UPDATES

ട്രെന്‍ഡിങ്ങ്

സന്നിധാനത്ത് യുവതികളെ എത്തിക്കാന്‍ പോലീസിന് സാധിക്കാത്തതിന് ഇങ്ങനെയും ചില കാരണങ്ങളുണ്ട്

ഈ ഭൂപ്രകൃതിയെ കൂട്ടിപിടിച്ചതുകൊണ്ടാണ് പ്രതിഷേധകാര്‍ക്ക് സ്ത്രീകളെ സന്നിധാനത്തേക്ക് കടക്കാതെ തടയാന്‍ കഴിയുന്നത്. കൂട്ടത്തില്‍ വിശ്വാസം എന്നതും കൂടി എത്തുമ്പോള്‍ അവിടെ സ്ത്രീകളെ എത്തിക്കാന്‍ സര്‍ക്കാരും പോലീസും ശരിക്കും വിയര്‍ക്കും.

ശബരിമല സന്നിധാനത്തേക്ക് എന്തുകൊണ്ട് യുവതികളെ എത്തിക്കാന്‍ സാധിക്കുന്നില്ല? ആദ്യ ഉത്തരം ബിജെപി സംഘപരിവാര്‍ സംഘടനകളുടെ പ്രതിരോധം എന്ന് പറയാം. ഈ പ്രതിരോധങ്ങള്‍ പോലീസ് സംവിധാനം ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ മറികടന്ന് ദര്‍ശനം ആഗ്രഹിക്കുന്ന സ്ത്രീകളെ സന്നിധാനത്ത് എത്തിക്കാന്‍ സാധിക്കില്ലേ എന്ന ന്യായമായ സംശയം ഉണ്ടാവുക സ്വാഭാവികമാണ്. അതിനുള്ള ഉത്തരം പോലീസിന് വെല്ലുവിളി ബിജെപി സംഘപരിവാര്‍ സംഘടന പ്രതിഷേധക്കാരും സര്‍ക്കാരിന്റെ മേലുള്ള രാഷ്ട്രീയ സമ്മര്‍ദങ്ങളുമൊക്കെ മാത്രമല്ല എന്നതാണ്. ശബരിമലയിലെ ഭൂപ്രകൃതി.. അതാണ് ശബരിമലയില്‍ സ്ത്രീകളെ എത്തിക്കാന്‍ കഴിയാത്തതിന് പ്രധാന കാരണങ്ങളില്‍ ഒന്ന്.

ഈ ഭൂപ്രകൃതിയെ കൂട്ടിപിടിച്ചതുകൊണ്ടാണ് പ്രതിഷേധക്കാര്‍ക്ക് സ്ത്രീകളെ സന്നിധാനത്തേക്ക് കടക്കാതെ തടയാന്‍ കഴിയുന്നത്. കൂട്ടത്തില്‍ വിശ്വാസം എന്നതും കൂടി എത്തുമ്പോള്‍ അവിടെ സ്ത്രീകളെ എത്തിക്കാന്‍ സര്‍ക്കാരും പോലീസും ശരിക്കും വിയര്‍ക്കും. ശബരിമലയിലും പരിസരങ്ങളിലുമായി പ്രതിഷേധക്കാര്‍ ഒളിച്ചിരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ക്ഷേത്ര പരിസരങ്ങളില്‍ നിന്ന് നിബിഡ വനത്തിലേക്ക് പെട്ടെന്ന് തന്നെ മറഞ്ഞിരിക്കാന്‍ സാധിക്കും. ശബരിമലയിലെ ഭൂപ്രകൃതി എന്ന് പറയുമ്പോള്‍ കൊടുംവനവും കുത്തനയുള്ള ചെങ്കുത്തായ മലകളും എന്ന സങ്കല്‍പ്പം അവിടെ എത്തുമ്പോള്‍ ഒന്നു മാറ്റണോ എന്നു ചിന്തിക്കും. പക്ഷെ ചെങ്കുത്തായ മലകളും കുത്തനെയുള്ള മലകളും തന്നെയാണ് ശബരിമല പ്രദേശങ്ങള്‍ ഇപ്പൊഴും. എത്ര തള്ളിപ്പറഞ്ഞാലും നിലവില്‍ സര്‍ക്കാരും തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡും ഒരുക്കിയ സൗകര്യങ്ങള്‍ (പരാതികള്‍ ഒട്ടേറെയുണ്ടെങ്കിലും) കൊണ്ട് ശബരിമല അത്ര വലിയ വനവും മലയുമൊന്നുമല്ലെന്ന് തോന്നുക സ്വാഭാവികമാണ്. ഓഫ് സീസണുകളില്‍ സൗകര്യങ്ങള്‍ കുറവുള്ള സമയത്ത് അറിയാം ഈ പാതകളുടെ വന്യത. വന്യമൃഗങ്ങള്‍ കടന്നുപോകുന്ന മേഖലകള്‍ കൂടിയാണിത്.

സമുദ്രനിരപ്പില്‍ നിന്നും 1,574 അടി (ഏകദേശം 480 മീറ്റര്‍) ഉയരത്തില്‍ 18 മലകള്‍ക്ക് നടുവിലായാണ് ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശബരിമല ക്ഷേത്രത്തിലേക്ക് എത്തിച്ചേരാന്‍ പല വഴികളുണ്ട്. വാഹനങ്ങള്‍ കടന്നുപോകുന്ന പമ്പ വരെയുള്ള വഴി മുതല്‍ വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രത്തിലൂടെ കൊടുങ്കാട്ടിലൂടെയുള്ള കാല്‍നടപാതവരെയുള്ള വ്യത്യസ്തമായ വഴികള്‍. ഇപ്പോള്‍ സ്ത്രീകള്‍ വരുന്ന മാര്‍ഗ്ഗം പത്തനംത്തിട്ട വഴിയാ എരുമേലി വഴിയോ ആണ്. റോഡുമാര്‍ഗ്ഗമാണെങ്കില്‍ രണ്ടു വഴികളില്‍ നിന്ന് വന്നാലും നിലയ്ക്കലിന് മുമ്പ് പ്ലാപ്പള്ളിയില്‍ എത്തണം. പ്ലാപ്പള്ളി- നിലയ്ക്കല്‍-അട്ടത്തോട്-ചാലക്കയം-പമ്പയാണ് (പ്ലാപ്പള്ളി-പമ്പ ദൂരം 22 കി.മീ). ഇവിടെ നിന്ന് സന്നിധാനത്തേക്ക് രണ്ട് വഴികള്‍ ആദ്യത്തേത് പരമ്പരാഗതമായ വഴി പമ്പ-നീലിമല-അപ്പാച്ചിമേട്-ശബരിപീഠം-മരക്കൂട്ടം-ശരംകുത്തി-വലിയനടപ്പന്തല്‍-പതിനെട്ടാംപടി കയറി സന്നിധാനം. പമ്പ മുതല്‍ ശബരി പീഠം വഴിയുള്ള പാത സൗകര്യങ്ങള്‍ ഉണ്ടെങ്കിലും ദുര്‍ഘടവും ചെങ്കുത്തായ കയറ്റവുമാണ്. ഇപ്പോള്‍ അടുത്തടുത്ത് മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതിനാല്‍ അപകടങ്ങള്‍ കുറവാണ്. തിരക്കില്ലാത്തപ്പോള്‍ വിശ്രമം കുറവാണെങ്കില്‍ മൂന്ന് മൂന്നര മണിക്കൂര്‍ കൊണ്ട് ആരോഗ്യമുള്ള ഒരാള്‍ക്ക് പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് എത്താം. തിരച്ചിറങ്ങാന്‍ ഒന്നര മണിക്കൂര്‍ മതി.

.
(
ശബരിമലയുടെയും പ്രദേശങ്ങളുടെയും വിശദമായ ഗൂഗിള്‍ മാപ്പ് കാണുവാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)

രണ്ടാമത്തേത് ദൂരം കൂടുതല്‍ ആണെങ്കിലും ആയാസരഹിതമായി സഞ്ചരിക്കാം. മൂന്നര നാല് മണിക്കൂര്‍ കൊണ്ട് പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് എത്താന്‍ സാധിക്കും (തിരിച്ച് ഇറക്കമായത് കോണ്ട് ഒന്നര രണ്ട് മണിക്കൂര്‍ മതി). പമ്പയില്‍ നിന്ന് സ്വാമിഅയ്യപ്പന്‍ പാത വഴി മരക്കൂട്ടം-ചന്ദ്രനാന്തന്‍ പാതവഴി വലിയനടപ്പന്തല്‍-പതിനെട്ടാംപടി കയറി സന്നിധാനം. അധികകാലമായിട്ടില്ലെങ്കിലും ഈ വഴി വാഹനങ്ങള്‍ ശബരിമലയില്‍ എത്തും. തിരക്ക് അനുസരിച്ച് മരക്കൂട്ടത്തില്‍ നിന്ന് പരമ്പരാഗത വഴിയിലേക്കോ ചന്ദ്രാനാന്തന്‍ പാതയിലേക്ക് പോലീസ് മാറ്റിവിടും. ഇപ്പോള്‍ പോലീസ്, പമ്പയില്‍ നിന്ന് സ്ത്രികളെ കൊണ്ടുപോകുന്നത് ദുര്‍ഘടമായ നീലിമല വഴിയാണ്. പുതിയ സ്വാമിഅയ്യപ്പന്‍ പാത വഴി സുരക്ഷിതമായി കൊണ്ടുപോകാന്‍ സാധിക്കാത്തതായിരിക്കാം ഒരു പക്ഷേ ആ വഴി തിരഞ്ഞെടുക്കാത്തത്. കാരണം പാറയും മണ്ണും മാറ്റിയുള്ള ആ പാതയുടെ ചില ഭാഗങ്ങളില്‍ ഇരുവശത്തും മണ്‍ ഭിത്തിപോലെയാണ്. അവിടെ നിന്ന് കാട്ടിലൂടെ എത്തുന്ന പ്രതിഷേധകാര്‍ക്ക് ഉപദ്രവിക്കാന്‍ സാധിക്കും. വാഹനങ്ങളിലും കൊണ്ടുപോകുമ്പോള്‍ അപകടങ്ങള്‍ സൃഷ്ടിക്കാനും സാധിച്ചേക്കും.

നിലയ്ക്കല്‍ റോഡ് മാര്‍ഗ്ഗം വഴിയല്ലാതെയും പമ്പയിലെത്താം. എരുമേലി-ഇരുമ്പൂന്നിമല-കാളക്കെട്ടി-അഴുത-കല്ലിടാംകുന്ന്-മുക്കുഴി-കരിയിലാംതോട്-കരിമല-വലിയാനവട്ടം-ചെറിയാനവട്ടം-പമ്പ. പരമ്പരാഗതമായ കാട്ടിലൂടെ കാല്‍നടയായി ശബരിമലയിലേക്കുള്ള എത്താനുള്ള വഴിയാണ് ഇത്. വിശ്രമം കുറവാണെങ്കില്‍ ഒറ്റ ദിവസം വേണ്ട ഇതുവഴി പമ്പയെത്താന്‍. ഇപ്പോള്‍ ഈ പറഞ്ഞ പ്രദേശങ്ങളില്‍ നിന്ന് പരമാവധി അഞ്ച് കി.മീ അടുത്ത് നല്ല റോഡ് മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന് കാളകെട്ടിക്ക് അടുത്ത് മുണ്ടക്കയം, മുക്കുഴിക്ക് അടുത്ത് കോരുത്തോട് ഇങ്ങനെ. വലിയാനവട്ടത്ത് നിന്നും ചെറിയാനവട്ടതും നിന്നും പമ്പയെത്താതെ ശബരിപീഠത്തിനും മരക്കൂട്ടത്തിനും അപ്പുറം കാടുവഴി നടന്ന് എത്താന്‍ സാധിക്കുമെന്ന് അട്ടത്തോട് ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ പറയാറുണ്ട്. റോഡിലുടെ പ്ലാപ്പളിയിലോ നിലയ്ക്കലോ എത്തിയാലും സമീപത്തെ പമ്പ നദിയുടെ ഭാഗത്ത് എത്തിപ്പറ്റിയാല്‍ നദികരയിലൂടെയും പമ്പ ഗണപതികോവിലില്‍ എത്താന്‍ സാധിക്കും. ആദിവാസികളില്‍ പ്രായമേറിയവര്‍ ഇന്നും ഈ വഴികളിലൂടെ നടന്ന് പോകാറുണ്ട്. നിബിഡ വനങ്ങളും വന്യമൃഗങ്ങളും നിറഞ്ഞ ഈ ഭാഗത്തൂടെ പോവുക എന്നത് ദുര്‍ഘടമാണ്.  തിരുവാഭരണം കടന്നുപോകുന്ന പാതയും അട്ടത്തോടില്‍ നിന്ന് കയറി പമ്പ നദിയുടെ കരയിലൂടെ പമ്പ ഗണപതി ക്ഷേത്രത്തിലേക്ക് എത്തുന്നതാണ്.

ഈ വഴികളെല്ലാം പോലീസ് തടഞ്ഞാലും (അതിന് സാധിക്കില്ല, ഒരു വാദത്തിന് വേണ്ടി) പമ്പ എത്താതെ സന്നിധാനത്ത് എത്താന്‍ സാധിക്കും. അതായത് പത്തനംത്തിട്ടയോ, എരുമേലിയോ പമ്പയോ കടക്കാതെ ശബരിമല സന്നിധാനത്ത് എത്താന്‍ സാധിക്കുമെന്ന്. പുല്‍മേട് വഴി സന്നിധാനത്ത് എത്താം. ആ പാതയെന്നത് മലയിറങ്ങി ഉരക്കുഴി വഴി സന്നിധാനത്തേക്ക് ഇറങ്ങി എത്തുന്നതാണ്. പെരിയാര്‍ കടുവാ സംരക്ഷണ പരിധിയില്‍പ്പെടുന്ന പ്രദേശമാണ് പുല്‍മേട്. വന്യമൃഗങ്ങളുടെ പ്രത്യേകിച്ച് കടുവകളുടെ വിഹാര കേന്ദ്രമാണ് പുല്‍മേട്. പുല്‍മേടിലേക്ക് എത്തിപ്പെടാന്‍ റോഡ് മാര്‍ഗ്ഗം തന്നെ ഒട്ടേറെയുണ്ട്. പുല്‍മേടില്‍ നിന്ന് സാധാരണ പോകുന്ന വഴികളില്‍ ഫോറസ്റ്റ് ചെക്ക് പോസ്റ്റുകള്‍ ഉണ്ട്. ചെക്ക് പോസ്റ്റുകളില്‍പെടാതെ പുല്‍മേടില്‍ സമാന്തരമായ പാതകള്‍ ആദിവാസികള്‍ ഉപയോഗിക്കാറുണ്ട്. ഈ പാതകള്‍ വഴി സന്നിധാനത്ത് എത്താം. വാഹനം എത്തുന്ന റോഡുകളില്‍ നിന്ന് പരമാവധി അഞ്ച് മണിക്കൂറിനുള്ളില്‍ നടന്ന് എത്താന്‍ സാധിക്കുന്ന വഴികള്‍ വേറെയുമുണ്ട്. എല്ലാം ഉള്‍ക്കാടുകളിലൂടെ തന്നെ. അതുകൊണ്ട് തന്നെ ഒരു പ്രശ്‌നമുണ്ടായാല്‍ സന്നിധാന പരിസരം വരെ ആളുകളെ എത്തിക്കാന്‍ പ്രതിഷേധകാര്‍ക്ക് വലിയ ബുദ്ധിമുട്ടില്ല. അല്‍പം ധൈര്യവും വഴി അറിയുന്ന ഒരാളുമുണ്ടായാല്‍ മതി.

‘പന്തളം കൊട്ടാരം കൈയേറിയതാണ് ശബരിമല’; അയ്യപ്പന് തേനഭിഷേകം നടത്തിയിരുന്ന മലംപണ്ടാരം ആദിവാസികള്‍ പറയുന്നു

സന്നിധാന പരിസരത്ത് എത്തിയാല്‍ അതായത്, ക്ഷേത്രത്തിന്റെ പരിസരത്ത് എത്തിയാല്‍ പ്രതിഷേധക്കാര്‍ക്ക് പ്രത്യക്ഷത്തില്‍ തങ്ങാന്‍ പറ്റുന്നത് വലിയ നടപ്പന്തല്‍, ദേവസ്വംബോര്‍ഡിന്റെ അന്നദാന ഹാളിന്റെ അടുത്ത്, ക്ഷേത്രവുമായി ഏറ്റവും അടുത്തുള്ള ബെയ്‌ലി പാലം ഇവിടെ ഒക്കെയാണ്. പോലീസ് സെക്യൂരിറ്റി ഇവിടെ ശക്തമാക്കിയാല്‍ പ്രതിഷേധകാര്‍ക്ക് കാട്ടിലേക്ക് കയറാം. ഒരു ശരണംവിളി കേള്‍ക്കുന്ന അകലത്തില്‍ ഒളിച്ചിരിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല അവിടെ. ആകെയുള്ള പ്രശ്‌നം വന്യമൃഗങ്ങളെ കരുതിയിരിക്കണമെന്നതാണ്. ഇനി മറ്റ് ഒരു വഴി യുവതികളെ ഹെലിക്കോപ്ടറില്‍ സന്നിധാനത്ത് എത്തിക്കുകയെന്നതാണ്. പക്ഷെ ഹെലിക്കോപ്ടര്‍ വഴി സന്നിധാന പരിസരം വരെയെ എത്തിക്കാന്‍ സാധിക്കൂ. അവിടെ നിന്ന് നൂറ് നൂറ്റമ്പത് മീറ്റര്‍ ദൂരമുള്ള പതിനെട്ടാം പടിയും കടന്ന് ക്ഷേത്രത്തില്‍ എങ്ങനെ എത്തിക്കും.

തൊട്ടടുത്തുള്ള വനത്തില്‍ ഒളിച്ചിരിക്കുന്നുവെന്ന് പറയുന്ന പ്രതിഷേധക്കാരും ക്ഷേത്രത്തില്‍ എത്തുന്ന വിശ്വാസികളും ഏത് രീതിയിലായിരിക്കും പ്രതികരിക്കുക എന്നത് പ്രവചിക്കാന്‍ സാധിക്കില്ല. ആയിരത്തിനടുത്തുള്ള ഒരു സംഘം സന്നിധാനം വളഞ്ഞാല്‍ പോലീസിന് അധികം ഒന്നും ചെയ്യാന്‍ സാധിക്കില്ല. ശബരിമല പോലെ ലക്ഷക്കണക്കിന് വിശ്വാസികള്‍ എത്തുന്ന ഒരു സ്ഥലത്ത് കുറച്ച് ആളുകള്‍ വിചാരിച്ചാല്‍ വിശ്വാസത്തിന്റെ പേരില്‍ അണിനിരക്കാന്‍ അവിടെ പതിനായിരങ്ങളുണ്ടാകും. അവിടെ ലാത്തിചാര്‍ജ് പോലെ എന്തെങ്കിലുമുണ്ടായാല്‍ കേരളത്തില്‍ കലാപമുണ്ടാകും. ഇല്ലെങ്കില്‍ ഒരു വിഭാഗം കുബുദ്ധികള്‍ അത് ഉണ്ടാക്കും. ക്ഷേത്ര പരിസരത്ത് രക്തം വീണാല്‍ ശുദ്ധിക്രിയക്കായി നട അടയ്ക്കും.

ഇങ്ങനെയാണ് ശബരിമലയുടെ ഭൂപ്രകൃതിയെയും വിശ്വാസത്തെയും കൂട്ടുപിടിച്ച് പ്രതിഷേധകാര്‍ പോലീസിനെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും നോക്കുകുത്തികളാക്കി സ്ത്രീകളെ പ്രവേശിപ്പിക്കാതെ തടയുന്നത്.

ശബരിമല സന്നിധാനത്തിലേക്കുള്ള പ്രധാന പാതകള്‍ (വിക്കിപീഡിയ)

ശബരിമല ധര്‍മശാസ്താവും അയ്യപ്പ സ്വാമിയും; വിവാദങ്ങള്‍ – ഐതിഹ്യം -ചരിത്രം

ശബരിമലയില്‍ ‘സ്ത്രീപ്രവാഹം’: 1981ലെ മാതൃഭൂമി റിപ്പോര്‍ട്ട്

 

 

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍