UPDATES

ട്രെന്‍ഡിങ്ങ്

ദത്തെടുക്കപ്പെടുന്നതില്‍ പെണ്‍കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ 69% വര്‍ദ്ധനവ്; ഇന്ത്യന്‍ കുടുംബ വ്യവസ്ഥകള്‍ പെണ്‍കുട്ടികളോട് പുലര്‍ത്തുന്ന ‘ചിറ്റമ്മ നയം’ മാറുകയാണോ?

2015നും 2018നുമിടയില്‍ ദത്തെടുക്കപ്പെട്ട 11,649 കുട്ടികളില്‍ 6,962പേര്‍ പെണ്‍കുട്ടികളും ബാക്കി 4,687 ആണ്‍കുട്ടികളുമായിരുന്നു.

2019 ഫെബ്രുവരി 8ന് ലോക്‌സഭയിലെ ചോദ്യോത്തരവേളയില്‍ ദത്തെടുക്കലിനെ സംബന്ധിച്ച് കേന്ദ്ര വനിതാ-ശിശുവികസന മന്ത്രാലയം നല്‍കിയ വിവരമനുസരിച്ച് 2015നും 2018നുമിടയില്‍ ഇന്ത്യയില്‍ ദത്തെടുക്കപ്പെട്ടതിന്റെ അറുപത് ശതമാനവും പെണ്‍കുട്ടികള്‍ ആയിരുന്നെന്നാണ്. ഇന്ത്യയില്‍ നിന്നും (Inter country adoption for NRI ) മറ്റു രാജ്യങ്ങളിലേക്ക് ദത്തെടുക്കപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണത്തിലും പെണ്‍കുട്ടികള്‍ക്ക് ആണ്‍കുഞ്ഞുങ്ങളേക്കാള്‍ മുന്‍വര്‍ഷങ്ങളിലേക്കാള്‍ അറുപത്തിയൊമ്പത് ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. അതായത് ഇക്കാലയളവില്‍ ദത്തെടുക്കപ്പെട്ട 11,649 കുട്ടികളില്‍ 6,962പേര്‍ പെണ്‍കുട്ടികളും ബാക്കി 4,687 ആണ്‍കുട്ടികളുമായിരുന്നു.

പെണ്‍ഭ്രൂണഹത്യകള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച രാജ്യത്ത് ഏതായാലും ഇത് ആശ്വാസകരമായ ഒരു വാര്‍ത്തയാണെന്നതില്‍ സംശയമില്ല. പ്രത്യേകിച്ചും ആണ്‍-പെണ്‍ അനുപാതത്തില്‍ വളരെ പിന്നില്‍ നില്‍ക്കുന്ന ബീഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പെണ്‍കുട്ടികളെ ദത്തെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് അഭൂതപൂര്‍വ്വമായ ഒരു സാമൂഹിക മാറ്റമായി വിലയിരുത്താവുന്നതാണ്. ഒരു വശത്ത് പെണ്‍കുട്ടികളെ ദത്തെടുക്കുന്നവര്‍ കൂടുമ്പോള്‍ മറുവശത്ത് എന്തുകൊണ്ട് പെണ്‍കുട്ടികള്‍ കൂടുതലായി ഉപേക്ഷിക്കപ്പെടുന്നു എന്ന ചോദ്യവും പ്രസക്തമാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ട്‌. ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണ്ണയം രാജ്യത്ത് കുറ്റകരമാണെങ്കിലും ദത്തെടുക്കലിന് ഇത് ബാധകമല്ല. കുഞ്ഞിനെ ‘ലിംഗപരമായി’ തിരഞ്ഞെടുക്കാനുള്ള അവകാശം ദത്തെടുക്കുന്നവര്‍ക്ക് ഉണ്ടെന്നിരിക്കെ പെണ്‍കുട്ടികളെ കൂടുതല്‍പേര്‍ തിരഞ്ഞെടുത്തിലുള്ള കാരണങ്ങള്‍ ഇന്ത്യയുടെ സാമൂഹിക ജീവിതത്തില്‍ വാര്‍ത്തയാകുന്നതും അതുകൊണ്ടാണ്.


ദ ഹിന്ദു പ്രസിദ്ധീകരിച്ച ഗ്രാഫിക്‌സ്‌

പെണ്‍ഭ്രൂണങ്ങളുടെ ശവപ്പറമ്പായ ഇന്ത്യ:

ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ കൗണ്‍സില്‍ ലോകമെമ്പാടും നടക്കുന്ന പെണ്‍ഭ്രൂണഹത്യകളെക്കുറിച്ച് നടത്തിയ പഠനത്തില്‍ ലോകത്തേറ്റവുമധികം പെണ്‍ഭ്രൂണഹത്യകള്‍ നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന് കണക്കുകള്‍ നിരത്തിപ്പറയുന്നു. രണ്ടായിരത്തി ഒന്നില്‍ ഇന്ത്യയിലെ ആറ് വയസ്സിനു താഴെയുള്ള പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം 78.83 ലക്ഷമായിരുന്നെങ്കില്‍ രണ്ടായിരത്തി പതിനൊന്നില്‍ അത് 75.85 ലക്ഷമായി കുറഞ്ഞു! ദേശീയ ആരോഗ്യ-കുടുംബ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിയമവിരുദ്ധമായ അബോര്‍ഷന്‍ രാജ്യത്ത് കണക്കില്ലാതെ നടക്കുന്നു എന്നുള്ളതാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മാത്രം സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രംമൂലം ഏതാണ്ട് ആയിരം സ്ത്രീകള്‍ ഇന്ത്യയില്‍ ഓരോ വര്‍ഷവും കൊല്ലപ്പെടുന്നുണ്ട്. ഹരിയാന, രാജസ്ഥാന്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ പെണ്‍കുഞ്ഞുങ്ങളുടെ ശവപ്പറമ്പുകളാണ്. ഉത്തരേന്ത്യയില്‍ പല സംസ്ഥാനങ്ങളിലും സമാന്തരകോടതികളായി പ്രവര്‍ത്തിക്കുന്ന ഖാപ്പ് പഞ്ചായത്തുകള്‍ക്ക് കുടുംബത്തിന്റെ നീതിക്കുവേണ്ടിയുള്ള ഈ വിശുദ്ധകൊലപാതകങ്ങളില്‍ കുറ്റകരമായ പങ്കുണ്ടെന്നത് രാജ്യത്ത് പലപ്പോഴും ചര്‍ച്ച ചെയ്തിട്ടുള്ളതാണ്.

1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി (MTP) ആക്ട് അനുസരിച്ച് ഗര്‍ഭച്ഛിദ്രം ഇന്ത്യയില്‍ കുറ്റകരമാണ്. എന്നാല്‍ 2002ല്‍ ഈ നിയമത്തിന് കൊണ്ടുവന്ന ഒരു ഭേദഗതി അനുസരിച്ച് മാതാവിന്റെ ജീവനോ ശാരീരികമോ മാനസികമോ ആയ ആരോഗ്യത്തിനോ വെല്ലുവിളിയാകുമെങ്കില്‍ ഗര്‍ഭച്ഛിദ്രം അനുവദനീയമെന്നുണ്ട്. ഗര്‍ഭസ്ഥശിശുവിന് ഇരുപത് ആഴ്ചകള്‍ക്ക് മുകളില്‍ പ്രായമുണ്ടെങ്കില്‍ അബോര്‍ഷന്‍ പാടില്ലെന്നും ഈ നിയമം പറയുന്നു. ഇതിന്റെ മറവില്‍ ഡോക്ടര്‍മാരെ സ്വാധീനിച്ച് ലിംഗനിര്‍ണ്ണയം നടത്തി അബോര്‍ഷന്‍ നടക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്. ഇന്ത്യയിലെ ജനസംഖ്യാ നിരീക്ഷണ സമിതിയുടെ(PR) കണക്കനുസരിച്ച് രണ്ടായിരത്തിനും രണ്ടായിരത്തി പതിന്നാലിനുമിടയില്‍ ഇത്തരത്തില്‍ ലിംഗനിര്‍ണ്ണയ അബോര്‍ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഏതാണ്ട് ഒരുകോടി ഇരുപത്തിയെട്ടുലക്ഷത്തോളം കേസുകളാണ്. നാഷണല്‍ ക്രൈം ബ്യുറോ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ലക്ഷക്കണക്കിന് അബോര്‍ഷനാണ് ഇന്ത്യയില്‍ ഇങ്ങനെ പ്രതിവര്‍ഷവും നടക്കുന്നത്. ഭ്രൂണം പെണ്‍കുഞ്ഞാണ് എന്നുറപ്പുവരുത്തി ആശുപത്രികളുടേയും ഡോക്ടര്‍മാരുടേയും ഒത്താശയോടെ നടത്തുന്ന ഇത്തരം ‘നിയമപരമായ കൊലപാതകം’ പെണ്‍കുഞ്ഞുങ്ങളുടെ ജന്മാവകാശത്തിന്മേലുള്ള ഏറ്റവും ക്രൂരമായ മനുഷ്യാവകാശലംഘനമാണ്. MTP ആക്ടിന്റെ നിയമഭേദഗതിയുടെ കുറ്റകരമായ ദുരുപയോഗമാണിത് എന്നാണ് ആരോഗ്യരംഗത്തും നിയമരംഗത്തുമുള്ളവര്‍ പറയുന്നത്. ബേട്ടി ബച്ചാവോ പോലെയുള്ള പലബോധവല്‍ക്കരണ പരിപാടികളും പദ്ധതികളും സര്‍ക്കാര്‍ കൊണ്ടുവരുന്നെങ്കിലും പെണ്‍കുട്ടികളോടുള്ള ഇന്ത്യയുടെ ‘സാംസ്‌കാരിക മനോരോഗത്തെ’ അത്രപെട്ടെന്നൊന്നും ചികിത്സിക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പെണ്‍ഭ്രൂണഹത്യകളും പീഡനങ്ങളും മനുഷ്യക്കടത്തുകളും ഓര്‍മ്മപ്പെടുത്തുന്നു.

നിയമപരമായ വിലക്കുകളും ഡോക്ടര്‍മാരുടെ നിസ്സഹകരണവുംമൂലം പലരാജ്യങ്ങളില്‍ നിന്നും അമേരിക്ക, മെക്‌സിക്കോ, തായ്ലാന്‍ഡ് തുടങ്ങി ലിംഗനിര്‍ണ്ണയമോ ഗര്‍ഭച്ഛിദ്രമോ കുറ്റകരമല്ലാത്ത രാജ്യങ്ങളിലേക്ക്‌പോയി അബോര്‍ഷന്‍ ചെയ്യുന്നവരുടെ എണ്ണവും വര്‍ധിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ഇന്ത്യക്കാര്‍ ഇതില്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് തായ്‌ലാന്‍ഡാണ്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നില്‍ നില്‍ക്കുന്നവരാണ് ഇത്തരം ‘റീപ്രൊഡക്റ്റിവ് ടുറിസത്തിന്റെ’ ഉപഭോക്താക്കള്‍. ദരിദ്രരും നിരക്ഷരരും ആയവര്‍ക്കിടയിലാകട്ടെ സ്ഥലത്തെ ദിവ്യന്മാര്‍ മുതല്‍ ആശുപത്രിജീവനക്കാര്‍വരെ സഹായഹസ്തവുമായി നില്‍ക്കുന്നു. കുടുംബത്തില്‍ ഒരു പെണ്ണിന്റെ ഗര്‍ഭം പെണ്‍കുഞ്ഞാണ് എന്ന് ഏതെങ്കിലും ജ്യോതിഷിയോ മന്ത്രവാദിയോ ഗണിച്ചുപറഞ്ഞാല്‍ അതോടെ അതിനെ ഏതുവിധത്തിലും വകവരുത്താനുള്ള തത്രപ്പാടാണ്. കുഞ്ഞിന്റെ ലിംഗനിര്‍ണ്ണയത്തില്‍ പിതാവിനാണ് മാതാവിനേക്കാളും പങ്കെന്നിരിക്കെ ആധുനികസമൂഹത്തിലും അന്ധവിശ്വാസങ്ങളും കുടുംബവിചാരണകളും സ്ത്രീയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. പെണ്‍കുഞ്ഞിനെ പ്രസവിക്കുന്നവള്‍ ‘പാപിയായും’ കുലദ്രോഹിയായും മുദ്രകുത്തപ്പെടുന്നു.ഇങ്ങനെ വ്യവസ്ഥാപിത കുടുംബസംവിധാനങ്ങളും സംഘടിതമതങ്ങളും ഖാപ്പ്‌കോടതികളും സ്ത്രീധന സമ്പ്രദായങ്ങളും ഇന്ത്യയിലെ ഓരോ പെണ്‍കുഞ്ഞിനെയും ജനനം മുതല്‍ മരണംവരെ പലരീതിയില്‍ വേട്ടയാടുന്നുണ്ട്.

രോഗാതുരമായ ഈ സാമൂഹിക പശ്ചാത്തലങ്ങളില്‍ നിന്നുകൊണ്ട് നോക്കുമ്പോഴാണ് പെണ്‍കുട്ടികള്‍ എന്തുകൊണ്ട് കൂടുതല്‍ ഉപേക്ഷിക്കപ്പെടുന്നു എന്ന് ബോധ്യമാകുന്നത്. ജനിക്കാനും ജീവിക്കാനുമുള്ള അവരുടെ അവകാശം പലവിധ കാരണങ്ങളാല്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.യഥാര്‍ത്ഥ മാതാപിതാക്കളില്‍നിന്ന് ഏതൊക്കെയോ സാഹചര്യങ്ങളാല്‍ വേര്‍പെട്ട് അനാഥരാകുന്ന കുട്ടികള്‍ ദത്തെടുക്കലിലൂടെ ജീവിതത്തിന്റെ വഴിയിലേക്ക് വരുന്നുണ്ട് എന്നത് സന്തോഷകരമാണ്. അപ്പോഴും, അമേരിക്കയില്‍ മലയാളി ദമ്പതികളാല്‍ കൊല്ലപ്പെട്ട അവരുടെ ദത്തുപുത്രി ഷെറിന്‍ മാത്യുവിന്റേതുപോലുള്ള ദാരുണ സംഭവങ്ങളും ഇതോടൊപ്പം ഓര്‍ക്കേണ്ടതുണ്ട്.

ഇന്ത്യയിലെ Central Adoption Resource Authority (CARA)യുമായി ബന്ധപ്പെട്ട് കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ ആളുകളെ സഹായിക്കുന്ന ധാരാളം സ്വകാര്യ സ്ഥാപനങ്ങള്‍ രാജ്യത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്നുണ്ട്. ദത്തെടുക്കപ്പെടുന്നവരുടെ ജീവിതനിലവാരങ്ങള്‍ നിരീക്ഷിക്കപ്പെടുന്നതിന് സര്‍ക്കാര്‍ തലത്തില്‍ വ്യവസ്ഥകളും സംവിധാനങ്ങളും ഉണ്ടെങ്കിലും അത് എത്രമാത്രം കാര്യക്ഷമമാണെന്നതും അന്യ രാജ്യങ്ങളിലേക്ക് പോയി ജീവിക്കേണ്ടിവരുന്ന കുട്ടികള്‍ക്ക് എത്രമാത്രം പരിരക്ഷ ഉണ്ടാകുന്നുണ്ട് എന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്. ഏതായാലും,പുതിയ കണക്കുകള്‍ അനുസരിച്ച് ഉപേക്ഷിക്കപ്പെടുന്നതും സ്വീകരിക്കപ്പെടുന്നതും പെണ്‍കുട്ടികള്‍ തന്നെയാണ് എന്നത് ഏതോ രീതിയില്‍ ബാലന്‍സ് ചെയ്യപ്പെടുന്നുണ്ട് എന്ന് സാങ്കേതികമായി പറയാം.

രജീഷ് പാലവിള

രജീഷ് പാലവിള

എഴുത്തുകാരന്‍, കവി, വിവര്‍ത്തകന്‍, യാത്രികന്‍, രാഷ്ട്രീയ നിരീക്ഷകന്‍. കൊല്ലം സ്വദേശി. 2014 മുതല്‍ തായ്‌ലാന്‍ഡില്‍ ജോലി ചെയ്യുന്നു. Websites: http://vedhandam.blogspot.com/

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍