UPDATES

ട്രെന്‍ഡിങ്ങ്

ഒരു സർവ്വകലാശാലയെ തകർക്കുന്ന വിധം

ജെഎൻയുവിനകത്തും മറ്റിതര സർവകലാശാലയിലും നടക്കുന്ന വിദ്യാർത്ഥി വിരുദ്ധ, ഏകാധിപത്യ നയങ്ങൾക്കെതിരെ സമാധാനപരമായി നടന്ന റാലിയെ ക്രൂരമായി അടിച്ചമർത്താനാണ് ഡൽഹി പോലീസ് ശ്രമിച്ചത്.

അനസ് അലി

അനസ് അലി

2016 ഫെബ്രുവരി ഒൻപതിന് ശേഷം മാധ്യമങ്ങളിലൂടെയും ആസൂത്രിതമായി പ്രചരിക്കപ്പെടുന്ന കുപ്രചാരണങ്ങളിലൂടെയും പൊതു സമൂഹത്തിനിടയിൽ രൂപപ്പെട്ടിട്ടുള്ള ദേശവിരുദ്ധ പരിവേഷവും, ഇടതു വിദ്യാർത്ഥി സംഘടനകളുടെ രാഷ്ട്രീയ വേദി എന്ന പരമ്പരാഗത കാഴ്ചപ്പാടിനും ഉപരിയായി ജെ എൻ യുവിൽ നടക്കുന്ന വർത്തമാന സമരങ്ങളെ വിലയിരുത്തുക എന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. കഴിഞ്ഞ വർഷം രാജ്യത്തെ മികച്ച സർവ്വകലാശാലയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡലും, നാക്കിന്റെ (NAAC ) എ++ റാങ്കും കിട്ടിയ രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലകളിൽ ഒന്നാണ് ജെ എൻ യു. 1969-ൽ സ്ഥാപിക്കപ്പെട്ട ഈ സർവകലാശാലയിലെ പൂർവ വിദ്യാർത്ഥികൾ രാഷ്ട്രീയത്തിലും നയതന്ത്ര മേഖലയിലും നീതിനിർവഹണ മേഖലയിലും അക്കാദമിക രംഗങ്ങളിലും നൽകുന്ന സംഭാവനകൾ മറ്റൊരു സർവ്വകലാശാലയ്ക്കും അവകാശപ്പെടാൻ സാധിക്കാത്തതാണ്. ഈ സുവർണ ഭൂതകാലത്തിന്റെ മേന്മയിൽ അഹങ്കരിച്ചു മാത്രം അധികകാലം മുന്നോട്ടു പോകാൻ ഈ സ്ഥാപനത്തിന് കഴിയില്ലെന്നുള്ള തിരിച്ചറിവിലാണ് അധ്യാപകരും വിദ്യാർത്ഥികളും ഇപ്പോൾ സമരരംഗത്തുള്ളത്.

മഹാരാഷ്ട്രയിലെ വിജയകരമായ കർഷക സമരത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്, ജെഎൻയു മുതൽ പാർലമെന്റു വരെ കാൽനടയായി നടക്കാൻ ജെ എൻ യു അധ്യാപക യൂണിയനും വിദ്യാർത്ഥി യൂണിയനും തീരുമാനം എടുക്കുകയുണ്ടായി. ജെഎൻയുവിലും, രാജ്യത്തെ ഉന്നത കലാലാലയങ്ങളിലും നടക്കുന്ന ഏകാധിപത്യ, വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരെ പൊതുജന പിന്തുണ ആർജിക്കാനും, ചെലവ് കുറഞ്ഞതും ദുർബല ജനവിഭാഗങ്ങൾക്ക് പ്രാപ്യമാവും വിധം സംവരണ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള പ്രവേശനം ഉറപ്പു വരുത്താനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലൈംഗിക അതിക്രമങ്ങൾക്കെതിരെ കർശനമായ നടപടികളും ആവശ്യപ്പെട്ടു കൊണ്ടാണ് ഈ മാർച്ച് സംഘടിപ്പിക്കുന്നത്. ഡൽഹി സർവകലാശാല, ജാമിഅ മില്ലിയ ഇസ്‌ലാമിയ, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി, അംബേദ്‌കർ യൂണിവേഴ്സിറ്റി തുടങ്ങിയ പ്രമുഖ സർവകലാശാലകളിലെ അധ്യാപക, വിദ്യാർത്ഥി സമൂഹവും ഡൽഹിയിലെ സാമൂഹ്യ പ്രവർത്തകരും ഈ കാൽനട ജാഥയിൽ പങ്കെടുക്കുകയുണ്ടായി. ജെഎൻയുവിനകത്തും മറ്റിതര സർവകലാശാലയിലും നടക്കുന്ന വിദ്യാർത്ഥി വിരുദ്ധ, ഏകാധിപത്യ നയങ്ങൾക്കെതിരെ സമാധാനപരമായി നടന്ന ഈ റാലിയെ ക്രൂരമായി അടിച്ചമർത്താനാണ് ഭരണകൂട പിന്തുണയോടെ ഡൽഹി പോലീസ് ശ്രമിച്ചത്.

ഞങ്ങളിത് പ്രതീക്ഷിച്ചതാണ്; ഈ ഭരണകൂടം ഞങ്ങളെത്തേടി വരുമെന്ന്‍

വി സിയുടെ ഏകാധിപത്യ നയങ്ങൾ

ഈ മാസം 16 മുതൽ ജെഎൻ യുവിലെ അധ്യാപക സംഘടനയായ ജെ എൻ യു ടി എയുടെ നേതൃത്വത്തിൽ വൈസ് ചാൻസിലർ ജഗദീഷ് കുമാറിന്റെ ഏകാധിപത്യ നയങ്ങൾക്കെതിരെ സത്യഗ്രഹം നടത്തി വരികയാണ്. ജനാധിപത്യപരമായ എല്ലാ ചർച്ചകൾക്കും സംവാദങ്ങൾക്കും ശ്രമിച്ചിട്ടും പരാജയപ്പെട്ടതിനെത്തുടർന്നാണ് ഇത്തരമൊരു സമര രീതിയിലേക്ക് അധ്യാപകർ തിരിഞ്ഞത്. ഡൽഹി ഐഐടി അധ്യാപകനായ ജഗദീഷ് കുമാറിനെ 2016-ലാണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം ജെ എൻ യു, വി സിയായി നിയമിക്കുന്നത്. സ്ഥാനം ഏറ്റെടുത്തത് മുതൽ സർവകലാശാലയിലെ സ്വതന്ത്ര നയരൂപീകരണ സംവിധാനങ്ങളെയെല്ലാം അട്ടിമറിച്ചു കൊണ്ട് ഏകാധിപത്യപരമായ നയങ്ങൾ അടിച്ചേൽപ്പിക്കാനാണ് വൈസ് ചാൻസലർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. വിദ്യാർത്ഥി, അധ്യാപക വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കലും ഫൈൻ ചുമത്തലും നിത്യ സംഭവമായിക്കൊണ്ടിരിക്കുന്നു.

2016 ഫെബ്രുവരിക്കു ശേഷം, ജെഎൻയുവിലെ സമര പരമ്പരകളുടെ കേന്ദ്ര സ്ഥാനമായിരുന്ന അഡ്മിനിസ്ട്രേഷൻ സെന്ററിന് സമീപത്തുള്ള “ഫ്രീഡം സ്‌ക്വയറിൽ” എല്ലാ തരത്തിലുള്ള പ്രതിഷേധ പരിപാടികളും നിരോധിക്കുകയായിരുന്നു ആദ്യ നടപടി. ഇത് ലംഘിക്കുന്നവരെ തിരഞ്ഞു പിടിച്ച് ശിക്ഷ നടപടികൾ കൈക്കൊള്ളാൻ പരിസരത്തുടനീളം സി സി ടി വി ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു. കൂടാതെ 1966-ലെ പാർലമെന്റ് ആക്ട് പ്രകാരം പുതിയ കോഴ്സുകൾ തുടങ്ങാനും, നിലവിലുള്ള പഠന- ഗവേഷണ രീതികളിൽ കാലോചിതമായ മാറ്റങ്ങൾ നിശ്ചയിക്കാനും രൂപീകരിക്കപ്പെട്ട, അക്കാദമിക് കൌൺസിൽ തീരുമാനങ്ങൾ അട്ടിമറിക്കുകയും, അക്കാഡമിക് കൌൺസിൽ മിനിട്സുകളിൽ തിരിമറി നടത്തുകയും ചെയ്യുന്നു. വൈസ് ചാൻസലർ, റെക്ടർ, ഡീൻ ഓഫ് സ്കൂൾസ്, ചീഫ് പ്രോക്ടർ, അതാതു പഠന കേന്ദ്രങ്ങളിലെ തലവന്മാർ, തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികൾ, വൈസ് ചാൻസലറുടെ ശുപാർശ പ്രകാരം ക്ഷണിക്കപ്പെടുന്ന പുറത്തു നിന്നുള്ള അംഗങ്ങൾ എന്നിവർ അടങ്ങിയതാണ് അക്കാദമിക് കൌൺസിൽ. ജനാധിപത്യപരമായ ചർച്ചകൾക്ക് ശേഷം ഭൂരിപക്ഷ തീരുമാനങ്ങൾക്ക് അനുസരിച്ചു തീരുമാനമെടുക്കേണ്ട അക്കാദമിക് കൌൺസിൽ മീറ്റിംഗുകൾ ജഗദീഷ് കുമാർ അധികാരമേറ്റെടുത്തതിന് ശേഷം യാതൊരു ചർച്ചകളും കൂടാതെ, ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായത്തിനു വിരുദ്ധമായി ഏകാധിപത്യപരമായിട്ടാണ് തീരുമാനങ്ങൾ എടുക്കുന്നത്. കഴിഞ്ഞ നാല് മാസക്കാലമായി അക്കാദമിക് കൌൺസിൽ യോഗം വിളിച്ചു ചേർത്തിട്ടില്ല.

യാതൊരു ജനാധിപത്യ മര്യാദകളും പാലിക്കാതെയാണ് നിലവിൽ ജെഎൻയുവിൽ പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നിർബന്ധിത ഹാജർ വിവാദം. ക്ലാസ്സുകളിൽ പങ്കെടുക്കാതെ രാഷ്ട്രീയ സമരപ്രവർത്തനങ്ങൾക്കു നടക്കുന്നത് കൊണ്ടാണ് വിദ്യാർത്ഥികൾ നിർബന്ധിത ഹാജർ സമ്പ്രദായത്തെ എതിർക്കുന്നതെന്നാണ് വൈസ് ചാൻസലറും ഇതിനെ അനുകൂലിക്കുന്നവരും മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പൊതു സമൂഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്. വിദ്യാർത്ഥികളും അധ്യാപകരും ഇതിനെ എതിർക്കുന്നത്, നിർബന്ധിത ഹാജർ നടപ്പിലാക്കാനുള്ള തീരുമാനം അക്കാദമിക് കൌൺസിൽ ഉൾപ്പെടെ, സർവ്വകലാശ്ശാലയിലെ ഒരു നയരൂപീകരണ യോഗങ്ങളിലും ചർച്ച ചെയ്യാതെയാണ് നടപ്പിലാക്കിയതാണ് എന്നുള്ളത് കൊണ്ടാണ്. വൈസ് ചാൻസലറുടെ ശുപാർശ പ്രകാരം അക്കാദമിക് കൗൺസിലിലെ പ്രത്യക ക്ഷണിതാവായ, മധു കിഷ്വാർ തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളത് ഇത്തരമൊരു കാര്യം അവസാന അക്കാദമിക് കൌൺസിൽ മീറ്റിംഗിൽ ചർച്ച ചെയ്തിട്ടില്ലെന്നുള്ളതാണ്.

ഇതിലുപരിയായി നിർബന്ധിത ഹാജർ സമ്പ്രദായം എങ്ങനെയാണ് സ്വതന്ത്രമായ ഗവേഷണ- പഠന രീതികളെ വിപരീതമായി ബാധിക്കുമെന്നുള്ള ആശങ്കയുമുണ്ട്. ദിവസവും ക്ലാസ്സുകളിൽ പങ്കെടുക്കേണ്ടി വരുന്ന ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക്, ഓരോ സെമസ്റ്ററിലും നിശ്ചിത ഹാജർ ഉറപ്പു വരുത്തുന്നതിനായി നിലവിലുള്ള രീതി തന്നെ സഹായകരമാണ്. നിശ്ചിത സമയത്തിനുള്ളിൽ സെമിനാറുകളും ഗവേഷണ പ്രബന്ധങ്ങളും പൂർത്തീകരിക്കേണ്ടതുള്ളതു കൊണ്ട് ക്‌ളാസ്സുകൾ ഉപേക്ഷിക്കുക എന്നത് തീർത്തും അസാധ്യമാണ്. ഓരോ സെമസ്റ്ററിലും ആത്യന്തികമായി മാർക്ക് നിശ്ചയിക്കുന്നതിന് സമയാസമയങ്ങളിൽ ഗവേഷണ ലേഖനങ്ങൾ സമർപ്പിക്കലും ചർച്ചകളിൽ പങ്കെടുക്കലും മാനദണ്ഡമാണ്. ഇതോടൊപ്പം തന്നെ ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എംഫിൽ, പി എച് ഡി വിദ്യാർത്ഥികൾ ദിവസവും അതാതു സെന്ററുകളിൽ ഒപ്പു വെക്കണമെന്ന തീരുമാനം തികച്ചും ബാലിശമാണ്. ഗവേഷണ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ലൈബ്രറികൾ സന്ദർശിക്കുക, ഗവേഷണത്തിന്റെ ഏറ്റവും മുഖ്യ ഘടകമായ ഡാറ്റ ശേഖരണം തുടങ്ങിയ ഒഴിച്ചുകൂടാൻ പറ്റാത്ത അക്കാദമിക പ്രവർത്തനങ്ങൾക്കെതിരാണ് ആ തീരുമാനം. ഈ നയം നടപ്പിലാക്കിയതിലുള്ള ജനാധിപത്യ വിരുദ്ധതയും പ്രായോഗിക അക്കാദമിക നിയമങ്ങൾക്കെതിരാണെന്നുള്ള വസ്തുതയും ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ജെഎൻയുവിലെ ബഹുഭൂരിഭാഗം അധ്യാപകരും വിദ്യാർത്ഥികളും നിർബന്ധിത ഹാജർ നിയമത്തെ ജനാധിപത്യപരമായി ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിട്ടുള്ളത്. നിർബന്ധിത ഹാജർ തീരുമാനം നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക പ്രശ്നങ്ങളും വിദ്യാർത്ഥികളുടെ ആശങ്കകളും ചൂണ്ടിക്കാട്ടി വൈസ് ചാൻസലർക്ക് കത്ത് നൽകിയ ഏഴു വകുപ്പ് തലവന്മാരെയും, ഒരു ഡീനിനെയും അർദ്ധ രാത്രിയിൽ പുറത്തിറക്കിയ സർക്കുലർ പ്രകാരം പുറത്താക്കുകയുമുണ്ടായി. ജനാധിപത്യപരമായ യാതൊരു ചർച്ചകളും സംവാദങ്ങളും സാധ്യമാക്കാതെ ഏകാധിപത്യപരമായ നടപടികളിലൂടെ, പ്രതിഷേധിക്കുന്നവരെ മൊത്തം ശിക്ഷാനടപടികളിലൂടെ പുറത്താക്കുക എന്ന സ്ഥിരം നയം തന്നെയാണ് ഇവിടെയും വൈസ് ചാൻസലർ അവലംബിച്ചത്.

സംവരണ മാനദണ്ഡങ്ങളിലെ അട്ടിമറി

രാജ്യത്തെ സാമ്പത്തികമായും, സാമൂഹികമായും പിന്നോക്കം നില്കുന്ന വിദ്യാർത്ഥികൾക്ക് പ്രവേശനം ഉറപ്പാക്കുന്നതിനായി സംവരണ മാനദണ്ഡങ്ങൾ പോരായ്മകളോടെയാണെങ്കിലും, ജെഎൻയുവിൽ നടപ്പിലാക്കി വന്നിരുന്നു. പട്ടികജാതി, പട്ടിക വിഭാഗത്തിലുള്ളവർക്ക് യഥാക്രമം 15 ശതമാനം, 7.5 ശതമാനം, മറ്റുള്ള പിന്നോക്ക വിഭാഗക്കാർക്ക് 27 ശതമാനം എന്നിങ്ങനെ സംവരണം ഉറപ്പാക്കുമെന്ന് സർവകലാശാലയുടെ പ്രവേശന മാർഗനിർദേശത്തിൽ തന്നെ പറയുന്നുണ്ട്. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി സംവരണ മാനദണ്ഡങ്ങൾ ഒന്നും തന്നെ പാലിക്കാതെയാണ് പ്രവേശനം നടന്നു വരുന്നത്. യുജിസി സർക്കുലറിന്റെ ചുവടു പിടിച്ച് 2016 – 17 അധ്യയന വർഷത്തിൽ ഭൂരിഭാഗവും സെന്ററുകളിലും ഒരൊറ്റ വിദ്യാർത്ഥിക്ക് പോലും അഡ്മിഷൻ നൽകിയിട്ടില്ല.

ഇതോടൊപ്പം തന്നെ ഈ വർഷം മുതൽ എംഫിൽ, പി എച് ഡി പ്രവേശന പരീക്ഷയിൽ കാതലായ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. പുതിയ രീതി പ്രകാരം എഴുത്തു പരീക്ഷയിൽ അമ്പതു ശതമാനം മാർക്ക് നേടിയാൽ മാത്രമേ അഭിമുഖ പരീക്ഷയ്ക്ക് യോഗ്യത നേടുകയുള്ളൂ. യാതൊരു സംവരണ ആനുകൂല്യങ്ങളും നല്കാതെയുള്ള എഴുത്തുപരീക്ഷയിൽ തന്നെ ഭൂരിഭാഗം പിന്നോക്ക വിഭാഗം വിദ്യാർത്ഥികളും പുറന്തള്ളപ്പെടുമെന്നുറപ്പാണ്. എഴുത്തു പരീക്ഷക്ക് 70 ശതമാനവും, അഭിമുഖത്തിന് 30 ശതമാനവും മാർക്ക് നിലവിലുള്ള സമയത്തു തന്നെ ജാതി അടിസ്ഥാനത്തിലും, ഭാഷ അടിസ്ഥാനത്തിലുമുള്ള വിവേചനം നിലനിൽക്കുന്നെന്ന പരാതി ഉണ്ടായിരുന്നതാണ്. ഇതിനു പരിഹാരം കാണാനാണ് എഴുത്തു പരീക്ഷക്ക് 90 ശതമാനം മാർക്കും, അഭിമുഖത്തിന് 10 ശതമാനം മാർക്കും നിശ്ചയിക്കണമെന്ന് വിദ്യാർത്ഥി യൂണിയനും വിവിധ വിദ്യാർത്ഥി സംഘടനകളും ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യങ്ങളെയെല്ലാം അട്ടിമറിച്ച് അഭിമുഖ പരീക്ഷക്ക് 100 ശതമാനം മാർക്ക് നൽകുന്ന നിലവിലെ രീതി ഈ വിവേചനം കൂടുതൽ രൂക്ഷമാക്കാനേ സഹായിക്കൂ എന്നത് സുവ്യക്തമാണ്. വിവരാവകാശ നിയമപ്രകാരം പുറത്തു വരുന്ന കണക്കുകൾ ജെഎൻയുവിലെ സംവരണ മാനദണ്ഡങ്ങളുടെ അട്ടിമറിയുടെ ഗുരുതരമായ ചിത്രമാണ് നൽകുന്നത്.

വർഷം 2017-18  

എംഫിൽ/പി എച് ഡി /എം ടെക്/എം പി എച് സംവരണ മാനദണ്ഡമനുസരിച്ചു പ്രവേശിപ്പിക്കേണ്ടവരുടെ എണ്ണം

പട്ടികജാതി – 37, പട്ടിക ഗോത്ര വിഭാഗം –  16, മറ്റ് പിന്നോക്ക വിഭാഗക്കാര്‍ -76, അംഗ പരിമിതര്‍ – 2

പ്രവേശനം ലഭിച്ചവരുടെ എണ്ണം

പട്ടികജാതി- 6, പട്ടിക ഗോത്ര വിഭാഗം- 2, മറ്റ് പിന്നോക്ക വിഭാഗക്കാര്‍ – 24, അംഗ പരിമിതര്‍ – 1

പൂർത്തീകരിക്കപ്പെടാത്ത സംവരണം ശതമാന കണക്കിൽ

പട്ടികജാതി- 96.63, പട്ടിക ഗോത്ര വിഭാഗം- 99.31, മറ്റ് പിന്നോക്ക വിഭാഗക്കാര്‍- 91.73, അംഗ പരിമിതര്‍- 50

വര്‍ഷം  2016-2017

എംഫിൽ/പി എച് ഡി /എം ടെക്/എം പി എച് സംവരണ മാനദണ്ഡമനുസരിച്ചു പ്രവേശിപ്പിക്കേണ്ടവരുടെ എണ്ണം

പട്ടികജാതി – 141, പട്ടിക ഗോത്ര വിഭാഗം –  75, മറ്റ് പിന്നോക്ക വിഭാഗക്കാര്‍ – 265, അംഗ പരിമിതര്‍ – 21

പ്രവേശനം ലഭിച്ചവരുടെ എണ്ണം

പട്ടികജാതി- 131, പട്ടിക ഗോത്ര വിഭാഗം- 65, മറ്റ് പിന്നോക്ക വിഭാഗക്കാര്‍ – 237, അംഗ പരിമിതര്‍ – 29

പൂർത്തീകരിക്കപ്പെടാത്ത സംവരണം ശതമാന കണക്കിൽ

പട്ടികജാതി- 7.09, പട്ടിക ഗോത്ര വിഭാഗം- 13.33, മറ്റ് പിന്നോക്ക വിഭാഗക്കാര്‍- 8.67, അംഗ പരിമിതര്‍- 0

വര്‍ഷം  2015-2016

എംഫിൽ/പി എച് ഡി /എം ടെക്/എം പി എച് സംവരണ മാനദണ്ഡമനുസരിച്ചു പ്രവേശിപ്പിക്കേണ്ടവരുടെ എണ്ണം

പട്ടികജാതി – 141, പട്ടിക ഗോത്ര വിഭാഗം –  73, മറ്റ് പിന്നോക്ക വിഭാഗക്കാര്‍ – 252, അംഗ പരിമിതര്‍ -21

പ്രവേശനം ലഭിച്ചവരുടെ എണ്ണം

പട്ടികജാതി- 122, പട്ടിക ഗോത്ര വിഭാഗം- 65, മറ്റ് പിന്നോക്ക വിഭാഗക്കാര്‍ – 235, അംഗ പരിമിതര്‍ – 22

പൂർത്തീകരിക്കപ്പെടാത്ത സംവരണം ശതമാന കണക്കിൽ

പട്ടികജാതി- 13.47, പട്ടിക ഗോത്ര വിഭാഗം- 10.95, മറ്റ് പിന്നോക്ക വിഭാഗക്കാര്‍- 6.47, അംഗ പരിമിതര്‍- 0

വര്‍ഷം  2014-2015

എംഫിൽ/പി എച് ഡി /എം ടെക്/എം പി എച് സംവരണ മാനദണ്ഡമനുസരിച്ചു പ്രവേശിപ്പിക്കേണ്ടവരുടെ എണ്ണം

പട്ടികജാതി – 138, പട്ടിക ഗോത്ര വിഭാഗം –  68, മറ്റ് പിന്നോക്ക വിഭാഗക്കാര്‍ – 245, അംഗ പരിമിതര്‍ – 20

പ്രവേശനം ലഭിച്ചവരുടെ എണ്ണം

പട്ടികജാതി- 125, പട്ടിക ഗോത്ര വിഭാഗം- 53, മറ്റ് പിന്നോക്ക വിഭാഗക്കാര്‍ – 207, അംഗ പരിമിതര്‍ – 21

പൂർത്തീകരിക്കപ്പെടാത്ത സംവരണം ശതമാന കണക്കിൽ

പട്ടികജാതി- 9.4, പട്ടിക ഗോത്ര വിഭാഗം- 22.05, മറ്റ് പിന്നോക്ക വിഭാഗക്കാര്‍- 15.51, അംഗ പരിമിതര്‍- 0

ജഗദീഷ് കുമാർ വൈസ് ചാൻസിലർ പദവി ഏറ്റെടുത്ത് മുതൽ ഗൗരവതരമായ പിഴവുകളാണ് സംവരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ സർവകലാശാല അധികൃതർ വരുത്തിയിരിക്കുന്നത്.

ലൈംഗിക അതിക്രമങ്ങളും- അധികൃതരുടെ മനോഭാവവും

രാജ്യത്തു തന്നെ വിദ്യാർത്ഥിനികൾക്കും മറ്റ് അനധ്യാപക അധ്യാപകർക്കും മാതൃകാപരമായ സുരക്ഷിതത്വവും സംരക്ഷണവും പ്രദാനം ചെയ്യുന്ന ക്യാമ്പസാണ് ജെഎൻയു. ഏതു തരത്തിലുള്ള ലൈംഗിക അതിക്രമങ്ങളും ഭയം കൂടാതെ പരാതിപ്പെടാൻ കഴിയുന്ന സംവിധാനങ്ങൾ ഉള്ളതു കൊണ്ട് തന്നെ മറ്റു ക്യാമ്പസുകളിൽ നിന്ന് വ്യത്യസ്തമായി ഇത്തരം കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 1997 ലെ സുപ്രീം കോടതിയുടെ വിശാഖ നിർദേശങ്ങളുടെ ചുവടുപിടിച്ചാണ് 1999-ൽ ജെഎൻയുവിൽ ജോലിസ്ഥലങ്ങളിലെ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനായി ലൈംഗിക പരാതി പരിഹാര സെല്ലിന് (GSCASH) രൂപം കൊടുക്കുന്നത്. പരാതി നൽകുന്നവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താതെ, സുതാര്യമായതും വിവേചന രഹിതവുമായ അന്വേഷങ്ങൾ നടത്താൻ ഈ സെല്ലിന് കഴിഞ്ഞിരുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥി പ്രതിനിധികളും നാമനിർദേശം ചെയ്യപ്പെടുന്ന അധ്യാപകരും ഉൾപ്പെടുന്ന ഈ മാതൃകാപരമായ ഈ സംവിധാനം വൈസ് ചാൻസലർ ജഗദീഷ് കുമാർ കഴിഞ്ഞ വർഷം ചർച്ചകളൊന്നും കൂടാതെ പിരിച്ചു വിടുകയാണുണ്ടായത്. ഇതിനു പകരമായി വൈസ് ചാൻസലറുടെയും സർവകലാശാല അധികൃതരുടെയും താല്പര്യപ്രകാരം നാമനിർദേശം ചെയ്യപ്പെട്ട ഒരു കമ്മിറ്റിക്ക് (ICC) രൂപം കൊടുക്കുകയും ചെയ്തു.

പക്ഷപാതരഹിതമായ അന്വേഷണം നടത്താനും, ലൈംഗിക അതിക്രമം നേരിടുന്നവർക്ക് നീതി ഉറപ്പാക്കാനും ഈ സംവിധാനത്തിന് സാധ്യമാവില്ലെന്നു അന്ന് തന്നെ വിദ്യാർത്ഥി സമൂഹവും അധ്യാപകരും ചൂണ്ടിക്കാട്ടിയാണ്. സയൻസ് സ്കൂളിലെ അധ്യാപകനും വൈസ് ചാൻസലറുടെ അടുത്ത വ്യക്തിയുമായി അതുൽ ജോഹ്‌രിക്കെതിരെ അതെ സ്ഥാപനത്തിലെ എട്ടു വിദ്യാർഥികൾ ലൈംഗിക അതിക്രമം പരാതിപ്പെട്ടിട്ടിട്ടും നടപടികളൊന്നും എടുക്കാത്തത് ഈ സംശയം കൂടുതൽ ഊട്ടിയുറപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. സർവകലാശാല അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടാകാത്തതിന്റെ തുടർന്നാണ് വിദ്യാർത്ഥിനികൾ വസന്ത കുഞ്ച് പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചത്. പരാതി സമർപ്പിച്ച ഉടൻ തന്നെ ഈ കേസിൽ എഫ് ഐ ആർ രേഖപ്പെടുത്താനോ, പ്രതിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യാനോ ഡൽഹി പോലീസ് തയ്യാറാവാത്തത് വിദ്യാർത്ഥികളുടെയും മാധ്യമങ്ങളുടെയും വിമർശനം ക്ഷണിച്ചു വരുത്തിയിരുന്നു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പൊതുപ്രവർത്തകരുടെയും പ്രക്ഷോഭത്തിനൊടുവിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനും പ്രതിയെ അറസ്റ്റ് ചെയ്യാനും പോലീസ് തയ്യാറായത്. ഇതിനു ശേഷവും പ്രസ്തുത അധ്യാപകനെ പുറത്താക്കാനോ നടപടികൾ എടുക്കാനോ സർവകലാശാല അധികൃതർ തയ്യാറാകാത്തത് സ്വാഭാവിക നീതി നിഷേധവും ഭരണകൂട പിന്തുണയോടെ ലൈംഗിക അതിക്രമത്തിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കാനുള്ള ശ്രമവുമാണ്.

ഇത് മാധ്യമ പ്രവര്‍ത്തനമല്ല; വഞ്ചനയാണ് – ഫ്രൈഡേ റിവ്യു

സ്വയംഭരണാവകാശമെന്ന ചതിക്കുഴി

ജെഎൻയു അടക്കമുള്ള 52 ഉന്നത കലാലയങ്ങൾക്ക് സ്വയംഭരണാവകാശം നൽകാനുള്ള തീരുമാനം കേന്ദ്ര മാനവ വിഭവ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. അഞ്ചു കേന്ദ്ര സർവകലാശാലകളും സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള 21 സർവകലാശാലകളും 24 ഡീംഡ് സർവകലാശാലകളും രണ്ടു സ്വകാര്യ സർവകലാശാലകളും ഇതിൽ ഉൾപ്പെടും. കേന്ദ്ര മാനവ വിഭവ വകുപ്പ് മന്ത്രി ചരിത്രപരമെന്നു വിളിച്ച ഈ തീരുമാനത്തെ 1991 ലെ ഇന്ത്യൻ സമ്പദ്ഘടനയുടെ ഉദാരവൽക്കരണത്തോട് ഉപമിക്കുകയും ചെയ്യുകയുണ്ടായി. എന്നാൽ ഉന്നത വിദ്യാഭ്യാസ രംഗം കൂടുതൽ ചെലവേറിയതും ദുർബല ജന വിഭാഗങ്ങൾക്ക് അപ്രാപ്യമാവാനും മാത്രമേ ഈ തീരുമാനം സഹായകരമാകൂ. വിദ്യാഭ്യാസ രംഗത്തെ വിപണി താത്പര്യങ്ങൾക്കനുസരിച്ച് ഉദാരവത്ക്കരിക്കാനും, സർക്കാർ ധനസഹായങ്ങൾ നൽകാതെ ഫീസ് വർധിപ്പിച്ചും, കൂടുതൽ ലാഭകരമായ കോഴ്സുകൾ തുടങ്ങാനും സഹായകരമാകുന്നതാണ് ഈ തീരുമാനം. ഉന്നത വിദ്യാഭ്യാസ കലാലയങ്ങള്‍ക്കുള്ള സർക്കാർ ധനസഹായം പൂർണമായും ഒഴിവാക്കുക എന്ന അപകടകരമായ ഈ തീരുമാനം വിദ്യാഭ്യാസം കൂടുതൽ ചിലവേറിയാതാക്കാനും ഇടയാക്കും. സ്വയംഭരണ അവകാശം ലഭിക്കുന്നതോടെ യുജിസിയുടെ അനുമതി ഇല്ലാതെ തന്നെ പുതിയ കോഴ്സുകൾ തുടങ്ങാൻ അവകാശമുണ്ട്. എന്നാൽ ഇത്തരം കോഴ്സുകൾക്ക് യാതൊരു ധനസഹായവും സർക്കാർ നല്കുന്നതല്ലെന്നും ഗസറ്റ് വിജ്ഞാപനത്തിൽ പറയുന്നുണ്ട്. ഇത് ഉയർന്ന ഫീസ് ചുമത്തി ലാഭകരമായ കോഴ്സുകൾ തുടങ്ങാൻ സർവകലാശാല അധികൃതർക്ക് സഹായം നൽകുകയാണ് തത്വത്തിൽ ചെയ്യുന്നത്.

ഈ തീരുമാനങ്ങൾക്കെതിരെ രാഷ്ട്രീയ ഭിന്നതകൾ മറന്ന് വിവിധ വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന പോരാട്ടം മൗലികാവകാശമായ സൗജന്യവും ദുർബല ജനവിഭാഗങ്ങൾക്ക് പ്രാപ്യമാവുന്നതുമായ ഉന്നത വിദ്യാഭ്യാസം ഉറപ്പു വരുത്താനാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ജെഎന്‍യുവിലെ സംഘപരിവാര്‍ ‘ദൗത്യം’ തുടരുന്നു: ചെറുത്തുനില്‍പ്പും ഇല്ലാതാവുന്നോ?

പാര്‍ലമെന്റിലേക്ക് ജെ എന്‍ യു വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും ലോംഗ് മാര്‍ച്ച്

ജെഎന്‍യു: ഇനി സമരമല്ലാതെ വഴിയില്ല; ജയിലല്ലാതെ നിറയ്ക്കാന്‍ ഇടവും

മി. വി.സി; എന്തുപഠിക്കണമെന്ന് വിദ്യാര്‍ഥികള്‍ക്കറിയാം, എങ്ങനെ യുദ്ധം ചെയ്യണമെന്ന് പട്ടാളക്കാര്‍ക്കും

ജെഎന്‍യു: ഒടുവില്‍ ഹിന്ദുത്വ ഇന്ത്യയുടെ അദൃശ്യയുദ്ധം വെളിവാക്കപ്പെടുകയാണ്

അനസ് അലി

അനസ് അലി

ജെഎന്‍യു സെന്റര്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസില്‍ ഗവേഷകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍