UPDATES

ട്രെന്‍ഡിങ്ങ്

നൈതികതയുടെ വിചാരണാ ദിനങ്ങൾ

തെരുവിൽ കരഞ്ഞത് ഇടിമുറികളോട് കലഹിച്ച് മരിച്ചുപോയൊരുത്തന്റെ പേറ്റുനോവാണ്

ഇത്രേയുള്ളൂ കൂട്ടരേ, ഇത്രേയുള്ളൂ! അധികാരികളുടെ മുഷ്ക്ക് കളിമണ്ണാക്കി നിറച്ചതാണ് ആ തലകൾ. അതിനെയും അതിന്റെ മുകളിലെ മുക്കാലിന്റെ തൊപ്പിയേയുമാണോ നിങ്ങൾ പേടിക്കുന്നത്? സഹോദരന്മാരെ, പോലീസുകാരൻ ആ തലയിൽ കമഴ്ത്തിയിരിക്കുന്നത് പുലയൻ മെടഞ്ഞുണ്ടാക്കിയ മുക്കാലിന്റെ കുട്ടയാണ് – ആ കുട്ടയെ ഉപായത്തിൽ ചുവപ്പുതുണികൊണ്ട് പൊതിഞ്ഞിരിക്കുകയാണ്. കുട്ടികൾ ഉടുക്കുന്ന ചുവപ്പ് കോണകമില്ലേ? അതാണ് ആ ചുവപ്പ് തൊപ്പി. ഇതിനെയാണോ നിങ്ങൾ ഭയപ്പെടുന്നത്? ആ കുട്ട കൊണ്ട് മൂടിവെച്ചിരിക്കുന്ന തലയാണെങ്കിൽ യാതൊരു വിദ്യാഭ്യാസവും പരിഷ്കാരവും സിദ്ധിച്ചതല്ല. പണ്ടേ തന്നെ കാറ്റും വെളിച്ചവും തട്ടിയതുമല്ല.

ഈ പോലീസുകാരുണ്ടല്ലോ, കളവ് പറയുന്നത് തങ്ങൾക്ക് ഭൂഷണമായി കരുതുന്നവരാണ്. ഇവർക്ക് മറ്റുള്ളവർ തങ്ങളോട് കളവ് പറയരുത് എന്നു വലിയ നിർബ്ബന്ധമാണ്. പക്ഷേ തങ്ങളാണെങ്കിൽ കളവേ പറയുകയുള്ളൂ. കളവ് പറഞ്ഞ് കാര്യം നേടലും അധികാരികളെ സംരക്ഷിക്കലുമാണ് പോലീസിന്റെ നയം. ആരെപ്പറ്റിയും എന്തപവാദവും ഇവർ പറയും. ആവശ്യത്തിനും അനാവശ്യത്തിനും കളവും പറയും.” മൊയാരത്ത് ശങ്കരൻ എന്ന ചുണക്കുട്ടി, കാക്കിപ്പോലീസിനെ ഭയന്ന പൊതുജനങ്ങൾക്ക്, അവരെ ഏഴു പതിറ്റാണ്ടുകൾക്കു മുൻപ് ഇങ്ങനെ പരിചയപ്പെടുത്തി.

പോലീസിന്റെ സംഘവീര്യം സംരക്ഷിക്കാനല്ല, ജനങ്ങളുടെ ആത്മവീര്യം സംരക്ഷിക്കാനാണ് രാഷ്ടീയക്കാർ നിലകൊള്ളേണ്ടത് എന്ന ബോധ്യം അന്ന് സംശയരഹിതമായി നിലനിന്നു. ബ്രിട്ടീഷ് ഭരണകാലത്ത് പോലീസുകാർക്കുണ്ടായിരുന്ന വീര്യം നിലനിർത്തുകയല്ല, നിർവീര്യമാക്കുക തന്നെയാണ് ഗവണ്‍മെന്റിന്റെ നയം എന്ന് ഇഎംഎസ് ഉറച്ച വാക്കുകളിൽ പറഞ്ഞിരുന്നു. സർക്കാർ നയവും പോലീസും തമ്മിലുള്ള സംഘർഷത്തിൽ പൊതുജനത്തിന്റെ നൈതികയാഥാർത്ഥ്യങ്ങൾക്കൊപ്പമാണ് സർക്കാർ ഉറച്ചുനിൽക്കേണ്ടത് എന്ന ബോധ്യം പുരോഗമനശക്തികൾക്കുണ്ടായിരുന്നു. നിയമനിർവ്വഹണസേന, നീതിനിർവ്വഹണത്തിന്റെ അധികബാധ്യതകൾ ‘സ്വമേധയാ’ കയ്യാളുമ്പോൾ ജനങ്ങൾക്കൊപ്പം നിന്ന് തിരുത്താനും നിയന്ത്രിക്കാനും ഭരണകൂടം ബാധ്യപ്പെട്ടിരിക്കുന്നു. കാരണം ജനാധിപത്യത്തിന്റെ കാതലായ ഉടമ്പടി, ജനങ്ങൾക്കു വേണ്ടി നിർമ്മിക്കപ്പെട്ട ഭരണകൂടം എന്നതാണ്. എല്ലാ ഉപകരണങ്ങളും ജനങ്ങൾക്കു വേണ്ടി ജനങ്ങൾ തിരഞ്ഞെടുത്ത ഭരണകൂടത്തിന്റെ നീതിനിർവ്വണത്തിനായുള്ളതാണ്, തിരിച്ചല്ല.

ഈ ജാഗ്രത അനിവാര്യമായ സംഭവമായിരുന്നു ജിഷ്ണുവിന്റെ മരണാനന്തര സംഭവങ്ങളും ഇക്കഴിഞ്ഞ ദിവസത്തെ ദൗർഭാഗ്യകരമായ കാഴ്‌‌‌ച്ചകളും. മാധ്യമലോകം കാഴ്‌ച്ചയും കേൾവിയും വരെ സത്യവിരുദ്ധമാക്കിത്തീർത്ത കാലത്തും നിശ്ചയമായും നീതി പക്ഷപാതരഹിതമായും വികാരച്ചായ്‌വുകളാൽ വികലമാകാതെയും നടപ്പാക്കപ്പെടേണ്ടതാണ്. ജിഷ്ണുവിന്റെ അമ്മയെ തല്ലി, വലിച്ചിഴച്ചു എന്നിങ്ങനെ എഴുതിയും പറഞ്ഞും നിർമ്മിച്ചെടുത്ത ഗീബൽസിയൻ വലതുമാധ്യമതന്ത്രം നീതിനിർവ്വഹണത്തെ തരിമ്പും സ്വാധീനിച്ചുകൂടാ താനും.

എന്നാൽ, തെരുവിൽ കരഞ്ഞത് ഇടിമുറികളോട് കലഹിച്ച് മരിച്ചുപോയൊരുത്തന്റെ പേറ്റുനോവാണ്. മണ്ണടിയും മുമ്പ് മകനു മണ്ണിടേണ്ടി വന്ന അമ്മയാണ്. അവരെ ചേർത്തുപിടിക്കാൻ മനുഷ്യപക്ഷത്തിനു ചുമതലയുണ്ട്. നിയമനിർവ്വഹണസേനയ്ക്കു കാണാനാവാത്ത മാനവികതയുടെ ആറാമിന്ദ്രിയമാണ് ജനാധിപത്യം പുരോഗമനശക്തികൾക്ക് ഏൽപ്പിച്ച ദൗത്യത്തിനായി എന്നും തുറന്നിരിക്കേണ്ടത്. ഇത്രയും ന്യായം. എന്നാൽ ബാക്കിയോ?

ഈ നിമിഷം വരെ ഇടതുബോധ്യങ്ങളിൽ നിന്നു മാറാത്ത ജിഷ്ണുവിന്റെ അമ്മയ്ക്കും മുൻപേ, അനുഭവിച്ച നിങ്ങളവിടെ നിൽക്ക്, ഞങ്ങൾ പറയാം എന്ന ന്യായവുമായി ജനാധിപത്യസർക്കാരിനു ചുറ്റും വട്ടമിട്ടു പറക്കുന്നവരുടെ സമരാഭാസങ്ങളും ഹർത്താൽ വിരുദ്ധ ഉപവാസം നടത്തിയവരുടെ ഹർത്താലും തോക്കുസ്വാമിയുടെ രക്തം തിളക്കലും കൂടി കലക്കവെള്ളത്തിൽ മീൻപിടിക്കുന്നവരുടെ അന്യായങ്ങളാണ് ഇനി നീതിനിർവ്വഹണത്തെ കലുഷമാക്കാൻ പോകുന്നത്. കാരണം ലളിതം, മൂന്നു തരം സമരങ്ങളേയുള്ളൂ. 1. നിലവിലുള്ള ജനാധിപത്യസംവിധാനത്തിൽ അർഹിക്കുന്ന നീതി ലഭിക്കണമെന്ന ആവശ്യം മുൻനിർത്തി നടക്കുന്ന സമരങ്ങൾ 2. നിലവിലുള്ള ജനാധിപത്യസംവിധാനത്തിന്റെ ഘടനയിലോ രീതിശാസ്ത്രത്തിലോ വിയോജിക്കുന്ന സമരങ്ങൾ 3. പുറമേ മുൻപു പറഞ്ഞ രണ്ടുതരം സമരങ്ങളിലേതെങ്കിലും ഒന്നാണെന്ന വ്യാജേന നടക്കുന്ന സമരാഭാസങ്ങൾ. ആദ്യം പറഞ്ഞ രണ്ടുതരം സമരങ്ങളിലും പങ്കെടുക്കുന്നവർക്ക് കരയിലിരുന്ന് കളി കാണുന്നവരുടെ കയ്യടിയെ തൃപ്തിപ്പെടുത്തലല്ല ഉദ്ദേശം. അതുകൊണ്ടുതന്നെ സമരത്തിലെ ലക്ഷ്യങ്ങളെക്കുറിച്ച് അവർക്ക് അവരുടേതായ തീരുമാനങ്ങൾ ഉണ്ടാവും. ഉണ്ടായിരിയ്ക്കുകയും വേണം. എന്നാൽ മൂന്നാമത് നടക്കുന്ന വ്യാജസമരങ്ങൾക്ക് കളി കാണുന്നവരുടെ കയ്യടി മുതൽ യഥാർത്ഥസമരങ്ങൾക്കു മുന്നിൽ ഇരുമ്പുമറ തീർക്കുക എന്നതുവരെയുള്ള ഗൂഢലക്ഷ്യങ്ങളുണ്ട്.

സ്വാശ്രയകോളേജുകളുടെ എല്ലാ അമിതാധികാരങ്ങൾക്കും അന്യായങ്ങൾക്കും കൂട്ടുനിന്ന് ഇടിമുറികൾ സൃഷ്ടിച്ചെടുത്ത വലതുപക്ഷത്തിന് പെട്ടെന്നുദിക്കുന്ന നീതിബോധം നൈതികമല്ല എന്നറിയാൻ സാമാന്യബുദ്ധി ധാരാളമാണ്. അവരുടെ നീതിവാചകക്കസർത്തിന്റെ അവകാശവാദങ്ങളേക്കാൾ കേരളം കാതോർക്കുന്നത് നൈതികതയുടെ വിചാരണയെ പുരോഗമനശക്തികൾ എങ്ങനെ നേരിടും എന്നാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശ്രീചിത്രന്‍ എം.ജെ

ശ്രീചിത്രന്‍ എം.ജെ

സാംസ്കാരികപ്രവർത്തകനും കലാനിരൂപകനുമാണ്. തിരുവനന്തപുരത്ത് ഐ ടി മേഖലയിൽ ജോലിചെയ്യുന്നു. ഓൺലൈനിലും പ്രിന്റ് മീഡിയയിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അഴിമുഖത്തില്‍ Art Age എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍