UPDATES

ട്രെന്‍ഡിങ്ങ്

ആര്‍എസ്എസില്‍ ‘റെഡി ടു വെയിറ്റ്’, ‘കെ.പി യോഹന്നാന്‍ വിഭാഗ’ങ്ങള്‍ തമ്മില്‍ തെറിവിളിയും പോരും; ശബരിമല യുവതിപ്രവേശനത്തില്‍ പരസ്യ പോര് വിലക്കി നേതൃത്വം

കേരളത്തില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞത് മുതല്‍ ആര്‍എസ്എസ് നേതാക്കളില്‍ ചിലര്‍ ശബരിമല വിഷയത്തില്‍ ആര്‍എസ്എസ് എടുത്ത നിലപാടില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു

സംഘത്തിന്റെ പേരില്‍ ഇനി പോര് വേണ്ട; വിലക്കി ആര്‍എസ്എസ് നേതൃത്വം. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കള്‍ക്കിടയില്‍ രൂപപ്പെട്ട തമ്മിലടി തുടരരുതെന്ന് നേതൃത്വം കര്‍ശനമായ നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞത് മുതല്‍ ആര്‍എസ്എസ് നേതാക്കളില്‍ ചിലര്‍ ശബരിമല വിഷയത്തില്‍ ആര്‍എസ്എസ് എടുത്ത നിലപാടില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ രണ്ട് ദിവസമായി സമൂഹമാധ്യമങ്ങളിലൂടെ പോര് പരസ്യമായി. ആര്‍എസ്എസിന്റെ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രവര്‍ത്തകരും നേതാക്കളും രംഗത്ത് വന്നു. എന്നാല്‍ ആര്‍എസ്എസ് എടുത്ത നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയാണെന്നും അതില്‍ യാതൊരുവിധ മാറ്റങ്ങള്‍ ഇല്ലെന്നും ആര്‍എസ്എസ് നേതൃത്വം വ്യക്തമാക്കി. പരസ്പരം പോരടിക്കുന്നവരും പരസ്യമായി അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നവരും സംഘടനയുടെ നേതൃനിരയിലുള്ളവരല്ലെന്നും ഇത്തരക്കാരുടെ അഭിപ്രായം സംഘടനയുടെ അഭിപ്രായമായി കാണേണ്ടതില്ലെന്നും സംസ്ഥാന പ്രാന്തകാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍ അഴിമുഖത്തോട് പറഞ്ഞു.

‘പ്രസ്ഥാനം എന്ന നിലയില്‍ സംഘം എടുത്തിട്ടുള്ള നിലപാട് ഏവര്‍ക്കും അറിയാവുന്നതാണ്. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കുന്നതിനും ആചാരലംഘനത്തിനും എതിരാണെന്ന് സംഘം തീരുമാനിച്ചിട്ടുള്ളതാണ്. അത്തരത്തിലൊരു തീരുമാനം നേതൃത്വം എടുത്തിട്ടുണ്ടെങ്കില്‍ അത് സംഘത്തിന്റെ നിലപാട് തന്നെയാണ്. അതില്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് കാര്യമില്ല. സമൂഹമാധ്യമങ്ങളിലും അല്ലാതെയും അഭിപ്രായം പറയുന്ന വ്യക്തികള്‍ സമൂഹത്തില്‍ അറിയപ്പെടുന്നവരായതുകൊണ്ട് അവര്‍ പറയുന്നത് പെട്ടെന്ന് എല്ലാവരും ഏറ്റെടുത്തതാണ്. അവര്‍ സമൂഹത്തില്‍ അറിയപ്പെടുന്നവര്‍ എന്നതിലുപരിയായി സംഘത്തില്‍ നേതൃനിരയിലുള്ളവരോ കാര്യങ്ങള്‍ തീരുമാനിക്കുന്നവരോ അല്ല. വ്യക്തിപരമായ അഭിപ്രായങ്ങള്‍ ആര്‍ക്കും പറയാം. അവര്‍ പറയുന്നത് സംഘത്തിന്റെ അഭിപ്രായമായി കണക്കാക്കുകയും ചെയ്യരുത്. പക്ഷെ അവര്‍ അത് പറയുമ്പോള്‍ സംഘത്തിനെക്കൂടി  കൂട്ടുപിടിച്ചുകൊണ്ട് പറയുന്നതാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. അത് അനുവദിക്കാനാവുന്നതല്ല. പരസ്യമായി സംഘത്തെ കൂട്ടുപിടിച്ച് അഭിപ്രായം പറഞ്ഞവരോട് അത് ഇനി തുടരരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വളരെ വ്യക്തമായ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഇനി അവര്‍ ആ പ്രവര്‍ത്തി തുടരില്ലെന്ന് പ്രത്യാശിക്കുന്നു”, ഗോപാലന്‍കുട്ടി മാസ്റ്ററുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ശബരിമല വിഷയമായിരുന്നു പ്രധാനമായും ഉന്നയിച്ചത്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമനുവദിച്ചുകൊണ്ടുള്ള വിധി വന്നയുടന്‍ ആര്‍എസ്എസും ബിജെപിയും ഉള്‍പ്പെടെ സംഘപരിവാര്‍ സംഘടനകള്‍ വിധിയെ സ്വാഗതം ചെയ്യുകയാണുണ്ടായത്. എന്നാല്‍ ആചാരസംരക്ഷണത്തിനായി എന്‍എസ്എസിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ നാമജപയജ്ഞങ്ങളും നാമജപറാലിയും നടത്തി വിധി നടപ്പാക്കുന്നതിനെതിരെ പ്രതിഷേധിച്ചതോടെ ആര്‍എസ്എസ് അന്ന് വരെ കൈക്കൊണ്ടിരുന്ന നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞു. തുടര്‍ന്നുള്ള പ്രക്ഷോഭങ്ങളില്‍ ആര്‍എസ്എസ് ഉള്‍പ്പെടെ സംഘപരിവാര്‍ സംഘടനകളുടെ സാന്നിധ്യവും ആലോചനകളുമുണ്ടായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിഷേധ സംഗമങ്ങളിലും നാമജപ യജ്ഞങ്ങളിലും പങ്കെടുത്തു. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് ബിജെപിയെ പൂര്‍ണമായും നിയന്ത്രിക്കുന്ന തരത്തിലേക്കും കാര്യങ്ങളെത്തി. ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി പരമാവധി പ്രചാരണങ്ങള്‍ നടത്താനും വീടുവീടാന്തരം കയറിയിറങ്ങി വിഷയം ഉന്നയിക്കാനും നേതൃതല യോഗവും തീരുമാനിച്ചു. എന്നാല്‍ ആചാര സംരക്ഷണ സമീപനത്തില്‍ സംഘടനയിലെ പലര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സജീവമായ തര്‍ക്കങ്ങളും ചര്‍ച്ചകളും. ആചാരസംരക്ഷണവാദികളായ റെഡി ടു വെയിറ്റ് പ്രചാരകരും സ്ത്രീകള്‍ പ്രവേശിക്കണമെന്ന് ആഗ്രഹിക്കുന്ന ആര്‍എസ്എസിലെ ഒരു വിഭാഗവും തമ്മില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോര് മുറുകിയിരിക്കുകയാണ്.

സംഘപരിവാര്‍ സംഘടനകളും ആചാരസംരക്ഷണവാദികളും വിശ്വാസ സംരക്ഷണത്തിനായി ഒരു കൊടിക്കീഴില്‍ വരികയും ശബരിമല സമരത്തിന് ഏകീകൃത സ്വഭാവം കൈവരികയും ചെയ്തിരുന്നു. അതേസമയം ആര്‍എസ്എസിലെ ഒരു ബൗദ്ധിഖ് പ്രമുഖായ ആര്‍ ഹരിയടക്കമുള്ളവര്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് അനുകൂലമായ നിലപാടില്‍ നില്‍ക്കുന്നവരും അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളതുമാണ്. എന്നാല്‍ ഈ വിഷയത്തിലുള്ള ആര്‍എസ്എസ് നിലപാടില്‍ ഇത്രയും നാള്‍ മൗനം പാലിച്ച ഹരി അടക്കമുള്ളവര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പഴയ നിലപാടിലേക്ക് തിരിച്ചു വരികയും ചെയ്തു. എന്നാല്‍ ശബരിമല നിലപാടുകളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ ഒരാളായ ശങ്കു ടി ദാസ്, ആര്‍ ഹരിയെ വിമര്‍ശിച്ച് മെയ് നാലിന് ഇട്ട പോസ്റ്റിലൂടെയാണ് പ്രവര്‍ത്തകരിലെ ഭിന്നത മറനീക്കി പുറത്ത് വന്നത്. ആചാരങ്ങള്‍ പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെടുന്ന ഹരിയുടെ നിലപാടുകളെ വിമര്‍ശിച്ചായിരുന്നു അത്. ചെറുവള്ളി എസ്‌റ്റേറ്റ് കേസില്‍ കെ പി യോഹന്നാന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആര്‍ ഡി ഷേണായിയുടെ സഹോദരനായ ആര്‍ ഹരി ഇത്തരത്തില്‍ അഭിപ്രായമുന്നയിക്കുന്നതിന് പിന്നില്‍ മറ്റ് അജണ്ടകളുണ്ടെന്ന് പരസ്യമായി ശങ്കു വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ശങ്കു ടി ദാസിന്റെ പോസ്റ്റിന് റെഡി ടു വെയ്റ്റ് നേതാവ് പത്മ പിള്ള നടത്തിയ കമന്റാണ് മറുവശത്തുള്ളവര്‍ ഏറ്റെടുത്തത്. തരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ മുതലെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് ആര്‍എസ്എസ് ആചാര സംരക്ഷണത്തെ സമീപിച്ചത് എന്ന വിമര്‍ശനമാണ് പത്മ പിള്ള അടക്കം ഉന്നയിച്ചത്. ഇതാണ് ഇപ്പോള്‍ ഇരു വിഭാഗവും തമ്മിലുള്ള തുറന്നുപോരില്‍ എത്തിയിരിക്കുന്നത്. “ശബരിമലയില്‍ പ്രവര്‍ത്തകരെ ബൂട്ടിന്റെ ചവിട്ട് കൊള്ളിച്ചത് വിശ്വാസികളുടെ വികാരം മാനിച്ചോ അയ്യപ്പ ക്ഷേത്രത്തിലെ ആചാരങ്ങളോടുള്ള ബഹുമാനം കൊണ്ടോ അല്ല മറിച്ച് പിണറായി വിജയനെ എതിര്‍ക്കാന്‍ വേണ്ടി മാത്രമാണ്. ശബരിമല ഒരു വോട്ട് ബാങ്ക് രാഷ്ട്രീയ നയം മാത്രമായിരുന്നു എതിരാളികള്‍ക്കെന്നും ഇത്ര ഭംഗിയായി നമ്മളെ (ആചാര സംരക്ഷകരെ) എങ്ങനെ മുതലെടുക്കാന്‍ അവര്‍ക്ക് എങ്ങനെ പറ്റുന്നു എന്ന് ഓര്‍ക്കുമ്പോള്‍ ആത്മനിന്ദ തോന്നുന്നു” എന്ന പദ്മ പിള്ളയുടെ കമന്റ് ചര്‍ച്ചമായി മാറി.

ഇതിന് പിന്നാലെ റെഡി ടു വെയിറ്റ് ആചാര സംരക്ഷണ വിഭാഗത്തെ എതിര്‍ത്തും ആര്‍എസ്എസിലെ ഹരിയടക്കമുള്ളവരെ അനുകൂലിച്ചും നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. വിമര്‍ശകര്‍ക്ക് മറുപടിയായി, “പിണറായി വിജയനെ എതിര്‍ക്കുക എന്നു പറഞ്ഞാല്‍ അത് തന്നെയൊരു പുണ്യപ്രവര്‍ത്തി ആണെന്നിരിക്കെ, ആ പ്രതിരോധത്തിനോട് വളരെ സ്നേഹമുണ്ട്. പക്ഷെ ‘യുവതികള്‍ കയറിയാല്‍ അയ്യപ്പന് ഒരു ചുക്കും സംഭവിക്കില്ല’ എന്നാവര്‍ത്തിക്കുന്ന യോഹു വിഭാഗത്തിലെ ആളുകളെയും ആചാരസംരക്ഷകരെന്നു തെറ്റിദ്ധരിച്ചുപോയതില്‍ ഉള്ള ആത്മനിന്ദ ഉണ്ട് താനും. ‘അവര്‍’ എന്നു ഞാനുദ്ദേശിച്ചത് അവരെയാണ്. അവര്‍ രാഷ്ട്രീയത്തിന് വേണ്ടി വന്നവരാണ്, ആ നിലയില്‍ മാത്രമേ കാണേണ്ടിയിരുന്നുള്ളൂ എന്നു സാരം”, എന്നുകൂടി പത്മപിള്ള ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതോടെ ഇതിനെതിരെയും കൂട്ടം തിരിഞ്ഞ് ആക്രമണവും അനുകൂലപ്രതികരണവും ഉണ്ടായി.

ഈ ചര്‍ച്ചകള്‍ സജീവമാവുന്നതിനിടെയാണ് ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബുവിന്റെ പ്രതികരണം വന്നത്. യുവതീ പ്രവേശനത്തിന് അനുകൂലമാണ് ആര്‍എസ്എസ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. “സംഘ നിലപാട് അന്നും ഇന്നും ഒന്ന് തന്നെയാണ്. സ്ത്രീപ്രവേശനമടക്കമുള്ള ഏത് ആചാര മാറ്റവും നടത്താമെന്ന് തന്നെയാണ് സംഘത്തിന്റെ അഭിപ്രായം. ഇക്കാര്യം വിധി വന്നതിന് ശേഷം ഗോപാലന്‍ കുട്ടി മാസ്റ്റര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കിയതാണ്. എന്നാല്‍ ആചാര്യന്മാരും തന്ത്രിമാരും ബന്ധപ്പെട്ടവരും ചേര്‍ന്ന് തീരുമാനിക്കണമെന്നാണ് അന്നും ഇന്നും സംഘം പറയുന്നത്. സര്‍ക്കാര്‍ തെറ്റായ രീതിയില്‍ വിധി നടപ്പാക്കാന്‍ പുറപ്പെട്ടപ്പോഴാണ് നാം സമരവുമായി രംഗത്ത് വന്നത്” എന്നാണ് ആര്‍വി ബാബു പറഞ്ഞത്. ഹൈന്ദുഐക്യവേദി നേതാവില്‍ നിന്ന് തന്നെ ഇത്തരം അഭിപ്രായം വന്നതോടെ പ്രവര്‍ത്തകര്‍ക്കടക്കം ആശങ്കകളുണ്ടായി. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ആര്‍എസ്എസ് വീണ്ടും മലക്കം മറിയുകയാണോ എന്ന സംശയം പലരിലും ഉടലെടുത്തു. അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുമ്പോള്‍, എന്നാല്‍ ഇവയൊന്നും ആര്‍എസ്എസിന്റെ അഭിപ്രായമല്ല എന്നും സംഘടനയുടെ പേരില്‍ ഇനി പരസ്യ പ്രതികരണം പാടില്ലെന്ന് വിലക്കുകയുമാണ് ചെയ്തിട്ടുള്ളത്.

Read More: എച്ചിപ്പാറ മലയ കോളനിയില്‍ നിന്നും ഫുള്‍ എ പ്ലസുമായി ഒരു കൊച്ചുമിടുക്കി; വൈഷ്ണവി ഇനി ചരിത്രത്തിന്റെ ഭാഗം

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍