലെയാണ് ഞാന്‍ എത്തുന്നത്. എവിടെയൊക്കെ മാറി നിന്നാലും ഏതൊക്കെ ജോലി ചെയ്താലും ഉള്ളിലെ ആ പാരമ്പര്യം, അതും നമ്മളെ വിട്ടു പോകില്ലല്ലോ”; ഹോര്‍മിസ് തരകന്‍ പറയുന്നു.

ഒളവയ്പ്പിലെ ഈ കൃഷിഭൂമിയില്‍ ഹോര്‍മിസ് തരകനൊപ്പം കൂട്ടിന് ഭാര്യ മോളിയുമുണ്ട്. അപ്പോളോ ടയേഴ്‌സിന്റെ സ്ഥാപകന്‍ മാത്യു മറാട്ടുകളത്തിന്റെ പുത്രിയാണ് ഹോര്‍മിസ് തരകന്റെ ഭാര്യ മോളി. മോളിയുമൊരു മികച്ച കര്‍ഷകയാണെന്നതിനു വീട്ടു പറമ്പില്‍ വിളഞ്ഞു നില്‍ക്കുന്ന പച്ചക്കറികള്‍ സാക്ഷ്യം. ജൈവകൃഷിയാണ് മോളിയുടെ മേഖല. എല്ലാം നോക്കി പരിപാലിക്കുന്നത് മോളിയാണ്. ഒപ്പം നെല്‍കൃഷിക്കും ചെമ്മീന്‍കൃഷിക്കും വേണ്ട സഹായം ചെയ്ത് ഹോര്‍മിസ് തരകനൊപ്പവും. ആദ്യം ചെറിയ രീതിയില്‍ തുടങ്ങിയതാണെങ്കിലും ഇപ്പോള്‍ ഞങ്ങള്‍ക്കാവശ്യമായ പച്ചക്കറികള്‍ ഇവിടെ നിന്നും തന്നെ കിട്ടുന്നുണ്ടെന്നാണ് പച്ചക്കറി തോട്ടത്തിലേക്ക് കണ്ണോടിച്ചു കൊണ്ട് ഹോര്‍മിസ് തരകന്‍ പറയുന്നത്.

കറ്റകളും നെല്ലും നിറഞ്ഞു കിടന്ന തെക്കനാട്ട് തറവാടിന്റെ മുറ്റം പോലെയാണ് ഇപ്പോള്‍ ഹോര്‍മിസ് തരകന്റെ വീട്ടു മുറ്റവും. മെതി യന്ത്രത്തിലേക്ക് കറ്റകള്‍ ഇട്ടുകൊടുക്കാനും പുറത്തേക്ക് വരുന്ന നെല്ല് കൂട്ടിയെടുക്കാനും മൂന്നു പണിക്കാര്‍.  മൂന്നുപേരും അസമില്‍ നിന്നുള്ളവര്‍. നെല്ലു മെതിക്കാനും പുറം പണിക്കാര്‍ എന്നു പരിഹസിക്കാന്‍ വരട്ടെ. “നെല്‍കൃഷി ഇവിടെ വന്നു പരിചയപ്പെട്ടവരല്ല, സ്വന്തം നാട്ടില്‍ നെല്‍വയല്‍ സ്വന്തമായുള്ളവരാണ്. ആ നാടിന്റെ അവസ്ഥയില്‍ അവര്‍ക്ക് അതുകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്തതുകൊണ്ട് ഇങ്ങോട്ട് വന്നതാണ്. അത്യധ്വാനം ചെയ്യുന്ന ചെറുപ്പക്കാര്‍. അവര്‍ക്ക് കൃഷിയെക്കുറിച്ച് ആവശ്യത്തിനു ധാരണയുണ്ട്”- ഹോര്‍മിസ് തരകന്‍ പറയുന്നു. കറ്റകള്‍ കെട്ടിയും നെല്ലുണക്കിയും അസം പണിക്കാരെ സഹായിച്ചും മൂന്നാലു സ്ത്രീ തൊഴിലാളികളും ഒപ്പമുണ്ട്.

"</p

“പണ്ട് തറവാടിനു മുമ്പില്‍ കണ്ടിരുന്നതിന്റെ ഒരംശമേ ഇതൊക്കെയുള്ളൂ. അന്ന് വീട്ടുമുറ്റത്ത് കറ്റ മെതിക്കുന്നതിന്റെ പൊടിയിങ്ങനെ ഉയര്‍ന്നു നില്‍ക്കും എപ്പോഴും. ആഹ്ലാദത്തിന്റെ പൊടിയായിരുന്നു അത്. ധാരാളം പണിക്കാര്‍. ഒളവയ്പ്പ് ചെറിയൊരു ഗ്രാമമാണ്. കൃഷിയാണ് പ്രധാനവരുമാന മാര്‍ഗം. അന്നൊക്കെ ധാരാളം കൃഷി പണിക്കാരുണ്ടായിരുന്നു. ഞാറു നടീലും കൊയ്ത്തും മെതിക്കലുമൊക്കെ ഗ്രാമത്തിന് ഉത്സവാന്തരീക്ഷമായിരുന്നു. പൊലി… പൊലി… എന്നൊക്കെ താളത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന കര്‍ഷകന്റെ വായ്പ്പാട്ടുകള്‍ ഇന്നും മനസിലുണ്ട്. അതുവച്ച് നോക്കുമ്പോള്‍ ഇന്ന് അങ്ങനെയൊരു അന്തരീക്ഷമില്ല. എങ്കില്‍ പോലും ഈ ഗ്രാമത്തിന്റെ കാര്‍ഷിക മനസ് തിരികെ കിട്ടിയപോലെ ഒരു സന്തോഷം പലരുടെയും മുഖത്തുണ്ട്.”

"</p

“ഈ കൃഷി സാമ്പത്തികനേട്ടം മാത്രം നോക്കിയല്ല. കുടുംബത്തിന്റെ പാരമ്പര്യം നിലനിര്‍ത്തുന്നു എന്നതുമല്ല. കാലാവസ്ഥ വ്യതിയാനത്തിനെതിരേയുള്ള പ്രതിരോധം എന്നുകൂടി പറയാം. സംസ്ഥാന സര്‍ക്കാരിന്റെ ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ ഭാഗമാണിത്. നാഷണല്‍ അഡാപ്‌റ്റേഷന്‍ ഫണ്ട് ഫോര്‍ ക്ലൈമറ്റ് ചെയ്ഞ്ച് എന്നൊരു ഫണ്ട്. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനുള്ള പദ്ധതികള്‍ക്ക് നല്‍കി വരുന്നതാണ്. ഇന്ത്യയില്‍ മൂന്നു പ്രൊജക്ടുകള്‍ക്കാണ് ഈ ഫണ്ട് ലഭ്യമാകുന്നത്. അതില്‍ ഒന്ന് കേരള സര്‍ക്കാരിന്റെ ഒരു നെല്ലും ഒരു മീനും പദ്ധതിയാണ്. എറണാകുളം, ആലപ്പുഴ, കണ്ണൂര്‍ ഭാഗങ്ങളില്‍ ഉപ്പുരസമുള്ള വെളത്തില്‍ വളരുന്ന പ്രത്യേകയിനത്തില്‍പ്പെട്ട നെല്‍ച്ചെടികളുണ്ട്. ആലപ്പുഴ എറണാകുളം ഭാഗങ്ങളില്‍ പൊക്കാളിയെന്നാണ് ഇത് അറിയപ്പെടുന്നത് (ആലപ്പുഴ ഭാഗത്ത് ചെട്ടിവിരിപ്പ് എന്നും മുണ്ടകന്‍ എന്നും പറയും). പൊക്കാളിക്ക് ജ്യോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ടാഗ് കിട്ടിയിട്ടുണ്ട്. വെള്ളത്തില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്നയിനം പൊക്കമുള്ള നെല്‍ച്ചെടിയായതുകൊണ്ടാണ് പൊക്കാളി എന്നറിയപ്പെടുന്നത്. മഴക്കാലത്ത് കായലില്‍ ഉപ്പുരസം കുറയും, ആ കാലത്ത് നെല്‍കൃഷി ചെയ്യും. ഉപ്പു രസം ഉണ്ടെങ്കിലും പൊക്കാളി വളരും. ഉപ്പ് കേറി തുടങ്ങുന്ന സമയത്തേക്ക് പൊക്കാളി കൊയ്ത്ത് കഴിഞ്ഞിരിക്കും. കൊയ്ത്തു കഴിഞ്ഞ പാടത്ത് തുടര്‍ന്ന് ചെമ്മീന്‍ വളര്‍ത്തല്‍ ആരംഭിക്കും. കാര ചെമ്മീന്‍ പോലെ നല്ല ഡിമന്‍ഡ് ഉള്ള ഇനത്തില്‍പ്പെട്ട ചെമ്മീനുകളായിരിക്കും. കൊയ്ത്ത് കഴിഞ്ഞ് ബാക്കി വരുന്ന നെല്‍ച്ചെടിയുടെ ചോട് അവിടെ നിര്‍ത്തിയിരിക്കും. ഇതില്‍ നിന്നും ഉത്പാദിക്കപ്പെടുന്ന ലാബ് എന്ന വസ്തു ഉണ്ടാകും. ഇതാണ് മീനുകള്‍ പ്രധാനമായും കഴിക്കുന്നത്. പ്രകൃതിദത്തമായ ആഹാരം ഭക്ഷിച്ച് വളരുന്നവയായിരിക്കും ഈ ചെമ്മീനുകള്‍.”

"</p

“നെല്‍കൃഷി എപ്പോഴും ലാഭകരമാകണമെന്നില്ല, അതിനൊപ്പം ചെമ്മീന്‍ കൃഷി കൂടിയുണ്ടെങ്കില്‍ കര്‍ഷകന് പിടിച്ചു നില്‍ക്കാം.. ഇതുതന്നെയാണ് ഒരു നെല്ല് ഒരു മീന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതും. കൃഷിയിലേക്ക് കര്‍ഷകനെ മടക്കിക്കൊണ്ടു വരാന്‍ വളരെ പ്രചോദനമേകുന്ന പദ്ധതിയാണിത്. അഞ്ചുവര്‍ഷത്തേക്ക് കൃഷി ചെയ്യാമെന്ന് കരാര്‍ സമ്മതിക്കണം. ആദ്യ വര്‍ഷം 80 ശതമാനത്തോളം സബ്‌സിഡി, പദ്ധതിയില്‍ നിന്നും കര്‍ഷകകന് കിട്ടും. നിലങ്ങളൊരുക്കിയെടുക്കനൊക്കെ ഉണ്ടാകുന്ന ചെലവ് കര്‍ഷകന് താങ്ങാന്‍ ഈ സബ്‌സിഡി ഒരുപാട് സഹായകമാകും. നബാഡ് നല്‍കുന്ന ഫണ്ട് ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരള (അഡാക്) വഴിയാണ് കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നത്. ഇപ്പോള്‍ ഒരു പരാതി വരുന്നതെന്തെന്നാല്‍ സബ്‌സിഡി വാങ്ങിച്ച്, നെല്‍കൃഷി ചെയ്യാതെ ചെമ്മീന്‍ കൃഷി മാത്രം ചെയ്യുന്നുവെന്നാണ്. ഒന്നോ രണ്ടോ പേര്‍ അങ്ങനെ ഉണ്ടാകാം. പൊതുവില്‍ അത്തരമൊരു പരാതിക്ക് അടിസ്ഥാനമില്ല. വിവാദങ്ങള്‍ ഉണ്ടാക്കി ഈ പദ്ധതി നിര്‍ത്തരുത്. ഈ പദ്ധതിയെ കുറിച്ച് മനസിലാക്കിയതാണ് കൃഷിയിലേക്ക് മടങ്ങിയെത്താന്‍ എന്നിക്ക് താത്പര്യമേറിയത്”- ഹോര്‍മിസ് തരകന്‍ പറയുന്നു.

"</p

കഴിഞ്ഞ വര്‍ഷമാണ് ഹോര്‍മിസ് തരകന്‍ കൃഷി തുടങ്ങിയത്. മൂത്ത സഹോദരന്‍ ഒപ്പം ഉണ്ടായിരുന്നു. പക്ഷേ സഹോദരന്റെ അപ്രതീക്ഷിത മരണം ആ വര്‍ഷത്തെ കൃഷിയെ സാരമായി ബാധിച്ചു. അതുപോലെ ചെമ്മീന്‍ കൃഷിയും. “കാര ചെമ്മീനായിരുന്നു കൃഷി ചെയ്തത്. കാര ചെമ്മീനുള്ള പ്രധാന പ്രശ്‌നം വേഗം വൈറസ് ആക്രമണത്തിനു വിധേയമാകും എന്നതാണ്. കഴിഞ്ഞ വര്‍ഷം അങ്ങനെയൊരു അപകടം സംഭവിച്ചു. നാപ്പത്തിയഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ കൂട്ടത്തോടെ ചത്തുപോയി. രണ്ടുലക്ഷം കുഞ്ഞുങ്ങളെ ഇട്ടതില്‍ ബാക്കിയുണ്ടായിരുന്ന ആയിരത്തോളം മാത്രമായിരുന്നു. ബാക്കിയായവ നല്ല രീതിയില്‍ വളര്‍ന്നിരുന്നു. അതാണ് പ്രതീക്ഷ നല്‍കിയത്. ആദ്യത്തെ തിരിച്ചടിയില്‍ ഭയക്കേണ്ടതില്ലെന്നു മനസിലായതുകൊണ്ടാണ് ഈ വര്‍ഷവും കൃഷി തുടരണമെന്ന് തീരുമാനം എടുത്തത്. ഇത്തവണ ചെമ്മീനൊപ്പം പൂമിനുമുണ്ട്. നിലത്തിനു സമീപമുള്ള കെട്ടിലാണ് ഇവയെ ഇട്ടിരിക്കുന്നത്. കൊയ്ത്ത് കഴിയുന്നതോടെ മട വെട്ടി നിലത്തിലേക്ക് തുറന്നു വിടും.

ചെട്ടിവിരിപ്പന്‍ ആണ് കൃഷി ചെയ്തത്. പത്തു ദിവസത്തോളം കൊയ്ത്ത് ഉണ്ടായിരുന്നു. മോശമാകില്ല എന്നു തന്നെയാണ് പ്രതീക്ഷ. ഇതിന്റെ മാര്‍ക്കറ്റിംഗ് വശത്തെക്കുറിച്ചൊന്നും ആവശ്യത്തിന് ധാരണയായിട്ടില്ല. എങ്കിലും ഡിമാന്‍ഡ് ഉള്ള ഇനമാണ് എന്നാണറിവ്”- ഹോര്‍മിസ് തകരന്റെ പ്രതീക്ഷ.

"</p

“27 പേര്‍ കൊയ്ത്തിന് ഉണ്ടായിരുന്നു. പക്ഷേ ഏറെയും പ്രായം ചെന്നവരാണ്. പുതു തലമുറയിലുള്ളവര്‍ കൃഷിയിലേക്കും പാടത്തുള്ള പണിയിലേക്ക് വരാന്‍ താത്പര്യം കാണിക്കുന്നില്ല. ഇപ്പോഴത്തെ ജീവിത സാഹചര്യത്തില്‍ അവരെ അതിനു നിര്‍ബന്ധിക്കാനും കഴിയില്ല. എങ്കില്‍ പോലും ഞാനിവിടെ കൃഷി ആരംഭിച്ചത് നാട്ടുകാരില്‍ വലിയ ആഹ്ലാദം നിറച്ചിട്ടുണ്ട്. വഴിയില്‍ കാണുമ്പോഴൊക്കെ പലര്‍ക്കും സംസാരിക്കാനുള്ളത് കൃഷിയെക്കുറിച്ചാണ്. പലരും ചെട്ടിവിരിപ്പന്റെ വിത്ത് ചോദിച്ചിട്ടുണ്ട്. അവരൊക്കെ കൃഷിയിലേക്ക് വരികയാണെങ്കില്‍ ഒളവയ്പ്പിന്റെ ആ പരമ്പര്യം വീണ്ടുമിവിടെ കതിരിടും.”

"</p

തെക്കനാട്ട് തറവാടിന്റെ കിഴക്ക് ഭാഗത്തായുള്ള നിലത്തിലാണ് വിത്തിറക്കിയിരുന്നത്. കൊയ്ത്തിന്റെ അവസാനദിനമായിരുന്ന അന്ന്. അരയോളം വെള്ളത്തിനു മുകളില്‍ കര്‍ഷക തൊഴിലാളികളായ സ്ത്രീകള്‍ കൊയ്ത്തരിവാളിന് ചെട്ടിവിരിപ്പന്റെ കതിരുകള്‍ കൊയ്‌തെടുക്കുന്നു. വരമ്പത്തു സോമശേഖരന്‍ നില്‍പ്പുണ്ട്. കൃഷിയുടെ മേല്‍നോട്ടം സോമശേഖരനാണ്. ഉച്ചവെയിലിനെ വകവയ്ക്കാതെ, ആ പഴയ പൊലീസ് ഉദ്യോഗസ്ഥന്റെ ഊര്‍ജ്ജത്തോടെ ഹോര്‍മിസ് തരകന്‍ നടന്നെത്തി. പാടത്തു നില്‍ക്കുന്ന പെണ്ണുങ്ങള്‍ക്കെല്ലം മുഖത്ത് നിറഞ്ഞ സന്തോഷം. നാടു വിളയിച്ച മനുഷ്യനോടുള്ള നന്ദിയാണ് എല്ലാവരുടെയും മനസില്‍. “ഞങ്ങള്‍ക്ക് പണി തന്നതു മാത്രമല്ലല്ലോ, കൃഷിയെ തിരിച്ചു കൊണ്ടാവരാനും സാറിനായില്ലേ. പാടം വിളഞ്ഞാല്‍ നാട് വിളഞ്ഞെന്നാ പറയണത്. പണ്ട് ഈ നാട് ഇങ്ങനെ വിളഞ്ഞാണ് കിടന്നിരുന്നത്. ഞങ്ങക്കൊക്കെ അന്ന് പണി ഉണ്ടായിരുന്നു. പിന്നെ അതൊക്കെ പോയില്ലേ, ഞങ്ങടെ പണീം. ഇപ്പം സാറ് വീണ്ടും വന്ന് നാട് വിളയിച്ചിരിക്കുകയാണ്. സന്തോഷം, സാറിനോട് ഞങ്ങക്കെല്ലാം നന്ദിയാണ്”- സരോജനിയും സുമതിയും കൗസല്യയുമെല്ലാം അവരുടെ ആഹ്ലാദം പങ്കുവച്ചു.

"</p

കുറച്ച് പടക്കം വാങ്ങിക്കണം; സോമശേഖരന്‍ ഹോര്‍മിസ് തരകനോട് പറഞ്ഞു. കൊയ്ത്ത് പൂര്‍ത്തിയാകുന്നതിനു മുമ്പ് ഒരു ചടങ്ങുണ്ട്. കൊയ്‌തെടുത്ത നെല്‍ക്കതിരുകള്‍ നിലത്തില്‍ വിതറണം. ആര്‍പ്പു വിളിയും പടക്കം പൊട്ടിക്കലുമൊക്കെയായി. അടുത്ത വര്‍ഷം കൂടുതല്‍ നല്ല വിള കിട്ടാനായാണ്… വേണ്ടതെന്താന്നുവച്ചാല്‍ ചെയ്‌തോളാന്‍ പറഞ്ഞ് ഹോര്‍മിസ് തരകന്‍ തിരിച്ചു നടക്കുമ്പോള്‍ അദ്ദേഹത്തെ നോക്കി സോമശേഖരന്‍ പറഞ്ഞു;

മണ്ണിന്റെ മനസ് അറിയാന്‍ മനുഷ്യന് കഴിഞ്ഞാല്‍, മനുഷ്യന്റെ മനസ് നിറയ്ക്കാന്‍ മണ്ണിനും കഴിയും.

"</p

പാടത്തു നിന്ന തൊഴിലാളികളും അതു സമ്മതിച്ചു. ആ പോകുന്ന മനുഷ്യന്റെ മനസ് ഇപ്പോള്‍ മണ്ണിലാണ്, മണ്ണ് ചതിക്കില്ല…

കിണറ്റിന്‍കര ശങ്കരന്‍ നായരും ‘റോ’യും പിന്നെ ഞാനും: രഹസ്യാന്വേഷണ സംഘടനയ്ക്ക് 50 വയസ്‌

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍