UPDATES

ട്രെന്‍ഡിങ്ങ്

കാശിക്ക് പോയി മടങ്ങുന്ന ത്രിവര്‍ണ പതാക അഥവാ ജനാധിപത്യത്തെ മതം കൂട്ടിക്കെട്ടുമ്പോള്‍

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നും വരുന്ന, കാര്യമായ വിദ്യാഭ്യാസമോ തൊഴിലോ ഇല്ലാത്ത ചെറുപ്പക്കാരാണ് കാവടി യാത്ര നടത്തുന്ന തീര്‍ഥാടകരില്‍ അധികവും

തിരുപ്പതിക്കോ വേളാങ്കണ്ണിക്കോ അജ്മീറിനോ തീര്‍ഥയാത്ര നടത്തുന്ന ആരും തങ്ങളുടെ ബാഗുകളില്‍ ദേശീയപതാക കരുതാറില്ല. അതിലെ നിരര്‍ഥകത  ഒരു ഇന്ത്യന്‍ പൌരന് അത്രയേറെ വ്യക്തമാണ്. എന്നാല്‍, സ്വാതന്ത്ര്യദിനാചരണം വന്നു ചേരുന്നതിനു മുന്‍പ് തന്നെ ഹരിദ്വാര്‍ മുതല്‍ ഡല്‍ഹി വരെയുള്ള വഴികള്‍ ത്രിവര്‍ണ്ണത്താല്‍ അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്നത് ഈ വര്‍ഷത്തിന്‍റെ പ്രത്യേകതയാണ്. ഇന്ത്യയിലെ പൊതുസമൂഹം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്‍റെ അടയാളമായല്ല, വരാനിരിക്കുന്ന പാരതന്ത്ര്യത്തിന്‍റെ അടയാളമായാണ് അവ വീശുന്നത് എന്നു മാത്രം.

ശ്രാവണമാസക്കാലം, അത് അടയാളപ്പെടുത്തുന്ന വിവിധ മതാഘോഷങ്ങളുടെ കാരണത്താല്‍, ഉത്തരേന്ത്യക്കാര്‍ക്ക് വളരെ പ്രധാന്യമേറിയ ഒരു കാലമാണ്. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ആയിരക്കണക്കിന് ചെറുപ്പക്കാരായ കാവടികള്‍ (kanwariyas) നൂറു കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഗംഗാ ജലവുമായി മടങ്ങിയെത്തുന്നത് ഈ സമയത്താണ്. കാവി വസ്ത്രങ്ങളും തോരണങ്ങളും ശിവചിത്രങ്ങളും ഒക്കെയായി നടന്നും വാഹനങ്ങളിലും നീങ്ങുന്ന ഈ തീര്‍ഥാടകസംഘങ്ങള്‍ റോഡുകളെ കാവിമയമാക്കുകയും കാഴ്ചക്കാരുടെ ഉള്ളില്‍ ഭക്തിരസം നിറയ്ക്കുകയും ചെയ്യും.

Also Read: കന്നുകാലികള്‍, ഗോസംരക്ഷകര്‍, ഇപ്പോള്‍ തീര്‍ത്ഥാടകരും; യോഗിയുടെ യുപിയില്‍ ഇതാണവസ്ഥ

എന്നാല്‍, പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായി, ഇത്തവണത്തെ കാവടി യാത്രകളെ അടയാളപ്പെടുത്തുന്നത് തീര്‍ഥാടകരുടെ കൈകളിലും വാഹനങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള ത്രിവര്‍ണ്ണ പതാകകളാണ്. നിര്‍ദോഷകരമായ ദേശസ്നേഹമാണ് റോഡരികിലുള്ള അനേകം കടകളില്‍ നിന്നും പണം കൊടുത്ത് ത്രിവര്‍ണ്ണപതാകകള്‍ വാങ്ങാന്‍ ഈ തീര്‍ഥാടകരെ പ്രേരിപ്പിക്കുന്നത്. തീര്‍ഥാടനവാഹനങ്ങളെ ദേശീയ പതാകയാല്‍ അലങ്കരിക്കുന്നതിലെ അനൌചിത്യം അവര്‍ക്ക് മനസിലാകുന്നില്ല.

എത്ര നിശബ്ദമായാണ്, എത്ര നൈസര്‍ഗികമായാണ് ഹിന്ദുത്വദേശീയത ഒരു രാജ്യത്തിന്‍റെ പൊതുചിഹ്നങ്ങളേയും ഇടങ്ങളേയും സ്വന്തമാക്കുന്നത് എന്നതാണ് ഇവിടെ വ്യക്തമാകുന്നത്. ആപത്കരമായി വളര്‍ന്നു വരുന്ന ഹിന്ദുത്വദേശീയതയുടെ ഏറ്റവും തെളിവാര്‍ന്ന അടയാളമായി ഇതിനെ കാണക്കാക്കേണ്ടതുണ്ട്. ഉപയോഗിക്കപ്പെടുന്ന സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍, ചിഹ്നങ്ങള്‍ക്ക് വ്യത്യസ്തമായ അര്‍ഥങ്ങളെ സ്വീകരിക്കാനാവും എന്നതിനാല്‍ ഇതിനെ നിര്‍ദോഷകരമായ ദേശസ്നേഹ പ്രകടനം മാത്രമായി കാണാന്‍ കഴിയുന്നതല്ല.

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നും വരുന്ന, കാര്യമായ വിദ്യാഭ്യാസമോ തൊഴിലോ ഇല്ലാത്ത ചെറുപ്പക്കാരാണ് കാവടി യാത്ര നടത്തുന്ന തീര്‍ഥാടകരില്‍ അധികവും. പാട്ടുകളും ആഘോഷങ്ങളുമൊക്കെയുള്ള കൂട്ടം ചേര്‍ന്നുള്ള യാത്രാനുഭവത്തോളം തന്നെ ഗംഗാജലവുമായി മടങ്ങിയെത്തുമ്പോള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ഗംഭീരവരവേല്‍പ്പും ജനസമ്മതിയും അവരെ ഈ തീര്‍ഥാടനത്തിന് പ്രേരിപ്പിക്കുന്നുണ്ട്. അംഗീകാരവും സംരക്ഷണവും ലഭിച്ചാല്‍ ഗോസംരക്ഷണമോ വര്‍ഗീയാതിക്രമങ്ങളോ ഒക്കെ വേഗത്തില്‍ വഴങ്ങിയേക്കാവുന്ന കൈകളിലേക്കാണ് മതത്തിന്‍റെയും ദേശീയതയുടേയും അടയാളങ്ങള്‍ ഒരുമിച്ചു നല്‍കപ്പെട്ടിരിക്കുന്നത് എന്നതാണ് ഇവിടുത്തെ അപകടം.

മതവുമായി ബന്ധപ്പെട്ട വൈകാരികതയും അപക്വതയും അക്രമവാസനയും കൂടെയുള്ള മറ്റെന്തിലേയ്ക്കും വേഗത്തില്‍ പടര്‍ന്നു പിടിച്ചേക്കാം എന്നതിനാല്‍ തീര്‍ഥസ്നാനങ്ങള്‍ നടത്തുമ്പോള്‍ മതചിഹ്നങ്ങള്‍ക്കൊപ്പം മറ്റൊന്നും ചേര്‍ത്ത് വയ്ക്കപ്പെടുന്നില്ല എന്നത് ഉറപ്പു വരുത്തേണ്ടതുണ്ട്.

ത്രിവര്‍ണ്ണ പതാക ഒരു ദേശത്തിന്‍റെ ബഹുസ്വരതയുടെ അടയാളമാണ്. ഏതെങ്കിലും മതത്തിനോ പ്രദേശത്തിനോ ജാതിക്കോ അതീതമായി നിലനില്‍ക്കുന്ന, ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ എടുത്ത് കാണിക്കാന്‍ സാധിക്കുന്ന ഒരു പൊതു അടയാളം. ഫാഷിസത്തിന്‍റെ നാളുകളില്‍  ഒരു സമൂഹം വളരെ കരുതലോടെ സംരക്ഷിക്കേണ്ടത് ആ സമൂഹത്തിന് പൊതുവായി അംഗീകരിക്കാന്‍ സാധിക്കുന്ന ഇത്തരത്തിലുള്ള അടയാളങ്ങളേയും സ്ഥാപനങ്ങളേയുമാണ്.

പൊതുവായതിനെ സ്വന്തമാക്കിക്കൊണ്ടും തങ്ങളെ അതിന്‍റെ സംരക്ഷകരായി സ്ഥാപിച്ചു കൊണ്ടുമാണ് ഓരോ ഫാഷിസ്റ്റ് പ്രസ്ഥാനവും ചരിത്രത്തില്‍ വളര്‍ന്നു വന്നിട്ടുള്ളത്. പൊതുസമൂഹത്തിന് ആ ചിഹ്നങ്ങളോടുള്ള വൈകാരികമായ ബന്ധത്തെയാണ് അതിലൂടെ അവര്‍ തങ്ങളിലേയ്ക്ക് തന്നെ മാറ്റിയെടുക്കാന്‍ സാധിക്കുന്നതും. ഇക്കാരണത്താല്‍, ദേശത്തിന്‍റെ ചിഹ്നങ്ങള്‍ പൊതുവായും മതചിഹ്നങ്ങള്‍ മതങ്ങള്‍ക്കുള്ളില്‍ മാത്രമായും നിലനിര്‍ത്തപ്പെടേണ്ടതുണ്ട്. രാംജാതര്‍ക്കും ഹരാംജാതര്‍ക്കും (സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ നിര്‍വചനം) ഒരേ പോലെ അവകാശപ്പെട്ട പൊതു അടയാളങ്ങള്‍ ഏതെങ്കിലും മതത്തിന്‍റെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടപ്പെടുന്നില്ല എന്നത് ഉറപ്പ് വരുത്തുക ഈ രാജ്യത്തിന്‍റെ ജനാധിപത്യപരമായ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്.

മതവും ദേശീയതയും പരസ്പരം കലര്‍ത്തപ്പെടുമ്പോള്‍ രണ്ടും ഒരുപോലെ വിമര്‍ശനാതീതമായിത്തീരുന്നു എന്ന അപകടവുമുണ്ട്. ഗോമാതാവ് എന്ന സങ്കല്‍പ്പത്തിനൊപ്പം തന്നെ അപകടകരമായേക്കാവുന്ന ഒന്നാണ് ഭാരത് മാതാ എന്ന സങ്കല്പവും. പശു ഒരു മൃഗം മാത്രമാണ് എന്നറിയുകയും അതങ്ങനെ തുറന്നു പറയാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന മതവിശ്വാസങ്ങളുടെ ഇടങ്ങളിലേയ്ക്കാണ് ദേശീയസങ്കല്‍പ്പങ്ങളെയും വലിച്ചിഴച്ചു കൊണ്ടിരിക്കുന്നത്. മാതാവുമായി ബന്ധപ്പെട്ട വികാരങ്ങളെ, വിമര്‍ശനം ചെയ്യപ്പെടേണ്ട വസ്തുതകളുമായി ബന്ധപ്പെടുത്തുമ്പോള്‍ വെല്ലുവിളിക്കുന്നത് ആ വസ്തുതകളുടെ, സ്ഥാപനങ്ങളുടെ ജാനാധിപത്യപരമായ നിലനില്‍പ്പിനെത്തന്നെയാണ്. വിമര്‍ശനാതീതമായ ജനാധിപത്യം അസംബന്ധമാണ് എന്നത് കൂടെക്കൂടെ ഓര്‍മ്മിക്കേണ്ട ഒരു വസ്തുതയാണ്.

വിശ്വാസങ്ങള്‍ വിമര്‍ശനാതീതമാണ്‌ എന്ന കാരണത്താലാണ് പലതരത്തിലുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നൂറ്റാണ്ടുകളായി മതങ്ങള്‍ക്കുള്ളില്‍ നിലനിന്നു പോന്നിട്ടുള്ളത്. ദേശീയതയെ, അതിലൂടെ അതിന്‍റെ ഭരണകൂട നിലപാടുകളെ, മതവുമായി ബന്ധിപ്പിക്കുന്നത് വഴി, ദേശത്തിന്‍റെ ജനാധിപത്യ വ്യവസ്ഥയാണ് വിമര്‍ശനാതീതമായി മാറുക. പുരോഗമനം കാംഷിക്കുന്ന ഒരു രാഷ്ട്രത്തിനോ അതിന്‍റെ രീതികള്‍ക്കോ ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കാന്‍ കഴിയുന്നതല്ല. മതാന്ധതയുടെ നിഴലില്‍ അന്ധമാക്കപ്പെടുന്ന സമൂഹത്തിന്, അത് നീങ്ങുന്നത് മുന്നോട്ടോ പിന്നോട്ടോ എന്ന് തന്നെ മനസിലാവില്ല.

ഭരണകൂടത്തിന്‍റെ മതവത്ക്കരണം ഒരു രാജ്യത്തെ എങ്ങോട്ടാണ് നയിക്കുക എന്നറിയാന്‍ ഇന്ത്യയ്ക്ക് അധികം യാത്ര ചെയ്യേണ്ടതില്ല, ഒന്ന് തല തിരിച്ച് നോക്കുക മാത്രം ചെയ്‌താല്‍ മതിയാവും. മതവും ദേശീയതയും വ്യത്യസ്തമല്ലാത്ത സമൂഹങ്ങളില്‍ ഭരണകൂടനയങ്ങളേയും മതാചാരങ്ങളേയും വിമര്‍ശിക്കുന്നത് ഒരേ രീതിയില്‍ രാജ്യദ്രോഹമായി മുദ്ര കുത്തപ്പെടുകയും അവ പൊതുവിടങ്ങളില്‍ അത്തരത്തില്‍ തന്നെ വിചാരണ ചെയ്യപ്പെടുകയും ചെയ്യും. ബൌദ്ധികതയുടെ ദുര്‍ബല വാക്കുകളെ വൈകാരികതയുടെ പേശീബലം കൈകാര്യം ചെയ്യുന്ന ഇത്തരം സമൂഹങ്ങളില്‍ ആള്‍ക്കൂട്ടവിചാരണകളും അക്രമങ്ങളും വര്‍ദ്ധിക്കും. പ്രാകൃതമായ സാമൂഹ്യരീതികളുടെ നേര്‍ക്ക് നീങ്ങി തുടങ്ങാന്‍ അത്തരം സമൂഹങ്ങള്‍ക്ക് അധികം സമയവും ആവശ്യമായി വന്നേക്കില്ല.

*Images: Representational 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ബിന്‍സ് സെബാസ്റ്റ്യന്‍

ബിന്‍സ് സെബാസ്റ്റ്യന്‍

ഇടുക്കി കട്ടപ്പന സ്വദേശിയായ ബിന്‍സ് ഡല്‍ഹിയില്‍ ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ സെന്‍റര്‍ ഫോര്‍ ഫിലോസഫിയില്‍ ഗവേഷണ വിദ്യാര്‍ഥിയാണ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍