UPDATES

ട്രെന്‍ഡിങ്ങ്

തല്‍ക്കാലം വായടയ്ക്കൂ മിസ്റ്റര്‍ കണ്ണന്താനം, ട്രോളര്‍മാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലാണ്

ഒരു ജനത മുഴുവൻ ഒരു നൂറ്റാണ്ടുകാലത്തെ ഏറ്റവും വലിയ പ്രളയക്കെടുതിയെ നേരിടുമ്പോഴാണ് കണ്ണന്താനത്തിന്റെ ക്രൂരഫലിതം

ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്ന ശേഷം ആളുകൾ മണ്ടന്മാരാകുകയാണോ അതോ മണ്ടന്മാർ ഈ പാർട്ടിയിൽ ചേരുകയാണോ എന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന സംശയം. എന്നാൽ മണ്ടന്മാരെ നോക്കി റിക്രൂട്ട് ചെയ്യാൻ ബി ജെ പിക്ക് പ്രത്യേക വിഭാഗമുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. ബി ജെ പി കേരളത്തിൽ നിന്നും ഏറ്റവുമൊടുവിൽ നൂലിൽ കെട്ടിയിറക്കിയ നേതാക്കളായ സുരേഷ് ഗോപിയും അൽഫോൺസ് കണ്ണന്താനവും തെളിയിക്കുന്നതും മറ്റൊന്നല്ല.

കോട്ടയം ജില്ലയെ സമ്പൂർണ സാക്ഷരത കൈവരിച്ചതുൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ സിവിൽ സർവീസിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ശേഷമാണ് കണ്ണന്താനം രാഷ്ട്രീയ അങ്കത്തിനിറങ്ങിയത്. 2006ലെ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി കാഞ്ഞിരപ്പള്ളിയിൽ നിന്നും നിയമസഭയിലെത്തിയെങ്കിലും ആ അഞ്ച് വർഷക്കാലം കണ്ണന്താനം കാര്യമായ അപശബ്ദങ്ങളൊന്നും ഉയർത്തിയില്ല. എന്നാൽ 2011ലെ നിയമസഭാ കാലാവധി അവസാനിച്ചയുടൻ ബി ജെ പിയിൽ ചേർന്ന് കണ്ണന്താനം എല്ലാവരെയും ഞെട്ടിച്ചു. ആഗോളതലത്തിലെ 100 യുവ നേതാക്കളിൽ ഒരാളായി ഒരിക്കൽ ടൈം മാസിക തെരഞ്ഞെടുത്ത വ്യക്തിയാണ് കണ്ണന്താനം. അതിനാൽ തന്നെ ബി ജെ പിക്ക് ഇദ്ദേഹമൊരു മുതൽക്കൂട്ടായിരിക്കുമെന്നാണ് തുടക്കത്തിൽ വിലയിരുത്തപ്പെട്ടത്. എന്നാൽ 2017 സെപ്തംബർ മൂന്നിന്‌ കേന്ദ്ര മന്ത്രിയായി ചുമതലയേറ്റ അന്ന് മുതൽ ട്രോളർമാരുടെ ലൈംലൈറ്റിൽ നിൽക്കാനാണ് അദ്ദേഹത്തിന് വിധി.

കണ്ണന്താനം മന്ത്രിയായത് കുമ്മനടിച്ചാണെന്നാണ് ആദ്യം തന്നെ ഉയർന്ന ആരോപണം.’യോഗ്യന്മാരായ’ നിരവധി നേതാക്കളുണ്ടായിട്ടും പിണറായിയെ എപ്പോൾ കണ്ടാലും കാലിൽ വീഴുന്ന ഇയാളെ മാത്രമേ മന്ത്രിയാക്കാൻ കിട്ടിയുള്ളൂവെന്ന് സാധാരണ പ്രവർത്തകരെക്കൊണ്ടു പോലും ചോദിച്ചു. എന്നാൽ മണ്ടത്തരങ്ങൾ വിളമ്പി ജനങ്ങളെ ചിരിപ്പിക്കുന്നതിൽ താൻ പഴയ ഐ എ എസ് അല്ല, അതുക്കും മേലെയാണെന്ന് അധികം വൈകാതെ അദ്ദേഹം തെളിയിച്ചു.

പെട്രോളിന് ദിനംപ്രതി വിലകൂടുന്നത് പ്രധാനമന്ത്രിയുടെ സ്വഛ് ഭാരത് പദ്ധതിക്ക് വേണ്ടിയാണെന്നാണ് ഇദ്ദേഹം ഒരിക്കൽ പറഞ്ഞത്. നാടു മുഴുവൻ കക്കൂസ് പണിയാനായി പെട്രോൾ വില വർദ്ധിപ്പിക്കുന്നുവെന്ന് ട്രോളർമാർ ഇതിനെ വ്യാഖ്യാനിച്ചു. ബീഫ് കഴിക്കണമെന്നുള്ള വിദേശ ടൂറിസ്റ്റുകൾ മറ്റേതെങ്കിലും രാജ്യത്തേക്ക് പോകണമെന്നായിരുന്നു ഈ ടൂറിസം സഹമന്ത്രിയുടെ മറ്റൊരു പ്രസ്താവന. ഇന്ത്യയിൽ വരുന്ന വിദേശ ടൂറിസ്റ്റുകൾ ഇന്ത്യൻ സംസ്കാരത്തിന് യോജിച്ച വസ്ത്രം ധരിക്കണമെന്ന് ഇദ്ദേഹം പറഞ്ഞതും ട്രോളർമാർക്ക് ചാകരയായി.

32 മിനിറ്റുകൊണ്ട് ശബരിമല കയറിയ കഥ പറഞ്ഞതോടെ കണ്ണന്താനം തള്ളന്താനമായി മാറി. ഇദ്ദേഹത്തിന്റെ ഭാര്യ ഷീല കണ്ണന്താനം ചാനലുകളോട് സംസാരിച്ചതും ട്രോളർമാർ ആഘോഷമാക്കാൻ മടിച്ചില്ല. കേരളത്തിൽ തിരികെയെത്തിയപ്പോൾ കുറച്ച് റിലാക്സേഷൻ കിട്ടിയ ഷീല മലയാളികൾക്കെല്ലാം നല്ല ‘റിലാക്സേഷൻ’ നൽകി. തന്റെ ഭാര്യയെയും ട്രോളർമാർ വെറുതെ വിടുന്നില്ലെന്ന കണ്ടതോടെ കണ്ണന്താനം പ്രതികരിച്ചു. ‘ശക്തമായി തന്നെ’. ഒരു പണിയുമില്ലാതിരിക്കുന്ന മലയാളികളാണ് ട്രോളുകളിറക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. താൻ നാടിന് വേണ്ടി പല നന്മകളും ചെയ്തിട്ടും ജനങ്ങൾ തന്നെ പരിഹസിക്കുക മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പരാതി. എന്നാൽ അതുകൊണ്ടൊന്നും ട്രോളർമാർ ഒതുങ്ങിയില്ല. അവർ കണ്ണന്താനത്തിന്റെ ഓരോ വാക്കുകളിലും ആയിരം ട്രോളുകൾ കണ്ടെത്തി സോഷ്യൽ മീഡിയയിൽ ലൈക്കുകൾ വാരിക്കൂട്ടി.

32 മിനിറ്റ് കൊണ്ട് പമ്പയിൽ നിന്നും സന്നിധാനത്തെത്തിയ കണ്ണന്താനം എത്താൻ വൈകിയതിനെ തുടർന്ന് വിമാനം വൈകിയതും ട്രോളായി. കണ്ണന്താനം വരാൻ വൈകിയതിനെ തുടർന്ന് വിമാനം പുറപ്പെടാൻ വൈകുകയും ഇത് മറ്റ് യാത്രക്കാരുടെ വിലപ്പെട്ട സമയവും നഷ്ടപ്പെടുത്തുകയുമായിരുന്നു. ഇതേ തുടർന്ന് ഒരു ലേഡി ഡോക്ടർ ഫ്ലൈറ്റിൽ വച്ച് കണ്ണന്താനത്തെ ശാസിക്കുകയും ചെയ്തു. 32 മിനിറ്റുകൊണ്ട് ശബരിമല കയറിയ ഇയാൾ എന്തിനാണ് ഫ്ലൈറ്റ് പിടിച്ചത് ഓടിയാൽ പോരെ എന്നായിരുന്നു അന്നത്തെ ട്രോൾ. കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനിയും കണ്ണന്താനവും തമ്മിൽ ഒരു മത്സരം പോലും നിലനിൽക്കുന്നുണ്ടെന്നാണ്‌ ഇപ്പോൾ അറിയുന്നത്. ഏറ്റവും കൂടുതൽ ട്രോളുകളിൽ കഥാപാത്രമാകുന്ന കാര്യത്തിൽ.

കേരളം പ്രളയത്തിൽ മുങ്ങിയപ്പോഴും ‘ആശ്വാസ’മായി കണ്ണന്താനം മണ്ടത്തരം വിളമ്പുന്നുണ്ട്. കേരളത്തിലെ പ്രളയക്കെടുതിയിൽ കഷ്ടപ്പെടുന്നവർക്ക് ഭക്ഷണവും വസ്ത്രവുമൊന്നുമല്ല അത്യാവശ്യമെന്നാണ് കണ്ണന്താനത്തിന്റെ പുതിയ കണ്ടെത്തൽ. ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പിന്റെ കൂടി ചുമതലയുള്ളതിനാലാകും കേരളത്തിലെ പ്രധാന പ്രശ്നം ഇലക്ട്രീഷ്യന്മാരും പ്ലംബർമാരുമില്ലാത്തതാണെന്നുമാണ് കണ്ണന്താനം.

ഒരു ജനത മുഴുവൻ ഒരു നൂറ്റാണ്ടുകാലത്തെ ഏറ്റവും വലിയ പ്രളയക്കെടുതിയെ നേരിടുമ്പോഴാണ് കണ്ണന്താനത്തിന്റെ ക്രൂരഫലിതം. ആയിരക്കണക്കിന് ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ഒരു നേരത്തെ ആഹാരത്തിന് കാത്തിരിക്കുമ്പോഴാണ് ഈ ദുരന്ത പ്രസ്താവന എന്നോര്‍ക്കണം.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍