മനുഷ്യത്വത്തിന്റെ പൊതിക്കെട്ടുകള്‍ തിരുവനന്തപുരത്തു നിന്നും ഓരോ ക്യാമ്പുകളില്‍ എത്തുമ്പോഴും അവയുമായി ഓരോ വണ്ടിയും യാത്ര ചെയ്യുന്നതു കാണുമ്പോഴും ഓര്‍ക്കുക, ഈ നന്മയുടെ ഭാഗമായി ശ്യാം കുമാര്‍ എന്ന ചെറുപ്പക്കാരനും ഉണ്ടെന്ന്
വടക്കും തെക്കും ഇല്ല, മലയാളി ഒന്നാണെന്നു തെളിയിച്ചുകൊണ്ടാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നും നിലമ്പൂരിനും വയനാടിനും കോഴിക്കോടിനുമെല്ലാം സഹായങ്ങളുമായി ലോഡ് കണക്കിന് സാധനങ്ങളുമായി വാഹനങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. ഇതുവരെ 51 ലോഡ് അവശ്യ സാധനങ്ങളാണ് വടക്കോട്ട് പോയിരിക്കുന്നത്. ദുരന്തത്തില്‍ സ്വന്തം സഹോദരങ്ങളെ കൈവിടാന്‍ ഒരുക്കമല്ലെന്ന് ഒരിക്കല്‍ കൂടി മലയാളി തെളിയിക്കുകയാണ്. ഒരുപാട് പേര്‍, രാവും പകലുമെന്നില്ലാതെ ഓടി നടക്കുകയാണതിനായി. പേരെടുത്തു പറയണമെങ്കില്‍ ഒത്തിരിയുണ്ട്. പക്ഷേ, ആ കൂട്ടത്തില്‍ ഒരാളെ പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. കാട്ടാക്കട സ്വദേശി ശ്യാം കുമാര്‍ എന്ന ബിരുദ വിദ്യാര്‍ത്ഥി. ഈ പ്രളയകാലത്ത് നന്മയുടെ മാതൃകകളായി നാം കണ്ടവരില്‍ ശ്യാമിന്റെ പേരും ചേര്‍ക്കണം. സ്വന്തം ആരോഗ്യം വകവയ്ക്കാതെയാണ് മറ്റുള്ളവര്‍ക്ക് വേണ്ടി ശ്യാം നിലകൊള്ളുന്നത്. തിരുവന്തപുരം കോര്‍പ്പറേഷനിലെ ശുചിത്വ പരിപാടിക്ക് നേതൃത്വം കൊടുക്കുന്ന ഗ്രീന്‍ ആര്‍മിയുടെ മെംബര്‍ ആണ് ശ്യാം. ഗ്രീന്‍ ആര്‍മിയുടെ ഭാഗമായാണ് പ്രളയബാധിതര്‍ക്കായി കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന അവശ്യ വസ്തുക്കളുടെ സംഭരണ പ്രവര്‍ത്തനത്തില്‍ ശ്യാമും ഒപ്പം ചേര്‍ന്നിരിക്കുന്നത്.
തിരുവനന്തപുരം എം ജി കോളേജിലെ സൈക്കോളജി ബിരുദ വിദ്യാര്‍ത്ഥിയാണ് ശ്യാം. ശ്യാമിന്റെ വലത് കാല്‍ കൃത്രിമ കാലാണ്. ഡയാലിസിസ് നടത്തുന്നതിനായി കൈയില്‍ എ വി ഫിസ്റ്റുല ഘടിപ്പിച്ചിട്ടുണ്ട്. രണ്ടു മണിക്കൂര്‍ ഇടവിട്ട് ട്യൂബിട്ട് മൂത്രം എടുക്കണം. പതിനാല് ശസ്ത്രക്രിയകള്‍ക്കും ഈ പ്രായത്തിനിടയില്‍ ശ്യാം വിധേയനായി. പക്ഷേ, തന്റെ ശാരീരികാവശതകളെല്ലാം മറക്കുകയാണ് ശ്യാം. കഴിഞ്ഞ നാല് ദിവസങ്ങളായി രാവും പകലുമെന്നില്ലാതെയാണ് ശ്യാം തിരുവനന്തപുരം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാവശ്യമായ സാധനങ്ങള്‍ സംരഭിക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. പുലര്‍ച്ചെ നാലഞ്ച് മണിയാകുമ്പോഴായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെല്ലാം വീട്ടില്‍ എത്തിയിരുന്നത്. ഇന്നലെ പക്ഷേ, ശരീരം മനസിനൊപ്പം നില്‍ക്കാന്‍ കൂട്ടാക്കിയില്ല. തളര്‍ന്നുപോയി. ഉച്ചവരെ കിടന്നു. ഒന്നു വീണു പോയെന്നു കരുതി, പിന്‍വാങ്ങുന്നില്ല. നാളെ ഞാന്‍ പോകും. എന്നുവരെ നമ്മുടെ സേവനം ആവശ്യമുണ്ടോ അന്നുവരെ പോകും; ശ്യാം അഴിമുഖത്തോട് പറഞ്ഞു.
ശ്യാമിന്റെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ധനമന്ത്രി ടി എം തോമസ് ഐസക്ക് പറയുന്നതിങ്ങനെയാണ്(മന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ശ്യാമിനെ കുറിച്ച് എഴുതിയിട്ടുണ്ട്); ശ്യാമിന്റെ ശരീരത്തില്‍ മൂന്നു വൃക്കകളുണ്ട്. ഡ്യൂപ്ലെക്‌സ് സിസ്റ്റം എന്ന് വൈദ്യശാസ്ത്ര വിദഗ്ധര്‍ പറയും. വലതുവശത്ത് രണ്ടുവൃക്കകള്‍ ഒന്നിനു മുകളില്‍ ഒന്നായി സ്ഥിതി ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇവയുടെ പ്രവര്‍ത്തനം സാധാരണനിലയ്ക്കല്ല.
ശ്യാമിന്റെ മൂത്രസഞ്ചിക്കാകട്ടെ മൂന്നു വയസ്സുകാരന്റെ മൂത്രസഞ്ചിയുടെ വലുപ്പമേയുള്ളു. അതിനാല്‍ വൃക്കകളില്‍ നിന്ന് മൂത്രസഞ്ചിയിലെത്തുന്ന മൂത്രം കവിഞ്ഞ് തിരികെ വൃക്കകളിലേക്കു പടരും. റിഫ്‌ലെക്ട് ആക്ഷന്‍ എന്നാണ് ഇതിനു പറയുന്നതെന്ന് ശ്യാം തന്നെ വിശദീകരിച്ചു തന്നു. ഇതുമൂലം മൂന്നാമത്തെ വൃക്കയും തകരാറിലായി. ട്യൂബ് ഉപയോഗിച്ചാണ് ഇപ്പോള്‍ മൂത്രം പുറത്തേക്കെടുക്കുന്നത്. ശ്യാമിന്റെ വലതുകാല്‍ ജന്മനാ മടങ്ങിയ സ്ഥിതിയിലായിരുന്നു. കാല്‍ നിവര്‍ത്താനാകാതെ വന്നപ്പോള്‍ ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്തു. പത്താമത്തെ വയസ്സിലായിരുന്നു കാല്‍ മുറിച്ചുമാറ്റിയത്. ഇതിനോടകം പതിനാല് ശസ്ത്രക്രിയകള്‍ നടത്തിക്കഴിഞ്ഞു. ആദ്യത്തെ പന്ത്രണ്ടെണ്ണത്തിനും ആരുടേയും സഹായം തേടിയില്ല. പക്ഷേ, പണച്ചെലവുണ്ടായ പതിമൂന്നും പതിനാലും ശസ്ത്രക്രിയകള്‍ക്ക് മറ്റുള്ളവരുടെ സഹായം തേടേണ്ടി വന്നു. അച്ഛന്‍ ശ്രീകുമാര്‍ കൂലിപ്പണിക്കാരനാണ്. കഴിഞ്ഞ മൂന്നുമാസമായി കോളജില്‍ പോകുമ്പോഴും മറ്റും മൂത്രം പോകാനുള്ള ട്യൂബും സഞ്ചിയുമൊക്കെ ശരീരത്തിലുണ്ടാകും.
എന്നാല്‍ താനീ കാര്യങ്ങളൊന്നും ആലോചിക്കാറുപോലുമില്ലെന്നാണ് ശ്യാം പറയുന്നത്. കഴിഞ്ഞ പ്രളയ കാലത്തും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. ഗ്രീന്‍ ആര്‍മി, സിഗ്നേച്ചര്‍ ഓഫ് നിശാഗന്ധി എന്നീ സംഘടനകളുടെ അംഗമാണ് ശ്യാം. കഴിഞ്ഞ തവണയും പ്രളയകാലത്ത് പലയിടങ്ങളിലായി ദിവസങ്ങളോളം സന്നദ്ധ സേവനങ്ങള്‍ നടത്തിയിരുന്നു. അപ്പോഴെനിക്ക് കൈയില്‍ ഭാരം എടുക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, ഇത്തവണ അതിനു കഴിയുന്നില്ലെന്നൊരു നിരാശയുണ്ട്. കൈയില്‍ എ വി ഫിസ്റ്റുല ഘടിപ്പിച്ചിട്ടുണ്ട്. ഭാരം എടുത്താല്‍ അത് പൊട്ടിപ്പോകും. അതുകൊണ്ട് കോര്‍ഡിനേഷന്‍ പരിപാടികളും സാധനങ്ങളുടെ പാക്കിംഗ് ഒക്കെയാണ് ഇത്തവണ ചെയ്യുന്നത്; ശ്യാം പറയുന്നു. ശ്യാമിന്റെ ഈ സേവന സന്നദ്ധയെ മന്ത്രി തോമസ് ഐസക്ക് വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്; ‘ശരീരത്തിന്റെ ഈ പരിമിതികളൊന്നും വകവെയ്ക്കാതെ പ്രളയദുരിതാശ്വാസത്തിനുള്ള കളക്ഷന്‍ ക്യാമ്പില്‍ തന്നാലാവുംവിധം കൈമെയ് മറന്ന് അധ്വാനിക്കുകയാണ് ശ്യാം. ശ്യാമിനെപ്പോലുള്ള നന്മയുടെ തുടിപ്പുകളാണ് അതിജീവനത്തിന്റെ തോണി തുഴയുന്നത്. അതു ലക്ഷ്യം കാണുകതന്നെ ചെയ്യും’.
താന്‍ ഇതിനൊക്കെ ഇറങ്ങുന്നതില്‍ വീട്ടില്‍ എതിര്‍പ്പൊന്നും ഇല്ലെന്നും ശ്യാം പറയുന്നു. എനിക്ക് കുട്ടിക്കാലം തൊട്ട് സമൂഹത്തിനും നമ്മുടെ കൂടെയുള്ളവര്‍ക്കും എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നെക്കൊണ്ട് കഴിയും പോലെ ചെയ്യുന്നുമുണ്ട്. വീട്ടില്‍ അച്ഛനും അമ്മയും അനിയത്തിയുമാണ് ഉള്ളത്. ഞാനെപ്പോഴും പുറത്തിറങ്ങി ആക്ടീവ് ആയി നടക്കാനാണ് അവരും പറയുന്നത്. വീട്ടില്‍ തന്നെ ഇരിക്കുന്നത് എനിക്കും ഇഷ്ടമല്ല. നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നോര്‍ത്ത് സങ്കടപ്പെട്ടിരുന്നിട്ട് കാര്യമില്ല. നമുക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നു കാണിച്ചുകൊടുക്കണം. അത് മറ്റുള്ളവരുടെ കണ്ണീരൊപ്പാനും അവര്‍ക്ക് സഹായം കിട്ടാനുമുള്ള പ്രവര്‍ത്തികളാണെങ്കില്‍ എത്ര നല്ലതായിരിക്കും നമ്മുടെ ജീവിതം. നമ്മള്‍ ഓരോരുത്തരുടെയും സഹായം വേണ്ടി വരുന്ന മനുഷ്യര്‍ എല്ലായിടത്തും ഉണ്ട്. ഇതുവരെ കാണാത്തവര്‍, എന്നെങ്കിലും കാണുമെന്ന് പറയാന്‍ പറ്റാത്തവര്‍, പക്ഷേ, അവരുടെ കാണാമറയത്തിരുന്ന് നമ്മള്‍ ചെയ്യുന്ന ഈ പ്രവര്‍ത്തികളാണ് അവരുടെ മനസ് നിറയ്ക്കുന്നത്. കണ്ണീര്‍ തോര്‍ത്തുന്നത്. കുട്ടിക്കാലം മുതല്‍ എന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് അമ്മയ്ക്ക് ഞാനിതിനൊക്കെ പോകുന്നത് വലിയ ഇഷ്ടമാണ്; ശ്യാം പറയുന്നു.
ജീവിതത്തില്‍ ഇതുവരെ നിരാശനായി ഇരുന്നിട്ടില്ലെന്നാണ് ശ്യാം പറയുന്നത്. സമൂഹത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുമ്പോള്‍ കിട്ടുന്ന സന്തോഷമുണ്ട്. അതാണ് മുന്നോട്ടു കൊണ്ടുപോകുന്നത്. ഈ നാടിനു വേണ്ടി ചെയ്യാന്‍ എത്രമാത്രം ജോലികളുണ്ട്. ഓരോ മനുഷ്യരും കാണിക്കുന്ന നന്മകള്‍ക്കു മുന്നില്‍ ഞാനൊക്കെ ചെയ്യുന്നത് ഒന്നുമല്ല.
ശരീരത്തില്‍ ജീവന്‍രക്ഷ ഉപകരണങ്ങള്‍ ഘടിപ്പിച്ചും കൃത്രിമ കാലില്‍ നടക്കുമ്പോഴും ഏതൊരാളെക്കാളും ഊര്‍ജ്ജസ്വലനാണ് ശ്യാം കുമാര്‍. ജീവിതത്തോട് പൊരുതി മുന്നേറാന്‍ ഇഷ്ടപ്പെടുന്നൊരാള്‍. അസുഖം കുറച്ചു കൂടി ശക്തനായി മാറുന്നതിനു മുന്നേ കട്ടാക്കടയില്‍ വീട്ടില്‍ നിന്നും ശ്യാം സൈക്കിള്‍ ചവിട്ടിയായിരുന്നു കോളേജില്‍ എത്തിയിരുന്നു. അതിലും ദൂരെ സ്ഥലങ്ങളിലേക്കും സൈക്കിളില്‍ പോകുമായിരുന്നുവെന്ന് ശ്യാം പറയുന്നു. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ശ്യാം കളിക്കാനും ഇറങ്ങിയിരുന്നു. ഇപ്പോള്‍ എ വി ഫിസ്റ്റുല ഘടിപ്പിച്ചിരിക്കുന്നതിനാല്‍ സൈക്കില്‍ ചവിട്ടുന്നതൊക്കെ നിര്‍ത്തിയിരിക്കുകയാണ്. മുന്‍പ് തെങ്ങില്‍ വരെ കയറുമായിരുന്നു.
മനുഷ്യത്വത്തിന്റെ പൊതിക്കെട്ടുകള്‍ തിരുവനന്തപുരത്തു നിന്നും ഓരോ ക്യാമ്പുകളില്‍ എത്തുമ്പോഴും അവയുമായി ഓരോ വണ്ടിയും യാത്ര ചെയ്യുന്നതു കാണുമ്പോഴും ഓര്‍ക്കുക, ഈ നന്മയുടെ ഭാഗമായി ശ്യാം കുമാര്‍ എന്ന ചെറുപ്പക്കാരനും ഉണ്ടെന്ന്. രോഗം മൂര്‍ച്ഛിച്ചിനെ തുടര്‍ന്ന് രണ്ടാഴ്ച്ച കിടപ്പിലായി പോയ ഒരാളാണ്, 24 മണിക്കൂറെന്നോണം ജോലിയെടുത്ത് അപരന്റെ കണ്ണീരൊപ്പാന്‍ പരിശ്രമിക്കുന്നതെന്നു കൂടി ഓര്‍ക്കണം. ധനമന്ത്രിയുടെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് ഉടനടി ഒരു ശസ്ത്രക്രിയയ്ക്കു കൂടി ശ്യാം വിധേയനാകണം. സങ്കീര്‍ണമായ ഒന്ന്. വലിയ തുക ചെലവാകേണ്ടി വരുന്നത്. ശ്യാമിന്റെ വൃക്കകളുടെ പ്രവര്‍ത്തനം ഇപ്പോള്‍ 23 ശതമാനം മാത്രമാണ്. ഇത് 20 ശതമാനത്തിലേക്ക് താഴ്ന്നാല്‍ ഡയാലിസിസ് വേണ്ടി വരും. പല രോഗങ്ങള്‍ക്കായി 30 ഗുളികയോളം ശ്യാം കഴിക്കുന്നുണ്ട്. എന്നിട്ടും തളരാതെയാണ് ട്യൂബ് ഘടിപ്പിച്ച ശരീരവുമായി ശ്യാം ദുരിതാശ്വാസ ക്യാംപില്‍ ഓടി നടക്കുന്നത്. ആ മനക്കരുത്തിനു മുന്നില്‍ വിസ്മയം പൂകാനേ കഴിയൂ. ഇതുപോലുള്ള മനുഷ്യരുടെ ആത്മബലത്തോടെ കേരളം കരകയറുക തന്നെ ചെയ്യും.
ശ്യാം കുമാറിനെ പോലെ, കോര്‍പറേഷനില്‍ മുഴുവന്‍ സമയ പ്രവര്‍ത്തനത്തില്‍ അഞ്ഞൂറോളം യുവതീയുവാക്കളാണ് ഏര്‍പ്പെട്ടിരിക്കുന്നത്. വിവിധ സെക്ഷനുകളായാണ് ഇവിടെ പ്രവര്‍ത്തനം നടക്കുന്നത്. ഓരോയിടത്തു നിന്നായി കിട്ടുന്ന സാധനങ്ങള്‍ രസീത് നല്‍കി സ്വീകരിച്ചു വയ്ക്കുന്നവര്‍, കിട്ടുന്ന സാധനങ്ങളുടെ കണക്ക് തയ്യാറാക്കുന്നവര്‍, കിട്ടിയ സാധനങ്ങള്‍ തരംതിരിക്കുന്നവര്‍, വിവിധ ജില്ലകളില്‍ നിന്നുള്ള ആവശ്യത്തിനനുസരിച്ച് സാധനങ്ങള്‍ പെട്ടികളിലാക്കി ലോറിയില്‍ കയറ്റാന്‍ എടുത്തുകൊടുക്കുന്നവര്‍ എന്നിങ്ങനെയാണ് കോര്‍പ്പറേഷനില്‍ ജോലികള്‍ നടക്കുന്നത്. രാവും പകലും ഈ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. ഇതുവരെ 1200 പേരാണ് സന്നദ്ധ പ്രവര്‍ത്തകരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളടക്കം ഇവരില്‍ ആയിരം പേരും വിദ്യാര്‍ത്ഥികളാണ്. വിദ്യാര്‍ത്ഥികളെ കൂടാതെ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, മാനേജ്‌മെന്റ്, ഐടി വിദഗ്ധര്‍ എന്നിങ്ങനെ പല മേഖലകളില്‍നിന്നും എത്തിയവരുണ്ട്. ഇവര്‍ക്കൊപ്പം ഗ്രീന്‍ ആര്‍മിയുടെ വോളന്റീയര്‍മാരും രംഗത്തുണ്ട്. ഇവരുടെയെല്ലാം കൈമെയ്യ് മറന്നുള്ള അദ്ധ്വാനമാണ് 40 ലോഡുകളായി ദുരിതബാധിത ജില്ലകളില്‍ എത്തിയിരിക്കുന്നത്. അവരിപ്പോഴും തിരക്കിലാണ്. ഇനിയുമിനിയും സാധനങ്ങള്‍ കയറ്റി വിടാന്‍. കൈവിടില്ല കേരളത്തെയെന്നു പറഞ്ഞുകൊണ്ട്.