UPDATES

ഇന്ത്യന്‍ കോഫി ഹൗസ്: ഒരു ദേശത്തിന്റെ ചരിത്രം പേറുന്ന കാപ്പിക്കപ്പുകള്‍

ബ്രിട്ടീഷ് ഫോട്ടോ ജേര്‍ണലിസറ്റായ സ്റ്റിയുവര്‍ട്ട് ഫ്രീഡ്മാന്‍ ഇന്ത്യന്‍ കോഫി ഹൗസുകളുടെ മാസ്മരികതയെ പകര്‍ത്തിയ ചിത്രങ്ങളുടെ പ്രദര്‍ശനങ്ങള്‍

ഇന്ത്യന്‍ കോഫി ഹൗസുകളോളം ആധുനിക ഇന്ത്യന്‍ സംസ്‌കാരത്തെ ഉള്‍ക്കൊണ്ട സ്ഥലങ്ങള്‍ അപൂര്‍വ്വമാണ്. പ്രാദേശിക മാര്‍ക്കറ്റില്‍ കാപ്പിയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുക ലക്ഷ്യമിട്ട് പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരാണ് ആദ്യ കോഫി ഹൗസ് സ്ഥാപിക്കുന്നത്. പിന്നീട് കലാകാരന്‍മാരും പത്രക്കാരും വിദ്യാര്‍ത്ഥി നേതാക്കളുമൊക്കെ കൂടിയിരുന്ന് ചര്‍ച്ച ചെയ്യുന്ന, രാഷ്ട്രീയം പറയുന്ന ഒരിടമായി അത് മാറി.

കഴിഞ്ഞു പോയൊരു കാലത്തിന്റെ ജീര്‍ണിച്ച അവശേഷിപ്പുകളാണ് ഇവയൊക്കെയെന്ന് ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. അല്ലെങ്കില്‍ കോര്‍പ്പറേറ്റുകളുണ്ടാക്കുന്ന മിന്നുന്ന ഇടങ്ങള്‍ക്ക് വഴി വെട്ടാനായി പതുക്കെ അന്ത്യത്തിലേക്ക് അടുക്കുന്നവയായി. എന്നാല്‍ ഇന്നും, എന്നും പ്രസക്തമായ ഇടങ്ങളാണ് കോഫി ഹൗസുകളെന്ന് പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് സ്റ്റ്യുവര്‍ട്ട് ഫ്രീഡ്മാന്‍ ഉറപ്പിച്ച് പറയുന്നു.

ഓര്‍മക്കൊട്ടാരങ്ങള്‍ (The palaces of memory) എന്ന് പേരിട്ടിരിക്കുന്ന സ്റ്റ്യുവര്‍ട്ടിന്റെ ഫോട്ടോ പരമ്പര ബംഗളൂരുവിലെ തസ്വീര്‍ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള കോഫി ഹൗസുകളില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളാണ് ഈ പ്രദര്‍ശനത്തിലുള്ളത്. വര്‍ത്തമാനത്തില്‍ മുഴുകിയിരിക്കുന്ന പതിവുകാര്‍, വലിയ കുടുംബങ്ങള്‍ നിറഞ്ഞ മേശകളിലേക്ക് കൃത്യമായി വിഭവങ്ങളെത്തിക്കുന്ന ജോലിക്കാര്‍, അക്ഷരപ്പിഴവുകളുള്ള അടയാളങ്ങള്‍ ചിതറിക്കളിക്കുന്ന മങ്ങിയ ചായമടിച്ച ചുവരുകള്‍.

"</p

20 വര്‍ഷം മുമ്പ് ജോലിയുടെ ഭാഗമായി ഡല്‍ഹി സന്ദര്‍ശിക്കുമ്പോഴാണ് സ്റ്റ്യുവര്‍ട്ട് കൊണാട്ട് പ്ലേസിലെ ഇന്ത്യന്‍ കോഫി ഹൗസ് കണ്ടെത്തുന്നത്. ആ സ്ഥലത്തോട് തോന്നിയ ആകര്‍ഷണം, എഴുപതുകളില്‍ ചിലവ് കുറഞ്ഞ ഭക്ഷണശാലകള്‍ നിറഞ്ഞ ലണ്ടനിലെ ഹാക്ക്‌നിയില്‍ ചെലവിട്ട തന്റെ ബാല്യകാലത്തിലേക്കും അയാളെ വലിച്ചിടുകയായിരുന്നു. രാജ്യം, കാലാവസ്ഥ, ഭക്ഷണശീലങ്ങള്‍ എല്ലാം പാടേ വ്യത്യസ്തം. പക്ഷേ ആ ഇടം സുഖകരമായ ഒരു പരിചിതത്വമുണര്‍ത്തുന്നതായിരുന്നു. ”ഞാനൊരുമിച്ച് വളര്‍ന്ന് അതേ തരം ആളുകളായിരുന്നു അവര്‍”, സ്റ്റ്യുവര്‍ട്ട് പറയുന്നു. ”ആ ഇടങ്ങളെന്നെ ഒരുതരം സാര്‍വലൗകികതയെ ഓര്‍മിപ്പിച്ചു”.

ഫോട്ടോയില്‍ പതിയേണ്ടവരെ യാതൊരു തരത്തിലും തടസപ്പെടുത്താതെ, എന്നാല്‍ വളരെ അടുപ്പത്തോടെ പല നിമിഷങ്ങളെയും ഒപ്പിയെടുക്കാന്‍ സ്റ്റ്യുവാര്‍ട്ടിന് സാധിക്കുന്നു. കാഴ്ചക്കാരനും വസ്തുവിനും ഇടയ്ക്ക് കാമറ ഉള്ളതായേ അനുഭവപ്പെടുന്നില്ല. എപ്പോഴെങ്കിലും അതുണ്ടെങ്കില്‍ തന്നെ ആ സാന്നിധ്യം ഒരിക്കലും അതിക്രമിച്ച് കടക്കലും ആകുന്നില്ല. ഒരു പൊതുവിടത്തിലേക്ക് കടന്നു ചെന്ന്, തീര്‍ത്തും വ്യക്തിപരവും സ്വകാര്യവും ആയ ഈ നിമിഷങ്ങളെ എങ്ങനെയാണ് അയാള്‍ ഒപ്പിയെടുത്തത്?

”നല്ല ഛായാഗ്രഹണം നല്ല പത്രപ്രവര്‍ത്തനം പോലെയാണ്.” സ്റ്റ്യുവര്‍ട്ട് പറയുന്നു. ”നിങ്ങള്‍ പകര്‍ത്തുകയോ എഴുതുകയോ ചെയ്യുന്ന മനുഷ്യര്‍ ശ്വസിക്കുന്ന അതേ വായു നിങ്ങളും ഉള്ളിലേക്കെടുക്കണം. ആയിരക്കണക്കിന് കപ്പ് കാപ്പികളുടെ വൃത്തക്കറ ചരിത്രങ്ങള്‍ പേറുന്ന പൊളിഞ്ഞ് തുടങ്ങിയ ഇരിപ്പിടങ്ങളും, മേശകളും. അത് തരുന്ന സ്വാഭാവികമായ അലസഭാവം. പൊതുവിടത്തിലേയും സ്വകാര്യതയിലേയും വ്യക്തിക്കിടയിലുള്ള കൃത്യമായ സമീകരണം സാധ്യമാകണമെങ്കില്‍ ഈ അന്തരീക്ഷമുള്ള കോഫി ഹൗസ് പോലുള്ള സ്ഥലങ്ങള്‍ വേണം.”

"</p

രാജ്യത്താകമാനമുള്ള കോഫി ഹൗസുകളില്‍ പുതിയൊരു തരം പതിവുകാരും എത്തുന്നുണ്ട്. ഒരിക്കലും ഭാഗഭാക്കായിരുന്നിട്ടില്ലാത്ത, എന്നാല്‍ തുടര്‍ച്ചയായ മാറ്റൊലികളാല്‍ തങ്ങളോട് നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്ന ഭൂതകാലത്തെ ഗൃഹാതുരതയോടെ ഉറ്റുനോക്കുന്ന യുവാക്കള്‍. സ്വാതന്ത്യ സമരത്തിന്റെ, വിഭജനത്തിന്റെ, അടിയന്തരാവസ്ഥയുടെ കാലങ്ങളില്‍ നടന്നിരുന്ന അത്യുജ്ജ്വല ചര്‍ച്ചകളുടെ തുടര്‍ച്ചകള്‍ ഇന്നുമുണ്ടാകുന്നു. എന്നത്തേയും പോലെ, എന്നുമുണ്ടാകേണ്ട പോലെ വിദ്യാര്‍ത്ഥി രാഷ്ട്രീയക്കാര്‍ കാലഘട്ടത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ബഹുരാഷ്ട്ര ശൃംഖലകളേക്കാള്‍ ഒരുപാടൊരുപാട് കുറഞ്ഞ വിലയായത് കൊണ്ട് തന്നെ സാധാരണക്കാരും വന്നു കേറുന്നു.

"</p "</p

പെരുകിക്കൊണ്ടിരിക്കുന്ന സ്ഥാപനങ്ങള്‍ പൊതുവിടങ്ങളുടെ ഭൂരിഭാഗവും സ്വന്തമാക്കി കൊണ്ടിരിക്കുന്ന നവ ഉദാരവത്കൃത നഗരങ്ങളില്‍, കോഫി ഹൗസ് ഒരു അത്യന്താപേക്ഷിത വിശ്രമസ്ഥലമാണ്. ”ഒരു വിരാമം”; അങ്ങനെയാണ് സ്റ്റ്യുവാര്‍ട്ട് അതിനെ വിളിക്കുന്നത്. ”ഇതൊരു സിറ്റി കോഫി ഹൗസാണ്. ചുമ്മാ ഇടിച്ച് കയറാവുന്ന കഫെ. അതിന്റെ വൈരുദ്ധ്യം എന്താണെന്ന് വെച്ചാല്‍ എന്തിനെയാണോ അത് പ്രതിനിധീകരിക്കുന്നത് അത് തന്നെയാണ് മൗലികമായും പ്രധാനം. എനിക്ക് തോന്നുന്നത് അവിടെ പോകുന്ന മനുഷ്യര്‍ക്ക് ഒരു തരത്തില്‍ ആ അവബോധമുണ്ടെന്നാണ്.”

The palaces of Memory ഡിസംബര്‍ 16 വരെയാണ് ബംഗളൂരുവിലെ തസ്‌വീറില്‍ പ്രദര്‍ശിപ്പിച്ചത്. ജനുവരി 17 മുതല്‍ 23 വരെ ചെന്നൈയില്‍ Amethyst ല്‍ പ്രദര്‍ശനമുണ്ടാകും

(ഡിസംബര്‍ 16 വരെ ബംഗളൂരുവിലെ തസ്‌വീറില്‍ സംഘടിപ്പിച്ച The palaces of Memory ല്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളാണ് ആര്‍ട്ടിക്കളില്‍ ചേര്‍ത്തിരിക്കുന്നത്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍