UPDATES

ട്രെന്‍ഡിങ്ങ്

‘എനിക്ക് ആരുടേയും സര്‍ട്ടിഫിക്കറ്റ് വേണ്ട, അംഗീകരിക്കാനാവാത്ത സത്യം പറയുന്നവരെ തേജോവധം ചെയ്യുകയാണ് അവര്‍ക്ക് മുന്നിലുള്ള വഴി’; രാജി വച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍

“ഇതാണ്‌ രാജ്യത്തിന്‌ നല്ലതെന്ന്‌ നമുക്ക്‌ ഒരു കാര്യത്തെക്കുറിച്ച്‌ ഉത്തമബോധ്യമുണ്ടായിട്ടും അത്‌ ചെയ്യാതിരിക്കുന്നതാണ്‌ എന്നെ സംബന്ധിച്ചിടത്തോളം രാജ്യദ്രോഹം”

രാജ്യത്തിന്റെ നിലവിലുള്ള സാഹചര്യത്തില്‍ സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താൻ സാഹചര്യമില്ലെന്നു ചൂണ്ടിക്കാട്ടി സിവില്‍ സര്‍വീസില്‍ നിന്ന് രാജിവച്ച മലയാളി ഉദ്യോഗസ്ഥനാണ് കണ്ണൻ ഗോപിനാഥൻ. ദാദ്ര ആന്‍ഡ് നാഗർ ഹവേലി അഡ്മിനിസ്‌ട്രേഷന് കീഴിലെ നഗരവികസന വകുപ്പ് ഉള്‍പ്പെടെ കൈകാര്യം ചെയ്തിരുന്ന കണ്ണന്‍ ഓഗസ്ത് 21ന് തന്റെ രാജിക്കത്ത് നല്‍കുകയായിരുന്നു. ഇതിനു പിന്നാലെ ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണറും 2009 കർണാടക കേഡർ ഐഎഎസ് ഓഫീസറുമായ എസ് ശശികാന്ത് സെന്തിലും രാജി വെച്ചിരുന്നു. ജനാധിപത്യത്തിന്റെ അടിത്തറ തകർന്നുകൊണ്ടിരിക്കുമ്പോൾ സിവിൽ സർവീസിൽ തുടരുക അധാർമികമാണെന്ന് ശശികാന്ത് സെന്തിൽ പറയുന്നത്. രാജ്യത്തിന്റെ ഭാവിയിൽ ഇനി വരാനിരിക്കുന്നത് കൂടുതൽ വെല്ലുവിളികളാണെന്നും ഈ സമയത്ത് സിവിൽ സർവീസിന് പുറത്ത് നിൽക്കുന്നതാണ് നല്ലതെന്നും സെന്തിൽ തന്റെ രാജിക്കത്തിൽ പറയുകയുണ്ടായി. കാശ്മീരിന് പ്രത്യേകാവകാശം നല്‍കുന്ന ഭരണഘടനയുടെ 370-ആം വകുപ്പ് എടുത്തുകളഞ്ഞതും കാശ്മീരില്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ വീട്ടുതടങ്കലില്‍ ആക്കിയതും വാര്‍ത്താവിനിമയ ബന്ധങ്ങള്‍ മുഴുവന്‍ ഇല്ലാതാക്കിയതുമാണ് ഇരുവരെയും തങ്ങളുടെ തീരുമാനത്തിലേക്ക് എത്തിച്ചത്.

എന്നാല്‍ ഒരു വിഭാഗം മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും കണ്ണന്‍ ഗോപിനാഥിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇത്തരം കാര്യങ്ങളോട് കണ്ണന്‍ ഗോപിനാഥന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്: “നമ്മളോടുള്ള വിരോധം കൊണ്ടല്ല ഇത്തരം വിമർശം. അവർക്ക്‌ അംഗീകരിക്കാനാവാത്ത സത്യം പറയുകയോ അവർ അത്രയും അംഗീകരിക്കുന്ന ഒരു സത്യത്തെ ചോദ്യം ചെയ്യുകയോ ചെയ്യുന്നവരെ തേജോവധം ചെയ്യുകയെന്ന പോംവഴി മാത്രമാണ്‌ അവർക്ക്‌ മുന്നിലുള്ളത്‌. ആദ്യം കമ്മി, കൊങ്ങി, സംഘി അങ്ങനെ എന്തെങ്കിലും ഒക്കെ വിളിക്കും. പിന്നെ അപവാദപ്രചരണങ്ങൾ. ‘ഞാൻ കേരളത്തിൽ വന്നത്‌ അനുമതി വാങ്ങാതെയാണ്‌’, ‘ജോലിയിൽ നിന്നും മുങ്ങി നടന്നവനാണ്‌’, ‘അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥനാണ്‌’–- എന്നൊക്കെ . എന്നെ അപകീർത്തിപ്പെടുത്തിയാൽ മാത്രമേ ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാതിരിക്കാൻ പറ്റൂ എന്ന ബോധ്യമാണ്‌ ഇതിന്റെ അടിസ്ഥാനം. അതല്ലെങ്കിൽ, അവർക്ക്‌ അതിനുത്തരം കണ്ടുപിടിക്കേണ്ടി വരും. അത്‌ വളരെ പ്രയാസമാണ്‌. പ്രയാസമുള്ള പണിക്ക്‌ പകരം എളുപ്പമുള്ള പണി ചെയ്‌താൽ അസൗകര്യങ്ങൾ ഒഴിവാക്കാമല്ലോ? നമുക്ക്‌ അപവാദങ്ങളെ പേടിയാണ്‌. സൽപ്പേര്‌ ഇല്ലാതായാൽ നമ്മൾ ഇല്ലാതാകും. പറയാനുള്ള അവകാശത്തെ ഇല്ലാതാക്കാനാവില്ല. അപവാദങ്ങൾ എന്നെ ബാധിച്ചിട്ടേയില്ല. എനിക്ക്‌ നല്ല ആത്മവിശ്വാസമുണ്ട്‌. ഞാൻ ആരാണെന്നും എന്താണെന്നും എനിക്ക്‌ നന്നായറിയാം. ആരുടെയും സർട്ടിഫിക്കറ്റ്‌ വേണ്ട. രാജിവയ്‌ക്കാനുള്ള ധൈര്യത്തിന്‌ പിന്നിലെ കാരണവും മറ്റൊന്നല്ല”.

ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറയുന്നത്.

Also Read: “ചങ്ങല പൊട്ടിക്കാനുണ്ടായിരുന്നു, പൊട്ടിച്ചു, ഭാവി തീരുമാനിച്ചില്ല”: അഭിപ്രായ സ്വാതന്ത്ര്യത്തിനായി ഐഎഎസില്‍ നിന്ന് രാജി വച്ച കണ്ണന്‍ ഗോപിനാഥന്‍ സംസാരിക്കുന്നു

സംഘപരിവാര്‍ അനുകൂലികളില്‍ നിന്ന് രാജ്യദ്രോഹി എന്ന പേരും ഇദ്ദേഹത്തിനു മേല്‍ ചാര്‍ത്തപ്പെട്ടു. അതിനെക്കുറിച്ച് കണ്ണന്‍ ഗോപിനാഥന്‍ അഭിമുഖത്തില്‍ പറയുന്നത് ഇങ്ങനെയാണ്: “ഇതാണ്‌ രാജ്യത്തിന്‌ നല്ലതെന്ന്‌ നമുക്ക്‌ ഒരു കാര്യത്തെക്കുറിച്ച്‌ ഉത്തമബോധ്യമുണ്ടായിട്ടും അത്‌ ചെയ്യാതിരിക്കുന്നതാണ്‌ എന്നെ സംബന്ധിച്ചിടത്തോളം രാജ്യദ്രോഹം. നിങ്ങൾ തൊഴിലെടുക്കുന്നത്‌ ഏത്‌ മേഖലയിലായാലും അവിടെ പരാമവധി മികവ്‌ പുലർത്തിയാൽ, അതാണ്‌ യഥാർഥ രാജ്യസ്‌നേഹം. പത്രപ്രവർത്തകന്റെ തൊഴിലെന്താണ്‌? സത്യം കണ്ടെത്തുക, അത്‌ ജനങ്ങളെ അറിയിക്കുക. ബ്യൂറോക്രസിയിൽ ഇരുന്ന്‌ ജനോപകാരപ്രവൃത്തികൾ ചെയ്യുക എന്നതായിരുന്നു എന്റെ ദൗത്യം. അതിന്‌ വേണ്ടിയാണ്‌ സർവീസിൽ ചേർന്നത്‌. അതിനുശേഷം പോസിറ്റീവായ കുറച്ച്‌ കാര്യങ്ങൾ ചെയ്യാൻ സാധിച്ചു. പക്ഷേ അപ്പോഴാണ്‌ അഭിപ്രായസ്വാതന്ത്ര്യം പോലെ കൂടുതൽ ഗുരുതരമായ മറ്റ്‌ വിഷയങ്ങൾ മുന്നിൽ വരുന്നത്‌. ഞാനിന്ന്‌ പ്രതികരിച്ചില്ലെങ്കിൽ നാളെ ഈ വിഷയത്തിൽ ഒരാൾ പോലും പ്രതികരിച്ചില്ലെന്ന്‌ ചരിത്രം രേഖപ്പെടുത്തും.”

Also Read: ‘രാജ്യം നേരിടാൻ പോവുന്നത് വലിയ വെല്ലുവിളികൾ, ഇനിയും തുടരുന്നത് അധാർമികം’; ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജി വച്ചു

കാശ്മീര്‍ വിഷയത്തോട് അദ്ദേഹം പ്രതികരിക്കുന്നത് ഇങ്ങനെ: “പല രീതിയിൽ ആൾക്കാർക്ക്‌ ഈ വിഷയത്തെ സമീപിക്കാം. ഇത്രയും കാലം പ്രത്യേകപദവി നിലനിർത്തേണ്ട കാര്യമില്ലായിരുന്നു, ഈ വിഷയത്തിൽ ഇപ്പോഴെങ്കിലും തീരുമാനം വേണം, അതിനുള്ള ശരിയായ സമയം ഇതാണ്‌ അങ്ങനെ പല അഭിപ്രായങ്ങൾ നമുക്ക്‌ ചുറ്റുമുണ്ട്‌. തീരുമാനമെടുക്കാനുള്ള അധികാരം സർക്കാരിന്‌ തീർച്ചയായുമുണ്ട്‌. അതിനെ ഞാൻ ചോദ്യം ചെയ്യുന്നില്ല. എന്നാൽ, ആ തീരുമാനത്തോട്‌ പ്രതികരിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ട്‌. തീരുമാനം തെറ്റാണോ, സ്വീകരിച്ച നടപടിക്രമങ്ങൾ ശരിയാണോ തുടങ്ങിയ വിഷയങ്ങളും ഉന്നയിക്കപ്പെടണം.  പല രീതിയിലുള്ള പ്രതികരണങ്ങളാണ്‌, മാനുഷികവശങ്ങളാണ്‌ എന്നെ ആഴത്തിൽ സ്‌പർശിച്ചത്‌. ഒരു കുട്ടിക്ക്‌ ഇൻജക്ഷൻ കൊടുത്തിട്ട്‌ കരയാനുള്ള അവകാശം നമ്മൾ നിഷേധിച്ചാൽ എന്ത്‌ സംഭവിക്കും?കരയാനുള്ള അവകാശം എടുത്തുകളയാൻ നമുക്ക്‌ അധികാരമുണ്ടോ? ഇന്നും ഇന്നലെയും നാളെയും നമ്മോടൊപ്പം കഴിയേണ്ടവരാണ്‌ അവർ. കാശ്‌മീരിലെ മാധ്യമവിലക്കിനെ പ്രസ്‌കൗൺസിൽ പോലും ന്യായീകരിച്ചു”.

Also Read: സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ല, കോടതിയെ വിമര്‍ശിക്കാം; ഭൂരിപക്ഷ മേധാവിത്ത വാദം നിയമമാക്കാനാകില്ല: ജസ്റ്റിസ് ദീപക് ഗുപ്ത

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍