UPDATES

എസ്. മുഹമ്മദ് ഇര്‍ഷാദ്

കാഴ്ചപ്പാട്

ഇടവും കാലവും

എസ്. മുഹമ്മദ് ഇര്‍ഷാദ്

ട്രെന്‍ഡിങ്ങ്

അസംഘടിത രാഷ്ട്രീയവും സംഘടിത രാഷ്ട്രീയത്തിന്റെ പരാജയവും

ശ്രീജിത്തിന്റെ സമരത്തിന് കിട്ടിയ ജനപിന്തുണ സംസ്ഥാനം ഭരിക്കുന്ന ഇടതു സർക്കാരും പ്രതിപക്ഷ കക്ഷികളും പ്രതീക്ഷിച്ചതല്ല

സഹോദരന്റെ കസ്റ്റഡി കൊലപാതകം കേരളപോലീസിൽ നിന്നും മാറ്റി കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ശ്രീജിത്തിന്റെ സമരത്തിന് കിട്ടിയ ജനപിന്തുണ സംസ്ഥാനം ഭരിക്കുന്ന ഇടതു സർക്കാരും പ്രതിപക്ഷ കക്ഷികളും പ്രതീക്ഷിച്ചതല്ല. നീതിക്ക് വേണ്ടിയുള്ള ഒരു പ്രതീക്ഷയും അതോടൊപ്പം സംസ്ഥാനത്തെ പോലീസ് സംവിധാനങ്ങളോടുള്ള പൊതുജനത്തിന്റെ സംഘടിത പ്രതിഷേധവും പ്രകടമായിരുന്നു. നവമാധ്യമങ്ങൾ ഈ സമരത്തെ ഏറ്റെടുത്തതിനെ ആദ്യം എതിർത്തതും വിമർശിച്ചതും സംഘടിത രാഷ്ട്രീയ പാർട്ടികൾ തന്നെയായിരുന്നു. ഇടതു പക്ഷത്തിന് ഒട്ടും തന്നെ ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല ഈ സമരം. അവരുടെ നവമാധ്യമങ്ങളിലൂടെയുള്ള പ്രതികരണങ്ങൾ ഇതിനു തെളിവാണ്. കേരളം പോലെ സമരം രാഷ്ട്രീയ പ്രവർത്തനത്തെ നിയന്ത്രിച്ച ചരിത്രമുള്ള ഒരു സംസ്ഥാനത്താണ് ഇത്തരത്തിൽ സംഘടിതരല്ലാത്തവരുടെ ഒരു സമരം ഉണ്ടാകുന്നതും അതിന് വലിയ തോതിലുള്ള ജനപിന്തുണ കിട്ടുന്നതും. ഈ സമരത്തെ സർക്കാർ നേരിട്ട രീതിയെക്കാൾ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ ഈ സമരത്തെ സമീപിച്ച രീതിയെ വിശകലനം ചെയ്യാനാണ് ഈ ലേഖനം ശ്രമിക്കുന്നത്.

നേരത്ത സൂചിപ്പിച്ച പോലെ ഇടതു പക്ഷം ഈ സമരത്തെ പൂർണ്ണമായും നിഷേധിക്കുന്ന നിലപാടാണ് എടുത്തത്. അതിന് കാരണം പാർലമെന്ററി ഇടതുപക്ഷം രാഷ്ട്രീയമായി നിലനിൽക്കുന്നത് തന്നെ സമരങ്ങളിലൂടെയാണ് എന്നതാണ്. എല്ലാ സമരങ്ങളും വിജയിച്ചു എന്ന് പറയാൻ കഴിയില്ല എങ്കിലും കേരളത്തിൽ പാർലമെന്ററി ഇടതുപക്ഷത്തിന്റെ സമരങ്ങൾ, പ്രത്യേകിച്ചും തൊഴിലാളി സമരങ്ങൾ ഒരു തരത്തിൽ കേരളത്തിലെ സേവന-വേതന വ്യവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാക്കി എന്നത് നിഷേധിക്കാൻ കഴിയില്ല. എന്നാൽ 1990ന് ശേഷം പാർലമെന്ററി ഇടതുപക്ഷത്തിന്റെ നയപരിപാടികളില്‍ കാതലായ മാറ്റം ഉണ്ടായി. പ്രത്യേകിച്ചും പുതിയ കാലത്തിന്റെ സാമ്പത്തിക രാഷ്ട്രീയത്തെ അംഗീകരിച്ചതോടെ പാർലമെന്ററി ഇടതുപക്ഷത്തിന്റെ സംഘടന പ്രവർത്തനരീതിൽ വലിയ മാറ്റം ഉണ്ടായി. അതിന്റെ ഫലമായി സർക്കാർ/അധികാരം സംരക്ഷിക്കുക എന്നതിലേക്ക് പാർലമെന്ററി ഇടതുപക്ഷ രാഷ്ട്രീയം ചുരുക്കപ്പെട്ടു. അതിന് വേണ്ടി എടുത്ത നിലപാടുകളും അവയുണ്ടാക്കിയ രാഷ്ട്രീയ പ്രതിസന്ധികളുമാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി കേരളത്തിൽ സംഘടനയെ ശക്തിപ്പെടുത്തിയതും അതോടൊപ്പം പൊതുബോധത്തിൽ നിന്നും ഇടതുരാഷ്ട്രീയം അപ്രത്യക്ഷമായതും. സംഘടന ശക്തിപ്പെട്ടത് കൊണ്ടാണ് പാർട്ടിസ്ഥാപനങ്ങൾ ഉണ്ടാകുന്നതും ഇത്തരം സ്ഥാപനങ്ങൾ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതും. രാഷ്ട്രീയ മുദ്രവാക്യങ്ങൾ അധികാരത്തിന് വേണ്ടി മാത്രം ഉയർന്നതോടെ അധികാരം നിലനിർത്താൻ തടസ്സം നിൽക്കുന്ന അഥവാ അത്തരം അവസരങ്ങൾ ഇല്ലാതാക്കുന്ന സമരങ്ങളിൽ നിന്നും ഇടതുപക്ഷം പിൻവലിഞ്ഞു.

ആദിവാസി ഭൂപ്രശ്നം ആയാലും പരിസ്ഥിതി പ്രശ്നം ആയാലും ഇത് തന്നെയാണ് കണ്ടുവരുന്നത്. ആദിവാസി സമരത്തിൽ ഇടപെട്ടാൽ അത് തോട്ടം മേഖലയിലെ മൂലധന താല്പര്യങ്ങളെ തകർക്കും എന്ന് മനസിലാക്കുന്നിടത്താണ് സംഘടന വിജയിക്കുന്നതും രാഷ്ട്രീയം പരാജയപ്പെടുന്നതും. പരിസ്ഥിതി വിഷയത്തിലും പ്രകടമായി കാണാൻ കഴിയുന്നത് മൂലധന താല്പര്യമാണ്. കോൺഗ്രസ്സും മുസ്ലിം ലീഗും കേരള കോൺഗ്രസ്സും ഇപ്പോൾ ബിജെപിയും ഒക്കെ ഈ വിഷയത്തിൽ ഐക്യപ്പെടുന്നുണ്ട്.

ശ്രീജിത്ത് സമരം ചെയ്യുന്നതെന്തിനാണെന്നാണ് സര്‍ക്കാര്‍ ചോദിക്കുന്നത്; നീതിക്കു വേണ്ടി എന്നാണ് മറുപടി

സംഘടിത പാർട്ടി താല്പര്യങ്ങൾക്കപ്പുറം ഒരു രാഷ്ട്രീയവും ഇന്ന് ഒരു രാഷ്ട്രീയപാർട്ടിക്കും ഇല്ല. ഈ ശൂന്യതയാണ് അസംഘടിതരായ, എന്നാൽ സംഘടിത രാഷ്ട്രീയത്തിന്റെ ജീർണ്ണതകളെ ചോദ്യം ചെയ്യാൻ തയ്യാറുള്ള ഒരു കൂട്ടത്തെ രൂപപ്പെടുത്തുന്നതും വിജയിപ്പിക്കുന്നതും. ശ്രീജിത്തിന്റെ കാര്യത്തിൽ ഉണ്ടായതും ഈ കൂട്ടായ്മയാണ്. ഇത് വിജയം കാണുന്നത് വരെ നിലനിൽക്കണം എന്നില്ല, പലപ്പോഴും നിലനിൽക്കാൻ കഴിയുകയുമില്ല. പാർലമെന്ററി ഇടതുപക്ഷവും വലതുപക്ഷവും ഫാസിസ്റ്റു കക്ഷികളും എല്ലാം ഇത്തരം സമരങ്ങളുടെ ദീർഘകാല നിലനിൽപ്പില്ലായ്മയാണ് ചോദ്യം ചെയ്യുന്നത്. എന്നാൽ ഇവിടെ മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട വസ്തുത ദീർഘകാല രാഷ്ട്രീയ നേട്ടം ഉണ്ടാക്കലല്ല ഈ മുന്നേറ്റങ്ങളുടെ ലക്ഷ്യം എന്നതാണ്. നാളെ ഇത് മറ്റൊരു വിഷയത്തിൽ ആയിരിക്കും ഇടപെടുക.

ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്: നീതി കിട്ടും വരെ തുടരണം ഈ പോരാട്ടം

ഇത്തരം സമരങ്ങളും കൂട്ടായ്മകളും വിമർശനങ്ങൾക്ക് അതീതമാണ് എന്നും അർത്ഥമില്ല. പലതരം താല്പര്യങ്ങൾ ഉള്ളവരാണ് ഇത്തരത്തിൽ ഐക്യപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇടപെടുന്ന സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തിലാണ് ഇവ രൂപപ്പെടുന്നത്. ചിലപ്പോൾ അത് ഭരണകൂടതാല്പര്യത്തിന് എതിരായ ഒന്നാകാം, അല്ലെങ്കിൽ ഒരു കാഴ്ചപ്പാടിനെതിരാകാം. ഒരു സംഘടനാരൂപം ഇല്ലാത്തതുകൊണ്ട് കാലികവിഷയങ്ങളോട് പ്രതികരിക്കാൻ കഴിയുന്ന, താല്പര്യമുള്ള ആർക്കും ഇതിൽ ഇടമുണ്ട് എന്നതാണ് വസ്തുത. ഇതൊരു തുറന്ന വേദിയാണ്. അതുകൊണ്ട് തന്നെ കൃത്യമായ ഒരു തയ്യാറെടുപ്പും ഇതിൽ വേണ്ടിവരുന്നില്ല. ഇത്തരം ഇടങ്ങളെ ശക്തമായ ഒരു വേദിയാക്കാൻ സംഘടിത രാഷ്ട്രീയ പാർട്ടികൾക്ക് കഴിയില്ല. അതിന് കാരണം ഇത്തരം മുന്നേറ്റങ്ങളുടെ പ്രതികരണ രീതിയും ആവശ്യങ്ങൾ മുന്നോട്ട് വെക്കുന്നതിലെ വിട്ടുവീഴ്ചയില്ലായ്മയുമാണ്. ഇത്തരം വേദികളിൽ ഒരു വ്യക്തിക്ക് കിട്ടുന്ന സ്വാതന്ത്ര്യം സംഘടിത പാർട്ടികളുടെ വേദിയിൽ കിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തരം സമരങ്ങളിൽ വ്യക്തി സ്വാതന്ത്ര്യത്തിന് കിട്ടുന്ന പ്രാധാന്യമാണ് മറ്റ് സമരങ്ങളിൽ നിന്നും ഇതിനെ വ്യത്യസ്തമാകുന്നതും.

ഇനിയൊരു മകന്റെ ശവം കൂടി മണ്ണിനടിയിലേക്ക് തള്ളേണ്ട ഗതികേട് ഉണ്ടാക്കരുതേ; ഒരമ്മയുടെ അപേക്ഷയാണ്‌

പാർട്ടി അച്ചടക്കവും നേതാക്കളുടെ (കുടുബത്തിന്റെ) സാമ്പത്തിക താല്പര്യങ്ങളും എല്ലാം ചേർന്ന് നിശബ്ദമാക്കപ്പെടുന്ന അണികളേക്കാൾ ശക്തമായി രാഷ്ട്രീയവിശകലനം നടത്താൻ ഇത്തരം കൂട്ടായ്മകൾക്ക് കഴിയുന്നുണ്ട്. ഇത്തരം സമരങ്ങളോട് കൃത്യമായി എങ്ങനെ സംവദിക്കാം എന്നതാണ് പൊതുസമൂഹം ചിന്തിക്കേണ്ടത്. രാഷ്ട്രീയപാർട്ടികൾക്ക് ഇത്തരം സമരങ്ങളുമായി സംവേദിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ ഇത് ഭരണകൂടവും ജനവും തമ്മിലുള്ള സംവാദത്തിന്റെ തലത്തിലാണ് രൂപപെട്ടു വരുന്നത്. ഈ മാറ്റം സാമൂഹികമായി ശരിയാണ്. അത്തരം ശരികളെ സർക്കാരും സംഘടിത രാഷ്ട്രീയ പാർട്ടികളും അംഗീകരിക്കേണ്ടിവരുന്നിടത്താണ് ഇത്തരം സമരങ്ങൾ വിജയിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രീജിത്തിന്റെ സമരം വിജയമാണ് എന്ന് വിലയിരുത്താം. അഥവാ ഇത്തരം കൂട്ടായ്മകൾ വിജയമാണ് എന്നുതന്നെ പറയേണ്ടിവരും. ഈ വിജയം സംഘടിത പാർട്ടികളുടെ രാഷ്ട്രീയ പരാജയം കൂടിയാണ് എന്ന കാര്യം അടിവരയിട്ടു പറയേണ്ടതാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സെക്രട്ടേറിയറ്റിന് മുന്നില്‍ 760 ദിവസം: ശ്രീജിത് ഇവിടെ മരിച്ചു വീണാലെങ്കിലും സര്‍ക്കാര്‍ കണ്ണ് തുറക്കുമോ?

എസ്. മുഹമ്മദ് ഇര്‍ഷാദ്

എസ്. മുഹമ്മദ് ഇര്‍ഷാദ്

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ അദ്ധ്യാപകനാണ് ലേഖകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍