UPDATES

കാലുകൊണ്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി കൊച്ചുബാലന്‍; ‘പഠിച്ച് ഉയരങ്ങളിലെത്താന്‍ എന്നെ സഹായിക്കണം സാര്‍. ജന്മനാ ഇരുകൈകളും ഇല്ലാത്തവനാണ്’

ശാരീരിക വെല്ലുവിളികള്‍ ചൂണ്ടിക്കാണിച്ചു മുഹമ്മദ് ആസിം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വെളിമണ്ണ ഗവ. മാപ്പിള എല്‍ പി സ്കൂള്‍ യു പി സ്കൂള്‍ ആയി ഉയര്‍ത്തി കൊടുത്തത്

‘പഠിച്ച് ഉയരങ്ങളിലെത്താന്‍ എന്നെ സഹായിക്കണം സാര്‍. ഞാന്‍ ജന്മനാ ഇരുകൈകളും ഇല്ലാത്തവനാണ് സാര്‍. എന്റെ കാലിന്നും വൈകല്യങ്ങളുണ്ട്. എനിക്ക് സ്വന്തമായി സ്‌കൂളില്‍ പോവാനോ പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനോ കഴിയില്ല. എനിക്ക് ഭക്ഷണം തരാനും പ്രാഥമിക കാര്യങ്ങള്‍ ചെയ്ത് തരാനും ദിവസവും ഇടക്കിടെ എന്റെ ഉമ്മ സ്‌കൂളില്‍ എത്തിയേ തീരൂ… എന്റെ പ്രയാസം മനസ്സിലാക്കി ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തുടര്‍പഠനത്തിന് വേണ്ടി സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ യുപി സ്‌കൂളായി അപ്‌ഗ്രേഡ് ചെയ്തു തന്നിരുന്നു. അതിനാല്‍ എനിക്ക് ഏഴാംക്ലാസ് വരെ പഠിക്കാന്‍ സാധിച്ചു. എട്ടാം ക്ലാസ്സില്‍ പഠിക്കാനുള്ള സൗകര്യം യുപി സ്‌കൂളായ ഈ വിദ്യാലയത്തിലില്ല. ആറ് കിലോമീറ്ററില്‍ അധികം യാത്രചെയ്ത് അടുത്തുള്ള ഹൈസ്‌കൂളിലേക്ക് പോവാന്‍ എനിക്ക് സാധ്യവുമല്ല. പഠിച്ച് ഉയരണമെന്നുള്ള എന്റെ മോഹം അസ്തമിക്കുകയും ചെയ്യും. ആയതിനാല്‍ എന്റെ ഈ വിഷമം മനസ്സിലാക്കി മാനുഷിക പരിഗണന വച്ച് 94 വര്‍ഷം പഴക്കമുള്ള എന്റെ ഈ സര്‍ക്കാര്‍ വിദ്യാലയം ഒരു ഹൈസ്‌കൂളായി ഉയര്‍ത്തുകയാണെങ്കില്‍ എന്റെ തുടര്‍പഠനമെന്നുള്ള സ്വപ്‌നം പൂവണിയും. എന്റെ ഈ സങ്കടത്തോട് കൂടിയുള്ള അപേക്ഷ തള്ളിക്കളയില്ലെന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം ഒരു കൊച്ചുമകന്‍.
എന്ന് മുഹമ്മദ് ആസിം.പി’

‘പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ സാര്‍ അറിയാന്‍ വെളിമണ്ണ ജിഎംയുപി സ്‌കൂള്‍ ഏഴാംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ആസിം.പി’ എഴുതിയ കത്താണിത്.

12 വയസ്സുള്ള, കണ്ടാല്‍ നാലോ അഞ്ചോ വയസ്സ് മാത്രം തോന്നിക്കുന്ന ഒരു കൊച്ചുകുട്ടി ഇങ്ങനെയൊരു കത്ത് സ്വന്തം ‘കാല്‍പ്പട’യില്‍ എഴുതുമോയെന്ന് പലര്‍ക്കും സംശയം തോന്നിയേക്കാം. പക്ഷെ ആസിമിനോട് സംസാരിച്ചാല്‍ ആ സംശയം പാടെ ഇല്ലാതാവും. ‘ഇത് എനിക്ക് നേടണം. നേടിയെടുക്കാതെ പിന്നോട്ടില്ല. എനിക്ക് പഠിക്കണം. എന്നെം കൊണ്ട് ഏറെ നടക്കാനൊന്നും ഉപ്പക്കും ഉമ്മാക്കും കഴിയില്ല. ഇത് എന്റെ മാത്രം ആവശ്യല്ല. നാടിന്റെ മുഴുവന്‍ ആവശ്യാണ്.’ നാവിനെയടക്കം പിന്തള്ളുന്ന ശാരീരിക വൈകല്യങ്ങളാല്‍ ആസിമിന്റെ സംസാരം അതേപടി മനസ്സിലാക്കാന്‍ സമയമെടുത്തു. എന്നാല്‍ അത് പറയുമ്പോള്‍ അവന്റെയുള്ളിലുണ്ടായിരുന്ന ആത്മവിശ്വാസവും, ഊര്‍ജ്ജവും, കൃത്യതയും, പ്രതീക്ഷയുമെല്ലാം വളരെ വ്യക്തമായിരുന്നു. ‘ഇത്രത്തോളം എത്തിയില്ലേ. ഇനി അത് സാധിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.’ ആസിം തുടര്‍ന്നു.

ആസിം ഇപ്പോള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. കോഴിക്കോട് ഓമശേരി പഞ്ചായത്തിലെ വെളിമണ്ണ ഗവ. മാപ്പിള യുപി സ്‌കൂളിലെ വിദ്യാര്‍ഥി. ചുരുക്കത്തില്‍ ഏഴാം ക്ലാസ് പഠനം പൂര്‍ത്തിയായി. ഇനി ഹൈസ്‌കൂള്‍ പഠനം തുടങ്ങണം. മറ്റ് കുട്ടികളെപ്പോലെ നാട്ടിലുള്ള ഏതെങ്കിലും ഹൈസ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാം. പക്ഷെ അതിന് ആസിമിനെ തടയുന്ന ചിലതുണ്ട്. ‘മറ്റുകുട്ടികളെപ്പോലെ’ അല്ല ആസിം എന്നത് തന്നെയാണ് പ്രശ്‌നം. ജന്മനാ രണ്ട് കൈകളില്ല, കാലുകള്‍ ഉപയോഗിച്ചാണ് എഴുതുന്നതും ഭക്ഷണം കഴിക്കുന്നതുമുള്‍പ്പെടെ. പക്ഷെ ഏറ്റക്കുറച്ചിലുള്ള കാലുകളും അവന്റെ ആഗ്രഹത്തിനൊത്ത് നില്‍ക്കില്ല. ചെവിയുണ്ട്, പക്ഷെ കേള്‍വിക്കും പരിമിതികള്‍. നാവ് പുറത്തേക്ക് നീട്ടാനാവില്ല, കുറുനാക്കിനും താടിയെല്ലിനും ഉള്‍പ്പെടെ പാകപ്പിഴകള്‍. പ്രാഥമികാവശ്യം നിറവേറ്റുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമുള്‍പ്പെടെ ഒരാളുടെ സഹായം എപ്പോഴും ആവശ്യം. ഇപ്പോള്‍ പഠിക്കുന്ന വെളിമണ്ണ ജിഎംയുപി സ്‌കൂളിന് 200 മീറ്റര്‍ മാറിയാണ് ആസിമിന്റെ വീട്. ദിവസവും രാവിലെയും വൈകിട്ടും ആസിമിനെ എടുത്തുകൊണ്ട് ഉപ്പ മുഹമ്മദ് ഷഹീദ് സ്‌കൂളിലേക്കും തിരികെ വീട്ടിലേക്കും എത്തിക്കുന്നു. ഉപ്പയും ഉമ്മ ജംഷീനയും സ്‌കൂളിലെ അധ്യാപകരുടേയോ, ആസിമിന്റെ തന്നെയോ വിളിപ്പുറത്ത് എപ്പോഴുമുണ്ടാവും. ആസിം സ്‌കൂളില്‍ ചേരുന്ന സമയം അത് എല്‍പി സ്‌കൂളായിരുന്നു. നാലാം ക്ലാസ് കഴിഞ്ഞപ്പോള്‍ മറ്റ് സ്‌കൂളുകളിലേക്ക് പോയി തുടര്‍പഠനം വേണമെന്ന് വന്നതോടെ പഠനം നിര്‍ത്തേണ്ടി വരുമെന്ന അവസ്ഥയിലായി. പക്ഷെ ആസിം അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഒരു നിവേദനം നല്‍കി. തന്റെ ശാരീരിക വിഷമതകള്‍ നിരത്തിക്കൊണ്ട്, തനിക്ക് തുടര്‍ വിദ്യാഭ്യാസം ചെയ്യാന്‍ എല്‍പി സ്‌കൂളിലെ യുപി സ്‌കൂളാക്കണമെന്നായിരുന്നു ആസിമിന്റെ ആവശ്യം. ആസിമിന് വേണ്ടി അത് അനുവദിക്കപ്പെട്ടു. അങ്ങനെ ജിഎംഎല്‍പി സ്‌കൂള്‍ ജിഎംയുപി സ്‌കൂളായി. പിന്നീട് മൂന്ന് വര്‍ഷത്തെ പഠനം സുഗമമായി മുന്നോട്ട് പോവുമ്പോഴാണ് അതേ പ്രതിസന്ധി വീണ്ടും മുന്നിലെത്തിയത്. ഏഴാം ക്ലാസ് കഴിഞ്ഞാല്‍ ആ സ്‌കൂളില്‍ പഠിക്കാനാവില്ല. അങ്ങനെയാണ് യുപി സ്‌കൂളിനെ ഹൈസ്‌കൂളാക്കി ഉയര്‍ത്തിത്തരണമെന്ന് അഭ്യര്‍ഥിച്ച് ആസിം തന്നെ വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ അരികിലെത്തുന്നത്.

ആസിമിന്റെ ഉപ്പ മുഹമ്മദ് ഷഹീദ് പറയുന്നു, ‘ഭാര്യ നാലാം മാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ കുട്ടിക്ക് വൈകല്യങ്ങളുണ്ടാവുമെന്ന് സ്‌കാനിങ്ങിന് ശേഷം ഡോക്ടര്‍ പറഞ്ഞതാണ്. അബോര്‍ഷന്‍ വേണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. പക്ഷെ ജീവനുള്ള ഒരു കുഞ്ഞിനെ കൊന്നുകളയാന്‍ മനസ്സനുവദിച്ചില്ല. അങ്ങനെയാണ് ആസിം ഞങ്ങളുടെ മൂത്തകുട്ടിയായി ജനിക്കുന്നത്. ആസിമിന് പല പരിമിതികളുമുണ്ട്. അവനെയും കൊണ്ട് നടന്ന് ഈ ആവശ്യം ഉന്നയിക്കുമ്പോള്‍ സിമ്പതി കിട്ടാന്‍ വേണ്ടിയാണെന്നാണ് ചിലര്‍ പറയുന്നത്. പക്ഷെ സിമ്പതി ഞങ്ങള്‍ക്ക് വേണ്ട. അവന് പഠിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് മാത്രമാണ് ആവശ്യം. പരിമിതികള്‍ക്കുള്ളിലും എഴുതുകയും വായിക്കുകയും പഠിക്കുകയും ചിത്രം വരക്കുകയുമൊക്കെ ചെയ്യുന്ന കുട്ടിയാണ് ആസിം. അവന് പഠിക്കണം, അതിനായി വീടിനടുത്തുള്ള ഈ സ്‌കൂളില്‍ തന്നെ സൗകര്യമൊരുക്കാന്‍ പോരാടണമെന്ന് ആവശ്യപ്പെടുമ്പോള്‍ ഒരു പിതാവ് എന്ന നിലക്ക് എനിക്കത് കേള്‍ക്കാതിരിക്കാനോ, വേണ്ടെന്ന് പറയാനോ പറ്റുമോ. ‘ഉപ്പാ ഇത് നമ്മള്‍ നേടണം, നമുക്ക് അതിനാവും’ എന്ന് എന്നോട് പറയുന്ന മകനോട് പറ്റില്ല എന്ന് പറയാന്‍ പറ്റുമോ. സാധാരണഗതിയില്‍ ഇപ്പോള്‍ സര്‍ക്കാര്‍ പുതിയ സ്‌കൂളുകള്‍ അനുവദിക്കാറില്ല. ഇക്കാലത്തിനിടയില്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതരേയും ജനപ്രതിനിധകളേയുമൊക്കെ കണ്ടു. അവരെല്ലാം കൂടെയുണ്ട്. പക്ഷെ മോനെ ഇവിടെ തന്നെ പഠിപ്പിക്കാന്‍ പറ്റുമോ എന്ന് ഇനിയും അറിയില്ല. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌കൂളുകള്‍ ഇല്ലെങ്കില്‍ പുതിയത് അനുവദിക്കാമെന്നാണ്. ഇത് ആസിമിന്റെ മാത്രം പ്രശ്‌നവുമല്ല. ഇത് മലയോര ഗ്രാമമാണ്. ന്യൂനപക്ഷ സമുദായങ്ങളും പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികളുമുണ്ട്. അവര്‍ക്കെല്ലാം ഇത് ഒരു ആവശ്യമാണ്. രണ്ട് എയ്ഡഡ് ഹൈസ്‌കൂളുകളാണ് ഞങ്ങള്‍ക്ക് അടുത്തുള്ളത്. ഒന്ന് അഞ്ച് കിലോമീറ്ററും മറ്റൊന്ന് ഏഴ് കിലോമീറ്ററുകളുമപ്പുറത്താണ്. സാധാരണ ഇവിടുത്തെ ഒരു വിദ്യാര്‍ഥിക്ക് അത്രദൂരം യാത്രചെയ്തിട്ടാണ് പഠിക്കേണ്ടി വരുന്നത്. ഇതെല്ലാം കണക്കിലെടുത്ത് സ്‌കൂളിനെ ഹൈസ്‌കൂളാക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നതാണ് അപേക്ഷ. മോന്റെ കാര്യം സ്‌പെഷ്യല്‍ കേസ് ആയി പരിഗണിച്ച്, ഇവിടെ സ്‌കൂള്‍ അനുവദിക്കാമെന്നാണ് എല്ലാവരും പറയുന്നത്. പക്ഷെ അതിന് സര്‍ക്കാര്‍ കനിയണം.’

12,000 രൂപ മാസവരുമാനമുള്ള മദ്രസ്സ അധ്യാപകനാണ് മുഹമ്മദ് ഷഹീദ്. ആസിം ഉള്‍പ്പെടെ അഞ്ച് മക്കളാണ് ഷഹീദിനും ഭാര്യ ജംഷീനയ്ക്കും. ആസിമിനെ മറ്റൊരു സ്‌കൂളില്‍ പഠിക്കാനയക്കണമെങ്കില്‍ വാഹനചെലവ് തന്നെ അയാളുടെ വരുമാനത്തോളം വരും. കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള സ്‌കൂളുകളില്‍ മകനെ പഠിക്കാനയച്ചാല്‍ അവന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തങ്ങള്‍ക്ക് എങ്ങനെ എത്തിപ്പെടാനാവുമെന്നതും ഷഹീദിനെ വലക്കുന്ന ചോദ്യമാണ്. അതിനാല്‍ സര്‍ക്കാര്‍ യുപി സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചില്ലെങ്കില്‍ മകന്റെ പഠിപ്പ് അവസാനിച്ചുപോവുമെന്ന ഭയവും ഈ കുടുംബത്തിനുണ്ട്. ആസിമിന് പഠിക്കാനായി സൗകര്യം ചെയ്തുകൊടുക്കണമെന്ന് വാദിക്കുകയും കൂടെ നില്‍ക്കുകയും ചെയ്യുന്ന സ്‌കൂള്‍ അധികൃതരും, പിടിഎ പ്രസിഡന്റും, നാട്ടുകാരുമുള്‍പ്പെടുന്നവരാണ് ഷഹീദിന് ഇന്ന് ആശ്വാസം. ഒരു മാസത്തിന് മുമ്പ് സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ആസിം കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണയിരുന്നപ്പോള്‍ ഓമശേരി ഗ്രാമം മുഴുവന്‍ അവനൊപ്പം സമരത്തില്‍ അണിചേര്‍ന്നു. ആസിമിന്റെ ആവശ്യം നാട്ടുകാരുടെ മുഴുവന്‍ ആവശ്യമാണെന്ന് സമരത്തിലൂടെ അവര്‍ ബോധ്യപ്പെടുത്തി.

പിടിഎ പ്രസിഡന്റും സ്‌കൂള്‍ അപ്ഗ്രഡേഷന്‍ ആക്ഷന്‍ കമ്മറ്റി ട്രഷററുമായ കെ.മുഹമ്മദ് അബ്ദുറഷീദ് സംസാരിക്കുന്നു, ‘വെളിമണ്ണ സ്‌കൂളിനെ ഹൈസ്‌കൂളാക്കി ഉയര്‍ത്തിയാല്‍ അത് ആസിമിന് മാത്രമല്ല പഞ്ചായത്തിലെ മറ്റ് കുട്ടികള്‍ക്കും ഗുണം ചെയ്യും. യുപി സ്‌കൂളില്‍ നിലവില്‍ 17 ക്ലാസ് മുറികളുണ്ട്. ഹൈസ്‌കൂളാക്കി ഉയര്‍ത്തിയാലും എട്ട്, ഒമ്പത് ക്ലാസ്സുകള്‍ നടത്താനുള്ള മുറികള്‍ നിലവില്‍ ഇവിടെയുണ്ട്. താല്‍ക്കാലികമായാണെങ്കിലും ക്ലാസ് മുറികള്‍ നല്‍കാന്‍ വെളിമണ്ണ മദ്രസ്സ തയ്യാറാണ്. ഗ്രാമപഞ്ചായത്തിന്റെ കയ്യിലുള്ള സ്‌കൂളിനോട് ചേര്‍ന്ന മൈതാനം സ്‌കൂളിന് നല്‍കാന്‍ പഞ്ചായത്തും തയ്യാറാണ്. ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിന് പ്രമേയം പാസ്സാക്കുകയും ചെയ്തിട്ടുള്ളതാണ്. സ്ഥലം എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച അമ്പത് ലക്ഷം രൂപക്ക് ഇപ്പോള്‍ കെട്ടിടനിര്‍മ്മാണ ജോലികള്‍ നടന്നുവരികയാണ്. കെ.കെ.രാഗേഷ് എംപിയുടെ ഫണ്ടുപയോഗിച്ച് സ്മാര്‍ട്ക്ലാസ്‌ റൂമുകളുടെ പണിയും പുരോഗമിക്കുകയാണ്. സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായി പ്രദേശവാസികള്‍ ഉള്‍പ്പെടെ തയ്യാറാണ്. സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മാത്രം മതി. ആസിമിന് വേണ്ടി സ്ഥലം വിട്ടുനല്‍കാനും കെട്ടിടം സ്വന്തം നിലക്ക് നിര്‍മ്മിച്ചുകൊടുക്കാനുമെല്ലാം നാട്ടുകാര്‍ തയ്യാറായി നില്‍ക്കുകയാണ്. അസിമിനൊപ്പം നാട്ടുകാര്‍ മുഴുവനുണ്ട്. 12,000 രൂപയ്ക്ക് ഖുര്‍ആന്‍ പഠിപ്പിക്കുന്ന അധ്യാപകന് ദൂരെസ്ഥലത്തുള്ള സ്‌കൂളിലേക്ക് എല്ലാദിവസവും ആസിമിനെ വാഹനത്തിലെത്തിക്കാനുള്ള നിവൃത്തിയില്ല. രണ്ട് ആസിമിന് പരസഹായം എപ്പോഴും ആവശ്യമാണ്. ജിഎംയുപി സ്‌കൂളിലാണെങ്കില്‍ അവനെ അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമെല്ലാം നന്നായി അറിയാം. അവരെല്ലാം അവനെ എല്ലാത്തിലും സഹായിക്കുകയും ചെയ്യും. ഞങ്ങള്‍ കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ കോമ്പൗണ്ടില്‍ കപ്പകൃഷി നടത്തിയിരുന്നു. വിളവെടുപ്പ് കഴിഞ്ഞ് സ്‌കൂളില്‍ കപ്പയും പോത്തിറച്ചിയുമായി എല്ലാവര്‍ക്കും നല്‍കി. ആസിം സാധാരണ സ്പൂണ്‍ കൊണ്ട് ഭക്ഷണം കഴിക്കും. പക്ഷെ കപ്പ സ്പൂണ്‍ കൊണ്ട് പൊട്ടിച്ച് കഴിക്കാന്‍ കഴിയില്ലല്ലോ. മറ്റു കുട്ടികള്‍ അത് പൊട്ടിച്ച് അവന് വായില്‍ വച്ച് കൊടുക്കുന്നത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞുപോയി. അതുപോലെ അവനോട് അടുപ്പം കാണിക്കുന്നവരുടെ കൂട്ടത്തില്‍ നിന്ന് ആസിമിനെ അകറ്റാതിരിക്കാന്‍ സര്‍ക്കാരും അധികാരികളും ശ്രമിക്കണം.’

ഇതിനിടെ ഏഴാംക്ലാസ് വിദ്യാര്‍ഥിയായിരിക്കെ സര്‍ക്കാരിന്റെ ‘ഉജ്ജലബാല്യം’ പുരസ്‌കാരത്തിനും ആസിം അര്‍ഹനായി. വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന അഞ്ചിനും പതിനെട്ടിനുമിടയില്‍ പ്രായമുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വനിതാ ശിശു വികസന വകുപ്പാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. മന്ത്രി കെകെ ഷൈലജയുടെ കൈകളില്‍ നിന്ന് പുരസ്‌കാരം വാങ്ങുമ്പോഴും ആസിമിന് ആവശ്യപ്പെടാനുണ്ടായിരുന്നത് പഠിക്കുന്ന സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്ത് തനിക്ക് പഠിക്കാനുള്ള അവസരം നല്‍കണമെന്നായിരുന്നു. കഴിഞ്ഞ ദിവസം ആസിമിന് പഠിക്കാനായി സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാരിനോട് ഇക്കാര്യം പരിഗണിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശം. അത്യപൂര്‍വ്വ ഭിന്നശേഷിക്കാരനായ മുഹമ്മദ് ആസിമിന്റേയും നിര്‍ധനരായ പട്ടികവിഭാഗങ്ങളിലുള്ള കുട്ടികളുടേയും പഠനം തടസ്സപ്പെടാതിരിക്കാനായി സ്‌കൂളില്‍ ഇക്കൊല്ലം തന്നെ എട്ടാംക്ലാസ്സുകൂടി ഉള്‍പ്പെടുത്തി അപ്‌ഗ്രേഡ് ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ഇതൊരു പ്രത്യേക കേസായി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സൗജന്യവും നിര്‍ബന്ധിതവുമായി വിദ്യാഭ്യാസമെന്ന ഭരണഘടനയിലെ ഇരുപത്തിയൊന്നാം വ്യവസ്ഥയുടെ ലംഘനമാണ് ആസിമിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ കമ്മീഷന്റെ ഈ തീരുമാനം വന്നതോടെ തനിക്ക് പഠനം തുടരാനുള്ള സൗകര്യം ലഭിച്ചു എന്ന ആത്മവിശ്വാസത്തിലാണ് കുഞ്ഞ് ആസിം.

എന്നാല്‍ ആസിമിന്റെ ആവശ്യം അത്രവേഗം നടപ്പിലാക്കാവുന്ന കാര്യമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നത്. ഡിപിഐ കെവി മോഹന്‍കുമാര്‍ ഇക്കാര്യത്തില്‍ ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് തേടിയതായി അറിയിച്ചു. എന്നാല്‍ സ്‌കൂള്‍ അനുവദിക്കുന്ന കാര്യം നിലവില്‍ നടപ്പാക്കാനാകില്ലെന്ന നിലപാടിലാണ് ഡിഡിഇ ഇ.കെ സുരേഷകുമാര്‍. ‘ഇതിനുള്ള സാധ്യതകള്‍ പരിശോധിച്ചു. പക്ഷെ നിലവില്‍ അതിനുള്ള സാധ്യതയില്ല. സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ സ്‌കൂളുകള്‍ അനുവദിക്കുന്നില്ല. വെളിമണ്ണ സ്‌കൂളിലെ ഹൈസ്‌കൂളാക്കി ഉയര്‍ത്തുമ്പോള്‍ അധ്യാപകരെ നിയമിക്കുന്നതടക്കം നിരവധി ജോലികളുണ്ട്. പക്ഷെ ആസിമിന് മറ്റ് സ്‌കൂളുകളില്‍ പോയി പഠിക്കുന്നതിന് വാഹനചെലവ് നല്‍കുന്നതുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിനാവും. അതാണ് നിലവിലുള്ള പോംവഴി.’

ശക്തമായ സമരവും പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോവാനാണ് ആസിമിന്റേയും കുടുംബത്തിന്റെയും നാട്ടുകാരുടേയും തീരുമാനം. ‘ഞങ്ങള്‍ ഒന്ന് തളര്‍ന്നാലും അവന്‍ തളരില്ല. നടക്കും എന്ന് പറഞ്ഞ് ഞങ്ങളേയും ഉഷാറാക്കും. മനുഷ്യാവകാശ കമ്മീഷനും കൂടി പറഞ്ഞ സ്ഥിതിക്ക് ഇപ്പോഴും ഞങ്ങളുടെ ആവശ്യം നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.’ അബ്ദുറഷീദ് പറഞ്ഞു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍