UPDATES

ട്രെന്‍ഡിങ്ങ്

കായല്‍ സമ്മേളനങ്ങളിലൂടെ വരുന്ന കേന്ദ്രഫണ്ട് ജാതീയതയെ ഇല്ലാതാക്കില്ല; ചില ‘പാരമ്പര്യങ്ങളുടെ’ ചരമസൂചനകള്‍ നല്‍കിയ ഹര്‍ത്താല്‍

ഈ ഹര്‍ത്താലും അതിന് മുന്‍കാലങ്ങളെ അപേക്ഷിച്ച് ലഭിക്കുന്ന തരക്കേടില്ലാത്ത പിന്തുണയും ദളിത് സംഘടനകളില്‍ ചില ആശയപരമായ മാറ്റങ്ങള്‍ക്ക് വഴിവെട്ടിയേക്കാം

പട്ടികജാതി-പട്ടികവര്‍ഗ സംരക്ഷണ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാരും ജുഡീഷ്യറിയും ചേര്‍ന്ന് നടത്തുന്ന നീക്കങ്ങളില്‍ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യത്തെമ്പാടും പ്രതിഷേധങ്ങള്‍ നടക്കവെ മഹാരാഷ്ട്രയില്‍ നിന്നും കൗതുകകരമായ ഒരു വാര്‍ത്ത വരുന്നുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവും കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ സഹമന്ത്രി രാംദാസ് അത്താവാലെക്കെതിരെ ചില ദളിത് സംഘടനകള്‍ പ്രതിഷേധവുമായി എത്തി. മുദ്രാവാക്യം വിളികളുമായെത്തിയ ദളിത് ആക്ടിവിസ്റ്റുകള്‍ അദ്ദേഹത്തിനെതിരെ കറുത്ത കൊടികള്‍ വീശി പ്രതിഷേധിച്ചു. അത്താവാലെ അധികാരഭ്രാന്തനാണെന്നും, ദളിതര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന അക്രമങ്ങള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണെന്നുമായിരുന്നു ദളിത് സംഘടനാ പ്രവര്‍ത്തകരുടെ ആരോപണം. മന്ത്രിസ്ഥാനം രാജിവെച്ച് ദളിതര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ അത്താവാലെ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

തന്റേത് അംബേദ്കറുടെ വഴിയാണെന്നും മറിച്ചുള്ള നിലപാടുള്ളവര്‍ ‘നക്‌സലുകള്‍’ ആണെന്നും പ്രചരിപ്പിക്കുന്ന ഒരു തലമുറയുടെ പ്രതിനിധിയാണ് അത്താവാലെ. അംബേദ്കര്‍ മുതലായവരുടെ രാഷ്ട്രീയ സിദ്ധാന്തങ്ങളെ, മത-രാഷ്ട്രീയ അധികാരം പിടിച്ചടക്കുകയായിരിക്കണം ആദ്യലക്ഷ്യം എന്ന് വളച്ചൊടിച്ച് നിര്‍മിച്ച ആശയശാസ്ത്രധാരണകളുടെ പ്രയോക്താക്കളിലൊരാള്‍. ജിഗ്നേഷ് മേവാനിയെപ്പോലുള്ള പുതുതലമുറ ദളിത് നേതാക്കള്‍ അംബേദ്കറെ കുറേക്കൂടി കാലോചിതമായി വ്യാഖ്യാനിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് അത്താവാലെയെപ്പോലുള്ളവര്‍ ഇക്കാലത്തിനിടയില്‍ ഒരിക്കല്‍പ്പോലും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറുന്നത്. ‘അഖില്‍ ഭാരതീയ ബൗദ്ധ ധമ്മ പരിഷദ്’ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ബുദ്ധമതാനുയായിയായ അത്താവാലെക്ക് ഈ പ്രതിഷേധം നേരിടേണ്ടി വന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

എന്തുകൊണ്ടാണ് ദലിതര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്‌?

ആശയപരമായി വിയോജിപ്പുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കാതെ അധികാരം കൈയാളുക എന്ന ലക്ഷ്യം മാത്രം മുന്നില്‍ നിറുത്തിവന്ന ദളിത് നേതൃത്വത്തിന്റെ ചരമം അടുക്കുകയാണെന്നതിന് ഇനിയും ലക്ഷ്യങ്ങള്‍ നിരത്താവുന്നതാണ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദളിത് എംപിയായ യശ്വന്ത് സിങ്, താനടക്കമുള്ള ദളിത് എംപിമാര്‍ നേരിടുന്ന വിവേചനങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയ കത്ത് പുറത്തുവന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്. ഒരു വെറും ‘റിസര്‍വ്വേഷന്‍ എംപി’യായി താന്‍ മാറിയെന്നാണ് കത്തില്‍ സിങ് പറഞ്ഞത്. എഐഐഎമ്മില്‍ നിന്നും പഠിച്ചിറങ്ങിയ ഫിസിഷ്യന്‍ കൂടിയായ തനിക്ക് ദളിതനായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ തന്റെ കഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കാതെ വരുന്നുവെന്നും പ്രധാനമന്ത്രിക്കെഴുതി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ദളിത് വിരുദ്ധത ആരോപിച്ച് ഛോട്ടെലാല്‍ എന്ന ദളിത് എംപി രംഗത്തു വന്ന് ദിവസങ്ങള്‍ക്കകമാണ് ഈ കത്ത് പുറത്തുവന്നത്.

ഉള്ളില്‍ ജാതിബോധം പേറുന്ന മലയാളി ദളിത്-ആദിവാസി ഹര്‍ത്താല്‍ വിജയിപ്പിക്കുമോ?

അംബേദ്കര്‍ ആശയങ്ങള്‍ കാലോചിതമായി വ്യാഖ്യാനിക്കപ്പെടുകയും ആ രാഷ്ട്രീയം പുതിയൊരു സമ്മര്‍ദ്ദമായി പഴയ തലമുറ നേതാക്കള്‍ക്കു മീതെ രൂപപ്പെടുകയും ചെയ്യുന്നത് ഈ സംഭവങ്ങളില്‍ നിന്നും വായിച്ചെടുക്കാവുന്നതാണ്. അംബേദ്കര്‍ ഒട്ടൊക്കെ അവ്യക്തത നിലനിര്‍ത്തി വിട്ടുപോയ മതപരതയിലൂന്നിയ സംഘടനാ ചട്ടക്കൂടും ഇതോടൊപ്പം ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്ന് സംശയിക്കാവുന്നതാണ്. ബ്രാഹ്മണമതത്തെ എതിര്‍ക്കുകയും അതോടൊപ്പം ബ്രാഹ്മണികമായ ജാതിവ്യവസ്ഥയുടെ ശ്രേണിവത്ക്കരണത്തെ തങ്ങള്‍ക്കനുകൂലമായി രൂപപ്പെടുത്തി നിലനിര്‍ത്തുകയും ചെയ്ത ബൗദ്ധപാരമ്പര്യത്തെ പിന്‍പറ്റുന്നതിലെ അബദ്ധം പുതുതലമുറ നേതാക്കള്‍ തിരിച്ചറിയുന്നുണ്ട്. ഈ രാഷ്ട്രീയത്തിന് മതദേശീയതയെ ചെറുക്കുന്നകതിലുള്ള ദൗര്‍ബല്യം ഇന്ത്യക്കകത്തും പുറത്തുമുള്ള സമീപകാല ചരിത്രത്തില്‍ നിന്ന് അസന്ദിഗ്ധമായി ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. റോഹിങ്ക്യന്‍ മുസ്ലിങ്ങളും ശ്രീലങ്കന്‍ തമിഴരും ഉദാഹരണങ്ങളാണ്.

കക്കൂസ് കഴുകുന്നവര്‍ കക്കൂസ് കഴുകിയാല്‍ മതി എന്നു പറയുന്ന കോടതികളുടെ കാലം

കേരളത്തിലെ സാഹചര്യത്തില്‍ ദളിത് സംഘടനകള്‍ക്കിടയില്‍ അത്രകണ്ട് പ്രത്യക്ഷമല്ലാതിരുന്ന മതസ്വാധീനം ചില കോണുകളിലെങ്കിലും വന്നുതുടങ്ങിയതായി കാണാന്‍ കഴിയും. എങ്കിലും കേരളത്തിലെ ദളിത് ബൗദ്ധിക നേതൃത്വം ഈ മതപരതയുടെ പ്രശ്‌നങ്ങള്‍ ഏറെക്കുറെ തിരിച്ചറിഞ്ഞവരാണ്. ഇന്നത്തെ ഹര്‍ത്താലിന് ഇടതുകേന്ദ്രങ്ങളില്‍ നിന്നും സാമാന്യമായൊരു പിന്തുണയും സ്വതന്ത്ര ഇടതു ബുദ്ധിജീവികളില്‍ നിന്നും ശക്തമായ പിന്തുണയും നേടിയെടുക്കാന്‍ ദളിത് സംഘടനകള്‍ക്ക് സാധിച്ചിട്ടുണ്ട് എന്നു തന്നെ കരുതണം. ഇതിന് അടിത്തറയൊരുക്കിയത് രാജ്യത്തെ ഫാഷിസ്റ്റ് വിരുദ്ധ ബദല്‍ രൂപപ്പെടുന്ന സാഹചര്യത്തിനൊപ്പം പുതുതലമുറ ദളിത് നേതാക്കള്‍ തങ്ങള്‍ക്ക് പാരമ്പര്യമായി കിട്ടിയ ‘മാര്‍ക്‌സിസ്റ്റ് വിരോധ’ത്തിന്റെ ആഴം കുറച്ചതിന്റെ പ്രതിഫലനമാണെന്നും കാണാം. അംബേദ്കര്‍ തുടങ്ങിവെച്ച ദളിത് രാഷ്ട്രീയ പ്രസ്ഥാനം തങ്ങളെ വിഘടിപ്പിച്ചു നിറുത്തിയ (മതം അടക്കമുള്ള) നിരവധിയായ പ്രശ്‌നങ്ങളെ മറികടന്ന്, പ്രത്യയശാസ്ത്രപരമായ വ്യക്തതയുള്ള ഉള്ളടക്കത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയായി വിവിധ സംഘടനകള്‍ ഒരുമിച്ചു നടത്തിയ ഈ ഹര്‍ത്താലിനെ കാണാവുന്നതാണ്.

ഈ ഹര്‍ത്താലും അതിന് മുന്‍കാലങ്ങളെ അപേക്ഷിച്ച് ലഭിക്കുന്ന തരക്കേടില്ലാത്ത പിന്തുണയും ദളിത് സംഘടനകളില്‍ ചില ആശയപരമായ മാറ്റങ്ങള്‍ക്ക് വഴിവെട്ടിയേക്കാം. കായല്‍ സമ്മേളനങ്ങളിലൂടെ വരുന്ന കേന്ദ്രഫണ്ട് ജാതീയതയെ ഇല്ലാതാക്കാന്‍ ഉപകരിക്കില്ലെന്ന ലളിതമായ ധാരണയെങ്കിലും അവര്‍ക്കിടയില്‍ വന്നു ചേര്‍ന്നേക്കാം.

എത്ര ദളിതരായ വ്യാപാരികളുണ്ട്? ബസ്, തിയറ്റര്‍ മുതലാളിമാരോ? നവ ഹര്‍ത്താല്‍ വിരുദ്ധതയുടെ രാഷ്ട്രീയ ഗുട്ടന്‍സ്

സന്ദീപ് കരിയന്‍

സന്ദീപ് കരിയന്‍

അഴിമുഖം സ്റ്റാഫ് റൈറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍