UPDATES

ട്രെന്‍ഡിങ്ങ്

ആള്‍ദൈവങ്ങളുടെ സ്വന്തം രാജ്യം; ശിക്ഷിക്കപ്പെട്ട പ്രമുഖര്‍ ഇവരൊക്കെയാണ്

ആള്‍ദൈവങ്ങളെന്നത് ഏതെങ്കിലും ഒരു മതത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നവയല്ല

ദേര സച്ച സൗദ മേധാവിയും സ്വയംപ്രഖ്യാപിത ദൈവവുമായ ഗുര്‍മീത് റാം റഹിം സിംഗിനെ ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് വിധിച്ച പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി പത്ത് വര്‍ഷത്തെ തടവും ശിക്ഷയായി പ്രഖ്യാപിച്ചിരിക്കുകയാണ്. കോടിക്കണക്കിന് വരുന്ന റാം റഹിമിന്റെ അനുയായികള്‍ ഇതിന്റെ പേരില്‍ രാജ്യം കത്തിക്കുമോയെന്ന ആശങ്ക ഇപ്പോഴും അവസാനിച്ചിട്ടില്ല. ആള്‍ദൈവങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത വിശ്വാസികളെ ഭയപ്പെടുക തന്നെ വേണമെന്നാണ് കഴിഞ്ഞദിവസം ഉത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന കലാപം നമുക്ക് നല്‍കുന്ന മുന്നറിയിപ്പ്.

ആത്മീയതയില്‍ ലോകത്തിന് മാതൃകയാണെന്നാണ് ഇന്ത്യക്കാര്‍ എന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ എല്ലാക്കാലത്തും ഇത്തരത്തിലുള്ള ആള്‍ദൈവങ്ങള്‍ക്ക് പിന്നാലെ പായുന്നതാണ് നമ്മുടെ ആത്മീയതയെന്നും മറക്കരുത്. ജനങ്ങളുടെ ഭയത്തെയും വിശ്വാസത്തെയും മുതലെടുത്ത് ചൂഷണം ചെയ്യുന്ന ഒട്ടനവധി ആള്‍ദൈവങ്ങള്‍ മുന്‍കാലങ്ങളിലും ഇവിടെ വെളിപ്പെട്ടിട്ടുണ്ടെങ്കിലും ഇവരെ വിശ്വസിക്കുന്നവര്‍ക്കും ഇവരുടെ പിന്നാലെ അന്ധമായി പായുന്നവര്‍ക്കും യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്നതിന് ചരിത്രം തന്നെയാണ് തെളിവ്. ഇനി നാളെ അപ്പീലിലൂടെ ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ട് പുറത്തുവന്നാലും ഇയാള്‍ക്ക് ചുറ്റും ഭക്തരുടെ ഒരു കൂട്ടം തന്നെ കാണും. തന്റെ അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിനാണ് റാം റഹിം ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നതെങ്കിലും ഇയാള്‍ക്കെതിരെ വേറെയും കുറ്റങ്ങള്‍ ആരോപിക്കപ്പെടുന്നുണ്ട്. ഇതില്‍ രണ്ടെണ്ണം കൊലപാതക കേസുകളാണ്. 2001ല്‍ മാധ്യമപ്രവര്‍ത്തകനായ രാം ചന്ദെര്‍ ഛത്രപതിയെ കൊലപ്പെടുത്തിയതാണ് അതിലൊന്ന്. തന്റെ ആശ്രമം മാനേജരായ രഞ്ജിത് സിംഗ് കൊല്ലപ്പെട്ടതിന് പിന്നിലും ഈ സ്വയംപ്രഖ്യാപിത ദൈവമാണെന്ന് ആരോപണമുണ്ട്. 1999ല്‍ നടന്ന ഈ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് 2002ലാണ്. എന്നാല്‍ ദേര സച്ച സൗദയും റാം റഹിമും ഈ ആരോപണങ്ങള്‍ നിഷേധിക്കുന്നു.

ഏതെങ്കിലുമൊരു കുറ്റത്തിന് ആരോപണ വിധേയനാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ആള്‍ദൈവമല്ല റാം റഹിം. വളരെ പെട്ടെന്ന് തന്നെ ഇന്ത്യയില്‍ ധാരാളം ആരാധകരെ നേടിയ സ്വാമി പ്രേമാനന്ദയാണ് അവരില്‍ പ്രധാനി. 1983ല്‍ ശ്രീലങ്കയില്‍ നടന്ന കലാപത്തില്‍ നിന്നും രക്ഷപ്പെട്ട് തമിഴ്‌നാട്ടിലെത്തിയ വ്യക്തിയാണ് പ്രേമാനന്ദ. ശ്രീലങ്കയില്‍ നിന്നും തന്റെ അനുയായികള്‍ക്കൊപ്പം അദ്ദേഹം ഇന്ത്യയിലെത്തുകയായിരുന്നു. തൃശിനാപ്പിള്ളി കേന്ദ്രീകരിച്ച് ആശ്രമം ആരംഭിച്ച പ്രേമാനന്ദ ദക്ഷിണേന്ത്യയിലെ പല ഇടങ്ങളിലേക്കും തന്റെ ആശ്രമങ്ങള്‍ വ്യാപിപ്പിച്ചു. 13 പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലാണ് ഒടുവില്‍ ഇയാള്‍ കുടുങ്ങിയത്. ശ്രീലങ്കന്‍ വംശജനായ ഒരാളെ കൊലപ്പെടുത്തിയ കുറ്റവും ഇയാള്‍ക്കെതിരെയുണ്ട്. കുറ്റം തെളിയിക്കപ്പെട്ടതോടെ കോടതി ഇയാള്‍ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു.

റാം റഹിമിനെ പോലെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആശാറാം ബാപ്പുവാണ് ശിക്ഷിക്കപ്പെട്ട ആള്‍ദൈവങ്ങളില്‍ മറ്റൊരാള്‍. അദ്വൈത വേദാന്തത്തിന്റെ പ്രചാരകനായ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് 2013-ലാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രിമിനല്‍ ലക്ഷ്യത്തോടെ അന്യായമായി തടവില്‍ വച്ചതിനും ഗര്‍ഭിണിയാക്കിയതിനും ബലാത്സംഗത്തിനുമാണ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഈ കേസില്‍ ഇപ്പോഴും വിചാരണ തുടരുകയാണ്. ഈ കേസില്‍ എന്തുകൊണ്ടാണ് വിചാരണ ഇഴയുന്നതെന്ന് സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിനോട് ഇന്ന് ചോദിക്കുകയുണ്ടായി. ഗുജറാത്തിലെ ഗാന്ധിനഗര്‍ കോടതിയിലാണ് ആശാറാം ബാപ്പു വിചാരണ നേരിടുന്നത്. പരാതിക്കാരിയായ 16കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാത്തത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി സര്‍ക്കാരിനോട് ചോദിച്ചിട്ടുണ്ട്. ആശ്രമത്തിലെ വിദ്യാര്‍ത്ഥികളായ രണ്ട് ആണ്‍കുട്ടികളുടെ മരണത്തിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ആശ്രമത്തിന് സമീപത്തു നിന്നാണ് ഈ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ ഇന്നും ഇയാള്‍ക്കുള്ള ആരാധകവൃന്ദത്തിനോ സ്വാധീനത്തിനോ യാതൊരു കുറവുമില്ല; അതിന്റെ തെളിവാണ് ഇന്ന് സുപ്രീം കോടതിക്ക് തന്നെ ഗുജറാത്ത് സര്‍ക്കാരിനോട് അക്കാര്യം ചോദിക്കേണ്ടി വന്നത്.

കേരളവും ആള്‍ദൈവങ്ങളുടെ പിടിയില്‍ നിന്നും മോചിതമല്ല. അതോടൊപ്പം തന്നെ തട്ടിപ്പുകേസുകളിലും ക്രിമിനല്‍ കുറ്റങ്ങളിലും ധാരാളം ആള്‍ദൈവങ്ങള്‍ ഇവിടെ പിടിക്കപ്പെട്ടിട്ടുമുണ്ട്. ഒട്ടനവധി കുറ്റങ്ങള്‍ക്ക് അറസ്റ്റിലായി ഇപ്പോഴും ജയിലില്‍ കഴിയുന്ന സന്തോഷ് മാധവനാണ് ഇവരില്‍ പ്രധാനി. സ്വാമി അമൃത ചൈതന്യ എന്നറിയപ്പെടുന്ന ഇയാള്‍ക്കെതിരെ രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങള്‍ ചിത്രീകരിച്ചതും വഞ്ചനാക്കുറ്റവുമുള്‍പ്പെടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2009ല്‍ ഈ കേസില്‍ 16 വര്‍ഷത്തെ തടവാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. ഒരു വിദേശ മലയാളിയായ സ്ത്രീയില്‍ നിന്നും 45 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ 2008ല്‍ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. അടുത്ത കാലത്ത് തിരുവനന്തപുരത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച സന്യാസിയുടെ ലിംഗം യുവതി മുറിച്ചെടുത്ത സംഭവവും നാം കേട്ടതാണ്. യുവതിയുടെ മാതാപിതാക്കളുടെ സമ്മതത്തോടെ പീഡിപ്പിച്ചുവെന്നായിരുന്നു തുടക്കത്തിലുള്ള വിവരം. പിന്നീട് ആരോപണ, പ്രത്യാരോപണങ്ങള്‍ മാറിമറിഞ്ഞു. കേസിന്റെ അന്വേഷണവും വിചാരണയും ഇപ്പോഴും കോടതിയില്‍ തുടരുകയാണ്.

ഒരു മുന്‍ പ്രധാനമന്ത്രിയുടെ വീട്ടില്‍ പോലും സ്വാധീനമുണ്ടായിരുന്ന സ്വാമി സദാചാരിയെന്ന ഓംജി അറസ്റ്റിലായത് ഒരു വേശ്യാലയം നടത്തിയതിനാണ്. തന്റെ അനുയായികളായ സ്ത്രീകളെ ഉപയോഗിച്ച് നടത്തിയിരുന്ന വേശ്യാലയത്തില്‍ എത്തിച്ചേരുന്നവരെ പിന്നീട് ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ടായിരുന്നു. ഭൂമിക്കടിയിലാണ് ഇയാളുടെ വേശ്യാലയം പ്രവര്‍ത്തിച്ചിരുന്നത്.

ഹരിയാനയിലെ തന്നെ ഹിസാറിലെ സത്‌ലോക് ആശ്രമത്തില്‍ നിന്നും അഞ്ച് സ്ത്രീകളുടെയും 18 മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയതോടെയാണ് സന്ത് രാംപാല്‍ എന്ന ആള്‍ദൈവം അറസ്റ്റിലാകുന്നത്. 2014 നവംബറില്‍ പോലീസ് ഇയാളുടെ ആശ്രമത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും അനുയായികളുമായി ഏറ്റുമുട്ടല്‍ ഉണ്ടാകുകയും ആറ് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. 450-ഓളം അനുയായികള്‍ പിന്നീട് അറസ്റ്റിലായി. പിന്നീട് ഇയാളെയും അറസ്റ്റ് ചെയ്യുകയും 22 മാസം ജയില്‍വാസം അനുഭവിക്കുകയും ചെയ്തു.

നടി രഞ്ജിതയുമായി ബന്ധപ്പെട്ടാണ് പരമഹംസ നിത്യാനന്ദയെന്ന ആള്‍ദൈവത്തിന്റെ പേര് ഉയര്‍ന്നു കേട്ടത്. രഞ്ജിതയും ഇയാളും തമ്മിലുള്ള ലൈംഗിക ബന്ധത്തിന്റെ വീഡിയോ പുറത്തുവന്നതോടെയായിരുന്നു ഇത്. ബലാത്സംഗത്തിനും മറ്റുമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അഞ്ച് ദിവസത്തിന് ശേഷം ഇയാള്‍ അപ്രത്യക്ഷനാകുകയും ചെയ്തു. 2012 ജൂണില്‍ പോലീസിന്റെ പിടിയിലായ ഇയാള്‍ ഇപ്പോഴും ജയിലിലാണ്. നിത്യാനന്ദയുടെ ബിദരിയിലെ ആശ്രമത്തില്‍ റെയ്ഡ് നടത്തിയ പോലീസ് അവിടെ നിന്നും ഗര്‍ഭനിരോധന ഉറകളും കഞ്ചാവും പിടിച്ചെടുത്തതും വാര്‍ത്തയായി. വീഡിയോ പുറത്തുവന്നതോടെ ഇയാളുടെ അനുയായികളായ പല സ്ത്രീകളും രംഗത്തെത്തുകയും പീഡിപ്പിച്ചതായി വെളിപ്പെടുത്തുകയും ചെയ്തു.

1997-ല്‍ സെക്‌സ് റാക്കറ്റ് നടത്തിയതിനാണ് ചിത്രകൂടത്തിലെ ഇച്ഛാധരി സന്ത് സ്വാമി ഭീമാനന്ദ് ജി മഹാരാജ് അറസ്റ്റിലായത്. പിന്നീട് ജയില്‍ മോചിതനായ ഇയാള്‍ സായി ബാബയുടെ ഭക്തനായി സ്വയം പ്രഖ്യാപിച്ചു. പിന്നീടുള്ള പന്ത്രണ്ട് വര്‍ഷക്കാലത്തിനിടെ കോടികളുടെ ആസ്തിയാണ് ഇയാള്‍ സമ്പാദിച്ചത്. ശിവ് മുരട് ദ്വിവേദി എന്ന ഇയാള്‍ സെക്‌സ് റാക്കറ്റുകളുമായി ബന്ധപ്പെട്ട് രണ്ട് തവണ അറസ്റ്റിലായിട്ടുണ്ട്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലാണ് ഇയാളുടെ വേശ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്.

വിദേശ വനിതയായ അമാന്‍ഡ വില്യംസിന്റെ പരാതിയിലാണ് ജ്ഞാനചൈതന്യ എന്ന ആള്‍ദൈവം അറസ്റ്റിലായത്. ഇയാള്‍ തന്റെ ഭര്‍ത്താവാണെന്നും തങ്ങള്‍ക്ക് ആറ് മക്കളുണ്ടെന്നുമായിരുന്നു അമാന്‍ഡയുടെ പരാതിയില്‍ പറഞ്ഞിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ മൂന്ന് കൊലപാതകങ്ങള്‍ക്ക് പിന്നിലുള്ള ഇയാളുടെ പങ്ക് പോലീസിന് വ്യക്തമായി. അതോടെ കോടതി 14 വര്‍ഷത്തേക്ക് തടവ് ശിക്ഷയും വിധിച്ചു.

കാഞ്ചി കാമകോടി പീഠാധിപതി ജയേന്ദ്ര സരസ്വതി സ്വാമികള്‍ അറസ്റ്റിലായത് 2004 നവംബറിലാണ്. ആശ്രമ മാനേജര്‍ ശങ്കരനാരായണന്റെ മരണത്തിന് പിന്നില്‍ ഗൂഢാലോചന നടത്തിയത് ഇയാളാണെന്നാമ് പോലീസ് കണ്ടെത്തിയത്. 2005 ഒക്ടോബര്‍ 26ന് സുപ്രിം കോടതി കേസ് തമിഴ്‌നാട്ടില്‍ നിന്നും പോണ്ടിച്ചേരിയിലേക്ക് മാറ്റി.

ഒരുകാലത്ത് രാജ്യത്തെ ഏറ്റവും വലിയ അധികാര ദല്ലാള്‍ ആയിരുന്നു ചന്ദ്രസ്വാമി. അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവുമായുള്ള ബന്ധവും ചന്ദ്രസ്വാമി പല അനധികൃത ഇടപാടുകള്‍ക്കും ഉപയോഗിച്ചു. 11 ദശലക്ഷം ഡോളറിന്റെ ആയുധ ഇടപാടുകളും ഇയാള്‍ക്കെതിരെ ഉയര്‍ന്നു. ഇതേതുടര്‍ന്ന് ആശ്രമത്തില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. 1998ല്‍ എംസി ജയ്ന്‍ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തില്‍ ഇയാള്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്നുണ്ട്.

ബിഗ് ബോസ് താരം കൂടിയായിരുന്ന ആള്‍ദൈവം സ്വാമി ഓംജി മഹാരാജ് ആയുധക്കേസിലാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അറസ്റ്റിലായത്. കൂടാതെ ഇയാളുടെ സഹോദരന്‍ നല്‍കിയ, സൈക്കിളുകളും വിലപിടിപ്പുള്ള സ്‌പെയര്‍പാര്‍ട്‌സും മോഷ്ടിച്ച കേസും നിലനില്‍ക്കുന്നുണ്ട്. ആയുധനിയമ പ്രകാരവും ടാഡ പ്രകാരവുമാണ് ഈ സ്വാമിക്കെതിരെ കേസെടുത്തത്. സൈക്കിള്‍ മോഷണക്കേസില്‍ ഡല്‍ഹി കോടതി ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ ഇതിന് തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. 2008ലെ കേസിലായിരുന്നു വാറന്റ്. തന്റെ സൈക്കള്‍ കടയില്‍ അതിക്രമിച്ച് കയറിയ ഓംജി മഹാരാജ് പൂട്ട് പൊളിച്ച് 11 സൈക്കിളുകള്‍ മോഷ്ടിച്ചുവെന്ന് സഹോദരന്‍ പ്രമോദ് ഝായുടെ പരാതിയില്‍ പറയുന്നു. ഡല്‍ഹി പോലീസ് പറയുന്നത് ഇയാള്‍ ഏഴ് ആയുധക്കേസുകളില്‍ പ്രതിയാണെന്നാണ്. കൂടാതെ ഭവനഭേദനം, കവര്‍ച്ച തുടങ്ങിയ കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

ഈ ലിസ്റ്റ് ഒരിക്കലും പൂര്‍ണമല്ല. ആള്‍ദൈവങ്ങള്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ പലതും പുറത്തുവരാറില്ല എന്നത് തന്നെയാണ് അതിന് കാരണം. ഈ സമൂഹത്തെ കബളിപ്പിച്ച് ജീവിച്ച നിരവധി ആള്‍ദൈവങ്ങളുടെ കഥ ഇന്ത്യയിലെ ഓരോ ഗ്രാമങ്ങള്‍ക്കും പറയാനുണ്ടാകും. ഇതില്‍ ചിലരുടെ കഥകള്‍ മാത്രമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ആള്‍ദൈവങ്ങളെന്നത് ഏതെങ്കിലും ഒരു മതത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നവയല്ല. മന്ത്രവാദത്തിന്റെയും ചികിത്സയുടെയും നിധി നേടുന്നതിന്റെയുമൊക്കെ പേരില്‍ ബലാത്സംഗങ്ങളും കൊലപാതകങ്ങളുമൊക്കെ നടക്കുന്നത് എല്ലാ മതങ്ങളിലും പതിവായിരിക്കുകയാണ്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍