UPDATES

ട്രെന്‍ഡിങ്ങ്

ഞാന്‍ വെറുമൊരു അക്കമല്ല, എന്റെ പേരുറക്കെ പറയുക; ബലാത്സംഗ ഇരകള്‍ക്ക് വേണ്ടി സ്ത്രീകളുടെ കാംപയിന്‍

എന്റെ മേല്‍ ഒരു കൊടുംകുറ്റവാളിയാല്‍ ചെയ്യപ്പെട്ട ഹീനമായ കുറ്റകൃത്യവുമായി എന്റെ അഭിമാനത്തിന് യാതൊരു ബന്ധവുമില്ല.

ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയുടെ പേരും ഫോട്ടോയും പരസ്യപ്പെടുത്തരുതെന്ന കോടതി വിധികളില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളുടെ ക്യാംപയ്ന്‍. #IamNotJustANumber എന്ന ഹാഷ്ടാഗിലാണ് ഒരു കൂട്ടം സ്ത്രീകള്‍ പ്രതിഷേധമാരംഭിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായാല്‍ പേര് പറഞ്ഞ് തന്നെ അഭിസംബോധന ചെയ്യണമെന്നും, നിങ്ങളുടെ കുറ്റകൃത്യങ്ങളുടെ ഡയറക്ടറിയിലെ വെറുമൊരു അക്കമല്ല താനെന്നും ഇവര്‍ പറയുന്നു.

ബലാത്സംഗക്കേസുകളില്‍ ആക്കപ്പെടുന്ന പെണ്‍കുട്ടികളുടെ അന്തസിനെ കരുതി അവരുടെ പേരും ഫോട്ടോയും പരസ്യപ്പെടുത്തരുതെന്നാണ് നിയമം. കത്വയില്‍ വംശീയ ബലാത്സംഗക്കൊലക്ക് ഇരയായ എട്ടുവയസ്സുകാരിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയതിന് മാധ്യമ സ്ഥാപനങ്ങളോട് പത്ത് ലക്ഷം രൂപ പിഴയടയ്ക്കാന്‍ ഈയിടെ കോടതി ആവശ്യപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങളിലും മറ്റും പെണ്‍കുട്ടിയുടെ ഫോട്ടോയും പേരും ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാനും നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ പേരും വിവരങ്ങളും മറച്ച് പിടിക്കേണ്ട രീതിയില്‍ ബലാത്സംഗം സ്ത്രീയുടെ അഭിമാനത്തെ ബാധിക്കുന്നു എന്ന ന്യായീകരണത്തോട്, ഒരു കൊടും കുറ്റവാളി നടത്തുന്ന കുറ്റകൃത്യവുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് കാംപയിന്‍ പറയുന്നത്. മരണ ശേഷം വെറുമൊരു അക്കമാക്കാതെ ബലാത്സംഗത്തോടുള്ള യുദ്ധം തുടരാനായി തന്റെ മുഖം കാണിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

ഡൽഹി ഹൈക്കോടതിയുടെ ഒരു വിധി വന്നതിൻറെയും സുപ്രീം കോടതി നടത്തിയ ഒരു അഭിപ്രായ പ്രകടനത്തിൻറെയും പശ്ചാത്തലത്തിലാണ് ഇത്തരമൊരു ക്യാംപയിന് തുടക്കം കുറിച്ചതെന്ന് മാധ്യമ പ്രവര്‍ത്തക കെ.കെ ഷാഹിന പറയുന്നു. ”ജീവിച്ചിരിക്കുന്ന സർവൈവറുടെ സുരക്ഷയെ കരുതിയാണ് ഐ.പി.സിയിലും പോക്സോ നിയമത്തിലുമൊക്കെ അവരുടെ സ്വകാര്യത അവകാശമാക്കിയിരിക്കുന്നത്. അതേ സമയം ആക്രമിക്കപ്പെട്ട സ്ത്രീക്ക് സമ്മതമാണെങ്കിൽ അവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താനും നിയമത്തിൽ വകുപ്പുകളുണ്ട്. സാമൂഹ്യമായുള്ള പ്രതിബന്ധങ്ങളെ അതിജീവിച്ചു കഴിഞ്ഞാൽ സർവൈവറിന് തന്നെ താൻ അനുഭവിച്ച കാര്യങ്ങൾ തുറന്ന് പറഞ്ഞ് മുന്നോട്ട് വരാനും ഇത് പ്രകാരം സാധിക്കും. എന്നാൽ ബലാത്സംഗം ചെയ്യപ്പെട്ട് മരിച്ചു പോയ ഒരു സ്ത്രീയുടെ കാര്യത്തില്‍ ഇതിനൊന്നും അവസരമില്ല. മാത്രമല്ല കത്വയിലെയും ഉനാവോയിലെയുമൊക്കെ പെൺകുട്ടികളുടെ സാമൂഹ്യവും രാഷ്ട്രീയവുമായ ചുറ്റുപാടുകൾ ചർച്ച ചെയ്യപ്പെടുന്നതിനകത്തും രാഷ്ട്രീയമുണ്ട്. അതിനെയൊക്കെ അദൃശ്യമാക്കാനും ബലാത്സംഗം അഭിമാനക്ഷതമാണെന്ന ആൺകോയ്മയുടെ ന്യായത്തെ ഉറപ്പിക്കാനുമാണ് അവയെ ഒക്കെ മറച്ചു പിടിപ്പിക്കുന്നത്. ദളിത്,മുസ്ലിം സ്ത്രീകളുടെയും, കാശ്മീരിലെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേയും സ്ത്രീകളുടെ കാര്യത്തില്‍ ഒരു രാഷ്ട്രീയ പദ്ധതി ആയിത്തന്നെ ബലാത്സംഗം മാറുന്നുണ്ട്. എല്ലാ സ്ത്രീകളുടേയും ഐഡന്‍റിറ്റി മറച്ച് പിടിക്കേണ്ടതില്ല എന്നതിനൊപ്പം രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായി ബലാല്‍സംഗം ചെയ്ത് കൊല്ലുമ്പോൾ സ്ത്രീകളുടെ പേരും പശ്ചാത്തലവും ചർച്ചക്കെടുക്കേണ്ടത് സവിശേഷമായ പ്രാധാന്യം അർഹിക്കുന്നു.

രേഖാ രാജ്, ലാലി പി.എം, രശ്മി ആർ. നായർ, അപർണ ശിവകാമി, സതി അങ്കമാലി, വീണ ജെ.എസ്, നജ്മ ജോസ്, ഡാലി ഡേവിസ്, മനില സി മോഹന്‍, സെറീന റാഫി, അനുപമ മിലി, റിനി രവീന്ദ്രൻ തുടങ്ങി നിരവധി സ്ത്രീകളാണ് കാംപയിന്‍െ ഭാഗമായി ‘ഞാനൊരു വെറും അക്കമല്ല’ എന്ന് എഴുതി കാർഡുകൾക്കൊപ്പം സ്വന്തം ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിലിടുന്നത്. ഒരു സ്ഥലപ്പേരോ പേര് പറയാത്ത വിശേഷണങ്ങളോ ആക്രമിക്കപ്പെട്ടതിന് ശേഷം തന്നെ സംബോധന ചെയ്യാൻ ഉപയോഗിക്കരുതെന്നും പല ഫേസ്ബുക്ക് പോസ്റ്റുകളും പറഞ്ഞ് വെക്കുന്നു. കാംപയിന്‍ മുന്നോട്ട് വെക്കുന്ന സന്ദേശം താഴെ വായിക്കാം.

കാംപയിന്‍ മുന്നോട്ട് വെക്കുന്ന സന്ദേശം താഴെ വായിക്കാം.

‘ഞാന്‍ ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെടുകയാണെങ്കില്‍ ദയവായി എന്റെ ചിത്രം, പേരുവിവരങ്ങള്‍ എന്നിവ പ്രസിദ്ധപ്പെടുത്തുക. ഞാന്‍ വെറുമൊരു നമ്പറല്ല.

കൊല്ലപ്പെട്ടാല്‍ പോലും റേപ്പിന് ഇരയായവളുടെ നാമം പുറത്തറിയിക്കുന്നതിന്‍ മേല്‍ വിലക്കുമായി ബഹുമാനപ്പെട്ട നിയമസംവിധാനം മുന്നോട്ട് പോകുകയാണെന്ന വാര്‍ത്ത വായിച്ചു. മരണപ്പെട്ട സ്ത്രീക്കും അഭിമാനമുണ്ട് എന്നതാണ് ഇതിനായി കണ്ടെത്തിയിരിക്കുന്ന ന്യായീകരണം.

പുരുഷമേധാവിത്വ ചിന്താഗതിയുടെ ചങ്ങലകളാല്‍ എന്റെ പ്രിയരാജ്യത്തിന്റെ നിയമവ്യവസ്ഥ ഒരിക്കലും ബന്ധിക്കപ്പെടരുതെന്ന് ഞാനാഗ്രഹിക്കുന്നു. എന്റെ മേല്‍ ഒരു കൊടുംകുറ്റവാളിയാല്‍ ചെയ്യപ്പെട്ട ഹീനമായ കുറ്റകൃത്യവുമായി എന്റെ അഭിമാനത്തിന് യാതൊരു ബന്ധവുമില്ല.

ബലാത്സംഗമെന്ന നികൃഷ്ട പ്രവര്‍ത്തിയോടുള്ള ഏറ്റവും കടുത്ത യുദ്ധം എന്റെ മരണശേഷവും തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ മുഖം പൊതുജനങ്ങളുടെ ഓര്‍മ്മയില്‍ നിന്നും മായ്ക്കാന്‍ ഞാന്‍ ഈ സമൂഹത്തെ അനുവദിക്കില്ല. ലോകത്ത് ബാക്കിയുള്ള അത്തരം പുരുഷന്‍മാരില്‍ എന്റെ മുഖം കാണുന്ന ചെറിയ അസ്വസ്ഥതയെങ്കിലും ബാക്കി നിര്‍ത്താതെ സോഷ്യല്‍ മീഡിയയിലും അതുവഴി സമൂഹത്തിലും അവരെ സ്വൈര്യമായി കഴിയാന്‍ ഞാന്‍ അനുവദിക്കില്ല.

എന്റെ മരണശേഷം എന്നെ എങ്ങനെയാണ് നിങ്ങള്‍ അഭിസംബോധന ചെയ്യാന്‍ പോകുന്നത്? എനിക്കായുള്ള നീതിയുടെ ഭാഗം എവിടെയാണ്? എന്റെ മരണാനന്തരം എങ്ങനെയാണ് എന്നെ നിങ്ങള്‍ അടയാളപ്പെടുത്താന്‍ പോകുന്നത്? ഞാന്‍ വെറുമൊരു സംഖ്യയാണെന്നോ? ദിനേന ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെടുന്ന നൂറു കണക്കിന്, ആയിരക്കണക്കിന് പേരില്‍ ഏതോ ഒരാള്‍?

എനിക്ക് സമ്മതമല്ല ! നിങ്ങളുടെ കുറ്റകൃത്യ ഡയറക്ടറിയിലെ മറ്റൊരു നമ്പറല്ല ഞാന്‍. ഞാനിവിടെ രക്തവും മാംസവുമുള്ള ഒരു ശരീരമായി ജീവിച്ചിരുന്നു. എനിക്ക് കുടുംബമുണ്ടായിരുന്നു, സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. നിങ്ങളുടെ തന്നെ കൂട്ടത്തിലുള്ള പുരുഷന്‍മാരാണ് എന്റെ ജീവന്‍ പറിച്ചെറിഞ്ഞത്. ഈ കുറ്റകൃത്യത്തില്‍ നിങ്ങളും തുല്യപങ്കാളിയാണ്. ഇപ്പോള്‍, എന്നെ ലോകം മറക്കണമെന്ന് നിങ്ങള്‍ ആവശ്യപ്പെടുന്നുവോ? ഞാന്‍ അതിനെതിരെ ശക്തമായി പൊരുതുക തന്നെ ചെയ്യും.

എന്റെ പേരുവിവരങ്ങള്‍ പുറത്ത് വിടണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ മറ്റൊരാളെ ഞാന്‍ അനുവദിക്കില്ല. എന്റെ അഭിമാനത്തെ അളക്കാനുള്ള അര്‍ഹതയും മറ്റൊരാള്‍ക്ക് ഞാന്‍ കൈമാറിയിട്ടില്ല. നിങ്ങളുടെ അഭിമാനത്തിന്റെ നിര്‍വചനങ്ങള്‍ തുലയട്ടെ.

ഇതെന്റെ സഹോദരിമാര്‍ക്ക് വേണ്ടിയുള്ള ഉറച്ച ആഹ്വാനമാണ്. തെരുവുകളില്‍ എന്റെ പേര് ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞു കൊള്ളുക, എന്റെ ചിത്രം ധൈര്യമായി ഏന്തിക്കൊള്ളുക, പ്രക്ഷോഭങ്ങളുയര്‍ത്തുക. നമുക്ക് ഏവര്‍ക്കും നീതി ലഭിക്കും വരെ… അതിനൊരു നിമിത്തമാകാന്‍ എന്റെ മുഖമുണ്ടാകും, എന്റെ ആത്മാവുണ്ടാകും…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍