UPDATES

ട്രെന്‍ഡിങ്ങ്

കെഎസ്ഇബിക്കാരെ പഴിപറയുന്നവര്‍ കൊടുംമഴയത്ത് കറന്റ് എത്തിക്കാന്‍ നിധിന്‍ എടുത്ത റിസ്ക്‌ അറിയുക

ചെറിയപെരുന്നാള്‍ ആഘോഷത്തിന് മങ്ങലേല്‍പ്പിച്ചുകൊണ്ടാണ് കുന്ദമംഗലത്ത് തുടര്‍ച്ചയായ മൂന്ന് ദിവസം വൈദ്യുതി ബന്ധം ഇല്ലാതായത്

വൈദ്യുതി പോയാല്‍ അപ്പോള്‍ കെഎസ്ഇബിയെ പഴിപറയുന്നവരാണ് നമ്മള്‍. കാറ്റിലും മഴയിലും ഒരു ദിവസം മുഴുവന്‍ വൈദ്യുതിയില്ലെങ്കില്‍ ശകാരങ്ങളുടെ മൂര്‍ച്ച കൂടും. ‘അവന്‍മാര്‍ ഫോണ്‍ റിസീവര്‍ താഴെ എടുത്ത് വച്ചിരിക്കുകയാ’, ‘വിളിച്ചാലും എടുക്കില്ല’, ‘അവര്‍ക്ക് ഇതൊക്കെ നോക്കാന്‍ എവിടെ നേരം’ തുടങ്ങിയ കമന്റുകളും ഒപ്പമുണ്ടാകും. യാഥാര്‍ത്ഥ്യങ്ങള്‍ അറിയാതെ ഇങ്ങനെ പഴിപറയുന്നവര്‍ നിധിന്‍ ചന്ദ്രനെ കാണുക. ജീവന്‍ പണയം വച്ച് അതിസാഹസികമായി കുന്ദമംഗലത്തുകാര്‍ക്ക് വൈദ്യുതി തിരിച്ചെത്തിച്ചത് ഈ യുവാവാണ്. കുത്തിയൊഴുകുന്ന പുഴയെ എതിരിട്ടുകൊണ്ടാണ് പുഴയ്ക്കരികില്‍ ചെന്ന് നിധിന്‍ ആ ദൗത്യം നിര്‍വ്വഹിക്കുന്നത്.

ചെറിയപെരുന്നാള്‍ ആഘോഷത്തിന് മങ്ങലേല്‍പ്പിച്ചുകൊണ്ടാണ് കുന്ദമംഗലത്ത് തുടര്‍ച്ചയായ മൂന്ന് ദിവസം വൈദ്യുതി ബന്ധം ഇല്ലാതായത്. കോഴിക്കോട് കിഴക്കന്‍ മേഖലകളില്‍ ഉരുള്‍പൊട്ടലും മഴയും കാറ്റും ശക്തമായത് ജില്ലയിലെ മറ്റിടങ്ങളേയും ബാധിച്ചു. കുന്നമംഗലത്തെ മാത്രം കണക്കെടുത്താല്‍ മൂന്ന് ദിവസത്തിനുള്ളില്‍ തകര്‍ന്നത് 42 വൈദ്യുതി പോസ്റ്റുകള്‍, 192 ഇടത്ത് വൈദ്യുതി കമ്പി പൊട്ടി, പത്ത് മുതല്‍ പതിനഞ്ച് കിലോമീറ്റര്‍ സ്ഥലത്ത് എല്‍ടി ലൈന്‍ തകര്‍ന്നു. പിന്നീടുള്ള മണിക്കൂറുകളില്‍ കെഎസ്ഇബി കുന്ദമംഗലം ഓഫീസ് ഒരു നിമിഷം പോലും വിശ്രമിച്ചിട്ടില്ല. അസിസ്റ്റന്റ് എഞ്ചിനീയര്‍, സബ് എഞ്ചിനീയര്‍മാര്‍, ഓവര്‍സിയര്‍മാര്‍, ലൈന്‍മാന്‍മാര്‍ അങ്ങനെ ആ ഓഫീസിലുണ്ടായിരുന്നവരെല്ലാം തകര്‍ന്ന വൈദ്യുതി വിതരണ സംവിധാനം പഴയപടിയാക്കാന്‍ കൂട്ടായി നിന്ന് പ്രവര്‍ത്തിച്ചു. ടീമുകളായി തിരിഞ്ഞ് ഓരോ പ്രശ്‌നങ്ങള്‍ പരിഹരിച്ചു. എന്നാല്‍ മൂന്ന് ട്രാന്‍സ്‌ഫോമറുകള്‍ അഞ്ചടി മുതല്‍ പത്തടിവരെ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിനാല്‍ അവയിലെ കേടുപാടുകള്‍ പരിഹരിക്കാനോ ചാര്‍ജ് ചെയ്യാനോ ആയില്ല. മഴ ഒന്ന് ഒതുങ്ങിയപ്പോള്‍ എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ ചെത്തുകടവിലേയും പാറക്കടവിലേയും ട്രാന്‍സ്‌ഫോമറുകള്‍ ചാര്‍ജ് ചെയ്തു. എന്നാല്‍ പൂനൂല്‍ പുഴയോട് ചേര്‍ന്ന പുതൂര്‍ക്കടവ് ട്രാന്‍സ്‌ഫോമര്‍ അപ്പോഴും പത്തടിയോളം വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു.

കുന്ദമംഗലം കെഎസ്ഇബി ഓഫീസ് പരിധിയില്‍ 24,000 കണക്ഷനുകളാണുള്ളത്. പുതൂര്‍ക്കടവ് ട്രാന്‍സ്‌ഫോമര്‍ ചാര്‍ജ് ചെയ്യാന്‍ കഴിയാതെ വന്നതോടെ അയ്യായിരത്തിലധികം കുടുംബങ്ങള്‍ മൂന്ന് ദിവസത്തോളം ഇരുട്ടിലായി. എന്ത് വിധേനയും വൈദ്യുതി തിരികെ എത്തിക്കണമെന്ന ഉദ്ദേശവുമായാണ് അസിസ്റ്റന്റ് എഞ്ചിനീയറും, സബ്എഞ്ചിനീയര്‍മാരും ഓവര്‍സിയര്‍മാരും പുതൂര്‍ക്കടവിലെത്തിയത്. എന്നാല്‍ മീറ്ററുകളോളം കരയിലേക്ക് കയറിയ പൂനൂല്‍പുഴയായിരുന്നു അവരുടെ മുന്നിലെ പ്രതിബന്ധം. ട്രാന്‍സ്‌ഫോമറിനടുത്തെത്താന്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നു പുഴയിലേക്ക് ഓവര്‍സിയര്‍ ഇറങ്ങി. എന്നാല്‍ അദ്ദേഹം ഒഴുക്കില്‍ പെട്ടു. നാട്ടുകാരുടെ സഹായത്തോടെ ഓവര്‍സിയറെ കരയ്ക്ക് കയറ്റി. നാട്ടുകാര്‍ ട്യൂബുമായി വന്നു. എന്നാല്‍ ഓവര്‍സിയര്‍ ഒഴുക്കില്‍ പെട്ടത് കണ്ടതോടെ കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും ട്യൂബിന്റെ സഹായത്തോടെ പോലും പുഴയിലേക്ക് ഇറങ്ങാന്‍ മടിച്ചു.

അപ്പോഴാണ് കെഎസ്ഇബിയിലെ കോണ്‍ട്രാക്ട് ഡ്രൈവറായ നിധിന്‍ അതിന് തയ്യാറായി എത്തുന്നത്. ട്യൂബും നാട്ടുകാരുടെ സഹായവുമുണ്ടായിട്ടും നിധിന്‍ പലതവണ ഒഴുക്കില്‍ പെട്ടു. എന്നാല്‍ എന്തുവന്നാലും നാട്ടുകാര്‍ക്ക് വൈദ്യുതി തിരികെ നല്‍കിയിട്ടേ മടങ്ങൂ എന്ന ദൃഢനിശ്ചയത്തോടെ അയാള്‍ മുന്നോട്ട് പോയി. ട്രാന്‍സ്‌ഫോമറില്‍ കയറി എബി സ്വിച്ച് ഓണ്‍ ചെയ്തു. പിന്നെ വെള്ളത്തിലേക്ക് ഊഴിയിട്ട് മുങ്ങിക്കിടക്കുന്ന ട്രാന്‍സ്‌ഫോമറിനടിയിലെ ഡി ഓഫീസ് മുറിച്ചുനീക്കി. പിന്നീടുള്ള ജോലികള്‍ എഞ്ചിനീയര്‍മാരുടെ നേതൃത്വത്തിലും പൂര്‍ത്തിയാക്കി കുന്ദമംഗലത്തെ വൈദ്യുതിബന്ധം പൂര്‍ണമായി പുന:സ്ഥാപിച്ചു.

ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് താന്‍ ചെയ്തതെന്ന് നിധിന്‍ പറയുന്നു: “നല്ല ഒഴുക്കുണ്ടായിരുന്നു. ട്യൂബില്‍ കയറി വെള്ളത്തില്‍ മുങ്ങി നിന്നിട്ട് പോലും രക്ഷയുണ്ടായില്ല. അത്രക്ക് ശക്തമായ ഒഴുക്കായിരുന്നു. പുഴയുടെ തൊട്ടടുത്ത് തന്നെയാണ് ഈ പറയുന്ന ട്രാന്‍സ്‌ഫോമര്‍. അതുകൊണ്ട് മൂന്നാള്‍ പൊക്കത്തില്‍ വെള്ളം പൊങ്ങിയിരുന്നു. ഞാന്‍ കെഎസ്ഇബിയില്‍ കരാറില്‍ ജോലി ചെയ്യുന്ന ഡ്രൈവറാണ്. മൂന്ന് വര്‍ഷമായി ജോലിയില്‍. ഇത്തരം പ്രശ്‌നങ്ങളെല്ലാം ഉണ്ടാവുമ്പോള്‍ എഞ്ചിനീയര്‍മാരുടെ കൂടെപ്പോയി അത്യാവശ്യം ചെയ്യേണ്ടതെല്ലാം എനിക്കറിയാം. കണ്ടുമനസ്സിലാക്കി വച്ചിട്ടുണ്ട്. അതുകൊണ്ട് എന്താണ് ചെയ്യേണ്ടത് എന്ന് സംബന്ധിച്ച് ടെന്‍ഷനൊന്നുമുണ്ടായിരുന്നില്ല. ഒഴിക്കില്‍പ്പെട്ട് പോവാതെ അവിടെ എത്തുക എന്നത് മാത്രമായിരുന്നു പ്രതിസന്ധി. വേണമെങ്കില്‍ ഒഴുക്കിലേക്കിറങ്ങില്ലെന്ന് പറഞ്ഞ് മാറി നിക്കാമായിരുന്നു. പക്ഷെ നാട്ടുകാരെല്ലാം ഞങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇരിക്കുകയാണ്. പ്രത്യേകിച്ച് പെരുന്നാള്‍ ആഘോഷവും. അപ്പോള്‍ അത് എങ്ങനെയും നടത്തിയെടുക്കുക എന്നത് തന്നെയായിരുന്നു ഉദ്ദേശം.”

കാറ്റടിച്ചാല്‍ വൈദ്യുതി പോവുന്നതിനൊക്കെ കെഎസ്ഇബി ഉദ്യോഗസ്ഥരേയും ജീവനക്കാരേയും ശകാരിക്കുന്ന നാട്ടുകാര്‍ തങ്ങള്‍ എടുക്കുന്ന റിസ്‌ക് മനസ്സിലാക്കണമെന്നാണ് കുന്ദമംഗലം ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ ടി. അജിത് പറയുന്നത്: “കുന്ദമംഗലം പരിധിയിലുള്ള ഒട്ടുമിക്കയിടങ്ങളിലും തകരാറുകളായിരുന്നു. ഞങ്ങള്‍ എഞ്ചിനീയര്‍മാരോ ഓവര്‍സിയറോ ലൈന്‍മാരോ എന്ന് നോക്കാതെ ഒരുമിച്ച് നിന്ന് ജോലിയെടുത്താണ് മൂന്ന് ദിവസം കൊണ്ട് ഇത്രയും പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. പക്ഷെ അതൊന്നും ഓഫീസിലേക്ക് വിളിക്കുന്ന നാട്ടുകാര്‍ക്ക് അറിയേണ്ട കാര്യമില്ല. ഞങ്ങള്‍ നോക്കാത്തത് കൊണ്ടാണ് കറണ്ട് വരാത്തതെന്നാണ് എല്ലാവരുടേയും വിചാരം. ഞങ്ങള്‍ ചില ദിവസങ്ങളില്‍ വീട്ടില്‍ പോലും പോയിട്ടില്ല. ചിലപ്പോള്‍ പത്ത് മണിക്കും പതിനൊന്ന് മണിക്കുമാണ് ഞാനടക്കമുള്ളവര്‍ ഓഫീസില്‍ നിന്ന് പോയത്. മറ്റെല്ലായിടത്തും വൈദ്യുതി എത്തിയെന്ന് ഉറപ്പിച്ചെങ്കിലും പുതൂര്‍ക്കടവില്‍ മാത്രം അത് സാധിച്ചില്ല. പക്ഷെ നിധിന്‍ അതിന് തയ്യാറായത് കൊണ്ട് മാത്രം ആ പ്രദേശത്തിനൊന്നാകെ കറണ്ട് തിരിച്ച് നല്‍കാന്‍ കഴിഞ്ഞു. അല്ലെങ്കില്‍ ഇനിയും ദിവസങ്ങളോളം വൈദ്യുതി ഇല്ലാതെ ജീവിക്കേണ്ടി വന്നേനെ അവിടുത്തെ നാട്ടുകാര്‍. എല്ലാവരും മടിച്ച് മാറിനില്‍ക്കുമ്പോഴാണ്, ‘സാറേ, ഞാനൊന്ന് നീന്തി നോക്കട്ടെ’ എന്ന് പറഞ്ഞ് നിധിന്‍ വെള്ളത്തിലേക്കിറങ്ങുന്നത്. ശരിക്കും കരാര്‍ തസ്തികയിലുള്ള ഡ്രൈവറാണ് അയാള്‍. അയാള്‍ക്ക് അത് ചെയ്യേണ്ട കാര്യവുമില്ല. പക്ഷെ എന്തായാലും ഇത് പരിഹരിച്ചിട്ടേ പിന്നോട്ടുള്ളൂ എന്ന അയാളുടെ നിലപാടാണ് കാര്യങ്ങള്‍ എളുപ്പമാക്കിയത്.”

കോഴിക്കോട് ജില്ലയിലെ പലയിടങ്ങളിലും ആറും എട്ടും ദിവസമായി പൂര്‍ണമായും വൈദ്യുതിബന്ധം തകരാറിലായിരിക്കുകയാണ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍