UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിപരീതപഥങ്ങള്‍

വിശാഖ് ശങ്കര്‍

ബീഫ് രാഷ്ട്രീയം

കാലിച്ചന്തയിലായാലും കശാപ്പുശാലയിലായാലും നോട്ടിഫൈഡ് കലപ്പ കർഷകന്റെ തോളിലിരിക്കും, ശബ്ദിക്കാൻ പറ്റില്ല

ചണ്ടിയായി തീരുന്ന ഒരു ജനാധിപത്യവും ഭരണഘടനയുമായിരിക്കും ഈ പോക്കിൽ ഇവർ നമുക്കായി ബാക്കി വയ്ക്കുക

ചാനലുകളിൽ തുടർച്ചയായ രണ്ടാം ദിവസവും തകർക്കുന്ന വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷനുമേലുള്ള ചർച്ചകളിൽ ഒന്ന് കേട്ടിരിക്കേ മനസെപ്പോഴോ അതിൽനിന്ന് വിട്ട് പണ്ട് വായിച്ച രണ്ട് ചെറുകഥകളിലേയ്ക്ക് കയറി. ലളിതാംബിക അന്തർജനത്തിന്റെയാണെന്ന് തോന്നുന്നു, മാണിക്കൻ എന്ന കഥയാണ് ഒന്ന്. മറ്റേത് പൊന്‍കുന്നം വർക്കിയുടെ ശബ്ദിക്കുന്ന കലപ്പ.

പത്തുമുപ്പത് കൊല്ലം മുമ്പ് വായിച്ചതാണ് എന്നതുകൊണ്ട്  ഒരു കർഷ കുടുംബത്തിന് പിടിച്ചുനിൽക്കാനായി അവർ വീട്ടിലെ ഒരംഗം പോലെ സ്നേഹിക്കുന്ന കാളയെ വിൽക്കേണ്ടിവരുന്നതാണ് ‘മാണിക്കൻ’ എന്ന കഥയുടെ പ്രമേയം എന്നല്ലാതെ മറ്റു വിശദാംശങ്ങളൊന്നും എത്ര കിണഞ്ഞ് ആലോചിച്ചിട്ടും ഓർമ്മകിട്ടുന്നില്ല. എന്നാൽ വർക്കിയുടെ ശബ്ദിക്കുന്ന കലപ്പയെക്കുറിച്ച് കുറച്ചുകൂടി കാര്യങ്ങൾ ഓർമ്മയുണ്ട്. ഇതിലും ഒരു കാളയെ കേന്ദ്രമാക്കിയാണ് കഥ പോകുന്നത്. കണ്ണൻ എന്നോ മറ്റോ ആണ് അതിന്റെ പേര്. മകളുടെ വിവാഹത്തിന് സ്ത്രീധനം കൊടുക്കാനായി ഉള്ള പറമ്പ് വിറ്റ കർഷകൻ പിന്നെയും ബാക്കിയാവുന്ന വിവാഹ ചിലവുകൾക്ക് വേണ്ട പണം കണ്ടെത്താനാവാതെ ഒടുവിൽ ഗതികെട്ട് താൻ മക്കളെപ്പോലെ സ്നേഹിക്കുന്ന കാളയെ വിൽക്കാൻ തീരുമാനിക്കുന്നു. കയറുകൈമാറുന്നത് കണ്ടുനിൽക്കാൻ വയ്യാതെ അയാൾ മുഖം തിരിച്ച് പോകുന്ന കാഴ്ച ഇപ്പോഴും ഉള്ളിലെവിടെയോ തറഞ്ഞ് കിടപ്പുണ്ട്.

പിറ്റേന്ന് വിറ്റ് കിട്ടിയ പൈസയുമായി തുണികളും മറ്റ് സാധനങ്ങളും വാങ്ങാനായി ചന്തയിലേയ്ക്ക് പോയ അയാൾ കാലിച്ചന്തയിൽ ഒരനാഥനെപ്പോലെ പരിക്ഷീണനും പരിഭ്രാന്തനുമായി നിൽക്കുന്ന തന്റെ കണ്ണനെ കാണുന്നു. ഒരുപാട് യുക്തിവിചാരങ്ങൾക്കൊന്നും അയാൾക്ക്  കഴിഞ്ഞില്ല പിന്നെ. വിറ്റ് കിട്ടിയ പണം മടക്കിക്കൊടുത്ത് അയാൾ കാളയുമായി തിരികേ വീട്ടിലെത്തുന്നു. സ്വാഭാവികമായും ക്ഷുഭിതരായ ഭാര്യയോടും മക്കളോടും എനിക്ക് നിങ്ങളെപ്പോലെ തന്നെയാ ഇവനും എന്ന് അയാൾ കിതയ്ക്കുന്നു. പിറ്റേന്ന് അതികാലത്ത് കണ്ണന്റെ വയറ്റിലുള്ള ഒരു വൃണത്തിൽ പുരട്ടാനുള്ള മരുന്നുമായി വരുന്ന ആ മനുഷ്യൻ കാണുന്നതാവട്ടെ, മരിച്ചുകിടക്കുന്ന കാളയെ…

കർഷക ജീവിതം എന്ന യാഥാർത്ഥ്യം
കേരളത്തിലെ കർഷക ജീവിതത്തെ, മണ്ണിനോടും മൃഗങ്ങളൊടും അവർക്കുള്ള സവിശേഷമായ ബന്ധത്തെ ആർദ്രമായി ആവിഷ്കരിക്കുന്ന രണ്ട് കഥകൾ. പുതിയ നോട്ടിഫിക്കേഷൻ ഉയർത്തിവിട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഈ കഥകൾ ഇന്ന് നമ്മോട് സംവദിക്കുന്നത് എന്താവും?

ആദ്യ നോട്ടത്തിൽ ഒരുപക്ഷേ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രുരതകൾക്കെതിരേ, മനുഷ്യന്റെ സ്വാർത്ഥതയ്ക്ക് എതിരേയാണീ കഥ എന്ന് തോന്നാം. പക്ഷേ അങ്ങനെയെങ്കിൽ ‘ശബ്ദിക്കുന്ന കലപ്പകൾ’ എന്ന കഥയ്ക്ക് ആ തലക്കെട്ട് വേണ്ട, എന്റെ ഓർമ്മ ശരിയാണെങ്കിൽ ആ കാളയുടെ പേരായ ‘കണ്ണൻ’ എന്ന് മതി. മാത്രമല്ല, അങ്ങനെയെങ്കിൽ വിറ്റ കാശിന് കാലിച്ചന്തയിൽനിന്ന് കാളയെ മടക്കിവാങ്ങി വന്നയാൾ എനിക്ക് നിങ്ങളെപ്പോലെയാണ് മക്കളേ ഇവനും എന്ന് കുടുംബത്തോട് പറയുന്നിടത്ത് കഥ അവസാനിക്കുമായിരുന്നു. അതായത് വായനക്കാരന് കഥയുത്പ്പാദിപ്പിക്കുന്ന ഒരു വൈകാരിക ഗതാഗതത്തിൽ ആ കർഷകന്റെ ഉള്ളിനൊത്ത് സഞ്ചരിച്ച് ഒടുവിൽ സൃഷ്ടാവായ ദൈവത്തൊടും ഇവിടെ സാക്ഷാൽ പൊന്‍കുന്നം വർക്കിയോടും ‘ക്രൂരാ…’ എന്നൊരു വ്യാക്ഷേപകം എറിഞ്ഞ് മനസിലേറ്റ മുറിവുമായി വായന അവസാനിപ്പിക്കേണ്ടി വരില്ലായിരുന്നു.

പൊന്‍കുന്നം വർക്കി അതികാല്പനികമായ തരളിത കഥകൾ പറയുന്ന ഒരു കഥാകൃത്തായിരുന്നില്ല. അയാൾ ഒരു വിപ്ളവകാരിയായിരുന്നു കഥയിലും ജീവിതത്തിലും. കർഷകന്റെ വൈകാരിക, പ്രായോഗിക ജീവിതങ്ങളെ ഗതികേടുകൾ കൊണ്ട് വൈരുദ്ധ്യവത്ക്കരിക്കുകയും എന്നിട്ട് അതിൽ നിന്നും മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന ഫ്യൂഡൽ മുതലാളിത്ത വ്യവസ്ഥകൾ; അവയ്ക്ക് എതിരേ, കർഷക ചൂഷണങ്ങളുടെ അനിവാര്യമായ അന്ത്യം അകലെയല്ല എന്നാവണം അവന്റെ അദ്ധ്വാനത്തിന്റെ പ്രതീകമായ കലപ്പയിൽ ഇരുന്നുകൊണ്ട് ഗൗളി പ്രവചിക്കുന്നത്.

മരിച്ചുകിടക്കുന്ന കാളയെ നോക്കി തകർന്ന മനസ്സുമായി നിൽക്കുന്ന ആ കർഷകന്റെ ഉള്ളിൽ മകനെപ്പോലെ സ്നേഹിച്ച കാളയുടെ അന്ത്യം നിറച്ച വേദനയുണ്ട്. എന്നാൽ അതുപോലും ഒന്നുകരഞ്ഞ് തീർക്കാൻ അനുവദിക്കാത്തവണ്ണം ഭാവിയെക്കുറിച്ചുള്ള പ്രായോഗിക ആശങ്കകളുമുണ്ടാവാതെ തരമില്ല. അദ്ധ്വാനിച്ചിരുന്ന മണ്ണ് പോയി, മനസ്സറിഞ്ഞ് കൂടെ നിന്നിരുന്ന മൃഗവും പോയി. ആ പശ്ചാത്തലത്തിലാണ് കഥയുടെ ക്ലൈമാക്സിൽ കലപ്പയിലിരുന്ന് ഒരു പല്ലി എന്തോ ചിലയ്ക്കുന്നത്. അത് എന്തായാലും മധ്യവർഗ്ഗ സെലിബ്രിറ്റികൾ ഒരു ആഭരണമായി കൊണ്ടുനടക്കുന്ന ആനിമൽ അക്റ്റിവിസത്തിന്റെ മുദ്രാവാക്യമാവാൻ ഇടയില്ലല്ലോ.

കർഷക സ്വയംപര്യാപ്തി
എനിക്ക് ഏതാണ്ട് അഞ്ച് വയസ്സുള്ള കാലം മുതൽക്കേ അറിയാവുന്ന ഒരു സ്ത്രീയുണ്ട്. അന്നവർക്ക് ഏതാണ്ട് എന്റെ അമ്മയുടെ പ്രായം വരും. വാടകയ്ക്ക് താമസിക്കുന്ന വീട്ടിനുപുറകിൽ ഏതോ മുതലാളി വാങ്ങിയിട്ടിരിക്കുന്ന ഒരേക്കറോളം വരുന്ന പറമ്പുണ്ട്. അവിടെ പയ്യിനെ കെട്ടാനും പുല്ല് പറിക്കാനും വരുന്ന സ്ത്രീ. പൈക്കിടാവുമായി കളിക്കുക എന്ന പ്രലോഭനത്തിൽ കണ്ണുതെറ്റിയാൽ ഞാൻ വേലി നൂഴ്ന്ന് ആ പറമ്പിലെത്തും. കളിക്കൊപ്പം പുല്ലുപറിക്കലിന്റെ വിരസതയകറ്റാനാവും അവർ പറയുന്ന കഥകളുമുണ്ട്. അധികവും അവരുടെ വ്യക്തി ജീവിതത്തെ കുറിച്ച് തന്നെ. വീട്ടുകാർ സമ്മതിക്കാത്തതിനെ തുടർന്ന് അവർ അവരുടെ ‘ചേട്ട’നുമായി ഓടിവന്ന് ഇവിടെ പുറമ്പോക്കിൽ മൂന്നുസെന്റ് വളച്ചെടുത്ത് പുര കെട്ടിയത്, നാലാണും ഒരു പെണ്ണും ഉൾപ്പെടെ അഞ്ച് മക്കളെ പ്രസവിച്ചത്, മൂത്തവന് അഞ്ച് വയസ്സ് തികയും മുമ്പേ, ഏറ്റവും ഇളയവൾ ഗർഭത്തിലിരിക്കേ അവരുടെ ആ ‘ചേട്ടൻ’ മരണപ്പെടുന്നത്.

ഇതിന് ശേഷമുള്ള കഥ പറയുമ്പോഴൊക്കെയും പേരില്ലാത്ത ചില ‘തായോളി’കൾ കടന്നുവരും. അപ്പോൾ സാധാരണ ഗതിയിൽ വലിയ ചോരത്തുടുപ്പൊന്നുമില്ലാത്ത അവരുടെ മങ്ങിയ മുഖം രോഷം കൊണ്ട് ചുവക്കും. “ഈ പയ്യില് സത്യമുണ്ടെങ്കിൽ ഒരു തായോളീടെയും കഴപ്പ്കാശില്ലാതീ സരസ്വതി ജീവിക്കും, ഈ അഞ്ച് കൊച്ചുങ്ങളേം കൊണ്ട് കൊല്ലം നഗരത്തി ജീവിക്കും”. എന്ന് പറയുമ്പോൾ അവരുടെ മുഖം പിന്നെയും മാറും. സാധാരണഗതിയിൽ ഇല്ലാത്ത ഒരു സൗന്ദര്യം അപ്പോൾ അവർക്ക് വരുന്നതെങ്ങനെ എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. സൗന്ദര്യം എന്നത് കാണുന്നവരുടെ സൗന്ദര്യ സങ്കല്പത്തിൽനിന്ന് ജനിക്കുന്ന വ്യക്തിനിഷ്ഠമായ ഒന്നായാണ് നിർവചിക്കപ്പെട്ട് കണ്ടിട്ടുള്ളത്. ‘ബ്യൂട്ടി ലൈസ് ഇൻ ദ ഐസ് ഒഫ് ദ ബിഹോൾഡർ’ എന്നൊക്കെ. എന്നാൽ ആത്മാഭിമാനം മനുഷ്യരിൽ വരുത്തുന്ന ഒരു ജൈവമാറ്റമാണത് എന്ന് ഇപ്പോൾ എനിക്ക് തോന്നുന്നു.

പറഞ്ഞുവരുന്നത് പശു അമ്മയാണ്, പെങ്ങളാണ്, അമ്മുമ്മയാണ് എന്നതരം കൂറ ആദർശവത്ക്കരണങ്ങളല്ല. അത് പരിമിതപ്പെടുത്തുന്ന മനുഷ്യാധ്വാനത്തെ, അതിലുള്ള വിശ്വാസത്തിലൂടെ മാത്രം ബലപ്പെടുന്ന ആത്മാഭിമാനബോധത്തിന്റെ സൗന്ദര്യത്തെക്കുറിച്ചാണ്. പശുവളർത്തലിന്റെ കാല്പനിക ആഖ്യാനങ്ങളിലൊക്കെയും തറവാട്ടിലും മനകളിലും വളരുന്ന അമ്മു, നന്ദിനി, കല്യാണി പേരുള്ള പൈക്കളാണെങ്കിൽ ഒറ്റപ്പെട്ട സ്ത്രീകൾ, ദളിതർ, മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യർ വളർത്തുന്ന പൈക്കൾക്ക് പേരൊന്നുമില്ല. അതിടാനും അതിനുമേൽ ഗൃഹാതുരത്വങ്ങളെ വളർത്തിയെടുക്കാനും അവർക്ക് സമയവുമില്ല.

പശുവഴി കേട്ട അതിജീവനത്തിന്റെ ഇതിഹാസങ്ങൾ
ഇവരല്ലാതെ എനിക്ക് കൊച്ചിലേ അറിയുന്ന മറ്റൊരു സ്ത്രീയാണ് വീട്ടിൽ കാലത്തും വൈകിട്ടും പാല് തരികയും വൈകിട്ട് മടങ്ങുമ്പോൾ അവർ തന്നെ വച്ച ബക്കറ്റിൽ പകർന്ന പഴത്തൊലിയും പച്ചക്കറിയുടെ തോലും തൊണ്ടും നീന്തിക്കളിന്ന കഞ്ഞിവെള്ളം ഇടുപ്പിൽ വച്ച്, കൊണ്ടുവന്ന കുടത്തിൽ പകർന്ന് കൊണ്ടുപോവുകയും ചെയ്യുന്ന ‘കല്ലട അമ്മൂമ്മ’. ഇവരൊക്കെയും കഥാസരിത് സാഗരങ്ങളായിരുന്നു എന്നതാണ് വിചിത്രമായ ഒരു കോഇൻസിഡെൻസ്. പുള്ളിക്കാരി ശ്രീകണ്ഠൻ നായർ, ആർ എസ് പി കഥകളുടെ സ്പെഷ്യലിസ്റ്റാണ്. രാഷ്ട്രീയ തടവുകാരനായി ജയിലിൽ കിടക്കേ എംഎൽഎ ആയതു കൊണ്ട് പുള്ളിക്ക് ബ്രേക്ക് ഫാസ്റ്റിന് എന്തുവേണം, എത്ര വേണമെന്നൊക്കെ ചോദിച്ച് പൊലീസുകാർ വരുമത്രേ. പുള്ളി കല്ലടയുടെ വർണ്ണനയിൽ ഏതാണ്ടൊരു ഭീമൻ മോഹൻലാലാണ്. നൂറ് ഇഡലി, അതിനുള്ള സാമ്പാറ്, ഉഴുന്നുവട, പൂവമ്പഴം എന്നാണത്രേ മറുപടി. കൊണ്ടുവരുന്നത് ഈ പരിഗണയൊന്നും കിട്ടാത്ത, അകത്തുകിടക്കുന്ന സാദാ സഖാക്കളുമായി പങ്കിട്ട് കഴിക്കുമത്രേ. കുറെയൊക്കെ പുളുവാണെങ്കിലും അത് ഉണ്ടാക്കിയ ഒരാവേശമുണ്ട്, ഒപ്പം ഇന്നാലോചിക്കുമ്പോൾ നിർണ്ണായകമായ കുറേ ഉൾക്കാഴ്ചകളും.

മരുമകന് തുച്ഛമായ വരുമാനമുള്ള എന്തോ തൊഴിൽ ഉണ്ടെന്നല്ലാതെ ഇവരും പശുവിനെക്കൊണ്ട് കുടുംബം നോക്കിയവരാണ്. എന്റെ പ്രായം വരുന്ന അവരുടെ ചെറുമകൾ ഇന്ന് ഡോക്ടറാണ്. ഇതും കൂടാതെ അത്ര വ്യക്തി പരിചയമില്ലാത്ത കുറേ തമിഴ് പശ്ചാത്തലമുള്ള കുടുംബങ്ങളുണ്ട്. ഇവരൊന്നും കണ്ണെത്താദൂരം പച്ചപ്പുൽമേടും, ആറും അരുവിയും, പാലയും കൊന്നയും പൂത്തുമറിഞ്ഞ കാഴ്ചയുമുള്ള ഗ്രാമവിശുദ്ധിയുടെ നടുവിൽ ഗോമാതാക്കളെ മേച്ച് നടന്നവരല്ല. പുൽമേടിന് പകരം മതിലിൽ പതിച്ച വല്ല സിനിമാ പരസ്യത്തിലെ സീനറിയും, അരുവിക്ക് പകരം ഓടയും, കൊന്നയും പാലയും പൂത്ത മണത്തിന് പകരം ക്ളോറിന്റെയും കൊതുകിനെ കൊല്ലാൻ തോളിൽ ഒരു സിലിണ്ടർ കെട്ടിവച്ച് അന്യഗൃഹ ജീവിയെപ്പോലെ വഴിയോരത്തൂടെ വരുന്ന അങ്കിൾ തളിക്കുന്ന മരുന്നിന്റെ മണവും ഉള്ള, ഒരു നഗരത്തിലെ മൂന്നും രണ്ടരയും സെന്റ് വരുന്ന വസ്തുവിലെ തൊഴുത്തിൽ പശുവിനെ വളർത്തി കുടുംബം പോറ്റുകയും മക്കളെ പഠിപ്പിക്കുകയും ചെയ്തവരാണ്. ഇവരിൽ പലരുടെയും തൊഴുത്തിൽ പശുവിനെ കൊണ്ട് കെട്ടിയാൽ അഴിപ്പ് രണ്ട് തവണയേ ഉള്ളു. ഒന്ന് കുത്തിവയ്ക്കാൻ കൊണ്ടുപോകുമ്പോൾ, രണ്ട് വിൽക്കുമ്പോൾ.

പശുവിന്റെ സഞ്ചാര സ്വാതന്ത്ര്യം, ഇണചേരാനുള്ള സ്വാതന്ത്ര്യം, പശുവിന്റെ ഏജൻസി എന്നൊക്കെ ഇന്ന് അതിതീവ്ര ബുദ്ധിജീവികൾക്ക് തോന്നാം. പക്ഷേ കേരളത്തിലെ നഗരങ്ങളിൽ പോലും അന്യഥാ ഒരുഗതിയും പരഗതിയുമില്ലാത്ത കുറേ മനുഷ്യർ ഒന്നോ രണ്ടോ പശുക്കളെക്കൊണ്ട് കുടുംബം പുലർത്തിയിരുന്നു. അതിൽ നല്ലൊരു ശതമാനം സ്ത്രീകളായിരുന്നു. അവർക്ക് പശു അമ്മയല്ല, ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള ഒരു വഴിയായിരുന്നു. “ഈ പയ്യില് സത്യമുണ്ടെങ്കിൽ ഒരു തായോളീടെയും കഴപ്പ്കാശില്ലാ”തെ അവർക്ക് ജീവിക്കാനാവുമായിരുന്നു. പക്ഷേ അത് പശുവിനെ വളർത്തി ഒടുക്കം കറവ വറ്റുമ്പോൾ ഗോശാലയ്ക്ക് കൈമാറിയ പുണ്യം കൊണ്ടായിരുന്നില്ല. ഗോപാലനവുമായി ബന്ധപ്പെട്ട ഒരു പ്രായോഗിക വരുമാന വ്യവസ്ഥയിൽ നിന്നായിരുന്നു.

സാങ്കേതിക ഉടായിപ്പുകളിൽ മറച്ചുപിടിക്കുന്ന യഥാർത്ഥ അജണ്ടകൾ
കശാപ്പിനു വിലക്കില്ല, വില്‍പ്പനയ്ക്കും വിലയ്ക്കില്ല, കശാപ്പിനായി വിൽക്കുന്നതിനേ വിലക്കുള്ളു എന്ന പ്രത്യക്ഷത്തിൽ ഒരു നിർദ്ദോഷ, ജന്തുപക്ഷ, കർഷകപക്ഷ ഉൾക്കാഴ്ചയായി തോന്നാവുന്ന ഈ വിജ്ഞാപനം ഫലത്തിൽ തകർക്കാൻ പോകുന്നത്, മേല്‍പ്പറഞ്ഞ ചെറുകിട ക്ഷീര കർഷകർ പശുവെന്ന കാമധേനുവിനെ ചുറ്റിപ്പറ്റി സ്വന്തം അദ്ധ്വാനം മുതൽമുടക്കി നിർമ്മിച്ച ആത്മാഭിമാനം പണയം വയ്ക്കേണ്ടതില്ലാത്ത ഒരു അതിജീവനോപാധിയാണ്. മേല്‍പ്പറഞ്ഞവര്‍ ഒക്കെയും കറവയുള്ള ഒരു പശുവിനെ വാങ്ങി കുത്തിവച്ച് അത് പ്രസവിക്കുന്ന കുട്ടിയെ കാളയാണെങ്കിൽ കശാപ്പിന്, പശുവാണെങ്കിൽ ക്ഷീരകൃഷിക്കായി വിറ്റ് ജീവിക്കുന്നവരാണ്. പശുവിന്റെ കറവ നിലയ്ക്കുകയോ ആരോഗ്യം ക്ഷയിക്കുകയോ ചെയ്യുമ്പോൾ (രോഗം വന്നാലല്ല) അതിനെ കശാപ്പിനായും വിൽക്കാം എന്ന സാദ്ധ്യത തന്നെയാണ് ചെറുകിട ക്ഷീര കൃഷിയെ നിലനിർത്തുന്നത്.

സാങ്കേതികമായി അതിന് ഇപ്പോഴും ഒരു പ്രശ്നവും ഉയർത്തപ്പെട്ടിട്ടില്ല. നിങ്ങൾ പശുവിനെ കാലിച്ചന്തയിൽ വിൽക്കാൻ കൊണ്ടുപോകുമ്പോൾ മാത്രമേ വാങ്ങുന്ന ആൾ ഇതിനെ കാർഷിക ആവശ്യത്തിനായാണ് വാങ്ങുന്നതെന്ന അഫിഡവിറ്റ് കൊടുക്കേണ്ടതുള്ളു. നേരിട്ട് സ്ലോട്ടർ ഹൗസിൽ കൊണ്ടുപോയി കന്നുകാലിയെ കൊടുക്കുന്നതിൽ ഒരു തടസ്സവുമില്ല എന്നാണ് ബിജെപി പ്രതിനിധികൾ ചർച്ചകളിൽ ഇരുന്ന് തട്ടിവിടുന്നത്. എന്നാൽ ഒപ്പം ഇരുപത് കിലോമീറ്ററിലധികം ദുരത്തേക്ക് മൃഗങ്ങളെ കൊണ്ടുപോകുന്നതും കർശനമായി തടഞ്ഞിട്ടുണ്ട് എന്നാണ് ചർച്ചകളിൽനിന്ന് കേട്ടറിഞ്ഞത്. അത്തരം ഒരു ദൂര പരിധിക്കുള്ളിൽ ഇന്ത്യയിൽ ഉടനീളം അംഗീകൃത സ്ലോട്ടർ ഹൗസുകൾ ഇപ്പോൾ ഉണ്ടോ എന്നതിനെക്കുറിച്ച് വല്ല കണക്കും ലഭ്യമാണോ?

ഇനി ഉണ്ടെന്ന് തന്നെ വയ്ക്കുക. അവിടേക്ക് ഒരു ചെറുകിട കർഷകന് തന്റെ ഒരു മാടിനെ വണ്ടിവിളിച്ച് കൊണ്ടുപോകുന്നതിന്റെ ചിലവ് എത്രവരും? അല്ല, ‘ആട്ടിത്തെളിക്കുക’ തന്നെയെന്ന് വച്ചാൽ അതിന്റെ അദ്ധ്വാന മൂല്യം എത്ര വരും? ഒരു സ്ഥലത്തുള്ള കുറേ ചെറുകിട ക്ഷീര കർഷകർ ഒരുമിച്ച് ഒരു വണ്ടിവിളിച്ചാൽ പോലും കഥ മാറും, സജ്ജമാക്കി നിർത്തിയിരിക്കുന്ന സ്വയംസേവനത്തിന്റെ ഫ്രിഞ്ച്ഗ്രൂപ്പുകൾ ഡ്രൈവറെയും കിളിയെയും പിടിച്ചുകെട്ടി അടിച്ചുകൊന്ന് വണ്ടിയിലെ മാടിനെ വല്ല ഗോശാലയ്ക്കും കൈമാറും. ഇതാണ് നമ്മൾ ഈ നോട്ടിഫിക്കേഷൻ ഇറങ്ങുന്നതിനും മുമ്പേ കണ്ടുവരുന്ന പ്രായോഗിക യാഥാർത്ഥ്യം. പിന്നെ ഇത്തരം സാങ്കേതിക വാദങ്ങളിൽ എന്ത് കാര്യമാണ് ബാക്കിയാവുന്നത്?

ബാക്കിയാവാൻ പോകുന്നത്
ബാക്കിയാവാൻ പോകുന്നതിതാണ്. കഴിഞ്ഞ രണ്ട് ദിവസമായി ബിജെപി പ്രതിനിധികൾ അന്തിച്ചർച്ചകളിൽ അത് സൂചിപ്പിച്ച് പോരുന്നു. മാടിനെ കൊല്ലുന്നതിലോ ഇനി ഗോ മാതാവിനെ കൊല്ലുന്നതിൽ തന്നെയുമോ വിലക്കൊന്നുമില്ല, നിങ്ങൾ അതിനായി, മാംസോത്പാദനത്തിനായി ഫാമുകളുണ്ടാക്കി മാടുകളെ വളർത്തി കൊന്നുവിറ്റ് കാശാക്കിക്കൊള്ളു. ഗോമാതാവ്, പശു അമ്മ, മതവികാരം വൃണപ്പെടൽ പ്രശ്നങ്ങളൊന്നും അപ്പോൾ ഉണ്ടാവില്ല…

അതായത് അകാലത്ത് ഭർത്താവ് മരണപ്പെട്ട സരസ്വതിയേച്ചിക്ക് ഒരു പശുവിന്റെ ബലത്തിൽ ഇനി ‘കഴപ്പ് കാശ്’ വച്ച് പെണ്ണിന്റെ മാനത്തിന് വിലയിടാൻ നടക്കുന്നവനെ നോക്കി നിന്റെ കോണാത്തിലെ കാശുവേണ്ടെടാ, ഞാൻ അധ്വാനിച്ച് ജീവിച്ചോളാം എന്ന് പറയാൻ പറ്റില്ല. കല്ലട അമ്മൂമ്മയ്ക്ക് പാലുവിറ്റും കാടിയെടുത്തും ഒരു നഗരത്തിൽ ജീവിച്ചുകൊണ്ട് തന്നെ തന്റെ ചെറുമകളെ എംബിബിഎസിന് അയക്കാൻ പറ്റില്ല. ഫാം നടത്താം; മംസത്തിനായി വളർത്തുന്ന ഗോമാതാവിനെയും ഗോപിതാവിനെയും എരുമ മാതാവിനെയും പിതാവിനെയും ഒക്കെ കൊന്ന് കയറ്റുമതി ചെയ്യുകയും ചെയ്യാം.

മാംസം കയറ്റുമതിചെയ്ത് കിട്ടുന്ന കോടികൾ യജമാനരായ കോർപ്പറേറ്റുകൾക്ക് വേണം.  പശു എന്ന ബിംബം വഴി ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന വിഭജനത്തിന്റെ ചോരമണമുള്ള വോട്ട് വേണ്ടെന്ന് വയ്ക്കാൻ തക്ക ആസ്തി ഇല്ല താനും. അപ്പോൾ ബിജെപിക്ക് പിന്നെ എന്തുചെയ്യാനാവും? ചാനൽ ചർച്ചകളിൽ മുട്ടാപ്പോക്കുകളിൽ കിടന്ന് പിരളാൻ കുറേ ചാവേറുകളെ സജ്ജമാക്കി നിർത്തുക. പണി വേറെ വഴി തുടരുക. അത് തന്നെയാണ് അവർ ചെയ്യുന്നതും.

ഇത് വെറും വനം, പരിസ്ഥിതി മന്ത്രാലയം, പ്രിവൻഷൻ ഓഫ് ക്രുവൽറ്റി റ്റു ആനിമൽസ്, കാലിച്ചന്ത, കശാപ്പുശാല പ്രശ്നം മാത്രമല്ല. തത്കാലം നിവൃത്തിയില്ലാത്തതിനാൽ ഭരണഘടനയെ സാങ്കേതികമായി നിലനിർത്തുക, ഒപ്പം ഇത്തരം ചട്ടങ്ങൾ ഉണ്ടാക്കുന്ന പഴുതിലൂടെ ഭരണ സംവിധാനങ്ങൾക്കു മേലുള്ള ആധിപത്യം ഉപയോഗിച്ച് ഫലത്തിൽ അതിന്റെ, ഭരണഘടനയുടെ സത്ത ചോർത്തിക്കളയുക. അങ്ങനെ ചണ്ടിയായി തീരുന്ന ഒരു ജനാധിപത്യവും ഭരണഘടനയുമായിരിക്കും ഈ പോക്കിൽ ഇവർ നമുക്കായി ബാക്കി വയ്ക്കുക. അതുക്കൊണ്ട് ഉണരുക എത്രയും വേഗം. ഇല്ലെങ്കിൽ…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍