UPDATES

മുത്തപ്പനെ തീയ്യര്‍ക്ക് വിട്ടുകൊടുത്ത് അടിയാന്മാരെ കിര്‍താഡ്‌സ് ആദിവാസിയല്ലാതാക്കിയത് ഇങ്ങനെ

അടിയാന്‍മാര്‍ യഥാര്‍ഥ ആദിവാസികളാണോയെന്ന് കിര്‍താഡ്‌സ് അന്വേഷണം തുടരുകയാണ്- ഭാഗം 6

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടിട്ട് രണ്ടാഴ്ച കഴിഞ്ഞു. ആ കൊലപാതകം ഉയര്‍ത്തിവിട്ട നിരവധി ചോദ്യങ്ങളുണ്ട്. അതിലൊന്ന് കിര്‍താഡ്‌സുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ളതാണ്. പട്ടിണി, ആട്ടിപ്പായിക്കല്‍, കുടിയൊഴിപ്പിക്കല്‍ അങ്ങനെ നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നുപോവുന്ന ആദിവാസി ജനത മരിക്കാതിരിക്കാനായി പോരാട്ടം തുടരുമ്പോള്‍ കിര്‍താഡ്‌സ് പോലൊരു സ്ഥാപനം എന്ത് ചെയ്യുന്നു? സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിക്കാനുള്ള സംവിധാനം മാത്രമായി കിര്‍താഡ്‌സ് മാറിയോ? അഴിമുഖം അന്വേഷണം തുടരുന്നു. ഈ പരമ്പരയിലെ ആദ്യ അഞ്ച് റിപ്പോര്‍ട്ടുകള്‍ ഇവിടെ വായിക്കാം.

ദളിത്‌, ആദിവാസികളെ വിറ്റുതിന്നുന്ന കിര്‍താഡ്‌സ് എന്ന വെള്ളാന

കുറുമരുടെ ഉത്സവം നടത്തിപ്പില്‍ ഇന്ദു മേനോന്‍ എന്ന കിര്‍താഡ്‌സ് ഉദ്യോഗസ്ഥയ്ക്ക് എന്താണ് കാര്യം?

 ആദിവാസിയെ മ്യൂസിയം പീസാക്കുന്ന കിര്‍താഡ്‌സ്; ഫണ്ടിന് വേണ്ടി ‘സംരക്ഷിക്കപ്പെടേണ്ടവര്‍ 

കിര്‍താഡ്‌സിന്റെ ആദിവാസി സ്വാതന്ത്ര്യസമര മ്യൂസിയം; വംശീയ വിവേചനം 16 കോടി രൂപയ്ക്ക്

മരിച്ചാല്‍ പോലും സ്വൈര്യം കൊടുക്കാതെ ആദിവാസിയുടെ ശവവും വില്‍ക്കുകയാണവര്‍; സി.കെ ജാനു പ്രതികരിക്കുന്നു

ഭാഗം – 6

മുത്തപ്പന്‍ ആരുടെ ദൈവമാണ്? ആദിവാസി മുതല്‍ നമ്പൂതിരി വരെ ആരാധിക്കുന്ന മുത്തപ്പനെ ആരാണ് തീയ്യരുടെ ദൈവമാക്കിയത്? മുത്തപ്പനെ ആരാധിക്കുന്നവരെല്ലാം തീയ്യരാവുമോ? ഇനി പറയുന്നത് മുത്തപ്പനെ ആരാധിക്കുന്നുവെന്ന ഒറ്റക്കാരണത്താല്‍ ആദിവാസികളല്ലെന്ന് കിര്‍താഡ്‌സ് കണ്ടെത്തിയ കണ്ണൂര്‍ കുന്നത്തൂര്‍പാടിയിലെ ആദിവാസികളെക്കുറിച്ചാണ്. കണ്ണൂരിലെ അടിയാന്‍ വിഭാഗത്തില്‍ പെടുന്ന ആദിവാസികള്‍ തീയ്യരാണ്! ഈ കണ്ടുപിടുത്തം കിര്‍താഡ്‌സിലെ ഗവേഷകരുടേതായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് ജാതി ആനുകൂല്യങ്ങള്‍ ഇല്ലാതായി. സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെയായി. അടിയാന്‍മാര്‍ യഥാര്‍ഥ ആദിവാസികളാണോയെന്ന് കിര്‍താഡ്‌സ് അന്വേഷണം തുടരുകയാണ്. അന്വേഷണം കഴിയുന്നത് വരെ ജാതിസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണമെന്ന് ഹൈക്കോടതി പ്രത്യേകം നിര്‍ദ്ദേശിച്ചതിനാല്‍ ഒരു വര്‍ഷത്തിലധികമായി അത് ലഭിക്കുന്നു. യഥാര്‍ഥത്തില്‍ കുന്നത്തൂര്‍പാടിയിലെ അടിയാന്‍മാര്‍ ആരാണ്? കിര്‍താഡ്‌സ് എങ്ങനെയാണ് ഒരു ജനതയുടെ സ്വത്വത്തെ തന്നെ മാറ്റി നിശ്ചയിക്കുന്നത്? ഒരു അന്വേഷണം

കുന്നത്തൂര്‍ പാടിയിലെ അടിയാന്‍മാര്‍
കണ്ണൂര്‍ തളിപ്പറമ്പ് താലൂക്ക് പയ്യാവൂര്‍ വില്ലേജിലെ ശ്രീകണ്ഠാപുരത്തിന് സമീപത്തായുള്ള പ്രദേശമാണ് കുന്നത്തൂര്‍പാടി. കേരളത്തിലെ, പ്രത്യേകിച്ച് വടക്കേ മലബാറിലെ ജനങ്ങള്‍ ദൈവമായി ആരാധിച്ചുപോരുന്ന മുത്തപ്പന്റെ മൂലസ്ഥാനം എന്ന പ്രത്യേകത കുന്നത്തൂര്‍പാടിക്കുണ്ട്. മറ്റ് എല്ലാ സമുദായങ്ങള്‍ക്കുമൊപ്പം കുന്നത്തൂര്‍പാടിയിലുള്ള വിഭാഗമാണ് അടിയാന്‍മാര്‍. അടിയാന്‍ എന്നും അടിയ എന്നും വിളിക്കപ്പെടുന്ന ആദിവാസി വിഭാഗം. കോട്ടയം രാജാക്കന്‍മാരുടെ അടിമകളായിരുന്നു അടിയാന്‍മാര്‍. വയനാട്ടിലും കണ്ണൂരിലും കുടക് പോലുള്ള കര്‍ണാടകയുടെ ചില ഭാഗങ്ങളിലുമാണ് അടിയാന്‍മാരുള്ളതെന്ന് ചരിത്ര രേഖകള്‍ പറയുന്നു. പഴശിയുടെ സ്വത്തുക്കള്‍ അന്യാധീനപ്പെട്ടപ്പോള്‍ വസ്തുവകകള്‍ കരക്കാട്ടിടം വാഴുന്നവരിലേക്കെത്തിച്ചേര്‍ന്നു. ബ്രിട്ടീഷ് വാഴ്ചക്കാലത്ത് അടിയാന്‍മാരുടെ സ്വന്തമായിരുന്ന കാടുകളും ജന്മിമാരുടെ അധീനതയിലായി എന്നും ചരിത്ര രേഖകള്‍ പറയുന്നു. എന്നാല്‍ മുന്നുമ്മലിടം നാടുവാഴിയുടെ അടിമകളായിരുന്നു അടിയാന്‍മാരെന്നും മുന്നമ്മലിടവും കരക്കാട്ടിടം വാഴുന്നവരും തമ്മിലുള്ള മൂപ്പിളമ തര്‍ക്കത്തിനൊടുവില്‍ സ്വത്തുവകകള്‍ കരക്കാട്ടിടത്തേക്ക് വന്നുചേര്‍ന്നു എന്ന് മറ്റൊരു ചരിത്രവും പറയുന്നുണ്ട്. മുന്നുമ്മലിടത്തെ മുത്തപ്പന്‍ വിളിച്ചുകൊണ്ടുവന്ന് കരക്കാട്ടിടത്തെ ഏല്‍പ്പിച്ചു എന്നാണ് അടിയാന്‍മാരുടെ വാമൊഴി ഐതിഹ്യം പറയുന്നത്. ഇതില്‍ യാഥാര്‍ഥ്യം എന്ത് തന്നെയായാലും അടിയാന്‍മാര്‍ അടിമകളായി തുടരുകയും സ്വന്തമായിരുന്ന കാട് അവര്‍ക്ക് നഷ്ടമാവുകയും ചെയ്തു.

കുന്നത്തൂർ പാടിയിലെ മടപ്പുരയിൽ (ഗുഹ) നിന്നും കണ്ടെടുത്ത പ്രാചീന ശിൽപ്പങ്ങള്‍

പ്രാചീനകാലത്ത് കാട്ടുമൃഗങ്ങളേയും പക്ഷികളേയും വേട്ടയാടി കഴിച്ചിരുന്നവരായിരുന്നു അടിയാന്‍മാര്‍. അണ്ണാന്‍, പന്നി അങ്ങനെയുള്ളവയെ വേട്ടയാടി ഇറച്ചി കഴിക്കുകയും കുലദൈവത്തെ പ്രീതിപ്പെടുത്താന്‍ കാഴ്ചവക്കുകയും ചെയ്തിരുന്ന പതിവ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ അപൂര്‍വമായാണെങ്കിലും ഉണ്ടായിരുന്നതായി സമുദായ അംഗങ്ങള്‍ തന്നെ പറയുന്നു. പുനംകൃഷിയായിരുന്നു അടിയാന്‍മാര്‍ ചെയ്തിരുന്ന മറ്റൊരു കാര്യം. നെല്ല്, മുത്താറി, ചോളം, ചാമ, കാട്ടുകിഴങ്ങുകള്‍ എന്നിങ്ങനെ കൃഷി ചെയ്തുപോന്നു. ആയിരം കൊല്ലത്തിനിപ്പുറം മുതല്‍ ഫോറസ്ട് ആക്ട് വരുന്നത് വരെ പുനംകൃഷി തുടര്‍ന്നിരുന്നതായി ചരിത്രകാരന്‍മാര്‍ പറയുന്നു. വനാവകാശ നിയമം വന്ന് ആദിവാസികള്‍ പുറത്താക്കപ്പെട്ടപ്പോള്‍ സ്വന്തമായി കൃഷി ചെയ്യാന്‍ ഭൂമിയില്ലാതായ അടിയാന്‍മാര്‍ ജന്‍മിമാരുടെ അടിമകള്‍ എന്ന നിലയ്ക്ക് ജന്‍മിമാരുടെ പുനംകളത്തില്‍ പണിയെടുക്കാന്‍ തുടങ്ങി.

ആരാധനയിലും ആചാരങ്ങളിലും ആദിവാസി വിഭാഗങ്ങളുടേതായ രീതികള്‍ തന്നെയാണ് അടിയാന്‍മാര്‍ പിന്തുടര്‍ന്നിരുന്നത്. ഇന്നും അതുപോലെ തന്നെ തുടരുകയും ചെയ്യുന്നു. വനദേവതയേയും പിതൃക്കളേയുമാണ് അടിയാന്‍മാര്‍ ആരാധിച്ചിരുന്നത്. അടിയാന്‍ സമുദായക്കാര്‍ അഞ്ച് ഇല്ലങ്ങളായി വേര്‍തിരിഞ്ഞാണ് ജീവിച്ചിരുന്നത്. ഓരോ ഇല്ലത്തിന്റേയും മരിച്ചുപോയ കാരണവര്‍മാരെ അവര്‍ ആരാധിക്കുന്നു. കാരണവര്‍ ദൈവം എന്ന വിശ്വാസത്തില്‍ നിന്നാണ് മുത്തപ്പന്‍ എന്ന ആശയം ഉടലെടുക്കുന്നതെന്നും വാദമുണ്ട്. കാര്‍ഷികദൈവമായും നാടുവാഴി എന്ന നിലയ്ക്കും ആരാധിച്ചിരുന്ന കാരണവര്‍ പിന്നീട് ആദിവാസികള്‍ക്കിടയിലെ ഹിന്ദുവത്ക്കരണത്തിന്റെ ഭാഗമായി മുത്തപ്പന്‍ ആയതായാണ് ഇക്കൂട്ടരുടെ വാദം. മരുമക്കത്തായികളായിരുന്ന അടിയാന്‍മാര്‍ക്ക് പിന്നീട് അമ്മദൈവം അഥവാ വനദേവതയായിരുന്നു മറ്റൊരു ആരാധനാ മൂര്‍ത്തി. എന്നാല്‍ പിന്നീട് മുത്തപ്പന്‍ ആരാധന പ്രബലമായതോടെ അതിലേക്ക് ആരാധന ചുരുങ്ങിവരികയും ചെയ്തു.

മുത്തപ്പന് കൊടുത്തിരുന്ന എല്ലാ ആരാധനകളും വനദേവതയ്ക്കും കൊടുക്കുകയാണ് രീതി. ബ്രാഹ്മണ്യത്തില്‍ അധിഷ്ഠിതമായ ആരാധനാ രീതികളില്‍ നിന്ന് വ്യത്യസ്തമായി കാട്ടിറച്ചി, പനങ്കള്ള് എന്നിങ്ങനെയുള്ള കാഴ്ചവപ്പുകളായിരുന്നു വനദേവദയ്ക്കും മുത്തപ്പനും നല്‍കിയിരുന്നത്. സ്ത്രീകളാണ് ഇല്ലം തീരുമാനിച്ചിരുന്നത് എന്നതുപോലെ പോലെ അടിയാന്‍ സ്ത്രീകള്‍ക്കുണ്ടാവുന്ന കുട്ടികള്‍ക്ക് മാത്രമേ കുന്നത്തൂര്‍പാടിയിലെ മടയില്‍ കര്‍മ്മം ചെയ്യാന്‍ അനുവാദം ലഭിച്ചിരുന്നുള്ളൂ. മറ്റ് സമുദായങ്ങളില്‍ മരുമക്കത്തായം മാറി മക്കത്തായം വന്നിട്ടും അടിയാന്‍മാര്‍ രീതികള്‍ മാറ്റിയില്ല. ആചാരങ്ങളുടെ കാര്യത്തില്‍ ആദ്യ ആര്‍ത്തവം, വിവാഹം എന്നിവയ്ക്ക് അടിയാന്‍മാര്‍ അവരുടേതായ രീതികളാണ് പിന്തുടര്‍ന്ന് പോരുന്നത്. ആര്‍ത്തവമായ പെണ്‍കുട്ടികളെ വീടിനോട് ചേര്‍ന്നുള്ള പുരയില്‍ താമസിപ്പിക്കുകയും ഏഴ് ദിവസം കഴിയുമ്പോള്‍ മുതിര്‍ന്ന് സ്ത്രീകള്‍ പെണ്‍കുട്ടിയെ വാഴയിലയില്‍ നിര്‍ത്തി തലമുതല്‍ കാല് വരെ എണ്ണയില്‍ പുതപ്പിച്ച് അടിയാത്തോടില്‍ കുളിപ്പിക്കും. പിന്നീട് നാല് വശവും മുണ്ട് പിടിച്ച് കുടിലിന് മുന്നിലിരുത്തി കാട്ടിലകൊണ്ടുള്ള ആഭരണങ്ങള്‍ അണിയിക്കും. വേട്ടയാടിയ ഇറച്ചിയും കള്ളും ഉള്‍പ്പെടെയുള്ള ഭക്ഷണം നല്‍കും. വേട്ടയാടിയ ഇറച്ചി ഇപ്പോള്‍ ഇവര്‍ ഉപയോഗിക്കുന്നില്ലെങ്കിലും ആചാരങ്ങള്‍ ഇത് പോലെ തന്നെ തുടരുന്നു. അടിയാന്‍ സമുദായാംഗമായ രാധ പറയുന്നതിങ്ങനെ: “വയസ്സറിയിക്കുമ്പോള്‍ വയ്ക്കുന്ന ഇറച്ചി ഇപ്പോള്‍ പുറത്തിന്ന് വാങ്ങീട്ട് വരുന്നതാണ്. ഇപ്പോള്‍ വേട്ടയാടലില്ല. കാട്ടില കൊണ്ടുള്ള ആഭരണങ്ങള്‍ ആണ് ഇടാറെങ്കിലും ഇപ്പോ ചിലര്‍ കഴിവിനനുസരിച്ച് വെള്ളിയും സ്വര്‍ണവുമൊക്കെ ഇടാറുണ്ട്. ഇതേ വ്യത്യാസം വന്നിട്ടുള്ളൂ. വിവാഹത്തിന് കാരണവരാണ് നേതൃത്വം കൊടുക്കുന്നത്. ഒരേ ഇല്ലത്തില്‍ നിന്ന് വിവാഹം കഴിക്കില്ല. ഒരില്ലത്തില്‍ നിന്ന് മറ്റ് ഇല്ലത്തിലേക്ക് വിവാഹം കഴിച്ചയയ്ക്കാറാണ്. വിവാഹം ഉറപ്പിച്ചാല്‍ പെണ്ണിന്റമ്മക്ക് മുലക്കാണം കൊടുക്കും. പെറ്റ് മുലകൊടുത്ത അമ്മയില്‍ നിന്ന് അടര്‍ത്തി ചെക്കന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനാണ് മുലക്കാണം കൊടുക്കുന്നത്.” എന്നാല്‍ ഇല്ലങ്ങള്‍ക്കിടയില്‍ മാറ്റക്കല്യാണം നടത്തി ഇപ്പോള്‍ ഇല്ലങ്ങളിലുള്ളവരെല്ലാം അടുത്ത ബന്ധുക്കളായി. അതോടെ അടിയാന്‍മാര്‍ അഞ്ചില്ലങ്ങള്‍ക്ക് പുറത്തുനിന്ന് വിവാഹം കഴിക്കാന്‍ തുടങ്ങി.

അടിയാന്മാരുടെ പുത്തരി ആഘോഷത്തിൽ നിന്ന്

നാല്‍പ്പതുകളോടെയാണ് വയനാട്ടിലേയും മറ്റുള്ള ഇടങ്ങളിലേയും അടിയാന്‍മാരില്‍ നിന്ന് വ്യത്യസ്തമായി കുന്നത്തൂര്‍പാടിയിലെ അടിയാന്‍മാരുടെ ജീവിതം മാറുന്നത്. കുടിയേറ്റങ്ങള്‍ തുടങ്ങുന്ന സമയത്ത് ജന്മിമാര്‍ കാണമായിട്ടും ജന്മമായിട്ടും മറ്റും ഭൂമിയുടെ അവകാശം അടിയാന്‍മാര്‍ക്ക് നല്‍കി. എഴുപതുകള്‍ക്ക് ശേഷം ഇവര്‍ക്ക് പട്ടയവും ലഭിച്ചു. ഫോറസ്റ്റ് വകുപ്പ് കൈവശം വച്ച ഭൂമിയും കുടിയേറ്റക്കാര്‍ തട്ടിയെടുത്ത ഭൂമിയും അവര്‍ക്ക് നഷ്ടമായെങ്കിലും അടിയാന്‍മാര്‍ക്ക് ഭൂമി ലഭിച്ചിരുന്നു എന്നതാണ് അവരെ വലിയൊരു സാമൂഹിക മാറ്റത്തിലേക്കെത്തിച്ചതെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. ചരിത്രകാരനായ ഡോ. പ്രിയദര്‍ശന്‍ ലാല്‍ പറയുന്നതിങ്ങനെ: “വയനാട്ടിലെ അടിയാന്മാരില്‍ നിന്ന് വ്യത്യസ്തമായി കണ്ണൂരിലെ അടിയാന്മാര്‍ക്കിടയില്‍ സാമൂഹിക നവോത്ഥാനം സംഭവിച്ചിരുന്നു. എഴുപതിന് മുമ്പ് തന്നെ അവര്‍ക്ക് പല പേരില്‍ ഭൂമി ലഭിക്കുകയുണ്ടായി. കൃഷി ചെയ്യാനുള്ള അവകാശം ലഭിച്ചു. എന്നാല്‍ വയനാട്ടിലെ അടിയാന് അത് നിഷേധിക്കപ്പെട്ടു. അതിനാല്‍ കണ്ണൂരിലെ അടിയാന്മാരുടേത് പോലുള്ള പരിഷ്‌കൃതാവസ്ഥ അവിടെയുണ്ടായിരുന്നില്ല.”

ക്രിസ്ത്യന്‍ പള്ളികളും പള്ളികള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനവും സജീവമായപ്പോള്‍ അടിയാന്മാര്‍ക്ക് വിദ്യാഭ്യാസം ചെയ്യാനുള്ള അവസരവും ലഭിച്ചു. പുനംകൃഷിയും വേട്ടയാടലും നിന്നതോടെ തേന്‍ശേഖരണം, കുട്ടനെയ്യല്‍, വാര്‍പ്പുപണി പോലുള്ള പുറം പണികള്‍ എന്നിവയായി അടിയാന്മാരുടെ തൊഴില്‍. നാട്ടുപണികളും മറ്റുള്ളവരുടെ ഭൂമിയിലെ കൃഷിപ്പണിയും ഒക്കെയായി പുതിയ തൊഴിലുകള്‍ അവര്‍ അന്വേഷിച്ചിറങ്ങി. വിദ്യാഭ്യാസവും ബഹുജനസമ്പര്‍ക്കവുമൊക്കെയായി, സാമ്പത്തികമായി മെച്ചപ്പെട്ടില്ലെങ്കിലും സാമൂഹികമായി ഉയര്‍ച്ചയുണ്ടായി. അതോടെ കുന്നത്തൂര്‍പാടിയിലെ അടിയാന്മാര്‍ പരമ്പരാഗത വസ്ത്രധാരണരീതികളില്‍ നിന്നും വേഷവിധാനങ്ങളില്‍ നിന്നും മാറി.

സംവരണം

1950-ലെ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ വന്നതോടെ കേരളത്തില്‍ നിന്നുള്ള ആദിവാസികളുടെ ലിസ്റ്റില്‍ അടിയാന്മാര്‍ ഒന്നാമതായി. ചില ജില്ലകളില്‍ എസ്ടി വിഭാഗത്തില്‍ പെടുന്നവര്‍ മറ്റ് ചില ജില്ലകളില്‍ എസ് സി വിഭാഗത്തിലായിരിക്കും. എന്നാല്‍ അടിയാന്മാര്‍ക്ക് ഇത്തരം ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ബാധകമല്ല. കേരളത്തില്‍ എവിടെയായാലും അടിയാന്മാരെ ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് നിബന്ധനയുണ്ട്. എന്നാല്‍ ഇതെല്ലാം നിയമമായിട്ടും അറുപതുകള്‍ക്ക് ശേഷമാണ് അടിയാന്മാര്‍ വിദ്യാഭ്യാസത്തിന് തയ്യാറായത്. അതിന് മുമ്പ് മറ്റ് ആനുകൂല്യങ്ങള്‍ ലഭ്യമാവുകയും ചെയ്തു. എന്നാല്‍ വിദ്യാഭ്യാസത്തിന് തയ്യാറായിട്ടും ഇതുവരെ കുന്നത്തൂര്‍പാടിയിലെ ഇരുപതോളം പേര്‍ മാത്രമാണ് ഡിഗ്രി പൂര്‍ത്തിയാക്കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പത്തില്‍ താഴെ മാത്രമേ വരൂ എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സാമൂഹ്യമാറ്റങ്ങളുണ്ടായിട്ടും വിദ്യാഭ്യാസത്തിലും തൊഴിലിലുമുള്ള ഈ പിന്നോക്കാവസ്ഥ തുടരുകയാണ്.

കിര്‍താഡ്‌സ് കടന്നുവരുന്നത്

2012-ല്‍ കിര്‍താഡ്‌സിലെ ഒരുദ്യോഗസ്ഥന്‍ അടിയാന്‍ സമുദായത്തെക്കുറിച്ചുള്ള തന്റെ പഠനം അവതരിപ്പിച്ചു. എന്നാല്‍ ഔദ്യോഗികമായ ഗവേഷണ പഠനം അല്ലാതിരുന്നിട്ടുകൂടി അത് കിര്‍താഡ്‌സ് ഹാന്‍ഡ്ബുക്കില്‍ എടുത്തു. വയനാട്ടില്‍ മാത്രമാണ് അടിയാന്‍ സമുദായമുള്ളതെന്നും കണ്ണൂരുള്ളത് അടിയാന്മാരല്ലെന്നുമായിരുന്നു ആ പഠനത്തിലെ വാദം. പിന്നീട് നടന്ന കാര്യങ്ങള്‍ അടിയാന്‍ സമുദായത്തിനായി കോടതിയില്‍ വാദിക്കുന്ന അഡ്വ. വിനോദ് പറയുന്നതിങ്ങനെ: “കിര്‍താഡ്‌സ് നടത്തിയത് ഔദ്യോഗികമായ ഗവേഷണ പഠനം ആയിരുന്നില്ല. മറിച്ച് ഒരുദ്യോഗസ്ഥന്‍ അദ്ദേഹത്തിന്റേതായ പഠനം അവതരിപ്പിക്കുക മാത്രമാണ് ചെയ്തത്. 2014-15ല്‍ കിര്‍താഡ്‌സില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖ അത് തെളിയിക്കുന്നുണ്ട്. എന്നാല്‍ ആ പഠനം കിര്‍താഡ്‌സ് ഹാന്‍ഡ്ബുക്കില്‍ ഉള്‍പ്പെടുത്തുകയും കണ്ണൂരിലെ അടിയാന്മാര്‍ക്ക് ഇനി ജാതി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കരുതെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതോടെ 2013 മുതല്‍ കണ്ണൂരിലെ അടിയാന്മാര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെയായി. എന്നാല്‍ ഞാന്‍ ഇതില്‍ പട്ടികവര്‍ഗ കമ്മീഷന് പരാതി നല്‍കി. എന്റെ ഭാര്യ കുന്നത്തൂര്‍പാടിയിലെ അടിയാന്‍ സമുദായാംഗമാണ്. അവരുടെ അഭിമാനത്തെയും ഐഡന്റിറ്റിയേയും ചോദ്യം ചെയ്യുന്ന തീരുമാനത്തിനെതിരെയാണ് കമ്മീഷനില്‍ പോയത്. കമ്മീഷന് മുന്നിലെ കിര്‍താഡ്‌സിന്റെ വാദങ്ങളായിരുന്നു രസകരം.

കുന്നത്തൂര്‍പാടിയിലെ അടിയാന്‍മാര്‍ മുത്തപ്പന്‍ ആരാധന നടത്തുന്നവരായതിനാല്‍ അവര്‍ തീയ സമുദായക്കാരാണെന്ന വാദമാണ് അന്നത്തെ കിര്‍താഡ്‌സ് ഡയറക്‌റായിരുന്നയാള്‍ കമ്മീഷന് മുന്നില്‍ അവതരിപ്പിച്ച വാദം. ഇതുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത ന്യായമായിരുന്നു അത്. പറശിനിക്കടവ് മുത്തപ്പന്റെ മൂലസ്ഥാനമാണ് കുന്നത്തൂര്‍പാടി. പറശിനിക്കടവ് മുത്തപ്പന്‍ തീയ്യസമുദായത്തിന്റേതാണ്. അതിനാല്‍ കുന്നത്തൂര്‍പാടിയിലെ മുത്തപ്പന്‍ ആരാധന നടത്തുന്നവരും തീയ സമുദായമാണെന്നായിരുന്നു അവരുടെ പുതിയ കണ്ടെത്തല്‍. എന്നാല്‍ ഞാന്‍ അതിനെ പല രീതിയില്‍ ചോദ്യം ചെയ്തു. അടിയര്‍ എന്നാല്‍ അടിമ എന്നാണ്. വടക്കന്‍മലബാറില്‍ തീയ സമുദായക്കാര്‍ അടിമകളായിരുന്നത് ചരിത്രരേഖകളിലെങ്ങും കണ്ടിട്ടില്ല. അവരെ അടിമകളായല്ല കണക്കാക്കിയിരുന്നത്. കുന്നത്തൂര്‍പാടിയിലെ അടിയാന്‍മാരുടേത് ക്ഷേത്രമല്ല, മറിച്ച് ഗൂഹയാണ്. മട എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. മറ്റ് ജാതിക്കാര്‍ക്ക് മാത്രമല്ല അടിയാന്‍ സ്ത്രീകള്‍ക്ക് ജനിക്കാത്ത ആര്‍ക്കും അവിടെ ആരാധന നടത്താന്‍ കഴിയില്ല. അത്തരത്തില്‍ പലകാര്യങ്ങലിലും കുറിച്യരെപ്പോലെ തന്നെ തീണ്ടായ്മയുള്ളതാണ് അടിയാന്‍ വിഭാഗവും.

മറ്റൊന്ന് 1881ലെ ബ്രിട്ടീഷുകാരുടെ സെന്‍സസ് റിപ്പോര്‍ട്ടനുസരിച്ച് മലബാര്‍ ഡിസ്ട്രിക്ടില്‍ വയനാട്, തലശേരി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ അതായത് കോട്ടയം താലൂക്കിലും മാനന്തവാടി താലൂക്കിലും അടിയാന്‍മാരുണ്ട് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ അവര്‍ ഇവരല്ല എന്നാണ് കിര്‍താഡ്‌സ് വാദിച്ചത്. എന്നാല്‍ ആ അടിയാന്‍മാര്‍ പിന്നെ എവിടെയാണ് എന്ന ചോദ്യത്തിന് അവര്‍ക്ക് മറുപടിയുമില്ലായിരുന്നു. 1948-ലെ ചില രേഖകളില്‍ കുന്നത്തൂര്‍പാടിയിലെ ഒരു ജന്മി ഒരു അടിയാന്‍ സ്ത്രീക്ക് കാണമായി ഭൂമി നല്‍കിയിട്ടുണ്ട്. അന്ന് പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറും സംവരണവുമൊന്നുമില്ല. അപ്പോള്‍ പിന്നെ അത് കിട്ടാന്‍ കള്ളജാതി പറഞ്ഞ് രേഖയുണ്ടാക്കി എന്ന് പറയാന്‍ പറ്റില്ലല്ലോ. പിന്നീട് പട്ടികവര്‍ഗ കമ്മീഷനോട് കിര്‍താഡ്‌സ് ഇതിന്‍മേല്‍ കൂടുതല്‍ അന്വേഷണങ്ങളൊന്നും നടത്തുന്നില്ലെന്ന് അറിയിച്ചു. അതോടെ അടിയാന്മാര്‍ക്ക് എസ്ടി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് പട്ടികവര്‍ഗ കമ്മീഷന്‍ ഉത്തരവിട്ടു. ഇതനുസരിച്ച് കണ്ണൂര്‍ താലൂക്കില്‍ ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തുടങ്ങിയെങ്കിലും തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ അടിയാന്മാര്‍ക്ക് അത് നിഷേധിക്കപ്പെട്ടു. അതിനെതിരെ ഹൈക്കോടതിയില്‍ പരാതി പോയി. ഹൈക്കോടതി അടിയാന്മാരുടെ ജാതി സംബന്ധിച്ച് അന്വേഷണം നടത്തിക്കൊള്ളാന്‍ പറഞ്ഞു. എന്നാല്‍ അന്വേണം കഴിയുന്നത് വരെ ജാതിസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണമെന്ന ഞങ്ങളുടെ ആവശ്യം കോടതി അംഗീകരിച്ചു. 2016-ലാണ് ഈ വിധി വരുന്നത്. ആറ് മാസത്തിനകം പഠിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ ഇതേവരെ അത് സമര്‍പ്പിച്ചിട്ടില്ല.”

സ്ത്രീകൾ പുത്തരിക്കായുളള ഒരുക്കത്തിൽ

കുന്നത്തൂര്‍പാടിയിലെ അടിയാന്‍മാര്‍ ആദിവാസികള്‍ തന്നെയാണെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. മുത്തപ്പന്‍ ആരാധയുടെ പേരിലാണ് അടിയാന്‍ സമുദായത്തിന് കിര്‍താഡ്‌സ് ജാതിസര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്. എന്നാല്‍ ആദിവാസികള്‍ മുതല്‍ നമ്പൂതിരി സമുദായം വരെ മുത്തപ്പനെ ആരാധിക്കുമ്പോള്‍ മുത്തപ്പനെ തീയ്യരുടേത് മാത്രമായിക്കാണുന്നത് കിര്‍താഡ്‌സിന് സംഭവിച്ച വലിയ തെറ്റാണെന്ന് ഡോ. പ്രിയദര്‍ശന്‍ ലാല്‍ പറയുന്നു: “കിര്‍താഡ്‌സ്, മുത്തപ്പന്‍ തീയരുടേതാണെന്ന് കരുതിയിരിക്കുന്നു. അത് സാമൂഹികഘടനയിലുള്ള കിര്‍താഡ്‌സിലെ ഉദ്യോഗസ്ഥരുടേയും ഗവേഷകരുടേയും ധാരണക്കുറവ് കൊണ്ട് സംഭവിച്ചതാണെന്ന് പറയാതിരിക്കാനാവില്ല. കരക്കാട്ടിടം നായനാര്‍മാര്‍ക്ക് മുത്തപ്പന്‍ ആരാധനയുണ്ട്, പാലയാട്ട് അടിയാന്മാരായ കരിംപാലന്‍മാര്‍ മുത്തപ്പനെയാണ് ആരാധിക്കുന്നത്. കുന്നത്തൂര്‍ അടിയാന് പ്രയാസം വന്നാല്‍ പാലയാട്ട് അടിയാന്‍ കര്‍മ്മം ചെയ്യുമെന്നാണ്. കണ്ണൂര്‍ കിഴക്ക് ഭാഗം പാലത്തെമഠപ്പുരൈയിലെ കുറിച്യര്‍ മുത്തപ്പനെ ആരാധിക്കുന്നു, നമ്പൂതിരിമാര്‍ ആരാധിക്കുന്നുണ്ട്. കുടകിലെ കൊടവന്‍മാര്‍ക്കും മുത്തപ്പന്‍ ദൈവമാണ്. അതായത് ഉത്തരകേരളത്തിലെ അടിയാന്‍ മുതല്‍ നമ്പൂതിരി വരെയുള്ളവര്‍ മുത്തപ്പനെ ആരാധിക്കുന്നുണ്ട്. സോമവേര്‍പേട് വരെയുള്ളവരില്‍ ഇത് കണ്ട് വന്നിട്ടുണ്ട്. കണ്ണൂരില്‍ കുന്നത്തൂര്‍, മാലൂര്‍, വെള്ളര്‍വള്ളി എന്നിവിടങ്ങളിലായാണ് അടിയാന്‍മാരുള്ളത്. പഴയ കോട്ടയം രാജ്യത്തും ചിറയ്ക്കല്‍ താലൂക്കിലുമായിരുന്നു അവര്‍. വയനാട്ടിലെ അടിയാന്മാരല്ല കുന്നത്തൂര്‍പാടിയിലുള്ളത് എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ല. ഇനി അവര്‍ തന്നെ അല്ലെന്ന് വച്ചാലും ഒരു പ്രത്യേക ആദിവാസി വിഭാഗമാവാമല്ലോ?

ഇക്കാര്യത്തില്‍ തര്‍ക്കം വന്നപ്പോള്‍ കിര്‍താഡ്‌സിലെ ചില ഉദ്യോഗസ്ഥര്‍ എന്നെ സമീപിച്ചിരുന്നു. അടിയാന്‍മാര്‍ ആദിവാസികളാണെന്നും മുത്തപ്പന്‍ തീയരുടെ മാത്രം ദൈവമല്ലെന്നും അന്ന് ഞാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്രയും വര്‍ഷമായിട്ടും അക്കാര്യത്തില്‍ അവര്‍ക്ക് മറുപടി പറയാന്‍ സാധിച്ചിട്ടില്ല. അതിലെ പ്രധാനകാരണം കിര്‍താഡ്‌സിലെ ഉദ്യോഗസ്ഥരുടെ കഴിവില്ലായ്മയാണ്. എസ് സിയേയും എസ് ടിയേയും വേര്‍തിരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പോലും, എസ് സി ഏത് എസ് ടി ഏതെന്ന തിരിച്ചറിവ് പോലും അവിടുത്തെ ഉദ്യോഗസ്ഥര്‍ക്കില്ല. ആദിവാസികളെ അറിയില്ല, അവരുടെ ലൊക്കേഷന്‍ അറിയില്ല. എസ് സിയേയും എസ് ടിയേയും വേര്‍തിരിക്കുന്ന കിര്‍താഡ്‌സിന്റെ മാനദണ്ഡങ്ങളില്‍ പോലും സംശയമുണ്ട്. സോഷ്യോളജിസ്റ്റുകളും ലിംഗ്വിസ്റ്റുകളുമൊക്കെയാണ് അവിടെ ജോലി ചെയ്യുന്നതും ഡയറക്ടര്‍ വരെയാവുന്നതും. ആധികാരികമായും നരവംശശാസ്ത്രപരമായും സാമൂഹ്യപരമായുമുള്ള പഠനങ്ങള്‍ ഉണ്ടാവുന്നില്ല. അതിനുള്ള വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ കിര്‍താഡ്‌സില്‍ ഇല്ല. ഗ്രാമസേവകന്‍ ചെയ്യുന്ന ജോലി മാത്രമാണ് ഇപ്പോള്‍ കിര്‍താഡ്‌സ് ചെയ്യുന്നത്. ആദിവാസികളെക്കുറിച്ച് പഠിക്കേണ്ട കേന്ദ്രം ദിശാബോധമില്ലാതെയാണ് പോവുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു സമൂഹം ആദിവാസികളാവാനുള്ള മാനദണ്ഡങ്ങള്‍ പോലും കിര്‍താഡ്‌സ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ ഒട്ടാകെ നിലനില്‍ക്കുന്ന ഒരു മാനദണ്ഡം ഇതിനായി കൊണ്ടുവരേണ്ടതാണെന്നാണ് എന്റെ അഭിപ്രായം.”

ജാതിതെളിയിക്കുന്ന കാര്യത്തില്‍ കിര്‍താഡ്‌സിന്റെ റിപ്പോര്‍ട്ടാണ് അന്തിമറിപ്പോര്‍ട്ടായും ആധികാരിക രേഖയായും കണക്കാക്കുക എന്നിടത്താണ് വിഷയത്തിന്റെ വ്യാപ്തി വര്‍ധിക്കുന്നത്. കിര്‍താഡ്‌സിന്റെ റിപ്പോര്‍ട്ടാണ് കോടതി മുഖവിലയ്ക്കെടുക്കുക. എന്നാല്‍ ഒരു വ്യക്തിയേയോ ഒരു കുടുംബത്തേയോ ജാതിയില്‍ നിന്ന് പുറത്താക്കാന്‍ കിര്‍താഡ്‌സ് പോലുള്ള സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടെങ്കിലും ഒരു സമുദായത്തെ ഒന്നാകെ പുറത്താക്കാനുള്ള അധികാരം പാര്‍ലമെന്റിന് മാത്രമാണെന്ന് അഡ്വ. വിനോദ് പറയുന്നു. “ഇത് പലപ്പോഴായി വന്നിട്ടുള്ള സുപ്രീംകോടതിയുടെ വിധികളിലും പറയുന്നു. പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറിന് ശേഷം സംവരണ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒരു സമുദായത്തെ പുറത്താക്കണമെങ്കില്‍ പാര്‍ലമെന്റാണ് തീരുമാനിക്കേണ്ടതെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. കിര്‍താഡ്‌സിന് അതിനുള്ള അധികാരമില്ല. എന്നിരിക്കെ ഒരു സമുദായത്തെ തന്നെ പുറത്താക്കി നിയമലംഘനമാണ് അവര്‍ നടത്തുന്നത്.”

മുമ്പ് മറാഠി എന്ന സമുദായത്തെ ആദിവാസി സമുദായമല്ലെന്ന് കിര്‍താഡ്‌സ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മറാഠി സമുദായാംഗങ്ങള്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റും ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടു. എന്നാല്‍ കാഞ്ഞങ്ങാട്, കാസര്‍കോഡ്, മഞ്ചേശ്വരം മേഖലകളിലെ വലിയ വോട്ട്ബാങ്കായ മറാഠികള്‍ അവരുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കുകയും പാര്‍ലമെന്റ് മറാഠികളെ വീണ്ടും ആദിവാസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. അതുപോലെ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി മലയരികില്‍ ചിതറിക്കിടക്കുന്ന ഇരവാലന്‍ സമുദായക്കാരും കിര്‍താഡ്‌സ് 2008-ല്‍ പുറത്തിറക്കിയ ഒരുത്തരവ് മൂലം പട്ടികവര്‍ഗ പട്ടികയില്‍നിന്ന് പുറത്തായതാണ്. കഴിഞ്ഞ 80 ദിവസത്തോളമായി അവര്‍ കൊല്ലങ്കോട് വന്യൂ വില്ലേജ് ഓഫീസിനു മുന്നില്‍ സമരത്തിലാണ്.

ആദിവാസികളല്ലെങ്കില്‍ പിന്നെ ഞങ്ങളാരാണ്; രേഖകളില്‍ നിന്നുപോലും പുറത്താക്കപ്പെട്ട മനുഷ്യര്‍

എണ്ണത്തില്‍ ചുരുക്കമായ, രാഷ്ട്രീയ സ്വാധീനമില്ലാത്ത, ഇന്നും വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന കുന്നത്തൂര്‍പാടി അടിയാന്‍മാരുടെ സ്ഥിതിയും  വ്യത്യസ്തമല്ല. ഇനി അവരുടെ ഭാവിയിരിക്കുന്നത് കിര്‍താഡ്‌സിന്റെ കയ്യിലാണ്.

മരിച്ചാല്‍ പോലും സ്വൈര്യം കൊടുക്കാതെ ആദിവാസിയുടെ ശവവും വില്‍ക്കുകയാണവര്‍; സി.കെ ജാനു പ്രതികരിക്കുന്നു

കിര്‍താഡ്‌സിന്റെ ആദിവാസി സ്വാതന്ത്ര്യസമര മ്യൂസിയം; വംശീയ വിവേചനം 16 കോടി രൂപയ്ക്ക്

ആദിവാസിയെ മ്യൂസിയം പീസാക്കുന്ന കിര്‍താഡ്‌സ്; ഫണ്ടിന് വേണ്ടി ‘സംരക്ഷിക്കപ്പെടേണ്ടവര്‍’-ഭാഗം 3

കുറുമരുടെ ഉത്സവം നടത്തിപ്പില്‍ ഇന്ദു മേനോന്‍ എന്ന കിര്‍താഡ്‌സ് ഉദ്യോഗസ്ഥയ്ക്ക് എന്താണ് കാര്യം? ഭാഗം-2

ദളിത്‌, ആദിവാസികളെ വിറ്റുതിന്നുന്ന കിര്‍താഡ്‌സ് എന്ന വെള്ളാന

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍