UPDATES

ഹോസ്റ്റലില്ല; പെണ്‍കുട്ടികള്‍ റോഡില്‍ കിടന്നാലും ഞങ്ങള്‍ക്കൊന്നുമില്ല; പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നടക്കുന്നത്

അഡ്മിഷന്‍ സമയത്ത് തന്നെ ഹോസ്റ്റല്‍ വിഷയത്തില്‍ പ്രതിഷേധിക്കില്ല എന്ന് എഴുതി വാങ്ങുകയാണ് അധികൃതര്‍ ചെയ്തത്

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന സംവിധാനമാണ് നമുക്കുള്ളത്. മതപരവും സാമൂഹ്യപരവുമായ കാരണങ്ങള്‍ കൊണ്ട് അടുക്കളയ്ക്ക് വെളിയില്‍ വരാന്‍ സാധിക്കാതെ പോയ സ്ത്രീകളെ, നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം കൊണ്ട് കുറെയൊക്കെ മുന്‍ നിരയിലേക്ക് എത്തിക്കാന്‍ ഭരണകൂടങ്ങള്‍ എന്നും ശ്രമിച്ചിട്ടുമുണ്ട്. എന്നാല്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ രംഗത്ത് പുറകോട്ട് നടക്കുകയാണ് പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി.

ഇവിടെ പ്രവേശനം നേടിയ നൂറില്‍പ്പരം പെണ്‍കുട്ടികള്‍ മതിയായ ഹോസ്റ്റല്‍ സൗകര്യം ഇല്ലാത്തത് കൊണ്ട് പഠനം ഉപേക്ഷിച്ച് മടങ്ങുകയാണ്. കേരളം, ഒഡീഷ, നോര്‍ത്ത് ഈസ്റ്റ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ ഇല്ലാതെ പഠിക്കുക സാധ്യമല്ല. എന്നാല്‍ വളരെ ഉദാസീനമായ നിലപാടാണ് വൈസ് ചാന്‍സിലറും മറ്റ് അധികാരികളും വിഷയത്തില്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും സമാനമായ പ്രശ്‌നം യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ സമരം ചെയ്യുകയും ചെയ്തിരുന്നു. ആവശ്യത്തിന് ഹോസ്റ്റലുകള്‍ ഇല്ലാത്തത് മൂലം പല പെണ്‍കുട്ടികളെയും ഡോര്‍മെറ്ററികളിലും, സ്റ്റാഫ് ക്വാര്‍ട്ടേസുകളിലും കൂട്ടമായി താമസിപ്പിച്ചാണ് അന്ന് അധികൃതര്‍ ഇതിന് പരിഹാരം കണ്ടത്. എന്നാല്‍ ഇത്തവണ പെണ്‍കുട്ടികളുടെ എണ്ണം വീണ്ടും കൂടിയത് കൊണ്ട് അഡ്മിഷന്‍ സമയത്ത് തന്നെ ഹോസ്റ്റല്‍ വിഷയത്തില്‍ പ്രതിഷേധിക്കില്ല എന്ന് എഴുതി വാങ്ങുകയാണ് അധികൃതര്‍ ചെയ്തത്. മറ്റ് കടലാസുകളുടെ കൂടെ ആയതിനാല്‍ പല വിദ്യാര്‍ത്ഥിനികളും ഇത് ശ്രദ്ധിക്കാതെ ഒപ്പിട്ട് നല്കുകയും ചെയ്തു.

‘കഴിഞ്ഞ ദിവസം ഹോസ്റ്റല്‍ വിഷയം ഉന്നയിച്ചു കൊണ്ട് ഞങ്ങള്‍ വൈസ് ചാന്‍സിലറെ കണ്ടിരുന്നു. എന്നാല്‍ നിങ്ങള്‍ക്ക് സമരം ചെയ്യാന്‍ എന്ത് അവകാശം ഉണ്ടെന്നാണ് വൈസ് ചാന്‍സിലര്‍ ചോദിച്ചത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനികള്‍ക്കാണ് മുറി കിട്ടാത്തത്, അതില്‍ അവര്‍ക്കില്ലാത്ത പരാതി എന്തിനാണ് നിങ്ങള്‍ക്ക് എന്ന വിധത്തിലായിരുന്നു അവരുടെ പ്രതികരണം. എന്നാല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ പലരും കടലാസ്സില്‍ ഒപ്പിട്ട് നല്‍കിയത് വായിച്ച് പോലും നോക്കാതെയാണ്. സമരം ചെയ്യാനുള്ള അവകാശം പോലും ഹനിച്ചുകൊണ്ടാണ് ഇത്തവണ സര്‍വ്വകലാശാല അധികൃതരുടെ നടപടികള്‍. വൈസ് ചാന്‍സലര്‍ അനീസ ബഷീര്‍ ഖാന്‍ എന്ന സ്ത്രീ, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ എടുക്കുന്ന നിലപാട് ഇതാണെങ്കില്‍, പുരുഷ കേസരികള്‍ വാഴുന്ന മറ്റ് സര്‍വ്വകലാശാലകളുടെ സ്ഥിതിയെന്താവും?’ മാസ്സ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിനിയായ അന്ന കീര്‍ത്തി അഴിമുഖത്തോട് പറഞ്ഞു.

വൈസ് ചാന്‍സിലറുടെ വിദ്യാര്‍ത്ഥി വിരുദ്ധമായ മറുപടിയെ തുടര്‍ന്നാണ് ഇന്നലെ വിദ്യാര്‍ത്ഥിനികള്‍ യൂണിവേഴ്‌സിറ്റി ഗേറ്റ് ഉപരോധിക്കാന്‍ തീരുമാനിച്ചത്. ഏകദേശം എട്ട് മണിയോടെ ലിംഗഭേദ്യമന്യെ വിദ്യാര്‍ത്ഥികള്‍ കൂട്ടമായി യൂണിവേഴ്‌സിറ്റി ഗേറ്റില്‍ എത്തുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. എന്നാല്‍ അധികൃതര്‍ക്ക് കുലുക്കമില്ലായിരുന്നു. ഒരാള്‍ പോലും സമരമുഖത്ത് വരികയോ, വിദ്യാര്‍ത്ഥികളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ല. വി.സി വരാതെ പിരിഞ്ഞ് പോവില്ല എന്ന് നിലപാട് എടുത്ത വിദ്യാര്‍ത്ഥികള്‍ ഇന്നലെ അന്തിയുറങ്ങിയത് റോഡിലാണ്. ഇന്ന് രാവിലെ ആറ് മണിക്ക് വിദ്യാര്‍ത്ഥികള്‍ അവിടെ നിന്ന് എഴുന്നേല്‍ക്കുമ്പോഴും എസി റൂമികളുടെ പുറത്തേക്കിറങ്ങി വിദ്യാര്‍ത്ഥികളെ കാണാന്‍ യാതൊരാളും തയ്യാറായിട്ടില്ല. ഇന്ന് വീണ്ടും അഡ്മിന്‍ ബ്ലോക്ക് ഉപരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ത്ഥികള്‍.

ഹോസ്റ്റലിന്റെ പേരില്‍ സമരം നടത്തരുതെന്ന് കുട്ടികളുടെയും രക്ഷിതാകളുടെയും കൈയില്‍ നിന്ന് ഒപ്പിട്ട് വാങ്ങുന്ന രേഖയുടെ പകര്‍പ്പ്

നിലവില്‍ 11 ബോയ്‌സ് ഹോസ്റ്റലുകളും 7 ലേഡീസ് ഹോസ്റ്റലുകളുമാണ് യൂണിവേഴ്‌സിറ്റിയില്‍ ഉള്ളത്. ഇത് കൂടാതെ പണി തീര്‍ന്ന ഒരു ബോയ്‌സ് ഹോസ്റ്റല്‍ കൂടെയുണ്ട്. ഇവിടെ നിലവില്‍ ആരും താമസിക്കുന്നില്ല. അധികൃതര്‍ വിദ്യാര്‍ത്ഥിനികളെ ഈ ഹോസ്റ്റലില്‍ താമസിപ്പിക്കാന്‍ തയ്യാറായാല്‍ പ്രശ്‌നങ്ങള്‍ക്ക് എല്ലാം അന്ത്യമാവും. അല്ലെങ്കില്‍ ഒരു മുറിയില്‍ 3 പേര്‍ എന്നത് ഒരു മുറിയില്‍ 4 പേര്‍ എന്ന രീതിയിലേക്ക് ചട്ടങ്ങള്‍ മാറ്റിയാലും മതി. ഇത് രണ്ടുമാണ് വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വയ്ക്കുന്ന പ്രതിവിധികള്‍. എന്നാല്‍ ഇതിന് രണ്ടും അധികൃതര്‍ തയ്യാറല്ല. ആണ്‍കുട്ടികളുടെ ഹോസ്റ്റലുകള്‍ക്ക് സമീപം താമസിക്കുന്നത് റോഡില്‍ കിടക്കുന്നതിനേക്കാല്‍ കഷ്ടമാണ് എന്ന നിലപാടാണ് യൂണിവേഴ്‌സിറ്റിക്ക്.

പുതിയ വൈസ് ചാന്‍സിലര്‍, സ്ഥാനം ഏറ്റെടുക്കുന്ന സാഹചര്യത്തില്‍ യൂണിവേഴ്സിറ്റി പ്രശ്‌നമുഖരിതമാക്കുക എന്ന ലക്ഷ്യമാണ് അധികൃതര്‍ക്ക് ഉള്ളതെന്ന് വിദ്യാര്‍ത്ഥികള്‍ പലരും ആരോപിക്കുന്നു. അതുകൊണ്ടാണ് കഴിഞ്ഞ തവണ നല്‍കിയ താത്ക്കാലിക താമസസൗകര്യങ്ങള്‍ പോലും ഇത്തവണ നല്‍കാത്തതെന്നും യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചകള്‍ക്കും അധികൃതര്‍ തയ്യാറാവത്തതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. കഴിഞ്ഞ തവണ വിദ്യാര്‍ത്ഥിനികള്‍ക്ക് വിട്ട് നല്‍കിയ സ്റ്റാഫ് ക്വട്ടേഴ്‌സുകള്‍ പലതും ഈ വര്‍ഷം യൂണിവേഴ്‌സിറ്റി അടച്ചിട്ടിരിക്കുകയാണ്. യാതൊരു വിധത്തിലുള്ള താമസ സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ സാധിക്കില്ല എന്ന യൂണിവേഴ്‌സിറ്റിയുടെ ഇ-മെയില്‍ സന്ദേശം കണ്ട്, ഉന്നത പഠനത്തിന് മറ്റ് സര്‍വ്വകലാശാലകള്‍ തേടുകയാണ് പല വിദ്യാര്‍ത്ഥിനികളുമിപ്പോള്‍.

യാതൊരു വിധത്തിലുള്ള താമസ സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന ഇ-മെയില്‍ സന്ദേശം

വിഷയം എന്തു തന്നെയായാലും ഫലത്തില്‍ പെണ്‍കുട്ടികള്‍ പഠിക്കേണ്ട എന്ന് പിന്തിരിപ്പന്‍ നിലപാടുകാരുടെ പ്രവര്‍ത്തികളാണ് ഒരു സ്ത്രീ കൂടിയായ വൈസ് ചാന്‍സിലര്‍ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനികളോട് കാട്ടുന്നത്.

ഷാരോണ്‍ പ്രദീപ്‌

ഷാരോണ്‍ പ്രദീപ്‌

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍