UPDATES

ട്രെന്‍ഡിങ്ങ്

മാര്‍ക്സ്, മേക് അപ്പ്, തെലുങ്ക് സിനിമ, രാഷ്ട്രീയം; തീവ്രാനുഭവങ്ങളുടെ പാഠശാലയില്‍ നിന്ന് ജെഎന്‍യുവിലെത്തിയ ശ്രീകൃഷ്ണ

ജീവിതത്തിലെ ഓരോ ദിവസവും സമരമായിരുന്നുവെന്നും അതുകൊണ്ട് ഈ നേതൃപദവിയിലിരിക്കാന്‍ തനിക്ക് യോഗ്യതയുണ്ടെന്നും ശ്രീകൃഷ്ണ പറയുന്നു.

ബോളിവുഡ്, തെലുങ്ക് സിനിമാതാരങ്ങളുടെ ചിത്രങ്ങള്‍, ന്യൂസ് പേപ്പര്‍ കട്ടൗട്ടുകള്‍ ഇതൊക്കെ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയില്‍ സബര്‍മതി ഹോസ്റ്റലിലുള്ള ദുഗ്ഗിരാല ശ്രീകൃഷ്ണയുടെ മുറിയില്‍ കാണാം. സാനിയ മിര്‍സയുടെ വിവാഹ നിശ്ചയച്ചടങ്ങില്‍ ദുഗ്ഗിരാല വെയ്റ്ററുടെ ജോലി ചെയ്തിട്ടുണ്ട്. ഇടതുരാഷ്ട്രീയത്തിന്റെ ഉരുക്കുകോട്ടയിലെ ഒരു മാര്‍ക്‌സിസ്റ്റ് വിദ്യാര്‍ത്ഥി നേതാവിനെ സംബന്ധിച്ച് ഇപ്പറഞ്ഞതെല്ലാം അസ്വാഭാവികമായി തോന്നുന്നുണ്ടോ. എന്നാല്‍ കേട്ടോളൂ. കഴിഞ്ഞില്ല ഇനിയുമുണ്ട് പുതിയ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എസ്എഫ്‌ഐ നേതാവിന്റെ വിശേഷങ്ങള്‍. ടെലഗ്രാഫ് പത്രത്തില്‍ വന്ന Marx & Make up mix എന്ന സ്റ്റോറി ദുഗ്ഗിരാല ശ്രീകൃഷ്ണയുടെ അതിജീവന പോരാട്ടങ്ങളെക്കുറിച്ചാണ് പറയുന്നത്. ലെനിനെ ആരാധിക്കുന്നത് പോലെ തന്നെ ബാഹുബലിയുടെ സംവിധായകന്‍ എസ്എസ് രാജമൗലിയെ ശ്രീകൃഷ്ണ ആരാധിക്കുന്നു. തെലുങ്ക് സിനിമയില്‍ നാല് വര്‍ഷത്തോളം മേക്കപ്പ് ആര്‍ട്ടിസ്റ്റായി ശ്രീകൃഷ്ണ പ്രവര്‍ത്തിച്ചിട്ടുണ്ട്, പല നടീനടന്മാരുടേയും മുഖത്ത് ചായം തേച്ചു.

തിരഞ്ഞെടുപ്പ് രാഷ്ട്രീത്തില്‍ താല്‍പര്യമില്ലെന്ന് ദുഗ്ഗിരാല ശ്രീകൃഷ്ണ പറയുന്നു. സാഹിത്യം പ്രത്യേകിച്ച് തെലുങ്ക് സാഹിത്യം ഇഷ്ടമാണ്. പിന്നെ വിദ്യാര്‍ത്ഥിസംഘടനാ, സാമൂഹ്യ പ്രവര്‍ത്തനങ്ങളും. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയേക്കാള്‍ ശ്രീരംഗം ശ്രീനിവാസ റാവുവിന്റെ വിപ്ലവഗാനങ്ങള്‍ തെലങ്കാന സ്വദേശിയായ ഈ 27കാരന്‍ ഓര്‍ത്തുവയ്ക്കുന്നു. ഒരു ഇടതുവിദ്യാര്‍ത്ഥി സംഘടനാ നേതാവില്‍ അധികം കാണാത്ത പല അഭിരുചികളും വിചിത്രമായി തോന്നുന്നുണ്ട് എന്ന് പറയുന്നവരോട് ദുഗ്ഗിരാല ശ്രീകൃഷ്ണയ്ക്ക് വ്യക്തമായ മറുപടിയുണ്ട്. ജീവിതത്തിലെ ഓരോ ദിവസവും സമരമായിരുന്നുവെന്നും അതുകൊണ്ട് ഈ നേതൃപദവിയിലിരിക്കാന്‍ തനിക്ക് യോഗ്യതയുണ്ടെന്നും ശ്രീകൃഷ്ണ പറയുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു ദളിത് കുടുംബത്തില്‍ നിന്നാണ് ശ്രീകൃഷ്ണ വരുന്നത്. മുഴുവന്‍ ജനറല്‍ സീറ്റുകളും ഐസ – എസ്എഫ്‌ഐ – ഡിഎസ്എഫ് സഖ്യം നേടിയപ്പോള്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി ജയിച്ചത് ദുഗ്ഗിരാല ശ്രീകൃഷ്ണയാണ്. പോള്‍ ചെയ്ത 4620 വോട്ടില്‍ 2042 വോട്ടുകള്‍ ശ്രീകൃഷ്ണ നേടി. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ 24 മണിക്കൂര്‍ റീഡിംഗ് റൂമുകള്‍ പ്രവര്‍ത്തനക്ഷമമാക്കിയതടക്കം ദുഗ്ഗിരാലയുടെ സജീവ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മതിപ്പുണ്ടാക്കിയിരുന്നു.

വിജയാഘോഷങ്ങള്‍ രാത്രിയും കഴിഞ്ഞ് പുലര്‍ച്ചയിലേയ്ക്ക് നീണ്ടും. നാല് മണിയായപ്പോള്‍ ശ്രീകൃഷ്ണ സുഹൃത്തിനോട് പറഞ്ഞു. എനിക്ക് ഉറങ്ങണം. എട്ട് മണിക്ക് കാണാം. എന്റെ മുറിയിലേയ്ക്ക് വരൂ. നമുക്ക് യൂണിയന്റെ പരിപാടികളെ പറ്റി ആലോചിക്കണം. കഠിനാദ്ധ്വാനിയായ ശ്രീകൃഷ്ണ 2013ല്‍ ജെഎന്‍യുവില്‍ ചേരുന്നതിന് മുമ്പ് 17 ജോലികള്‍ ചെയ്തിട്ടുണ്ട്. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ പലപ്പോഴും ഒരേസമയം രണ്ട് ജോലികള്‍ ചെയ്തു. പകലും രാത്രിയും ജോലി. 2007 മുതല്‍ 2011 വരെ ഹൈദരാബാദില്‍ സിനിമ മേക്ക് അപ്പ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്തു. അക്കാലത്തെക്കുറിച്ച് ശ്രീകൃഷ്ണ പറഞ്ഞു – ഞാന്‍ നൈസാം കോളേജില്‍ ബി എസ് സി ബയോടെക്‌നോളജിക്ക് പഠിക്കുന്ന സമയത്ത് ഒരു സിനിമയുടെ ഷൂട്ടിംഗ്. അതോടെ വലിയ താല്‍പര്യമായി. രാമനായിഡു സ്റ്റുഡിയോ പരിസരത്ത് കറങ്ങിനടക്കാന്‍ തുടങ്ങി. അവസാനം ഒരാള്‍ ഒരു ജോലി ഒപ്പിച്ചുതന്നു. ജോലി അത്യാവശ്യമായിരുന്നു. ഹോസ്റ്റല്‍ മുറി കിട്ടിയിരുന്നില്ല. അച്ഛനോട് പണം ചോദിക്കാനും പറ്റി്ല്ലായിരുന്നു. അച്ഛന് ലിംഗംപള്ളിയില്‍ കൂലിപ്പണിയായിരുന്നു. ആദ്യം സിനിമകളിലും സീരിയലുകളിലും സ്‌പോട് ബോയ് ആയി ജോലി നോക്കി. പിന്നെ മേക്ക് അപ്പിലേയ്ക്ക് മാറി. അനുഷ്‌ക ഷെട്ടി, കാജല്‍ അഗര്‍വാള്‍, പ്രിയ ആനന്ദ്, ഹരിപ്രിയ തുടങ്ങിയ നടിമാര്‍ക്കെല്ലാം മേക്ക് അപ്പിട്ടു. മഗധീര, ലീഡര്‍, തകിട, തകിട പോലുള്ള സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.

അനുഷ്‌കയോടും സംവിധായകരായ രാജമൗലിയോടും ശേഖര്‍ കമൂലയോടുമെല്ലാം കടുത്ത ആരാധനയാണ് ശ്രീകൃഷ്ണയ്ക്ക്. രാജമൗലി എന്നെപ്പോലെ കഠിനാദ്ധ്വാനിയാണ്. ഇട്ടിരിക്കുന്ന ഡ്രസിനെക്കുറിച്ചും അദ്ദേഹം കാര്യമായി ശ്രദ്ധിക്കാറില്ല. ശേഖറിന്റെ ഭാവന അതുല്യമാണ്. സമൂഹത്തെ മാറ്റാന്‍ കഴിയുന്ന തരത്തിലുള്ള രാഷ്ട്രീയം പറയുന്ന ലീഡര്‍ പോലുള്ള ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതാന്‍ കഴിയണമെന്ന് ആഗ്രഹമുണ്ട്. അഭിനേതാക്കളില്‍ അനുഷ്‌കയെ ആണ് ശ്രീകൃഷ്ണ ഏറ്റവുമധികം ബഹുമാനിക്കുന്നത്. സിനിമ ഇന്‍സ്ട്രിയില്‍ ജോലിയുടെ കാര്യം അനിശ്ചിതമാണ്, പലരും വളരെ മോശമായി പെരുമാറും. എന്നാല്‍ അനുഷ്‌ക നിര്‍്മ്മാതാവ് അടക്കമുള്ളവര്‍ക്ക് കൊടുക്കുന്ന അതേ പരിഗണന തന്നെ സ്‌പോട് ബോയിക്കും തരും. വളരെ മാന്യമായ സംസാരമാണ് അവരുടേത്. ഇടവേളകളില്‍ രാമോജി ഫിലിം സിറ്റിയില്‍ ഞാന്‍ അവരുടെ ഷൂട്ടിംഗ് കണ്ടുനില്‍ക്കും.

സിനിമയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ കോളേജ് പഠനം നിര്‍ത്തേണ്ടി വന്നു. പിന്നീട് ബിആര്‍ അംബേദ്കര്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടി. ഇതിനിടയില്‍ തന്നെ താജ് കൃഷ്ണ ഹോട്ടല്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് വേണ്ടി ദിവസവേതനത്തിന് ജോലി ചെയ്തു. ഒരു ദിവസം ഫ്്‌ളവര്‍ ഡെക്കറേഷനാണ് പണിയെങ്കില്‍ അടുത്ത ദിവസം മറ്റൊന്നാകും. ഈ സമയത്താണ് സൊറാബ് മിര്‍സയുമായുള്ള, ടെന്നീസ് താരം സാനിയ മിര്‍സയുടെ ആദ്യത്തെ വിവാഹ നിശ്ചയത്തിന് വെയ്റ്ററായി പോയത്. ഹൈദരാബാദിലുണ്ടായിരുന്ന ആറ് വര്‍ഷക്കാലം വീട്ടില്‍ പോയതേ ശ്രീകൃഷ്ണ ഇല്ലെന്നാണ് പറയുന്നത്. ജോലിക്കിടയില്‍ സമയം കിട്ടിയില്ലെന്ന് ശ്രീകൃഷ്ണ പറയുന്നു. അതേസമയം നൈസാം കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരുമായി ശ്രീകൃഷ്ണ എല്ലായ്‌പ്പോഴും ബന്ധം പുലര്‍ത്തി. ശ്രീകൃ്ഷ്ണ ഒരു കമ്മ്യൂണിസ്റ്റായി വളരുകയായിരുന്നു.

സിനിമ ഇന്‍ഡസ്ട്രിയില്‍ സ്ത്രീകള്‍ എല്ലാ തരത്തിലുമുള്ള ചൂഷണങ്ങള്‍ നേരിടുന്നുണ്ട്. പലതും അസഹനീയമാണ്. നായിക നടി രാവിലെ 9 മണിക്ക് തന്നെ സെറ്റിലെത്തണം എന്നാണെങ്കില്‍ നായകന്‍ 11 മണിക്ക് വന്നാലും കുഴപ്പമില്ല. സിനിമ, പ്രസ്, കാറ്ററിംഗ് എല്ലായിടത്തും ഈ ചൂഷണമുണ്ടായിരുന്നു. സാനിയയുടെ വിവാഹനിശ്ചയത്തിന് ഒരുപാട് ഭക്ഷണം പാഴാക്കിക്കളഞ്ഞു. മാധ്യമങ്ങളെ ഒഴിവാക്കാന്‍ ഞങ്ങളെ ചുമതലപ്പെടുത്തിയിരുന്നു. ഇങ്ങനെയൊക്കെ വലിയ കാര്യമായി ചടങ്ങ് നടന്നെങ്കിലും ആ വിവാഹം പക്ഷെ നടന്നതുമില്ല. ജോലിക്കെടുത്ത ഓരോരുത്തര്‍ക്കും 500 രൂപ ഹോട്ടല്‍ കോണ്‍ട്രാക്ടര്‍ വാങ്ങി. ഞങ്ങള്‍ക്ക് തന്നത് 200 രൂപ മാത്രം. ന്യായമായ കൂലി ചോദിച്ചതിന് എന്നെ സിനിമാ സെറ്റുകളില്‍ നിന്നും പലപ്പോഴും പുറത്താക്കിയിട്ടുണ്ട്.

ശ്രീകൃഷ്ണ പിന്നീട് 50 വിദ്യാര്‍ത്ഥികളുമായി ഒരു കാറ്ററിംഗ് ഏജന്‍സി തുടങ്ങി. ഹൈദരാബാദിലെ ഹോട്ടലുകള്‍ക്ക് വേണ്ടി ജോലി ചെയ്തു. ന്യായമായ വേതനം ഉറപ്പാക്കി. ഇതിനിടയില്‍ സിവില്‍ സര്‍വീസ് കോച്ചിംഗിന് ചേര്‍ന്നു. പക്ഷെ മൊത്തം ഫീസ് 50,000 രൂപ വേണമായിരുന്നു. ഹാഫ്‌ടോണ്‍ പ്രസില്‍ 12 മണിക്കൂര്‍ രാത്രി ജോലിയ്ക്ക് ചേര്‍ന്നു. 5000 രൂപ ശമ്പളം. മറ്റ് പല ജോലികളും ചെയ്ത് ഒരുവിധം പണമൊപ്പിച്ചു. 2012-13 കാലത്തായിരുന്നു ഇത്. സിനിമയില്‍ നിന്ന് വിട്ട ശേഷമായിരുന്നു ഇത്. 2013ല്‍ വികറാബാദ് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ ജോലി കിട്ടി. രണ്ട് മാസം കഴിഞ്ഞപ്പോള്‍ ജെഎന്‍യുവില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ എംഎയ്ക്ക് അഡ്മിഷന്‍ കിട്ടി. ജെഎന്‍യുവില്‍ പ്രവേശനം കിട്ടുക ചെറിയകാര്യമല്ലെന്നും എളുപ്പമല്ലെന്നും പറഞ്ഞ് സുഹൃത്തുക്കള്‍ പോകാന്‍ നിര്‍ബന്ധിച്ചു. ജെഎന്‍യു പോലൊരു സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടാന്‍ ഞാനും ആഗ്രഹിച്ചിരുന്നു. അങ്ങനെ ജോലി ഉപേക്ഷിച്ച് ഡല്‍ഹിയിലെത്തി.

യൂണിവേഴ്‌സിറ്റി, ജനറല്‍ സെക്രട്ടറി എന്നൊക്കെ പറഞ്ഞാല്‍ എന്റെ അച്ഛനും അമ്മയ്ക്കും മനസിലാകില്ല. പ്രകാശം ജില്ലയിലുള്ള എന്റെ അമ്മാവനൊപ്പമാണ് ഞാന്‍ വളര്‍ന്നത്. അദ്ദേഹം ഗ്രാമത്തലവനാണ്. ഇപ്പോള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിനൊപ്പമാണ്. സ്‌കൂള്‍ കാലത്ത് സാമൂഹ്യക്ഷേമ വകുപ്പിന്റെ ഹോസ്റ്റലുകളില്‍ കഴിഞ്ഞു. 20 രൂപ അലവന്‍സ്. ഇപ്പോ ജെഎന്‍യുവില്‍ കിട്ടിക്കൊണ്ടിരിക്കുന്ന 5000 രൂപ സ്‌കോളര്‍ഷിപ്പ് തുക എന്നെ സംബന്ധിച്ച് വലിയ തുകയാണ്. ആഡംബര ജീവിതത്തിനുള്ള തുക. ഇവിടെ രാജാവിനെ പോലെയാണ് ജീവിതം. എന്റെ ജാതിയോ സാമ്പത്തിക പശ്ചാത്തലമോ ഇവിടെ ആരും അന്വേഷിക്കുന്നില്ല. എല്ലാവരേയും പോലെ തന്നെ ഞാനും. തെലുങ്കിലാണ് എന്‍ട്രന്‍സ് എഴുതിയത്. ഇംഗ്ലീഷും ഹിന്ദിയും പഠിക്കാന്‍ കഷ്ടപ്പെട്ടു. ശ്രീകൃഷ്ണയുടെ മുറിയില്‍ പഴയ ഹിന്ദി പത്രങ്ങളുടെ നിരവധി കെട്ടുകള്‍ കാണാം. ഭാഷ പഠിക്കാനുള്ള കഠിനമായ ശ്രമം തന്നെ.

എസ്എഫ്‌ഐ ഒരുപാട് പ്രോത്സാഹനം നല്‍കിയതായി ശ്രീകൃഷ്ണ പറയുന്നു. സംഘടനയ്ക്കകത്തും പുറത്തും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി പൊരുതാന്‍ എനിക്ക് കഴിയും. ആരുമല്ലാതിരുന്ന ഞാന്‍ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ യൂണിയന്‍ കണ്‍വീനറായി. 900 റിസര്‍ച്ച് സീറ്റുകള്‍ വെട്ടിക്കുറച്ച തീരുമാനം വേദനാജനകവും വലിയ തിരിച്ചടിയുമാണെന്ന് ശ്രീകൃഷ്ണ പറയുന്നു. ഇതിന്റെ അര്‍ത്ഥം എന്നെപ്പോലുള്ളവര്‍ക്ക് ഇനി ഇവിടെ എത്താന്‍ കഴിയില്ലെന്നാണ്. ഈ വെട്ടിക്കുറച്ച ഗവേഷണ സീറ്റുകള്‍ പുനസ്ഥാപിക്കാന്‍ വേണ്ടി ഏതൊക്കെ തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് എന്റെ ചിന്ത – ശ്രീകൃഷ്ണ പറയുന്നു. നിലവില്‍ ഇന്നര്‍ ഏഷ്യന്‍ സ്റ്റഡീസില്‍ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുകയാണ് ദുഗ്ഗിരാല ശ്രീകൃഷ്ണ എന്ന ഈ പോരാളി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍